സാരസാഗരം

ആ കതിരുകള്‍ നമ്മുടേതാണ്

By Admin

April 01, 2024

നോമ്പ് ഓരോ വ്യക്തിയേയും സംസ്‌കരിക്കുന്നു. ജീവിതത്തില്‍ മാറ്റങ്ങളുണ്ടാക്കുന്നു. അല്ലാഹുവുമായുള്ള ബന്ധത്തില്‍ ദൃഢത കൈവരുത്തുന്നു.

നോമ്പിലൂടെ സത്യവിശ്വാസിയിലുണ്ടാകുന്ന മാനസിക മാറ്റങ്ങളുടെ ഗുണങ്ങള്‍ അവനില്‍ മാത്രമായി ഒതുങ്ങുന്നില്ല. അത് താന്‍ ജീവിക്കുന്ന ചുറ്റുപാടുകളിലും സഹജീവികളിലും പ്രതിഫലിക്കും. നോമ്പുകാലം മനുഷ്യരെ തമ്മില്‍ അടുപ്പിക്കുന്ന കാലമാണ്. സഹജീവികളോടുള്ള ഉത്തരവാദിത്തങ്ങളെ ഓര്‍മ്മിപ്പിക്കുന്ന കാലമാണ്.

വിശപ്പും ദാഹവുമനുഭവിച്ച് ഒരുമാസക്കാലം ക്ഷമയോടെ ജീവിക്കുന്ന നോമ്പുകാരന്‍, മാസങ്ങളോളം വിശപ്പും ദാഹവുമായി കഴിയുന്ന ദരിദ്രരേയും അശരണരേയും പരിഗണിക്കാനും അവരുടെ ആവശ്യങ്ങളെ പരിഹരിക്കാനും പഠിക്കുകയാണ്.

നോമ്പുകാലം സ്വദഖകളുടെ, ദാനധര്‍മ്മങ്ങളുടെ കാലമാണ്. ‘ദാനം സമ്പത്തിനെ കുറയ്ക്കുകയില്ല, അതില്‍ അഭിവൃദ്ധിയുണ്ടാക്കുകയേ ഉള്ളൂ’ എന്ന് പ്രവാചക തിരുമേനി (സ്വ) പഠിപ്പിച്ചിട്ടുണ്ട്. ‘വെള്ളം അഗ്നിയെ കെടുത്തുന്നതുപോലെ സ്വദഖ പാപത്തെ കെടുത്തിക്കളയു’മെന്നും റസൂല്‍(സ്വ) പറഞ്ഞിട്ടുണ്ട്. ‘അലിവുള്ള ഹൃദയം വേണൊ, സാധുവിനെ ഭക്ഷിപ്പിക്കുകയും, അനാഥന്റെ ശിരസ്സു തലോടുകയും ചെയ്യുക’ എന്നും പ്രവാചക തിരുമേനി ഉപദേശിച്ചിട്ടുണ്ട്. ‘ഖിയാമത്തു നാളില്‍ അല്ലാഹുവിന്റെ വിചാരണകഴിയും വരെയും ഓരോ മനുഷ്യനും അവന്‍ നല്‍കിയ സ്വദഖയുടെ തണലിലായിരിക്കും’ എന്നും പ്രവാചക ശ്രേഷ്ഠന്‍ ഉണര്‍ത്തിയിട്ടുണ്ട്.

ക്വുര്‍ആന്‍ സത്യവിശ്വാസികളെ മൗലികമായി പഠിപ്പിക്കുന്ന കാര്യമാണ് ദാനധര്‍മ്മബോധം. അതിന്ന് ലഭിക്കുന്ന പ്രതിഫലത്തേക്കുറിച്ചും ബോധ്യപ്പെടുത്തുന്നുണ്ട്, ക്വുര്‍ആന്‍. സമ്പത്തെന്തും തന്റേതു മാത്രമാണ് എന്ന സ്വാര്‍ത്ഥ ചിന്തക്കപ്പുറം തന്റെ സമ്പത്തില്‍ സഹജീവികളില്‍ പലര്‍ക്കും അവകാശമുണ്ട് എന്ന വിശാല ചിന്തയിലേക്ക് വിശ്വാസികളെ വളര്‍ത്തുകയാണ് ഇസ്ലാം. അല്ലാഹു പറഞ്ഞത് ശ്രദ്ധേയമാണ്:

“രാത്രിയും പകലും രഹസ്യമായും പരസ്യമായും തങ്ങളുടെ സ്വത്തുക്കള്‍ ചെലവഴിച്ചു കൊണ്ടിരിക്കുന്നവര്‍ക്ക് അവരുടെ രക്ഷിതാവിങ്കല്‍ അവര്‍ അര്‍ഹിക്കുന്ന പ്രതിഫലമുണ്ടായിരിക്കുന്നതാണ്. അവര്‍ യാതൊന്നും ഭയപ്പെടേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല.” (അല്‍ബക്വറ: 274)

നബി(സ്വ) തികഞ്ഞ ദാനധര്‍മ്മിയായിരുന്നു. പാവപ്പെട്ടവരെയും, ആവശ്യക്കാരേയും, രോഗികളേയും കടബാധ്യതയുള്ളവരേയും കയ്യിലുള്ളതു കൊണ്ട് സഹായിക്കാന്‍ തുറന്ന മനസ്സുകാട്ടിയ മഹാമനസ്‌കരായിരുന്നു അവിടുന്ന്. മറ്റേതു മാസത്തേക്കാളും കൂടുതല്‍ ദാനധര്‍മ്മം ചെയ്യാന്‍ റമദാന്‍ മാസത്തെ നബി(സ്വ) ഉപയോഗപ്പെടുത്തിയിരുന്നു. അടിച്ചു വീശുന്ന കാറ്റിനേക്കാള്‍ വേഗത്തിലായിരുന്നു റമദാനിലെ പ്രവാചകന്റെ ദാനധര്‍മ്മങ്ങള്‍. ഇബ്‌നു അബ്ബാസ് നിവേദനം. നബ(സ്വ) ജനങ്ങളില്‍ ഏറ്റവും ഉദാരനായിരുന്നു. റമദാനില്‍ ജിബ്രീലുമായി സംഗമിക്കുമ്പോഴാണ്, അദ്ദേഹം അത്യുദാരനായിരുന്നത്. ജിബ്രീലാകട്ടെ റമദാനിലെ എല്ലാ രാവുകളിലും നബി(സ്വ)യുമായി കൂടിക്കാഴ്ച നടത്തുകയും ഖുര്‍ആന്‍ പാഠങ്ങളുടെ പരിശോധന നടത്തുകയും ചെയ്യുമായിരുന്നു. ജീബ്രീല്‍ വന്നു കാണുമ്പോഴൊക്കെ റസൂല്‍(സ്വ) അടിച്ചു വീശുന്ന കാറ്റിനേക്കാള്‍ ഉദാരനാകുമായിരുന്നു. (ബുഖാരി, മുസ്ലിം)

നമ്മള്‍ ആ തിരുനബിയുടെ അനുയായികളാണ്. ഈ റമദാനില്‍ നമ്മിലുമുണ്ടാകണം ആ ഗുണവും മേന്മയും. അല്ലാഹുവിന്റെ മാര്‍ഗ്ഗത്തിലുള്ള നിക്ഷേപമാണ് ദാനധര്‍മ്മം. നഷ്ടം വരാത്ത നിക്ഷേപം. പുണ്യം നേടാനുള്ള മാര്‍ഗ്ഗമാണ് സ്വദഖ. ഖുര്‍ആനത് പറഞ്ഞിട്ടുണ്ട്.

“നിങ്ങള്‍ ഇഷ്ടപ്പെടുന്നതില്‍ നിന്ന് നിങ്ങള്‍ ചെലവഴിക്കുന്നത് വരെ നിങ്ങള്‍ക്ക് പുണ്യം നേടാനാവില്ല. നിങ്ങള്‍ ഏതൊരു വസ്തു ചെലവഴിക്കുന്നതായാലും തീര്‍ച്ചയായും അല്ലാഹു അതിനെപ്പറ്റി അറിയുന്നവനാകുന്നു.” (ആലുഇംറാന്‍/92)

ദാനധര്‍മ്മത്തിന്റെ പ്രാധാന്യവും പ്രതിഫലവും വിശദീകരിച്ചു കൊണ്ട് അല്ലാഹു പറഞ്ഞു: “അല്ലാഹുവിന്റെ മാര്‍ഗത്തില്‍ തങ്ങളുടെ ധനം ചെലവഴിക്കുന്നവരെ ഉപമിക്കാവുന്നത് ഒരു ധാന്യമണിയോടാകുന്നു. അത് ഏഴ് കതിരുകള്‍ ഉല്‍പാദിപ്പിച്ചു. ഓരോ കതിരിലും നൂറ് ധാന്യമണിയും. അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഇരട്ടിയായി നല്‍കുന്നു. അല്ലാഹു വിപുലമായ കഴിവുകളുള്ളവനും (എല്ലാം) അറിയുന്നവനുമാണ്.” (അല്‍ബഖറ/261)

ഈ റമദാനില്‍ നമ്മുടെ ദാനധര്‍മ്മങ്ങള്‍ വിപുലമാകട്ടെ. അധീനതിയിലുള്ള നെല്ലറയില്‍ നിന്ന് ഉദാരതയുടെ ധാന്യമണികള്‍ വിളനിലങ്ങളിലേക്കൊഴുകട്ടെ. അവയില്‍ നിന്ന്‌ അനേകമനേകം കതിരുകള്‍ വളരട്ടെ. ഓരോ കതിരിലും ആയിരമായിരം ധാന്യമണികള്‍ നിറയട്ടെ. ഓര്‍ക്കുക; ആ കതിരുകള്‍ നമ്മുടേതാണ്. നാളെ പരലോകത്തേക്കുപകരിക്കുന്ന ധാന്യമണികളാണ് അതില്‍ നിറയെ.

ഉദാരനാകുമ്പോഴാണ് ഔന്നിത്യങ്ങളിലേക്കെത്താനാകുന്നത്! പിശുക്കന്റെ നെല്‍പ്പാടങ്ങളില്‍ നഷ്ടത്തിന്റെ കതിരുകളാണ് വിളയുക!!