Essay

ഹജ്ജ് വിളിക്കുന്നു, ഇബ്റാഹീം പ്രവാചകന്റെ ഓർമ്മകളിലേക്ക്!

By Musthafa Thanveer

June 10, 2024

ഹജ്ജും ബലിപെരുന്നാളും ഇബ്റാഹീം നബി (അ) യുടെ ജീവിതസന്ദേശത്തിന്റെ അനുസ്മരണവും വിളംബരവുമാണ്. ആരാണ് ദൈവം, എന്താണ് ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധം എന്നിവയാണ് മതവിശ്വാസിയെ സംബന്ധിച്ചേടത്തോളം ഏറ്റവും മൗലികമായ ചോദ്യങ്ങള്‍. ഈ ചോദ്യങ്ങള്‍ക്കുള്ള തെറ്റുപറ്റാത്ത ഉത്തരം ലഭിക്കണമെങ്കില്‍ ഇബ്റാഹീം പ്രവാചകന്റെ ജീവിതം വായിച്ചാല്‍ മതി എന്നാണ് ക്വുര്‍ആന്‍ പഠിപ്പിക്കുന്നത്.

ആരാധിക്കപ്പെടുന്ന ശക്തിക്കാണ് ദൈവം എന്ന് പറയുന്നത്. ആരാധന എന്നാല്‍ പ്രാര്‍ഥനയാണ്. എന്താണ് പ്രാര്‍ഥന? അദൃശ്യമായ ഒരു വ്യക്തിയോട്/ശക്തിയോട് ഒരാള്‍ നടത്തുന്ന സഹായാര്‍ഥനയാണ് പ്രാര്‍ഥന. പലരോടും പ്രാര്‍ഥിക്കുന്നവരാണ് മനുഷ്യര്‍. ദൃശ്യലോകത്തെ കാര്യകാരണ ബന്ധങ്ങള്‍ അവസാനിക്കുന്നേടത്തുവെച്ച് മനുഷ്യന്‍ ദുര്‍ബലനാകുന്നു. പിന്നീട് അവന്റെ മനസ്സ് ശരണം പ്രാപിക്കുന്നത് അദൃശ്യലോകത്തുനിന്നുള്ള സഹായപ്രതീക്ഷയിലാണ്; കാര്യകാരണബന്ധങ്ങള്‍ക്കതീതമായ സഹായം, അഭൗതികമായ സഹായം. ആ സഹായം നല്‍കാനായി പ്രകൃതിശക്തികളോടും ദേവന്‍മാരോടും വിഗ്രഹങ്ങളോടും പ്രവാചകന്‍മാരോടും പുണ്യാത്മാക്കളോടും ആത്മീയ നേതാക്കളോടും ആകാശഗോളങ്ങളോടും പിശാചുക്കളോടുമെല്ലാം അപേക്ഷിക്കുന്നവര്‍ മനുഷ്യരുടെ കൂട്ടത്തിലുണ്ട്. ഇവയൊക്കെയും മനുഷ്യലോകത്ത് ‘ദൈവങ്ങളായി’ പൂജിക്കപ്പെടുന്നുവെന്നര്‍ഥം. പ്രതിസന്ധി ഘട്ടങ്ങളിലെ മനുഷ്യന്റെ സഹായാഭ്യര്‍ഥനകള്‍ക്കുത്തരം നല്‍കാന്‍ ഇവര്‍ക്കൊക്കെ കഴിയുമെന്നാണ് വിശ്വാസം. പ്രസ്തുത വിശ്വാസമാണ് ബഹുദൈവ മതങ്ങളുടെയെല്ലാം ആശയാടിത്തറ.

എന്നാല്‍ സഹായാര്‍ഥനകള്‍ക്കുത്തരം നല്‍കാന്‍ കഴിയുന്ന പരശ്ശതം അദൃശ്യശക്തികളുണ്ടെന്ന ഈ വിശ്വാസം ശുദ്ധ അന്ധവിശ്വാസമാണെന്നാണ് ഇസ്‌ലാം വിശദീകരിക്കുന്നത്. ബഹുദൈവ സങ്കല്‍പത്തിനെതിരെ ഇസ്‌ലാം വിട്ടുവീഴ്ചയില്ലാത്ത ആദര്‍ശകലാപം നടത്തുന്നു. സ്രഷ്ടാവും സംവിധായകനും നിയന്താവും ഏകനും അദ്വിത്വീയനും പദാര്‍ത്ഥാതീതനും പ്രപഞ്ചാതീതനുമായ പ്രപഞ്ചനാഥന്‍ മാത്രമാണ് യഥാര്‍ഥ ദൈവം എന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. മനുഷ്യന്റെ സഹായാഭ്യര്‍ഥനകള്‍ക്കുത്തരം ചെയ്ത് അവനെ സഹായിക്കാന്‍ കഴിവുള്ള ഒരേയൊരു അദൃശ്യശക്തി അവന്‍ മാത്രമാണ്. അതുകൊണ്ടുതന്നെ അവനെ മാത്രം വിളിച്ചുപ്രാര്‍ഥിക്കുകയാണ് മനുഷ്യര്‍ ചെയ്യേണ്ടതെന്ന് ക്വുര്‍ആന്‍ ലോകത്തെ പഠിപ്പിച്ചു. ബഹുദൈവാരാധന മോക്ഷമാര്‍ഗമല്ല, പ്രത്യുത ഗുരുതരമായ പാപമത്രെ. പ്രപഞ്ചസ്രഷ്ടാവിന് സമന്‍മാരെ സങ്കല്‍പിക്കുന്ന കൊടിയ സത്യനിഷേധമാണത്. പ്രവാചകന്‍മാരെല്ലം ഭൂമുഖത്ത് നിയുക്തരായത് ഏറ്റവും വലിയ അന്ധവിശ്വാസവും ഏറ്റവും വലിയ തിന്മയുമായ ബഹുദൈവോപാസനക്കെതിരെ ജനങ്ങളെ ജനങ്ങളെ ബോധവല്‍കരിക്കാനും സംശുദ്ധമായ ഏകദൈവാരാധനയിലേക്ക് അവരെ ക്ഷണിക്കാനുമാണ്.

മനുഷ്യന് തന്നെ സൃഷ്ടിച്ച നാഥനോടുള്ള ഉത്തരവാദിത്തം അവനെ മാത്രം വിളിച്ചുപ്രാര്‍ഥിക്കുക എന്നതാണ്, തന്റെ സഹായാര്‍ഥനകള്‍ക്ക് ഉത്തരം നല്‍കുന്ന ഒരേയൊരു അദൃശ്യശക്തി അവന്‍ മാത്രമാണെന്ന് മനസ്സിലാക്കുക എന്നതാണ്. പങ്കുകാര്‍ വകവെച്ചു നല്‍കപ്പെടാത്ത പ്രാര്‍ഥനയാണ്, മനുഷ്യനില്‍നിന്ന് പ്രപഞ്ചനാഥന്‍ ആവശ്യപ്പെടുന്ന ‘ബന്ധം’. ആ ബന്ധമാണ് ശുദ്ധമായ മതബോധത്തിന്റെ ആത്മാവ്. എന്നാല്‍ പുരോഹിതന്‍മാര്‍ ഈ യഥാര്‍ഥ മതതാല്‍പര്യത്തില്‍നിന്ന് പാമരജനങ്ങളെ അകറ്റുകയും ആത്മീയ ചൂഷണത്തിന് പഴുതുകള്‍ നല്‍കുന്ന ബഹുദൈവാരാധനാ സമ്പ്രദായങ്ങളെ സിദ്ധാന്തവല്‍കരിക്കുകയും ചെയ്യുന്നു. പുരോഹിതന്‍മാരുടെ ദുര്‍ബോധനങ്ങളെ ചെറുത്ത് പ്രപഞ്ചനാഥനെ മാത്രം ദൈവമായി മനസ്സില്‍ പ്രതിഷ്ഠിക്കാന്‍ കഴിയുന്നവര്‍ മാത്രമത്രെ, മനുഷ്യരുടെ കൂട്ടത്തിലെ ഭാഗ്യശാലികള്‍.

പ്രപഞ്ചനാഥനെ മാത്രം വിളിച്ചു പ്രാര്‍ഥിക്കുക എന്ന ഏകദൈവാരാധനാ നിലപാട്, യഥാര്‍ഥത്തില്‍ മനുഷ്യന്റെ മനസ്സാക്ഷിയാണ്. അവന്റെ ബുദ്ധിയുടെ തേട്ടമാണത്. തന്നെയും ചുറ്റുപാടുകളെയും സൃഷ്ടിച്ചവനെ സംബന്ധിച്ച ബോധം ഓരോ മനുഷ്യന്റെ മനസ്സിലുമുണ്ട്. ഏതൊരു മനുഷ്യനും പ്രകൃതിപരമായി വിളിച്ചുപ്രാര്‍ഥിക്കുക അവനെ മാത്രമാണ്. ‘ദൈവമേ’ എന്നോ ‘പടച്ചവനേ’ എന്നോ ‘ഓ മൈ ഗോഡ്’ എന്നോ ഒരാള്‍ തികച്ചും സ്വാഭാവികമായി വിളിക്കുമ്പോള്‍ അയാളുടെ മനസ്സിലുള്ളത് പ്രപഞ്ചസ്രഷ്ടാവ് മാത്രമാണ്. പ്രപഞ്ചം മുഴുവന്‍ അതിന്റെ സ്രഷ്ടാവിന്റെ നിയന്ത്രണത്തിലും അധീനതയിലുമാണ്. അവന്‍ സര്‍വശക്തനും സര്‍വജ്ഞനുമാണ്. അവന്‍ പരമകാരുണികനും കരുണാനിധിയുമാണ്. എന്നാല്‍ വിളിച്ചുപ്രാര്‍ഥിക്കപ്പെടുന്ന, ‘ദൈവ’ങ്ങളായി സങ്കല്‍പിക്കപ്പെടുന്ന മറ്റു ശക്തികളോ? അവയൊന്നും സ്രഷ്ടാവല്ല, സൃഷ്ടികള്‍ മാത്രമാണ്. യാതൊന്നും സൃഷ്ടിച്ചിട്ടില്ലാത്തവര്‍. പ്രപഞ്ചത്തിന്റെ യാതൊരു നിയന്ത്രണവും കയ്യിലില്ലാത്തവര്‍. നൂറുനൂറ് പരിമിതികള്‍കൊണ്ട് വലയം ചെയ്യപ്പെട്ടവര്‍. കാര്യകാരണ ബന്ധങ്ങള്‍ക്കപ്പുറത്ത് ഒരിടപെടലും നടത്താന്‍ കഴിയാത്തവര്‍. പ്രാര്‍ഥിക്കേണ്ടത് പ്രപഞ്ചനാഥനോട് മാത്രമാണെന്നും ബഹുദൈവാരാധന ശുദ്ധ ഭോഷ്‌കാണെന്നും കേവലമായ ഈ അറിവുകള്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ മനസ്സാക്ഷിയെ വഞ്ചിച്ചുകൊണ്ട്, യുക്തിയെ കൈവെടിഞ്ഞുകൊണ്ട്, അഭ്യസ്തവിദ്യരും ബുദ്ധിജീവികളുമെന്ന് പറയുന്ന പലരും ഈ ആധുനിക യുഗത്തില്‍ പോലും ബഹുദൈവാരാധനയുടെ തമസ്സിലകപ്പെടുന്നു. പുരോഹിത പ്രബോധനങ്ങള്‍ അവരുടെ വിശകലനശേഷിയെ മരവിപ്പിക്കുന്നു. പൈശാചികമായ ദുര്‍ബോധനങ്ങള്‍ വഴി അവര്‍ക്ക് ബഹുദൈവാരാധനക്ക് ‘ന്യായങ്ങള്‍’ ലഭിക്കുന്നു. ദുര്‍ബലമായ ദുര്‍ന്യായങ്ങള്‍!

ഇബ്‌റാഹിം പ്രവാചകന്‍ നേരിട്ടത് ഈ ദുര്‍ബോധനങ്ങളെയാണ്. പുരോഹിതമതങ്ങളുടെ ബഹുദൈവ പരികല്‍പനക്കെതിരില്‍ യേശുക്രിസ്തുവിനും സഹസ്രാബ്ദങ്ങള്‍ക്കുമുമ്പ് ബാബിലോണില്‍ വെച്ച് ദിവ്യബോധനങ്ങളും യുക്തിയുമുപയോഗിച്ച് അവിരാമം പോരാടിയ ധീരനായിരുന്നു ഇബ്റാഹീം(അ). അദ്ദേഹത്തിന്റെ ത്യാഗനിര്‍ഭരമായ പ്രബോധന ജീവിതത്തില്‍നിന്നുള്ള ഏടുകള്‍ ബഹുദൈവാരാധനയുടെ പൊള്ളത്തരം തുറന്നുകാണിക്കുന്ന മൊഴികളാലും വര്‍ത്തനങ്ങളാലും നിബിഡമാണ്. ക്വുര്‍ആന്‍ അവ വിശദമായി ഉദ്ധരിച്ചുകൊണ്ട് മനുഷ്യനെ ബോധ്യപ്പെടുത്തുന്നു; ബഹുദൈവാരാധന മതത്തിനെതിരാണെന്ന്, യുക്തിക്കെതിരാണെന്ന്. ഇബ്‌റാഹീമിന്റെ ജീവിതം സന്ദര്‍ശിക്കാന്‍ ലോകത്തെ മുഴുവന്‍ ക്വുര്‍ആന്‍ ക്ഷണിക്കുകയാണ്. പ്രപഞ്ചനാഥനിലേക്കുള്ള ക്ഷണമാണത്, മനസ്സാക്ഷിയിലേക്കുള്ള ക്ഷണം, മനശാന്തിയിലേക്കുള്ള ക്ഷണം!

പരിശുദ്ധ ക്വുര്‍ആനിൻ്റെ അവതരണകാലത്തെ അറബികള്‍ക്ക് സുപരിചിതനായിരുന്നു ചരിത്രത്തിലെ ഇബ്റാഹീം നബി(അ). തങ്ങളുടെ വംശപിതാവായ ഇസ്മാഈലിന്റെ പിതാവെന്ന നിലയില്‍ അറബികള്‍ അഭിമാനത്തോടുകൂടിയാണ് ഇബ്‌റാഹീമിനെ അനുസ്മരിച്ചിരുന്നത്. എന്നാല്‍ ഇബ്‌റാഹീമീ വംശപാരമ്പര്യത്തെ പറ്റി ഊറ്റം കൊള്ളാനല്ലാതെ ആ പ്രവാചകശ്രേഷ്ഠന്റെ ആദര്‍ശം ഉള്‍കൊള്ളാന്‍ അറബികള്‍ സന്നദ്ധമായില്ല. വിഗ്രഹാരാധനക്കെതിരെയുള്ള പോരാട്ടത്തിന് ഒരു പുരുഷായുസ്സ് മുഴുവന്‍ സമര്‍പിച്ച ഇബ്റാഹീമിന്റെ പേരില്‍തന്നെ ഒരു വിഗ്രഹമുണ്ടാക്കുവാനും ബഹുദൈവാരാധകരായിരുന്ന അജ്ഞാനകാല അറബികള്‍ തുനിഞ്ഞു. ഈയൊരു പശ്ചാതലത്തില്‍ അവരെ ഇബ്‌റാഹീമിന്റെ യഥാര്‍ഥ അധ്യാപനങ്ങളിലേക്ക് തിരിച്ചുവിളിക്കാന്‍ പ്രപഞ്ചനാഥനായ അല്ലാഹു പരിശുദ്ധ ക്വുര്‍ആനിലൂടെ മുഹമ്മദ് നബി(സ)യോട് ആവശ്യപ്പെട്ടു.

അറേബ്യന്‍ ബഹുദൈവാരാധകര്‍ മാത്രമല്ല, ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിലുള്ള ജൂതന്‍മാരും ക്രൈസ്തവരും ഇബ്റാഹീമിനെ അറിയുന്നവരായിരുന്നു. പഴയ നിയമം സവിസ്തരം പരിചയപ്പെടുത്തിയിട്ടുള്ള മഹാപ്രവാചകനാണല്ലോ, ഇസ്മായേലിന്റെയും ഇസ്ഹാക്കിന്റെയും പിതാവായ അബ്രഹാം. എന്നാല്‍ ഇബ്റാഹീമിന്റെ മതത്തില്‍ നിന്ന് മുഹമ്മദ് നബി(സ) യുടെ കാലമായപ്പോഴേക്കും ജൂതന്‍മാര്‍ ബഹുദൂരം അകന്നുപോയിരുന്നു. പ്രപഞ്ചനാഥന്റെ മാര്‍ഗനിര്‍ദേശങ്ങളെ കൈവെടിഞ്ഞ് പുരോഹിതകല്‍പനകളെ അവര്‍ മതമായി സ്വീകരിച്ചു. ക്രിസ്ത്യാനികളാകട്ടെ, അബ്രഹാം പഠിപ്പിച്ച ഏകദൈവാരാധനയില്‍നിന്ന് ഭീകരമാംവിധം പിഴച്ചുപോയി. ഇബ്റാഹീം പ്രവാചകന് കേട്ടുകേള്‍വി പോലുമില്ലാത്ത ത്രിയേക ദൈവങ്ങളില്‍ വിശ്വസിക്കുന്നവരായി മാറി അവര്‍. പക്ഷേ അപ്പോഴും ഇബ്റാഹീമിന്റെ ‘പാരമ്പര്യം’ അവകാശപ്പെടാന്‍ അവര്‍ ശ്രദ്ധിച്ചു! ക്വുര്‍ആന്‍ ഇവരോടെല്ലാവരോടുമായി പറഞ്ഞ കാര്യം വളരെ ലളിതമാണ്: ഇബ്റാഹീമിനെ പ്രവാചകനായി അംഗീകരിക്കുന്നവരാണല്ലോ നിങ്ങളെല്ലാവരും. എങ്കില്‍ അദ്ദേഹം പഠിപ്പിച്ച സംശുദ്ധമായ ഏകദൈവാരാധനയിലേക്ക് നിങ്ങളെന്തുകൊണ്ട് മടങ്ങുന്നില്ല? ക്വുര്‍ആന്‍ പറയുന്നത് കാണുക.“നിങ്ങള്‍ യഹൂദരോ ക്രൈസ്തവരോ ആയാലേ നേര്‍വഴിയിലാകൂ എന്നാണവര്‍ പറയുന്നത്. എന്നാല്‍ നീ പറയുക: അതല്ല, വക്രതയില്ലാത്ത ശുദ്ധമനസ്‌കനായിരുന്ന ഇബ്്‌റാഹീമിന്റെ മാര്‍ഗമാണ് (പിന്‍പറ്റേണ്ടത്). അദ്ദേഹം ബഹുദൈവാരാധകരില്‍ പെട്ടവനായിരുന്നില്ല.” (2:135)“ഇബ്റാഹീം യഹൂദനോ ക്രിസ്ത്യനോ ആയിരുന്നില്ല. എന്നാല്‍ അദ്ദേഹം ശുദ്ധമനസ്ഥിതിക്കാരനും (അല്ലാഹുവിന്ന്) കീഴ്‌പെട്ടവനും ആയിരുന്നു. അദ്ദേഹം ബഹുദൈവാരാധകരില്‍ പെട്ടവനായിരുന്നിട്ടുമില്ല. തീര്‍ച്ചയായും ജനങ്ങളില്‍ ഇബ്്‌റാഹീമിനോട് കൂടുതല്‍ അടുപ്പമുള്ളവര്‍ അദ്ദേഹത്തെ പിന്തുടര്‍ന്നവരും, ഈ പ്രവാചകനും (മുഹമ്മദ് നബി), ( മുഹമ്മദ് നബിയില്‍ ) വിശ്വസിച്ചവരുമാകുന്നു. അല്ലാഹു സത്യവിശ്വാസികളുടെ രക്ഷാധികാരിയാകുന്നു.” (3:67, 68)“(നബിയേ,) പറയുക: അല്ലാഹു സത്യം പറഞ്ഞിരിക്കുന്നു. ആകയാല്‍ ശുദ്ധമനസ്‌കനായ ഇബ്്‌റാഹീമിന്റെ മാര്‍ഗം നിങ്ങള്‍ പിന്തുടരുക. അദ്ദേഹം ബഹുദൈവാരാധകരുടെ കൂട്ടത്തിലായിരുന്നില്ല.” (3:95)

ഇബ്റാഹീമിന്റെ സ്വന്തം പിതാവുതന്നെ വിഗ്രഹാരാധകനായിരുന്നു. ആ നാട്ടിലെ വിഗ്രഹനിര്‍മാതാവും ബഹുദൈവാരാധകരുടെ സമുന്നത നേതാവുമായിരുന്നു അയാള്‍. എന്നാല്‍ രക്തബന്ധത്തെക്കാള്‍ ആദര്‍ശമായിരുന്നു ഇബ്റാഹീമിന് വലുത്. അതിനാല്‍ അദ്ദേഹം പിതാവിനെ പ്രപഞ്ചനാഥനിലേക്ക് വിളിച്ചു. അദ്ദേഹത്തിന്റെ പ്രതിമാപൂജക്കെതിരില്‍ ധീരമായി സംസാരിച്ചു. പിതാവിന്റെ ആട്ടും തുപ്പും ഇബ്റാഹീമിനെ തളര്‍ത്തിയില്ല. സത്യം ഒരാളോടും തോറ്റുപോവുകയില്ലെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. ‘ഞങ്ങളുടെ കുടുംബം കാലങ്ങളായി വിഗ്രഹാരാധന അനുഷ്ഠിക്കുന്നവരാണ്, ഇത് ഞങ്ങളുടെ സംസ്‌കാരമാണ്, അതിനാല്‍ ഇതില്‍നിന്ന് മാറാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല’ എന്നൊക്കെ ‘സിദ്ധാന്തം’ പറയുന്നവര്‍ക്ക് സ്വന്തം വീടിനകത്ത് കുടുംബപാരമ്പര്യത്തില്‍ നിലീനമായിക്കിടന്നിരുന്ന അന്ധവിശ്വാസങ്ങള്‍ക്കെതിരില്‍ സധൈര്യം നിലപാടെടുത്ത ഇബ്റാഹീമില്‍ മാതൃകയുണ്ടെന്നാണ് ക്വുര്‍ആന്‍ സൂചിപ്പിക്കുന്നത്.“അദ്ദേഹം (ഇബ്‌റാഹീം) തന്റെ പിതാവിനോട് പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു:) എന്റെ പിതാവേ, കേള്‍ക്കുകയോ കാണുകയോ ചെയ്യാത്ത, താങ്കള്‍ക്ക് യാതൊരു ഉപകാരവും ചെയ്യാത്ത വസ്തുവെ (വിഗ്രഹത്തെ) താങ്കള്‍ എന്തിന് ആരാധിക്കുന്നു? എന്റെ പിതാവേ, തീര്‍ച്ചയായും താങ്കള്‍ക്ക് വന്നുകിട്ടിയിട്ടില്ലാത്ത അറിവ് എനിക്ക് വന്നുകിട്ടിയിട്ടുണ്ട്. ആകയാല്‍ താങ്കള്‍ എന്നെ പിന്തടരൂ. ഞാന്‍ താങ്കള്‍ക്ക് ശരിയായ മാര്‍ഗം കാണിച്ചുതരാം. എന്റെ പിതാവേ, താങ്കള്‍ പിശാചിനെ ആരാധിക്കരുത്. തീര്‍ച്ചയായും പിശാച് പരമകാരുണികനോട് അനുസരണമില്ലാത്തവനാകുന്നു. എന്റെ പിതാവേ, തീര്‍ച്ചയായും പരമകാരുണികനില്‍ നിന്നുള്ള വല്ല ശിക്ഷയും താങ്കളെ ബാധിക്കുമെന്ന് ഞാന്‍ ഭയപ്പെടുന്നു. അപ്പോള്‍ താങ്കള്‍ പിശാചിന്റെ മിത്രമായിരിക്കുന്നതാണ്. അയാള്‍ (പിതാവ്) പറഞ്ഞു: ഹേ; ഇബ്‌റാഹീം, നീ എന്റെ ദൈവങ്ങളെ വേണ്ടെന്ന് വെക്കുകയാണോ? നീ (ഇതില്‍ നിന്ന് ) വിരമിക്കുന്നില്ലെങ്കില്‍ ഞാന്‍ നിന്നെ കല്ലെറിഞ്ഞോടിക്കുക തന്നെ ചെയ്യും. കുറെ കാലത്തേക്ക് നീ എന്നില്‍ നിന്ന് വിട്ടുമാറിക്കൊള്ളണം.” (19: 41-46)“അയാള്‍ (പിതാവ്) അല്ലാഹുവിന്റെ ശത്രുവാണെന്ന് അദ്ദേഹത്തിന് വ്യക്തമായപ്പോള്‍ അദ്ദേഹം അയാളെ വിട്ടൊഴിഞ്ഞു. തീര്‍ച്ചയായും ഇബ്‌റാഹീം ഏറെ താഴ്മയുള്ളവനും സഹനശീലനുമാകുന്നു.” (9:114)

വിഗ്രഹങ്ങളെയും പിശാചിനെയും നക്ഷത്രങ്ങളെയുമൊക്കെ പൂജിച്ചിരുന്ന തന്റെ ജനതയോട് ഇബ്റാഹീം(അ) യുക്തിയുടെ മൂര്‍ച്ചയുള്ള ചോദ്യങ്ങള്‍ ചോദിച്ചു. ഇബ്റാഹീമിന്റെ ചോദ്യങ്ങള്‍ അന്ധവിശ്വാസങ്ങളുടെ കാവല്‍കാര്‍ക്ക് ചാട്ടുളിപോലെ ചെന്നുകൊണ്ടു. അവര്‍ മറുപടി പറഞ്ഞത് നാക്കുകൊണ്ടല്ല, ഊക്കുകൊണ്ടാണ്. ഇബ്‌റാഹീമിനെ രാജപിന്തുണയോടുകൂടി ഒരു തീകുണ്ഡാരത്തിലേക്ക് വലിച്ചെറിഞ്ഞു അവര്‍. ഏകദൈവാരാധനയുടെ പ്രബോധകനെ ജീവനോടെ ദഹിപ്പിക്കാനായിരുന്നു തീരുമാനം. അഗ്നിനാളങ്ങള്‍ക്ക് സത്യത്തെ കരിച്ചുകളയാനാകുമെന്ന് ധരിച്ച വിവരദോഷികളായിരുന്നു അവര്‍. പക്ഷേ പ്രപഞ്ചനാഥന്‍ തൻ്റെ ദാസനെ സംരക്ഷിച്ചു. ഒരു സമൂഹം മുഴുവന്‍ ഇബ്റാഹീമിൻ്റെ ചോദ്യങ്ങള്‍ക്കുമുന്നില്‍ പകച്ചുനില്‍ക്കുകയായിരുന്നു. ഇന്നും ഒരു ബഹുദൈവാരാധകനും കഴിയില്ല, ഇബ്റാഹീം നബി(അ) ചൂണ്ടിക്കാണിച്ച വസ്തുതകളെ നിഷേധിക്കാന്‍. കണ്ണടച്ചിരുട്ടാക്കിക്കൊണ്ടല്ലാതെ ഒരാള്‍ക്കും ബഹുദൈവാരാധകനാകാന്‍ കഴിയില്ലെന്ന് അദ്ദേഹം സമര്‍ഥിച്ചു. ഉജ്ജ്വലമായ ആ സമര്‍ഥനങ്ങള്‍ വിശദമായി അനുസ്മരിക്കുന്നുണ്ട് പരിശുദ്ധ ക്വുര്‍ആന്‍, സത്യം മനസ്സിലാക്കണമെന്നാഗ്രഹിക്കുന്നവര്‍ക്കുവേണ്ടി.“(ഇബ്റാഹീം പറഞ്ഞു:) നിങ്ങള്‍ അല്ലാഹുവിന് പുറമെ ചില വിഗ്രഹങ്ങളെ ആരാധിക്കുകയും കള്ളം കെട്ടിയുണ്ടാക്കുകയുമാണ് ചെയ്യുന്നത്. അല്ലാഹുവിന് പുറമെ നിങ്ങള്‍ ആരാധിക്കുന്നത് ആരെയാണോ അവര്‍ നിങ്ങള്‍ക്കുള്ള ഉപജീവനം അധീനമാക്കുന്നില്ല. അതിനാല്‍ നിങ്ങള്‍ അല്ലാഹുവിങ്കല്‍ ഉപജീവനം തേടുകയും അവനെ ആരാധിക്കുകയും അവനോട് നന്ദികാണിക്കുകയും ചെയ്യുക. അവങ്കലേക്കാണ് നിങ്ങള്‍ മടക്കപ്പെടുന്നത്.” (29:17)“തന്റെ പിതാവിനോടും തന്റെ ജനങ്ങളോടും അദ്ദേഹം (ഇബ്്‌റാഹീം) ഇപ്രകാരം ചോദിച്ച സന്ദര്‍ഭം (ശ്രദ്ധേയമത്രെ:)നിങ്ങള്‍ പൂജിച്ചുകൊണ്ടേയിരിക്കുന്ന ഈ പ്രതിമകള്‍ എന്താകുന്നു? അവര്‍ (ബഹുദൈവാരാധകരായ അദ്ദേഹത്തിന്റെ നാട്ടുകാര്‍) പറഞ്ഞു: ഞങ്ങളുടെ പിതാക്കള്‍ ഇവയെ ആരാധിച്ച് വരുന്നതായിട്ടാണ് ഞങ്ങള്‍ കണ്ടത്. അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും നിങ്ങളും നിങ്ങളുടെ പിതാക്കളും വ്യക്തമായ വഴികേടിലായിരിക്കുന്നു. അവര്‍ പറഞ്ഞു: നീ ഞങ്ങളുടെ അടുത്ത് സത്യവും കൊണ്ട് വന്നിരിക്കുകയാണോ? അതല്ല, നീ കളിപറയുന്നവരുടെ കൂട്ടത്തിലാണോ? അദ്ദേഹം പറഞ്ഞു: അല്ല, നിങ്ങളുടെ രക്ഷിതാവ് ആകാശങ്ങളുടെയും ഭൂമിയുടെയും രക്ഷിതാവാകുന്നു. അവയെ സൃഷ്ടിച്ചുണ്ടാക്കിയവന്‍. ഞാന്‍ അതിന് സാക്ഷ്യം വഹിക്കുന്നവരുടെ കൂട്ടത്തിലാകുന്നു.”(21: 52-56)“അദ്ദേഹം പറഞ്ഞു: അപ്പോള്‍ നിങ്ങള്‍ക്ക് യാതൊരു ഉപകാരമോ ഉപദ്രവമോ ചെയ്യാത്ത വസ്തുക്കളെ അല്ലാഹുവിന് പുറമെ നിങ്ങള്‍ ആരാധിക്കുകയാണോ? നിങ്ങളുടെയും, അല്ലാഹുവിന് പുറമെ നിങ്ങള്‍ ആരാധിക്കുന്നവരുടെയും കാര്യം അപഹാസ്യം തന്നെ. നിങ്ങള്‍ ചിന്തിക്കുന്നില്ലേ? അവര്‍ പറഞ്ഞു: നിങ്ങള്‍ക്ക് (വല്ലതും) ചെയ്യാനാകുമെങ്കില്‍ നിങ്ങള്‍ ഇവനെ (ഇബ്്‌റാഹീമിനെ) ചുട്ടെരിച്ചുകളയുകയും, നിങ്ങളുടെ ദൈവങ്ങളെ സഹായിക്കുകയും ചെയ്യുക. നാം (അല്ലാഹു) പറഞ്ഞു: തീയേ, നീ ഇബ്്‌റാഹീമിന് തണുപ്പും സമാധാനവുമായിരിക്കുക. അദ്ദേഹത്തിന്റെ കാര്യത്തില്‍ ഒരു തന്ത്രം പ്രയോഗിക്കുവാന്‍ അവര്‍ ഉദ്ദേശിച്ചു. എന്നാല്‍ അവരെ ഏറ്റവും നഷ്ടം പറ്റിയവരാക്കുകയാണ് നാം ചെയ്തത്.” (21: 66-70)“(ഇബ്‌റാഹീം പറഞ്ഞു:) എന്റെ സമുദായമേ, നിങ്ങള്‍ (പ്രപഞ്ചനാഥനോട്) പങ്കുചേര്‍ക്കുന്നതില്‍ നിന്നെല്ലാം തീര്‍ച്ചയായും ഞാന്‍ ഒഴിവാകുന്നു. തീര്‍ച്ചയായും ഞാന്‍ നേര്‍മാര്‍ഗത്തില്‍ ഉറച്ചുനിന്നുകൊണ്ട് എന്റെ മുഖം ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചവനിലേക്ക് തിരിച്ചിരിക്കുന്നു. ഞാന്‍ ബഹുദൈവവാദികളില്‍ പെട്ടവനേ അല്ല. അദ്ദേഹത്തിന്റെ ജനത അദ്ദേഹവുമായി തര്‍ക്കത്തില്‍ ഏര്‍പെടുകയുണ്ടായി. അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ കാര്യത്തില്‍ നിങ്ങളെന്നോട് തര്‍ക്കിക്കുകയാണോ? അവനാകട്ടെ, എന്നെ നേര്‍വഴിയിലാക്കിയിരിക്കുകയാണ്. നിങ്ങള്‍ അവനോട് പങ്കുചേര്‍ക്കുന്ന യാതൊന്നിനെയും ഞാന്‍ ഭയപ്പെടുന്നില്ല. എന്റെ രക്ഷിതാവ് (അല്ലാഹു) ഉദ്ദേശിക്കുന്നതെന്തോ അതല്ലാതെ (സംഭവിക്കുകയില്ല). എന്റെ രക്ഷിതാവിന്റെ ജ്ഞാനം സര്‍വകാര്യങ്ങളെയും ഉള്‍കൊള്ളാന്‍ മാത്രം വിപുലമായിരിക്കുന്നു. നിങ്ങളെന്താണ് ആലോചിച്ച് നോക്കാത്തത്? നിങ്ങള്‍ അല്ലാഹുവിനോട് പങ്കുചേര്‍ത്തതിനെ ഞാന്‍ എങ്ങനെ ഭയപ്പെടും? നിങ്ങളാകട്ടെ, അല്ലാഹു നിങ്ങള്‍ക്ക് യാതൊരു പ്രമാണവും നല്‍കിയിട്ടില്ലാത്ത വസ്തുക്കളെ അവനോട് പങ്കുചേര്‍ക്കുന്നതിനെപ്പറ്റി ഭയപ്പെടുന്നുമില്ല. അപ്പോള്‍ രണ്ടു കക്ഷികളില്‍ ആരാണ് നിര്‍ഭയരായിരിക്കാന്‍ കൂടുതല്‍ അര്‍ഹതയുള്ളവര്‍? (പറയൂ;) നിങ്ങള്‍ക്കറിയാമെങ്കില്‍.” (6: 78-81)

ഇബ്റാഹീമിന്റെ ശത്രുക്കളുടെ കൂട്ടത്തില്‍ സ്വന്തം പിതാവുണ്ടായിരുന്നു, നാട്ടിലെ രാജാവുണ്ടായിരുന്നു, പുരോഹിതന്‍മാരും പ്രമാണിമാരും ഉണ്ടായിരുന്നു. ആ നാട്ടിലെ ബഹുദൈവാരാധകര്‍ ഒന്നടങ്കമുണ്ടായിരുന്നു. പക്ഷേ ഇബ്റാഹീം(അ) പതറിയില്ല. പറയാനുള്ളത് അദ്ദേഹം നട്ടെല്ലു കുനിക്കാതെ പറഞ്ഞു. ആളുകളുടെ വണ്ണവലുപ്പങ്ങള്‍ പരിഗണിക്കാതെ കെട്ട വിശ്വാസം കെട്ടതാണെന്ന് തന്നെ പറഞ്ഞു. പ്രപഞ്ചനാഥന്‍ മാത്രമാണ് ആരാധനക്കര്‍ഹനെന്ന് ഉറക്കെയുറക്കെ ഉദ്‌ഘോഷിച്ചു. അതുകൊണ്ടാണ്, ഇബ്റാഹീം(അ) ഒരു വ്യക്തിയല്ല മറിച്ച് പ്രസ്ഥാനമാണെന്ന് പരിശുദ്ധ ക്വുര്‍ആന്‍ പ്രഖ്യാപിച്ചത്.“തീര്‍ച്ചയായും ഇബ്്‌റാഹീം അല്ലാഹുവിന്ന് കീഴ്‌പെട്ട് ജീവിക്കുന്ന, നേര്‍വഴിയില്‍ നിലകൊള്ളുന്ന ഒരു സമുദായം തന്നെയായിരുന്നു. അദ്ദേഹം ബഹുദൈവവാദികളില്‍ പെട്ടവനായിരുന്നില്ല. അവന്റെ( അല്ലാഹുവിന്റെ) അനുഗ്രഹങ്ങള്‍ക്ക് നന്ദികാണിക്കുന്നവനായിരുന്നു അദ്ദേഹം. അദ്ദേഹത്തെഅവന്‍ (അല്ലാഹു) തെരഞ്ഞെടുക്കുകയും നേരായ പാതയിലേക്ക് നയിക്കുകയും ചെയ്തു. ഇഹലോകത്ത് അദ്ദേഹത്തിന് നാം നന്‍മ നല്‍കുകയും ചെയ്തിരിക്കുന്നു. പരലോകത്താകട്ടെ,തീര്‍ച്ചയായും അദ്ദേഹം സദ്‌വൃത്തരുടെ കൂട്ടത്തിലായിരിക്കും.” (16:120, 121, 122)

ഇബ്റാഹീം നബി(അ) കനത്ത ഇരുട്ടിനോടാണ് പോരാടിയത്. ആ ഇരുട്ട് ഇന്നും ഇവിടെയുണ്ട്. ഇബ്റാഹീമിന്റെ ജീവിതം ഒരു വലിയ വിളക്കുകാലാണ്. അതില്‍നിന്ന് പ്രകാശം കോരിയെടുത്ത് ചുറ്റുമുള്ള ബഹുദൈവാരാധനയുടെ ഇരുട്ടിലേക്കെറിയുകയാണ് മുസ്ലിംകളുടെ കടമ. വെളിച്ചം പരക്കുന്നത് കണ്ടാല്‍ നിത്യനിദ്രയാഗ്രഹിക്കുന്നവര്‍ കണ്ണുതിരുമ്മി പ്രതിഷേധിക്കും. പക്ഷേ ചിലരെങ്കിലും എന്നെന്നേക്കുമായി കണ്ണുതുറക്കും; അവരുടെ മനസ്സകങ്ങളില്‍നിന്ന് ‘ദൈവങ്ങള്‍’ കൊഴിഞ്ഞുപോകും, സ്രഷ്ടാവ് മാത്രം അവിടെ ബാക്കിയാകും. അതാണ് ഇസ്‌ലാമിക പ്രബോധകരുടെ ലക്ഷ്യം. ആ മാര്‍ഗത്തിലുള്ള ത്യാഗപരിശ്രമങ്ങളാണ് കാലഘട്ടം ആവശ്യപ്പെടുന്ന ജിഹാദ്.

ഇബ്റാഹീം നബി(അ) ഒരിക്കലും ആയുധമെടുത്ത് പോരാടിയില്ല. യുക്തിഭദ്രമായ പ്രബോധനമായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആയുധം. അതിനെ ക്വുര്‍ആന്‍ പരിചയപ്പെടുത്തിയത് മാതൃകാപരമായ ജിഹാദായിട്ടാണ്.“അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ജിഹാദ് ചെയ്യേണ്ട മുറപ്രകാരം നിങ്ങള്‍ ജിഹാദ് ചെയ്യുക. അവന്‍ നിങ്ങളെ ഉല്‍കൃഷ്ടരായി തെരഞ്ഞെടുത്തിരിക്കുന്നു. മതകാര്യത്തില്‍ യാതൊരു പ്രയാസവും നിങ്ങളുടെ മേല്‍ അവന്‍ ചുമത്തിയിട്ടില്ല. നിങ്ങളുടെ പിതാവായ ഇബ്റാഹീമിന്റെ മാര്‍ഗമത്രെ അത്.മുമ്പും(മുന്‍വേദങ്ങളിലും) ഇതിലും (ക്വുര്‍ആനിലും) അവന്‍ (അല്ലാഹു) നിങ്ങള്‍ക്ക് മുസ്‌ലിംകളെന്ന് പേര് നല്‍കിയിരിക്കുന്നു. റസൂല്‍ നിങ്ങള്‍ക്ക് സാക്ഷിയായിരിക്കുവാനും, നിങ്ങള്‍ ജനങ്ങള്‍ക്ക് സാക്ഷികളായിരിക്കുവാനും വേണ്ടി. ആകയാല്‍ നിങ്ങള്‍ നമസ്‌കാരം മുറപോലെ നിര്‍വഹിക്കുകയും, സകാത്ത് നല്‍കുകയും, അല്ലാഹുവെ മുറുകെപിടിക്കുകയും ചെയ്യുക. അവനാണ് നിങ്ങളുടെ രക്ഷാധികാരി. എത്ര നല്ല രക്ഷാധികാരി! എത്ര നല്ല സഹായി!” (22: 78)ഇബ്റാഹീം നിര്‍വഹിച്ച ജിഹാദ് ചെയ്യാന്‍ തയ്യാറുണ്ടോ എന്നാണ് ക്വുര്‍ആന്‍ മുസ്‌ലിംകളോട് ചോദിക്കുന്നത്. ആ ജിഹാദ് സായുധപോരാട്ടമല്ല, ഏകദൈവാരാധനയുടെ പ്രബോധനമാണ്. അതത്രെ, യഥാര്‍ഥത്തില്‍ ഇസ്‌ലാമിന്റെ ശത്രുക്കള്‍ ഭയപ്പെടുന്നത്.

(2015 ഒക്ടോബറിൽ സ്നേഹ സംവാദം മാസികയിൽ പ്രസിദ്ധീകരിച്ച ലേഖനം)