Logo

 

കലപ്പകള്‍ക്ക് കരയാനറിയില്ല

15 January 2021 | Fiction

By

നടന്നു നടന്നു വരണ്ടു കീറിയ കാല്‍പാടങ്ങളില്‍
ജലംനിറയണം, കലപ്പകൾ വഴികീറണം
പ്രതീക്ഷയുടെ വിത്തുകളെറിയണം
കൊയ്ത്തുല്‍സവത്തിന്‍റെ പാട്ടുശീലുകള്‍
നീട്ടിനീട്ടിപ്പാടണം.
കതിരുതേടിയെത്തുന്ന തത്തക്കിളികളുടെ ചുണ്ടില്‍
നെന്മണികളുടെ രുചി പകരണം
പുന്നെല്ലരിയുടെ പുത്തരിയുണ്ണാന്‍
അമ്മയോടും അച്ചനോടുമൊപ്പം
ഇനിയും ചമ്രംപടിഞ്ഞിരിക്കണം!

തിമര്‍ത്തുപെയ്യുന്ന മഞ്ഞും
അസ്ഥിപൂളൂന്ന കുളിരും
ഇന്നലെ കരയാന്‍ തുടങ്ങിയ മാനവും
ഇന്ദ്രപ്രസ്ഥത്തിന്‍റെ ഭരണത്തൂണുകളില്‍
ഒരുവികാരവുമുണ്ടാക്കില്ലെന്നറിയാം!
കോര്‍പ്പറേറ്റുകളുടെ പര്യാമ്പറത്തെ
കഞ്ഞിക്കലത്തില്‍ വറ്റുപരതുന്ന
കാക്കയും കോഴിയും നായയുമൊക്കെ
സ്യൂട്ടണിഞ്ഞാണ് പകല്‍വെളിച്ചത്തില്‍
പ്രത്യക്ഷപ്പെടുന്നത്!

ചേറും ചെളിയും കറ്റയും കതിരുമൊക്കെ
മണ്ണിനോട് ചേര്‍ന്നിരിക്കുന്നവന്‍റെ മാത്രം മനസ്സാണ്
ആകാശം പോലെ പരപ്പുണ്ടതിന്
മലകള്‍ പോലെ ഉറപ്പുണ്ടതിന്
മഴമേഘം പോലെ കറുപ്പുണ്ടതിന്
കലപ്പകളുടെ പല്ലുകള്‍ പോലെ മൂര്‍ച്ചയുണ്ടതിന്!

നടന്നു നടന്നു വരണ്ടു കീറിയ കാല്‍പാടങ്ങളില്‍
നെല്ലും തിനയും ചോളവും ഗോതമ്പുമൊക്കെ
ഇനിയും തഴയ്ക്കും
പാടാനറിയാത്തവന്‍
ആ കതിരുകള്‍ നോക്കി പിറിപിറുക്കും
ഇനിയും പറന്നെത്താനിരിക്കുന്ന പക്ഷിക്കൂട്ടം
അവന്‍റെ നെറുകയില്‍ കാഷ്ഠിക്കും
കാറ്റു നിലയ്ക്കാത്ത കാലത്തോളം
കര്‍ഷകന്‍ ജയിക്കും!


Tags :


കബീര്‍ എം. പറളി