Logo

 

ഇറാൻ, ഇഖ്‌വാൻ സ്വാധീനങ്ങളെ തൂത്തെറിയുമെന്ന് സുഊദി കിരീടാവകാശി

26 October 2017 | Middle East Reports

By

രിയാദ്‌: രാജ്യത്തുനിന്ന് ഇറാന്റെയും ഈജിപ്‌തിലെ ഇഖ്‌വാനുൽ മുസ്‌ലിമൂന്റെയും സ്വാധീനങ്ങൾ പൂർണമായും തൂത്തെറിയുമെന്ന് സൂചിപ്പിച്ച്‌ സുഊദി രാജാവ്‌ സൽമാൻ ഇബ്നു അബ്ദിൽ അസീസിന്റെ പുത്രനും കിരീടാവകാശിയുമായ മുഹമ്മദ്‌ ഇബ്നു സൽമാൻ രാജകുമാരന്റെ പ്രഭാഷണം. ഒക്റ്റോബർ 24 ചൊവ്വാഴ്ച രിയാദിൽ നടന്ന Future Investment Initiatives Conferenceൽ തന്റെ സ്വപ്ന പദ്ധതിയായ ചെങ്കടൽ തീരത്തെ പ്രത്യേക സാമ്പത്തിക മേഖല (New Economic Zone) പ്രഖ്യാപിച്ചുകൊണ്ട്‌ സംസാരിക്കവെയാണ്‌ മുഹമ്മദ്‌ നയം വ്യക്തമാക്കിയത്‌. പ്രസംഗം പടിഞ്ഞാറൻ, അറബ്‌ മാധ്യമങ്ങളുടെ വ്യാപക ചർച്ചകൾക്കും വിഭിന്ന വ്യാഖ്യാനങ്ങൾക്കും വഴി വെച്ചിട്ടുണ്ട്‌.

മുഹമ്മദ് ബിൻ സൽമാൻ

രാജ്യത്തെ ബഹുഭൂരിപക്ഷം 30 വയസ്സിനു താഴെയുള്ള യുവാക്കളാണെന്നും അവരുടെ ആയുസ്സിന്റെ ശേഷിക്കുന്ന ഭാഗം കൂടി തീവ്രവാദത്തിനെതിരെ പോരാടി തീർക്കാനുള്ളതല്ലെന്നും ഒട്ടും സമയം കളയാതെ ഇപ്പോൾ തന്നെ തീവ്രവാദത്തെ വേരോടെ പിഴുതെറിഞ്ഞ്‌ ഇനിയുള്ള കാലം സുഊദികൾക്ക്‌ സാധാരണ ജീവിതം ഉറപ്പുവരുത്താനാണ്‌ തന്റെ പദ്ധതിയെന്നും രാജകുമാരൻ പ്രസ്താവിച്ചു. തീവ്രവാദത്തെ ഉന്മൂലനം ചെയ്യുന്നതോടുകൂടി സുഊദി അതിന്റെ പൈതൃകം തിരിച്ചുപിടിക്കുകയാണ്‌ ചെയ്യുക. കാരണം, ഇസ്‌ലാമിന്റെ മധ്യമ നിലപാടുകളാണ്‌ സുഊദിയുടെ സ്ഥാപന കാലം മുതൽക്കുള്ള ആദർശം. തീവ്രവാദത്തിന്‌ രാജ്യത്ത്‌ ഇടമുണ്ടായിരുന്നില്ല. സഹിഷ്ണുതയുടെയും സഹവർത്തിത്ത്വന്റെയും യഥാർത്ഥ സുഊദി പാരമ്പര്യത്തിന്റെ വീണ്ടെടുപ്പ്‌ പൂർണമാക്കി ലോകപുരോഗതിക്ക്‌ സംഭാവനയർപ്പിക്കാൻ രാജ്യത്തെ പ്രാപ്തമാക്കാനാണ്‌ താൻ ശ്രമിക്കുന്നത്‌.

സൽമാൻ ബിൻ അബ്ദുൽ അസീസ്

1979 വരെ സുഊദിയിൽ തീവ്രവാദം ഉണ്ടായിരുന്നില്ല എന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ പിന്നീട്‌ ‘സഹ്‌വ’ പ്രസ്ഥാനം ഉണ്ടായി, അറബ്‌ പ്രദേശങ്ങളെ മുഴുവൻ അത്‌ ബാധിച്ചു- രാജകുമാരൻ തുടർന്നു. ‘സഹ്‌വ’യുടെ ദുസ്വാധീനങ്ങളെ ഒരു ശേഷിപ്പും നിലനിർത്താതെ അടിയന്തിരമായി തുടച്ചുനീക്കുമെന്ന് അദ്ദേഹം ‌സൂചിപ്പിച്ചു. ഇഖ്‌വാനുൽ മുസ്‌ലിമൂന്റെ ദർശനങ്ങളിൽ ആകൃഷ്ടരായി സുഊദി ഭരണകൂടത്തെയും പരമ്പരാഗത സലഫീ പണ്ഡിതന്മാരെയും വിമർശിച്ച്‌ സൽമാനുൽ ഔദ, സഫറുൽ ഹവാലി തുടങ്ങിയ പണ്ഡിതന്മാരുടെ നേതൃത്വത്തിൽ പടർന്ന തീവ്രവാദ ആശയതരംഗമായിരുന്നു ‘സഹ്‌വ.’ ഇഖ്‌വാനികളായ മുഹമ്മദ്‌ ഖുത്വുബ്‌, മുഹമ്മദ്‌ സുറൂർ തുടങ്ങിയവരുടെ ഗൾഫിലേക്കുള്ള കുടിയേറ്റമാണ്‌ ‘സഹ്‌വ’ക്ക്‌ പശ്ചാതലം ഒരുക്കിയത്‌. 1979ലെ ഇറാൻ വിപ്ലവം ആണ്‌ ഇത്തരം തീവ്രചിന്തകൾക്ക്‌ പ്രചോദനമായതെന്ന് മുഹമ്മദ്‌ ഇബ്നു സൽമാൻ തന്റെ പ്രഭാഷണത്തെ വിശദീകരിച്ചുകൊണ്ട്‌ ദി ഗാഡിയൻ പത്രത്തോട്‌ പറഞ്ഞു. ഇറാൻ, ഇഖ്‌വാൻ സ്വാധീനങ്ങളിൽ നിന്നുള്ള പൂർണമായ പുറത്തുകടക്കലിനുള്ള പ്രതിജ്ഞയാവുകയാണ്‌ അങ്ങനെ കിരീടാവകാശിയുടെ പ്രഖ്യാപനം.

ശൈഖ്‌ മുഹമ്മദ്‌ ഇബ്നു അബ്ദിൽ വഹ്ഹാബിന്റെ സലഫീ ഇസ്‌ലാമിക വ്യാഖ്യാനങ്ങളുടെ അടിത്തറയിലാണ്‌ അബ്ദുൽ അസീസ്‌ രാജാവ്‌ സുഊദി അറേബ്യ സ്ഥാപിച്ചത്‌. സലഫീ ആശയങ്ങളെയാണ്‌ രാജ്യം ഔദ്യോഗികമായി പിന്തുടർന്നുപോരുന്നത്‌‌. ഇസ്‌ലാമിനെക്കുറിച്ച വഹ്ഹാബി-സലഫീ ധാരണകളോട്‌ പല നിലക്കും വിയോജിക്കുന്ന ഒരു ആധുനിക മുസ്‌ലിം ചിന്താ പ്രസ്ഥാനമാണ്‌ ഇസ്‌ലാമിസം. ഇറാൻ വിപ്ലവം ഉണ്ടായപ്പോൾ അതിനെ പിന്തുണക്കുകയാണ്‌ ഇസ്‌ലാമിസ്റ്റുകൾ ചെയ്തത്‌. ഈജിപ്തിൽ ഹസനുൽ ബന്ന സ്ഥാപിച്ച ഇസ്‌ലാമിസ്റ്റ്‌ സംഘടനയാണ്‌ ഇഖ്‌വാനുൽ മുസ്‌ ലിമൂൻ. ഇൻഡ്യാ ഉപഭൂഖണ്ഡത്തിൽ നിന്നുള്ള പ്രശസ്ത ഇസ്‌ലാമിസ്റ്റ്‌ പണ്ഡിതൻ സയ്യിദ്‌ മൗദൂദിയാൽ സ്വാധീനിക്കപ്പെട്ട ഈജിപ്ഷ്യൻ ബുദ്ധിജീവി സയ്യിദ്‌ ഖുത്വുബ്‌ ഹസനുൽ ബന്നക്ക് ശേഷം ഇഖ്‌വാന്റെ ബൗദ്ധിക അവലംബമായി. ഖുത്വുബിന്റെ അതിതീവ്രമായ ഇസ്‌ലാമിക രാഷ്ട്രവാദം വലിയ കോളിളക്കങ്ങൾ ഉണ്ടാക്കി. അദ്ദേഹത്തിന്റെ അതിവാദങ്ങൾക്ക്‌ ഇസ്‌ലാമിക പ്രമാണങ്ങളുടെയൊന്നും പിൻബലം ഇല്ലെന്ന് പല പണ്ഡിതന്മാരും വ്യക്തമാക്കിയിരുന്നു.

ഈജിപ്തിൽ ജമാൽ അബ്ദുന്നാസ്വിറിന്റെ അറബ്‌ ദേശീയവാദ ഭരണകൂടം ഇഖ്‌വാനികളെ വേട്ടയാടാൻ തുടങ്ങിയപ്പോൾ അവരിൽ പലരും അറേബ്യൻ ഗൾഫിലേക്ക്‌ താമസം മാറിയിരുന്നു. ഉസാമ ബിൻ ലാദിൻ അടക്കമുള്ള സുഊദി അറേബ്യയിലെ മുസ്‌ലിം ചെറുപ്പക്കാരിൽ ചിലരെ സലഫീ ആശയങ്ങളിൽ നിന്നടർത്തി മാറ്റി ഇസ്‌ലാമിസ്റ്റുകളും ഇറാൻ മാതൃകയുടെ ആരാധകരും തീവ്രവാദ, ഭീകരവാദ സംഘങ്ങളിൽ അംഗങ്ങളും ആക്കിയത്‌ ഈ ഇഖ്‌വാനീ കുടിയേറ്റം സൃഷ്ടിച്ച ആശയസമ്പർക്കങ്ങൾ ആണെന്ന് പ്രഗൽഭരായ പല സലഫീ പണ്ഡിതന്മാരും ആരോപിച്ചിരുന്നു. അവരുടെ നിരീക്ഷണത്തെ അംഗീകരിച്ചുകൊണ്ട്‌ ഇഖ്‌വാൻ സ്വാധീനമുള്ള സംരഭങ്ങളെയും സ്ഥാപനങ്ങളെയുമെല്ലാം കുടിയൊഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്‌ കഴിഞ്ഞ ഏതാനും വർഷങ്ങളായി സുഊദി ഭരണകൂടം. മുഹമ്മദ്‌ ഇബ്നു സൽമാൻ ആണ്‌ ഇതിന്‌ ശക്തമായ മുൻകൈ എടുത്തത്‌. ഈ നയം ഇനിയും ശക്തമായി തുടരും എന്നാണ്‌ ‘സഹ്‌വ’യെ പേരെടുത്ത്‌ പരാമർശിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ പ്രസംഗം വ്യക്തമാക്കുന്നത്‌.

അബ്ദുൽ അസീസ് രാജാവ്

32 വയസ്സ്‌ മാത്രം പ്രായമുള്ള മുഹമ്മദ്‌ ഇബ്നു സൽമാൻ രാജ്യത്തിന്റെ ഭാവിയെക്കുറിച്ച കെട്ടുറപ്പുള്ള സങ്കൽപങ്ങൾ അവതരിപ്പിച്ച്‌ ഇതിനകം വൻ ആഗോള രാഷ്ട്രീയ പ്രാധാന്യം കൈവരിച്ചിട്ടുണ്ട്‌. എണ്ണയെ മാത്രം ആശ്രയിക്കുന്ന അവസ്ഥ മാറ്റി സുഊദിക്ക്‌ വൈവിധ്യമാർന്ന വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കാൻ ആണ്‌ മുഹമ്മദ്‌ പ്രധാനമായും ശ്രമിക്കുന്നത്‌. രാജ്യം കാലാകാലവും അവലംബിക്കേണ്ട അടിത്തറകൾ ക്വുർആനും നബിചര്യയും മാത്രമാണെന്നും എണ്ണസമ്പത്ത്‌ അത്തരത്തിലുള്ള ഒന്നല്ലെന്നും അതിനാൽ പുതിയ വരുമാന മാർഗങ്ങൾ തുറക്കുന്നതിൽ യാതൊരു അപാകതയും ഇല്ലെന്നും സാമ്പത്തിക യാഥാസ്ഥിതികത്വങ്ങളെ വിമർശിച്ച്‌ അദ്ദേഹം അൽ അറബിയ്യ ചാനൽ ഏപ്രിൽ 25ന്‌ സംപ്രേക്ഷണം ചെയ്ത അഭിമുഖത്തിൽ പറഞ്ഞിരുന്നു.


mm

Admin