സിയാംകണ്ടം (പുളിക്കൽ): മുസ്‌ലിം ലീഗ് നേതാവും മുജാഹിദ് പണ്ഡിതനും ആയിരുന്ന പുളിക്കൽ സ്വദേശി പി. പി. അബ്ദുൽ ഗഫൂർ മൗലവിയുടെ (1930-2010) ജീവിതവും സന്ദേശവും ചർച്ച ചെയ്യാൻ ചെറുകാവ് പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച അനുസ്‌മരണ സമ്മേളനം ശ്രദ്ധേയമായി.
ഇസ്‌ലാഹീ പ്രസ്ഥാനത്തെയും മുസ്‌ലിം ലീഗിനെയും ഒരുപോലെ പ്രധാനമായി കണ്ടിരുന്ന കെ. എം. മൗലവി, കെ. എം. സീതി സാഹിബ്, എൻ. വി. അബ്ദുസ്സലാം മൗലവി, കെ. സി. അബൂബക്‌ർ മൗലവി തുടങ്ങിയ ആദ്യകാല മുസ്‌ലിം നവോത്ഥാന നായകരുടെ പാതയാണ് അബ്ദുൽ ഗഫൂർ മൗലവി പിന്തുടർന്നത് എന്ന് അനുസ്മരണ പ്രഭാഷണം നിർവഹിച്ച മുസ്തഫാ തൻവീർ അഭിപ്രായപ്പെട്ടു. കേരളത്തിലെ സലഫീ പണ്ഡിത സംഘടനയായ കേരള ജംഇയതുൽ ഉലമാഇന്റെ (കെ. ജെ. യു.) സ്ഥാപക നേതാക്കളിൽ പ്രമുഖനായിരുന്നു ഗഫൂർ മൗലവിയുടെ പിതാവ് പി. പി. ഉണ്ണി മുഹ്‌യുദ്ദീൻ കുട്ടി മൗലവി. ജംഇയ്യതുൽ ഉലമാഇന്റെയും അത് സ്ഥാപിച്ച പുളിക്കൽ മദീനതുൽ ഉലൂം അറബിക് കോളജിന്റെയും ജീവനാഡിയായി നിലകൊണ്ട് ഗഫൂർ മൗലവി ആ പൈതൃകത്തെ അഭിമാനപൂർവ്വം ഉയർത്തിപ്പിടിച്ചു. കെ. ജെ. യു. വിന്റെ ചരിത്രം ആധികാരിക രേഖകൾ അവലംബമാക്കി വിശദീകരിക്കുന്ന ഗഫൂർ മൗലവിയുടെ പ്രൗഢമായ പ്രബന്ധങ്ങൾ അക്കാദമിക ഗവേഷകർക്ക് വിലപ്പെട്ട വിഭവങ്ങളാണ്. ഒരേ സമയം കേരളത്തിലെ സുന്നീ-മുജാഹിദ് തർക്കവിഷയങ്ങളിൽ മുജാഹിദ് പക്ഷത്തിന്റെയും, സുന്നികളും മുജാഹിദുകളും ഒരുമിച്ച് അണിനിരന്ന മുസ്‌ലിം ലീഗിന്റെയും പ്രഗൽഭമായ നാവായി നിലകൊണ്ട ഗഫൂർ മൗലവിയുടെ പ്രഭാഷക ജീവിതം പുതിയ കാല മതപ്രബോധകർക്ക് മാതൃകയാണ്-അദ്ദേഹം തുടർന്നു.
ജമാഅത്തെ ഇസ്‌ലാമിയോടുള്ള മുജാഹിദ് പ്രസ്ഥാനത്തിന്റെയും മുസ്‌ലിം ലീഗിന്റെയും സൈദ്ധാന്തിക വിയോജിപ്പുകൾ സ്പഷ്‌ടമായി അവതരിപ്പിച്ചിരുന്ന പണ്ഡിതന്മാരിൽ പ്രമുഖനായിരുന്നു അബ്ദുൽ ഗഫൂർ മൗലവി എന്നും മുസ്തഫാ തൻവീർ പറഞ്ഞു. നബിചരിത്രത്തിൽ അദ്ദേഹത്തിന് നല്ല പ്രാവീണ്യം ഉണ്ടായിരുന്നു. നാൽപതുകളുടെ ഒടുവിലും അൻപതുകളിലും സീതി സാഹിബ്, കെ. എം. മൗലവി, എം. സി. സി. അബ്ദുർറഹ്‌മാൻ മൗലവി, എൻ. വി. അബ്ദുസ്സലാം മൗലവി തുടങ്ങിയവരുടെ നേരിട്ടുള്ള ശിക്ഷണത്തിൽ വളരാൻ ലഭിച്ച അവസരമാണ് ഗഫൂർ മൗലവിയുടെ മത, രാഷ്ട്രീയ ചിന്തകളെ നിർണയിച്ചത്-തൻവീർ അഭിപ്രായപ്പെട്ടു.
ചന്ദ്രിക ഡയറക്റ്ററും മുൻ എം. എൽ. എ. യുമായ കെ. മുഹമ്മദുണ്ണി ഹാജി സമ്മേളനം ഉദ്‌ഘാടനം ചെയ്തു. ദീർഘകാലം പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന ഗഫൂർ മൗലവി ആണ് പുളിക്കൽ പ്രദേശത്തിന്റെ വികസനത്തിന് ചുക്കാൻ പിടിച്ചത്. മദീനതുൽ ഉലൂം അറബിക് കോളജിൽ നിന്ന് പ്രിൻസിപ്പാൾ ആയി റിട്ടയർ ചെയ്തതിനുശേഷം പുളിക്കലിൽ തന്നെയുള്ള അൽജാമിഅതുസ്സലഫിയ്യയിൽ അധ്യാപകനായി വൈജ്ഞാനിക ജീവിതം തുടർന്നു. മരിക്കുമ്പോൾ മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ആയിരുന്നു.