നല്ലളം നാസർ മദനിയും നാഥനിലേക്ക് മടങ്ങി
27 September 2021 | Obituary
ഒരു കാലഘട്ടത്തിൽ ഇസ്‌ലാഹീ വിദ്യാർത്ഥി, യുവജന നിരയിൽ ആവേശമായി കടന്നു വരികയും വിവിധ കർമ്മ പരിപാടികളിലൂടെ ശ്രദ്ധ നേടുകയും മത, വിദ്യാഭ്യാസ, സാമൂഹിക രംഗങ്ങളിൽ സമർപ്പിത ജീവിതം കാഴ്ച വെക്കുകയും ചെയ്ത നല്ലളം അബ്ദുൽനാസർ മദനി (63) അല്ലാഹുവിന്റെ അലംഘനീയമായ വിധിക്ക് കീഴടങ്ങി.
അസുഖത്തെ തുടർന്ന് മാസങ്ങളായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
പഠനകാലത്തു തന്നെ മത, സാമൂഹിക രംഗത്ത് സജീവമായിരുന്ന അദ്ദേഹം പുളിക്കൽ മദീനത്തുൽ ഉലൂം അറബിക് കോളേജിൽ നിന്നും ബിരുദം കരസ്ഥമാക്കി. മുജാഹിദ് പ്രസ്ഥാനവുമായി അഭേദ്യബന്ധമുള്ളതായിരുന്നു മാതൃകുടുംബം. പുളിക്കൽ സ്വദേശിയും കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ടുമായിരുന്ന പി. പി. ഉണ്ണിമൊയ്‌ദീൻ കുട്ടി മൗലവിയുടെ പൗത്രനാണ്. പഠന ശേഷം പുളിക്കൽ ഹൈസ്കൂളിൽ അറബിക് അധ്യാപകനായി ജോലി ചെയ്തു. സ്വദേശം കോഴിക്കോട് പട്ടണത്തിനടുത്ത് ആയതിനാൽ സംഘടനാ രംഗത്ത് കൂടുതൽ സജീവത പുലർത്താൻ സൗകര്യം ലഭിച്ചു. മുജാഹിദ് സെന്ററുമായി നിരന്തരം ബന്ധപ്പെടാനും നേതാക്കളുമായി സഹവസിക്കാനും അവസരം ലഭിച്ചത് കാരണം മുജാഹിദ് വിദ്യാർത്ഥി സംഘടനാ രംഗത്ത് അദ്ദേഹത്തെ ഉയരങ്ങളിലെത്തിച്ചു. 1978ൽ കോഴിക്കോട് ജില്ലാ എം. എസ്. എം. പ്രസിഡന്റും 1980ൽ സംസ്ഥാന ജനറൽ സെക്രട്ടറിയുമായി. 1985മുതൽ സംസ്ഥാന ഓർഗനൈസറായി മൂന്ന് വർഷം പ്രവർത്തിച്ചു. എം. എസ്. എമ്മിന്റെ മുഖപത്രമായിരുന്ന ഇഖ്‌റഇന്റെ ശില്പികളിൽ പ്രമുഖനാണ്. മാസികയുടെ ചീഫ് എഡിറ്റർ ആയിരുന്നു.
എം. എസ്. എം. പ്രവർത്തനങ്ങൾക്ക് ആധുനിക രൂപം നൽകുന്നതിൽ വലിയ പങ്ക് വഹിച്ച നേതാവായിരുന്നു. എം. എസ്. എമ്മിന് ശേഷം ഐ. എസ്. എം. നേതൃത്വത്തിലെത്തി. തുടർന്ന് അറബി അധ്യാപകരെ സംഘടിപ്പിക്കുന്നതിൽ മുഴുകി. കെ. എ. എം. എയുടെ സംസ്ഥാന സാരഥിയായിരുന്നു.
പ്രഭാഷണ രംഗത്തും രചനാ രംഗത്തും ശ്രദ്ധേയനായിരുന്ന അദ്ദേഹം മലബാറിലെ വിവിധ പള്ളികളിലും ആറു വർഷക്കാലം കോഴിക്കോട് മസ്ജിദ് ലിവാഇലും ഖത്തീബായിരിന്നു. താൻ നടത്തിയ ഖുതുബകളുടെ സമാഹാരം “വെള്ളിയാഴ്ചകളിലെ ഓർമ്മത്തെളിമകൾ “എന്ന പേരിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കെ. എൻ. എം. പോഷക ഘടകമായ ബിസ്മിയുടെ ചെയർമാൻ ആയിരുന്നു. കോഴിക്കോട് ഗവണ്മെന്റ് മോഡൽ ഹൈസ്കൂൾ അധ്യാപകനായിരിക്കെ ജില്ലാ മുസ്‌ലിം വിദ്യാഭ്യാസ ഇൻസ്‌പെക്ടറായി നിയമിതനായി. വയനാട്. കോഴിക്കോട് ജില്ലകളിൽ പ്രവർത്തിച്ചു. കെ. എൻ. എമ്മിന്റെ വിവിധ പദവികളിൽ തന്റെ സാന്നിധ്യം പ്രൗഢമാക്കിയ അദ്ദേഹം മരിക്കുമ്പോൾ കെ. എൻ. എം. വിദ്യാഭ്യാസ ബോർഡ് മുഫത്തിശ് ആയിരുന്നു.
നല്ലളത്തെ പ്രമുഖ കുടുംബമായ മുല്ലവീട്ടിൽ സുബൈർ സാഹിബ് ആണ് പിതാവ്. മാതാവ് മുസ്‌ലിം നവോത്ഥാന നായകനായിരുന്ന പുളിക്കൽ പി. പി. ഉണ്ണിമൊയ്‌ദീൻ കുട്ടി മൗലവിയുടെ മകൾ പി. പി. ആയിഷ. പി. പി. അബ്ദുൽ ഗഫൂർ മൗലവി, പി. പി. ഹസൻ മൗലവി എന്നിവർ അമ്മാവൻമാരാണ്.
എൻ. വി. അനീസയാണ് ഭാര്യ. റഹീബ, അദീബ, അജീബ മക്കളാണ്. ജാമാതാക്കൾ യാസർ മണലൊടി, ഷാജഹാൻ.
പുളിക്കൽ ജാമിഅ സലഫിയ ഉദ്ഘാടന ദിവസം 1987ഏപ്രിൽ 26ന് ഉദ്ഘാടന പരിപാടിയുടെ വാർത്തകൾ പത്രങ്ങൾക്ക് നൽകാൻ കോഴിക്കോട്ടേക്ക് പോകുന്നതിനിടയിൽ വെട്ടുകുത്തി മലയിലെ വലിയൊരു കുഴിയിൽ വീണു അദ്ദേഹത്തിന്ന് മാരകമായി പരിക്കേറ്റ സംഭവം ഓർമ വരുന്നു. നല്ലളം നാസർ മരണപ്പെട്ടു എന്ന് പോലും അന്ന് വാർത്തയുണ്ടായിരുന്നു. അത്രയും സീരിയസ് ആയിരുന്നുകാര്യങ്ങൾ. അല്ലാഹുവിന്റെ അനുഗ്രഹത്താൽ ജീവിതം തിരിച്ചു കിട്ടുകയും 34വർഷം വീണ്ടും സമുദായ സേവനം നടത്താൻ അദ്ദേഹത്തിന്ന് അവസരം ലഭിക്കുകയും ചെയ്തു. ഇപ്പോൾ അദ്ദേഹത്തിന്റെ യഥാർത്ഥ മരണം സംഭവിച്ചിരിക്കുന്നു. ആദർശ പുഷ്കലമായ ധന്യ ജീവിതം നയിച്ചു കടന്നു പോയ, ജീവിതാവസാനം വരെ സേവന നിരതനായിരുന്ന ഞങ്ങളുടെ സഹോദരന്
സർവാധി നാഥാ, നിന്റെ ജന്നാത്തുൽ ഫിർദൗസ് നൽകി അനുഗ്രഹിക്കേണമേ. അദ്ദേഹത്തിന്റെ വേർപാടിൽ ദുഃഖം അനുഭവിക്കുന്ന കുടുംത്തിന്ന് നീ ശാന്തിയും സമാധാനവും നൽകേണമേ.