Obituary

സഈദ് ഫാറൂഖിയെ ഓർക്കുമ്പോൾ

By Admin

June 05, 2024

കഴിഞ്ഞ ദിവസം അന്തരിച്ച ആദരണീയനായ സി.എ. സഈദ് ഫാറൂഖി എനിക്ക് ഏറെ പ്രിയങ്കരനായ ഗുരുസ്ഥാനീയനാണ്. മുജാഹിദ് പ്രാസ്ഥാനിക വേദികളിലെ ശാന്തവും അർഥ ഗർഭവും എന്നാൽ ഹ്രസ്വവും ചിന്തനീയവുമായ പ്രഭാഷണങ്ങൾ കേൾക്കാൻ വളരെ കാലം മുമ്പേ അവസരം ഉണ്ടായിട്ടുണ്ട്. തസ്കിയത്തും തർബിയത്തും ആയിരുന്നു മിക്കപ്പോഴും കൈകാര്യം ചെയ്തിരുന്ന വിഷയങ്ങൾ.

കോഴിക്കോട് ഗവ. ടീച്ചേഴ്സ് ട്രൈനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഞാൻ വിദ്യാർഥിയായിരുന്നുവെങ്കിലും സഈദ് ഫാറൂഖി അവിടെ ടീച്ചർ എഡ്യൂക്കേറ്റർ ആയി വരുന്നതിന് മുമ്പേ തന്നെ ഞാൻ കോഴ്സ് പൂർത്തിയാക്കിയിരുന്നു. അതുകൊണ്ട്, അവിടെ വെച്ച് ഞങ്ങൾക്ക് സമ്പർക്കങ്ങൾക്കൊന്നും അവസരമുണ്ടായില്ല. പിന്നീട്, 2012-2013 കാലഘട്ടത്തിൽ നടന്ന സ്കൂൾ പാഠ്യ പദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ടാണ് അടുത്ത പരിചയം സ്ഥാപിക്കുവാനായത്.

നിലവിലുള്ള പ്ലസ് വൺ, പ്ലസ് ടു പാഠപുസ്തകങ്ങളുടെ മുഴുവൻ ചർച്ചകളിലും ഞങ്ങളുടെ മുഖ്യ മാർഗദർശിയായി അദ്ദേഹം കൂടെ ഉണ്ടായിരുന്നു. പുസ്തക രചനയുടെ ഓരോ ഘട്ടത്തിലും സൂക്ഷ്മവും സ്ഥൂലവുമായ ഇടപെടലുകളുണ്ടാവും; തിരുത്തുകളും. ‘ഇത് നമ്മൾ വെട്ടിക്കളഞ്ഞാലോ’ എന്ന് ഞങ്ങളോട് ചോദിക്കും. പുതിയ കൂട്ടിച്ചേർക്കലുകൾക്ക് കൂടെ നിൽക്കും. പദ്യശകലങ്ങൾ മനോഹരമായി പാടും. കവിതയുടെ ഉള്ളറകളിലേക്ക് കൂട്ടിക്കൊണ്ടുപോകും. വരികൾക്കിടയിലെ ആശയങ്ങളെ അത്ഭുതകരമായി വായിക്കും. പതിഞ്ഞ സ്വരത്തിൽ വിവേകത്തിന്റെ ഉത്തുംഗതയിൽ നിന്ന് കേട്ടുനിൽക്കുന്നവനിൽ ജിജ്ഞാസയും ആകാംക്ഷയും നിറച്ച് ഒട്ടും മടുപ്പിക്കാതെ സംസാരിക്കും. പ്രായം കുറഞ്ഞവനേയും വിവരം കുറഞ്ഞവനേയും ചേർത്തു നിർത്തി സ്നേഹ സൗഹൃദത്തിന്റെ മനോഹരമായ കവിതകൾ രചിക്കും. സംസാരം നിർത്തുമ്പോൾ, യാത്ര പറഞ്ഞിറങ്ങുമ്പോൾ ഒരിക്കൽ കൂടി ഒരു ദീർഘസംഭാഷണത്തിന് അവസരം വേണമെന്ന് നമുക്ക് തോന്നും. അത്രമേൽ ഹൃദ്യമായിരുന്നു ആ മഹനീയ സാന്നിധ്യം.

പ്ലസ് വൺ പാഠപുസ്തകത്തിലെ “മുകാലമ: ഫായിത:” എന്ന നാടകം ഞങ്ങളെ എഴുതാൻ നിർബന്ധിച്ചതാണ്. പ്ലസ്ടു പാഠപുസ്തകത്തിലെ യാത്രാവിവരണത്തിന് ഞങ്ങളെ പ്രചോദിപ്പിച്ചതാണ്. ഇത് ഒരു പക്ഷെ അറബി പാഠപുസ്തകത്തിലെ ആദ്യ പരീക്ഷണമായിരിക്കും. പക്ഷെ എത്ര ഹൃദ്യമായാണ് അധ്യാപകരും കുട്ടികളും അത് ഏറ്റെടുത്തത്! “ലാ തലുംമ്നീ” എന്ന ലബനാൻ കവി ഇബ്റാഹിം ജറീസ് ദമ്മൂസിന്റെ കവിത കൈകൾ കൊട്ടി തിരുവനന്തപുരം മാഞ്ഞാലികുളം റോഡിലെ വ്യാപാര ഭവനിലെ റൂമിലിരുന്ന് ഒപ്പനപ്പാട്ടിന്റെ താളത്തിൽ ചൊല്ലിയത് ഇന്നലെയെന്ന പോലെ ഓർക്കുന്നുണ്ട്. സൗഭാഗ്യത്തിന്റെ രസതന്ത്രം (കീമിയാഉസ്സആദ:)എന്ന പാഠഭാഗവും അതിലെ Preparation of the descriptive text എന്ന പഠന പ്രവർത്തനവും ഞങ്ങളെ നിർബന്ധിച്ച് എഴുതിപ്പിക്കുകയായിരുന്നു.

2014-ൽ പുറത്തിറങ്ങിയ പ്ലസ് ടു പാഠപുസ്തകം കരിക്കുലം കമ്മിറ്റിക്കു മുമ്പിൽ അവതരിപ്പിക്കാൻ പോകുന്നതിന് മുമ്പ് ആദ്യാവസാനം വായിച്ചു കേൾപ്പിക്കാൻ അവസരം കിട്ടിയത് എനിക്കായിരുന്നു. വലിയ പേടിയോടെയാണ് അൽപം അകലെയായി ഇരുന്നത്. ഒരു തിരുത്ത് നിർദേശിച്ചാൽ അത് തിരുത്തി സമയം നിശ്ചയിച്ച് കാത്തിരിക്കുന്ന കരിക്കുലം കമ്മിറ്റിക്കു മുമ്പിൽ അവതരിപ്പിക്കാനാവില്ലയെന്ന ആശങ്കയുണ്ടായിരുന്നു. പക്ഷെ എത്ര വിനയാന്വിതനായിട്ടാണ് എന്നിൽ നിന്ന് അത് മുഴുവൻ കേട്ടത്…! എത്ര സ്നേഹത്തോടെയാണ് ഓരോ പഠന പ്രവർത്തനവും യഥാർഥ രീതിയിൽ വിനിമയം ചെയ്യപ്പെടുമ്പോൾ പഠിതാവിൽ സൃഷ്ടിക്കുന്ന ആന്ദോളനങ്ങളെ കുറിച്ച് സംസാരിച്ചത് !!

ആഴമുള്ള അറിവും അനുഭവത്തിന്റെ കരുത്തിൽ ആർജിച്ചെടുത്ത പ്രായോഗിക സമീപനങ്ങളും എത്രമേൽ ഹൃദ്യമായാണ് അപരനിലേക്ക് അദ്ദേഹം പകർന്നു നൽകിയത്! 2014-ലെ പാഠപുസ്തക രചനയുടെ ആദ്യ ശിൽപശാലയിൽ കണ്ണൂർ ശിക്ഷക് സദനൻ ഓഡിറ്റോറിയത്തിൽ വെച്ച് ഇങ്ങനെ പറഞ്ഞു: “ഒരു കുഞ്ഞ് പിറക്കാൻ പോകുന്നു. ചിന്തയുടേയും അന്വേഷണത്തിന്റെയും ആശയങ്ങളുടേയും സംയോഗം നടന്നെങ്കിലേ ഒരു പുതിയ ജന്മം പിറവിയെടുക്കു.”

“അൽ ഫിത്റ” എന്ന മഹാ വിപ്ലവത്തെ കുറിച്ച് സംസാരിക്കുമ്പോഴൊക്കെ “നിങ്ങളെല്ലാം ഇത് ഏറ്റെടുക്കണം… ഈ ആശയം എല്ലാ ഗ്രാമങ്ങളിലും എത്തണം” എന്ന് പറയുമായിരുന്നു. ഒരു ദിവസം നേരിൽ കാണാൻ അൽഫിത്റ ഓഫീസിൽ ചെന്നു. “നീ എവിടെയാണ് അൽ ഫിത്റ ആരംഭിക്കുന്നത്” എന്നാണ് ആദ്യം ചോദിച്ചത്.

ഇളം മനസ്സുകളിൽ ഖുർആൻ പകർന്നു നൽകണമെന്ന അദ്ദേഹത്തിന്റെ ആശയം വഴിദൂരങ്ങൾ സഞ്ചരിച്ചു. ആ യാത്ര അവസാനിച്ചത് ഈജിപ്തിലാണ്. “അൽഫിത്റ” എന്ന വിത്തുമായി ഈജിപ്തിൽ നിന്ന് കോഴിക്കോട്ടേക്ക് വിമാനം കേറുമ്പോൾ ഇത് ഇത്ര വലിയ വൻമരമാകുമെന്നും, ഈ ആശയം പിന്നീട് കേരളത്തിലെ മുസ്‌ലിം സംഘടനകൾ എല്ലാം ഏറ്റെടുക്കുന്ന ഒരു പ്രീ ഇസ്‌ലാമിക് സ്കൂൾ സംവിധാനമെന്ന മഹാ വിപ്ലത്തിന്റെ മാതൃകയായി മാറുമെന്നും ആ മനുഷ്യൻ വിചാരിച്ചു കാണില്ല. അതിന്റെയെല്ലാം കാരണക്കാരന് അർഹമായ പ്രതിഫലം കിട്ടാതിരിക്കില്ല.

നേരത്തെ വിട പറഞ്ഞുപോയ തന്റെ ആദ്യ ഭാര്യയെക്കുറിച്ച് ഫാറൂഖി എഴുതിയ ഒരു മനോഹരമായ കവിതയുണ്ട്. അതു മതി തന്റെ തുണയോട് എങ്ങിനെ വർത്തിച്ചു എന്നറിയാൻ. ഒരു അധ്യാപകന്റെ എല്ലാ നന്മകളും അദ്ദേഹം തന്റെ വിദ്യാർഥികളിൽ നിറച്ചുവെച്ചു. ഒരു പ്രബോധകന്റെ എല്ലാ മേന്മകളും തന്റെ പ്രബോധിതരിൽ അദ്ദേഹത്തിന്റെ സ്വാധീനമായി പതിഞ്ഞു. എല്ലാം അല്ലാഹ് സ്വീകരിക്കട്ടെ, ആമീൻ. ഭാഗ്യവാൻ എന്ന അദ്ദേഹത്തിന്റെ പേര് അങ്ങനെ പരലോകത്ത് അന്വർത്ഥമാകട്ടെ.

പുതിയ ഒരു പാഠപുസ്തകത്തിന്റെ പിറവി കാത്തിരിക്കുന്ന ഞങ്ങൾ ഹയർ സെക്കന്ററി അധ്യാപകർക്ക് ആ മഹാപ്രതിഭയുടെ ചിന്തകളും ആശയങ്ങളും ഇനി നഷ്ടമാണ്. ഞങ്ങൾക്കു മാത്രമല്ല ആ വിയോഗം കൊണ്ട് നഷ്ടം എന്ന് പ്രത്യേകം പറയേണ്ടതില്ല. നല്ല പകരങ്ങൾകൊണ്ട് അല്ലാഹ് എല്ലാവരെയും അനുഗ്രഹിക്കട്ടെ.