Obituary

ആദ്യകാല മുജാഹിദ് വനിതാ നേതാവ് എ. സൈനബ ടീച്ചർ അന്തരിച്ചു

By Admin

February 16, 2024

തിരൂരങ്ങാടി: ഇസ്‌ലാമിക പണ്ഡിതയും പ്രഭാഷകയുമായിരുന്ന എ. സൈനബ ടീച്ചർ(86) ഇന്ന് രാവിലെ 10:30-ന് നിര്യാതയായി. കെ. എം. മൗലവിയുടെ പുത്രനും കേരളാ ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റുമായിരുന്ന പരേതനായ ടി. കെ. മുഹ്‌യുദ്ദീൻ ഉമരിയുടെ ഭാര്യയാണ് സൈനബ ടീച്ചർ. അരീക്കോട് അമ്പാഴത്തിങ്ങൽ അബ്ദുർറഹിമാൻ സാഹിബിന്റെ മകളായി 1938-ലായിരുന്നു ജനനം. നാട്ടിൽ നിന്ന് തന്നെ സ്കൂൾ വിദ്യാഭ്യാസം നേടിയ അവർ സുല്ലമുസ്സലാം അറബിക് കോളേജിൽ ചേരുകയും അഫ്ദലുൽ ഉലമ ബിരുദം കരസ്ഥമാക്കുകയും ചെയ്തു. സുല്ലമുസ്സലാമിൽ നിന്ന് ബിരുദം പൂർത്തിയാക്കിയ ആദ്യ പെൺകുട്ടിയാണ് സൈനബ ടീച്ചർ. വലിയ എതിർപ്പുകൾക്കു നടുവിലായിരുന്നു അവരുടെ വിദ്യാഭ്യാസം.

1957-ൽ ടി. കെ. മുഹ്‌യുദീൻ ഉമരിയെ വിവാഹം ചെയ്തു. തിരൂരങ്ങാടി ഗവ. ഹൈസ്കൂളിൽ ദീർഘ കാലം അധ്യാപികയായിരുന്നു. 1993-ൽ വിരമിച്ചു. മുജാഹിദ് വനിതാ വേദികളിലും സമ്മേളനങ്ങളിലും പ്രസംഗകയായിരുന്നു. മുസ് ലിം വനിതാ പത്രപ്രവർ ത്തകയും എഴുത്തുകാരിയും പ്രഭാഷകയുമായിരുന്ന എം. ഹലീമാ ബീവിയുടെ അധ്യക്ഷതയിൽ 1959-ൽ കെ. എൻ. എം. സംഘടിപ്പിച്ച കൊച്ചിൻ വനിതാ സമ്മേളനത്തിലെ പ്രസംഗകയായിരുന്നു സൈനബ ടീച്ചർ. മുജാഹിദ് പ്രസ്ഥാനത്തിൻ്റെ വനിതാ വിഭാഗമായ മുസ്ലിം ഗേൾസ് ആന്റ് വിമെൻസ് മുവമെൻ്റ് (എം. ജി. എം.) സ്ഥാപക നേതാക്കളിൽ ഒരാളാണ്.

കെ. എം. മൗലവിയെക്കുറിച്ചുള്ള സൈനബ ടീച്ചറുടെ ഓർമ്മകൾ, കോഴിക്കോട്ടെ പ്രൊഫൗണ്ട് പ്രെസ് പ്രസിദ്ധീകരിച്ച ‘കെ എം മൗലവി ഓർമ്മപ്പുസ്തക’ത്തിൽ ഒരു അധ്യായമായി ഉൾപ്പെടുത്തിയിട്ടുണ്ട്.