ബിന്‍യാമീന്റെ ഭാണ്ഡത്തിലെ പാനപാത്രം പോലെ
15 July 2021 | സാരസാഗരം
ഇലാഹീ, ലബ്ബൈക്ക ചൊല്ലി ഞാനിതാ നിന്നിലേക്കെത്തിയിരിക്കുന്നു, എന്റെ ഹജ്ജിലും പ്രാര്‍ത്ഥനകളിലും നീ അനുഗ്രഹം ചൊരിഞ്ഞാലും. ഗദ്ഗദചിത്തനായിട്ടാണ് നിന്റെ മുന്നില്‍ ഞാന്‍ നില്‍ക്കുന്നത് നാഥാ! എന്റെ ദുഃഖങ്ങള്‍ക്കറുതി വരുത്തിയാലും, നിന്റെ ദാസനാണു ഞാന്‍: അഭിമാനമാണെനിക്കതില്‍, നിന്റെ അടിമയായിരിക്കെ ഞാനനുഭവിക്കുന്ന ഹൃദയാനന്ദം എത്രയാണെന്നൊ! നീയാണെന്റെ ആരാധ്യന്‍, അറിവും അനുഗ്രഹങ്ങളും പകര്‍ന്ന് എന്നിലെ ഹൃദയാനന്ദത്തിന് നിറവു നല്‍കിയാലും! കയ്യില്‍ മതിയായത്ര പാഥേയമില്ല, നിന്റെ ഔദാര്യത്തിലാണ് എന്റെ പ്രതീക്ഷ; നിന്റെ ഔദാര്യം കൊതിച്ചെത്തുന്നവന് നിരാശപ്പെടേണ്ടിവരില്ലെന്നറിയാം! ഇതാ, പ്രത്യാശയോടെ ഞാന്‍: പ്രാര്‍ത്ഥനകള്‍ സ്വീകരിച്ച്, പാപങ്ങള്‍ കഴുകിമാറ്റി നീയെനിക്ക് മനഃശ്ശുദ്ധി നല്‍കിയാലും!
പരിശുദ്ധ ഹജ്ജിന് ദിനങ്ങള്‍ മാത്രം ബാക്കി. ഈ മഹാമാരിക്കാലത്തും ലോകസ്രഷ്ടാവിന്റെ ആഹ്വാനം സ്വീകരിച്ച് പതിനായിരങ്ങള്‍ കഅബയിലേക്കും പരിസര മശാഇറുകളിലേക്കും യാത്രചെയ്‌തെത്തുകയാണ്. ഓരോ ഹാജിയുടേയും ഹൃദയം നിറയെ ആത്മീയാനുഭൂതിക്കു വേണ്ടിയുള്ള കൗതുകമാണ്. ഖല്‍ബില്‍ തക്വ് വയുടെ പാഥേയം നിറച്ചാണ് അവരുടെ വരവ്.
ജനങ്ങള്‍ക്കിടയില്‍ നീ ഹജ്ജിനെപ്പറ്റി വിളംബരം ചെയ്യുക. നടന്നുകൊണ്ടും, വിദൂരമായ സകല മലമ്പാതകളിലൂടെയും വരുന്ന എല്ലാ വിധ മെലിഞ്ഞ ഒട്ടകങ്ങളുടെ പുറത്ത് കയറിയും അവര്‍ നിന്‍റെയടുത്ത് വന്നു കൊള്ളും. (ഹജ്ജ്: 27)
വിദൂര ദിക്കുകളില്‍ നിന്ന് യാത്രചെയ്തെത്തേണ്ട ആരാധനയാണ് ഹജ്ജ്. യാത്ര ചെയ്തു കൊണ്ടേ നിര്‍വഹിക്കേണ്ട ആരാധന. ഒരിടത്ത് ഒതുങ്ങി നില്‍ക്കുന്നതല്ല ഹജ്ജിലെ മനാസികുകള്‍. മനുഷ്യ ജീവിതം പോലെയാണവ. ഒരു മുഅ്മിനിന്‍റെ ഐഹിക ജീവിതം എങ്ങനെയായിരിക്കണമെന്ന മാതൃക ഹജ്ജില്‍ നിന്ന് പഠിക്കാനാകും. ദുനിയാവില്‍ നീ ഒരു അപരിചിതനപ്പോലെ, അല്ലെങ്കില്‍ ഒരു വഴിപോക്കനെപ്പോലെ ജീവിക്കുക എന്ന പ്രവാചക മൊഴിയുടെ അര്‍ത്ഥവത്തായ അനുഭവം ലഭിക്കുന്നത് ഹജ്ജില്‍ നിന്നാണ്.
ശുഭ്രവസ്ത്രധാരികളായ ആയിരങ്ങള്‍ക്കിടയില്‍ ഒരപരിചിതനെപ്പോലെ നടക്കുകയാണ് ഹാജി. പലരേയുമറിയാം എന്നാല്‍ ആരേയുമറിയാത്ത പ്രതീതി! ദുനിയാവിന് എന്തുമാത്രം വിലയുണ്ടെന്നറിയാന്‍ ഒരു ഹാജിക്കാകും. ദുനിയാവിലെ ജീവിതം എന്തുമാത്രം വിലയുള്ളതാകണം എന്നും ഒരു ഹാജിക്കു മനസ്സിലാക്കാനാകും.
തന്നെ പടച്ചു പരിപാലിക്കുന്ന പ്രപഞ്ചനാഥന്റെ ആഹ്വാനം കേട്ടാണ് കഅബാലയവും പരിസരവും തല്‍ബിയത്തുകള്‍ മുഴക്കി ഹാജിമാരെത്തിയത്. അതൊരു ആദര്‍ശ ബാധ്യതയായി അവര്‍ ഹൃദയത്തിലുള്‍ക്കൊണ്ടു. അല്ലാഹു പറഞ്ഞില്ലെ: ''ആ മന്ദിര (കഅബാലയ) ത്തില്‍ എത്തിച്ചേരാന്‍ കഴിവുള്ള മനുഷ്യര്‍ അതിലേക്ക് ഹജ്ജ് തീര്‍ത്ഥാടനം നടത്തല്‍ അവര്‍ക്ക് അല്ലാഹുവോടുള്ള ബാധ്യതയാകുന്നു.'' (ആലുഇംറാന്‍: 97)
ഇസ്‌ലാമിന്റെ അഞ്ചു മൗലിക സ്തംഭങ്ങളില്‍ അഞ്ചാമത്തേതാണ് ഹജ്ജ്; അഥവാ അവസാനത്തേത്. മനുഷ്യന്റെ ഒടുക്കത്തേയും തുടക്കത്തേയും ഓര്‍മ്മപ്പെടുത്തുന്നൂ ഈ ആരാധന. മരണം അരികിലുണ്ടെന്നും ഒരു തുണ്ട് തുണിപോലും കൈവശമില്ലാതെ ജനിച്ചു വീണ താന്‍ തിരിച്ചു പോകുമ്പോള്‍ രണ്ടു കഷ്ണം തുണി മാത്രമേ തന്റെ കൂടെയുണ്ടാകൂ എന്നും വിശ്വാസിയെ ചിന്തിപ്പിക്കുന്നുണ്ട് ഹജ്ജ്.
ഹാജിമാര്‍ യാത്രചെയ്‌തെത്തുന്ന മശാഇറുകള്‍ പ്രവിശാലമായ മൈതാനങ്ങളാണ്. മയങ്ങാനും ഉറങ്ങാനും സമയം ധാരാളമാണ്. കളിക്കാനും ചിരിക്കാനും അവസരങ്ങള്‍ സുലഭം. പക്ഷെ, ഹജ്ജിലെ ഹാജിയുടെ ജീവിതം ആരാധനാ നിമഗ്നമാണ്. പ്രാര്‍ത്ഥനാ നിരതമാണ്. ഹൃദയം കഴുകി ശുദ്ധമാക്കുന്ന തിരക്കിലാണവന്‍. അല്ലാഹുവുമായി കൂടുതലടുത്ത് പുതിയൊരു ജീവിതത്തിലേക്ക് തയ്യാറെടുക്കുകയാണ്.
ജീവിതത്തിന്റെ ചിരകാലാഭിലാഷമായി തന്നില്‍ അവശേഷിച്ചിരുന്ന ഹജ്ജു നിര്‍ഹവണം സാധ്യമായതിന്റെ സംതൃപ്തിയിലും ആത്മനിര്‍വൃതിയിലുമായിരിക്കും ഓരോ ഹാജിയും ഹജ്ജിന്റെ മനാസികുകളിലോരോന്നിലും ചെലവഴിക്കുന്നുണ്ടാകുക. നിര്‍വഹിക്കുന്ന ആരാധനയുടെ ഓരോ വശവും പൂര്‍ണ്ണവും പുണ്യകരവുമായിത്തീരാന്‍ അതീവ ജാഗ്രതയിലായിരിക്കും അവര്‍. ഒന്നും നഷ്ടപ്പെടരുത്. ഒരു ഭാഗത്തും കുറവുണ്ടാകരുത്. ഹജ്ജിലെ ഒരൊറ്റ കര്‍മ്മവും അസ്വീകാര്യമായി തള്ളപ്പെടരുത്. 'പുണ്യകരമായിത്തീര്‍ന്ന ഹജ്ജിന് സ്വര്‍ഗ്ഗമല്ലാതെ മറ്റൊരു പ്രതിഫലമില്ല' എന്ന പ്രവാചക മൊഴിയുടെ വെളിച്ചത്തിലാണ് ഹജ്ജില്‍ ഹാജിമാരുടെ ഓരോ കാല്‍വെപ്പും.
മറ്റേതൊരു ആരാധനാ കര്‍മ്മത്തിലുമെന്നപോലെ ഹജ്ജു കര്‍മ്മത്തിലും തൗഹീദ് ഉള്‍ച്ചേര്‍ന്നും ഉണര്‍ന്നുമിരിക്കുന്നുണ്ട്. ഏകനായ നാഥനെ മാത്രം ആരാധിക്കാനായി ഭൂമിയില്‍ ആദ്യമായി നിര്‍മ്മിക്കപ്പെട്ട മന്ദിരമാണ് കഅബാലയം. തീര്‍ച്ചയായും മനുഷ്യര്‍ക്ക് വേണ്ടി സ്ഥാപിക്കപ്പെട്ട ഒന്നാമത്തെ ആരാധനാ മന്ദിരം ബക്കയില്‍ ഉള്ളതത്രെ. (ആലുഇംറാന്‍: 96) എന്ന് അല്ലാഹു പ്രസ്താവിക്കുന്നുണ്ട്.
ഹജ്ജിന്നായി ഇഹ്‌റാമില്‍ പ്രവേശിച്ചതു മുതല്‍ ഹാജിമാര്‍ ഉച്ചൈസ്തരം വിളിച്ചു പറയുന്ന തല്‍ബിയത്തിന്റെ പദങ്ങള്‍ ശ്രദ്ധിച്ചിട്ടില്ലെ? ലബ്ബൈകല്ലാഹുമ്മ ലബ്ബൈക്, ലബ്ബൈക ലാ ശരീക ലക ലബ്ബൈക്, ഇല്‍ ഹംദ വിഅ്മത്ത ലക വല്‍ മുല്‍ക്, ലാ ശരീക ലക്. മുവഹിദുകളായ ഹാജിമാരുടെ നിഷ്‌കളങ്കമായ ആദര്‍ശ പ്രഖ്യാപനമാണിത്. ആയിരമായിരം കണ്ഠങ്ങളില്‍ നിന്നാണ് ഈ ഉദ്‌ഘോഷണം അന്തരീക്ഷത്തില്‍ അലയടിക്കുന്നത്. അല്ലാഹുവേ, നിന്റെ വിളിക്ക് ഞാനിതാ ഉത്തരം നല്‍കുന്നു. നിനക്ക് പങ്കുകാരനില്ല. നിശ്ചയം എല്ലാ സ്തുതികളും നിനക്കാണ്. എല്ലാ അനുഗ്രഹങ്ങളും നിന്നില്‍ നിന്നാണ്. നിനക്കാണ് ആധിപത്യം. നിനക്ക് പങ്കുകാരനില്ലേയില്ല. ഈ പ്രഖ്യാപനം ഹജ്ജിലുടനീളമാണ് ഹാജിമാര്‍ മുഴക്കിക്കൊണ്ടിരിക്കുത്.
അബൂബക്കര്‍ സിദ്ധീഖ്(റ) നിവേദനം. നബ(സ്വ)യോട് ചോദിച്ചു: ഹജ്ജിലെ ഏറ്റവും ശ്രേഷ്ഠമായ സംഗതി ഏതാണ്? തിരുമേനി(സ്വ) പറഞ്ഞു: തല്‍ബിയത്ത് മുഴക്കലും ബലികര്‍മ്മം നിര്‍വഹിക്കലുമാണ്. (സ്വഹീഹുത്തിര്‍മിദി)
ജീവിത വിശുദ്ധിയാണ് ഹജ്ജിന്റെ സമ്മാനം. പാപങ്ങളകന്ന് ഹൃദയം ശുഭ്രവസ്ത്ര സമാനമാകുന്ന അവസ്ഥയിലേക്ക് ഹാജിക്ക് മാറാനാകുന്നൂ എന്നതാണ് ഹജ്ജുകൊണ്ടുള്ള അവന്റെ നേട്ടം. അല്ലാഹു അവന്ന് നല്‍കുന്ന അനുഗ്രഹമാണത്.
നിവേദനം: 'വല്ലവനും അല്ലാഹുവിന് വേണ്ടി ഹജ്ജ് ചെയ്തു. ഹജ്ജിലവന്‍ അനാവശ്യം പ്രവര്‍ത്തിച്ചില്ല. കുറ്റകരമായ പ്രവര്‍ത്തനങ്ങള്‍ ചെയ്തുമില്ല. എങ്കില്‍ സ്വന്തം മാതാവ് അവനെ പ്രസവിച്ച ദിവസത്തിലേതു പോലെ പരിശുദ്ധനായിക്കൊണ്ടാണ് അവന്‍ നാട്ടിലേക്ക് തിരിച്ചെത്തുന്നത്, എന്ന് നബി(സ) പറയുന്നത് ഞാന്‍ കേള്‍ക്കുകയുണ്ടായി എന്ന് അബൂഹുറയ്റ(റ) പ്രസ്താവിച്ചിട്ടുണ്ട്.
ഏറെ ചിന്തനീയമാണ് ഈ പ്രവാചക പ്രസ്താവന. ഏകദേശം ഒരു ഗര്‍ഭകാലത്തെ ഓര്‍മ്മിപ്പിക്കുന്നുണ്ട് ഹജ്ജിന്റെ ദിവസങ്ങള്‍! രണ്ടിലും നിഷ്‌കളങ്കനായ ഒരു ശിശുവിന്റെ ജനനമാണ് നടക്കുന്നത്! ജീവിതത്തിലെ യാത്രാമധ്യേ തന്നില്‍ അടിഞ്ഞുകൂടിയ കുറ്റങ്ങളെയും പാപങ്ങളേയും പശ്ചാത്താപ ജലംകൊണ്ട് കഴുകി മാറ്റിയും പടച്ചവനുമായുള്ള ബന്ധത്തെ സുദൃഢമാക്കിയും ധര്‍മ്മ നിഷ്ഠയെ ഹൃദയത്തിലേറ്റിയുമാണ് ഹജ്ജില്‍ നിന്നുള്ള ഹാജിയുടെ പുതിയ 'ജനനം'. ഗര്‍ഭപാത്രത്തില്‍ നിന്ന് വിവേകമില്ലാതെയാണ് മനുഷ്യന്‍ ജനിക്കുന്നത് എങ്കില്‍, പുര്‍ണ്ണമായ വിവേകത്തോടെയും ലക്ഷ്യബോധത്തോടെയുമാണ് ഒരു ഹാജിയുടെ പുതുജന്മം!
ഏകനായ അല്ലാഹുവിന്റെ ഏകത്വത്തെ പ്രഖ്യാപിച്ചു ശീലിച്ച ചുണ്ടുകള്‍. പരിശുദ്ധനായ റബ്ബിന്റെ മുമ്പാകെ പ്രാര്‍ത്ഥനക്കായുയര്‍ത്തിയ കരങ്ങള്‍. ദൈവ പ്രകീര്‍ത്തനങ്ങളാല്‍ പതം വന്ന കാതുകള്‍. പശ്ചാത്തപിച്ചു നിറഞ്ഞൊഴുകിയ കണ്ണുകള്‍. അല്ലാഹുവിനെ നിര്‍ലോപം വാഴ്ത്തിയ നാവ്. അവനെ ഓര്‍ത്തോര്‍ത്ത് വിനയം വന്ന മനസ്സ്. ദുനിയാവല്ല, പരലോക ജീവിതം തന്നെയാണ് വലുത് എന്ന് ബോധ്യം വന്നഹൃദയം. അങ്ങനെ ഒരുപാടൊരുപാട് കൈമുതലുകളുമായിട്ടാണ് ഹജ്ജില്‍ നിന്നുള്ള ഏതൊരു ഹാജിയുടെയും തിരിച്ചു വരവ്.
ഹാജിമാരേ, ഈ മണല്‍ക്കാട്ടില്‍ എന്നെ മാത്രം തനിച്ചാക്കിയാണൊ നിങ്ങള്‍ യാത്ര ചെയ്യുന്നത്! എങ്കിലും നിങ്ങള്‍ക്കു യാത്രാമംഗളങ്ങള്‍! യൂസുഫിന്റെ പാനപാത്രം ബിന്‍യാമീന്റെ ഭാണ്ഡത്തിലെന്ന പോലെ എന്റെ ഹൃദയം നിങ്ങളുടെ ഭാണ്ഡത്തോടൊപ്പമുണ്ട! ഓരോ സുജൂദിന്റെ മീഖാത്തിലും എന്റെ ഹൃദയം ഇഹ്‌റാമണിയുകയാണ് തല്‍ബിയത്തുരുവിടുകയാണ് ബൈത്തുല്‍ അത്വീഖിന്റെ മുറ്റത്ത് അത് ത്വവാഫ് ചെയ്യുകയാണ് സ്വഫയുടെയും മര്‍വയുടേയും കുന്നുകള്‍ കയറി സഅ്‌യിലാണത്, മിനയിലുണ്ട് എന്റെ ഹൃദയം അറഫയില്‍ കയ്യുയര്‍ത്തി നില്‍ക്കുന്നവരില്‍, മുസ്ദലിഫയില്‍ കല്ലുകള്‍ പെറുക്കുന്നവരില്‍, മിനയില്‍ ജംറകളിലെറിയുന്നവരില്‍ എന്റെ ഹൃദയമുണ്ട് സംസമിന്റെ കുളിര്‍ജലം മൊത്തി ദാഹം തീര്‍ക്കുകയാണത്.
