Logo

 

പള്ളിപ്പറമ്പില്‍ നിന്ന് തിരിച്ചു നടക്കുന്ന മയ്യിത്തുകള്‍

01 July 2021 | സാരസാഗരം

By

എന്റെ കൈകൊണ്ടാണ് അയാള്‍ക്ക് അവസാനജലം നല്‍കിയത്. ഞാന്‍ തന്നെയാണ് ശഹാദത്തിന്റെ പദങ്ങള്‍ കാതിലോതിക്കൊടുത്തത്. ഈ വിരലുകള്‍ കൊണ്ടാണ് ആ കണ്ണുകള്‍ തഴുകിയടച്ചത്. കുളിപ്പിച്ചതും കഫന്‍പുടവയണിയിച്ചതും ഞാന്‍ തന്നെയാണ്. ജനാസ നമസ്‌കാരത്തിന് ഇമാമിനു പുറകില്‍ രണ്ടാമതു ഞാനുണ്ടായിരുന്നു. മയ്യിത്തു കട്ടിലിന്റെ ഒരു പിടി എന്റെ ചുമലിലുമുണ്ടായിരുന്നു. അയാളെ ക്വബറിലേക്കിറക്കിയതും മൂടുകല്ലുവെച്ചതും മണ്ണിട്ടുമൂടിയതും ഈ കൈകള്‍ കൊണ്ടുതന്നെയായിരുന്നു. അയാള്‍ക്കായി തസ്ബീത്തു ചൊല്ലുമ്പോള്‍ കണ്ണുകള്‍ സജലങ്ങളായിരുന്നു. പള്ളിപ്പറമ്പില്‍ നിന്ന് തിരിച്ചു നടക്കുമ്പോള്‍ ഒരു മരണവും കണ്ടിട്ടില്ലാത്തതുപോലെ, ഒരു ജനാസയേയും അനുഗമിച്ചിട്ടില്ലാത്തതു പോലെ, ഒരു മയ്യിത്തിനേയും ഖബറടക്കിയിട്ടില്ലാത്തതുപോലെ, ഒരു മരണഭയവും മനസ്സിനെ മദിച്ചിട്ടില്ലാത്തതുപോലെ, ഒരാളുടെ വിയോഗത്തിലും കണ്ണിര്‍ പൊഴിച്ചിട്ടില്ലാത്തതു പോലെ വീണ്ടും ഞാന്‍ പഴയ മനുഷ്യനായി മാറിയിരിക്കുന്നു. ഹൃദയം നിറയെ ദുനിയാവുള്ള മനുഷ്യന്‍! അരികില്‍ മരണമുണ്ടെന്ന ബോധമില്ലാത്ത മനുഷ്യന്‍! ആര്‍ത്തിയും അസൂയയും കൊണ്ട് ഇരുള്‍ മൂടിയ മനുഷ്യന്‍! പകയുടെ അഹങ്കാരത്തിന്റെ പാമ്പുകളിഴയുന്ന ഹൃദയമുള്ള മനുഷ്യന്‍!

പ്രിയപ്പെട്ടവരേ, നമുക്കെന്നാണ് ഒരു മുഅ്മിനായ മനുഷ്യനാകാന്‍ കഴിയുക? വിവേകമുള്ള മുഅ്മിനായ മനുഷ്യന്‍! ആരാണ് ദീര്‍ഘവീക്ഷണമുള്ള ബുദ്ധിമാന്‍ എന്ന് പ്രവാചകന്‍(സ്വ) നമ്മെ പഠിപ്പിച്ചിട്ടുണ്ട്. ഇബ്നു ഉമര്‍(റ) പറഞ്ഞു: ഞാനൊരിക്കല്‍ അല്ലാഹുവിന്‍റെ റസൂലിന്നരികെ ഇരിക്കുകയായിരുന്നു. ആ സമയം അന്‍സ്വാറുകളില്‍ നിന്നുള്ള ഒരാള്‍ വന്നു കൊണ്ട് പ്രവാചകനോട് ചോദിച്ചു: റസൂലേ, വിശ്വാസികളില്‍ ആരാണ് ശ്രേഷ്ഠന്‍? തിരുമേനി(സ്വ) പറഞ്ഞു: "അവരിലെ ഏറ്റവും നല്ല സ്വഭാവനിഷ്ഠന്‍." അയാള്‍ ചോദിച്ചു: ആരാണ് വിശ്വാസികളിലെ ബുദ്ധിമാന്‍? അവിടുന്നു പറഞ്ഞു: "മരണത്തെ ധാരാളം ഓര്‍ക്കുകയും, മരണാനന്തര ജീവിതത്തിന് നന്നായി തയ്യാറാകുകയും ചെയ്യുന്നവര്‍; അവരാണ് വിശ്വാസികളിലെ ബുദ്ധിമാന്‍മാര്‍." (ഇബ്നുമാജ)

മരണ സ്മരണയേക്കാള്‍ മികച്ച മറ്റൊരു ഉപദേശകനെ മനുഷ്യന് ലഭിക്കാനില്ല എന്ന് ഇബ്നു മസ്ഊദ് (റ) പറഞ്ഞിട്ടുണ്ട്. അതിരുവിട്ട ആഹ്ലാദത്തില്‍ നിന്നും ആര്‍ത്തിപൂണ്ട അസൂയയില്‍ നിന്നും രക്ഷപ്പെടാന്‍ മരണചിന്ത ധാരാളം മതി എന്ന് അബുദ്ദര്‍ദാഅ് (റ) പ്രസ്താവിച്ചിട്ടുണ്ട്.

മുഅ്മിനിന്‍റെ ജീവിതത്തിന് അമൂല്യമായ മൂന്ന് ഗുണങ്ങള്‍ നല്‍കാന്‍ മരണചിന്തക്ക് സാധിക്കുമെന്ന് അബൂ അലി അദ്ദക്വാക്വ്(റ) വിശദീകരിച്ചിട്ടുണ്ട്. ഏതൊക്കെയാണ് ആ മുന്നൂ കാര്യങ്ങളെന്നൊ; ഒന്ന്, തെറ്റുകളിലകപ്പെട്ടാൽ ഉടന്‍ ഖേദിക്കാനും പശ്ചാത്തപിക്കാനുമുള്ള മനസ്സ്. രണ്ട്, ആരാധനാ കര്‍മ്മങ്ങളില്‍ ഹൃദയസാന്നിധ്യമേകുന്ന ഊര്‍ജ്ജസ്വലത. മൂന്ന്, അല്ലാഹുവില്‍ നിന്ന് ലഭിക്കുന്ന അനുഗ്രഹങ്ങളുടെ ചെറുപ്പ വലുപ്പം നോക്കാതെയുള്ള പൂര്‍ണ്ണമായ മനഃസംതൃപ്തി. ഒരു മുഅ്മിനിന്‍റെ പരലോക ജീവിതത്തെ ധന്യമാക്കുന്ന സുപ്രധാന സംഗതികളാണ് മേല്‍ പറയപ്പെട്ട മൂന്ന് ഗുണങ്ങളും.

മഹാനായ താബിഈ ഹസനുല്‍ ബസ്വരി(റ) മനുഷ്യരെ സംബന്ധിച്ച് വളരെ ശ്രേദ്ധേയമായ വിശകലനം നടത്തിയിട്ടുണ്ട്. അദ്ദേഹം പറഞ്ഞു: 'ഹേ, ആദം പുത്രാ! ഇന്നലെ നീ വെറുമൊരു ഇന്ദ്രിയത്തുള്ളിയായിരുന്നു. നാളെ നീ വെറും മൃതദേഹമായി മാറും. മനസ്സിന് രോഗം ബാധിച്ചവനാണ് യഥാര്‍ത്ഥ രോഗി. പാപങ്ങളാല്‍ മലിനമാകാത്തവനാണ് പരിശുദ്ധന്‍. നിങ്ങളില്‍ കൂടുതല്‍ പരലോക ചിന്തയുള്ളവന്നാണ് ദുനിയാവിനെ മറന്ന് കൊണ്ട് ജീവിക്കാനാകുക. എന്നും ദുനിയാവിനെ മാത്രം ഓര്‍ത്ത് കഴിയുന്നവന്‍ പരോലകത്തെ മറക്കുന്നവനായിരിക്കും. തിന്മകളില്‍ നിന്ന് സ്വന്തം മനസ്സിനെ പിടിച്ചു നിര്‍ത്തുക; എങ്കിലാണ് ഇബാദത്തുകളില്‍ കൃത്യനിഷ്ഠ കാണിക്കുന്നവരില്‍ ഉള്‍പ്പെടാന്‍ നിനക്കാകുക. നിഷിദ്ധങ്ങളെ കണ്ടറിഞ്ഞ് അവയില്‍ നിന്ന് മാറിനില്‍ക്കുന്നവനാണ് യഥാര്‍ത്ഥ ദീര്‍ഘവീക്ഷകന്‍. അന്ത്യനാളിനെ സദാ ഓര്‍ക്കുകയും കണിശമായ വിചാരണയെ മറക്കാതിരിക്കുകയും ചെയ്യുക, എങ്കില്‍ നീയാണ് ബുദ്ധിമാന്‍.'

മരണം മുമ്പത്തേതു പോലെത്തന്നെയാണ് നമുക്കു ചുറ്റും നടക്കുന്നത്. പക്ഷെ, മുമ്പത്തേക്കാള്‍ മരണം നടക്കുന്നു എന്ന ചിന്ത നമുക്കിന്നില്ലെ? മരണവാര്‍ത്തകള്‍ അത്രമാത്രം നമ്മളിന്ന് കേള്‍ക്കുകയും വായിക്കുകയും ചെയ്യുന്നൂ എന്നതു കൊണ്ടാണ് പ്രസ്തുത ചിന്ത. ഈ കുറിപ്പ് വായിക്കുന്നതിനിടക്ക് എത്രയോ മരണങ്ങളറിഞ്ഞ് നമ്മള്‍ ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊന്‍ എന്ന് ചൊല്ലിക്കാണണം! വാട്‌സാപ്പിന്റെയും ഫേസ്ബുക്കിന്റെയും കൊമന്റ് ബോക്‌സുകളില്‍ ഇസ്തിര്‍ജാഇന്റെ പദങ്ങള്‍ എത്ര പ്രാവശ്യം നാം ടൈപ്പു ചെയ്തിരിക്കും! ഞങ്ങള്‍ അല്ലാഹുന്നുള്ളവരാണ്, ഞങ്ങള്‍ അവനിലേക്കു തന്നെ മടങ്ങുന്നവരുമാണ് എന്നതാണ് ഇസ്തിര്‍ജാഇന്റെ ആശയം. പ്രിയപ്പെട്ടവരേ, ഒരാളുടെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തുന്നു എന്നതല്ല നാം ചൊല്ലുന്ന ഇന്നാലില്ലാഹി... മറിച്ച്, എനിക്കു വേണ്ടി ഏതു സമയത്തും മറ്റുള്ളവര്‍ ഇന്നാലില്ലാഹി ചൊല്ലാം എന്ന് സ്വന്തത്തെ ഓര്‍മ്മപ്പെടുത്തലാണത്.

വേണ്ടപ്പെട്ടവരെ ക്വബറടക്കി വിതുമ്പി നിന്നവര്‍ പള്ളിക്കാടു വിടുമ്പോള്‍ എല്ലാം മറക്കുകയാണ്. പിണങ്ങി നിന്ന സഹോദരന്മാര്‍ പിണങ്ങിത്തന്നെയാണ് മഖ്ബറയില്‍ നിന്നുമിറങ്ങുന്നത്. ക്വബറടക്കം കഴിഞ്ഞ് പള്ളിപ്പറമ്പില്‍ നിന്ന് തിരിച്ചു നടക്കുന്ന മയ്യിത്തുകള്‍! ജനാസയെ വീട്ടില്‍ നിന്നിറക്കുവോളം കരഞ്ഞു കണ്ണീര്‍ ചൊരിഞ്ഞ അമ്മായിയും മരുമകളും, നാത്തൂനും നാത്തൂനും, പഴയതു പോലെ പിണക്കത്തില്‍ത്തന്നെയാണ്. അയാല്‍വാസിയും അയല്‍വാസിയും പിണങ്ങിത്തന്നെയാണ് മരണവീട്ടില്‍ നിന്നും പിരിഞ്ഞു പോകുന്നത്. പലരും ദുനിയാവിന്റെ ചന്തത്തിലേക്ക് ഊളിയിടുന്നു. മനുഷ്യന്‍ എത്രപെട്ടെന്നാണ് മരണത്തെ, മരണത്തിന്റെ ഗന്ധത്തെ മറക്കുന്നത്! മരണം നല്‍കുന്ന പാഠങ്ങളില്‍ മനുഷ്യന്റെ മനസ്സുടക്കാത്തതെന്തുകൊണ്ടാണ്! ഇന്നലെ തന്റെ കൈകൊണ്ട് മൂടിയ ക്വബറിന്നരികിലൂടെ നടന്നു പോകുമ്പോള്‍ പോലും അധികപേര്‍ക്കും വിങ്ങലനുഭവപ്പെടുന്നില്ല! അത്ഭുതം തന്നെ!

ഇവിടെയാണ്, മഹാനായ സ്വഹാബി ഉസ്മാന്‍ ബ്ന്‍ അഫ്ഫാനിന്റെ ചരിത്രം പ്രസ്താവ്യമാകുന്നുത്. ഹാനിഅ്(റ) നിവേദനം ചെയ്യുന്നു. ഏതൊരു ക്വബറിന്നരികില്‍ നിന്നാലും ഉസ്മാന്‍(റ) കരയുമായിരുന്നു. കണ്ണീര്‍കണങ്ങളാല്‍ അദ്ദേഹത്തിന്റെ താടിരോമങ്ങള്‍ നനഞ്ഞു കുതിരുമായിരുന്നു. ഇപ്രകാരം കണ്ടപ്പോള്‍ അദ്ദേഹത്തോട് ഒരിക്കലൊരാള്‍ ചോദിച്ചു: സ്വര്‍ഗ്ഗ നരകങ്ങളെപ്പറ്റി കേള്‍ക്കുമ്പോള്‍ താങ്കള്‍ കരയുന്നത് ഞങ്ങള്‍ കണ്ടിട്ടില്ല. എന്നാല്‍ ഏതൊരു ക്വബറിന്നരികിലെത്തിയാലും ഇത്രമാത്രം താങ്കളെ കരയിപ്പിക്കുന്നതെന്താണ്? അദ്ദേഹം പറഞ്ഞു: അത് മറ്റൊന്നു കൊണ്ടുമല്ല. പ്രവാചകന്‍(സ്വ) പറയുകയുണ്ടായി; ആഖിറത്തിലേക്കുള്ള പലഘട്ടങ്ങളില്‍ ഒന്നാമത്തെ ഘട്ടമാണ് ക്വബര്‍. അതില്‍ വിജയിക്കാനായാല്‍ അതിനേക്കാള്‍ സുഗമമായ വേറൊരു ഘട്ടമില്ല. അതില്‍ വിജയിക്കാനായില്ലെങ്കില്‍ അതിനേക്കാള്‍ പ്രയാസകരമായ വേറൊരു ഘട്ടവുമില്ല. ക്വബറിനേക്കാള്‍ ഭീതിതമായ മറ്റൊരു ദൃശ്യവും ഞാന്‍ കണ്ടിട്ടില്ല എന്നും നബി തിരുമേനി(സ്വ) അരുളിയിട്ടുണ്ട്. അങ്ങനെയിരിക്കെ, ക്വബര്‍ കാണുമ്പോള്‍ ഞാനെങ്ങനെ കരയാതിരിക്കും?!

പ്രിയപ്പെട്ടവരെ, നിരന്തരം കാണുകയും കേള്‍ക്കുകയും ചെയ്യുന്ന മരണത്തെ മറഞ്ഞിരിക്കുന്ന അധ്യാപകനായി സ്വീകരിക്കുക. അതു നല്‍കുന്ന പാഠങ്ങളെ ജീവിതത്തിന്റെ ഗതിയില്‍ ഗുണപരമായ മാറ്റങ്ങള്‍ക്കായി ഉള്‍ക്കൊള്ളുക. പലരിലേക്കും കടന്നുചെല്ലുന്നതുപോലെ ഒരുനാള്‍ നമ്മളിലേക്കും മരണം കടന്നുവരും. ഹൃദയം ശുദ്ധമാക്കിനിര്‍ത്തുക. അന്ധവിശ്വാസങ്ങളില്ലാത്ത, അഹങ്കാരങ്ങളില്ലാത്ത, പകയും പോരുമില്ലാത്ത, അസൂയയും ആര്‍ത്തിയുമില്ലാത്ത, ദുനിയാവിന്റെ ആലസ്യത്തിലമരാത്ത ശുദ്ധമായ ഹൃദയം. അല്ലാഹു പറഞ്ഞത് സദാ ഓര്‍മ്മയിലിരിക്കട്ടെ: “സ്വത്തോ സന്താനങ്ങളോ പ്രയോജനപ്പെടാത്ത ഒരു ദിവസം. കുറ്റമറ്റ ഹൃദയവുമായി അല്ലാഹുവിങ്കലേക്ക് ചെന്നവര്‍ക്കൊഴികെ.” (ശൂറ: 88, 89)

“എന്റെ ക്വബറിന്നരികിലൂടെ നടന്നു പോകുന്ന എന്റെ കുടുംബക്കാര്‍; അവര്‍ക്കെന്നെ അറിഞ്ഞു കൂടത്രെ! അനന്തരാവകാശികള്‍ എന്റെ ധനം വീതംവെക്കുന്ന തിരക്കിലാണ്, എന്റെ കടബാധ്യതകള്‍ അവരെ അലോസരപ്പെടുത്തുന്നില്ല! ഓരോരുത്തരും അവരവരുടെ വിഹിതവുമായി ജീവിതത്തിലേക്ക് തിരിച്ചിരിക്കുന്നു; യാ അല്ലാഹ്! എത്ര വേഗത്തിലാണ് അവരെന്നെ മറന്നു കളഞ്ഞത്!”


Tags :


mm

Admin