സാരസാഗരം

പ്രപഞ്ചം പുഞ്ചിരിച്ചു നില്‍ക്കുമ്പോള്‍ നമ്മള്‍ മാത്രമെന്തിന്‌…

By Admin

September 23, 2024

ദുനിയാവ് വളരെ മാറിയിരിക്കുന്നു.ജനങ്ങളുടെ അവസ്ഥക്കും മാറ്റം സംഭവിച്ചിട്ടുണ്ട്.മനുഷ്യ ഹൃദയങ്ങള്‍ അവിശ്വസനീയമാം വിധം വ്യത്യാസപ്പെട്ടിരിക്കുന്നു.ആരും പരസ്പരം കണ്ടുമുട്ടുന്നത് മുമ്പത്തേതു പോലെയല്ല; കൃത്രിമ മുഖഭാവത്തോടെയാണ്! എവിടേയും പ്രകാശമില്ലാത്ത മുഖങ്ങള്‍!പരസ്പരം ചിരിക്കുന്നുണ്ട്: ചിരിയില്‍ അല്‍പമാത്ര ആത്മാര്‍ത്ഥതപോലുമില്ല!മാസ്‌കിനു മേല്‍ മാസ്‌കണിഞ്ഞവര്‍!സന്ദര്‍ഭോചിതം എടുത്തണിയാന്‍ മാസ്‌കുകള്‍ വേറെയുമുണ്ട് കൈകളില്‍!എല്ലാവര്‍ക്കും ഫാഷനോടൊപ്പം സഞ്ചരിക്കാനാണിഷ്ടം;ഏറ്റവും പോപ്പുലറായ മാര്‍ക്കറ്റില്‍ മത്സരിക്കാന്‍. അതിന്, അവസരങ്ങള്‍ക്കനുയോജ്യമായ എല്ലാത്തരം വേഷങ്ങളും ആളുകള്‍ തയ്പ്പിച്ചു വെച്ചിട്ടുണ്ട്. എല്ലാം കാപട്യവും വഞ്ചനയും ചതിയും കളവും കൊണ്ട് തുന്നിയെടുത്തവ!

ഓരോ ദിവസവും മനുഷ്യരുടെ മുഖങ്ങളില്‍ പരതിനോക്കൂഒരു തരി പ്രകാശമെങ്കിലും തിളങ്ങിനില്‍ക്കുന്ന കണ്ണുകള്‍ കാണാന്‍,പ്രസന്നത തുളുമ്പി നില്‍ക്കുന്ന കവിളുകള്‍ കാണാന്‍,പുഞ്ചിരി വിടര്‍ന്നു നില്‍ക്കുന്ന ചുണ്ടുകള്‍ കാണാന്‍,നമുക്കാകില്ല. ഓരോരുത്തരും സ്വയം വരച്ച വര്‍ണ്ണച്ചിത്രത്തില്‍ ഭ്രമിച്ചു നില്‍ക്കുകയാണ്. യാഥാര്‍ത്ഥ്യങ്ങളില്‍ ജീവിക്കാന്‍ മറന്നു പോയിരിക്കുന്നു.

കവി ചുണ്ടുകളോട് ചോദിച്ചു:“പുഞ്ചിരിക്കുവാനെന്തേ നിങ്ങൾക്കു മടിയിത്ര?”അവ പറഞ്ഞു:“നെഞ്ചകം ചിരിച്ചാലേ ഞങ്ങൾ പുഞ്ചിരി തൂകൂ!”കവി പറഞ്ഞു:“പുഞ്ചിരിക്കുകിൽ നിങ്ങൾക്കെത്രമേൽ ചന്തം കാണാൻ!”അവ പറഞ്ഞു:“നെഞ്ചകം കൊതിക്കാത്തതെന്തിന്നു മോഹിക്കണം!”

അതെ, നമ്മുടെ ചുണ്ടുകളിൽ വിരിയുന്ന പുഞ്ചിരിപ്പൂക്കൾ നമ്മുടെ തന്നെ ഹൃദയവാടിയിൽ വിടർന്നു നിൽക്കുന്നതാകണംഅവിടെ വിടരാത്ത പൂക്കളൊന്നും നമ്മുടെ ചുണ്ടുകളിലും വിടരാറില്ല എന്നതാണ് സത്യം!

“പുഞ്ചിരി നെഞ്ചിലെ ശുദ്ധ സ്നേഹത്തിന്റെപൂക്കളാണന്യോന്യമേകിൻ” – എന്ന് കവി

പ്രമുഖ സ്വഹാബി അബൂ ദർ (റ) പ്രവാചകന്റെ ഒരു സാരോപദേശം പഠിപ്പിക്കുന്നുണ്ട്. തിരുമേനി (സ്വ) പറഞ്ഞു: “ഒരു നന്മയെയും ചെറുതായിക്കാണരുത്; നിന്റെ സഹോദരനെ പ്രസന്ന മുഖത്തോടെ കാണുന്നത് പോലും.” (മുസ്‍ലിം)

ജാബിർ ബിൻ അബ്ദില്ലാഹ് (റ) നിവേദനം. പ്രവാചകൻ (സ്വ) പറഞ്ഞു: “എല്ലാ നന്മയും സ്വദഖയാണ്. നിന്റെ സഹോദരനെ പ്രസന്ന വദനനായി സ്വീകരിക്കുന്നതും സ്വദഖയാണ്.” (തിർമിദി)

“നിന്റെ സഹോദരന്റെ മുഖത്തു നോക്കിയുള്ള നിന്റെ പുഞ്ചിരി സ്വദഖയാണ്.” എന്നും പ്രവാചകന്റെ മൊഴിയുണ്ട്. (അബൂ ദർ (റ) – തിർമിദി)

പരസ്പരമുള്ള പുഞ്ചിരി ഇന്ന് അന്യമാകുന്നുണ്ടെന്ന് തോന്നുന്നു. പക്ഷെ ആരും പുഞ്ചിരിക്കുന്നില്ലെന്നു പറഞ്ഞു കൂടാ! ഓരോരുത്തരുടെയും സെല്ഫിചിത്രങ്ങൾ കണ്ടു നോക്കൂ, എത്ര ഭംഗിയായിട്ടാണ് എല്ലാവരും പുഞ്ചിരിച്ചു നിൽക്കുന്നത്! മൊബൈൽ കാമറയ്ക്കു മുന്നിൽ തന്നെത്തന്നെ നോക്കി പുഞ്ചിരിച്ചു നിൽക്കുന്നവർ! പുഞ്ചിരിയെന്ന സ്വദഖ സഹോദരന്നല്ല, തനിക്കു തന്നെ വീതിച്ചു നൽകുന്നവർ!

സ്വന്തത്തെ നോക്കി ചിരിക്കാൻ അഭിനയം മതിയാകും. അതില്‍ ഹൃദയത്തിന് അദ്ധ്വാനമില്ല. സഹോദരനെ നോക്കി പുഞ്ചിരി തൂകാൻ ഹൃദയം കരുതണം. ആദ്യം അവിടം പുഞ്ചിരി വിടരണം.

അതിഥി സൽക്കാരത്തിൽ വിവിധ ഭക്ഷണങ്ങൾ നിരത്തി വെക്കുക എന്നതല്ല വിരുന്നുകാരെ സന്തോഷിപ്പിക്കുന്നത്; അവരെ സ്വീകരിക്കുമ്പോൾ നമ്മുടെ മുഖത്തു വിടരുന്ന പുഞ്ചിരിയും വെട്ടവുമാണ്.

“വിരുന്നിലെ വിഭവങ്ങളെക്കാൾ വിശിഷ്ടം, വിരുന്നുകാരനിലെ പ്രസന്നതയാണ്” എന്ന് മുമ്പുള്ളവർ പറയാറുണ്ട്; സത്യമാണത്!

മുഖത്ത് പുഞ്ചിരി പടരാൻ ഹൃദയത്തിൽ തെളിച്ചം വേണം. ഹൃദയത്തിലെ തെളിച്ചം കെടുത്തുന്ന കുറെ മാലിന്യങ്ങളുണ്ട്. അഹങ്കാരം, പക, അസൂയ, അത്യാഗ്രഹം, നിന്ദ, പരിഹാസം, സ്വാർത്ഥത… ഇനിയുമുണ്ട് പലതും .ഈ മാലിന്യങ്ങളെ സമയോചിതം കഴുകി മാറ്റുമ്പോൾ ഹൃദയം തിളങ്ങിത്തന്നെ നിൽക്കും. മുഖം അതിൽ നിന്ന് പ്രകാശമുൾക്കൊള്ളും. ആരെ നോക്കിയും പുഞ്ചിരി തൂകും.

പ്രവാചക ശ്രേഷ്ഠന്റെ മുഖമുദ്ര തന്നെ പ്രസന്നതയായിരുന്നു. അവിടുത്തെ കണ്ടവരാരും തിരുമേനിയെ മറന്നില്ല. അവിടുത്തോടൊപ്പം ചേർന്നിരുന്നവരാരും തിരുമേനിയെ വെടിഞ്ഞില്ല. എന്ത് കൊണ്ടെന്നാൽ അവിടുത്തെ ഹൃദയം അത്രമേൽ പവിത്രമായിരുന്നു. അല്ലാഹുവിൽ നിന്ന് ലഭിച്ച അനുഗ്രഹമായിരുന്നു അത്. ഖുർആനത് പറയുന്നുണ്ട്:

“(നബിയേ,) അല്ലാഹുവിങ്കല്‍ നിന്നുള്ള കാരുണ്യം കൊണ്ടാണ് നീ അവരോട് സൗമ്യമായി പെരുമാറിയത്. നീ ഒരു പരുഷസ്വഭാവിയും കഠിനഹൃദയനുമായിരുന്നുവെങ്കില്‍ നിന്റെ ചുറ്റില്‍ നിന്നും അവര്‍ പിരിഞ്ഞ് പോയിക്കളയുമായിരുന്നു.” (ആലുഇംറാന്‍/159)

“പ്രവാചകനെയെപ്പോഴും പുഞ്ചിരിച്ചേ കണ്ടിട്ടുളളു”വെന്ന് പ്രിയപത്‌നി ആയിഷ(റ) പറയുന്നുണ്ട്. “പ്രവാചകനെപ്പോലെ സദാ പുഞ്ചിരിതൂകുന്ന വേറൊരാളെ ഞാന്‍ കണ്ടിട്ടില്ല” എന്ന് പ്രമുഖ സ്വഹാബി അബ്ദുല്ലാഹിബ്‌നുല്‍ ഹാരിസ്(റ) പ്രസ്താവിച്ചിട്ടുണ്ട്. “ഞാന്‍ മുസ്ലിമായതിനുശേഷം, പുഞ്ചിരിയോടെയല്ലാതെ നബി(സ്വ) എന്നെ സ്വീകരിച്ചിരുന്നില്ല” എന്ന് ജരീര്‍ ബ്ന്‍ അബ്ദില്ല(റ) ഓര്‍ക്കുന്നുണ്ട്.

ദു:ഖങ്ങളോട് പൊരുതാനുള്ള ആയുധം. ഹൃദയങ്ങള്‍ തുറക്കാനുള്ള താക്കോല്‍. ബന്ധങ്ങള്‍ മുറുക്കാനുള്ള പാശം. ഹൃദയത്തിന് ആരോഗ്യം പകരുന്ന ഔഷധം. അതാണ് പുഞ്ചിരി.

പ്രപഞ്ചം മുഴുവന്‍ പുഞ്ചിരിച്ചു നില്‍ക്കുമ്പോള്‍ നമ്മള്‍ മാത്രമായിട്ടെന്തിന് മുഖം കറുപ്പിക്കണം. അല്ലാഹു പറഞ്ഞില്ലെ; മനുഷ്യരുടെ നേര്‍ക്ക് നീ (അഹങ്കാരത്തോടെ) നിന്റെ കവിള്‍ തിരിച്ചുകളയരുത്. (ലുഖ്മാന്‍/18)