Logo

 

മുജാഹിദ് പുനരേകീകരണം: മുസ്ലിം യുവത പ്രതീക്ഷിക്കുന്നത്

2 December 2016 | Opinion

By

14 വർഷത്തിന് ശേഷം പുനരേകീകരിക്കപ്പെടുന്ന മുജാഹിദ് പ്രസ്ഥാനത്തിനും അതിന്റെ വിദ്യാർത്ഥി യുവജനങ്ങൾക്കും പുനരൈക്യത്താൽ സമൃദ്ധമായി വന്നു ചേരുന്ന മാനവ വിഭവ ശേഷിയേയും ധൈഷണിക ഊർജ്ജത്തെയും സൃഷ്ടിപരമായി ഉപയോഗിക്കാൻ കഴിഞ്ഞാൽ അതിൻറെ ഗുണഫലങ്ങൾ അതിവേഗം പ്രകടമാകുമെന്നതിൽ സംശയമില്ല.

മുജാഹിദുകൾ, പ്രത്യേകിച്ച് അതിൻറെ വിദ്യാർത്ഥി-യുവജന വിഭാഗം ബദ്ധ ശ്രദ്ധ പതിപ്പിക്കേണ്ട 3 പുതിയ കാല ‘അബറേഷനു’കളെ ക്കുറിച്ചുള്ള നിരീക്ഷണങ്ങൾ പങ്കുവെക്കട്ടെ!

1. അനാർക്കിസം

ചില പ്രദേശങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കുകയും ഏറെ ക്കുറെ ഒരു’ ‘മാസ് ആക്സസ്’ അപ്രാപ്യവും ആയിരുന്ന കേവല യുക്തിവാദ/അരാജകത്വ വാദങ്ങളെ ഫ്രീ തിങ്കേഴ്‌സ് പോലുള്ള ഫെയ്‌സ്ബുക്ക് ഗ്രൂപ്പുകൾ വഴി ജനങ്ങളിലേക്കെത്തിക്കാനും പ്രചരിപ്പിക്കാനും സമൂഹ മാധ്യമങ്ങളുടെ വ്യാപനത്തോടെ അതിന്റെ വക്താക്കൾക്ക് സാധിച്ചു. ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ യൂറോപ്പിൽ രൂപം കൊണ്ട ഹ്യൂമനിസ്റ്റ് പ്രസ്ഥാനത്തിന്റെ വകഭേദം എന്ന് വിളിക്കാവുന്ന, കേവല ഭൗതിക വാദത്തിൻറെ ആശയാടിത്തറയിൽ രൂപം കൊണ്ട, ഈ അടുത്ത കാലത്തെപ്പോഴോ ഡിങ്കോയിസം എന്ന സർക്കാസ്റ്റിക്ക് നാമങ്ങളിൽ വ്യവഹരിക്കപ്പെട്ടിട്ടുള്ള അനാർക്കിസ്റ്റുകൾക്ക് ചുംബന സമര ത്തോട് കൂടിയാണ് കേരള കാമ്പസുകളിൽ ഒരു തരംഗമായി മാറാൻ കഴിഞ്ഞത്. പ്രത്യേകിച്ച് ഏതെങ്കിലും ഒരു മത-ജാതി-രാഷ്ട്രീയ പ്രസ്ഥാനത്തോടും കൂറോ പ്രതിബദ്ധതയോ ഏതുമില്ലാത്ത തരത്തിൽ ട്രോളുകളും ആക്ഷേപ ഹാസ്യങ്ങളും ഉപയോഗിച്ചുള്ള ഫ്രീതിങ്കേഴ്‌സ്- ഡിങ്കോയിസ്റ്റ് സോഷ്യൽ മീഡിയ പോസ്റ്റുകൾ കേവല ഭൗതിക വാദ സിദ്ധാന്തങ്ങളെ ക്കുറിച്ച് ഒരു ചുക്കും അറിയാത്ത ഇസ്ലാം മത വിശ്വാസിയായ ഒരു കാംപസ് ഫ്രീക്കൻ ആസ്വദിച്ചു തുടങ്ങുന്നതാണ് അവൻ അകപ്പെടാൻ പോകുന്ന വലിയ അപകടത്തിന്റെ തുടക്കംഎന്ന് പറയാം. കേവല ഭൗതിക വാദം അടിസ്ഥാനപരമായി ഇസ്ലാമോഫോബിക് ആണ്.‌

ഓറിയന്റലിസ്റ്റ് ഇസ്‌ലാമോഫോബിക് രചനകൾക്കപ്പുറം മസ്തിഷ്കത്തെ കയറൂരി വിടാൻ കേവല യുക്തിവാദികളുടെ ആചാര്യനായ റിച്ചാഡ് ഡോകിന്സിനു വരെ സാധ്യമായിട്ടില്ലെന്നതാണ് സത്യം.അത്‌ കൊണ്ട് തന്നെ ഈ അനാർക്കിസ്റ്റുകളുടെ ഇസ്ലാം വെറി കുത്തി നിറച്ച ഇടപെടലുകൾ പലപ്പോഴും സംഘ് പരിവാർ ഫാസിസത്തിനു വൈജ്ഞാനിക ന്യായീകരണം നൽകുക യാണ് ചെയ്യാറുള്ളത്.
അനാർക്കിസ്റ്റിക് തലച്ചോറുകളിൽ നിന്ന് ഉയിർക്കൊണ്ട ചുംബന സമരം, മാനവ/അമാനവ സംഗമം, ക്വിയർ പ്രൈഡ് മാർച്ച് തുടങ്ങി ഇപ്പോൾ വാർത്തകളിൽ നിറഞ്ഞിരിക്കുന്ന മാവോ ബന്ധ ആരോപണങ്ങൾ വരെയുള്ളതിൽ സമുദായാംഗങ്ങ്ളുടെ പ്രാതിനിധ്യം വളരെ വലുതാണെന്ന വസ്തുതയാണ് മുജാഹിദ് യുവതയെ ഇരുത്തി ചിന്തിപ്പിക്കേണ്ടത്!

ഉപരിപ്ലവമായ മത വിജ്ഞാനവുമായി കാമ്പസ്‌ ‘ഇന്റ്ററാക്ഷനു’കളുടെ വിശാല ലോകത്തേക്ക് കാലെടുത്തു വെക്കുന്ന ന്യൂജൻ വിദ്യാർത്ഥികളെ അപകർഷതാ ബോധം പിടികൂടുന്നതിനു മുൻപ് ഇസ്‌ലാമിന്റെ, ‘കാലത്തെ അതിജയിക്കുന്ന’ ജാജ്വലമായ ആദർശ മഹിമയെക്കുറിച്ചു ബോധ്യപ്പെടുത്തുകയും ഇസ്‌ലാമിന് നേരെയുള്ള വിമർശന/പരിഹാസങ്ങൾക്ക് നേരെ ബൗദ്ധിക പ്രത്യാക്രമണങ്ങൾ നടത്താൻ അവരെ പ്രാപ്തരാക്കുകയും ചെയ്യേണ്ടതുണ്ട്.

അന്ധവിശ്വാസങ്ങൾക്കെതിരെ/അനാചാരങ്ങൾക്കെതിരെ എന്ന മുജാഹിദ് പ്രസ്ഥാനത്തിന്റെ എക്കാലത്തെയും ‘അണ്ടർസ്റ്റുഡ്’ ആയ മുദ്രാവാക്യത്തിന് കേവലയുക്തിവാദികൾ ‘അന്ധവിശ്വാസ’ നിർമാർജനത്തിനായി സെമിനാറുകൾ സംഘടിപ്പിക്കുന്ന കാലത്ത്, പ്രമാണങ്ങൾ പഠിപ്പിച്ചു തന്നതൊന്നും അന്ധവിശ്വാസമല്ലെന്ന ‘സ്പെസിഫികേഷൻ’ നൽകുന്നതോടൊപ്പം ശാസ്ത്രത്തിന്റെ ലേബൽ ഒട്ടിച്ച പരിണാമവാദമാണ് ഏറ്റവും വലിയ അന്ധവിശ്വാസം എന്നും വിശദീകരിച്ചു കൊടുക്കേണ്ടി വരും.(സ്വർഗ-നരകങ്ങളെ പ്പോലുള്ള അന്ധ വിശ്വാസങ്ങൾ ആണ് തീവ്രവാദ ത്തിന്റെ ഹേതു എന്ന് മുസ്ലിം നാമധാരിയായ ഒരു
യുവ എം എൽ എ ചാനൽ ചർച്ചയിൽ പറഞ്ഞിട്ട് അധിക ദിവസങ്ങൾ ഒന്നും ആയിട്ടില്ല.)
റൈറ്റ് സഹോദരങ്ങൾക്ക് മുൻപേ പറന്ന മുസ്ലിം ശാസ്ത്രജ്ഞനെക്കുറിച്ചുള്ള മുസ്ലിംസ്ഥാപനത്തിലെ പാഠഭാഗം ബൗദ്ധിക അശ്ലീലമായി ട്രോളുകളിലും കമന്റുകളിലുംപിച്ചി ച്ചീന്തപെടുമ്പോൾ ഒപ്പം കൂടി മുസ്ലിം പണ്ഡിതരെ തെറിപറയുന്ന നമുക്കിടയിലുള്ളവരുടെ കൈ പിടിച്ചു നിർത്തി അഹമ്മദ്‌ ചെലബിയെക്കുറിച്ചും ഇബ്നു ഫിർനാസിനെക്കുറിച്ചും പഠിപ്പിച്ചു കൊടുക്കാൻ പുതിയ ‘ഫ്യൂഷൻ’ വഴി ബഹിർഗമിച്ച ഇന്റലക്ച്വൽ എനർജി ഉപയോഗിക്കാൻ തയ്യാറാണോ എന്നാണ് മുജാഹിദ് യുവത സ്വയം ചോദിക്കേണ്ട ചോദ്യം.

2. ഇസ്‌ലാമിക് ഫെമിനിസം

2004 ൽ പ്രമുഖ സാമൂഹ്യ ശാസ്ത്രജ്ഞയും ഇസ്‌ലാമിക് ഫെമിനിസത്തിന്റെ പ്രചാരകയുംആയ മാര്ഗോ ബദ്രാന്റെ കേരള പര്യടനതോടെയാണ് ഇസ്ലാമിക് ഫെമിനിസം കേരളത്തിൽ അതിൻറെ വേരുറപ്പിച്ചു തുടങ്ങുന്നത്. യാഥാസ്ഥിക മത പൗരോഹിത്യം മതപ്രമാണങ്ങളെ തങ്ങളുടെ താല്പര്യങ്ങൾക്കനുസരിച്ച് വളച്ചൊടിക്കുകയും സ്‌ത്രീ വിരുദ്ധവും ഇസ്‌ലാമിക വിരുദ്ധവുമായ ആശയങ്ങൾ സമൂഹത്തിൽ അടിച്ചേൽപ്പിക്കുകയും ചെയ്ത പരിതഃസ്ഥിതിയെ രാസ ത്വരകമായി ഉപയോഗിച്ച് ഇസ്‌ലാമിക് ഫെമിനിസത്തെ പ്രമോട്ട് ചെയ്യാൻ, സാമ്രാജ്യത്വ ഫണ്ടിങ്ങോടെ ഇവിടെ ചില സോഷ്യോളജിസ്റ്റുകൾക്ക് സാധിച്ചപ്പോൾ ഫാത്തിമ മെർനീസിയും ആമിന വദൂദുമൊക്കെ ‘വായിക്കുന്ന’ മുസ്ലിം വിശ്വാസിനികളുടെ ഇടയിൽ ഹൗസ്‌ ഹോൾഡ് നാമമായി മാറുകയായിരുന്നു.

കഴിഞ്ഞ വര്ഷം ഓപ്പൺ മാഗസിൻ പ്രസിദ്ധീകരിച്ച കേരളത്തിലെ സ്‌ത്രീ പക്ഷരായ ഏതാനും ‘മുസ്ലിംക’ വനിതകളുടെ പ്രതികരണങ്ങൾ നവോത്ഥാന നായകർ ഇസ്‌ലാമിക സംസ്കാരം നിലനിർത്തികൊണ്ടുള്ള വിദ്യാഭ്യാസം എന്ന ലക്ഷ്യത്തോടെ പടുത്തുയർത്തിയ കലാലയ മുറ്റത്തു പോലും ഇസ്ലാമിക് ഫെമിനിസം വളർന്ന് പന്തലിക്കുന്നുണ്ട് എന്ന ഭീഷണമായ വസ്തുതയെ നമുക്ക് പറഞ്ഞു തരുന്നുണ്ട്. മാഗസിൻ പ്രതികരണം ആരാഞ്ഞ ഒന്നോ രണ്ടോ പേരൊഴിച്ച് ബാക്കി എല്ലാവരും മതത്തെ പൂർണമായും ജീവിതത്തിൽ നിന്ന് അടർത്തി മാറ്റാൻ തക്ക ‘പുരോഗതി’ കൈവരിച്ചിട്ടുള്ളവരാണ്.

ഹിജാബ് ധരിക്കുകയും ഇസ്‌ലാം ജീവിതത്തിൽ ഒരനുഷ്ഠാനമായി കൊണ്ട് നടക്കുകയും ചെയ്യുന്ന ഒരു മാധ്യമ പ്രവർത്തക ഇസ്‌ലാമിന്റെ പുരുഷ പക്ഷ വായനയേ നടന്നിട്ടുള്ളൂ എന്നും ഫാത്തിമ മെർനീസിയുംസാബ മഹ്മൂദും നടത്തിയത് പോലുള്ള സ്ത്രീ പക്ഷ വായനകൾ മുസ്ലിം സ്‌ത്രീകളുടെ വിമോചനത്തിനു അനിവാര്യമാണെന്നും പറഞ്ഞു വെക്കുന്ന തോടൊപ്പം അടുത്ത ശ്വാസത്തിൽ തന്നെ ഖുർആനിൽ എവിടെയും സ്ത്രീകളോ ട്തലയിൽ തട്ടമിടാൻ കല്പിക്കുന്നില്ലെന്ന ഫത്‌വ കൊടുക്കുന്നുമുണ്ട്. ഇസ്‌ലാം സംസാരിക്കുന്നത് സ്ത്രീ വിമോചനത്തെ കുറിച്ചോ പുരുഷ വിമോചനത്തെ കുറിച്ചോ അല്ല പ്രത്യുത, മാനവികതയേയും മനുഷ്യരുടെ മൊത്തത്തിലുള്ള പ്രശ്നങ്ങൾക്കുള്ള പരിഹാരങ്ങളെക്കുറിച്ചുമാണെന്നും അതിന് സ്ത്രീ പക്ഷ വായനയോ പുരുഷ പക്ഷ വായനയോ ഇല്ല എന്നും മാനവിക പക്ഷ വായനയേ ഉള്ളൂവെന്നും ശക്തിയുക്തം ഉദ്‌ഘോഷിക്കാൻ മുജാഹിദ് യുവത്വത്തിന് കഴിയണം.

പുരോഗമനത്തിന്റെയും പരിഷ്കരണത്തിന്റെയും പേര് പറഞ്ഞു സാമ്രാജ്യത്വം വെള്ളവും വളവും കൊടുത്തു വളർത്തുന്ന ഇസ്‌ലാമിന്റെ അപനിർമ്മിതികളെ മതത്തിന്റെ കുപ്പായത്തിൽ കയറി നിന്ന് അവതരിപ്പിക്കാനും പ്രചരിപ്പിക്കാനും ‘ബർസ’യും ‘ബീയോണ്ട് ദി വെയിലു’മായി ചില സ്ത്രീ പക്ഷ എഴുത്തുകാർ ഇറങ്ങിത്തിരിക്കുമ്പോൾ സമുദായത്തിൽ നിന്നും സംഘടനാംഗങ്ങളിൽ നിന്നും ലൈക്കുകളും അനുഭാവങ്ങളും ഉണ്ടാകാത്ത വിധം പ്രബുദ്ധമാണോ ഇവിടം എന്നും ഇസ്‌ലാമിക ഫെമിനിസത്തെക്കുറിച്ചുളള അക്കാദമിക രചനകൾക്ക് വൈജ്ഞാനികവും പ്രമാണബദ്ധവുമായി മറുപടി പറയുന്ന രചനകൾ ഇവിടെ ഉപലബ്ധമാണോ എന്നതുമാണ് മുജാഹിദ് വിദ്യാർത്ഥി/ യുവജനങ്ങൾ അന്വേഷിക്കേണ്ടതും ഉത്തരം കണ്ടത്തേണ്ടതുമായ പുതിയകാല ചോദ്യങ്ങൾ.
മതത്തിന്റെ അടിസ്ഥാന തത്വ ങ്ങളെക്കുറിച്ച് ആഴത്തിൽ അറിവില്ലാതെ, ക്ഷുഭിത യൗവനങ്ങളിൽ വായിക്കപ്പെടുന്ന ‘പുനർവായനാ’ സാഹിത്യങ്ങളുടെ ‘കാമ്പില്ലായ്മ’ യെ തെര്യപെടുത്താനുതകുന്നവിധം വൈജ്ഞാനിക അഭിവൃദ്ധി കരസ്ഥമാക്കാൻ മുജാഹിദ് വനിതകൾ തയ്യാറാണോ എന്നതാണ് മുജാഹിദ് വനിതകളോട് ചോദിക്കാനുള്ള ചോദ്യം.

3. അൾട്ര സെക്കുലറിസം (തീവ്ര മതേതരത്വം)

ഏറ്റവുംകൂടുതൽ മലയാളി ബുദ്ധി ജീവിതങ്ങളാൽ വായിക്കപ്പെടുന്ന മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഒരു സൃഷ്ടി പ്രസിദ്ധീകരിച്ചു കിട്ടണമെങ്കിൽ നിങ്ങളുടെ എഴുത്തു ലോകത്തെ അനുഭവ സമ്പത്തോ സാഹിത്യ സർഗ്ഗ പ്രതിഭയോ കാര്യമാകുമെന്ന് കരുതേണ്ട.നിങ്ങളുടെ സൃഷ്ടി തിരിച്ചയക്കപ്പെട്ടേക്കാം.പക്ഷെ നിങ്ങൾ ഒരു മുസ്ലിംനാമം പേറുന്നവനാണോ,നിങ്ങൾക്ക് ഇസ്ലാമിക പ്രമാണങ്ങളെ/ശരീഅത്തിനെ വിമർശിച്ചു ലേഖനം എഴുതാൻ കഴിയുമോ നിങ്ങളുടെ ലേഖനം കവർ സ്റ്റോറിയായി അവതരിപ്പിക്കാൻ മാതൃഭൂമി തയ്യാർ.
കഴിഞ്ഞ കുറച്ചു കാലമായി മതേതര ജനാധിപത്യ പക്ഷത്ത് നിലനിൽക്കുന്നു എന്ന വ്യാജേന ഇസ്‌ലാം ഭീതി വാരി വിതറുന്ന മാതൃഭൂമി ആഴ്ച പതിപ്പിന്റെ ലേഖന-തെരഞ്ഞെടുപ്പിലെ മാനദണ്ഡം ആണ് മേൽ വിവരിച്ചത്. മുജാഹിദ് കുടുംബത്തിൽ വളർന്ന , തികച്ചും മത നിഷ്ഠയോടെ വളർന്ന രണ്ടു പേർ, അതിൽ ഒരാൾ മുജാഹിദ് ആനുകാലികങ്ങളിൽ ലേഖനം എഴുതിയിരുന്ന ആൾ, സെൻട്രൽ യൂണിവേസിറ്റിയുടെ പുതുലോക വിഹായസ്സിൽ പറന്ന് നടന്ന് തിരിച്ച് വരുമ്പോഴേക്കും മതത്തെ പൂർണമായി ജീവിതത്തിൽ നിന്ന് മുക്തമാക്കി സർവോപരി മാതൃഭൂമിയിൽ എഴുതാനുള്ള അൾട്രാ സെക്കുലർ പദവി കരസ്ഥമാക്കുന്ന പ്രതിഭാസത്തെക്കുറിച്ച് മുജാഹിദ് യുവത്വം വളരെ ഗൗരവമായി പഠിക്കേണ്ടതുണ്ടെന്നു തോന്നുന്നു.

മത ചിഹ്നങ്ങളേയും മത വ്യവഹാരങ്ങളെയും അപകർഷതാ ബോധംനിമിത്തം കോമ്പ്രമൈസ് ചെയ്യാൻ തുനിയുകയും സമുദായത്തിനകത്തെ അൾട്രാ സെക്കുലറുകളുടെ ‘പരിഷ്കരണ’ ങ്ങൾക്ക് അകമഴിഞ്ഞ പിന്തുണ കൊടുക്കുകയും ചെയ്തു തുടങ്ങുമ്പോൾ ഒരാൾ അൾട്രാ സെക്കുലർ ‘ഡെയ്ഞ്ചർ സോണി’ൽ പ്രവേശിച്ചു എന്ന് പറയാം. മത പ്രമാണങ്ങളെ വ്യാഖ്യാനിക്കുന്നതിൽ സച്ചരിതരായ പൂർവികരുടെ പാത സ്വീകരിക്കുന്നതിന് പകരം പരിഷ്കരണത്തിന്റെ തത്വശാസ്ത്രം പ്രായോഗിച്ചാൽ ക്രമേണ അത് പൂർണ മത നിരാസത്തിലേക്ക് നയിക്കുമെന്നാണ് ചില അൾട്ര സെക്കുലറിസ്റ്റ് ജീവിത പരിണാമങ്ങൾ നമ്മോട് പറഞ്ഞു തരുന്നത്. സംഘ് പരിവാറിന്റെ കടുത്ത എതിരാളികളായാണ് അൾട്രാ സെക്കുലർ ബുദ്ധിജീവികൾ മുസ്ലിംകളുടെ കണ്ണിലുണ്ണിയായി മാറുന്നത്. അവർ ഗുജറാത്ത് വംശ ഹത്യയെക്കുറിച് ഘോര ഘോരംപ്രസംഗിക്കും. അവർ ദാദ്രി യെക്കുറിച്ചു പറഞ്ഞു പൊട്ടി തെറിക്കും. അവർ സാധ്‌വി പ്രാചിയെ/സാക്ഷി മഹാരാജിനെ വിമർശിക്കും.
ഇതിൽ പുളകം കൊള്ളുന്ന മുസ്ലിമിനോട് അവർ വീണ്ടും പറയും ഡോ. സാകിർ നായ്ക് തീവ്ര വാദിയാണെന്ന്!
സലഫി/വഹാബികൾ അസഹിഷ്ണുക്കളാണെന്ന്!
ഇസ്‌ലാമിക പ്രബോധനം പാടില്ലെന്ന്!

ഇവിടെ സംഘ് പരിവാറിന്റെ ഫാസിസ്റ്റ് നയങ്ങൾക്കെതിരെ ഒറ്റയാൾ പട്ടാളമായി പൊരുതുന്ന ടീസ്റ്റ സെറ്റൽവാദിനും മാർക്കണ്ടേ കട്ജുവിനും ലൈക്കുകൾ വാരിക്കോരി നൽകുമ്പോഴും അവരൊക്കെ മത വിരുദ്ധരും സലഫി ഫോബിക്കുമാണെന്ന ബോധം യുവ തലമുറയിൽ സന്നിവേശിപ്പിച്ചാൽ മാത്രമേ മത നിരാസമാകുന്ന തീവ്ര മതേതരത്വത്തിലേക്ക് അവർ പോകുന്നത് തടയാൻ കഴിയൂ.
അടിസ്ഥാന പരമായി മേല്പറഞ്ഞ മൂന്നു വിഷയങ്ങളുംപരസ്പരം ബന്ധപ്പെട്ടു കിടക്കുന്നവയാണ്. പ്രസ്തുത വ്യതിയാനങ്ങളെ നേരിടാൻ/തടുത്തു നിർത്താൻ ആവശ്യമായ പഠനങ്ങളും വൈജ്ഞാനിക ചർച്ചകളും നടക്കണം. നിത്യനൂതനമായ, ഇസ്‌ലാമിന്റെ പ്രമാണങ്ങളിലേക്കുള്ള തിരിച്ചു പോക്കിനെ ഏറ്റവും വലിയ നവോത്ഥാനമായി കാണുന്ന മുജാഹിദുകൾക്ക് അതിനെ തിരസ്കരിച്ചു കൊണ്ടുള്ള എല്ലാ ലിബറൽ-മോഡെർണിസ്റ്റ് വാദങ്ങളോടും ‘ലകും ദീനുകും’ പറയാൻ കഴിയണം. വായിക്കുന്ന തലമുറയുടെ ദാഹമകറ്റാൻ അക്കാദമിക് നിലവാരത്തിൽ പുതിയ ഡാറ്റാ ബേസുകൾ സൃഷ്ടിക്കപ്പെടണം. ഷെൽഫിന്റെ അടിത്തട്ടിൽ കിടക്കുന്ന യുക്തിവാദത്തിനെതിരെ/ഇസ്‌ലാമിക് ഫെമിനിസ്‌ത്തിനെതിരെ എഴുതപ്പെട്ട പുസ്തകങ്ങൾ പൊടി തട്ടിയെടുത്തു പുതിയ തലമുറക്ക് വഴികാണിച്ചു കൊടുക്കാൻ കഴിയണം.


Tags :


Muhammad I.N.K