സാരസാഗരം

ജീവനും ജീവിതത്തിനും സ്വര്‍ണ്ണത്തേക്കാള്‍ വിലയുണ്ട്‌

By Admin

December 16, 2023

“മഹറണിഞ്ഞു മണിയറകൂടാന്‍ മനസ്സുനിറയെ മോഹംപേറീ, കഫനണിഞ്ഞു ഖബറിന്നുളളില്‍ പാര്‍ക്കാനായ് അവളും പോയി!”

150 പവന്റെ വിലയില്ലാത്ത ജീവന്‍! 15 ഏക്കര്‍ സ്ഥലത്തിന്റെ വിലയില്ലാത്ത ജീവന്‍! ഒരു ബി.എം.ഡബ്ല്യു കാറിന്റെ വിലയില്ലാത്ത ജീവന്‍!

ജീവനേക്കാള്‍ വില സ്വര്‍ണ്ണത്തിനും സ്വത്തിനും വാഹനത്തിനുമാണെന്ന്, മൈന്റ് സെറ്റ് ചെയ്തുവെച്ച തലമുറ ഇനിയും കുറ്റിയറ്റുപോയിട്ടില്ല എന്നതാണ് സമൂഹത്തിന്റെ ദുരന്തം!

അവന്ന് അവളെ ജീവനായിരുന്നുവത്രെ! അവള്‍ക്കും അവനെ ജീവനായിരുന്നവത്രെ! പക്ഷെ, വിവാഹത്തിലേക്കു വന്നപ്പോള്‍ അവളെന്ന ജീവനേക്കാള്‍ അവന്നു ജീവനായിത്തോന്നിയത് പണവും പണ്ടവും വാഹനവുമൊക്കെയായി!!

സര്‍വ്വതും കച്ചവടവും ലാഭവും വിലപേശലുമൊക്കെയായിത്തീര്‍ന്ന ഈ കാലത്ത്, ജീവനും ജീവിതവും സ്‌നേഹവും ദാമ്പത്യവുമൊക്കെ കമ്പോളക്കണ്ണിലൂടെ കാണാനാണ് ദുരമൂത്ത ജന്മങ്ങള്‍ക്ക് താത്പര്യം!

സ്ത്രീധനത്തുകക്ക് ദുശ്ശാഠ്യം പിടിച്ച ഡോക്ടര്‍ക്കു മാത്രമല്ല ജീവന്റെ വിലയറിയാതെ പോയത്! ദുരമൂത്ത ആ ആര്‍ത്തിപ്പണ്ടാരത്തിന്റെ സ്ത്രീധന മോഹത്തിനുമുന്നില്‍ ജീവിതം ഹോമിച്ച സഹോദരിക്കും ജീവന്റെ വിലയറിയാതെ പോയി!!

അവള്‍ക്കതറിയാമായിരുന്നെങ്കില്‍ അവന്റെ ആര്‍ത്തിക്കുമേല്‍ കാര്‍ക്കിച്ചു തുപ്പിയും, തന്റെ ജീവനെ ആദരിച്ചും വിലമതിച്ചും മറ്റൊരു പ്രതീക്ഷയിലേക്ക് അവള്‍ ഉയരുമായിരുന്നു. അവളെപ്പോലുള്ള അനേക സഹോദരിമാര്‍ക്ക് അതൊരു ഊര്‍ജ്ജമാകുമായിരുന്നു. അവനെപ്പോലുള്ള ആര്‍ത്തിപ്പണ്ടാരങ്ങള്‍ക്ക് അതൊരു പാഠമാകുമായിരുന്നു! എന്തു ചെയ്യാം; സഹോദരിയുടെ ജീവനഷ്ടം മറ്റു പല സാമൂഹ്യ നേട്ടങ്ങളുടേയും നഷ്ടങ്ങള്‍ക്കു കാരണമായി!

എന്തിനാണവര്‍ ജീവഹാനി ചെയ്തത്? തന്നെ വളര്‍ത്തി വലുതാക്കിയ, ഡോക്ടര്‍ പദവിയിലേക്ക് പ്രയാസപ്പെട്ടുയര്‍ത്തിയ തന്റെ കുടുംബാംഗങ്ങള്‍ക്ക് എന്തു സന്ദേശമാണ് അവര്‍ നല്‍കിയത്? അന്യ ജീവന്റെ വിലമനസ്സിലാക്കിയ ഒരു ഡോക്ടറെന്ന നിലയ്ക്ക് സ്വന്തം ജീവന്റെ വില മനസ്സിലാക്കാന്‍ കഴിയാതെ പോയത് എന്തുകൊണ്ടാണ്? “I shall never intentionally do or administer anything to the overall harm of my patients” എന്ന മെഡിക്കല്‍ എത്തിക്‌സിലെ പ്രതിജ്ഞ ചെയ്ത അവര്‍ക്ക്, സ്വന്തത്തോട് ദ്രോഹം ചെയ്യാന്‍ മനസ്സുവന്നത് എങ്ങനെയാണ്? സ്ത്രീധനമെന്ന സാമൂഹ്യ ദുരാചാരത്തിനെതിരിലുള്ള പ്രതിഷേധമായി തന്റെ ആത്മഹത്യയെ സമര്‍പ്പിക്കുകയായിരുന്നൊ അവര്‍? എങ്കില്‍ അവര്‍ക്ക് തെറ്റിയില്ലെ? ആത്മത്യാഗത്തിനു പോലും അതിന്റേതായ രീതിശാസ്ത്രമുണ്ട്. തന്നെ ബാധിക്കുന്നതൊ ജനത്തെ ബാധിക്കുന്നതൊ ആയ സാമൂഹ്യ ദുരാചാരങ്ങള്‍ക്കും അത്യാചാരങ്ങള്‍ക്കും എതിരെ ജീവിതത്തെ ബലിനല്‍കിയവര്‍ പോരാടി നിന്നാണ് അവരുടെ ലക്ഷ്യം കണ്ടിട്ടുള്ളത്. ഇവരുടേത് പ്രതിഷേധം പോലുമല്ല; ആത്മസംഘര്‍ഷങ്ങള്‍ നല്‍കിയ അനസ്‌തേഷ്യയില്‍ നിന്നു സംഭവിച്ച അവിവേകമാണ്. അത് വേണ്ടായിരുന്നു!

ഇവിടെ ഇസ്ലാമിനു വിശ്വാസികളോട് പറയാന്‍ സുപ്രധാനമായ ചിലകാര്യങ്ങളുണ്ട്. പ്രപഞ്ച നാഥന്‍ നല്‍കിയ ജീവന്‍ പവിത്രമാണ്. ദുനിയാവിലേക്ക് ജനിച്ചു വീഴുന്ന ഓരോ മനഷ്യന്നും, അല്ലാഹു ലക്ഷ്യവും ധര്‍മ്മവും നിശ്ചയിച്ചിട്ടുണ്ട്. ഭൗതിക ജീവിതം ഹൃസ്വമെങ്കിലും കര്‍മ്മങ്ങള്‍ കൊണ്ടും ധര്‍മ്മങ്ങള്‍കൊണ്ടും ധന്യമാക്കാനാകണം മനുഷ്യന്റെ ശ്രമങ്ങള്‍ മുഴുവനും. ജീവിതം സന്തോഷങ്ങള്‍ മാത്രമല്ല; നീറ്റുന്ന സന്താപങ്ങള്‍ നിറഞ്ഞ പരീക്ഷണങ്ങളും അതിലുണ്ട്. തികഞ്ഞ ദൈവബോധവും അല്ലാഹുവിന്റെ കാരുണ്യത്തിലുള്ള ആശ്രയ മനോഭാവവും, അവനില്‍ ജീവിതത്തിന്റെ ഭരമേല്‍പ്പിക്കാനുള്ള സന്നദ്ധതയും മൗലിക ഗുണമായി സ്വീകരിച്ചിട്ടുള്ള സത്യവിശ്വാസികളുടെ മനസ്സില്‍ നിരാശ ചേക്കേറുന്ന അവസ്ഥയുണ്ടാകില്ല. ജീവിതത്തെ സ്വയം മരണത്തലേക്ക് തള്ളിവിടുന്ന ദുരവസ്ഥയുമുണ്ടാകില്ല. ഗുണമാകട്ടെ പരീക്ഷണമാകട്ടെ തന്നില്‍ സംഭവിക്കുന്നതെല്ലാം ദൈവഹിതമനുസരിച്ചു മാത്രമാണെന്നു മനസ്സിലാക്കി, ഗുണങ്ങളില്‍ അല്ലാഹുവിനെ സ്തുതിക്കുകയും പരീക്ഷണങ്ങളില്‍ ക്ഷമിക്കുകയും ചെയ്യുന്ന മനോഗതി സത്യവിശ്വാസികളുടേത് മാത്രമാണ്.

ആത്മഹത്യ പാപമാണെന്നും അതിന്റെ അനന്തരഫലം കഠിനമാണെന്നും വിശ്വാസികളെ ഇസ്ലാം കണിശമായി പഠിപ്പിക്കുന്നുണ്ട്. അല്ലാഹു പറഞ്ഞു:

നിങ്ങള്‍ നിങ്ങളെത്തന്നെ കൊലപ്പെടുത്തരുത്. തീര്‍ച്ചയായും അല്ലാഹു നിങ്ങളോട് കരുണയുള്ളവനാകുന്നു. ആരെങ്കിലും അതിക്രമമായും അന്യായമായും അങ്ങനെ ചെയ്യുന്ന പക്ഷം നാമവനെ നരകാഗ്‌നിയിലിട്ട് കരിക്കുന്നതാണ്. അത് അല്ലാഹുവിന് എളുപ്പമുള്ള കാര്യമാകുന്നു. (അന്നിസാഅ്: 29)

ഏത് പ്രതിസന്ധിയിലും സ്വന്തത്തെ കൊല്ലരുതെന്ന് ഉപദേശിക്കുന്ന അല്ലാഹു, നമുക്ക് നല്‍കുന്ന സാന്ത്വനമാണ് “തീര്‍ച്ചയായും അല്ലാഹു നിങ്ങളോട് കരുണയുള്ളവനാകുന്നൂ” എന്ന വാഗ്ദാനം. ആ വാഗ്ദാനത്തെ വിലയ്‌ക്കെടുത്തും ഏത് പ്രതിസന്ധിയിലും സ്വന്തത്തെ കൊല്ലരുതെന്ന് ഉപദേശിക്കുന്ന അല്ലാഹു നമുക്ക് നല്‍കുന്ന സാന്ത്വനമാണ് തീര്‍ച്ചയായും അല്ലാഹു നിങ്ങളോട് കരുണയുള്ളവനാകുന്നൂ എന്ന വാഗ്ദാനം. ആ വാഗ്ദാനത്തെ വിലയ്‌ക്കെടുത്തും പ്രതീക്ഷിച്ചും ജീവിക്കാനായാല്‍ ഒരാളും കഴുത്തില്‍ കുരുക്കുമുറുക്കില്ല. അല്ലാഹുവിന്റെ ശിക്ഷയിലേക്ക് സ്വയം ചെന്നുകയറുകയുമില്ല. അതില്‍ പ്രതീക്ഷവെച്ചും ജീവിക്കാനായാല്‍ ഒരാളും കഴുത്തില്‍ കുരുക്കുമുറുക്കില്ല. അല്ലാഹുവിന്റെ ശിക്ഷയിലേക്ക് സ്വയം ചെന്നുകയറുകയുമില്ല.

അല്ലാഹു ദാനമായി നല്‍കിയ നമ്മുടെ ജീവന് വിലയുണ്ട്. അളക്കാനാകാത്ത വില. ഭൗതികമായ ആഗ്രഹങ്ങളും ആവശ്യങ്ങളും ലഭിക്കാതെ പോകുമ്പോള്‍ നിലച്ചു പോകേണ്ടതല്ല അത്. ലഭിക്കാവുന്ന ആഗ്രഹങ്ങളിലേക്കും ആവശ്യങ്ങളിലേക്കും ആവേശത്തോടെ മുന്നേറാന്‍ നമ്മടെ ജീവന്‍ ജ്വലിച്ചു നില്‍ക്കണം. അതിന്നുവേണ്ടിയുള്ള ഈമാനിക പ്രസരിപ്പ് നമ്മുടെ ഹൃദയങ്ങള്‍ക്കുണ്ടാകണം. പരലോകത്തു മാത്രം സംതൃപ്തമായ നിലയില്‍ സമ്പൂര്‍ണ്ണമാകേണ്ട നമ്മുടെ ജീവിതത്തെ കെടാതെ സംരക്ഷിക്കാന്‍ നമുക്കാകണം. അതിന്ന് തൗഫീഖ് നല്‍കുന്നവന്‍ കാരുണ്യവാനായ അല്ലാഹുവാണ്. അവനില്‍ പ്രാര്‍ത്ഥിച്ചു ജീവിക്കുക; ഹൃദയാഹ്ലാദത്തോടെ!