പിണറായി വിജയനെ നവോത്ഥാന നായകനായി അവതരിപ്പിക്കുന്നത് കേരളത്തിന്റെ നവോത്ഥാന ചരിത്രത്തെ റദ്ദ് ചെയ്യലാണെന്ന് ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയ സംഘടനയായ വെൽഫെയർ പാർട്ടി അഭിപ്രായപ്പെട്ടു. പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം ആണ് ഫെയ്സ്ബുക് പോസ്റ്റ് വഴി നിലപാട് വ്യക്തമാക്കിയത്. ജമാഅത്തെ ഇസ്‌ലാമിയുടെ തന്നെ മാധ്യമം ദിനപത്രം പിണറായിയെ ‘ആധുനിക നവോത്ഥാന നായകൻ’ ആയി അഘോഷിക്കുന്ന കുറിപ്പ് പ്രസിദ്ധീകരിച്ചത് വിവാദമായ പശ്ചാതലത്തിലാണ് വെൽഫെയർ പാർട്ടി പ്രസിഡന്റ് വിഷയത്തിൽ ഇടപെട്ടിരിക്കുന്നത്.
‘പെയ്ഡ് ന്യൂസുകളുടെ പിൻബലത്തോടെ’ ആണ് പിണറായി ‘നവോത്ഥാന നായകവേഷം’ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് അണിയുന്നതെന്ന് ഹമീദ് വാണിയമ്പലം കുറിപ്പിൽ ആരോപിക്കുന്നു. ഇത് പിണറായിയെ വിമർശിക്കാനാണെങ്കിലും ഫലത്തിൽ മാധ്യമത്തെയാണ് കുരുക്കിലാക്കുന്നത്. മാധ്യമം പ്രസിദ്ധീകരിച്ച കുറിപ്പ് പെയ്ഡ് ന്യൂസ് ആണെന്ന് ധ്വനിപ്പിക്കുന്ന വിധത്തിലാണ് വാണിയമ്പലത്തിന്റെ വാചകങ്ങൾ.
“സ്വാതന്ത്ര്യ സമരത്തില്‍ യാതൊരു പങ്കാളിത്തവുമില്ലാത്ത ആര്‍.എസ്.എസ് നേതാക്കളെ സ്വാതന്ത്ര്യസമര നായകരായി ചിത്രീകരിക്കുന്നതുപോലെ തന്നെയാണ് കേരളീയ നവോത്ഥാനത്തില്‍ യാതൊരു പങ്കുമില്ലാത്ത ഇപ്പോഴും നവോത്ഥാന മൂല്യങ്ങളെ തകര്‍ക്കാന്‍ അധികാരവും മസില്‍പവറും ഉപയോഗിക്കുന്ന സി.പി.എമ്മിനേയും അതിന്റെ നേതാവിനേയും നവോത്ഥാന നായകരായി ഉയര്‍ത്തിക്കാട്ടുന്നത്” എന്നും ഫെയ്സ്ബുക് പോസ്റ്റ് പറയുന്നു.