Reports

വാരിയൻകുന്നത്തിനെ വെടിവെച്ച്‌ കൊന്നിട്ട്‌ 96 വർഷം

By Admin

January 20, 2018

മലപ്പുറം: 1921ലെ മലബാർ സായുധസമര നായകൻ വാരിയൻകുന്നത്ത്‌ കുഞ്ഞഹ്‌മദ്‌ ഹാജിയെ ബ്രിട്ടീഷ്‌ സർക്കാർ വെടിവെച്ച്‌ കൊന്നിട്ട്‌ 96 വർഷം. 1922 ജനുവരി 20നാണ്‌ കൊളോണിയൽ ഭരണകൂടം മലപ്പുറം കോട്ടക്കുന്നിനടുത്തുവെച്ച്‌ വാരിയൻകുന്നത്തിന്റെ വധശിക്ഷ നടപ്പിലാക്കിയത്‌. വെടിവെച്ച്‌ കൊല്ലാൻ എത്തിയ മലബാർ സ്പെഷ്യൽ പൊലീസ്‌ ഉദ്യോഗസ്ഥരെക്കൊണ്ട്‌ കണ്ണുകെട്ടി പിന്നിൽ നിന്ന് വെടിവെക്കരുതെന്നും മുന്നിൽ നിന്ന് തനിക്ക്‌ കാണാനാകും വിധം മാറിൽ വെടിവെക്കണമെന്നും ശിക്ഷ നടപ്പിലാക്കും മുമ്പ്‌ രണ്ട്‌ റക്‌അത്ത്‌ നമസ്കരിക്കാൻ അനുവദിക്കണമെന്നുമുള്ള ആവശ്യങ്ങൾ അംഗീകരിപ്പിച്ച്‌ വാരിയൻകുന്നത്ത്‌ മരണത്തിലും ഇതിഹാസമായി മാറി.

1921ൽ മലബാറിൽനിന്ന് ബ്രിട്ടീഷുകാരെ തുരത്തി ആറു മാസത്തോളം കാലം മാപ്പിള പോരാളികളുടെ നേതൃത്വത്തിൽ നിലനിന്ന സമാന്തര വിപ്ലവ ഭരണകൂടത്തിന്റെ പരമോന്നത സ്ഥാനത്ത്‌ ഉണ്ടായിരുന്നത്‌ വാരിയൻകുന്നത്ത്‌ ആയിരുന്നു. ചതിയിലൂടെ അറസ്റ്റ്‌ ചെയ്ത്‌ വാരിയൻകുന്നത്തിനെ വധിക്കുന്നതിൽ ബ്രിട്ടീഷ്‌ ഭരണകൂടം വിജയിച്ചതോടെ ചെറുത്തുനിൽപിന്റെ മുനയൊടിഞ്ഞു. നീതിനിഷ്ഠവും വ്യവസ്ഥാപിതവുമായ ഒരു ഭരണക്രമം മലബാറിൽ കെട്ടിപ്പടുക്കുന്നതിൽ വാരിയൻകുന്നത്ത്‌ വിജയിച്ചിരുന്നു. അദ്ദേഹത്തെ അറസ്റ്റ്‌ ചെയ്തപ്പോൾ ഭരണരേഖകൾ മുഴുവൻ ബ്രിട്ടീഷുകാരുടെ കയ്യിലായി. പ്രസ്തുത രേഖകളും വാരിയൻകുന്നത്തിന്റെ മയ്യിത്തും കൂട്ടിയിട്ട്‌ കത്തിച്ചുകളയുകയാണ്‌ എം. എസ്‌. പി ചെയ്തത്‌. ഓർക്കാനിഷ്ടപ്പെടാത്ത ചരിത്രത്തെ ഒരുപിടി ചാരമാക്കിയ ശേഷം 1922 ജനുവരി 20ന്റെ രാത്രിയിൽ ഉദ്യോഗസ്ഥർ മലപ്പുറത്തെ ക്യാമ്പിൽ വൻ ഉത്സവവിരുന്ന് സംഘടിപ്പിച്ചതായി കൊളോണിയൽ എഴുത്തുകുത്തുകൾ വ്യക്തമാക്കുന്നു.

മഞ്ചേരി പാണ്ടിക്കാട്‌ റോഡിലെ നെല്ലിക്കുത്ത്‌ ആയിരുന്നു വാരിയൻകുന്നത്തിന്റെ സ്വദേശം. ആലി മുസ്‌ലിയാരും ഈ നാട്ടുകാരൻ തന്നെയായിരുന്നു. സുഹൃത്തുക്കളായ രണ്ട്‌ നെല്ലിക്കുത്തുകാർ ആണ്‌ 1921ലെ സമരത്തിന്റെ സായുധപർവത്തിന്റെ നെടുംതൂണുകൾ ആയതെന്ന് പറയാം. സാമാന്യ മതവിദ്യാഭ്യാസത്തോടൊപ്പം അക്കാലഘട്ടത്തിലെ മറ്റു മാപ്പിളമാരിൽ നിന്ന് വ്യത്യസ്തമായി ഇംഗ്ലീഷിലും മാനകമലയാള ലിപിയിലുമുള്ള പരിജ്ഞാനവും നേടിയിരുന്ന വാരിയൻകുന്നത്ത്‌, ഭദ്രമായ സാമ്പത്തികാടിത്തറയുണ്ടായിരുന്ന കച്ചവടപ്രമുഖനും നാട്ടുപ്രമാണിയും ആയിരുന്നു. വർഷങ്ങളോളം മക്കയിൽ താമസിച്ച്‌ മുസ്‌ലിം ലോക ചലനങ്ങളുമായുള്ള സമ്പർക്കവും അദ്ദേഹം നേടിയിരുന്നു. മലബാറിലെ കോൺഗ്രസ്‌-ഖിലാഫത്ത്‌ സംഘാടനം മാപ്പിള ബഹുജനങ്ങളുടെ നേതൃത്വത്തിൽ ബ്രിട്ടീഷ്‌, ജന്മി വിരുദ്ധ സായുധപോരാട്ടത്തിന്റെ ഘട്ടത്തിലെത്തിയപ്പോൾ ആത്മീയമായ പ്രതീകം ആലി മുസ്‌ലിയാർ ആയിരുന്നുവെങ്കിൽ സായുധമായ സംഘാടനം വാരിയൻകുന്നത്തിന്റെ കൈകളിൽ ആയിരുന്നു.

ആലി മുസ്‌ലിയാരുടെ അറസ്റ്റിനു ശേഷം സമരത്തെ കിഴക്കൻ ഏറനാട്ടിലെ വനപ്രദേശങ്ങളും എസ്റ്റെയ്റ്റുകളും കേന്ദ്രീകരിച്ചുള്ള ഒളിപ്പോർ ചെറുത്തുനിൽപ്‌ വഴി ഫലപ്രദമായി മുന്നോട്ടുകൊണ്ടുപോയത്‌ വാരിയൻകുന്നത്ത്‌ ആണ്‌. ഗൂർഖകളുമായും എം. എസ്‌. പിക്കാരുമായും നിരന്തരമായി സംഘട്ടനങ്ങളിൽ ഏർപ്പെടുകയും പൊലീസ്‌ സ്റ്റേഷനുകൾ ആക്രമിക്കുകയും കടുത്ത രീതിയിൽ മാപ്പിളമാരെ മർദിച്ചിരുന്ന ഇൻസ്‌പെക്ടർ ചേക്കുട്ടിയെ വധിക്കുകയും ബ്രിട്ടീഷ്‌ സൈനിക ഗതാഗതം സ്തംഭിപ്പിച്ച്‌ പാലങ്ങൾ തകർക്കുകയും ചൂഷക ജന്മിമാരെ ജനകീയ വിചാരണകൾക്ക്‌ വിധേയമാക്കുകയും ചെയ്ത വാരിയൻകുന്നത്തിന്റെ സംഘം‌, ഹിന്ദു-മുസ്‌ലിം മൈത്രിയെ ഉയർത്തിപ്പിടിക്കുകയും സമരത്തിന്റെ മറവിൽ നിരപരാധികളായ ഹിന്ദുക്കൾ അക്രമങ്ങൾക്ക്‌ ഇരയാകുന്നത്‌ തടയാൻ കനത്ത ജാഗ്രത പാലിക്കുകയും ചെയ്തിരുന്നു.