Logo

 

ഡോ. കെ. ഷൗകത്ത് അലിയെ ഓര്‍ക്കുമ്പോള്‍

17 September 2024 | Memoir

By

(കഴിഞ്ഞ ആഴ്ചയിൽ നിര്യാതനായ,
ശാസ്ത്രസാങ്കേതിക വിദഗ്ധനും ഇസ്‌ലാമിക ബുദ്ധിജീവിയുമായിരുന്ന ഡോ. കെ. ഷൗക്കത്തലി (അരീക്കോട്) യെക്കുറിച്ചുള്ള ഓർമ്മകൾ)

‘ഹംഫർ എന്ന ബ്രിട്ടീഷ് ചാരൻ’ – യു പി സ്കൂളിൽ പഠിക്കുന്ന കാലത്ത്, തറവാട്ടിലെ സ്വീകരണ മുറിയിൽ സോഫയിൽ കിടക്കുന്നത് കണ്ട ചെറിയൊരു പുസ്തകത്തിന്റെ തലക്കെട്ട്. എടുത്തുനോക്കി; ഗ്രന്ഥകാരൻ ഡോ. കെ. ഷൗകത്ത് അലി അരീക്കോട്, പ്രസാധനം യുവത ബുക്ക് ഹൗസ്. ഒറ്റയിരുപ്പിന് വായിച്ചുതീർന്നു. തലക്കെട്ട് വായിച്ചിട്ട് വിഷയമെന്താണെന്ന ധാരണയൊന്നും ലഭിച്ചിരുന്നില്ല. ചിലർ ഭാവനയിൽ മെനഞ്ഞ ഹംഫർ എന്ന കഥാപാത്രത്തെയും കഥയെയും സംബന്ധിച്ച് എനിക്കന്ന് കേട്ടുകേൾവി പോലും ഉണ്ടായിരുന്നില്ല എന്നതുതന്നെ കാരണം. പക്ഷേ, ഒഴുക്കുള്ള, ചടുലമായ ശൈലിയിൽ, ആ വ്യാജ കഥയെ ആ കുഞ്ഞുപുസ്തകം ആഞ്ഞുപ്രഹരിച്ചത് എന്നെപ്പോലുള്ള തുടക്കക്കാർക്കും വിഷയത്തിൽ നല്ല വ്യക്തത ലഭിക്കും വിധമായിരുന്നു. അന്നത്തെ പ്രായം വെച്ച്, എഴുത്തുകാരൻ എന്റെ നാട്ടുകാരനാണെന്ന വിവരം വായനയ്ക്ക് ആവേശം വർധിപ്പിക്കുകയും ചെയ്തിരുന്നുവെന്ന് തോന്നുന്നു.

ആ പുസ്തകം പിന്നെ ഞാൻ മറന്നതേയില്ല. ഡോ. കെ. ഷൗകത്ത് അലി ആരാണെന്ന് എനിക്കന്ന് അറിയുമായിരുന്നില്ല. അദ്ദേഹം ദീർഘകാലം ജിദ്ദയിലായിരുന്നതിനാലാകാം, നാട്ടിൽ വെച്ച് അങ്ങനെയൊരാളെ ഞാൻ അതുവരെ പരിചയപ്പെട്ടിട്ടുണ്ടായിരുന്നില്ല. (‘അതുവരെ’ എന്നൊന്നും പറയാൻ ഉള്ള പ്രായം യഥാർത്ഥത്തിൽ അന്നെനിക്കില്ല). ആളെ ഉപ്പാനോട് ചോദിച്ചു മനസ്സിലാക്കാൻ ശ്രമിച്ചത് ഓർക്കുന്നു. താഴത്തങ്ങാടിക്കാരനാണെന്നും മറ്റും ഉപ്പ പറഞ്ഞുതന്നു. നേരിൽ കണ്ടില്ലെങ്കിലും അദ്ദേഹത്തെ മനസ്സിലേറ്റാൻ എനിക്ക് ആ പുസ്തകം മതിയായിരുന്നു. കുറേ കാലം എനിക്ക് അദ്ദേഹമെന്നാൽ ആ പുസ്തകം മാത്രമായിരുന്നു, അദ്ദേഹത്തിന്റെ പേര് എവിടെയെങ്കിലും പരാമർശിക്കപ്പെട്ടാൽ ആ പുസ്തകത്തിന്റെ പുറം ചട്ടയും അതിലെ ചില വാചകശൈലികളും ഉടനടി മനസ്സിൽ തെളിയുമായിരുന്നു.


ഇന്ന് തിരിഞ്ഞുനിന്ന് ആലോചിക്കുമ്പോൾ എനിക്ക് മനസ്സിലാകുന്നുണ്ട്; ശൈഖ് മുഹമ്മദ്‌ ഇബ്നു അബ്ദിൽ വഹ്ഹാബും സുഊദി അറേബ്യയും തുർക്കിയുമെല്ലാം കെട്ടുപിണഞ്ഞുകിടക്കുന്ന ആധുനിക മുസ്‌ലിം ചരിത്രത്തിൽ, അതിൽ നിന്ന് പൂർണമായി വേർപെടുത്തി പഠിക്കാൻ കഴിയാത്ത ആഗോള മുസ്‌ലിം നവോത്ഥാന ചിന്തകളിൽ, എല്ലാം എനിക്ക് താത്പര്യം ജനിക്കാൻ നിമിത്തമായിത്തീർന്ന ഒരു സംഭവം, നിശ്ചയമായും ആ പുസ്തകവുമായുള്ള മുഖാമുഖമായിരുന്നു എന്ന്. അതുമാത്രമല്ല, സാമാന്യം നല്ല ഇംഗ്ലീഷ് വായന ഡോക്ടർക്കുണ്ടായിരുന്നു എന്നത് ആ പുസ്തകത്തിലെ ആനുഷംഗികമായ പല പരാമർശങ്ങളും, അതും നല്ല വഴക്കത്തോടു കൂടിയുള്ളത്, വ്യക്തമാക്കുന്നുണ്ടായിരുന്നു. ലോക സാഹിത്യ ക്ലാസിക്കുകളും ചരിത്ര-സാമൂഹിക ശാസ്ത്ര രചനകളുമൊക്കെ വായിച്ചുശീലമുള്ള, ശാസ്ത്ര-സാങ്കേതിക വിദ്യാഭ്യാസത്തിൽ പി എച്ച് ഡി യോളം പോയ, ഒരു വിദേശ സർവകലാശാലയിൽ ജോലി ചെയ്യുന്ന, എന്നാൽ ഇതുപോലൊരു വിഷയം കൈകാര്യം ചെയ്യുന്ന, ഒരു ബുദ്ധിജീവി – അന്നത്തെ എം എസ് എമ്മുകാരനെ ത്രസിപ്പിക്കുവാൻ പോന്ന ഒരുപാട് അടരുകൾ ആ വ്യക്തിത്വത്തിന്റെ ബൗദ്ധിക വിന്യാസത്തിലുണ്ടായിരുന്നു.

തൃശൂർ എം എസ് എം സമ്മേളന സോവനീറിൽ ആണെന്നു തോന്നുന്നു, മുസ്‌ലിം നാടുകളിൽ ഭീകര പ്രസ്ഥാനങ്ങൾ ഉദയം ചെയ്തതിനെ പശ്ചാതലമാക്കി അദ്ദേഹം എഴുതിയ ഒരു പഠനവും ആയിടെ വായിക്കാൻ ഇടയായിരുന്നു. ഭീകരവാദം ആശയപരമായി ഇസ്‌ലാം വിരുദ്ധമാണെന്നു പറയുന്നതിനോടൊപ്പം, ആ പ്രതിഭാസത്തിന്റെ ഘടനാപരമായ സ്വഭാവങ്ങളും ആവിർഭാവ രസതന്ത്രവുമൊക്കെ പാശ്ചാത്യൻ പഠനങ്ങൾ ഉദ്ധരിച്ചുകൊണ്ട് ചർച്ച ചെയ്യാൻ ശ്രമിച്ച നല്ലൊരു പ്രബന്ധമായിരുന്നു അത്. ആ വിഷയത്തിൽ അക്കാലത്ത് അത്രയും പരപ്പിൽ അധികമാരും എഴുതിയത് ശ്രദ്ധയിൽ പെട്ടിട്ടില്ല.

ഒൻപതിലോ പത്തിലോ പഠിക്കുമ്പോഴാണ് ഡോക്ടർ പെയ്ജുകളിൽ നിന്നിറങ്ങി വന്ന് ശരീരത്തോടെ ആദ്യമായി എന്റെ മുന്നിൽ നിന്നത്. പെരിന്തൽമണ്ണ സലഫീ മസ്ജിദിൽ വെച്ചുനടന്ന ഒരു നിച്ച് ഓഫ് ട്രൂത്ത് പഠനക്യാമ്പിലെ ഒരു സെഷനിൽ, ലീഡർഷിപ്പ് സ്കില്ലുകളും മറ്റും ചർച്ച ചെയ്തുകൊണ്ടുള്ള ഒരു പവർ പോയിന്റ് പ്രസന്റേഷൻ നടത്തി അദ്ദേഹം. ‘ഹംഫറിന്റെ ഘാതകനെ’ നിർവൃതിയോടെ കണ്ട് ഞാൻ സദസ്സിലിരുന്നു. പക്ഷേ പരിചയപ്പെടാൻ ശ്രമിച്ചതായൊന്നും ഓർക്കുന്നില്ല. എന്തുകൊണ്ടായിരുന്നുവെന്ന് അറിയില്ല. അന്നത്തെ, പരമാവധി ഉൾവലിയുന്ന സ്വഭാവമായിരിക്കണം കാരണം.

ഡോ. കെ. ഷൗക്കത്ത് അലിയുമായി നേരിൽ സൗഹൃദമുണ്ടായത് പിന്നെയും കുറേ കഴിഞ്ഞാണ്. അദ്ദേഹം നാട്ടിൽ സ്ഥിരമായ ശേഷം. ഒരിക്കൽ മേത്തലങ്ങാടി പള്ളിയിൽ ഫജ്ർ നമസ്കാര ശേഷം അദ്ദേഹവുമായി സംസാരിച്ചിരിക്കുമ്പോൾ, ഫിസിക്സിലെ ഡിഗ്രിക്കു ശേഷം ഹിസ്റ്ററിയിൽ പി ജി ചെയ്ത, പലരും നെറ്റി ചുളിച്ച എന്റെ ‘വിചിത്ര നടത്തത്തെ’ കുറിച്ച് അദ്ദേഹം ഏതാണ്ടിങ്ങനെ പറഞ്ഞു: “എന്തുമാത്രം ആവേശകരമാണ് നിന്റെ തെരഞ്ഞെടുപ്പുകൾ! ഫിസിക്സും ഹിസ്റ്ററിയുമാണ് ഏറ്റവും interesting ആയ രണ്ടു വിജ്ഞാന ശാഖകൾ; അവയെ സംയോജിപ്പിക്കാൻ കഴിയുക എത്ര രസമുള്ള കാര്യമാണ്!” അദ്ദേഹത്തിന് അതൊക്കെ മനസ്സിലാകുമായിരുന്നു. നാട്ടിലും സംഘടനയിലുമൊക്കെ അദ്ദേഹം ചവിട്ടിയൊരുക്കപ്പെട്ടിട്ടില്ലാത്ത പുതുപാതകളെക്കുറിച്ച് ചിന്തിക്കാനുള്ള ഭാവനാസമ്പന്നത കൊണ്ട് വ്യത്യസ്തനായിരുന്നു.

അരീക്കോട്ടങ്ങാടിയിൽ അദ്ദേഹവും ചില സുഹൃത്തുക്കളും ചേർന്ന് സംഘടിപ്പിച്ചൊരു സെമിനാറിൽ മോഡറേറ്റർ അദ്ദേഹവും ഉപസംഹാരം ഞാനുമായിരുന്നു. ഇസ്‌ലാമിനെ ഭീകരതയുമായി ചേർത്തുകെട്ടുന്ന സാമ്രാജ്യത്വ വ്യവഹാരങ്ങൾ ഹിന്ദുത്വ ഫാഷിസത്തിന്റെ തണലിൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ ആധിപത്യമുറപ്പിച്ചു തുടങ്ങിയ മോദിക്കാലത്തിന്റെ വളരെ തുടക്കത്തിലെപ്പോഴോ, അത്തരം വിഷയങ്ങൾ ചർച്ച ചെയ്തുകൊണ്ടുള്ളതായിരുന്നു ആ പരിപാടി എന്നാണ് ഓർമ്മ. പിന്നീടൊരിക്കൽ, വയനാട്ടിലെ കോറോത്ത് പ്രവർത്തിച്ചിരുന്ന ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇസ്‌ലാമിക് സയൻസസിന്റെ ഒരു വാർഷിക സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കാൻ ഞാൻ അദ്ദേഹത്തെ ക്ഷണിച്ചു. ശാരീരികമായി പ്രയാസങ്ങൾ ഉണ്ടായിരുന്നു എന്ന് തോന്നുന്നു. എന്നിട്ടും അദ്ദേഹം വന്നു, പ്രസംഗിച്ചു, സ്നേഹവും സന്തോഷവും പങ്കുവെച്ചു.

ഡോ. കെ. ഷൗകത്ത് അലിയുടെ രചനാ ക്രയ ശേഷി വേണ്ട്രത്ര ടാപ്പ് ചെയ്യപ്പെട്ടില്ല എന്നാണ് എന്റെ തോന്നൽ. ബൗദ്ധിക-വൈജ്ഞാനിക പ്രതിഭകളുടെ ദാരിദ്ര്യം ഒരു പ്രശ്നമാകുന്ന കാലത്ത് നമ്മുടെ ഇത്തരം അശ്രദ്ധകൾ കൂടുതൽ ഗൗരവതരമായിത്തീരുന്നു. താഴത്തങ്ങാടി പള്ളിയിൽ ജനാസ നമസ്കരിക്കാൻ നിൽക്കുമ്പോൾ, ആ ഖബറിലേക്ക് മൂന്നു പിടി മണ്ണു വാരിയിട്ട് ഓർമ്മകളെ പ്രാർഥനകൾ കൊണ്ടാശ്വസിപ്പിച്ച് തിരിഞ്ഞുനടക്കുമ്പോൾ, ഞാൻ ഇതൊക്കെ ആലോചിക്കുകയായിരുന്നു. അപ്പോഴും ആ കുഞ്ഞുപുസ്തകം എന്റെ മനസ്സിൽ മുറ്റി നിൽക്കുന്നുണ്ടായിരുന്നു.

ആദരവോടെ നോക്കിനിന്ന, മാതൃകയും പ്രചോദനവുമായ, ജീവിതങ്ങളോരോന്നായി പോയ്‌ മറയുകയാണ്. അനുനിമിഷം നമ്മളും അവരുടെ ലോകത്തിലേക്കടുത്തുകൊണ്ടിരിക്കുന്നുവെന്ന് ആലോചിക്കുവാൻ സമയം കിട്ടിയാൽ അത്രയും നല്ലത്. അല്ലാഹ്, നിന്റെ വിട്ടുവീഴ്ചയിൽ, കാരുണ്യത്തിൽ, ഞങ്ങളെയെല്ലാം ഒരുമിച്ചുകൂട്ടണേ, ആമീൻ.


Tags :


mm

Musthafa Thanveer