Review

‘ചെറിയമുണ്ടം ഓർമ്മപ്പുസ്തകം’ വായിക്കുമ്പോൾ

By Nasim Rahman

January 13, 2024

ചെറിയമുണ്ടം അബ്ദുൽ ഹമീദ് മദനിയെ രണ്ടുതവണ മാത്രം നേരിട്ട് കണ്ടയാളാണ് ഈ കുറിപ്പെഴുതുന്നത്. അതും അനാരോഗ്യം അദ്ദേഹത്തിന്റെ കർമ്മനിരതയോട് റെഡ് സിഗ്നൽ കാണിച്ച സമയത്ത്! അതേസമയം ‘ചെറിയമുണ്ടം’ എന്ന് കേൾക്കുമ്പോഴേക്കും ‘അബ്ദുൽ ഹമീദ് മദനി എന്ന് ‘സ്പൊണ്ടേനിയസാ’യി പറഞ്ഞു പോകും വിധം സ്കൂൾ പ്രായത്തിൽ തന്നെ എന്റെ മനസ്സിൽ അദ്ദേഹം ബ്രാൻഡ് ചെയ്യപ്പെട്ടിരുന്നു. ആ മഹാമനീഷിയുടെ പ്രതിഭാചാതുരിയോട് എന്റെ ഉപ്പക്കുള്ള ഭ്രമമാണ് അതിന് നിമിത്തമായത്. സമാന്തരങ്ങളില്ലാത്ത ജ്ഞാന വിസ്മയമാണ് ഉപ്പയുടെ മനസിലദ്ദേഹം. ചെറിയമുണ്ടത്തിന്റെ രചനകളും അദ്ദേഹത്തിന്റെ കരസ്പർശമേറ്റ ആനുകാലികങ്ങളും വാങ്ങിയും വായിച്ചും വീണ്ടും വായിച്ചും അടിവരയിട്ടും സൂക്ഷിച്ചു വെച്ചും ഉപ്പ നിർവൃതിയടയുന്നത് അക്ഷരങ്ങൾ കൂട്ടിവായിക്കാൻ തുടങ്ങിയ കാലം മുതൽ എന്റെ നിത്യകാഴ്ചയാണ്.

ഇസ്‌ലാമിക പ്രബോധന രംഗത്തും ഇസ്വ്‌ലാഹീ പ്രവർത്തന മേഖലയിലും ചെറിയമുണ്ടത്തെയും അദ്ദേഹത്തിന്റെ താവഴിയിലുള്ളവരെയും റോൾമോഡലാക്കാൻ ഉപ്പ എന്നോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഹമീദ് മൗലവിയുടെ യഥാതഥമായ പ്രമാണബോധം, അറിവിനോടുള്ള അടങ്ങാത്ത ദാഹം, അപഗ്രഥനങ്ങളുടെ ആഴം, ലളിതവും മൗലികവുമായ രചന ശൈലി, ശരീഅത്ത് വിവാദ കാലത്തെ ഇടപെടലുകൾ, ഇസ്‌ലാമിസ്റ്റ് ആശയങ്ങളുടെ മുനയൊടിക്കൽ, മുജാഹിദ് പ്രസ്ഥാനത്തിനകത്തുണ്ടായ പിളർപ്പുകളിലെ മനോവ്യഥ, പണ്ഡിതഹാവഭാവങ്ങളോട് വിമുഖതയുള്ള പെരുമാറ്റം എന്നിവയെല്ലാം വ്യക്തമാക്കുന്ന ‘ചെറിയമുണ്ടം ഓർമ്മകൾ’ ഞങ്ങളുടെ തീൻമേശ വർത്തമാനങ്ങൾക്കിടയിലെ സ്ഥിരം സാന്നിധ്യമാണ്. ഉപ്പയുടെ ഈ ഗൃഹാതുര സ്മരണയിൽ ഒട്ടും അതിശയോക്തി കലർന്നിട്ടില്ലെന്നാണ്‘ചെറിയമുണ്ടം ചെയർ ഫോർ സ്റ്റഡീസ് & റിസർച്ച് ‘ പ്രസിദ്ധീകരിച്ച ‘ചെറിയമുണ്ടം അബ്ദുൽ ഹമീദ് ഓർമ്മപ്പുസ്തക’ത്തിന്റെ അവസാന താളും വായിച്ച് തീർന്നപ്പോൾ ബോധ്യമായത്.

ഹമീദ് മൗലവിയുടെ സമകാലികരും സഹൃദയരും അനുവാചകരുമടങ്ങുന്ന മുപ്പതോളം പേരുടെ ഓർമ്മകൾ കോർത്തുവെച്ചതാണീ പുസ്തകം. ടി. പി. അബ്ദുല്ലക്കോയ മദനി, എം. മുഹമ്മദ് മദനി, സി. പി. ഉമർ സുല്ലമി, കുഞ്ഞിമുഹമ്മദ് മദനി, ഡോ. ഹുസൈൻ മടവൂർ, എം. എം. അക്ബർ, മുസ്തഫാ തൻവീർ, മൗലവിയുടെ കുടുംബാംഗങ്ങൾ എന്നിവർ അവരിൽ ചിലരാണ്. മദനിയുടെ വിജ്ഞാന ദാഹത്തെ പരാമർശിക്കാതെ തങ്ങളുടെ ‘ചെറിയമുണ്ടം ഓർമ്മകൾ’ക്ക് വിരാമമിടാൻ ഇവർക്കാർക്കും സാധിച്ചിട്ടില്ല. ഇസ്‌ലാമിക വിഷയങ്ങൾ സമഗ്രമായി പഠിച്ചു എന്നതാണ് ചെറിയമുണ്ടം അബ്ദുൽ ഹമീദ് മദനിയെ വ്യതിരിക്തനാക്കിയത്. അതുകൊണ്ടുതന്നെ ഏതാണ്ടെല്ലാ ഇസ്‌ലാമിക വിജ്ഞാന ശാഖകളെയും പരിചയപ്പെടുത്തുന്ന മൗലികമായ എഴുത്തുകൾ അദ്ദേഹത്തിൽ നിന്നുണ്ടായിട്ടുണ്ട്. മതപരമായ ഇൽമിനോടൊപ്പം ശാസ്ത്രം, സാഹിത്യം എന്നിവയെല്ലാം അദ്ദേഹത്തിന്റെ വായനാ പർവ്വത്തിൽ ഇടം പിടിച്ചിട്ടുണ്ടായിരുന്നു. കഴിച്ചുകൊണ്ടിരുന്ന മരുന്നുകളെ പോലും നിഷ്കൃഷ്ടമായി വിലയിരുത്താൻ പ്രേരിപ്പിച്ച അദ്ദേഹത്തിന്റെ നൈസർഗിക പ്രജ്ഞ എത്ര തീവ്രമായിരുന്നുവെന്ന് ഈ ഗ്രന്ഥത്തിലെ ഓരോ ഓർമ്മക്കുറിപ്പും വരച്ചു കാണിക്കുന്നുണ്ട്.

ഏതെങ്കിലും കുറച്ച് പുസ്തകങ്ങൾ വായിക്കുമ്പോഴേക്ക് ‘ബുദ്ധിജീവി’ പട്ടം സ്വയം എടുത്തണിഞ്ഞതിന്റെ ഉന്മാദത്തിൽ തലതിരിഞ്ഞുപോകുന്ന ‘ഇസ്‌ലാമിക ലിബറലുകൾ’ക്കും, ‘ഇസ്‌ലാമിക ചിന്തകർക്കും’ അപവാദമാണ് ചെറിയമുണ്ടം അബ്ദുൽ ഹമീദ് മദനി. വായനയും, പഠനവും തപസ്സായി സ്വീകരിച്ചിട്ടും ഭൗതിക ദർശനങ്ങളോടോ, ആധുനികതാ വാദങ്ങളോടോ, ഇസ്‌ലാമിലെ തന്നെ ഏതെങ്കിലും അവാന്തര വിഭാഗങ്ങളോടോ തെല്ലും മമത പുലർത്താൻ അദ്ദേഹത്തിനായില്ല. എന്നല്ല, കണിശമായ വിപ്രതിപത്തിയാണ് അവയോടെല്ലാം പുലർത്തിയത്. ഇമാം ഗസ്സാലിയുടെ ചിന്തകൾ പോലും അദ്ദേഹത്തെ ആകർഷിച്ചില്ല എന്ന് ഈ പുസ്തകത്തിലെ ഓർമ്മക്കുറിപ്പുകളിലൊന്നിൽ പരാമർശിക്കുന്നുണ്ട്. പ്രപഞ്ച സ്രഷ്ടാവിൽ നിന്നുള്ള ദൈവിക വെളിപാടുകളാണ് ഇസ്‌ലാമിനെ മൗലികവും യുഗപരിവർത്തനങ്ങളെ അജയ്യമായി അതിജീവിക്കുന്നതുമായ ദർശനമാക്കുന്നതെന്ന ഉറച്ച ബോധ്യമാണ് ഓരോ കാലത്തെ ട്രെന്റുകൾക്കനുസരിച്ച് ഇസ്‌ലാമിനെ പുനർവ്യാഖ്യാനിച്ചും, ‘പാരമ്പര്യ – ജനകീയ’ എന്നൊക്കെ അപദാനങ്ങളുള്ള സൂഫി ധാരകളെ പ്രണയിച്ചും ‘ബുദ്ധിജീവിതം’ നയിക്കുന്നവരിൽ നിന്ന് ചെറിയമുണ്ടം വ്യത്യസ്തനായത്.

പതിറ്റാണ്ടുകൾ നീണ്ട ധൈഷണിക യാത്രയ്ക്കിടയിൽ വിശുദ്ധ ക്വുർആനിനോളം അത്ഭുതപ്പെടുത്തിയ മറ്റൊരു ഗ്രന്ഥവും മദനിക്ക് കാണാനായിട്ടില്ലെന്ന് ക്വുർആനുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ രചനകൾ വായിക്കുന്നവർക്ക് ബോധ്യപ്പെടും. ഓർമ്മപ്പുസ്തകത്തിന്റെ അവസാന പെയ്ജിൽ ഹമീദ് മൗലവിയുടെ പ്രധാന പുസ്തകങ്ങളുടെ പേരുകൾ നൽകിയിട്ടുണ്ട്. അതിൽ ആറെണ്ണവും വിശുദ്ധ ക്വുർആനുമായി ബന്ധപ്പെട്ടവയാണ്. കിടയറ്റ ഈ ഗ്രന്ഥങ്ങളിലൂടെയും, നൂറുകണക്കിന് ലേഖനങ്ങളിലൂടെയും വിശുദ്ധ ക്വുർആനിന്റെ അനന്യതയും, ആധികാരികതയും മലയാളികളെ അദ്ദേഹം ബോധ്യപ്പെടുത്തി. ചെറിയമുണ്ടത്തിന്റെ ലേഖനങ്ങൾ ഇംഗ്ലീഷിലോ അറബിയിലോ ആയിരുന്നെങ്കിൽ അത് അന്താരാഷ്ട്ര തലത്തിൽ റഫർ ചെയ്യപ്പെടുമായിരുന്നു എന്ന് പലരും ഓർമ്മപ്പുസ്തകത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. മലയാളികൾക്കിടയിൽ ഏറെ വായിക്കപ്പെടുന്ന വിശുദ്ധ ക്വുർആനിന്റെ സുന്ദരമായ മലയാള പരിഭാഷയും അദ്ദേഹത്തിന്റെ തൂലിക പ്രസവിച്ചതാണല്ലോ. പ്രസ്തുത പരിഭാഷയുടെ അണിയറ പ്രവർത്തനങ്ങളെപ്പറ്റി സഹപരിഭാഷകനായിരുന്ന കുഞ്ഞിമുഹമ്മദ് മദനി പറപ്പൂരും, സഹപ്രവർത്തകനായിരുന്നു ടി. അബ്ദുൽ ഖാദർ സുല്ലമിയും വികാരവായ്പ്പോടെ ഈ ഗ്രന്ഥത്തിൽ ഓർത്തെടുക്കുന്നുണ്ട്.

തൊള്ളായിരത്തി എഴുപതുകളുടെ അവസാനം മുതൽ ഒന്നര പതിറ്റാണ്ടോളം കാലം മലയാളികൾക്ക് ഇസ്‌ലാമിനെ കേൾക്കാൻ ചെറിയമുണ്ടത്തിലൂടെ അവസരമുണ്ടായിട്ടുണ്ട്. ഭൗതിക പ്രത്യയശാസ്ത്രങ്ങളുടെ വ്യർത്ഥത ബോധ്യപ്പെടുത്തിയും ഇസ്‌ലാമിനെ ഉന്നംവെച്ചുള്ള അവയുടെ കത്തിയേറുകളെ പ്രതിരോധിച്ചും കേരളത്തിന്റെ തെരുവുകളിൽ ചെറിയമുണ്ടം നടത്തിയ ധൈഷണിക തേരോട്ടങ്ങളും ഈ ഗ്രന്ഥത്തിൽ പലരും പരാമർശിക്കുന്നുണ്ട്.

കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ തിളക്കമുള്ള അധ്യായമാണ് കൊട്ടപ്പുറം വാദപ്രതിവാദം.പ്രസ്തുത വാദപ്രതിവാദത്തിന്റെ ക്ലൈമാക്സ് സംഭവിക്കുന്നത് ചെറിയമുണ്ടം അബ്ദുൽ ഹമീദ് മദനിയുടെ ചോദ്യങ്ങളിലൂടെയാണ്. കൊട്ടപ്പുറം സംവാദത്തിന്റെ ആവേശകരമായ ഓർമ്മകൾ ഈ പുസ്തകത്തിൽ തിരതല്ലുന്നുണ്ട്.

ഒരു കാലത്ത് ഇസ്വ്‌ലാഹീ യുവതയുടെ ശക്തമായ ജിഹ്വയായിരുന്നു ശബാബ്. ആ ശബാബിനെ ഇസ്‌ലാമിക ആനുകാലികങ്ങൾക്കിടയിൽ തലയെടുപ്പോടെ അക്കാലത്ത് നിർത്തിയത് ചെറിയമുണ്ടത്തിന്റെ എഡിറ്റോറിയലുകളും കനപ്പെട്ട എഴുത്തുകളുമായിരുന്നു. വിശിഷ്യാ ‘മുസ്‌ലിം’ എന്ന തൂലികാനാമത്തിൽ അദ്ദേഹം കൈകാര്യം ചെയ്തിരുന്ന ‘മുഖാമുഖം’ പംക്തി. രാഷ്ട്രത്തിന്റെ അഭാവത്തിൽ ഇസ്‌ലാം അപൂർണ്ണമാണ് എന്ന സയ്യിദ് അബുൽ അഅ്ലാ മൗദൂദി സാഹിബിന്റെ വാദത്തിന്റെ നിരർത്ഥകത മലയാളി മുസ്‌ലിംകളെ ബോധ്യപ്പെടുത്തുന്നതിൽ ശബാബിലെ മുസ്‌ലിമിന്റെ മുഖാമുഖം വഹിച്ച പങ്ക് അനിഷേധ്യമാണ്. ശബാബും, മുഖാമുഖവും, ജമാഅത്ത് വിമർശനങ്ങളുമെല്ലാം ഓർമ്മപ്പുസ്തകത്തിലെ പ്രധാന അടരുകളാണ്.

കേരളീയ പൊതുമണ്ഡലത്തിൽ ജാജ്ജ്വല്യമാനമായി നിൽക്കാൻ പ്രാപ്തിയുണ്ടായിരുന്ന ഇസ്വ്‌ലാഹീ പ്രസ്ഥാനത്തിനകത്ത് ഇടക്കാലത്തുണ്ടായ ഒന്നിലധികം ഭിന്നതകളും തദനുബന്ധമായ ചേരിതിരിവും ഹമീദ് മദനിക്കേല്പ്പിച്ച ക്ഷീണം വളരെ വലുതായിരുന്നു. ലോക മുസ്‌ലിം ചലനങ്ങളെയും, ഇന്ത്യൻ – കേരള അവസ്ഥകളെയും നിരന്തരമായി നിരീക്ഷിച്ച അദ്ദേഹത്തിന് പ്രസ്ഥാനത്തിൽ ഉണ്ടായ പിളർപ്പുകൾ കാരണം കടുത്ത മനോവ്യഥയുണ്ടാവുക സ്വാഭാവികവുമാണ്. പിളർപ്പുകാലത്തെ ഹമീദ് മൗലവിയുടെ സങ്കടങ്ങളും, ഐക്യ ശ്രമങ്ങളും, ഐക്യ സന്ദർഭത്തിലെ ആഹ്ലാദവുമെല്ലാം ഈ പുസ്തകത്തിന്റെ പ്രധാന ഉള്ളടക്കമാണ്.

അറിവിന്റെ നിറകുടമായി മാറിയപ്പോഴും അഹങ്കാരത്തിന്റെ തരിമ്പുപോലും അദ്ദേഹത്തിലാരും കണ്ടില്ല. വിനയത്തിന്റെ ഉടൽരൂപമായി മൗലവി ചുറ്റുമുള്ളവരോട് നിലകൊണ്ടു. ചെറിയമുണ്ടം എന്ന വലിയ മനുഷ്യന്റെ ഭക്തിസാന്ദ്രമായ ജീവിത നിഷ്ഠയുടെ അനേകം അനുഭവങ്ങൾ ഈ പുസ്തകത്തിൽ കാണാം.

ചെറിയമുണ്ടത്തിന്റെ അഭാവം മുസ്‌ലിം കൈരളിയെ,വിശിഷ്യാ മുജാഹിദ് പുതുതലമുറയെ എങ്ങനെയാണ് ബാധിക്കുക എന്ന ആശങ്ക പുസ്തകം പരോക്ഷമായി ചോദിക്കുന്നുണ്ട്. ഇസ്‌ലാമിക വിഷയങ്ങളിൽ അവഗാഹമുള്ളവർ പുതിയ കാലത്തിന്റെ ആവശ്യമാണ്. അത്തരം ആവശ്യങ്ങൾ നിറവേറ്റാൻ, ചെറിയമുണ്ടം അബ്ദുൽ ഹമീദ് എന്ന യുഗപ്രഭാവൻ ചെയ്യാൻ ശ്രമിച്ച ദൗത്യങ്ങളുടെ തുടർച്ചാനിർവഹണത്തിന് തന്നെയായിരിക്കും ഈ പുസ്തകത്തിന്റെ അണിയറ പ്രവർത്തകർ കാതോർക്കുന്നത്. കാലം തേടുന്ന ധിഷണാ ശാലികളെ രൂപപ്പെടുത്താൻ ചെറിയമുണ്ടം ചെയർ ഫോർ സ്റ്റഡീസ് & റിസർച്ച് ചെയ്തുകൊണ്ടിരിക്കുന്ന ഉദ്യമങ്ങൾക്ക്, ഭാവുകങ്ങൾ, പ്രാർത്ഥനകൾ!