Logo

 

നബിചരിത്ര പഠനത്തിന്‌ അവസരമൊരുക്കി ഓൺലൈൻ ക്വിസ്

26 November 2020 | Reports

By

വളവന്നൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ചെറിയമുണ്ടം ചെയർ ഫോർ സ്റ്റഡീസ് ആൻഡ് റിസേർച്ചും പ്രൊഫൗണ്ട്
റ്റി വിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഓൺലൈൻ നബിചരിത്ര ക്വിസ് നാളെ (നവംബർ 27, വെള്ളി) രാത്രി ഇൻഡ്യൻ സമയം 8. 45 മുതൽ 10 മണിവരെ നടക്കും. ചെറിയമുണ്ടം ചെയർ ഡയരക്റ്റർ മുസ്തഫാ തൻവീർ profound tv യൂറ്റ്യൂബ് ചാനലിൽ അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന സീറാ സീരീസിൻ്റെ ആദ്യത്തെ 12 എപ്പിസോഡുകളെ ആസ്പദമാക്കിയാണ് മത്സരം നടക്കുക. ഓൺലൈൻ ആയി നടക്കുന്ന മത്സരത്തിന് ഇതിനോടകം പ്രായ/ലിംഗ/സമുദായ/രാജ്യ ഭേദമില്ലാതെ നിരവധി ആളുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഒന്നേകാൽ മണിക്കൂറിനുള്ളിൽ 50 മള്‍ട്ടിപ്പ്ള്‍ ചോയ്സ് ചോദ്യങ്ങൾക്കാണ് മത്സരാർത്ഥികൾ ഉത്തരമെഴുതേണ്ടി വരിക. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കിയവർക്ക് യഥാക്രമം ₹ 10,000, ₹7,500, ₹ 5000 രൂപയുടെ ക്യാഷ് പ്രൈസ് ലഭിക്കും.

അന്തരിച്ച ഇസ്ലാമിക പണ്ഡിതൻ ചെറിയമുണ്ടം അബ്ദുൽ ഹമീദ് മദനിയുടെ സ്മരണാർത്ഥം രണ്ട് വർഷങ്ങൾക്ക് മുമ്പ് തുടങ്ങിയതാണ് ചെറിയമുണ്ടം ചെയർ. ഇസ്ലാമിക മേഖലകളിൽ ഗവേഷണം നടത്തുന്നവരെ പ്രോൽസാപ്പിക്കുന്നതിനും സഹായിക്കുവാനും വേണ്ടി വ്യത്യസ്ത സംരംഭങ്ങൾ ചെറിയമുണ്ടം ചെയറിന് കീഴിൽ നടക്കുന്നുണ്ട്.
മതവിഷയങ്ങൾ പ്രാമാണികമായി ആഴത്തിൽ പഠിക്കാനാഗ്രഹിക്കുന്നവർക്കുള്ള മലയാളത്തിലെ പ്രധാനപ്പെട്ട സ്രോതസ്സാണ് പ്രൊഫൗണ്ട് റ്റി വി. ഇസ്ലാമിക കർമശാസ്ത്രം, മുഹമ്മദ് നബി, മുസ്ലിം ചിന്താധാരകൾ, സമകാലിക ഇസ്ലാം/മുസ്ലിം വ്യവഹാരങ്ങൾ, ഫാഷിസം തുടങ്ങിയ മേഖലകളിലെ വിവിധ വിഷയങ്ങളിൽ ആധികാരികമായ അറിവ് ലഭിക്കും വിധം അനേകം വീഡിയോകൾ പ്രൊഫൗണ്ട് റ്റി വിയിൽ ലഭ്യമാണ്.

നാല് മാസങ്ങൾക്ക് മുമ്പ് പ്രൊഫൗണ്ട് റ്റി വിയിൽ ആരംഭിച്ച സീറാ സീരീസ് മുഹമ്മദ് നബിയെ മലയാളികൾക്ക് സമഗ്രമായി പരിചയപ്പെടുത്തുന്ന സംരംഭമാണ്. മുഹമ്മദ് നബിയെ ഉന്നംവെച്ചുള്ള നവനാസ്തിക-സംഘ്പരിവാർ-മിഷനറി പ്രചാരവേലകളോടുള്ള ധൈഷണിക പ്രതിരോധം കൂടിയാണിത്. ജനനം മുതൽ നുബുവ്വത്ത് വരെയുള്ള പ്രവാചക ജീവിതത്തെ അവതരിപ്പിച്ച 12 എപ്പിസോഡുകൾ ആയിരക്കണക്കിന് ആളുകളാണ് ശ്രദ്ധയോടെ വീക്ഷിക്കുകയും അഭിപ്രായങ്ങൾ അറിയിക്കുകയും ചെയ്തത്.


Admin