അഭിമുഖം/ഡോ. സീമ. എം. പി
ജെ. എൻ. യുവിലെ സെന്റർ ഫോർ റഷ്യൻ ആൻഡ് സെന്റ്രൽ ആഫ്രിക്കൻ സ്റ്റഡീസിൽ നിന്ന് 2016ൽ ഡോ. അർച്ചന ഉപാധ്യായക്കുകീഴിൽ ‘Religious Revivalism in Russia: Internal and External Dimensions’ എന്ന വിഷയത്തിൽ പി. എച്ച്. ഡി പൂർത്തിയാക്കിയ ഡോ. സീമ മില്ലി റിപ്പോർട്ടിനോട് സംസാരിക്കുന്നു.
?ഒക്റ്റോബർ വിപ്ലവത്തിനുമുമ്പുള്ള റഷ്യൻ മതജീവിതത്തെ സാമാന്യമായി വിവരിക്കാമോ?
– പൗരസ്ത്യ ക്രൈസ്തവതയുടെ ഏറ്റവും വലിയ കേന്ദ്രങ്ങളിൽ ഒന്നായിരുന്നു ലെനിന്റെ നേതൃത്വത്തിൽ വിപ്ലവം നടക്കുന്നതിനുമുമ്പ് റഷ്യ. ഈസ്റ്റേൺ ഓർത്തഡോക്സ് ചർച്ചിന് റഷ്യയിലുണ്ടായിരുന്ന പ്രഭാവം അത്രയും വലുതായിരുന്നു. സാറിസ്റ്റ് റഷ്യ ഈ മതധാരയുടെ സ്വാധീനം കൊണ്ടാണ് അടയാളപ്പെടുത്തപ്പെട്ടിരുന്നത്. ജനസംഖ്യയിൽ ഇവരെക്കഴിഞ്ഞാൽ പിന്നെ ഭൂരിപക്ഷം ഉണ്ടായിരുന്നത് മുസ്‌ലിംകൾക്കാണ്. ഇസ്‌ലാമിനെപ്പോലെത്തന്നെ തങ്ങളുടെ വംശീയ സ്വത്വവും പ്രകടവും പ്രധാനവുമായിരുന്നതിനാൽ സാമൂഹികശാസ്ത്രപരമായി ഏറെ അപഗ്രഥനങ്ങൾക്ക് വിധേയമായവരാണ് റഷ്യൻ മുസ്‌ലിംകൾ. കോക്കേഷ്യൻ, മധ്യേഷ്യൻ സാഹചര്യങ്ങൾ കൊണ്ട് സവിശേഷമായിരുന്നു റഷ്യയിലെ ഇസ്‌ലാമിക സമൂഹം. ക്രിസ്തുമതമാണെങ്കിലും ഇസ്‌ലാം ആണെങ്കിലും വളരെ സജീവവും പ്രബലവും ആയിരുന്നു വിപ്ലവത്തിനുമുമ്പുള്ള റഷ്യയിൽ. ലെനിൻ പൂർവ റഷ്യ വളരെയധികം മതകീയമായിരുന്നുവെന്ന് ചുരുക്കം.
? വിപ്ലവത്തിനുശേഷം എന്ത് സംഭവിച്ചു?
-മാർക്സിസ്റ്റുകൾ അധികാരത്തിൽ വന്നതോടെ മതം ശക്തമായി നിയന്ത്രിക്കപ്പെട്ടു. ‘മതത്തെപ്പറ്റി’ എന്ന പേരിൽ സമാഹരിക്കപ്പെട്ട ലെനിന്റെ ലേഖനങ്ങൾ വായിച്ചാൽ തന്നെ റഷ്യൻ വിപ്ലവത്തിന്റെ ഇവിഷയകമായ സമീപനം മനസ്സിലാകും. അധികാരമുപയോഗിച്ച് സായുധമായി അടിച്ചേൽപിക്കാൻ ശ്രമിച്ച നിരീശ്വരവാദം (militant atheism) ആയിരുന്നു ലെനിന്റെ കാലം മുതൽ തന്നെ സോവിയറ്റ് കൊമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റേത്. 1920-21 കാലമായപ്പോഴേക്കുതന്നെ മതസ്വാതന്ത്ര്യത്തിനുള്ള കൂച്ചുവിലങ്ങുകൾ ശക്തമായി. ജോസഫ് സ്റ്റാലിൻ പരമോന്നത അധികാരത്തിൽ വന്നതോടെ അതൊരു ബലം പ്രയോഗിച്ചുള്ള തുടച്ചുനീക്കൽ പ്രക്രിയ (cleansing) തന്നെയായി രൂപാന്തരപ്പെട്ടു. ചർച്ചുകളും മുസ്‌ലിം പള്ളികളും തകർത്തു. മോസ്കോയിലെ പ്രസിദ്ധമായിരുന്ന The Cathedral The Christ The Saviour പൊളിച്ച് അത് നിന്നിരുന്ന സ്ഥലം തരിശുനിലമാക്കി. വളരെയധികം ദൃശ്യതയുള്ളതായിരുന്നു അടിച്ചമർത്തൽ. മതപരമായ പുസ്തകങ്ങൾ, സംഘം ചേരലുകൾ എല്ലാം നിരോധിച്ചു. മതവിദ്യാഭ്യാസം നിലച്ചു, അതിനുവേണ്ടിയുള്ള സ്ഥാപനങ്ങളെ സർക്കാർ ഇല്ലാതാക്കി.
? പ്രത്യയശാസ്ത്രപരമായ മതവിരോധം എല്ലായ്പോഴും ഒരേ അളവിൽ നിർബാധം നടപ്പിലാക്കുകയാണോ സോവിയറ്റ് യൂണിയൻ ചെയ്തത്? അതോ വിവിധ ഘടകങ്ങൾക്കനുസരിച്ച് അതിന്റെ തീവ്രതയിൽ വ്യതിയാനങ്ങൾ വന്നിരുന്നോ?
– ചുറ്റുപാടുകൾ ഗവൺമന്റ് നയങ്ങളെ സ്വാഭാവികമായും സ്വാധീനിച്ചു. ഉദാഹരണത്തിന്, ലോകമഹാ യുദ്ധത്തിന്റെ സന്ദർഭത്തിൽ സ്റ്റാലിന് ചർച്ചിന്റെ പിന്തുണ ആവശ്യമുണ്ടായിരുന്നു. അപ്പോൾ ക്രിസ്ത്യൻ നേതാക്കളെ സമീപിച്ചുകൊണ്ട് അനുരജ്ഞനങ്ങൾക്ക് ശ്രമിക്കുന്ന സ്ഥിതിയുണ്ടായി. എന്നാൽ യുദ്ധത്തിനുശേഷം അടിച്ചമർത്തൽ പൂർവസ്ഥിതി പ്രാപിച്ചു. ഗോർബച്ചേവിനു കീഴിൽ എൺപതുകളിൽ മതവിശ്വാസികൾ ചെറിയ ആശ്വാസം അനുഭവിച്ചു. എന്നാൽ അപ്പോഴും പരസ്യമായ മതജീവിതം ഒന്നും ദൃശ്യമായിരുന്നില്ല.
? യൂണിയന്റെ തകർച്ച എന്തെല്ലാം മാറ്റങ്ങൾ ആണ് ഈ വിഷയത്തിൽ ഉണ്ടാക്കിയത്?
– കൊമ്മ്യൂണിസത്തിന് അറുതി വരുത്തി സംഭവിച്ച സോവിയറ്റ് യൂണിയന്റെ തകർച്ചക്കുശേഷം നിലവിൽ വന്ന പുതിയ റഷ്യൻ ഭരണഘടന കൊമ്മ്യൂണിസത്തിന്റെ മത/മതസ്വാതന്ത്ര്യ വിരുദ്ധതയിൽ നിന്ന് ബോധപൂർവം തന്നെ പുറത്തുകടക്കാൻ ശ്രമിച്ചു. ഏഴു പതിറ്റാണ്ടു നീണ്ടുനിന്ന രണോത്സുക ഭൗതികവാദത്തിന്റെ ശാഠ്യങ്ങളോട് വിട പറഞ്ഞ പുതിയ ഭരണഘടന 150 വാക്കുകൾ മതസ്വാതന്ത്ര്യം ഉറപ്പുവരുത്താനായി ഉപയോഗിച്ചു. ജനങ്ങൾക്ക് മതം അനുഷ്ഠിക്കാനും പഠിക്കാനും പ്രചരിപ്പിക്കാനുമുള്ള അവകാശം പുനസ്ഥാപിക്കപ്പെട്ടു.
? എന്നിട്ടെന്തുണ്ടായി? മതം റഷ്യൻ പൊതുജീവിതത്തിൽ നടത്തിയ തിരിച്ചുവരവിന്റെ സ്വഭാവം എന്തായിരുന്നു?
– മതപരമായ സ്വത്വങ്ങളുടെ ദീർഘകാല ശൂന്യതക്കൊടുവിൽ സ്വാതന്ത്ര്യം വന്നപ്പോൾ ഒരു പുനരുജ്ജീവനത്തിന് ആവശ്യമായ സങ്കേതങ്ങൾ പലതും റഷ്യയിലെ മതവിശ്വാസികളുടെ കയ്യിൽ ഉണ്ടായിരുന്നില്ല. അടിസ്ഥാനാവശ്യമായ മതഗ്രന്ഥങ്ങൾ തന്നെ കൊമ്മ്യൂണിസ്റ്റ് ഭരണഫലമായി ഉപലബ്ധമല്ലാതായിക്കഴിഞ്ഞിരുന്നു. സ്വഭാവികമായും ആത്മീയമായ മാർഗദർശനങ്ങളും നേതൃത്വവും എല്ലാം പുറമേനിന്ന് വരേണ്ട സ്ഥിതിയുണ്ടായി. അങ്ങനെയുള്ള വിദേശ സംഘങ്ങൾ വൻ തോതിൽ റഷ്യൻ മതാന്തരീക്ഷത്തിൽ സ്വീകരിക്കപ്പെട്ടു. യൂറോപ്പിൽ നിന്നാണ് ക്രൈസ്തവ നവജാഗരണത്തിന്റെ കാറ്റടിച്ചത്. പാസ്റ്റർമാരും മിഷനറിമാരും ധാരാളമായി കടന്നുവന്നു. സുഊദി അറേബ്യയുടെ പിന്തുണയോടെ വന്ന അറബ് ഇസ്‌ലാമിക പ്രബോധകർ വ്യാപകമായി ക്വുർആനും ഇസ്‌ലാമിക വിശ്വാസങ്ങൾ വിവരിക്കുന്ന പുസ്തകങ്ങളും വിതരണം ചെയ്തു. ‘വിദേശ ഇസ്‌ലാമിന്റെ ഇറക്കുമതി’, ‘വഹ്ഹാബിസത്തിന്റെ വളർച്ച’ എന്നൊക്കെ ചിലർ വിശേഷിപ്പിച്ചത് ഇതിനെയാണ്.
? എന്താണ് റഷ്യയിൽ ഇസ്‌ലാമിന്റെ ഇപ്പോഴത്തെ അവസ്ഥ?
– സോവിയറ്റാനന്തരം വന്ന ഭരണകൂടങ്ങൾ പരമ്പരാഗത റഷ്യൻ ക്രൈസ്തവതയെയാണ് പ്രധാനമായും പ്രൊമോട്ട് ചെയ്തത്. ഈസ്റ്റേൺ ഓർത്തഡോക്സ് ചർച്ചിന്റെ പുനരുത്ഥാനമാണ് പുതിയ ഭരണകൂടനയങ്ങൾ മുഖ്യമായി ഉറപ്പു വരുത്തിയത്. അതിനെ റഷ്യൻ ദേശീയതയുടെ തന്നെ അവിഭാജ്യ ഘടകം പോലെയാണ് അവർ പരിഗണിക്കുന്നത്. പുതുതായുണ്ടായ മതസ്വാതന്ത്ര്യം ഇസ്‌ലാമിനെയും സഹായിച്ചുവെന്നത് ശരിയാണെങ്കിലും ചർച്ചിന് കിട്ടിയ പിന്തുണ ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് മുസ്‌ലിംകൾക്ക് കിട്ടിയിട്ടില്ല. 2015 ഏപ്രിൽ മുതൽ ജൂൺ വരെ ആണ് ഞാൻ എന്റെ ഗവേഷണത്തിന്റെ ഭാഗമായി റഷ്യ സന്ദർശിക്കുന്നത്. അന്ന് പോലും മോസ്കോ മഹാനഗരത്തിൽ 5 മുസ്‌ലിം പള്ളികൾ മാത്രമേ നിലവിലുള്ളൂ. ഒരു ഗ്രാൻഡ് മോസ്കിന്റെ നിർമ്മാണം നടക്കുന്നുണ്ടായിരുന്നു. സാഹചര്യം അയഞ്ഞുവെങ്കിലും ജനാധിപത്യവാദികൾക്കു കീഴിലും ഇസ്‌ലാമിക ചലനങ്ങൾ ഒരു ഘർഷണം നേരിടുന്നുണ്ടെന്നാണ് ഞാൻ മനസ്സിലാക്കുന്നത്.
? എല്ലാ മതങ്ങളോടും ഒരേ സമീപനമല്ല റഷ്യൻ ഭരണകൂടം പുലർത്തുന്നത് എന്നാണോ?
– വളരെയധികം ഔപചാരികമായിട്ടല്ലെങ്കിലും പ്രായോഗികമായി കുറേയൊക്കെ അങ്ങനെയാണ്. റഷ്യൻ ദേശീയ അസ്തിത്വം ഓർത്തഡോക്സ് ചർച്ചിന്റെ പാരമ്പര്യവുമായി കെട്ടുപിണഞ്ഞുകിടക്കുന്ന ഒന്നായാണ് പ്രൊജെക്റ്റ് ചെയ്യപ്പെടുന്നത്. രാജ്യത്തിന്റെ അഭിമാനമായി പ്രസ്തുത പൈതൃകം ലോകത്തിനുമുന്നിൽ അവതരിപ്പിക്കപ്പെടുന്നു. ഇതര ക്രൈസ്തവ ഗ്രൂപ്പുകളെപ്പോലും കാര്യമായി റഷ്യ ഉൾകൊള്ളുന്നില്ല. 1997ൽ നിലവിൽ വന്ന FEDERAL LAW ON THE FREEDOM OF CONSCIENCE AND RELIGIOUS ASSOCIATIONS ന്റെ പ്രിയാംബിളിൽ തന്നെ മതങ്ങളെ റ്റ്രഡീഷനലും നോൺ-റ്റ്രഡീഷനലും ആയി വേർതിരിക്കുന്നുണ്ട്. ക്രൈസ്തവതയും ഇസ്‌ലാമും ജൂതമതവും ബുദ്ധമതവും ആണ് റ്റ്രഡീഷണൽ ആയി നിർവചിക്കപ്പെട്ടിരിക്കുന്നത്; റഷ്യയിൽ നേരത്തെ തന്നെ ഉള്ളവ എന്ന അർത്ഥത്തിൽ. വിവിധ നാടുകളിലേക്ക് പലായനം ചെയ്തിരുന്ന റഷ്യൻ ജൂതന്മാർ യൂണിയന്റെ തകർച്ചക്കുശേഷം ഗവൺമന്റ് പ്രോത്സാഹനത്തിന്റെ കൂടി അടിസ്ഥാനത്തിൽ തിരിച്ചു നാട്ടിലേക്ക് വന്ന് ധാരാളം ഭൂമി വാങ്ങിക്കൂട്ടിയിട്ടുണ്ട്. ബുദ്ധമതത്തിന്റെ യൂറോപ്പിലെ തന്നെ ഏറ്റവും വലിയ കേന്ദ്രങ്ങളിൽ ഒന്നാണ് ഇപ്പോൾ റഷ്യ. പക്ഷേ ഓർത്തഡോക്സ് ചർച്ചിനുള്ള പരിഗണന മറ്റു റ്റ്രഡീഷണൽ മതങ്ങൾക്കില്ല. നോൺ-റ്റ്രഡീഷണൽ എന്ന് നിർവചിക്കപ്പെട്ടിരിക്കുന്ന പുതിയ/വിദേശ മതപ്രസ്ഥാനങ്ങൾക്ക് അത്രയും ഇല്ല. യഹോവാ സാക്ഷികൾക്കും ബാപ്റ്റിസ്റ്റുകൾക്കും റോമൻ കത്തോലിക്കർക്കും എല്ലാം നിയന്ത്രണങ്ങൾ ഉണ്ട്. അന്തരാഷ്ട്ര സമ്മർദങ്ങൾ കാരണം നയനിലപാടുകൾ അങ്ങോട്ടും ഇങ്ങോട്ടും എല്ലാം മാറാറുണ്ട്. ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കണ്ട്രീസ് (OIC)ക്കുമുന്നിൽ റഷ്യ പലപ്പോഴും അവിടുത്തെ വൻ മുസ്‌ലിം ജനസംഖ്യയെ അഭിമാനപൂർവം ഉയർത്തിക്കാണിക്കാറുണ്ട്.
? ചെച്നിയൻ പ്രശ്നത്തെക്കുറിച്ച്?
-വംശീയമായ/പ്രാദേശികമായ അടിത്തറകളാണ് ആ സംഘർഷത്തിനുള്ളത്. അതിനെ പക്ഷേ ഇസ്‌ലാമിക ഭീകരതയായാണ് പലരും അവതരിപ്പിക്കുന്നത്. ഭീകരതയെക്കുറിച്ചുള്ള സംസാരം മതസ്വാതന്ത്ര്യം തടയാനുള്ള ഒരു വഴിയായി ഇപ്പോൾ ഉപയോഗിക്കപ്പെടുന്നുണ്ട്. 2002ലെ തീവ്രവാദ വിരുദ്ധ നിയമം (extremist activity law) ഇതിന് വലിയൊരു മറയായി മാറുന്നു. പ്രദേശങ്ങളെയും ഗ്രന്ഥങ്ങളെയുമെല്ലാം ഗവൺമന്റ് ഈ നിയമത്തിന്റെ ഭാഗമായി കരിമ്പട്ടികയിൽ പെടുത്തുന്നുണ്ട്.
? റഷ്യൻ യാത്ര നൽകിയ അനുഭവങ്ങൾ, ഇൻഡ്യക്കാരി എന്ന നിലയിൽ?
– നമ്മെ സുഹൃത്തുക്കളായാണ് റഷ്യ കാണുന്നത്. രണ്ടു രാജ്യങ്ങളും തമ്മിൽ നല്ല സൗഹൃദമാണല്ലോ നിലനിൽക്കുന്നത്. അതിന്റെ ഊഷ്മളത യാത്രയിലുടനീളം അനുഭവിക്കാൻ കഴിഞ്ഞു. നല്ല ജനങ്ങൾ ആണ്. ഒരു സ്ത്രീ എന്ന നിലയിലും ഞാൻ ആദരിക്കപ്പെടുകയാണ് ചെയ്തത്, എല്ലായിടത്തും.
(വയനാട്ടിലെ കോറോമിൽ പ്രവർത്തിക്കുന്ന ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇസ്‌ലാമിക് സയൻസസിൽ സോഷ്യൽ സ്റ്റഡീസ് ഡിപ്പാർറ്റ്‌മന്റ് ഹെഡ് ആണ് ഡോ. സീമ)