മൊയ്തീൻ കുട്ടി മൗലവി: വിട പറഞ്ഞത് പതിറ്റാണ്ടുകളുടെ കർമനൈരന്തര്യം
6 April 2020 | Obituary
ഇസ്‌ലാഹി പ്രസ്ഥാനത്തെ സംഘടനാപരമായി ശാഖാ തലങ്ങളിൽ സജീവമാക്കുന്നതിൽ പ്രധാന പങ്കുവഹിച്ച പണ്ഡിതനായിരുന്നു ഇന്നലെ മരണപ്പെട്ട പൊന്മള പി ടി മൊയ്തീൻകുട്ടി മൗലവി.എൺപതാം വയസ്സിൽ വിടപറയുമ്പോഴും കർമ്മ ധന്യമായിരുന്നു പി.ടി.യുടെ ജീവിതം. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ കൂടെ പൊന്നാനിയിലെ ദർസിൽ സഹപാഠിയായിരുന്നു. മുസ്‌ലിം ലീഗ് പ്രസ്ഥാനത്തിന്റെ സഹയാത്രികൻ കൂടിയായിരുന്നു.കഴിഞ്ഞ മാസം കെ.എൻ.എം. മലപ്പുറം മണ്ഡലം കമ്മിറ്റി കുന്നുമ്മലിലെ ആസാദി സ്ക്വയറിൽ സംഘടിപ്പിച്ച ഷാഹിൻ ബാഗ്പരിപാടിയായിരുന്നു മൗലവിയുടെ സംഘടന ജീവിതത്തിലെ അവസാന പരിപാടി.പൗരത്വ നിഷേധത്തിനെതിരെ പോരാടാൻ ആരോഗ്യപരമായ പ്രയാസങ്ങളെ തൃണവൽഗണിച്ചുകൊണ്ടാണ് അദ്ദേഹം പങ്കെടുത്തത്.ഈ കാലയളവിലും ട്യൂമർ ബാധിതനായി ചികിൽസയിലായിരുന്നു.
കെ.പി.മുഹമ്മദ് മൗലവി കെ. എൻ. എം. സംസ്ഥാന ജനറൽ സെക്രട്ടറി ആയിരിക്കെ 1960-90 കാലഘട്ടങ്ങളിൽ കെ.എൻ.എം.സംസ്ഥാന തലത്തിൽ ഓർഗനൈസർ എന്ന പദവി കൈകാര്യം ചെയ്തിരുന്നു.കെ.എൻ.എം.മദ്രസ മുഫത്തിഷ് ആയും ദീർഘകാലം സേവനമനുഷ്ഠിച്ചു.
മദ്രസ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിന് പി.ടി യുടെ പ്രവർത്തനം ഏറെ ശക്തി പകർന്നിരുന്നു. പുളിക്കൽ, ഫറോക്ക്, കുറ്റിപ്പുറം മുജാഹിദ് സംസ്ഥാന സമ്മേളനങ്ങളിൽ ചാലകശക്തിയായിരുന്നു. അവസാനം കൂരിയാട് നടന്ന മുജാഹിദ് സമ്മേളനത്തിലും തലമുറകളുടെ സംഗമത്തിൽ പങ്കെടുത്ത് സംസാരിക്കാൻ അദ്ദേഹത്തിന് സാധിച്ചു.സാധാരണ എല്ലാ സമ്മേളനങ്ങളിലും ബുക്ക്സ്റ്റാൾ ചുമതല അദ്ദേഹമായിരുന്നു കൈകാര്യം ചെയ്തിരുന്നത്. സ്നേഹസമ്പന്നമായ പെരുമാറ്റങ്ങളിലൂടെ സർവരുടെയും ആദരവ് പിടിച്ചുപറ്റാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു.
കുനിയിൽ അൻവാറുൽ ഇസ്‌ലാം അറബിക്കോളജ്, മേപ്പയൂർ സലഫിയ്യ അറബിക്കോളജ് എന്നിവിടങ്ങളിൽ പ്രിൻസിപ്പലായി സേവനമനുഷ്ഠിച്ചു. വർഷങ്ങൾക്ക് മുമ്പ് കുഴിപ്പുറത്ത് മുജാഹിദ് പള്ളി സ്ഥാപിതമായപ്പോൾ
പി.ടി.മൊയ്തീൻ കുട്ടി മൗലവിയെ കെ.പി.മുഹമ്മദ് മൗലവിയാണ് അവിടെ ഖത്വീബ് ആയി നിശ്ചയിച്ചത്. ദീർഘകാലം അവിടെ തന്നെയാണ് ഖുതുബ നിർവഹിച്ചതും.തുടർന്ന് രണ്ടത്താണി വാദീ മനാർ, കോഴിക്കോട് സിവിൽ സ്‌റ്റേഷൻ പള്ളി,
തുടങ്ങി നിരവധി മഹല്ലുകളിൽ ദീർഘകാലം ഖത്തീബായി സേവനം അനുഷ്ഠിച്ചു.
ലളിത ജീവിതം നയിച്ചാണ് മൗലവി മുന്നോട്ട് പോയത്. പൊന്മള അങ്ങാടിയിൽ മൗലവി ഉപജീവനാർഥം കട നടത്തിവന്നിരുന്നു. അദ്ദേഹം മുഫത്തിശും ഓർഗനൈസറും ആയിരുന്ന കാലത്ത് രാവിലെ മദ്രസയും
രാത്രി കെ.എൻ.എം ശാഖയും സന്ദർശിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ പതിവ്. നിരവധി ഇസ്ലാഹി സ്ഥാപനങ്ങളിൽ ജോലി ചെയ്ത അദ്ദേഹം നല്ലൊരു പ്രഭാഷകനും ,സംഘാടകനും ആയിരുന്നു. എ.പി.അബ്ദുൽ ഖാദർ മൗലവി, കെ.കെ.മുഹമ്മദ് സുല്ലമി തുടങ്ങിയവരുടെ കൂടെ മൗലവി ഒരു കാലത്ത് മലബാർ പ്രദേശങ്ങളിൽ പ്രഭാഷണ വേദികളിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്നു.
ശ്രുതിമധുരവും ഭക്തിസാന്ദ്രവുമായ രീതിയിൽ ആയിരുന്നു ക്വുർആൻ പാരായണംചെയ്തിരുന്നത്.അക്ഷരസ്ഫുടതയും തജ് വീദ് നിയമങ്ങളും പാലിച്ച് അറബികളുടെ മാതൃകയിൽ ക്വുർആൻ ഓതാൻ മലയാളിയായ അദ്ദേഹത്തിന് സാധിച്ചിരുന്നു. വിരളമായിരുന്നു.പൊന്മള തംരീനുത്തുല്ലാബ് മദ്റസ ,പൊന്മള വലിയ ജുമാമസ്ജിദ് പുനർനിർമ്മാണ കമ്മിറ്റി സെക്രട്ടറി തുടങ്ങി അനേകം പദവികൾ അലങ്കരിച്ചിട്ടുണ്ട്. മരണപ്പെടുമ്പോൾ മലപ്പുറം മണ്ഡലം കെ.എൻ.എം.പ്രസിഡന്റായായിരുന്നു. മലപ്പുറം കുന്നുമ്മൽ, കോട്ടപ്പടി സലഫി മസ്ജിദുകളുടെയും, പൊൻമള, കോട്ടക്കൽ എന്നി വിടങ്ങളിലും സലഫി മസ്ജിദുകൾ സ്ഥാപിക്കുന്നതിൽ വലിയ പങ്കുവഹിച്ചു. കരുവള്ളി മുഹമ്മദ് മൗലവി, ഇസ്ഹാഖ് മൗലവി എന്നിവരുമായി ദീർഘകാലത്തെ സുഹൃദ്‌ബന്ധമായിരുന്നു.
(ചില വിവരങ്ങൾക്കും വിവരണങ്ങൾക്കും ഷാനവാസ് പറവണ്ണയോട് കടപ്പാട്-ലേഖകൻ)