നോയിഡ:
ഐ. എസ് തലവൻ അബൂബക്‌ർ അൽ ബഗ്ദാദിയുടെ ഭൂതകാലത്തെ സംബന്ധിച്ച നിഗൂഢതകൾ ആദ്യമായി അനാവരണം ചെയ്യുന്നുവെന്ന അവകാശവാദത്തോടെ News 18 India ഹിന്ദി ചാനൽ അതിനാടകീയതയും അപസർപ്പക ഭാവവുമുള്ള രംഗാവതരണത്തോടെ കൊട്ടിഘോഷിച്ച് പ്രക്ഷേപണം ചെയ്ത വീഡിയോയിൽ നിറയെ തട്ടിപ്പുകൾ. എക്സ്ക്ലൂസീവ് പ്രതീതി സൃഷ്‌ടിച്ച് ചാനലിന്റെ റെയ്റ്റിംഗ് കൂട്ടാനുള്ള വ്യഗ്രതയിൽ ബഗ്ദാദിയുടെ ബാല്യകാല ദൃശ്യങ്ങൾ എന്ന് ധ്വനിപ്പിക്കുംവിധം സുഊദി അറേബ്യയിൽ താമസിക്കുന്ന ഇൻഡ്യൻ കുടുംബത്തിലെ സ്കൂൾ വിദ്യാർത്ഥിയുടെ വീഡിയോ ക്ലിപ്പ് സംപ്രേഷണം ചെയ്യാനുള്ള ധാർഷ്ട്യം വരെ ചാനൽ കാണിച്ചു. പ്രോഗ്രാം റ്റെലികാസ്റ്റിനുശേഷം ചാനൽ ഏപ്രിൽ ഒന്നിന് രാവിലെ തങ്ങളുടെ വെബ്സൈറ്റിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ലിങ്ക് താഴെ:
http://hindi.news18.com/videos/duniya/
ജിദ്ദയിലെ ഇന്റെർനാഷണൽ ഇൻഡ്യൻ സ്കൂൾ വിദ്യാർഥിയായ ഉബയ്ദുല്ലാഹ് മുഹമ്മദ് ശംശാദിനെയാണ് ബാലനായ ബഗ്ദാദി എന്ന പ്രതീതി ജനിപ്പിക്കുന്ന പശ്ചാതല വിവരണങ്ങൾ നൽകി ചാനൽ അവതരിപ്പിച്ചത്. Ummah Revival എന്ന കൂട്ടായ്മ വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികളെ ഉപയോഗിച്ച് നിർമ്മിച്ച I Will Repent Later എന്ന ഷോട്ട് ഫിലിമിൽ ഉബയ്ദുല്ല അഭിനയിച്ചിട്ടുണ്ടായിരുന്നു. അതിന്റെ രംഗങ്ങളിൽനിന്നാണ് ചാനൽ ബഗ്ദാദിയുടെ കുട്ടിക്കാലം ‘ഒപ്പിയെടുത്തത്!’ പുകവലി, സംഗീതാസക്തി, നമസ്കാരവും നോമ്പും ക്വുർആൻ പാരായണവും പോലുള്ള ഇസ്‌ലാമിക ആരാധനാ കർമ്മങ്ങളോടുള്ള വിമുഖത തുടങ്ങിയവക്കെതിരെ യുവാക്കളെ ധാർമ്മികമായി ബോധവൽകരിക്കാനും മരണം അടുത്താണെന്ന് ഓർമ്മപ്പെടുത്താനും വേണ്ടി നിർമ്മിക്കപ്പെട്ടതാണ് I Will Repent Later. ഫിലിമിൽ ഉബയ്ദുല്ല അറബി നീളക്കുപ്പായത്തിൽ നടക്കുന്ന ദൃശ്യങ്ങളെ അപ്പടി തങ്ങളുടെ എഡിറ്റിംഗ് സോഫ്റ്റ് വെയറിലേക്ക് ഇമ്പോർട്ട് ചെയ്താണ് ചാനൽ ഐ. എസിനെക്കുറിച്ച് ‘സ്കൂപ്പ്’ ഉണ്ടാക്കാൻ ശ്രമിച്ചതെന്ന് രണ്ടും താരതമ്യം ചെയ്യുന്ന ആർക്കും വ്യക്തമാകും. ഉബയ്ദുല്ല അഭിനയിച്ച ഷോട്ട് ഫിലിമിന്റെ ലിങ്ക് താഴെ:
ഉബയ്ദുല്ല പഠിക്കുന്ന ജിദ്ദയിലെ സ്കൂളിലെ പൂർവവിദ്യാർത്ഥിയായ ദാവൂദ് ആരിഫ് ചാനലിന്റെ ഹീനമായ തട്ടിപ്പിനെതിരെ ഫെയ്സ്ബുക്കിൽ രംഗത്തുവന്നിരുന്നു. മാധ്യമധാർമ്മികത ഭീകരതാ സെൻസേഷനുകളിൽഇൻഡ്യൻ മാധ്യമങ്ങൾക്ക് ഒരു വിഷയമേ അല്ലെന്ന് ഒരിക്കൽ കൂടി തെളിയിച്ച News 18 India ചാനലിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം കനക്കുന്നുണ്ട്. Janta Ka Reporter എന്ന ഓൺലൈൻ പോർട്ടൽ ഇവ്വിഷയകമായി വിശദമായ ഇംഗ്ലീഷ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചാനൽ സംപ്രേക്ഷണം ചെയ്ത മറ്റു ചില ‘ബഗ്ദാദി ദൃശ്യങ്ങളും’ ഇതേപോലുള്ള അസംബന്ധാപഹരണങ്ങൾ തന്നെയാണെന്ന് വ്യക്തമാകുന്നുണ്ട്.