കേരളത്തിലെ ഒരു ഇസ്ലാമിക പ്രബോധകൻ റമദാനിൽ തൻ്റെ യൂറ്റ്യൂബ് ചാനലിലൂടെ നടത്തിക്കൊണ്ടിരിക്കുന്ന ‘അജയ്യമാണ് ക്വുർആൻ’ എന്ന തലക്കെട്ടിലുള്ള വീഡിയോ പരമ്പരയ്ക്ക് മറുപടിയെന്നോണം യുക്തിവാദി പ്രഭാഷകൻ ഇ എ ജബ്ബാർ നടത്തിയ പ്രസംഗം അദ്ദേഹത്തിൻ്റെ ഫേസ്ബുക് പേജിൽ നിന്ന് കഴിഞ്ഞ ദിവസം കേൾക്കാനിടയായി. ഇസ്ലാം കേവലം ഫോബിയ (മിഥ്യാ ഭയം)അല്ലെന്നും, മറിച്ച് ഫിയറും ഡേഞ്ചറും(പേടിയും ആപത്തും) ആണെന്നും സമർത്ഥിക്കുവാനാണ് പതിനഞ്ച് മിനുട്ട് ദൈർഘ്യമുള്ള തൻ്റെ പ്രസംഗത്തിലൂടെ ‘ അദ്ദേഹം പരിശ്രമിക്കുന്നത്. ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് ഉപോൽബലകമായ ഒരു തെളിവ് പോലും കൊണ്ടുവരാത്ത വെറും ‘സൈബർ സ്വതന്ത്ര ജീവി’കളുടെ നിലവാരമേ ആ സംസാരത്തിനുള്ളൂവെന്ന് പ്രസ്തുത വീഡിയോ ഒരാവൃത്തി കണ്ടവർക്കെല്ലാം ബോധ്യമാവുന്ന കാര്യമാണ്. അല്ലെങ്കിലും ഇസ്ലാമിൻ്റെ ‘സാമ്പത്തിക കൊഴുപ്പിനെ’ തടയിടാൻ പെട്രോളിയത്തിന് പകരമായി ബദൽ സംവിധാനങ്ങൾ ഗവേഷണം ചെയ്തെടുക്കണമെന്ന് തൻ്റെ ബെസ്റ്റ് സെല്ലറായ പുസ്തകത്തിൽ നിർലജ്ജം എഴുതിവെച്ച സാം ഹാരിസുമാരുടെ(1) കേരള പതിപ്പുകളിൽ നിന്ന് മാറച്ചൊരു നിലപാട് പ്രതീക്ഷിക്കുവാൻ വകുപ്പില്ലല്ലോ! കേരളത്തിൽ സി രവിചന്ദ്രൻ്റെ നേതൃത്വത്തിലുള്ള നവനാസ്തിക തരംഗത്തോട് മാർക്ക്സിസ്റ്റ് വിയോജിപ്പുകൾ പ്രകടിപ്പിച്ച ഇ എ ജബ്ബാറിനെപ്പോലെയുള്ള ഒരാളുടെ പ്രസംഗം രവിചന്ദ്രൻ്റെ ഇസ്ലാമോഫോബിക് ആശയങ്ങളോട് താദാത്മ്യം പ്രാപിക്കുന്നത് കാണുമ്പോൾ നിങ്ങൾ തമ്മിലുള്ള വിയോജിപ്പുകളൊക്കെ കേവലം പടലപ്പിണക്കങ്ങളായിട്ടാണ് തോന്നുന്നത്.
ഇസ്ലാമാണ് ലോകത്തെ ഏറ്റവും തിന്മ നിറഞ്ഞ മതമെന്ന (Most evil relegion) റിച്ചാർഡ് ഡോക്കിൻസിൻ്റെ വാദത്തെ മലയാളത്തിൽ ‘എക്സാജറേറ്റ്’ ചെയ്യുന്നതിനിടയിൽ ഈ പ്രഭാഷകൻ പ്രവാചകൻ(സ)യുമായി ബന്ധപ്പെട്ട മൂന്ന് കാര്യങ്ങൾ പരാമർശിക്കുന്നുണ്ട്. താൻ വെറുപ്പിൻ്റെ ആശയമായി അവതരിപ്പിക്കാൻ ശ്രമിക്കുന്ന മതദർശനം പ്രബുദ്ധ മലയാളികൾ തിരസ്കരിക്കണമെങ്കിൽ ‘തെളിവുകൾ’ കൂടിയേ തീരൂ എന്ന ബോധ്യമായിരിക്കാം പ്രസ്തുത പരാമർശങ്ങൾക്ക് നിദാനം. അവയാകട്ടെ തീർത്തും അസത്യവും വാസ്തവ വിരുദ്ധവും. മുഹമ്മദ് നബി(സ)ക്ക് മക്കയിലെ തൻ്റെ പ്രബോധന പ്രവർത്തനങ്ങളിൽ ഒരു പീഡനവും ഏൽക്കേണ്ടി വന്നിട്ടില്ല, പ്രവാചകൻ്റെ മദീനയിലേക്കുള്ള ഹിജ്റക്ക് കാരണം തൻ്റെ കയ്യിലിരിപ്പും കൊള്ളരുതായ്മകളും സാമ്രാജ്യ സ്ഥാപനമെന്ന ലക്ഷ്യവുമാണെന്നും, ഇസ്ലാമിക ചരിത്രത്തിലെ ആദ്യ യുദ്ധം (ബദ്ർ) മുഹമ്മദ് മുസ്ലിംകളുടെ പ്രതിരോധത്തിന് വേണ്ടിയായിരുന്നില്ല മറിച്ച് മക്കയിലെ തൻ്റെ എതിരാളികളുടെ ഉന്മൂലനം മാത്രം ലക്ഷ്യം വെച്ചായിരുന്നു എന്നുമാണ് തൻ്റെ വാദങ്ങൾക്ക് പിൻബലമേകാൻ ഇദ്ദേഹം മസ്റ്റർ തട്ടിവിട്ടിരിക്കുന്നത്.
പ്രവാചകനുമായി ബന്ധപ്പെട്ട ആദ്യത്തെ പരാമർശം എത്രത്തോളം വസ്തുതാ വിരുദ്ധമാണ് എന്നാണ് ഈ ലേഖനത്തിലൂടെ സമർത്ഥിക്കുന്നത്.രണ്ടാമത്തെയും മൂന്നാമത്തെയും പരാമർശങ്ങൾ അൽപം വിശദീകരിക്കേണ്ടത് കൊണ്ട് അടുത്ത ലേഖനങ്ങളിൽ ഉൾപ്പെടുത്താമെന്നാണ് ഉദ്ദേശിക്കുന്നത് ( ഇൻശാ അല്ലാഹ്).
പതിമൂന്ന് വർഷക്കാലത്തെ മക്കയിലെ പ്രബോധന പ്രവർത്തനങ്ങൾക്കിടയിൽ മക്കക്കാരിൽ നിന്ന് ഒരു പോറലുമേൽക്കേണ്ടി വന്നിട്ടില്ലായെന്നാണ് അദ്ദേഹം പറയുന്നത്. അതിന് അപവാദമായി ആകെയുള്ളത് ഒട്ടകത്തിൻ്റെ കുടൽമാല കഴുത്തിലറിയപ്പെട്ട സംഭവം മാത്രമാണത്രെ!അതും മുഹമ്മദിൻ്റെ ഉപദ്രവങ്ങൾ മക്കക്കാർക്ക് സഹിക്കാതെ വന്നപ്പോഴുണ്ടായ ചെറിയൊരു പ്രതിഷേധം മാത്രം. നവനാസ്തികരുടെ ഇസ്ലാം വെറുപ്പിൻ്റെ തീക്ഷണത എത്രത്തോളമുണ്ടെന്ന് ഈ പ്രസ്താവന വിളിച്ചോതുന്നുണ്ട്. കാരണം മക്കയിൽ മുഹമ്മദ്(സ)എതിർത്തത് ബഹുദൈവ വിശ്വാസവും മുഹമ്മദി(സ)യെ എതിർത്തത് ബഹുദൈരാധകരുമായിരുന്നു. അല്ലാതെ നാസ്തികരായിരുന്നില്ല. നാസ്തികരുടെ നിലപാട് പ്രകാരം മക്കയിലെ പ്രവാചക ശത്രുക്കളെക്കാൾ അവർക്ക് താരതമ്യേന വിയോജിപ്പിൻ്റെ കാഠിന്യം കുറയേണ്ടത് മുഹമ്മദ് (സ) യോടാണ്. കാരണം അദ്ദേഹം ക്ഷണിച്ചത് മുപ്പത്തിമുക്കോടി ദൈവങ്ങളിൽ നിന്ന് ഒരൊറ്റ ദൈവത്തിലേക്കാണ്. എന്നാൽ നാസ്തികർക്ക് ഇഷ്ടം അന്ധവിശ്വാസങ്ങളുടെ ഖനനമേഖലയായിയിരുന്ന മക്കയിലെ ബഹുദൈവ വിശ്വാസികളോടാണ് എന്ന് മാത്രമല്ല അവരെ സാധാരണക്കാരും സമാധാനത്തിൻ്റെ വാഹകരാക്കുക കൂടി ചെയ്യുന്നു! ഒരു നാട്ടിലെ നിലനിൽക്കുന്ന ആചാര അനുഷ്ഠാനങ്ങളെ വിമർശിച്ചപ്പോഴുണ്ടായ ആ നാട്ടുകാരുടെ സ്വാഭാവിക പ്രതികരണമായിട്ടാണ് ഒട്ടകത്തിൻ്റെ കുടൽമാല കഴുത്തിൽ ചാർത്തപ്പെട്ട സംഭവത്തെ ജബ്ബാർ മാസ്റ്റ ർ ‘ന്യായീകരിക്കുന്നത്’. ‘പുരോഗമനത്തിനും സ്വാതന്ത്ര്യത്തിനും’ വേണ്ടി(അമ്മയെയും പെങ്ങളെയും വരെ ഭോഗിക്കുന്ന തരത്തിലുള്ള പുരോഗമനവും സ്വാതന്ത്ര്യവും) നൂറ്റാണ്ടുകളായി മുസ്ലിംകൾ സ്വന്തം ജീവനെക്കാളേറെ സ്നേഹിക്കുന്ന അവരുടെ പ്രവാചകനെ വൃത്തികെട്ട രൂപത്തിൽ ഇകഴ്ത്തുന്ന ഒരു ‘സ്വതന്ത്ര ബുദ്ധിജീവി’യാണ് ഇത് പറയുന്നത് എന്നോർക്കണം.
നബി ജീവിതം മനസിലാക്കാൻ നബി ജീവിതത്തെ കുറിച്ചുള്ള പുസ്തകം തന്നെയാണോ ഈ പ്രഭാഷകൻ വായിച്ചതെന്നതിൽ സന്ദേഹമുണ്ട്.കാരണം മക്കാ ജീവിതത്തിൽ മുഹമ്മദ് നബി (സ) അനുഭവിച്ച തീർത്ത സംഘർഷങ്ങളും പീഡനാനുഭവത്തിൻ്റെ മുൾമുടിക്കെട്ടുകളും പരിഹാസത്തിൻ്റെ തീക്കാവടികളും ഒറ്റപ്പെടലിൻ്റെ ദുർഘടത്തുരുത്തുകളും വായിക്കാതെ നബിചരിത്ര പുസ്തകങ്ങളുടെ താളുകൾ മറിക്കാൻ കഴിയില്ല. ഏതൊരു മനുഷ്യനും ഉലഞ്ഞു പോകുംവിധമുള്ള എന്തെല്ലാം സങ്കടപർവങ്ങളാണ് ഒരു ഹൃസ്വകാലയളവിനുള്ളിൽ ആ ജീവിതം മക്കയിൽ അനുഭവിച്ചത്.ഒട്ടകത്തിൻ്റെ കുടൽമാല കഴുത്തിൽ ചാർത്തപ്പെട്ട സംഭവത്തിലേക്ക് മാത്രം അത് പരിമിതപ്പെടുത്തുക അസാധ്യമാണ്. ‘ഒരേയൊരു ദൈവം ഒരൊറ്റ ജനത’ എന്ന ആദർശം ഉദ്ഘോഷിച്ചതിൻ്റെ പേരിൽ പ്രവാചകനും അദ്ദേഹത്തിൻ്റെ കുടുംബത്തിനും അവിടുത്തെ അനുചരർക്കും ആദർശം സ്വീകരിക്കാത്ത ചില സഹചരർക്കുപോലും ഏൽക്കേണ്ടി വന്ന പീഡനങ്ങളും പ്രകോപനങ്ങളും സാമൂഹിക ഭ്രഷ്ടുമെല്ലാം ചരിത്രത്തിൽ തുല്യതയില്ലാത്തതാണ്.
“ഹേ മുഹമ്മദ്, നിനക്കു നാശം”. താൻ നിർവഹിക്കാൻ പോകുന്ന ദൗത്യത്തെ കുറിച്ച് മക്കയിലെ സ്വഫാ കുന്നിൽ വെച്ച് നാട്ടുപ്രമാണിമാരോട് വിശദീകരിച്ച സമയത്ത് ഏറ്റവും അടുത്ത കുടുംബ ബന്ധുവായിരുന്ന അബൂലഹബിൻ്റെ പ്രതികരണമാണിത്(3). മുഹമ്മദ്(സ)ക്ക് തണലും തണുപ്പുമാവേണ്ട അബൂലഹബ് പക്ഷേ തൻ്റെ എതിർപ്പിൻ്റെ കൂരമ്പുകളുമായി വർഷങ്ങളോളം പ്രവാചകനെ വേട്ടയാടുകയാണ് ചെയ്തത്. തിരുദൂതർ നടക്കുന്ന വഴിയിൽ കുതിരച്ചാണകങ്ങളും മാലിന്യങ്ങങ്ങളും അബൂലഹബ് കൊണ്ടു പോയി ഇടുമായിരുന്നു. കേട്ടാൽ അറയ്ക്കുന്ന ഭാഷയിൽ പ്രവാചകനെ തെറിപറയുകയും കല്ലെടുത്തെറിയുകയും ചെയ്തു (4). ഒരിക്കൽ ഹറമിൽ വെച്ച് നമസ്കരിക്കുന്ന സമയത്ത് ഖുറൈശി പ്രമുഖൻ ഉഖ്ബത് ബിൻ മുഐത് വിരിപ്പുകൊണ്ട് റസൂൽ(സ)യുടെ കഴുത്ത് ഞെരിച്ചു. ഞെരുക്കലിൻ്റെ ശക്തി കാരണം പ്രവാചകൻ്റെ ഇരു തോളിലേയും രോമം ഉരിഞ്ഞു പോയി (5).
ദൂ മജാസ് ചന്തയിൽ വെച്ച് പ്രവാചകൻ പ്രസംഗിച്ചുകൊണ്ടിരിക്കെ അബൂജഹൽ പിറകിലൂടെ വന്ന് മണ്ണെടുത്ത് അദ്ദേഹത്തിനെതിരെ എറിഞ്ഞുകൊണ്ട് അവിടെ കൂടിയവരോട് ഇപ്രകാരം അട്ടഹസിച്ചു: “അവൻ്റെ വഞ്ചനയിൽ പെടരുത്.ലാത്തയെയും ഉസ്സയെയും ആരാധിക്കുന്നത് ഉപേക്ഷിക്കണമെന്നാണ് അവൻ്റെ ഉദ്ദേശം”(6).
ഉഖ്ബത്തുബ്നു മുഐത്ത് ഒരിക്കൽ റസൂൽ(സ) യുടെ പ്രസംഗം ശ്രദ്ധിക്കാൻ ശ്രമിച്ചു.ഇത് കണ്ട അദ്ദേഹത്തിൻ്റെ ഉറ്റമിത്രം ഉബയ്യിബ്നു ഖലഫ് കോപിക്കുകയും അതിന് പ്രായശ്ചിത്തമായി പ്രവാചകൻ്റെ മുഖത്തേക്ക് തുപ്പാൻ ആവശ്യപ്പെടുകയും ചെയ്തു. കേൾക്കേണ്ട താമസം ഉഖ്ബ ആ കൽപന അംഗീകരികരിക്കുകയും നിർലജജം അത് നിർവഹിക്കുകയും ചെയ്തു (7).
പ്രവാചകനെ ആക്ഷേപിക്കുന്നതിനായി മക്കയിലെ ശത്രുക്കൾ നിർമിച്ച ഒരു ശകാരവാക്കായിരുന്നു ഇബ്നു അബീ കബ്ശ. അബീ കബ്ശ അറബികൾക്കിടയിൽ കുപ്രസിദ്ധനായ വ്യക്തിയായിരുന്നു. മുഴുവൻ അറബികളുടെയും മതപാരമ്പര്യത്തിന് വിരുദ്ധമായി ശുഅറാ എന്ന് പേരുള്ള ഒരു നക്ഷത്രത്തെയാണ് അദ്ദേഹം ആരാധിച്ചിരുന്നത്. ഇബ്നു അബീ കബ്ശയുടെ അർഥം അബീ കബ്ശയുടെ മകനെന്നോ അബീ കബ്ശയുടെ അനുയായി എന്നോ ആണ്(8).
മക്കയിൽ കവികൾക്ക് അക്കാലത്ത് ഇന്നത്തെ മാധ്യമ പ്രവർത്തകരുടെ സ്ഥാനമാണുണ്ടായിരുന്നത്. പ്രവാചകനെ അപകീർത്തിപ്പെടുത്തും വിധം കവിതകൾ രചിക്കാൻ അബൂ സുഫ് യാൻ ബിൻ ഹാരിസ്, അംറ് ബിൻ ആസ്വ്, അബ്ദുല്ല ബിൻ സൽഅബ്രി എന്നിവരടങ്ങുന്ന കവികളുടെ സംഘം രൂപം കൊണ്ടിരുന്നു. അവരുടെ വരികൾ അതിവേഗത്തിൽ പ്രചുരപ്രചാരം നേടുകയുണ്ടായി (9).
പ്രവാചകശത്രുക്കൾ അബൂത്വാലിബിനോട് മൂന്ന് സന്ദർഭങ്ങളിൽ ബോധിപ്പിച്ച മൂന്ന് പരാതികൾ നബി ചരിത്ര ഗ്രന്ഥകാരൻമാർ ഉദ്ദരിക്കുന്നുണ്ട്. അതിൽ ഒന്നാമത്തെ സന്ദർഭത്തിൽ പറഞ്ഞത് ഇപ്രകാരമാണ്. “അബൂത്വാലിബ്, താങ്കളുടെ സഹോദര പുത്രൻ നമ്മുടെ ദൈവങ്ങളെയും ദേവൻമാരെയും ചീത്തപറയുന്നു. നമ്മുടെ മതത്തിൽ ന്യൂനത പരതുന്നു. നമ്മുടെ ഗുരുഭൂതന്മാരെ വിഡ്ഢികളെന്ന് ആക്ഷേപിക്കുന്നു. നമ്മുടെ പൂർവികർ വഴികേടിലെന്ന് മുദ്രകുത്തുന്നു. അതിനാൽ ഒന്നുകിൽ താങ്കൾ അവനെ ഇത്തരം അതിക്രമങ്ങളിൽ നിന്ന് തടയുക. അല്ലെങ്കിൽ, ഞങ്ങൾക്കും അവനുമിടയിൽ നിന്ന് താങ്കൾ മാറിനിൽക്കുക”(10).
അടുത്ത കൂടിക്കാഴ്ചയിൽ അവരിങ്ങനെ പറഞ്ഞു. “ഹേ അബൂത്വാലിബ്, താങ്കൾ ഞങ്ങൾക്കിടയിൽ പ്രായം കൊണ്ടും മാന്യതകൊണ്ടും ആദരണീയ സ്ഥാനത്തുള്ളയാളാണ്.സ്വന്തം സഹോദരപുത്രനെ നിലക്കുനിർത്തണമെന്ന് ഞങ്ങൾ താങ്കളോട് പറഞ്ഞിരുന്നു.പക്ഷേ താങ്കൾ അത് ചെവിക്കൊണ്ടില്ല. അവൻ നമ്മുടെ ആരാധ്യന്മാരെ വിമർശിക്കുന്നത് ഞങ്ങൾക്ക് സഹിക്കാനാവില്ല.അതിനാൽ താങ്കൾ അവനിൽ നിന്ന് മാറിനിൽക്കുക. അല്ലെങ്കിൽ ഞങ്ങൾ അവനോടും താങ്കളോടും യുദ്ധം ചെയ്യും”(11).
മറ്റെരിക്കൽ ഇങ്ങനെ ആവശ്യപ്പെട്ടു. ഹേ അബൂ ത്വാലിബ്, അമ്മാറ ബിൻ വലീദ് ഖുറൈശികളിലെ സുമുഖനും ആരോഗ്യവാനുമായ ചെറുപ്പക്കാരനാണ്. അവനെ ഞങ്ങൾ താങ്കൾക്ക് നൽകാം. അവൻ്റെ ബുദ്ധിയും ശക്തിയും താങ്കൾക്ക് പ്രയോജനപ്പെടും. അതിന് പകരമായി മുഹമ്മദിനെ ഞങ്ങൾക്ക് വിട്ട് തന്നേക്കൂ. അവൻ താങ്കളുടെയും താങ്കളുടെ പിതാക്കളുടെയും മതത്തെ എതിർക്കുന്നത് തുടരുകയും ഈ നാടിൻ്റെ ഐക്യം തകർക്കുകയും ചെയ്യുന്നത് താങ്കൾ കാണുന്നുണ്ടല്ലോ. അതിനാൽ അവനെ കൊല്ലാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്.നേരെ ചൊവ്വെ ഒരു മനുഷ്യന് പകരമായി ഞങ്ങൾ മറ്റൊരാളെ താങ്കൾക്ക് തന്നേക്കാം”(12).
ഒരു വർഷം ഹജജ് കാലം വരുന്നതിന് മുമ്പായി വലീദ് ബിൻ മുഗീറ മുഹമ്മദിൻ്റെ പ്രചാരണത്തെ തടയിടാനായി കൂടിയാലോചന നടത്താൻ ഖുറൈശികളെയെല്ലാം വിളിച്ചുകൂട്ടി.ശേഷം വലീദ് ഇപ്രകാരം പറഞ്ഞു: ഖുറൈശികളേ, ഹജജ് കാലം വിളിപ്പാടകലെയാണ്. ഒരുപാട് ആളുകൾ അതിൽ പങ്കെടുക്കും.അവർ മുഹമ്മദിൻ്റെ ആശയങ്ങളിൽ ആകൃഷ്ടരാവാൻ സാധ്യതയുണ്ട്. അതിനാൽ മുഹമ്മദിനെ കുറിച്ച് അവർക്കിടയിൽ മോശം പ്രതിച്ഛായ ഉണ്ടാക്കുവാൻ നമുക്ക് എന്തൊക്കെ ചെയ്യാനാവും? ഓരോരുത്തരും അവനവൻ്റെ ആശയങ്ങൾ പങ്കുവെക്കുക” (13). പ്രവാചകനെതിരെ ശത്രുക്കൾ സംഘടിതമായി നടത്തിയ അക്രമണങ്ങളിലൊന്നായിരുന്നു ഇത്.
മുഹമ്മദ്(സ)പ്രബോധനം ചെയ്ത ആദർശം സ്വീകരിച്ച അവിടുത്തെ സഹചരർ കിരാതമായാണ് പീഡിപ്പിക്കപ്പെട്ടത്. ഏകദൈവ വിശ്വാസത്തിൻ്റെ കേന്ദ്രമെന്ന നിലയിൽ പടുത്തുയർത്തിയ കഅബയുടെ സമീപത്ത് പ്രവാചകൻ (സ) ഒരിക്കൽ എഴുന്നേറ്റ് നിന്ന് തൗഹീദ് (ഏകദൈവത്വം) പ്രഖ്യാപിക്കുകയുണ്ടായി. അത് കേട്ടതുമൂലം വികാരം വ്രണപ്പെട്ട, രക്തം തിളച്ച ശത്രുക്കൾ അവിടേക്ക് ഓടിക്കൂടുകയും പ്രവാചകനെ വളഞ്ഞിട്ടക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു.ബഹളവും അട്ടഹാസവും കേട്ട് അവിടെയെത്തിയ പ്രവാചക അനുചരൻ ഹാരിസ് ബിൻ ഉബയ്യ്(റ) മുഹമ്മദ് (സ)യെ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ വാളുകൾ അദ്ദേഹത്തിനു മേൽ പതിച്ചു. അറേബ്യയുടെ മണ്ണിൽ ഇസ്ലാമും ജാഹിലിയ്യത്തും തമ്മിലുള്ള സംഘർഷത്തിൽ സത്യത്തിൻ്റെ സംരക്ഷണത്തിന് രക്തസാക്ഷിയായ ആദ്യത്തെ ജീവനായിരുന്നു അത്(14).
ഉമ്മു അൻമാറയുടെ അടിമയായിരുന്ന ഖബ്ബാബ് ബിൻ അറത്ത്(റ) ഇസ്ലാം സ്വീകരിച്ചപ്പോൾ ശത്രുക്കൾ കത്തുന്ന തീക്കട്ട ശരീരത്തിൽ വെച്ച് അദ്ദേഹത്തിൻ്റെ ദേഹമാസകലം പൊള്ളലേൽപ്പിച്ചു. അദ്ദേഹം ചരിഞ്ഞും മറിഞ്ഞും തീ കെട്ടു പോകാതിരിക്കാനായി ഒരുത്തൻ അദ്ദേഹത്തിൻ്റെ മാറിടത്തിൽ കയറിയിരുന്നു.വയറിൻ്റെ അടിഭാഗത്ത് എത്തിയതിനു ശേഷമാണ് തീ കെട്ടുപോയത് (15). ബിലാൽ ഹബ്ശി(റ)വിനും അമ്മാർ ബിൻ യാസിർ (റ) വിനും, സുമയ(റ)ക്കും ഏൽക്കേണ്ടി വന്ന പീഡനങ്ങൾ കണ്ണീരോടു കൂടിയല്ലാതെ വായിക്കാൻ കഴിയില്ല.
വിശ്വസിച്ച ആദർശം വെട്ടിത്തുന്നു പറഞ്ഞതു മൂലമുണ്ടായ മുഹമ്മദ് നബി(സ)യുടെയും അനുചരൻമാരുടെയും സഹനത്തിൻ്റെയും പരിത്യാഗത്തിൻ്റെയും ഏതാനും ഉദാഹരണങ്ങളാണ് മുകളിൽ കൊടുത്തത്. കല്ലും മുള്ളും വിതറിയും കഴുത്തിൽ മുണ്ടിട്ട് ശ്വാസം മുട്ടിച്ചും മാലിന്യങ്ങൾ എറിഞ്ഞും തെറി പറഞ്ഞും സത്യപ്രസ്ഥാനത്തിൻ്റെ വഴിമുടക്കാമെന്നാണ് ബഹുദൈവാരാധകർ കരുതിയത്. ഇന്നത്തെ നവനാസ്തിരും അതു തന്നെയാണ് കരുതുന്നതും അതിന് വേണ്ടിയാണ് പരിശ്രമിക്കുന്നതും. പക്ഷേ ആർ എത്ര ശക്തിയായി ശ്രമിച്ചാലും അതിരുകൾ ഭേധിച്ച് ഇസ്ലാം മനുഷ്യമനസുകളിലേക്ക് പ്രസരിക്കുക തന്നെ ചെയ്യും. ക്വുർആൻ പറയുന്നത് നോക്കൂ, “അവരുടെ വായ്കൊണ്ട് അല്ലാഹുവിൻ്റെ പ്രകാശം കെടുത്തിക്കളയാമെന്ന് അവർ ആഗ്രഹിക്കുന്നു. അല്ലാഹുവാകട്ടെ തൻ്റെ പ്രകാശം പൂർണമാക്കാതെ സമ്മതിക്കുകയില്ല.സത്യനിഷേധികൾക്ക് അത് അനിഷ്ടകരമായാലും”(16).
Ref.
1. The End of Faith: Religion, Terror, and the Future of Reason by Sam Harris 2. Douglas Ernst: Richard Dawkins slams Islam as ‘most evil relegion’, then Trump for travel ban rhetoric- The Washington Times, 12.06.2017 3. The Sealed Nectar by Safi-ur-Rahman Al- Mubarakpuri, page- 100 4. Ibid- page- 112 5. അല്ലാമാ ശിബ് ലി നുഅമാനി – സീറത്തുന്ന ബി – 1:162 6. Ibid – 1:237 7. ഇബ്നു ഹിശാം – 1/361,362 8. മുഹമ്മദ് മനുഷ്യ സ്നേഹത്തിൻ്റെ പ്രവാചകൻ, നഈം സിദ്ദീഖി(വിവ.കെ ടി ഹുസൈൻ), ഐ പി എച്ച്, പുറം:149 9. അതേ പുസ്തകം – പുറം 153 10. ഇബ്നു ഹിശാം – 1:277 11. Ibid- 153 12. Ibid – 1:279 13.The Sealed Nectar, page: 102 14. മുഹമ്മദ് മനുഷ്യ സ്നേഹത്തിൻ്റെ പ്രവാചകൻ – പുറം 147 15. The Sealed Nectar, page: 109 16. ക്വുർആൻ : 9:32