Reports

പിണറായി നവോത്ഥാന നായകനെന്ന് മാധ്യമം ദിനപത്രം

By Admin

January 03, 2019

കോഴിക്കോട്‌: പിണറായി വിജയൻ ആധുനിക നവോത്ഥാന നായകനാണെന്ന് ജമാഅത്തെ ഇസ്‌ലാമിയുടെ മാധ്യമം ദിനപത്രം. ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി ഇതുവരെ സ്വീകരിച്ച നിലപാടുകളെ വാനോളം പുകഴ്ത്തിയാണ്‌ പത്രം സ്വന്തം ലേഖകന്റെ കുറിപ്പ്‌ പ്രസിദ്ധീകരിച്ചിരിക്കുന്നത്‌. പിണറായിയുടെയും സി പി എമ്മിന്റെയും മുസ്‌ലിം വിരുദ്ധതയും ദലിത്‌ വിരുദ്ധതയും ഹിന്ദുത്വ പദ്ധതിയും തുറന്നുകാണിക്കാൻ എസ്‌ ഐ ഒ പ്രവർത്തകർ സോഷ്യൽ മീഡിയയിൽ നടത്തുന്ന ശ്രമങ്ങളെ മുഴുവൻ പരിഹസിക്കുന്ന വിധത്തിൽ സർക്കാറിന്‌ പാദസേവ ചെയ്യുന്നതാണ്‌ ഉള്ളടക്കം. മാർക്സിസ്റ്റ്‌ ബിംബത്തെ ദേശാഭിമാനിയെ കടത്തിവെട്ടുന്ന വിധത്തിൽ ആഘോഷിക്കാൻ മാധ്യമത്തെ പ്രേരിപ്പിക്കുന്നത്‌ ആരാണ്‌ എന്ന ചോദ്യമാണ്‌ ഉയരുന്നത്‌. വനിതാ മതിലിനെ വിഗ്രഹവൽകരിച്ച്‌ ജമാഅത്ത്‌ സൈദ്ധാന്തികനായ കെ ടി ഹുസയ്ൻ ഫെയ്സ്ബുക്കിൽ നിലപാട്‌ പറഞ്ഞിരുന്നു.

നേരത്തെ സംവരണത്തിന്റെ ആവശ്യമില്ലെന്നു പറഞ്ഞ് ഒരു ഓണ്‍ലൈന്‍ പ്രസിദ്ധീകരണത്തില്‍ മാധ്യമം ഗ്രൂപ്പ്‌ എഡിറ്റർ ഒ. അബ്ദുര്‍റഹ്മാന്‍ നടത്തിയ പരാമര്‍ശം കടുത്ത പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ബി.ജെ.പിയുടെ ദേശീയ കൗണ്‍സില്‍ കോഴിക്കോട് നടന്നപ്പോള്‍ കൗണ്‍സിലിനെ ആഘോഷിക്കുംവിധം വാര്‍ത്തകള്‍ ക്രമീകരിച്ചതിനു പുറമെ ബി.ജെ.പി നേതാവിന്റെ ലേഖനം പ്രസിദ്ധീകരിക്കുകയും പത്രത്തിന്റെ അവസാന പേജില്‍ ബി ജെ പി കൊടുത്ത ബഹുവര്‍ണ പരസ്യം നല്‍കുകയും ചെയ്ത് മാധ്യമം വായനക്കാരെ ഞെട്ടിച്ചിരുന്നു.

കേരള മുസ്‌ലിംകൾക്കിടയിൽ മാധ്യമം പത്രമുണ്ടാക്കിയ ഇംപാക്ട് പ്രതിലോമപരമായിരുന്നു എന്ന വിമര്‍ശനം നിരീക്ഷകരില്‍ പലരും പങ്കുവെച്ചിട്ടുണ്ട്. മുസ്‌ലിം സമുദായത്തിന് തണലായി നില്‍ക്കുന്ന എസ്റ്റാബ്ലിഷ്‌മെന്റുകളെക്കുറിച്ച് ചെറുപ്പക്കാരില്‍ അവമതിപ്പ് വളര്‍ത്തും വിധമാണ് വാര്‍ത്തകളും ഫീച്ചറുകളും പലപ്പോഴും ക്രമീകരിക്കപ്പെട്ടതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. മുസ്‌ലിം ലീഗ്, സമസ്ത, മുജാഹിദ് സംഘടനകള്‍ എന്നിവയുടെ സംരംഭങ്ങളും നേതാക്കളും പലപ്പോഴും മാധ്യമത്തിന്റെ ‘ആക്രമണ’ ലക്ഷ്യമായി. അക്ഷരങ്ങള്‍ക്ക് അങ്ങനെ കൈവന്ന ‘എരിവ്’ സര്‍ക്കുലേഷന്‍ വര്‍ദ്ധിക്കാനും നിമിത്തമായി. ജെ.ഡി.ടി ഇസ്‌ലാം അനാഥശാലയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഹസന്‍ ഹാജിയെ ക്രൂരമായി കടന്നാക്രമിച്ച മാധ്യമപരമ്പര സമുദായത്തിന്റെ കടുത്ത പ്രതിഷേധങ്ങള്‍ ക്ഷണിച്ചുവരുത്തിയിരുന്നു.

പത്രത്തിന്റെ രൂപീകരണ ആലോചനകളില്‍ നിര്‍ണായക സാന്നിദ്ധ്യമായിരുന്ന പ്രൊഫ. പി.കോയയെപോലുള്ളവരാണ് പില്‍ക്കാലത്ത് ‘തേജസ്’ എന്ന പേരില്‍ വേറെ ദിനപത്രം ആരംഭിച്ചത്. ജമാഅത്തിന്റെ തണലില്‍ പ്രവര്‍ത്തിച്ചിരുന്ന ‘സിമി’യുടെ ധിഷണയായിരുന്ന കോയ-ഇ.അബൂബക്കര്‍-ഇ.എം അബ്ദുര്‍റഹ്മാന്‍ അച്ചുതണ്ട് ജമാഅത്ത് സിമിയുമായി ബന്ധം വിച്ഛേദിച്ചതോടെ ജമാഅത്തെ ഇസ്‌ലാമിയില്‍ നിന്ന് അകലുകയായിരുന്നു. അവരാണ് പിന്നീട് പോപ്പുലര്‍ ഫ്രണ്ട് ആരംഭിച്ചതും ‘തേജസ്’ പുറത്തിറക്കിയതുമെല്ലാം. മാധ്യമം പത്രത്തിന്റെ തുടക്കം മുതല്‍ അതിന്റെ ജീവനാഡിയായി ഇരുന്ന ഒ.അബ്ദുല്ല പിന്നീട് പുറത്താക്കപ്പെട്ടു. ഒ.അബ്ദുര്‍റഹ്മാന്റെ സഹോദരനാണ് അബ്ദുല്ല.