ജറൂസലേം ഇസ്രായേൽ തലസ്ഥാനമല്ല, ഗോലാൻ കുന്നുകൾ ഇസ്രായേലിന്റേതല്ല: സുഊദി അറേബ്യ
2 April 2019 | Uncategorized
രിയാദ്: ജറൂസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി അംഗീകരിക്കുകയും ഗോലാൻ കുന്നുകളെ ഇസ്രായേലിന്റെ ഭാഗമായി പ്രഖ്യാപിക്കുകയും ചെയ്യുന്ന അമേരിക്കൻ നയത്തെ സുഊദി അറേബ്യ തിരസ്കരിക്കുന്നതായി സുഊദി വിദേശകാര്യ മന്ത്രി ഡോ. ഇബ്‌റാഹീം ഇബ്നു അബ്ദിൽ അസീസ് പറഞ്ഞു. അറബ് ലീഗിന്റെ മുപ്പതാം കൗൺസിൽ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗോലാൻ കുന്നുകൾ സിറിയൻ അറബ് പ്രവിശ്യകളാണെന്നാണ് എന്നും സുഊദിയുടെ നിലപാട്, അത് ഇസ്രായേലിന് വിട്ടുനൽകാനാവില്ലെന്ന് തങ്ങൾ ആവർത്തിക്കുകയാണ്-ഡോ. ഇബ്‌റാഹീം സൂചിപ്പിച്ചു. ന്യൂസിലാൻഡിൽ ജുമുഅ നമസ്കരിക്കുന്നവർക്കു നേരെയുണ്ടായ ഭീകരാക്രമണത്തെ മന്ത്രി അപലപിച്ചു.
1967ലെ അറബ്-ഇസ്രായേൽ യുദ്ധത്തിൽ ഇസ്രായേൽ സിറിയയിൽ നിന്ന് പിടിച്ചെടുത്തതാണ് ഗോലാൻ കുന്നുകൾ. അറബികൾ വ്യാപകമായി ഒഴിഞ്ഞുപോയ ഗോലാൻ കുന്നുകളിൽ ഇപ്പോൾ ധാരാളം ഇസ്രായേലീ ജൂത കുടിയേറ്റക്കാർ ഉണ്ട്. ഗോലാൻ കുന്നുകൾ തങ്ങളുടേതാണെന്ന ഇസ്രായേലീ അവകാശവാദത്തെ അന്താരാഷ്ട്ര സമൂഹം അംഗീകരിച്ചിട്ടില്ല. എന്നാൽ ട്രമ്പിന്റെ നേതൃത്വത്തിൽ അമേരിക്കൻ ഭരണകൂടം ഗോലാൻ കുന്നുകൾ ഇസ്രായേലിന്റേതാണെന്ന് പ്രഖ്യാപിച്ചു. ഈ പശ്ചാതലത്തിൽ ആണ് സുഊദിയുടെ പ്രതികരണം.