Opinion

ലഘുലേഖാ വിതരണം ‘ഭീകരപ്രവർത്തനം’ ആകുന്ന ‘ജനാധിപത്യം’ !

By SADAD ABDUSSAMAD

August 21, 2017

കേരളത്തിൽ വിവിധ മുസ്ലിം സംഘടനകളുടെ നേതൃത്വത്തിൽ നടന്നു കൊണ്ടിരിക്കുന്ന ഇസ്ലാമിക പ്രബോധന പ്രവർത്തനങ്ങളെ അത്യധികം തെറ്റിദ്ധരിപ്പിക്കുകയും മതവിദ്വേഷം വളർത്തുന്നവയാണ് അവയെന്ന തരത്തിലുള്ള പ്രചാരണം കഴിഞ്ഞ കുറെ കാലങ്ങളായി ശക്തിപ്പെട്ടുവരികയാണ്. പരസ്പരം അടുത്തറിഞ്ഞ് ജീവിച്ചു വരുന്ന മലയാളി സമൂഹത്തിൽ ബോധപൂർവം മതകീയ ചേരിതിരിവ് സൃഷ്ടിക്കാനുള്ള സംഘപരിവാർ സംഘടനകളുടെയും സമാന മനഃസ്ഥിതി പേറുന്നവരുടെയും അജണ്ടകളാണ് ഇവിടെ നടപ്പിലാക്കപ്പെട്ടു കൊണ്ടിരിക്കുന്നത്. ഇസ്ലാമിനെ പൊതുസമൂഹത്തിന് പരിചയപ്പെടുത്തുന്ന ലഘുലേഖകളുടെ വിതരണം, പ്രഭാഷണങ്ങൾ, സംവാദങ്ങൾ തുടങ്ങിയ ആശയവിനിമയത്തിന് സാധാരണ ഉപയോഗിക്കുന്ന മാർഗ്ഗങ്ങൾ തന്നെയാണ് ഇവിടെയും ഉപയോഗിച്ചു വരാറുള്ളത്. എന്നാൽ ഇത്തരം പ്രവർത്തനങ്ങളെ പലപ്പോഴായി നിയമപാലകർ തടഞ്ഞു വെച്ച സംഭവങ്ങളുണ്ടായിട്ടുണ്ട്. ഇവിടെ കൈമാറ്റം ചെയ്യപ്പെടുന്ന ആശയങ്ങൾ പരമത വിദ്വേഷം പരത്തുന്നതോ രാജ്യവിരുദ്ധ പരാമർശങ്ങൾ ഉൾക്കൊണ്ടതോ അല്ല.

ഭരണഘടന അനുവദിച്ചു തന്ന സ്പേസിനകത്ത് സമാധാനപൂർവം നടക്കുന്ന ഇത്തരം പരിശ്രമങ്ങളെ തടയേണ്ടത് ആരുടെ ആവശ്യം ആയിരിക്കും? ഇവ എന്ത്കൊണ്ട് ആവർത്തിക്കപ്പെടുന്നു?

പുതിയ ലോകക്രമത്തിൽ ആഗോള സാമ്രാജ്യത്വം വിതരണം ചെയ്തു കൊണ്ടിരിക്കുന്ന ഇസ്ലാമോഫോബിയയുടെ ഏറ്റവും വലിയ പ്രായോജകരാണ് നമ്മുടെ നാട്ടിലെ സംഘ്പരിവാറും യുക്തിവാദികളും. മുസ്ലിംകളെ ഭീകരവൽകരിക്കാൻ സാമ്രാജ്യത്വം നിർമിച്ചെടുക്കുന്ന കളവുകളെ ഇന്ത്യയിൽ വിതരണം ചെയ്യുകയും അതുവഴി ഇസ്ലാംഭീതി കനപ്പിച്ചു നിർത്തുകയും വിചാരധാര മുതൽ ‘സംഘിമാനിഫെസ്റ്റോകൾ’ പറഞ്ഞുവെച്ച ഭീകരനായ വൈദേശികനെ കൺമുന്നിൽ ഒരുക്കി നിർത്തുകയും ചെയ്യുന്ന സാഹസം. ഇസ്ലാമിനെ തുറന്ന് വെക്കുകയും വിമർശനങ്ങൾക്ക് മറുപടി പറയുകയും ചെയ്യുന്ന ഇത്തരം ദൗത്യങ്ങളെ ക്ഷുദ്രശക്തികൾ പല്ലും നഖവും ഉപയോഗിച്ച് എതിർക്കാതിരിക്കുന്നതെങ്ങിനെ?!

ഇസ്ലാമിക പ്രബോധനവും പ്രബോധകരും മുസ്ലിം എസ്റ്റാബ്ലിഷ്മെന്റുകളും ദിനേനയെന്നോണം വേട്ടയാടിക്കൊണ്ടിരിക്കുമ്പോൾ ജനാധിപത്യത്തെ തന്നെ ദർശനമായി സ്വീകരിച്ചവരുടെ ഭീകരമായ മൗനം മുസ്ലിംകളെ അത്ഭുതപ്പെടുത്തേണ്ടതില്ല! സാമ്രാജ്യത്വ പ്രചാരണങ്ങളിൽ നിന്ന് പുറത്തു കടക്കാനോ ഫാഷിസ്റ്റുകൾ രൂപപ്പെടുത്തിയ പൊതുബോധത്തിന് പുറത്തു കടക്കാനോ മുസ്ലിംകളിൽ നന്മ കാണാനോ മാത്രം അവർ നിഷ്കളങ്കരല്ലല്ലോ?

കമ്മ്യൂണിസ്റ്റ് പാർട്ടി ഭരിക്കുന്ന കേരളത്തിൽ ഫാഷിസ്റ്റുകൾക്ക് പണി എളുപ്പമാക്കി കൊടുക്കുകയാണ് ഭരണകൂടം. വലിയ ഫാഷിസ്റ്റ് വിരോധം നെറ്റിയിൽ എഴുതിക്കുറിച്ചവർ തന്നെ ഫാഷിസ്റ്റ് പ്രൊപഗണ്ടകളുടെ വാഹകരാവുകയും ആഭ്യന്തര വകുപ്പിനെ ഫാഷിസ്റ്റ് ചട്ടുകമാക്കുകയും ചെയ്തിരിക്കുന്നു. ജനം ടിവിയും കൈരളിയും, ജന്മഭൂമിയും ദേശാഭിമാനിയും ഒരേ വാർത്തകളെ പങ്കിട്ടെടുക്കുമ്പോൾ സമുദായം തിരിച്ചറിയുക, ഫാഷിസം തെരഞ്ഞെടുപ്പിൽ ലഭിച്ച സീറ്റിന്റെ എണ്ണം നോക്കിയല്ല നമ്മെ ഭരിക്കുന്നത്. അത് നിർമിക്കുന്ന പൊതുബോധത്തിലൂടെ തന്നെയാണ്.

ഇസ്ലാമാശ്ലേഷം നടത്തി മക്കയിലേക്ക് പോയ ചേരമാൻ പെരുമാളിനെ അധികാര ദണ്‌ഡ് സംരക്ഷിച്ച് കാലങ്ങളോളം കാത്തിരുന്ന മലയാളിയിൽ നിന്ന് മതത്തെക്കുറിച്ച സംസാരം തന്നെ ഭീകര കുറ്റമായിക്കാണുന്ന മലയാളിയിലേക്കുള്ള ദൂരം നമ്മെ ആശ്ചര്യപ്പെടുത്തില്ല.

വിസ്ഡം പ്രവർത്തകർക്ക് നേരെ നടന്നത് ജനാധിപത്യത്തിനും മൗലികാവകാശങ്ങൾക്കും നേരെയുള്ള കൈയ്യേറ്റമാണ്.