 
                                ഗോൾഡൻ ജൂബിലിക്കൊരുങ്ങുന്ന മുജാഹിദ് വിദ്യാർത്ഥി പ്രസ്ഥാനം
11 December 2019 | Feature
ഇരുപതാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിൽ കേരളീയ കാമ്പസുകൾ സവിശേഷമായൊരു കാലസന്ധിയിലൂടെയായിരുന്നു കടന്നു പോയത്. ഭൗതികവാദം അഭ്യസ്തവിദ്യരായ വിദ്യാർത്ഥികൾക്കിടയിലേക്ക് കടന്നുവന്ന് ദൈവത്തെയും മതത്തെയും അവരുടെ ജീവിതത്തിൽ നിന്ന് ഇറക്കിവെക്കാൻ പരിശ്രമിച്ചിരുന്ന കാലമായിരുന്നു അത്.
അലൗകികമായ ദൈവികതയിൽ നിന്ന് യഥാർത്ഥമായ മനുഷ്യത്വത്തിലേക്ക് മാനവരെ തിരിച്ചുവിടാൻ എന്നവകാശപ്പെട്ട് ചില സ്വതന്ത്ര ചിന്തകർ നിർമിച്ച ഹ്യൂമനിസ്റ്റ് ആശയങ്ങളെക്കൊണ്ട് കലാലയങ്ങളെ അന്നത്തെ ഭൗതികവാദികൾ മുഖരിതമാക്കി. ഇന്ദ്രിയങ്ങൾക്ക് ഗോചരമാകാത്തതും പരീക്ഷണ നിരീക്ഷണങ്ങളിലൂടെ തിരിച്ചറിയാൻ സാധിക്കാത്തതുമായ ദൈവത്തെ ഉപേക്ഷിക്കാൻ അവർ വിദ്യാർത്ഥികളോടാവശ്യപ്പെട്ടു. ജീവിതം ഒന്നേയുള്ളൂവെന്നും അത് പരമാവധി അടിച്ചുപൊളിക്കാനുള്ളതാണെന്നും പറഞ്ഞ് അവർ കൗമാരത്തെ രോമാഞ്ചപ്പെടുത്തി. മതത്തിന്റെ വേലിക്കെട്ടുകൾ ചാടിക്കടന്ന് സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാൻ കഴിയുന്ന സ്വതന്ത്ര ലോകത്തെക്കുറിച്ച് സംസാരിച്ച് അവർ ചെറുപ്പത്തെ ത്രസിപ്പിച്ചു. മതം എന്നത് പുരോഹിതന്മാർക്ക് സുഖലോലുപതക്കുള്ള ഒരു ആയുധം മാത്രമാണെന്ന് അവർ കൗമാരത്തെ പറഞ്ഞു പഠിപ്പിച്ചു. നീളൻ കുപ്പായവും ബുദ്ധിജീവി തോൾസഞ്ചിയുമൊക്കെയായി കലാലയങ്ങളിൽ തരംഗം സൃഷ്ടിച്ച അവരുടെ മസ്തിഷ്ക പ്രക്ഷാളനത്തിൽ മുസ്ലിം വിദ്യാർത്ഥികൾ പോലും അകപ്പെടാൻ തുടങ്ങി.
കേരള നദ് വത്തുൽ മുജാഹിദീന്റെ വിദ്യാർത്ഥി വിഭാഗമായി മുജാഹിദ് സ്റ്റുഡന്റ്സ് മൂവ്മെന്റ് ( എം എസ് എം) ഈ പ്രത്യേകമായ സ്ഥിതിവിശേഷത്തിലാണ് പിറവിയെടുക്കുന്നത്. 1969 ൽ ഐ എസ് എം സ്റ്റുഡന്റ്സ് വിംങ് എന്ന പേരിൽ ആരംഭിച്ച ഈ ധർമവിപ്ലവ പടയണി 1972 മെയ് ആറിന് കോഴിക്കോട് ടൗൺഹാളിൽ ചേർന്ന മുജാഹിദ് സംയുക്ത കൗൺസിലിലാണ് എം എസ് എം എന്ന നാമം സ്വീകരിക്കുന്നത്.
                                        അറിവന്വേഷണ യാത്രയിലേക്ക് കാലെടുത്ത്
                                        വെച്ച വിദ്യാർത്ഥികൾക്ക് പ്രപഞ്ച
                                        സ്രഷ്ടാവിന്റെ സന്ദേശങ്ങൾ എത്തിച്ചു
                                        കൊടുക്കുകയെന്നത് പ്രഥമ ദൗത്യമായി
                                        സ്വീകരിച്ച എം എസ് എം തൊള്ളായിരത്തി
                                        എഴുപതുകളിൽ കാമ്പസുകളെ അടക്കി
                                        ഭരിച്ചിരുന്ന ഭൗതികവാദാശയങ്ങളോട്
                                        ധൈഷണികമായി പോരാടിയിട്ടുണ്ട്.
                                        ശാസ്ത്രത്തിന്റെ മറപിടിച്ച് ദൈവത്തിനും
                                        മതത്തിനും ചരമക്കുറിപ്പെഴുതാൻ വന്ന
                                        ഭൗതികവാദികൾക്കു മുന്നിൽ ശാസ്ത്രം
                                        യുക്തിവാദത്തിന്റെ മുനയൊടിക്കുന്നുവെന്നും
                                        ശാസ്ത്ര പുരോഗതിയിൽ മരിക്കുന്നത് മതമല്ല
                                        മറിച്ച് ഭൗതികവാദമാണെന്നും എം എസ് എം
                                        തെളിയിച്ചു. ആ കാലഘട്ടത്തിൽ മുജാഹിദ്
                                        വിദ്യാർത്ഥി പ്രസ്ഥാനം സംസ്ഥാന വ്യാപകമായി
                                        സംഘടിപ്പിച്ച മത-ശാസ്ത്ര ക്ലാസുകൾ
                                        ഭൗതികതയുടെ മേച്ചിൽ പുറങ്ങളിൽ അലഞ്ഞു
                                        നടന്നവരുടെ ചിന്താശേഷിയെ തട്ടിയുണർത്താൻ
                                        പര്യാപ്തമായതായിരുന്നു. മതത്തെ ഒരുതരം
                                        അപകർഷതാ ബോധത്തോടെ സമീപിച്ചിരുന്ന മുസ്ലിം
                                        വിദ്യാർത്ഥികൾക്ക് അഭിമാനബോധത്തോടെ
                                        ഇസ്ലാമിനെ അനുധാവനം ചെയ്യാനും അതുമൂലം
                                        സാധിച്ചു.
                                    
                                        പഠനം- ചിന്ത- സമർപ്പണം എന്ന
                                        മുദ്രാവാക്യമുയർത്തിപ്പിടിക്കുന്ന എം എസ്
                                        എമ്മിന്റെ മുഖ്യ പ്രവർത്തന കേന്ദ്രം
                                        കാമ്പസുകളാണ്.ഇരുൾ മൂടിയ
                                        ഇടവഴികളായിത്തീർന്ന കാമ്പസുകളുടെ
                                        ഇരുൾപടർപ്പിൽ ദൈവിക സന്ദേശത്തിന്റെ
                                        കൈത്തിരി ഉയർത്തിപ്പിടിച്ച്
                                        പ്രയാണമാരംഭിച്ച എം എസ് എം ഇന്ന് ഒരു
                                        തിരുത്തൽ ശക്തിയുടെ ഗർജനമായി
                                        മാറിയിരിക്കുകയാണ്.
                                        കേരളത്തിലെ വിദ്യാർത്ഥി തലമുറയുടെ
                                        നിർമാണാത്മക പരിവർത്തനത്തിനും
                                        അതുമൂലമുണ്ടാകുന്ന ഇരുലോക വിജയത്തിനും
                                        ക്രിയാത്മകവും വ്യവസ്ഥാപിതവുമായ
                                        പ്രവർത്തനങ്ങളും പദ്ധതികളുമാണ് ഈ
                                        പ്രസ്ഥാനം നടത്തിക്കൊണ്ടിരിക്കുന്നത്.
                                        മദ്റസ-സ്കൂൾ പ്രായത്തിലുള്ള കുട്ടികൾക്ക്
                                        വേണ്ടി നടത്തുന്ന ബാലവേദി, കളിച്ചങ്ങാടം
                                        തുടങ്ങിയ പരിപാടികളിലൂടെ ഇളം പ്രായത്തിൽ
                                        തന്നെ ഇസ്ലാമികാദർശത്തിന്റെ സൗന്ദര്യം
                                        ആസ്വദിക്കുവാൻ ബാല്യ ജീവിതങ്ങൾക്ക്
                                        സാധിക്കുന്നുണ്ട്.
                                        ‘വിശുദ്ധ ഖുർആൻ മാനവർക്ക്
                                        മാർഗദീപം’ എന്ന തലക്കെട്ടിൽ
                                        നടക്കുന്ന ഖുർആൻ വിജ്ഞാന പരീക്ഷ
                                        ആയിരങ്ങൾക്കാണ് സ്രഷ്ടാവിന്റെ വചനങ്ങളുടെ
                                        ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ
                                        കാരണമാകുന്നത്. ആഴ്ചതോറും ആധുനിക
                                        സൗകര്യങ്ങളോടെ വ്യവസ്ഥാപിതമായി നടന്നു
                                        വരുന്ന സി ആർ ഇ പാഠശാല ഇസ്ലാമിക
                                        സംസ്കൃതിയുടെ ഗൃഹപാഠത്തിനുള്ള അസുലഭ
                                        അവസരമാണ്. ഹയർ സെക്കന്ററി
                                        വിദ്യാർത്ഥികൾക്ക് വേണ്ടി
                                        സംഘടിപ്പിക്കുന്ന ‘ഹൈസെക്’
                                        ദിശാബോധം നഷ്ടമായ ആധുനിക കൗമാരത്തിന് ധർമ
                                        വിചാരത്തിന്റെ വഴിവിളക്കായി ഇന്ന്
                                        മാറിയിരിക്കുന്നു. ബിരുദ-ബിരുദാനന്തര
                                        വിദ്യാർത്ഥികളെ ലക്ഷ്യം വെച്ചുള്ള Meet
                                        The Schoolers,National Arabic Students
                                        Conference (NASCO), DISCERN, QUEST,
                                        REVAMP, Social Science Summit (SSS)
                                        തുടങ്ങിയ പരിപാടികൾ അമിതാവേശത്തിന്റെയും
                                        അവിവേകത്തിന്റെയും അന്ധതയിൽ യാഥാർഥ്യബോധം
                                        കളഞ്ഞുകുളിക്കുന്ന വിദ്യാർത്ഥികൾക്കിടയിൽ
                                        വിവേകത്തിന്റെയും ദീർഘ വീക്ഷണത്തിന്റെയും
                                        ശരിയായ കാഴ്ചപ്പാട് രൂപീകരിക്കുവാൻ
                                        സാധിക്കുന്നവയാണ്.
                                        മെഡിക്കൽ,എഞ്ചിനീയറിംഗ്,നിയമം തുടങ്ങിയ
                                        മേഖലയിൽ പഠനം നടത്തുന്നവർക്കുള്ള
                                        പ്രോഫ്കോൺ കഴിഞ്ഞ രണ്ടു
                                        പതിറ്റാണ്ടിലധികമായി ഇസ്ലാമികാദർശത്തിന്റെ
                                        വാഹകരായ പ്രൊഫഷണലുകളെ നിരന്തരം
                                        സൃഷിച്ചുകൊണ്ടിരിക്കുകയാണ്.
                                        സൃഷ്ടിവൈഭവങ്ങളിലൂടെ സ്രഷ്ടാവിനെ
                                        പരിചയപ്പെടുത്തുന്ന ‘ദി മെസേജ്
                                        മെഡിക്കൽ എക്സിബിഷൻ’
                                        ദൈവികാനുഗ്രഹങ്ങളെ വിസ്മരിക്കുന്നവരുടെ
                                        കണ്ണ് തുറപ്പിക്കും വിധമുള്ളതാണ്.
                                    
                                        ഒരു വിദ്യാർത്ഥിക്കുള്ളിലെ മാനവിക
                                        ഭാവങ്ങളെ പ്രോജജ്വലമാക്കുകയും അവനെ
                                        പക്വതയുള്ള പൗരനാക്കുകയും ചെയ്യാനാണ് എം
                                        എസ് എം പരിശ്രമിക്കുന്നത്. ശാസ്ത്രം
                                        ദൈവത്തിലേക്ക്, ഏകമാനവതക്ക് ഏകദൈവ
                                        വിശ്വാസം, വർഗീയത പടർത്തുന്ന
                                        ചരിത്രപഠനത്തിനെതിരെ, ഒരേയൊരു ദൈവം ഒരൊറ്റ
                                        ജനത,ദൈവമൊന്ന് മാനവരൊന്ന്, മലീമസമാകുന്ന
                                        വിനോദ സംസ്കാരത്തിനെതിരെ, അറിവ്
                                        സമാധാനത്തിന്, സദാചാരനിഷേധം വിമോചനമല്ല
                                        സർവനാശമാണ്, പ്രവാചകനുവേണ്ടി മുന്നിൽ
                                        നടക്കുക,
                                        ഭീകരവാദം പ്രവാചകനെ അനുകരിക്കുകയല്ല
                                        അപനിർമിക്കുകയാണ്, വർണാശ്രമം ധർമമല്ല
                                        അധർമമാണ്,
                                        വിജ്ഞാനം-വിശുദ്ധി-വിവേകം,
                                        മതനിരാസത്തിനെതിരെ,
                                        ഒരുമയുടെ തണലൊരുക്കാം നന്മയുടെ നാളേക്കായ്
                                        തുടങ്ങിയ തലക്കെട്ടുകളിൽ കഴിഞ്ഞ അഞ്ച്
                                        പതിറ്റാണ്ടിനിടയിൽ എം എസ് എം കേരളീയ
                                        പൊതുമണ്ഡലത്തിൽ ചർച്ച ചെയ്ത വിഷയങ്ങൾ ഏറെ
                                        ശ്രദ്ധേയമായിരുന്നു.
                                    
കാലത്തെ തൊട്ടറിയാനും അതിന്റെ മിടിപ്പുകൾക്കനുസൃതമായി ധാർമിക ബോധത്തോടെ ചലിക്കാനും ഈ സംഘടനക്ക് സാധിച്ചിട്ടുണ്ട്. സാംസ്കാരിക ഫാഷിസം ചരിത്രപാഠ പുസ്തകങ്ങളിലൂടെ കുട്ടികളുടെ തലച്ചോറിലേക്ക് സന്നിവേശിപ്പിക്കുന്ന ശ്രമങ്ങളുണ്ടായപ്പോൾ അത് കൃത്യമായി തിരിച്ചറിയാനും അതിനെതിരെ ബൗദ്ധികമായി പ്രതികരിക്കാനും എം എസ് എം സന്നദ്ധമായിട്ടുണ്ട്. 1988 ആഗസ്റ്റ് 15 മുതൽ സെപ്തംബർ ഒന്ന് വരെ ‘വർഗീയത വളർത്തുന്ന ചരിത്ര പഠനത്തിനെതിരെ’ എന്ന പ്രമേയത്തിൽ നടന്ന കാമ്പയിൻ ഇതിന്റെ ഭാഗമായിട്ടായിരുന്നു.
ഇസ്ലാമിക് സ്റ്റേറ്റ് എന്ന ഭീകര സംഘടന അന്താരാഷ്ട്ര തലത്തിൽ പ്രത്യക്ഷപ്പെട്ടപ്പോൾ മലയാളി മുസ്ലിം വിദ്യാർത്ഥികൾക്കിടയിൽ നിന്ന് ആദ്യമായി ഉൾക്കനത്തോടെ അതിനോട് പ്രതികരിച്ചത് ഒരുപക്ഷെ എം എസ് എം ആയിരിക്കും. ISIS പൊതുരംഗത്ത് അറിയപ്പെടാൻ തുടങ്ങിയ സമയത്തു തന്നെ കോഴിക്കോട്ട് സംഘടിപ്പിച്ച ‘ജിഹാദ്-ഖിലാഫത്ത്-മുസ്ലിം ലോകം’ എന്ന തലക്കെട്ടിലുള്ള സെമിനാർ ഈ ഭീകര സംഘടനയുടെ വേരുകൾ എവിടെ നിന്നാണെന്നും അവരുടെ വാദങ്ങളുടെ മതവിരുദ്ധത എത്രത്തോളമുണ്ടെന്നും മലയാളി മുസ്ലിം വിദ്യാർത്ഥികളിലേക്ക് ഈ മഹാമാനസിക രോഗം പടരാതിരിക്കാൻ എന്തെല്ലാം ചെയ്യണമെന്നും ചർച്ച ചെയ്യുന്നതായിരുന്നു. അതിന്റെയടിസ്ഥാനത്തിൽ 2016 ജനുവരി 8,9,10 തിയ്യതികളിൽ വയനാട്ടിൽ നടന്ന ഇരുപതാമത് പ്രോഫ്കോണിൽ എം എസ് എം ചർച്ചചെയ്തത് ‘ഭീകരവാദം പ്രവാചകനെ അനുകരിക്കുകയല്ല അപനിർമിക്കുകയാണ്’ എന്ന വിഷയമായിരുന്നു.
പ്രയാസങ്ങളുടെ തീമഴയിൽ പൊള്ളിനിൽക്കുന്നവർക്ക് പ്രതീക്ഷയുടെ പ്രസന്നനാളമായി മാറാനും എം എസ് എമ്മിന് കഴിഞ്ഞിട്ടുണ്ട്. പഠന മികവ് പുലർത്തുകയും സാമ്പത്തികമായി പ്രയാസമനുഭവിക്കുകയും ചെയ്യുന്നവർക്ക് നൽകുന്ന സ്കോളർഷിപ്പുകളിലൂടെ ദാരിദ്ര്യം ഇരമ്പുന്ന ജീവിത സ്ഥലികളിൽ സ്വാന്തനത്തിന്റെ ആർദ്ര സാന്നിധ്യമാവുകയാണ് ഈ കൊച്ചുസംഘടന. ബിഹാർ പോലുള്ള സംസ്ഥാനങ്ങളിൽ നടത്താറുള്ള വസ്ത്ര-പഠനോപകരണ വിതരണങ്ങളിലൂടെ ഖേദചിന്തകളിൽ ആണ്ടുകിടക്കുന്ന ഉത്തരേന്ത്യൻ ജനതയ്ക്ക് സ്വപ്നങ്ങളുടെ ചിറകാവുകയാണ് എം എസ് എം. കേരളത്തിൽ ജൂൺ മാസത്തിൽ നടത്താറുള്ള പഠനോപകരണ വിതരണത്തിലൂടെയും പെരുന്നാൾ പുടവയിലൂടെയും പിന്നാക്ക വിഭാഗങ്ങളുടെ ദുഖസാഗരത്തിൽ മന്ത്രമധുര സ്വപ്നമായി എം എസ് എം മാറുകയാണ്. മലയാളക്കര ഇടനെഞ്ചിൽ നെയ്തുകൂട്ടിയ കിനാവുകൾക്കുമീതെ ഇടിത്തീപോലെ പെയ്തിറങ്ങിയ പ്രളയ ദുരന്തങ്ങളുടെ സന്ദർഭത്തിൽ പ്രയാസങ്ങളുടെ തീമഴയിൽ പൊള്ളിനിൽക്കുന്നവർക്ക് കാരുണ്യത്തിന്റെ കുടയായി മാറാനും ഈ പ്രസ്ഥാനത്തിനും അതിന്റെ പ്രവർത്തകർക്കും സാധിച്ചിട്ടുണ്ട്.
നന്മ വിളയാടുന്ന കലാലയങ്ങളുടെ പുത്തൻ അരുണോദയത്തിനായി അവിരാമം യത്നിക്കുന്ന എം എസ് എം കർമനൈരന്തര്യത്തിന്റെ അരനൂറ്റാണ്ട് പിന്നിടുകയാണ്. കഴിഞ്ഞ അഞ്ചു പതിറ്റാണ്ടുകളായി എം എസ് എം ഉയർത്തിവിട്ട നൻമയുടെയും ധാർമികതയുടെയും കൊടുങ്കാറ്റിന് കേരളീയ വിദ്യാർത്ഥികളിൽ ആന്ദോളനം സൃഷ്ടിക്കാൻ കഴിഞ്ഞിട്ടുണ്ട് എന്നത് ഒരു യാഥാർത്ഥ്യമാണ്.ഈമാനും തഖ്വയും തവക്കുലും കൈമുതലാക്കിയ അനേകം വിദ്യാർത്ഥികൾ കലാലയങ്ങളിൽ ക്രിയാത്മകമായി ഇടപെടുന്ന കാഴ്ച ഇതിന് തെളിവാണ്.
എം എസ് എം അതിന്റെ പ്രയാണം തുടരുകയാണ്. അരനൂറ്റാണ്ടിന്റെ ധന്യമായ ചരിത്രം അനുസ്മരിച്ചും നവോത്ഥാനത്തിന്റെ തുടർച്ചാനിർവഹണത്തെ കുറിച്ച് ആലോചിച്ചും ഈ വർഷം എം എസ് എം ഗോൾഡൺ ജൂബിലി ആഘോഷിക്കുക്കയാണ് ഇസ്ലാഹീ കേരളം. 2019 ഡിസംബർ അവസാന വാരം കോഴിക്കോട് സർവകലാശാലയിൽ നടക്കുന്ന മഹാസമ്മേളനത്തോടെയായിരിക്കും ഈ ആഘോഷത്തിന് പരിസമാപ്തി കുറിക്കുക.1973 ഫെബ്രുവരി 16,17, 18 തീയ്യതികളിൽ തിരൂരങ്ങാടിയിലും 1976 ജനുവരി 25, 26 തീയ്യതികളിൽ മഞ്ചേരിയിലും 1996 ഡിസംബർ 26 മുതൽ 29 വരെ ത്രിശൂരിലും 2011 ജനുവരി 7, 8, 9 തീയ്യതികളിൽ കോട്ടക്കലിലും നടന്ന എം എസ് എം സംസ്ഥാന സമ്മേളനങ്ങൾക്ക് ശേഷം സംഘടിപ്പിക്കുന്ന ഈ ഗോൾഡൺ ജൂബിലി സമ്മേളനം പ്രസ്ഥാന കർമസഞ്ചാരത്തിലെ അതുല്യ സംഗമമായി മാറും, ഇൻ ശാ അല്ലാഹ്.
