Logo

 

അരിഞ്ഞ നാവുകൾ വെറുതെയാകില്ല

10 October 2020 | Fiction

By

വീട് വൃത്തിയാക്കുമ്പോൾ
നിങ്ങൾക്കെങ്ങനെയാണ്?
ആരോ കുത്തിവരച്ചിട്ട നിങ്ങളുടെ ചുമർ
കലയായി കണ്ണിൽ തടയുമോ?
ആവശ്യമില്ലാത്തവയ്ക്കുനേരെ
വിരൽ ചൂണ്ടാൻ
അധൈര്യം തോന്നുമോ?
അടിച്ചു കൂട്ടിയതെല്ലാം വാരിപ്പെറുക്കുന്നത്
മറ്റൊരിടം കൊടുക്കാനാവുമോ?
കൂട്ടിയിട്ട് കത്തിക്കുമ്പോൾ
ഉള്ളിൽ തീയാളുമോ?
(“അതേ-തര” സവർണ ഹിന്ദുക്കൾ
അതുകൊണ്ട് ദയവായി മുറിയടച്ചിരിക്കുക)
നിങ്ങൾ,
ഒരു സോപ്, ഒരു ചൂല്, ഒരു ചാക്ക്,
ഒരു കത്തി, ഒരു തീപ്പെട്ടി,
നനച്ചു പിഴിഞ്ഞ ഒരു കഷ്ണം തുണി;
അള്ളിപ്പിടിച്ച കറകൾക്ക്
അടിഞ്ഞു കൂടിയ ചവറുകൾക്ക്
ഇവിടെ ഇത്രയും മതിയാകില്ല.

ചിലയിടങ്ങളെല്ലാം കൊട്ടിയടച്ച്
ശരിയാക്കേണ്ടി വരും.
അങ്ങനെയൊന്നിവിടെ
ഉണ്ടായിരുന്നേ ഇല്ലെന്നു തോന്നുംവരെ
ചിലതെല്ലാം അടിച്ചുടക്കേണ്ടിവരും.
നാം തിന്നാത്തതു വേവുന്നിടമെല്ലാം
ചവിട്ടിമെതിക്കേണ്ടിവരും, ചാണകം
മെഴുകേണ്ടിവരും.

കത്തിക്കാവുന്നതും, കത്തിച്ചുകൂടാത്തതും-
മാലിന്യങ്ങൾ തരംതിരിക്കണം.
നുഴഞ്ഞു കയറിവന്നവ
താടിയിൽ തൂക്കിയിട്ട്, തട്ടത്തിൽ കുടുക്കിയിട്ട്
വെയിലത്തുണക്കിക്കളിക്കാം.
അശുദ്ധദേഹങ്ങൾ
വിശുദ്ധ ബീജങ്ങൾ
തളിച്ചണുവിമുക്തമാക്കാം,
നട്ടെല്ലും വാരിയെല്ലും പിരിച്ചൊന്നാക്കി
കത്തിച്ചു വളമാക്കാം.
ഉണക്കും മുമ്പ്, തീ കൊടുക്കും മുമ്പ്
മറക്കാതെ നാവുകൾ ഊരിയെടുക്കണം.

ഇരുനൂറു മില്യൺ ശൗചാലയങ്ങൾക്കിവിടെ
പിടക്കുന്ന നാവുകൾ തുന്നിയ
വാതിലുവെക്കണം.
വാതിലടച്ചിരുന്ന് നാം
ദേശീയതയുടെ,
മതത്തിന്റെ,
ജാതിയുടെ
ഉന്മാദങ്ങൾ വിസർജിക്കുമ്പോൾ
ചത്ത സ്വപ്‌നങ്ങൾ
ചിലക്കുന്ന നാവുകൾ കേട്ട്
നമുക്കെന്നും ജയ് വിളിക്കാം,
“സ്വച്ഛ് ഭാരത്, സ്വസ്ഥ് ഭാരത്.”


Tags :


Dilruba K