Logo

 

ഹിസ്നുൽ മുസ്‌ലിമിന്റെ രചയിതാവ്‌ ശൈഖ്‌ സഈദ്‌ ഇബ്നു അലി അൽക്വഹ്ത്വാനി നിര്യാതനായി

1 October 2018 | Middle East

By

രിയാദ്‌: പ്രമുഖ സുഊദി പണ്ഡിതൻ ശൈഖ്‌ സഈദ്‌ ഇബ്നു അലി ഇബ്നു വഹഫ്‌ അൽക്വഹ്ത്വാനി നിര്യാതനായി. വിവിധ സന്ദർഭങ്ങളിൽ ഉച്ചരിക്കാൻ ഇസ്‌ലാം നിർദേശിച്ചിട്ടുള്ള ദിക്‌റുകളും ദുആഉകളും വിഷയാനുസൃതമായി ക്രോഡീകരിച്ചിട്ടുള്ള ശൈഖ്‌ സഈദിന്റെ ‘ഹിസ്നുൽ മുസ്‌ലിമി മിൻ അദ്കാരിൽ ക്വുർആനി വസ്സുന്ന’ എന്ന ഗ്രന്ഥം മുസ്‌ലിം ലോകത്ത്‌ പ്രചുരപ്രചാരമാർജ്ജിച്ച ഒന്നാണ്‌. അത്യധികം ജനകീയമായിത്തീർന്നതും വ്യാപകമായി ഉപയോഗിക്കപ്പെടുന്നതുമായ ഈ പുസ്തകം, ലക്ഷക്കണക്കിന്‌ സൗജന്യമായി വിതരണം ചെയ്യപ്പെട്ടതിനുപുറമെ, വിവിധ വെബ്‌സൈറ്റുകളിൽ പിഡിഎഫ്‌ ആയും ലിങ്കുകൾ ആയും ലഭ്യമാക്കിയിട്ടുണ്ട്‌. ഹിസ്നുൽ മുസ്‌ലിം അവലംബമാക്കിയുള്ള മൊബൈൽ ആപ്ലിക്കേഷനുകളും നിർമിക്കപ്പെട്ടിട്ടുണ്ട്‌.

രിയാദിലെ പ്രശസ്തമായ ഇമാം മുഹമ്മദ്‌ ഇബ്നു സുഊദ്‌ സർവകലാശാലയിൽ നിന്ന് ഉന്നത മതപഠനം പൂർത്തിയാക്കിയ ശൈഖ്‌ സഈദ്‌, ‘ദഅവത്തിന്റെ കർമ്മശാസ്ത്രം ഇമാം ബുഖാരിയുടെ സ്വഹീഹിൽ’ എന്ന വിഷയത്തിലുള്ള ഗവേഷണപ്രബന്ധത്തിന്‌ ഡോക്റ്ററേറ്റ്‌ നേടിയിട്ടുണ്ട്‌. സുഊദി അറേബ്യയുടെ മുൻ ഗ്രാൻഡ്‌ മുഫ്തിയും ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വിഖ്യാതരായ സലഫീ പണ്ഡിതരിൽ ഒരാളുമായ ശൈഖ്‌ ഇബ്നുബാസിന്റെ ദർസിലെ ഏറ്റവും ശ്രദ്ധേയരായ വിദ്യാർത്ഥികളിൽ ഒരാളായിരുന്നു ശൈഖ്‌ സഈദ്‌. നിരവധി ലേഖനങ്ങളുടെ കർത്താവാണ്‌.


Tags :


mm

Admin