Logo

 

സംവരണം: കേരള സർക്കാർ നടപടി അപലപനീയം

25 October 2020 | Opinion

By

സംവരണം വഴി സമൂഹം നേടിയ സന്തുലിതമായ ജീവിത സാഹചര്യം പൂർണ്ണമല്ലെങ്കിലും എത്രയോ രചനാത്മകമാണ്. ജാതി-മത ഭേദങ്ങൾ കൃത്രിമമായി സൃഷ്ടിച്ച ഉച്ചനീചത്വങ്ങൾ വലിയൊരു അളവിൽ കുറച്ച്‌ കൊണ്ട്‌ വരാൻ സംവരണം സഹായകമായിട്ടുണ്ട്.
ആ മാറ്റം കൊതിക്കാത്തവർ ഭരണഘടനാ ലക്ഷ്യങ്ങൾ തകർക്കാൻ ശ്രമിക്കുക സ്വാഭാവികം മാത്രം. നമ്മുടെ അശ്രദ്ധയും അനൈക്യവും കൊണ്ട്‌ ആ നീക്കം വിജയിക്കാൻ ഇടവരരുത്‌.

സമൂഹത്തിലെ പാവങ്ങളെ പരിഗണിക്കുന്നു എന്ന് വരുത്തി സംവരണം തകർക്കുകയാണ്‌ മുന്നോക്ക സംവരണക്കാരുടെ ലക്ഷ്യം. ഇവരുടെ മന്ത്രത്തിന്റെ പിന്നിലെ സൂത്രവും കൗശലവും നാം തിരിച്ചറിഞ്ഞ്‌ പ്രതിരോധം തീർക്കണം.

സവരണം നമ്മുടെ ശാക്തീകരണത്തിനും ദേശീയോദ്ഗ്രഥനത്തിനും വിപുലമായ സാധ്യതകൾ ഒരുക്കുന്നുണ്ട്. അത്‌ നിഷേധിക്കാൻ അനുവദിക്കരുത്‌. ചരിത്രപരമായ കാരണങ്ങളാൽ സാമൂഹിക, വിദ്യാഭ്യാസ രംഗങ്ങളിൽ പിന്നണിയിൽ നിൽക്കേണ്ടിവന്ന ജനവിഭാഗങ്ങളെ രാജ്യത്തിന്റെ മുഖ്യധാരയിൽ കൊണ്ട്‌ വരാൻ നിയമപരമായി നാം സ്വീകരിച്ച വ്യവസ്ഥയാണ്‌ സംവരണം. അത്‌ മാറ്റി മറിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്.

കേരളത്തിൽ സംവരണ സമുദായങ്ങളെയും പൊതു സമൂഹത്തെയും വഞ്ചിക്കാൻ ശ്രമം നടക്കുന്നത്‌ സമ്മതിക്കാനാവില്ല. സമരങ്ങളുടെ കനൽ പഥങ്ങളിലൂടെ സന്ധിക്കൊരുങ്ങാതെ നടന്ന് തളർന്ന് ഇന്നത്തെ തലമുറകൾക്ക്‌ മുൻഗാമികൾ കൈമാറിയ ഈ അവകാശം അടിയറ വെക്കപ്പെടരുത്‌.

ജനസംഖ്യയുടെ പകുതി പ്രാതിനിധ്യം പോലും ഉദ്യോഗ നിയമനങ്ങളിൽ സംവരണ സമുദായങ്ങൾക്ക്‌ ലഭിക്കുന്നില്ല. ആ സാഹചര്യത്തിൽ സംവരണ സമുദായങ്ങൾക്ക്‌ ജനറൽ സീറ്റുകളിൽ മൽസരിച്ച്‌ മുന്നേറാൻ അവസരം നിഷേധിക്കുന്നതും അവസരം പരിമിതപ്പെടുത്തുന്നതും അംഗീകരിക്കാനാവില്ല.

കേരള സർക്കാർ സംവരണ വിരോധികൾക്കൊപ്പം നിലക്കൊള്ളരുത്‌. പാർലമെന്റിൽ ബി. ജെ. പി. സർക്കാർ കൊണ്ട്‌ വന്ന നൂറ്റിമൂന്നാം ഭരണഘടനാ ഭേദഗതിയുടെ സാധുത സുപ്രീം കോടതി പരിശോധിച്ച്‌ കൊണ്ടിരിക്കെ, തീർപ്പ്‌ വരാത്ത സാഹചര്യത്തിൽ ധൃതി പിടിച്ച്‌ കേരള സർക്കാർ നടപടി സ്വീകരിച്ചത്‌ അപലപനീയമാണ്‌.


ടി എ അഹ്‌മദ് കബീർ എം എൽ എ