സാരസാഗരം

ഹൃദയത്തിനൊരു സമ്പൂര്‍ണ്ണ നനച്ചുകുളി!

By Admin

March 15, 2024

ഇതാ റമദാനമ്പിളി വന്നുദിച്ചു! ഇനിയുള്ള പകലുകള്‍ അതിലെ നന്മകളാല്‍ സാഗരം! ഇനിയുള്ള രാവുകള്‍ അതിന്റെ പ്രകാശത്താല്‍ പ്രശോഭിതം! ചക്രവാളങ്ങള്‍ അതിന്റെ തെന്നലിനാല്‍ സുഗന്ധപൂരിതം! ഇതാ ഭൂമുഖമാകെ പുണ്യവേളകളുടെ ആഹ്ലാദപ്പെയ്ത്ത്! റമദാന്‍ നിനക്ക് ഹൃദയം കവിയുന്ന സ്വാഗതം! അടിമകള്‍ക്കായി എത്രയെത്ര അനുഗ്രഹങ്ങളുമായാണ് റമദാനിനെ അല്ലാഹു നിയോഗിച്ചിരിക്കുന്നത്: ഖുര്‍ആനിനെ അവതരിപ്പിച്ച മാസം നോമ്പ് നിര്‍ബന്ധമായ മാസം

റമദാനില്‍, സ്വര്‍ഗ്ഗവാതിലുകള്‍ തുറക്കപ്പെടുന്നു പിശാചുക്കള്‍ ചങ്ങലയ്ക്കിടപ്പെടുന്നു നരകവാതിലുകള്‍ അടയ്ക്കപ്പെടുന്നു അനവധി അടിമകള്‍ നരകമോചിതരാകുന്നു സല്‍കര്‍മ്മങ്ങള്‍ റബ്ബിലേക്ക് ഉയര്‍ത്തപ്പെടുന്നു അനുഗ്രഹങ്ങളും കാരുണ്യങ്ങളും യഥേഷ്ടം മണ്ണിലേക്കിറങ്ങുന്നു

അല്ലാഹുവിന്റെ ദൂതന്‍ (സ്വ) റമദാനിന്റെ വരവില്‍ സന്തോഷിച്ചു. സ്വഹാബികളോട് സന്തോഷിക്കാന്‍ ആഹ്വാനം ചെയ്തു.

അവിടുന്നരുളി: ഇതാ അനുഗൃഹീത റമദാന്‍ നിങ്ങളിലേക്കെത്തിയിരിക്കുന്നു. ഈ മാസം നിങ്ങള്‍ക്ക് വ്രതാനുഷ്ഠാനം നിര്‍ബന്ധമാണ്. അതില്‍ ആകാശ വാതിലുകള്‍ തുറക്കപ്പെടും, നരകവാതിലുകള്‍ അടയ്ക്കപ്പെടും, പിശാചുക്കള്‍ ചങ്ങലക്കിടപ്പെടും. ഈ മാസത്തില്‍ അല്ലാഹുവിനു പ്രത്യേകമായ ഒരു രാവുണ്ട്; ആയിരം മാസത്തേക്കാള്‍ ശ്രേഷ്ഠമായ രാവ്! അതിലെ നന്മകള്‍ ആര്‍ക്ക് നഷ്ടമായൊ അതൊരു മഹാനഷ്ടം തന്നെയാണ്! (നസാഈ)

തിരുമേനി(സ്വ) വീണ്ടുമരുളി: റമദാനിന്റെ ആദ്യരാത്രി സമാഗതമായാല്‍ ഒരു ആഹ്വാനമുണ്ടാകുന്നതാണ്: ഹേ, നന്മയെ കൊതിക്കുന്നവനേ മുന്നോട്ടു വരുക, ഹേ, തിന്മയില്‍ രമിക്കുന്നവനേ, മതിയാക്കുക! റമദാനിലെ എല്ലാ രാത്രിയിലും അല്ലാഹുവിനാല്‍ നരകത്തില്‍ നിന്നും മോചിതരാകുന്ന ഒരുപാടുപേരുണ്ട്. (തിര്‍മിദി)

ദാസീ ദാസന്മാരോട് കാരുണ്യമുളള റബ്ബ്, അവരുടെ നന്മക്കും നേട്ടങ്ങള്‍ക്കും ഇഹപരവിജയങ്ങള്‍ക്കുമായി പ്രവിശാലമായ അവസരങ്ങളൊരുക്കിയിരിക്കുകയാണ് വിശുദ്ധ റമദാനില്‍. പ്രസ്തുത അവസരങ്ങളെ വിവേകപൂര്‍വ്വം ഉപയോഗപ്പെടുത്തിയവനാണ് ഭാഗ്യവാന്‍.

റമദാനില്‍ എങ്ങനെ ജീവിക്കണമെന്നും എവ്വിധം നോമ്പ് നിര്‍വഹിക്കണമെന്നും പ്രവാചക തിരുമേനി(സ്വ) പഠിപ്പിച്ചിട്ടുണ്ട്. പ്രസ്തുത സാരോപദേശങ്ങളുടെ ആത്മാവറിഞ്ഞ് നോമ്പനുഷ്ഠിക്കുമ്പോഴാണ് അതിന്റെ മധുരമറിയാന്‍ കഴിയുക. അല്ലാഹുവിന്റെ അപരിമേയമായ പ്രതിഫലത്തിന് അര്‍ഹമാകുക.

നിഷ്‌കളങ്കമായ നിയ്യത്തോടെ, ഈമാനോടെയാകണം നോമ്പ് പ്രതിഫല പ്രതീക്ഷയോടെയാകണം നോമ്പ്. നിര്‍ബന്ധവും ഐച്ഛികവുമായ നമസ്‌കാരങ്ങളില്‍ പൂര്‍ണ്ണശ്രദ്ധവേണം. ആത്മാവിന് ആശ്വാസം പകരുന്ന തറാവീഹുകളില്‍ സന്നിഹിതനാകണം. മാപ്പിരന്നു കൊണ്ടുള്ള പ്രാര്‍ത്ഥനകള്‍ റബ്ബിലേക്കുയരണം. വിശുദ്ധ ഖുര്‍ആനിന്റെ വചനങ്ങളെ കണ്ണിലും ഖല്‍ബിലും നിറയ്ക്കണം. ഓരോ രാവിലും പകലിലും പടച്ചതമ്പുരാന്‍ നരകമോചിതരാക്കുന്ന ഓരോ കൂട്ടം ആളുകളുണ്ട്; അവരിലുള്‍പ്പെടാന്‍ കൈകളുയര്‍ത്തി നിരന്തരം തേടണം. ദിക്‌റുകളാല്‍ നാവുകള്‍ സദാ നനഞ്ഞിരിക്കാന്‍ ശ്രദ്ധിക്കണം.

ജീവിതത്തില്‍ നിന്ന് പാപങ്ങളെ കഴുകി മാറ്റാനുള്ള അവസരമാണിത്. ഹൃദയത്തിനൊരു സമ്പൂര്‍ണ്ണ നനച്ചുകുളി! ഈമാനോടയും ഇഹ്തിസാബോടെയും അനുഷ്ഠിക്കുന്ന നോമ്പിനും ലൈലത്തുല്‍ ഖദറിലെ നമസ്‌കാരത്തിനും റബ്ബ് വാഗ്ദാനം ചെയ്തിട്ടുള്ളത്, നമ്മുടെയൊക്കെ ജീവിതത്തില്‍ സംഭവിച്ചു പോയ പാപങ്ങള്‍ പൊറുത്തു തരുമെന്നാണ്. പാപങ്ങള്‍ സ്വര്‍ഗ്ഗവഴിയിലെ ഗൗരവമുള്ള തടസ്സങ്ങളാണ്. അവ നീങ്ങിയാലേ സ്വര്‍ഗ്ഗപ്രവേശനം സാധ്യമാകൂ. ആ സാധ്യതയാണ് റമദാന്‍ നമ്മുടെ മുന്നില്‍ തുറന്നു വെക്കുന്നത്.

പ്രവാചക തിരുമേനി(സ്വ) അരുളി: യഥാര്‍ത്ഥ ഈമാനോടെയും പ്രതിഫല പ്രതീക്ഷയോടെയും റമദാനില്‍ നോമ്പെടുക്കുന്നവന്ന് അവന്റെ ഗതകാല പാപങ്ങളില്‍ നിന്ന് പൊറുക്കപ്പെടുന്നതാണ്. യഥാര്‍ത്ഥ ഈമാനോടെയും പ്രതിഫല പ്രതീക്ഷയോടെയും ലൈലത്തുല്‍ ഖദറില്‍ നമസ്‌കരിക്കുന്നവന്ന് അവന്റെ ഗതകാല പാപങ്ങളില്‍ നിന്ന് പൊറുക്കപ്പെടുന്നതാണ്. (ബുഖാരി, മുസ്ലിം)

‘ഹേ, നന്മയെ കൊതിക്കുന്നവനേ മുന്നോട്ടു വരുക, ഹേ, തിന്മയില്‍ രമിക്കുന്നവനേ, മതിയാക്കുക!’ എന്ന വാനലോകത്തു നിന്നെത്തിയ വിജയാഹ്വാനത്തെ നെഞ്ചില്‍ സൂക്ഷിച്ച് ഈ വിശുദ്ധ റമദാനിലെ നന്മകളെ വാരിയെടുക്കാന്‍ അധ്വാനിക്കാം. അല്ലാഹുവിന്റെ മുമ്പാകെ കരയുന്ന കണ്ണുകളും, ഉയരുന്ന കൈകളും, ദിക്‌റുകളുരുവിടുന്ന ചുണ്ടുകളുമായി ഹൃദയസാന്നിധ്യത്തോടെ കഴിയാന്‍ വ്രതനാളുകള്‍ നമുക്ക് അവസരമാകട്ടെ. സര്‍വ്വശക്തനായ നാഥന്‍ അതിന്ന് തൗഫീഖ് നല്‍കട്ടെ.