വിശ്വസ്തത അഴകാണ്, വഞ്ചന അഴുക്കാണ്
31 January 2024 | സാരസാഗരം
“വാഗ്ദാനം എളുപ്പമാണ്,
വഞ്ചന അതിലും എളുപ്പമാണ്;
കരാറുപാലനമാണ് പ്രയാസം!”
“നിന്റെ വഞ്ചനയെ എനിക്ക് പൊറുക്കാനാകും, പക്ഷെ, മറക്കാനാകില്ല.”
“സുമുഖനെ വിരൂപനാക്കുന്നത് അവനിലെ വഞ്ചനയാണ്.”
“വഞ്ചനയുടെ കറ കഴുകി മാറ്റാന്‍ കണ്ണീരിനുമാകില്ല, ഖേദത്തിനുമാകില്ല.”
“വഞ്ചനയെക്കുറിച്ച് ചോദിക്കരുത്; അതിനെ വിശദീകരിക്കാന്‍ എന്റെ കയ്യില്‍ വാക്കുകളില്ല.”
“ഓരോ വഞ്ചകനും താന്‍ ചെയ്തത് ശരിയാണെന്ന് സ്വയം ബോധ്യപ്പെടുത്താന്‍ ആയിരമായിരം ഒഴികഴിവുകള്‍ സ്വയം സൃഷ്ടിക്കും.”
വഞ്ചനയെക്കുറിച്ചുള്ള ചില ആപ്തവചനങ്ങളാണ് മുകളില്‍ വായിച്ചത്.
ഇസ്ലാം പരസ്പര സ്‌നേഹത്തിനും വിശ്വസ്തതയ്ക്കും വാക്കുപാലനത്തിനും അതീവ പ്രാധാന്യം നല്‍കിയിട്ടുള്ള മതമാണ്. സാമൂഹ്യജീവിതത്തില്‍ വ്യക്തികള്‍ക്കിടയില്‍ കെട്ടുറപ്പും സമാധാനവും നിര്‍മ്മിക്കുന്നതില്‍ ഈ മാനുഷിക ഗുണങ്ങള്‍ക്ക് വലിയ പങ്കുണ്ട്. വിശ്വസ്തതയുടെ നേര്‍ വിപരീതമാണ് വഞ്ചന എന്നത്. അതൊരു ദുര്‍ഗ്ഗുണമാണ്. മനുഷ്യനും മനുഷ്യനും തമ്മില്‍ വന്നുചേരേണ്ട സകല നന്മകളേയും വഞ്ചന എന്ന ദുര്‍ഗ്ഗുണം നശിപ്പിച്ചു കളയും. വ്യക്തിബന്ധങ്ങളും കുടുംബ ബന്ധങ്ങളും കച്ചവട ബന്ധങ്ങളുമെല്ലാം സ്വസ്ഥവും ഭദ്രവുമായ അടിത്തറയില്‍ നീങ്ങുന്നത് ജീവിതത്തില്‍ നമ്മളൊക്കെ പാലിച്ചുപോരുന്ന വിശ്വസ്ത എന്ന സല്‍ഗുണത്താലാണ്. വഞ്ചന ഈ അടിത്തറയെയാണ് തകര്‍ത്തു കളയുന്നത്.
ഇസ്ലാം സത്യവിശ്വാസികളോട് താക്കീതു ചെയ്തിട്ടുളള കാര്യമാണ് വഞ്ചന അരുത് എന്നത്. കപടവിശ്വാസികളുടെ ലക്ഷണങ്ങളായി പ്രവാചകന്‍(സ്വ) പ്രത്യേകം പറഞ്ഞ മൂന്നു കാര്യങ്ങളുണ്ട്.
അബൂഹുറയ്‌റ(റ) നിവേദനം. നബി(സ്വ) അരുളി: കപടവിശ്വാസിയുടെ ലക്ഷണം മൂന്നെണ്ണമാണ്. 1. അവന്‍ സംസാരിച്ചാല്‍ കളവു പറയും 2. അവന്‍ കരാറു ചെയ്താല്‍ ലംഘിക്കും 3. അവനെ വിശ്വസിച്ചാല്‍ വഞ്ചിക്കും (ബുഖാരി, മുസ്ലിം)
മുഹമ്മദ് നബി(സ്വ)യുടെ പ്രസിദ്ധമായ ഒരു പ്രാര്‍ത്ഥനയുണ്ട്. അബൂഹുറയ്‌റ (റ)യാണ് പ്രാര്‍ത്ഥന നിവേദനം ചെയ്തിട്ടുള്ളത്. അത് ഇപ്രകാരമാണ്.
وَأَعُوذُ بِكَ مِنَ الْخِيَانَةِ، فَإِنَّهَا بِئْسَتِ الْبِطَانَةُ
“വഞ്ചനയെത്തൊട്ട് അല്ലാഹുവേ നിന്നോട് ഞാന്‍ കാവലിനെ തേടുന്നു. വഞ്ചന എത്ര ദുഷിച്ച കാപട്യമാണ്.” (അബൂദാവൂദ്)
മനുഷ്യനില്‍ കാണപ്പെടുന്ന മൂന്നു തരം വഞ്ചനയുണ്ട്. സ്വന്തം സ്രഷ്ടാവും പരിപാലകനുമായ അല്ലാഹുവിനോട് കാണിക്കുന്ന വഞ്ചനയാണ് ഒന്നാമത്തേത്. ഗര്‍ഭസ്ഥാവസ്ഥ മുതല്‍ ജീവിതത്തിന്റെ മുഴുവന്‍ ഘട്ടങ്ങളിലും അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ അനുഭവിക്കുമ്പോഴും, അവന്‍ നമുക്ക് നല്‍കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളെ പാലിക്കുന്നില്ല എങ്കില്‍ അത് അല്ലാഹുവിനോടു കാണിക്കുന്ന വഞ്ചനയാണ്.
രണ്ടാമത്തേത്, മുഹമ്മദ് നബി(സ്വ)യോട് കാണിക്കുന്ന വഞ്ചനയാണ്. ഐഹിക ജീവിതം എങ്ങനെയാകണമെന്നും ജീവിത വിജയം എങ്ങനെ നേടാമെന്നും സ്വര്‍ഗ്ഗത്തിലേക്കുള്ള വഴി ഏതാണെന്നും കൃത്യമായി പഠിപ്പിച്ചത് മുഹമ്മദ് നബി(സ്വ)യാണ്. 23 വര്‍ഷക്കാലം നമുക്കു വേണ്ടിയാണ് അദ്ദേഹം പ്രയത്‌നിച്ചത്. ആ പ്രവാചകന്റെ മാര്‍ഗ്ഗത്തെ സ്വീകരിക്കാന്‍ വിസമ്മതം കാണിക്കുന്നുവെങ്കില്‍ അദ്ദേഹത്തോട് ചെയ്യുന്ന വഞ്ചനയാണ്.
മനുഷ്യരോട് കാണിക്കുന്ന വഞ്ചനയാണ് മൂന്നാമത്തേത്. ജനങ്ങളുമായുള്ള സമ്പര്‍ക്കങ്ങളിലും ക്രയവിക്രയങ്ങളിലും മറ്റും നാം നടത്തുന്ന വാക്കുകളും കരാറുകളും നിര്‍ബന്ധമായും പാലിക്കാനുളളവയാണ്. സ്വാര്‍ത്ഥമായ നേട്ടങ്ങള്‍ക്കു വേണ്ടി, വാക്കുകളേയും കരാറുകളേയും ലംഘിക്കുന്നുവെങ്കില്‍ അതും വഞ്ചനയാണ്.
ഈ മുന്നുതരം വഞ്ചനാ മനസ്ഥിതിയും സത്യവിശ്വാസികളുടെ ജീവിതത്തില്‍ ഉണ്ടാകാന്‍ പാടുള്ളതല്ല എന്ന് വിശുദ്ധ ഖുര്‍ആന്‍ ഉണര്‍ത്തുന്നുണ്ട്.
“സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവോടും റസൂലിനോടും വഞ്ചന കാണിക്കരുത്. നിങ്ങള്‍ വിശ്വസിച്ചേല്‍പിക്കപ്പെട്ട കാര്യങ്ങളില്‍ അറിഞ്ഞ് കൊണ്ട് വഞ്ചന കാണിക്കുകയും ചെയ്യരുത്.” (അല്‍അന്‍ഫാല്‍: 27)
മുഅ്മിനുകളെന്ന നിലയ്ക്ക് നാം ഗൗരവത്തോടെ കരുതിയിരിക്കേണ്ട ദുര്‍ഗ്ഗുണമാണ് വഞ്ചന എന്നത്. വിശ്വസ്തതയാണ് നമ്മുടെ വിശ്വാസ ജീവിതത്തിന് അഴകു നല്‍കുക എന്ന് മനസ്സിലാക്കുക. “സുമുഖനെ വിരൂപനാക്കുന്നത് അവനിലെ വഞ്ചനയാണ്” എന്ന ആപ്തവചനം നാം മുകളില്‍ വായിച്ചതാണ്. “തീര്‍ച്ചയായും അല്ലാഹു വഞ്ചകന്‍മാരെ ഇഷ്ടപ്പെടുകയില്ല” എന്ന് സൂറത്തുല്‍ അന്‍ഫാലില്‍ 58-മത്തെ ആയത്തില്‍ പ്രസ്താവിക്കപ്പെട്ടിട്ടുണ്ട്. വിശ്വസ്തരായ മുഅ്മിനുകളായി ജീവിക്കാന്‍ അല്ലാഹു നമുക്ക് തൗഫീഖ് നല്‍കട്ടെ.
വിശ്വസ്തതയാകണം മുഅ്മിനിന്റെ മുഖമുദ്ര. പരലോകത്ത് വിജയം പ്രാപിച്ച വിശ്വാസികളുടെ പ്രത്യേകതകളെക്കുറിച്ചു പറഞ്ഞിടത്ത് തങ്ങളുടെ അനാമത്തുകളും കരാറുകളും പാലിക്കുന്നവര്‍ എന്ന് സൂറത്തുല്‍ മുഅ്മിനൂനിന്റെ ആദ്യഭാഗത്തു കാണാനാകും. വിശ്വസ്തതയും കരാറുപാലനവുമാണ് ഏതൊരാളിലേയും വിശ്വാസത്തിന്റെ സാന്നിധ്യമറിയിക്കുന്നത്. വിശ്വസ്തയില്ലാത്തവനില്‍ വിശ്വാസം സമ്പൂര്‍ണ്ണമല്ല, കരാറുപാലിക്കാത്തവനില്‍ മതനിഷ്ഠയും സമ്പൂര്‍ണ്ണമല്ല എന്ന് പ്രവാചക തിരുമേനി(സ്വ) ഞങ്ങളെ ഉപേദശിക്കാറുണ്ടായിരുന്നുവെന്ന് അനസ് ബ്‌നു മാലിക്(റ) പ്രസ്താവിച്ചിട്ടുണ്ട്.
ചുരുക്കത്തില്‍, വിശ്വസ്തത അഴകാണ്! വഞ്ചന അഴുക്കാണ്!