നിഖാബ്: എം. ഇ. എസ് ചെയ്യുന്നത് അക്രമം
2 May 2019 | Editorial
മഫ്‌തയും ഫുൾ സ്‌ലീവും ധരിക്കുന്നതിൽ നിന്ന് മുസ്‌ലിം പെൺകുട്ടികളെ വിലക്കാൻ മാനേജ്മെന്റുകൾക്ക് അധികാരമുണ്ടെന്ന തരത്തിൽ വന്ന ഹൈക്കോടതി വിധിയുടെ അപാകതകൾ അപ്പീലുകളും മറ്റും വഴി തുറന്നുകാണിച്ച് മതം അനുശാസിക്കുന്ന വസ്ത്രധാരണത്തിനുള്ള സ്വാതന്ത്ര്യം ഹനിക്കപ്പെടുന്ന സാഹചര്യങ്ങൾക്കെതിരായ നിയമപോരാട്ടം തുടരുകയാണ് ഇൻഡ്യയിൽ ന്യൂനപക്ഷാവകാശങ്ങൾ സംരക്ഷിക്കപ്പെടണം എന്ന് ആഗ്രഹമുള്ള സമുദായ നേതാക്കൾ ചെയ്യേണ്ടത്. അതിനുപകരം പ്രസ്തുത കോടതി വിധിയിൽ ആഹ്ലാദഭരിതരായി അതിനെ തങ്ങളുടെ മാനേജ്മെന്റുകൾക്ക് കീഴിലുള്ള കോളജുകളിൽ ഇസ്‌ലാമിക വസ്ത്രധാരണ പാരമ്പര്യത്തെ നിയന്ത്രിക്കാനുള്ള അവലംബമാക്കി എം ഇ എസ് സ്വീകരിക്കുന്നു എന്നത് വളരെ ഗൗരവതരമാണ്. നിരോധിച്ചത് മുഖം മറക്കുന്ന നിഖാബ് ആണെങ്കിലും മഫ്‌തയും ഫുൾ സ്‌ലീവും നിരോധിക്കാനും മാനേജ്മെന്റുകൾക്ക് അധികാരമുണ്ടെന്ന നിലപാടല്ലേ ഫസൽ ഗഫൂർ ഉയർത്തുന്നത്?
പെൺകുട്ടികളോട് ജീൻസ് ധരിച്ച് കോളജിൽ വരരുതെന്ന് പറയുകയോ അവർക്ക് യൂനിഫോം നിശ്ചയിക്കുകയോ ചെയ്യുന്നതുപോലെ അല്ല നിഖാബ് നിരോധനം എന്ന് ഫസലിന് തിരിച്ചറിയാൻ കഴിയണം. കാരണം, അത് ഭരണഘടനാപരമായ മതസ്വാതന്ത്ര്യത്തിലുള്ള കൈകടത്തൽ ആണ്. ‘പൊതുസമൂഹം’ എന്ന, എങ്ങനെയും നിർവചിക്കാവുന്ന ഒരു കാറ്റഗറിയുടെ മാറിമറിയുന്ന ഇഷ്ടാനിഷ്ടങ്ങളെ മതാചാരങ്ങൾ അനുവദിക്കണോ വേണ്ടേ എന്നതിനുള്ള മാനദണ്ഡമാക്കി സർക്കുലർ അയക്കുന്നതിലെ അപകടം ഇസ്‌ലാമിക ധാർമികതയുടെ ദാർശനിക പരിപ്രേക്ഷ്യം അറിയുന്ന ആർക്കും മനസ്സിലാകും. എം ഇ എസ് പോലുള്ള ഒരു സംഘടന തന്നെ മുസ്‌ലിം പെൺകുട്ടികളുടെ ഇസ്‌ലാമിക വ്യക്തിത്വത്തെ അടിച്ചമർത്താൻ മുതിരുന്നത് അക്ഷന്തവ്യമായ അപരാധമാണ്. മുഖം മറക്കൽ ഇസ്‌ലാമികമായി നിർബന്ധമാണോ എന്ന ഫിഖ്‌ഹ് ചർച്ച ഇവിടെ അത്ര പ്രസക്തമല്ല. ഫിഖ്‌ഹ് നിർധാരണത്തിന്റെ സങ്കേതങ്ങൾ ഉപയോഗിച്ചല്ല, മറിച്ച് പൊതുബോധത്തിന്റെ തൃപ്തി ഉന്നയിച്ചുകൊണ്ടാണ് എം ഇ എസ് നിഖാബിനെതിരിൽ സംസാരിക്കുന്നത്. ആ യുക്തി അനുവദിച്ചുകൊടുത്താൽ തല മറയ്ക്കുന്നതിനെതിരിലും നാളെ അവർക്ക് വാളെടുക്കാൻ കഴിയും.
ഖുർആൻ പൊതുസ്ഥലങ്ങളിൽ മുസ്‌ലിം പെണ്ണ് ഖിമാറും ജിൽബാബും അണിയേണ്ട രീതി നിഷ്കർഷിച്ചിട്ടുണ്ട്. ഇന്ന് സാമാന്യമായി ‘ഹിജാബ്’ എന്ന പ്രയോഗം കൊണ്ട് വിവക്ഷിക്കപ്പെടുന്നത് അതാണ്. മുഖം മൂടൽ ഹിജാബിന്റെ അനിവാര്യതയല്ല എന്ന് ഖുർആനും ഹദീഥുകളും മദ്‌ഹബ് ഗ്രന്ഥങ്ങളും എല്ലാം ഉദ്ദരിച്ചുകൊണ്ട് സമർത്ഥിച്ചിട്ടുള്ള എത്രയോ പണ്ഡിതന്മാരുണ്ട്. മുഖവും മുൻകയ്യും ഒഴിച്ചുള്ള ഭാഗങ്ങളാണ് ഖുർആൻ മറച്ചുവെക്കൽ നിർബന്ധമാക്കിയത് എന്ന അവരുടെ വീക്ഷണം ആണ് കേരളത്തിലെ സലഫീ പ്രസ്ഥാനവും ജമാഅത്തെ ഇസ്‌ലാമിയും ഒക്കെ പൊതുവിൽ സ്വീകരിച്ചത്. എന്നാൽ ഇതിനർത്ഥം നിഖാബ് നിരോധിക്കുന്നതിൽ കുഴപ്പമില്ല എന്നല്ല. മുഖം മൂടൽ ഹിജാബിന്റെ അനിവാര്യതയാണെന്ന കർമശാസ്ത്ര നിലപാട് സ്വീകരിക്കുന്ന പ്രഗൽഭരായ പരശ്ശതം പണ്ഡിതന്മാർ ഉണ്ട്. അവരുടെ വീക്ഷണവും അത് സ്വീകരിക്കുന്ന മുസ്‌ലിംകളും ഇസ്‌ലാമിന്റെ അതിപൂർവ്വിക കാലം മുതൽക്കേ നിലനിൽക്കുന്നതാണ്. ഗൾഫിലും ഉത്തരേന്ത്യയിലും ഭൂരിപക്ഷം പണ്ഡിതന്മാരും ആ വ്യാഖ്യാനധാര പിന്തുടരുകയാണ് ചെയ്യുന്നത്, അല്ലാതെ അവരുടെ വകയായി പുതിയ ഒരു വീക്ഷണം അവതരിപ്പിക്കുകയല്ല. ശൈഖ് ഇബ്നുബാസിനെ പോലുള്ള സുഊദി സലഫീ ഉലമാക്കൾ മുതൽ സയ്യിദ് മൗദൂദിയെപോലുള്ള ഇൻഡോ-പാക് ഇസ്‌ലാമിസ്റ്റുകൾ വരെയുള്ളവരുടെ, നിഖാബ് നിർബന്ധമാണെന്ന് വാദിക്കുന്ന രചനകൾ ഉദാഹരണം. ആ വഴിയാണ് ശരിയാണെന്ന് കരുതുന്നവർ, ന്യൂനപക്ഷം ആണെങ്കിലും, കേരളത്തിലും ഉണ്ടാകാം. കേരളത്തിലെ പാരമ്പര്യ സുന്നീ സരണിയിൽ ഉള്ള പലരും പെണ്ണ് മുഖം അന്യപുരുഷന്മാരുടെ മുന്നിൽ തുറക്കുന്നത് ശരിയല്ലെന്ന് കരുതുന്നവർ ആണ്. അവർക്ക് അവരുടെ വിശ്വാസം അനുഷ്ഠിക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കാൻ ആർക്കാണവകാശം? അവരുടെ മുഖപടം ചീന്താൻ കൈ തരിക്കുന്ന ധാർഷ്‌ട്യത്തെ നിലക്കുനിർത്തിയേ മതിയാകൂ.
നിഖാബ് നിർബന്ധമല്ലെന്നാണ് ആധുനിക സലഫീ ഹദീഥ് പണ്ഡിതൻമാരിൽ അഗ്രേസരനായ നാസിറുദ്ദീനുൽ അൽബാനി സമർത്ഥിച്ചിട്ടുള്ളത്, അല്ലാതെ ഹറാം ആണെന്നൊ ബിദ്‌അത് ആണെന്നോ അല്ല. ഇസ്‌ലാമിക പാരമ്പര്യത്തിന് അന്യമായ ഒരു പുതുനിർമിതി ആയിട്ടല്ല, മറിച്ച് മതപരമായി സാധൂകരണമുള്ള ഒരു അനുവാദമോ അഭികാമ്യതയോ ആയാണ് അൽബാനി നിഖാബിനെ മനസ്സിലാക്കുന്നത്. അദ്ദേഹം രേഖപ്പെടുത്തുന്നത് നിഖാബ് നിർബന്ധമാണെന്ന വാദത്തോടുള്ള വിയോജിപ്പാണ്. നിഖാബ് നിർബന്ധമല്ലെന്ന് വൈജ്ഞാനികമായി സമർത്ഥിക്കുവാനും പ്രചരിപ്പിക്കുവാനും ഉള്ള ശ്രമങ്ങൾ ആർക്കും അദ്ദേഹത്തെ പോലെ നടത്താം. നിർബന്ധമാണെന്ന് കരുതാതെയും സ്ത്രീകൾക്ക് നിഖാബ് ധരിക്കാമെന്നും അങ്ങനെ ചെയ്യുന്നതിനെ നിരോധിക്കാൻ ഇസ്‌ലാമിക പൈതൃകത്തിൽ പഴുതുകൾ ഇല്ലെന്നും മറന്നുകൊണ്ടാകരുത് പക്ഷേ അത്. മുഖം ഹിജാബിന്റെ പരിധിയിൽ വരുന്നതല്ലെന്ന് ശക്തമായി വാദിക്കുന്ന ഈജിപ്ഷ്യൻ ഇസ്‌ലാമിസ്റ്റ് ചിന്തകൻ യൂസുഫുൽ ഖർദാവിയും മുഖം മൂടൽ നിർബന്ധമാണെന്ന വീക്ഷണം ഒരു വിഭാഗം പണ്ഡിതന്മാർക്കിടയിൽ, അവർ ന്യൂനപക്ഷം ആണെങ്കിലും, പണ്ടുമുതൽക്കേ ഉള്ളതാണെന്നും അതിനെ താൻ ആദരിക്കുന്നുവെന്നും നിഖാബ് തീർത്തും അനിസ്‌ലാമികമാണെന്ന ചിലരുടെ വാദത്തെയും അതിനെ നിരോധിക്കാനുള്ള ചില സർക്കാരുകളുടെ ശ്രമത്തെയും താൻ അംഗീകരിക്കുന്നില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
നിഖാബ് നിർബന്ധമാണെന്ന് കരുതുന്നവരും അഭികാമ്യം ആണെന്ന് കരുതുന്നവരും കേവലം അനുവദനീയം ആണെന്ന് കരുതുന്നവരും മുസ്‌ലിം ലോകത്തെ പണ്ഡിതൻമാർക്കിടയിൽ ഉണ്ട്. അതിന്റെയൊക്കെ പ്രതിഫലനങ്ങൾ കേരളത്തിലും ഉണ്ടാകാം. ഇതൊക്കെ മതപരമായ ബോധ്യങ്ങളാണ്, അവയ്ക്കിടയിൽ ചർച്ചകൾ നടക്കേണ്ടത് ദീനീ ഉസൂലുകൾ വെച്ചാണ്. ലിബറൽ പുരോഗമനവാദത്തിന്റെ അളവുകോലുകൾ വെച്ച് അവയിൽ ഏതെങ്കിലും ഒന്നിന് അതിജീവിക്കാനുള്ള അർഹത നിഷേധിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാകാത്ത പ്രവണതയാണ്. എം ഇ എസും ഫസൽ ഗഫൂറും ചെയ്യുന്നത്, അതുകൊണ്ടുതന്നെ, അക്രമം ആണ്.