2001 സെപ്റ്റംബര്‍ 11ന് നടന്ന വേള്‍ഡ് റ്റ്രെയ്ഡ് സെന്റര്‍ ആക്രമണത്തെ ഒരു പുതിയ ലോകക്രമത്തിനു നാന്ദി കുറിച്ച സംഭവവികാസമായി പലരും അവതരിപ്പിക്കാറുണ്ട്. ഇസ്‌ലാം പാശ്ചാത്യ രാജ്യങ്ങളുടെ എതിര്‍പക്ഷത്താണ് നിലയുറപ്പിക്കുന്നതെന്ന വാദഗതികള്‍ക്ക് അടിവരയിടുന്നതാണ് 9/11 ആക്രമണമെന്നാണ് ചിലരുടെ നിലപാട്. സോവിയറ്റ് യൂണിയന്റെ പതനത്തിന് ശേഷം എതിരാളികളില്ലാതെ അഹങ്കരിച്ചുനടന്ന അമേരിക്കയ്ക്ക് അപ്രതീക്ഷിതമായി ലഭിച്ച കനത്ത പ്രഹരമായിട്ടാണ് ലോകത്തെ നടുക്കിയ ഈ സംഭവത്തെ ചിലരെങ്കിലും എണ്ണിയത്. ഇസ്‌ലാം ഒരു വശത്തും അമേരിക്ക മറുവശത്തുമായി പുതിയൊരു ലോകയുദ്ധത്തിനൊരുങ്ങുന്നതിന്റെ യുദ്ധകാഹളമായും വേള്‍ഡ് റ്റ്രെയ്ഡ് സെന്റര്‍ ആക്രമണം നിര്‍വചിക്കപ്പെട്ടു. അമേരിക്ക തന്നെയാണ് റ്റ്രെയ്ഡ് സെന്റര്‍ ആക്രമണത്തിനു പിന്നിലെന്ന ആരോപണങ്ങള്‍ മുസ്‌ലിം തീവ്രവാദികളാണ് ആക്രമണത്തിനു പിന്നിലെന്ന അമേരിക്കന്‍ ആരോപണത്തോളംതന്നെ ശക്തമാണെങ്കിലും 9/11 ആക്രമണത്തിന്റെ പേരില്‍ ഭീകരവാദത്തെ ഇസ്‌ലാമുമായി കൂട്ടിക്കെട്ടാനും സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും വ്യക്തി സ്വാതന്ത്ര്യങ്ങളുടെയുമെല്ലാം പറുദീസയായി അമേരിക്കയെ പൂര്‍വാധികം ശക്തിയോടെ ആവര്‍ത്തിച്ചു സ്ഥാപിക്കാനുമുള്ള പരിശ്രമങ്ങള്‍ ഏറെയുണ്ടായിക്കൊണ്ടിരിക്കുന്നു. തങ്ങളുടെ മൂക്കിനുകീഴില്‍ നടന്ന ആക്രമണത്തെ ലോകത്തെവിടെയും പൊട്ടിമുളക്കാവുന്ന ഭീകരപ്രവര്‍ത്തനങ്ങളുടേയും അവകാശധ്വംസനങ്ങളുടേയും നാമ്പുകളെ പിഴുതെറിയുകയെന്ന ഭാരിച്ച ഉത്തരവാദിത്തം ഏറ്റെടുക്കാനുള്ള നിമിത്തമായി മാറ്റിയ അമേരിക്ക, സാമ്രാജ്യത്വ സംസ്‌കാരത്തിന്റെ അളവുകോല്‍ വെച്ച് പ്രശ്‌നങ്ങളും പ്രശ്‌നമില്ലായ്മകളും നിശ്ചയിക്കുകകൂടി ചെയ്തുകൊണ്ടാണ് മാതൃകാരാജ്യവും ലോകനേതൃത്വവുമായി സ്വയം അവരോധിക്കുന്നത്.
ലോകത്തിന്റെ സാമ്പത്തിക നേതൃത്വം കൈമോശം വരാതിരിക്കാന്‍ ആവശ്യമുള്ളതും ഇല്ലാത്തതുമായ ഉല്‍പന്നങ്ങളെ നിത്യോപയോഗ വസ്തുക്കളായി അവതരിപ്പിക്കാനറിയുന്ന പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്ക്, ഉപഭോക്താവിന്റെ മനസ്സ് നേടിയെടുക്കാന്‍ പെണ്‍ശരീരപ്രദര്‍ശനത്തോളം മികച്ചൊരു വിപണനതന്ത്രം വേറെയില്ലെന്നുള്ളതും നന്നായറിയാം. ഇതേപ്രകാരം, ലോകത്തിന്റെ രാഷ്ട്രീയമായ നേതൃത്വവുംകൂടി കൈയാളുന്നതിനുവേണ്ടി പൗരസ്ത്യ ദേശങ്ങളെ യുദ്ധക്കളങ്ങളാക്കുകയും അവിടങ്ങളില്‍ ആയുധങ്ങളും യുദ്ധസാമഗ്രികളും നിത്യോപയോഗ വസ്തുക്കളാക്കി മാറ്റുകയും ചെയ്യുന്നതിനുള്ള ഫലപ്രദമായ മാര്‍ഗങ്ങളിലൊന്ന് അതാത് രാജ്യങ്ങളിലെ സ്ത്രീജീവിതാവസ്ഥകളെ പ്രശ്‌നവല്‍ക്കരിക്കലും പ്രശ്‌നങ്ങളെ ‘സ്ത്രീവല്‍ക്കരിക്കലും’ തന്നെയാണെന്ന് തിരിച്ചറിഞ്ഞവരാണ് മുതലാളിത്ത ബുദ്ധിജീവികള്‍. ഈ തന്ത്രത്തിന്റെ ഏറ്റവും പ്രകടവും നമുക്കെല്ലാം ചിരപരിചിതവുമായ രണ്ടു ചെറിയ അംശങ്ങള്‍ മാത്രമാണ് പാശ്ചാത്യന്‍ സംസ്‌കാരത്തിന്റെ ലേബലുകള്‍ പേറുന്ന സ്ത്രീകള്‍ സ്വാതന്ത്ര്യത്തിന്റെ ഉദാത്ത മാതൃകകളായി വാഴ്ത്തപ്പെടുന്നതും മുസ്‌ലിം രാജ്യങ്ങളിലുള്ളത് മുഴുവന്‍ ഭീകരവാദികളും സ്വേച്ഛാധിപതികളും ആണെന്നതിനുള്ള തെളിവ് അവിടെയെല്ലാം തലമറയ്ക്കുന്ന സ്ത്രീകളുണ്ട് എന്നതാവുന്നതും.
നടേ പറഞ്ഞ സാമ്രാജ്യത്വലക്ഷ്യങ്ങളെ വ്യക്തമായി അടയാളപ്പെടുത്തുന്നവയാണ് 2001 സെപ്റ്റംബര്‍ 11നു ശേഷം മുസ്‌ലിം സ്ത്രീകളുടെ പേരില്‍ പുറത്തിറങ്ങിയ ‘ആത്മകഥാപരമായ’ എണ്ണമറ്റ കൃതികള്‍. ഹിജാബും ‘ഹിജാബിനകത്ത്’ മറച്ചുപിടിക്കേണ്ടി വന്ന പ്രണയവും തങ്ങള്‍ ജനിച്ച രാജ്യങ്ങളിലെ ദുരിതജീവിതവും കുടുംബജീവിതമെന്ന ‘കഷ്ടപ്പാടും’ പാശ്ചാത്യന്‍ നാടുകളിലേക്കുള്ള പലായനം നേടിക്കൊടുത്ത ‘സ്വാതന്ത്ര്യ’ങ്ങളുടെ വര്‍ത്തമാനങ്ങളുമെല്ലാം പ്രമേയങ്ങളായ ഈ ജീവിതകഥകള്‍ ഇരുപത്തൊന്നാം നൂറ്റാണ്ടിലെങ്കിലും മുസ്‌ലിം സ്ത്രീകള്‍ക്ക് നടത്താന്‍ സാധിച്ച അനിവാര്യമായ ‘അക്ഷരവിപ്ലവ’ങ്ങളായാണ് വ്യാഖ്യാനിക്കപ്പെട്ടത്. മുസ്‌ലിം സ്ത്രീകളെ അവരുടെ മുഖമക്കനയില്‍ നിന്നും, കഴിയുമെങ്കില്‍ ഇസ്‌ലാമില്‍ നിന്നുതന്നെയും, ‘വിമോചിപ്പിച്ചെടുക്കാന്‍’ പാശ്ചാത്യന്‍ രാജ്യങ്ങള്‍ ദശാബ്ദങ്ങളായി നടത്തുന്ന പരിശ്രമങ്ങളെ ന്യായീകരിക്കുന്ന ഏറ്റുപറച്ചിലുകളായി ഈ പുസ്തകങ്ങള്‍ വായിക്കപ്പെടുന്നു. തങ്ങള്‍ ആഘോഷിക്കപ്പെടുന്നത് എന്തിനാണെന്നു പോലും മനസ്സിലാക്കാന്‍ സാധിക്കാതെ പോയ ഈ സ്ത്രീകള്‍ കുടില സാമ്രാജ്യത്വതന്ത്രങ്ങളുടെ ചൂണ്ട വിഴുങ്ങി അതിനെയാണ് സ്വാതന്ത്ര്യമെന്ന് ധരിച്ചുവെയ്ക്കുന്നത്.
ഇത്തരം പുസ്തകങ്ങളില്‍ മുന്‍നിരയിലുള്ളവയാണ് മലാല യൂസഫ് സായിയുടെയും നൂജൂദ് അലിയുടെയും ജീവിതകഥകള്‍. ക്രിസ്റ്റിനാ ലാംപിന്റെ സഹായത്തോടെ മലാലയെഴുതിയ ഞാന്‍ മലാല: വിദ്യാഭ്യാസത്തിനു വേണ്ടി നിലകൊണ്ടതിനാല്‍ ത്വാലിബാന്റെ വെടിയേറ്റ പെണ്‍കുട്ടി (I am Malala: The Girl who Stood Up for Education and was Shot by the Taliban) എന്ന ആത്മകഥയും ഡെല്‍ഫിന്‍ മിനോയിയും നുജൂദ് അലിയും ചേര്‍ന്നെഴുതിയ ഞാന്‍ നൂജൂദ്, വയസ്സ് പത്ത്, വിവാഹമോചിത (I am Nujood, Age 10 and Divorced) എന്ന പുസ്തകവും രണ്ടു പെണ്‍കുട്ടികളുടെ തീവ്രയാതനകളുടെ വിവരണങ്ങളായിട്ടു മാത്രമല്ല നാം വായിച്ചുപോകേണ്ടത്; മറിച്ച്, ചില പ്രത്യേക ആശയങ്ങളുടെ പ്രചരണ പത്രികകളായിക്കൂടിയാണ്. ഈ പെണ്‍കുട്ടികള്‍ അനുഭവിച്ചുവെന്നു പറയുന്ന വേദനകളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യണമെന്നല്ല പറയുന്നത്. മനസ്സാക്ഷിയുള്ളവരെയെല്ലാം ഏറെ വിഷമിപ്പിക്കുന്ന ജീവിതാനുഭവങ്ങളിലൂടെത്തന്നെയാണ് മലാലയും നുജൂദുമെല്ലാം കടന്നുപോയിട്ടുള്ളത്. പക്ഷേ, അവര്‍ക്കുവേണ്ടി എഴുതപ്പെട്ട പുസ്തകങ്ങള്‍ വരികള്‍ക്കിടയില്‍ വിഷം പേറുന്നുവെന്ന സത്യമാണ് നമ്മെ ചിന്തിപ്പിക്കേണ്ടത്.
സ്ത്രീകള്‍ക്ക് സ്ഥാനമാനങ്ങള്‍ നിഷേധിക്കപ്പെടുന്ന കുടുംബങ്ങളില്‍ നിന്നും രാജ്യങ്ങളില്‍ നിന്നും ‘സ്ത്രീകളെ ബഹുമാനിക്കാന്‍ മാത്രമറിയുന്ന’ പാശ്ചാത്യന്‍ നാടുകളിലേക്കും സംസ്‌കാരങ്ങളിലേക്കും ചേക്കേറാന്‍ വെമ്പുന്ന രണ്ടു പെണ്‍കുട്ടികളെയാണ് മലാലയുടേയും നുജൂദിന്റേയും പുസ്തകങ്ങളില്‍ നാം കണ്ടുമുട്ടുന്നത്. മുസ്‌ലിം കുടുംബങ്ങളില്‍ പെണ്‍കുട്ടികള്‍ അരക്ഷിതരാണെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുകയാണ് യാഥാര്‍ത്ഥ്യങ്ങള്‍ക്കപ്പുറത്തേക്ക് നുജൂദിന്റെ ജീവിതം വലിച്ചുനീട്ടിയവര്‍ ചെയ്തിരിക്കുന്നത്. ഒരു മുസ്‌ലിം രാജ്യത്തിന് ഭീകരവാദത്തിന്റെ നേര്‍പതിപ്പാവാതെ കഴിയുകയില്ലെന്ന് കാണിക്കുകയാണ് മലാലയുടെ നൊമ്പരങ്ങളെ തന്ത്രപൂര്‍വം ഉപയോഗിക്കുന്നവര്‍ ചെയ്യുന്നത്. മലാലയേയും നുജൂദിനേയും പോലുള്ള മൂന്നാംലോക രാജ്യങ്ങളില്‍ നിന്നുള്ള പെണ്‍കുട്ടികളുടെ അസ്വാസ്ഥ്യങ്ങളും അസംതൃപ്തികളും അക്കമിട്ടു നിരത്തി മതവും സംസ്‌കാരവും പാശ്ചാത്യമല്ലാതിരിക്കുമ്പോള്‍ ഉണ്ടാകുന്ന സ്വാഭാവിക വിനകളായി ഇവയെ എടുത്തുകാണിക്കുന്ന പ്രവണതയാണ് ഈ പുസ്തകങ്ങളില്‍ നിന്നും വായിച്ചെടുക്കാനാവുക. സ്ത്രീവിരുദ്ധത പാശ്ചാത്യമല്ലാത്ത സംസ്‌കാരങ്ങളിലെല്ലാം അന്തര്‍ലീനമാണെന്ന് രണ്ടു ബാലികമാരെക്കൊണ്ട് പറയിപ്പിച്ച് പടിഞ്ഞാറിനു പുറത്തുള്ളവര്‍ക്ക് ‘ജീവിതവിജയ’ത്തിനായി ഒരു ബദല്‍ ജീവിതരീതി നിര്‍ദേശിക്കുക കൂടിയാണ് അവ ചെയ്യുന്നത്.
ഇസ്‌ലാമിക സമൂഹത്തെ, ‘നന്നാക്കിയെടുക്കേണ്ട’ ഒരു സാംസ്‌കാരിക അപരമായി പരിഗണിക്കുന്ന സാമ്രാജ്യത്വ ബുദ്ധിജീവികളുടെ മെഗാഫോണുകളായി മലാലയെയും നുജൂദിനെയും മാറ്റുകയാണ് അവര്‍ക്കുവേണ്ടി പുസ്തകമെഴുതിയവര്‍ ചെയ്തിരിക്കുന്നത് എന്ന് എളുപ്പത്തില്‍ കാണാന്‍ കഴിയും. വംശീയതയുടെ ഓക്കാനിപ്പിക്കുന്ന ഗന്ധമുള്ള ഒരു പ്രത്യയശാസ്ത്രത്തെ മാറോടണക്കുന്നു എന്ന് വ്യക്തമായതുകൊണ്ടുതന്നെയാണ് ചിന്തിക്കുന്ന മുസ്‌ലിം യുവത്വത്തിന് പ്രസ്തുത പുസ്തകങ്ങളെ ഏറ്റെടുക്കാന്‍ വിമുഖതയുണ്ടാകുന്നത്. പാശ്ചാത്യര്‍ ‘പരാതിപ്പെടുന്നതു’പോലെ, ഒരളവുവരെ മുസ്‌ലിംകളുടെ വ്യക്തിത്വവും ജീവിതരീതിയും മാതൃകാപരമെന്ന പേരില്‍ പാശ്ചാത്യര്‍ അവതരിപ്പിക്കുന്നതില്‍ നിന്നെല്ലാം ഏറെ വ്യത്യസ്തവും പൊതു ഇടങ്ങളില്‍ മതം പ്രകടമാക്കുന്നതും തന്നെയാണ്. പക്ഷേ, ‘വ്യത്യാസം’ ഒരു കുറ്റമല്ലെന്ന് ലിബറല്‍ ജനാധിപത്യത്തിന്റെ വക്താക്കളെന്ന് അവകാശപ്പെടുന്നവര്‍ക്ക് മനസ്സിലാകാതെ പോകുന്നതെന്തുകൊണ്ടാണ്? മതത്തെ സ്വകാര്യതകളുടെ ഏതോ ഇരുളടഞ്ഞ മുറിയില്‍ തളച്ചിടാന്‍ പഠിപ്പിക്കുകയും പ്രേരിപ്പിക്കുകയും ചെയ്യുന്നവര്‍ക്കുണ്ടാകുന്ന പാശ്ചാത്യന്‍ ദഹനക്കേട് മാത്രമാണ് പ്രകടമായ, പ്രഖ്യാപനപരമായ ഇസ്‌ലാം എന്ന മതത്തിനുനേരെ തികട്ടി വരുന്നത്. പടിഞ്ഞാറന്‍ സംസ്‌കാരത്തിന്റെ ശബളിമയില്‍ മങ്ങി നില്‍ക്കേണ്ടവയാണ് മതാനുഷ്ഠാനങ്ങള്‍ എന്ന് തീര്‍ച്ചപ്പെടുത്തുന്നവര്‍ സ്വീകാര്യരായ ‘നല്ല’ മുസ്‌ലിംകളാവുന്നത് ഇതിനാലാണ്. ‘മൗലികവാദപരം’ എന്ന് ലോകപൊലീസ് മുദ്രകുത്തുന്ന ജീവിതരീതികളെ പൊതുയിടങ്ങളില്‍ നിന്നും മറച്ചുപിടിക്കുകയും വ്യത്യസ്തതയുടെ പേരില്‍ വേര്‍തിരിച്ചറിയാത്തവരായി ആള്‍ക്കൂട്ടത്തില്‍ അലിഞ്ഞുചേരുകയും ചെയ്യുന്ന ഇവര്‍, പാശ്ചാത്യന്‍ സംസ്‌കാരത്തിന്റെ പ്രഖ്യാപിത അനുകൂലികളായതിനാല്‍തന്നെ, മാറ്റിനിര്‍ത്തപ്പെടുകയോ വേട്ടയാടപ്പെടുകയോ ചെയ്യേണ്ടതില്ലാത്ത ഒരു ‘അകക്കൂട്ടം’ എന്ന പദവിയിലേക്ക് എളുപ്പത്തില്‍ ആനയിക്കപ്പെടുന്നു. എന്നാല്‍, സാമൂഹിക സ്വീകാര്യതയ്ക്കു വേണ്ടി അതിരുകളും നിയന്ത്രണങ്ങളുമില്ലാത്ത പാശ്ചാത്യന്‍ സംസ്‌കാരം തങ്ങള്‍ സ്വീകരിക്കേണ്ടതുണ്ടെന്ന കാഴ്ചപ്പാടിനെ അനുകൂലിക്കാത്തവര്‍ രാഷ്ട്രങ്ങള്‍ക്കു ഭീഷണിയും സംസ്‌കാരങ്ങള്‍ നേരിടുന്ന വെല്ലുവിളിയുമായി ചിത്രീകരിക്കപ്പെടുന്നു. മാറ്റിനിര്‍ത്തപ്പെടേണ്ട, അപരവല്‍ക്കരിക്കപ്പെടേണ്ട ഒരു ‘പുറംകൂട്ട’മായി (out group) ഈ ‘നിഷേധസ്വരക്കാര്‍’ മാറുന്നത് ഇങ്ങനെയാണ്. തങ്ങളുടെ മതം തങ്ങള്‍ക്ക് മതിയായതാണെന്ന വിശ്വാസം വെല്ലുവിളികള്‍ നേരിടുന്നതിനു കാരണവും ഇതാണ്.
സാമുവെല്‍. പി. ഹണ്ടിങ്ങ്ടണ്‍ സംസ്‌കാരങ്ങളുടെ സംഘട്ടനവും ലോകക്രമത്തിന്റെ പുനര്‍നിര്‍മാണവും (The Clash of Civilizations and the Remaking of World Order) എന്ന പുസ്തകത്തില്‍ പറയുന്ന പാശ്ചാത്യന്‍ നാടുകളുടെ ഹാഡ് പവറിനെ (hard power)– ‘സാമ്പത്തികവും സൈനികവുമായ കഴിവിന്റെ അടിസ്ഥാനത്തിലുള്ള ആജ്ഞാപന ശക്തി’യെ (Huntington, p. 92) — ഈ ഔട്ട് ഗ്രൂപ്പ് അംഗീകരിച്ചേക്കാം. പാശ്ചാത്യര്‍ തങ്ങള്‍ക്കുണ്ടെന്ന് വിചാരിക്കുന്ന സോഫ്റ്റ് പവറിന്റെ (soft power)– ‘മറ്റു രാജ്യങ്ങളെ തങ്ങള്‍ ആഗ്രഹിക്കുന്നത് ആഗ്രഹിപ്പിക്കാനുള്ള ഒരു രാജ്യത്തിന്റെ കഴിവി’ന്റെ (Huntington, p. 92)– നിഷേധമാണ് ഈ അപരവല്‍കൃതരുടെ പ്രത്യേകത. തങ്ങളുടെ ഹാഡ് പവറിന്റെ നിരാകരണത്തേക്കാള്‍ സോഫ്റ്റ് പവറിന്റെ നിരാകരണമാണ് അമേരിക്ക പോലുള്ളവരെ ചൊടിപ്പിക്കുന്നത്. ഏറെ സ്വാധീനപരവും നയതന്ത്രപരവും സുപ്രധാനവുമായ ഈ ശക്തിയുടെ നിരാകരണം ലോകത്തിന്റെ എല്ലാ മൂലകളിലും സ്വതാല്‍പര്യത്തിലധിഷ്ടിതമായ ഇടപെടലുകള്‍ നടത്തുന്നവര്‍ക്ക് വെല്ലുവിളിയാണെന്നതില്‍ സംശയമില്ല. തങ്ങള്‍ ആഗ്രഹിക്കുന്നതിനനുസരിച്ച് ലോകരാജ്യങ്ങളെ പ്രവര്‍ത്തിപ്പിക്കാനുള്ള ഈ കഴിവിന്റെ സ്വാധീനശക്തി നഷ്ടപ്പെടുന്നതോടുകൂടി പണവും അംഗബലവും സൈനികപ്രഭാവങ്ങളുമൊന്നും ലോകത്തെ മുഴുവന്‍ ചൂണ്ടുവിരലില്‍ നിര്‍ത്താന്‍ മതിയാകാതെ വരും. പാശ്ചാത്യലോകത്തെ സംസ്‌കാരമാണ് സമുന്നതമെന്ന് അംഗീകരിക്കാതിരിക്കല്‍ വലിയൊരു പാപമായി കണക്കാക്കപ്പെടുന്നതിനുപിന്നിലെ കാരണവും മറ്റൊന്നല്ല. അത് ഒരു സംസ്‌കാരത്തോടല്ല, ജയിച്ചുമാത്രം പരിചയിച്ചൊരു സാമ്രാജ്യത്തോടു തന്നെയുള്ള വെല്ലുവിളിയാണ്. അതുകൊണ്ടാണ്, വേള്‍ഡ് റ്റ്രെയ്ഡ് സെന്റര്‍ ആക്രമണത്തിനും ഇസ്‌ലാം എന്നാല്‍ ഭീകരവാദമാണെന്ന വാദം ഇത്ര ജനകീയമാകുന്നതിനും മുമ്പുതന്നെ, പരസ്പരം ഏറ്റുമുട്ടുന്ന രണ്ടു സംസ്‌കാരങ്ങളായി ഇസ്‌ലാമിനേയും പടിഞ്ഞാറിനേയും അവതരിപ്പിച്ച സാമുവെല്‍. പി. ഹണ്ടിങ്ടണിന് ‘തങ്ങളുടെ സംസ്‌കാരത്തിന്റെ അജയ്യതയെപ്പറ്റി ഉത്തമ ബോധ്യമുള്ളവര്‍ പിന്തുടരുന്ന ഇസ്‌ലാം എന്ന വ്യത്യസ്തമായ നാഗരികതയാണ്, അല്ലാതെ ഇസ്‌ലാമിക മൗലികവാദമല്ല പടിഞ്ഞാറിന്റെ അടിസ്ഥാനപരമായ പ്രശ്‌നം’ എന്ന് പറയേണ്ടിവന്നത്. (The underlying problem of the west is not Islamic fundamentalism. It is Islam, a different civilization whose people are convinced of the superiortiy of their culture: Huntington, p. 217).
മലാലയും നുജൂദും മുക്താര്‍ മായിയുമെല്ലാം പാശ്ചാത്യര്‍ തങ്ങളുടെയുള്ളില്‍ ഇടം നല്‍കുന്ന മുസ്‌ലിംകളുടെ പ്രതീകങ്ങളാണ്. മുസ്‌ലിം സ്ത്രീകള്‍ അനുഭവിക്കുന്നുവെന്ന് അവര്‍ പറയുന്ന ജീവിത ദുരിതങ്ങളെയാണ് ഈ പെണ്‍കുട്ടികള്‍ പ്രതിനിധാനം ചെയ്യുന്നത്; ഒപ്പം, ഒരു മുസ്‌ലിം സ്ത്രീ എന്താവണമെന്ന അവരുടെ കാഴ്ചപ്പാടിനെ അനുകൂലിക്കുന്നവരായി മലാലയും നുജൂദുമെല്ലാം മാറുകയും ചെയ്യുന്നു. മുഖ്യധാരാ മാധ്യമങ്ങളുടെ അകമഴിഞ്ഞ സഹായ സഹകരണങ്ങളോടെ പാശ്ചാത്യന്‍ ഫെമിനിസ്റ്റുകള്‍ നടത്തുന്ന ‘മൂന്നാംലോക രാജ്യ സ്ത്രീകളെ രക്ഷിക്കുക’ (Save Third World Women) ക്യാംപയ്‌നുകളില്‍ വരയ്ക്കപ്പെടുന്ന മുസ്‌ലിം സ്ത്രീചിത്രങ്ങളുടെ സവിശേഷത, ജീവിക്കുന്നത് കിഴക്കാണെങ്കില്‍ അവര്‍ മലാലയേയും നുജൂദിനേയും പോലെ ഭീകരവാദത്തിന്റെയോ ആണ്‍കോയ്മയുടേയോ ഇരകളും പടിഞ്ഞാറാണെങ്കില്‍ ഉടനെ നാടുകടത്തേണ്ട ഭീകരവാദികളും ആണെന്നതാണ്. അഫ്ഗാനിലെ സ്ത്രീകള്‍ക്കുമേല്‍ ത്വാലിബാന്‍ അടിച്ചേല്‍പ്പിക്കുന്ന നിയന്ത്രണങ്ങള്‍ എല്ലാതരത്തിലും പൈശാചികമാണെന്ന് ഈ സ്ത്രീവാദികള്‍ ചൂണ്ടിക്കാണിക്കും. സ്ത്രീകളെ തൊഴില്‍ സംരംഭങ്ങളില്‍ നിന്നു വിലക്കുകയും സ്ത്രീവിദ്യാഭ്യാസത്തെ എതിര്‍ക്കുകയും അനുസരിക്കാത്തവരെ തല്ലി അനുസരിപ്പിക്കുകയും ചെയ്യുന്ന കിരാതനിയമങ്ങളെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നവര്‍ പക്ഷേ, അനിയന്ത്രിത വ്യക്തിസ്വാതന്ത്രങ്ങളുടെ പറുദീസകളായി ആഘോഷിക്കപ്പെടുന്ന യൂറോപ്യന്‍ രാജ്യങ്ങളില്‍ തെരഞ്ഞെടുത്ത ഒരു വസ്ത്രം ധരിക്കാനോ പേര് സ്വീകരിക്കാനോ ജോലി ചെയ്യാനോ സാധിക്കാതെ സാംസ്‌കാരികമായ ഭ്രഷ്ട് അനുഭവിക്കുന്ന മുസ്‌ലിം സ്ത്രീകളെക്കുറിച്ച് മറന്നുപോവുന്നു. പാശ്ചാത്യന്‍ രാജ്യങ്ങളില്‍ തട്ടമിട്ട സ്ത്രീയെയും താടിവെച്ച പുരുഷനെയുമെല്ലാം ‘പ്രാകൃതമായ’ ഒരു മതത്തോടുള്ള ‘അടിമത്ത മനോഭാവത്തിന്റെ’ അടയാളങ്ങള്‍ മാത്രമായല്ല, തങ്ങളുടെ സംസ്‌കാരങ്ങള്‍ നേരിടുന്ന കനത്ത വെല്ലുവിളിയായിക്കൂടിയാണ് ബഹുസ്വരതയെ മാറോടണയ്ക്കുന്നുവെന്ന് അവകാശപ്പെടുന്നവര്‍ കണക്കാക്കുന്നത്. അഫ്ഗാനിലെ പെണ്ണിന്റെ ദുരവസ്ഥയോര്‍ത്ത് കാതങ്ങള്‍ക്കപ്പുറത്തിരുന്ന് കേണവര്‍, ആ സഹാനുഭൂതിക്കു പോലും അര്‍ഹരാണ് തങ്ങളുടെ കണ്‍മുമ്പിലൂടെ മതപരമായ വസ്ത്രം ധരിച്ച് നടന്നുനീങ്ങുന്ന, തങ്ങള്‍ ജീവിക്കുന്ന അതേ രാജ്യത്ത് നിയമപരമായി പൗരത്വമുള്ളവര്‍ എന്നു വിചാരിച്ചില്ല. സാമൂഹിക ജീവിതത്തില്‍ അയിത്തത്തിന്റെ പല ഭാവങ്ങളുമായി തങ്ങളെ ചിരപരിചിതരാക്കുന്ന അനുഭവമാണ് പാശ്ചാത്യന്‍ രാജ്യങ്ങളിലെ ഇസ്‌ലാമിക വേഷധാരണം തങ്ങള്‍ക്ക് സമ്മാനിച്ചിട്ടുള്ളതെന്ന അനേകം മുസ്‌ലിം വനിതകളുടെ തുറന്നുപറച്ചില്‍ മുതലാളിത്തത്തിന്റെ മുസ്‌ലിം സ്ത്രീയോടുള്ള ‘സ്‌നേഹം’ എന്തുമാത്രം കപടമാണെന്ന് വ്യക്തമാക്കുന്നുണ്ട്.
ഈ സ്ത്രീ’വിമോചന’ പ്രത്യയശാസ്ത്രക്കാര്‍, മുതലാളിത്ത രാജ്യങ്ങള്‍ മുസ്‌ലിം നാടുകളെ ആക്രമിക്കുന്നതിനെ ‘സ്ത്രീകളെ ബഹുമാനിക്കുന്ന ഒരു സംസ്‌കാരത്തിന്റെ’ ‘സ്ത്രീകളെ അടിച്ചമര്‍ത്തുന്ന മറ്റൊരു സംസ്‌കാര’ത്തിനുമേലുള്ള ‘ഉദാത്തമായ’ കടന്നുകയറ്റമായേ കണക്കാക്കുന്നുള്ളൂ. സമൂഹത്തെ അരാജകത്വത്തിലേക്ക് നയിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം വ്യക്തിസ്വാതന്ത്ര്യമെന്ന് പേര് നല്‍കുന്നവര്‍ നശീകരണ സ്വഭാവമുള്ള ഈ സ്വാതന്ത്ര്യങ്ങള്‍ ഇല്ലാത്തതിനെത്തന്നെയാണ് ‘അടിമത്ത’മെന്നു വിളിക്കുന്നത്. വേള്‍ഡ് റ്റ്രെയ്ഡ് സെന്റര്‍ ആക്രമണത്തിന് ശേഷം 2001 നവംബര്‍ 17ന് അമേരിക്കയുടെ അന്നത്തെ പ്രഥമ വനിത ലോറാ ബുഷ് നല്‍കിയ റേഡിയോ സന്ദേശത്തില്‍ പറഞ്ഞത് ‘ഭീകരവാദത്തിനെതിരെയുള്ള യുദ്ധം സ്ത്രീകളുടെ അവകാശങ്ങള്‍ക്കും മാന്യതയ്ക്കും വേണ്ടിയുള്ള യുദ്ധം കൂടിയാണ്’ (Haddad, Yvonne Yazbeck. ”The Post-9/11 ‘Hijab’ as Icon”, p. 255) എന്നാണ്. സ്ത്രീകളുടെ മാന്യത മിനിസ്‌കേര്‍ട്ട് ധരിക്കലും അവളുടെ സ്വാതന്ത്ര്യം മദ്യവും വ്യഭിചാരവും മുതലുള്ള സകല തോന്നിവാസങ്ങള്‍ക്കും വിലക്കുകളില്ലാതിരിക്കലുമാണെന്ന് ലോകത്തെ മുഴുവന്‍ ബോധ്യപ്പെടുത്തലും കൂടിയാണ് അമേരിക്കയുടെ ‘ഭീകരതാ വിരുദ്ധ’ യുദ്ധത്തിന്റെ ലക്ഷ്യമെന്നതാണ് സത്യം.
ഈയൊരു പ്രത്യയശാസ്ത്ര പശ്ചാതലത്തില്‍ വെച്ചുതന്നെയാണ് മലാലയുടെയും നുജൂദിന്റെയും പേരില്‍ പുറത്തിറങ്ങിയ ‘കൊച്ചുവര്‍ത്തമാനങ്ങളെയും’ നാം അപഗ്രഥിക്കേണ്ടത്. മലാലയുടെ വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള പോരാട്ടമോ പ്രശ്‌നകലുഷിതമായൊരു വിവാഹജീവിതത്തില്‍ നിന്ന് നുജൂദ് സധൈര്യം നേടിയ വിടുതലോ ലോകത്തെയറിയിച്ച് അവരുടെ വേദനകളില്‍ ലോകജനങ്ങളെ മുഴുവന്‍ പങ്കാളികളാക്കുകയും ഈ പെണ്‍കുട്ടികള്‍ക്ക് മാനസികമായ താങ്ങ് നല്‍കുകയുമാണ് അവരെ ആഘോഷിക്കുന്നതിലൂടെ സാമ്രാജ്യത്വ രാജ്യങ്ങള്‍ ഉദ്ദേശിക്കുന്നതെന്ന് വിചാരിക്കണമെങ്കില്‍ ചെറിയ ബുദ്ധിമാന്ദ്യമൊന്നും മതിയാവുകയില്ല. പാശ്ചാത്യന്‍ നാടുകളില്‍ മുസ്‌ലിംകള്‍ അനുഭവിക്കുന്ന അസ്തിത്വപ്രതിസന്ധിയും മലാലയേയും നുജൂദിനെയും അയാന്‍ ഹിര്‍സി അലിയേയും മുക്താര്‍ മായിയേയും പോലുള്ള ചുരുക്കം ചിലര്‍ ഇതേ രാജ്യങ്ങളില്‍ ആഘോഷിക്കപ്പെടുന്ന വിധവും മനനവിധേയമാക്കുമ്പോഴേ സാഘോഷം സ്വീകരിക്കപ്പെടുന്ന ഒരു അകക്കൂട്ടവും (in group) നിഷ്‌കരുണം നിഷ്‌കാസിതരാക്കപ്പെടുന്ന ഒരു പുറം കൂട്ടവും (outgroup) നിര്‍മിക്കപ്പെടുന്നത് എങ്ങനെയാണെന്ന് മനസ്സിലാവുകയുള്ളൂ. ‘ഇസ്‌ലാമിനെ പ്രതിരോധിക്കലാണ് തങ്ങളുടെ ഏറ്റവും വലിയ താല്‍പര്യമെന്ന് ചിന്തിക്കാത്ത’ (Malala, p. 187) മലാലയും നുജൂദും ആട്ടിയകറ്റപ്പെടേണ്ടവരല്ലാതാവുന്നതും ഭീകരവാദത്തേയും അവകാശ ധ്വംസനങ്ങളേയും മലാലയേയും നുജൂദിനേയും പോലെത്തന്നെ എതിര്‍ക്കുന്നവരാണെങ്കിലും തങ്ങളുടെ വിശ്വാസത്തെ ജീവിതത്തിന്റെ നിഖില മേഖലകളിലും സ്പഷ്ടമാക്കുന്നവരും ഇസ്‌ലാം യഥാര്‍ത്ഥത്തില്‍ എന്താണെന്ന് മറ്റുള്ളവര്‍ക്ക് വ്യക്തമാക്കിക്കൊടുക്കുന്നവരും സ്വീകാര്യരല്ലാതായിത്തീരുന്നതും യാദൃഛികമായ സംഭവങ്ങളാണെന്ന് മനസ്സിലാക്കാന്‍ തത്കാലം നമുക്ക് നിര്‍വാഹമില്ല. Good Muslims Bad Muslims എന്ന തന്റെ പുസ്തകത്തില്‍ മഹ്മൂദ് മംദാനി പറയുന്നതുപോലെ ആധുനികതയ്ക്ക് സ്വീകാര്യനായ നല്ല മുസ്‌ലിമും ‘ഭീഷണി’യുയര്‍ത്തുന്ന ചീത്ത മുസ്‌ലിമും നിര്‍മിക്കപ്പെടുന്നത് മതത്തോടുള്ള ഇരുവരുടേയും സമീപനത്തിന്റെ അടിസ്ഥാനത്തിലാണ്.
സ്വകാര്യ സന്ദര്‍ഭങ്ങളില്‍ നിന്നും വ്യക്തിജീവിതത്തില്‍ നിന്നും പൊതു ഇടങ്ങളിലേക്ക് ഇസ്‌ലാമിനെ വ്യാപിപ്പിക്കുന്നത് അസഹിഷ്ണുതാപരമായ നിയമങ്ങളുടെ നിര്‍മാണത്തിനും സ്ത്രീകളേയും ന്യൂനപക്ഷങ്ങളേയും അപകടങ്ങളിലേക്ക് തള്ളിവിടുന്നതിനും മാത്രമേ കാരണമാവൂ എന്നാണ് മലാലയുടെ പുസ്തകം വരികള്‍ക്കിടയിലൂടെ പറയുന്നത്: ”നമ്മുടെ ജനങ്ങള്‍ തെറ്റുധരിപ്പിക്കപ്പെട്ടിരിക്കുന്നു. ഇസ്‌ലാമിനെ പ്രതിരോധിക്കലാണ് തങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട കര്‍ത്തവ്യമെന്ന് അവര്‍ വിചാരിക്കുകയും തല്‍ഫലമായി ത്വാലിബാനെപ്പോലുള്ള, ക്വുര്‍ആനിനെ മനഃപൂര്‍വം ദുര്‍വ്യാഖ്യാനിച്ച് അവതരിപ്പിക്കുന്നവരാല്‍ തെറ്റായ വഴികളില്‍ നയിക്കപ്പെടുകയും ചെയ്യുന്നു. നമ്മള്‍ കൂടുതല്‍ ക്രിയാത്മകമായ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. അക്ഷരാഭ്യാസമില്ലാത്ത ഒട്ടനവധി പേര്‍ നമ്മുടെ രാജ്യത്തുണ്ട്. ഒരു തരത്തിലുള്ള വിദ്യാഭ്യാസവും ലഭിക്കാത്ത സ്ത്രീകളും വളരെ അധികമുണ്ട്. സ്‌കൂളുകള്‍ തകര്‍ക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു പ്രദേശത്താണ് നാം ജീവിക്കുന്നത്. വൈദ്യുതി നമുക്ക് വേണ്ടത്ര ലഭിക്കുന്നില്ല. ഒരു പാകിസ്ഥാനിയെങ്കിലും കൊല്ലപ്പെടാതെ ഒരു ദിവസം പോലും കടന്നുപോകുന്നില്ല.” (Malala, p. 187). ക്രിയാത്മകമായ കാര്യങ്ങളൊക്കെയും മതവുമായി ബന്ധമില്ലാത്തവയാണെന്ന തെറ്റുധാരണ പേറിയാണ് മലാല ജീവിക്കുന്നതെന്ന് സ്പഷ്ടമാക്കുന്നവയാണ് ഈ വാക്കുകള്‍. യഥാര്‍ത്ഥ ഇസ്‌ലാമിനെ വക്രീകരിച്ച് അവതരിപ്പിക്കുകയാണ് ത്വാലിബാന്‍ എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ മലാല തന്നെ ഇസ്‌ലാമിനെ പ്രതിരോധിക്കലാണ് തങ്ങളുടെ കര്‍ത്തവ്യമെന്ന് വിചാരിക്കുന്ന ആളുകളാണ് പ്രശ്‌നക്കാര്‍ എന്ന നിഗമനത്തിലെത്തുന്നതാണ് വലിയ ദുരന്തം. ത്വാലിബാനാല്‍ തെറ്റായ വഴികളില്‍ ആളുകള്‍ നയിക്കപ്പെടുന്നുണ്ട് എന്നതുകൊണ്ട് ഇസ്‌ലാമിനെക്കുറിച്ച് മൗനം പാലിച്ച് നാം വിദ്യാഭ്യാസത്തിനും ജീവിതസൗകര്യങ്ങള്‍ക്കും വേണ്ടി പോരാടുക മാത്രം ചെയ്യണമെന്ന് പറയുന്നതല്ലേ വലിയ വിഢ്ഢിത്തം? ഇസ്‌ലാം നാമമാത്രമാകുന്നതുവഴി മാത്രമേ സ്വസ്ഥജീവിതവും സമാധാനാന്തരീക്ഷവും ഉപലബ്ധമാവുകയുള്ളൂ എന്ന സാമ്രാജ്യത്വയുക്തിയാണ് വിദ്യാഭ്യാസം പോലുള്ള ക്രിയാത്മകമായ കാര്യങ്ങള്‍ മതമുക്തമാവണമെന്ന മലാലയുടെ ആഗ്രഹത്തിന്റെ അടിത്തറ. ഇസ്‌ലാം യഥാവിധി ഒരു സമൂഹത്തില്‍ പഠിപ്പിക്കപ്പെട്ടാല്‍ അവിടെ വിദ്യാഭ്യാസവും വികസനവും തളരുകയല്ല, തഴക്കുകയാണ് ചെയ്യുക എന്ന് ക്വുര്‍ആനും പ്രവാചകചര്യയും ഇസ്‌ലാമിക ചരിത്രവും വായിച്ചിരുന്നെങ്കില്‍ മലാലയ്ക്ക് മനസ്സിലാകുമായിരുന്നു. മലാല തന്നെ തന്റെ ഹ്രസ്വമായ ഐക്യരാഷ്ട്രസഭാ പ്രസംഗത്തില്‍ ഇക്കാര്യം അംഗീകരിക്കുന്നുണ്ട്. എന്നിട്ടും അവളുടെ പേരില്‍ പുറത്തിറങ്ങിയ പുസ്തകം വരികള്‍ക്കിടയില്‍ കൃത്യമായ രാഷ്ട്രീയമുള്ള ഇത്തരം ആന്തരിക വൈരുധ്യങ്ങള്‍ പേറുന്നു. ത്വാലിബാന്റേത് ഇസ്‌ലാമിന്റെ വ്യാജ പ്രതിനിധാനമാണ് എന്ന് സമ്മതിക്കുമ്പോഴും അവരുടെ അതിവാദങ്ങളുടെ ചെലവില്‍ ഇസ്‌ലാമിനെ വെടിവെച്ചിടാന്‍ പുസ്തകം ശ്രമിക്കുമ്പോള്‍ സാമ്രാജ്യത്വം വിജയലഹരിയില്‍ ചിരിക്കുന്നു. നേരായ ഇസ്‌ലാമിന്റെ നേര്‍വഴിയില്‍ സഞ്ചരിക്കുന്ന ജനസമൂഹങ്ങളോട് അറിവിന്റെയും സ്ത്രീവിദ്യാഭ്യാസത്തിന്റേയുമൊന്നും പ്രാധാന്യത്തെക്കുറിച്ച് വാചാലയാവേണ്ട ആവശ്യമേ ഉണ്ടാവുകയില്ലെന്ന കാര്യമാണ് പുസ്തകം മറച്ചുവെക്കുന്നത്; അതിക്രമ മനോഭാവങ്ങള്‍ക്ക് തടയിടാന്‍ ഇസ്‌ലാമിനെ ഹൃദയങ്ങളില്‍ സ്വാംശീകരിക്കുക മാത്രമേ വഴിയുള്ളൂ എന്ന സ്ഥലകാലങ്ങള്‍ക്കതീതമായ നിത്യസത്യമാണ് തന്റെ ശബ്ദത്തിനു കാതോര്‍ക്കുന്ന ലോകത്തോട് പറയാന്‍ മലാല മറന്നുപോവുന്നത്.
2008ല്‍ ‘ഗ്ലാമര്‍ വുമണ്‍ ഓഫ് ദി ഇയര്‍’ ആയി തിരഞ്ഞെടുക്കപ്പെട്ട പെണ്‍കുട്ടിയാണ് യമനില്‍ നിന്നുള്ള നുജൂദ് അലി. പിതാവ് അടിച്ചേല്‍പിച്ച പീഡനങ്ങളുടെ വൈവാഹിക ജീവിതത്തില്‍ നിന്ന് വിവാഹമോചനത്തിലേക്ക് നടന്നുകയറിയ ഈ പത്തു വയസ്സുകാരിയെ പാശ്ചാത്യന്‍ ആശയങ്ങളുടെ പിന്‍ബലത്തില്‍ രക്ഷപ്പെട്ടവളായാണ് ഡെല്‍ഫിന്‍ മിനോയ് അവള്‍ക്കുവേണ്ടി തയ്യാറാക്കിയ പുസ്തകം അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത്. നുജൂദിന്റെ ന്യായമായ വിവാഹമോചന ആവശ്യത്തെ അംഗീകരിക്കുകയും കാലതാമസങ്ങളില്‍ തട്ടിത്തടയാന്‍ അനുവദിക്കാതെ വെറും നാലു ദിവസങ്ങള്‍ക്കുള്ളില്‍ അവള്‍ ആവശ്യപ്പെട്ട നീതി അവളുടെ കയ്യില്‍ വെച്ചുകൊടുക്കുകയും ചെയ്ത യമനിലെ കോടതി വിവാഹത്തിനുമുമ്പ് പെണ്‍കുട്ടിയുടെ സമ്മതം തേടേണ്ടതുണ്ടെന്ന ഇസ്‌ലാമിക നിയമത്തിന്റെ പിന്‍ബലത്തിലാണ് നുജൂദിന് വിവാഹമോചനം അനുവദിച്ചതെന്ന സത്യം എല്ലായിടത്തും തമസ്‌ക്കരിക്കപ്പെടുന്നു. നുജൂദിനെ പാശ്ചാത്യന്‍ വ്യക്തിസ്വാതന്ത്ര്യത്തിന്റെ തണലും തണുപ്പും അനുഭവിച്ചവളായി അവതരിപ്പിക്കുകയും അവളുടെ വിജയം ഇസ്‌ലാമിക പൈതൃകത്തിനു മേല്‍ സാമ്രാജ്യത്വ സംസ്‌കാരം നേടിയ വിജയമായി ആവര്‍ത്തിക്കപ്പെടുകയുമാണ് ചെയ്യുന്നത്. പുസ്തകത്തിലെ നുജൂദിന്റെ വാക്കുകളില്‍ (അതോ ഡെല്‍ഫിന്‍ മിനോയിയുടേതോ?) പാശ്ചാത്യന്‍ വിദ്യാഭ്യാസം നേടിയ, സ്വാതന്ത്ര്യത്തിന്റെ ആള്‍രൂപങ്ങളായി പാശ്ചാത്യന്‍ വേഷവിധാനങ്ങളില്‍ പ്രത്യക്ഷപ്പെട്ട വനിതാരത്‌നങ്ങളാണ് ദൈവമയച്ച മാലാഖമാരെപ്പോലെ അവളെ രക്ഷിച്ചത്. യമനിലെ കാര്യശേഷിയില്ലാത്ത ഭരണവ്യവസ്ഥകളെ ഇസ്‌ലാമായി അവതരിപ്പിക്കുകയും നുജൂദിന്റെ കുടുംബത്തിലെ പ്രശ്‌നങ്ങളെ ഒരു മുസ്‌ലിം കുടുംബത്തിന് സ്വാഭാവികമായും നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങള്‍ എന്ന രീതിയില്‍ ചിത്രീകരിക്കുകയും ചെയ്യുകയാണ് നുജൂദിന്റെ ആത്മകഥയിലൂടെ തല്‍പരകക്ഷികള്‍ ചെയ്യുന്നത്.
മൂന്നാംലോക രാജ്യങ്ങളില്‍ നിന്നുള്ള മലാലയെയും നുജൂദിനെയും പോലുള്ള പെണ്‍കുട്ടികളെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് തങ്ങളും ഫെമിനിസ്റ്റുകളും താക്കീത് നല്‍കിയ പുരുഷാധിപത്യപരമായ ഇസ്‌ലാമിന്റെ ഇരകളാണ് ഇവരെന്ന് ഉറക്കെ പ്രഖ്യാപിക്കുകയാണ് മുതലാളിത്തം ചെയ്യുന്നത്. കൂടാതെ, മൂന്നാംലോക രാജ്യങ്ങളിലെ മുസ്‌ലിം സ്ത്രീകളുടെയെല്ലാം അവസ്ഥ ഇതുതന്നെയാണെന്ന് ധ്വനിപ്പിച്ച്, മനസ്സുകളില്‍ മുസ്‌ലിം സ്ത്രീയുടെ ഏകാശിലാത്മകമായൊരു രൂപം പ്രതിഷ്ഠിച്ച്, പാശ്ചാത്യന്‍ സാംസ്‌കാരികാധിനിവേശങ്ങളുടെ ആവശ്യകത ലോകത്തെ തെര്യപ്പെടുത്താനുള്ള ശ്രമങ്ങളും കൊണ്ടുപിടിച്ചുനടക്കുന്നു. എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള കാരണമായി ‘ഇസ്‌ലാമിക ഭീകരവാദമെന്നും’ ‘ഇസ്‌ലാമിക തീവ്രവാദമെന്നും’ ‘ഇസ്‌ലാമിക മൗലികവാദ’മെന്നുമെല്ലാമുള്ള റെഡിമെയ്ഡ് ഉത്തരങ്ങള്‍ തയ്യാറാക്കുകയും ഇവയ്ക്കുള്ള പരിഹാരം ഇസ്‌ലാമിനെത്തന്നെ ഇല്ലാതാക്കുകയാണെന്ന് പ്രചരിപ്പിക്കുകയുമാണ് ഇതിലെല്ലാം ഉള്ളടങ്ങിയ ലക്ഷ്യങ്ങള്‍. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന എല്ലാ അതിക്രമങ്ങളേയും ഇസ്‌ലാമെന്ന തലക്കെട്ടിനടിയില്‍ ഏകീകരിപ്പിച്ച് പാശ്ചാത്യന്‍ വനിതയേയും മൂന്നാംലോക മുസ്‌ലിം വനിതയേയും ആപാദചൂഢ താരതമ്യം ചെയ്ത് മെച്ചപ്പെട്ടതേതാണെന്ന് അവര്‍ തന്നെ പ്രഖ്യാപിക്കുന്ന കോമാളിത്തമാണ് അരങ്ങേറുന്നത്.
മലാലയുടേയും നുജൂദിന്റേയുമെല്ലാം പുസ്തകങ്ങളില്‍ അവര്‍ നേരിട്ട വലിയ പ്രശ്‌നങ്ങളുടെ കൂട്ടത്തില്‍ ആവര്‍ത്തിച്ച് ചര്‍ച്ച ചെയ്യപ്പെടുകയും പരിഹസിക്കപ്പെടുകയും വിമര്‍ശിക്കപ്പെടുകയും ചെയ്യുന്ന ഒന്നാണ് ഇസ്‌ലാമിക വസ്ത്രധാരണം. ഇസ്‌ലാമിക വസ്ത്രത്തോടുള്ള തങ്ങളുടെ അവജ്ഞ പ്രകടിപ്പിക്കുന്ന ഈ പെണ്‍കുട്ടികള്‍ നിര്‍ബന്ധങ്ങള്‍ക്കു വഴങ്ങിയല്ലാതെ ഒരു സ്ത്രീയും അത്തരമൊരു വസ്ത്രം തെരഞ്ഞെടുക്കില്ലെന്നും സ്വയം തെരഞ്ഞെടുത്തവയാണ് ആ വസ്ത്രങ്ങള്‍ എന്ന് ആരെങ്കിലും പറയുന്നുവെങ്കില്‍തന്നെ അടിച്ചേല്‍പ്പിക്കപ്പെട്ട പ്രതിലോമപരമായ ഒരു ബോധത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കും അതെന്നുമുള്ള പ്രതീതി ജനിപ്പിക്കുക കൂടി ചെയ്യുന്നു. ശരീരം മൂടുന്ന വസ്ത്രത്തെ ഭീകരവാദത്തോളം തന്നെ അപകടകാരിയായ വസ്തുവായിട്ടാണ് മലാലയുടേയും നുജൂദിന്റേയും ‘വസ്ത്രവിലാപങ്ങള്‍’ നമുക്ക് മനസ്സിലാക്കിത്തരിക. മുസ്‌ലിം പുരുഷ•ാരുടെ താടിയെ തീവ്രവാദത്തിന്റെ അടയാളമായി പ്രഖ്യാപിക്കുവാനും മുസ്‌ലിം സ്ത്രീകള്‍ മുന്‍കയ്യും മുഖവും ഒഴിച്ചുള്ള ശരീര ഭാഗങ്ങള്‍ മറയ്ക്കുന്നതിനെ ഭീകരവാദത്തിന്റേയോ പുരുഷാധിപത്യത്തിന്റേയോ ഫലമായോ സ്ത്രീ വിരുദ്ധതയായോ പാകം ചെയ്ത് വിളമ്പാനും അവസരങ്ങള്‍ തേടുന്നവര്‍ക്കുവേണ്ട ചേരുവകള്‍ ഒരുപാട് നല്‍കുന്നുണ്ട് രണ്ടു പുസ്തകങ്ങളും.
പാശ്ചാത്യന്‍ വേഷങ്ങള്‍ ധരിച്ചവരോടൊപ്പമുള്ള ചെറിയ സഹവാസങ്ങള്‍ പോലും സ്വാതന്ത്ര്യത്തിന്റെ നറുതേന്‍ പകര്‍ന്ന അനുഭവങ്ങളായി മലാലയും നുജൂദും പങ്കുവെക്കുന്നുണ്ട്. കുറഞ്ഞ അളവില്‍ വസ്ത്രം ധരിക്കാനുള്ള ‘സ്വാതന്ത്ര്യ’മുള്ളവരെക്കുറിച്ചു മാത്രമേ നേട്ടങ്ങളുടെ ഗിരിശൃംഗങ്ങളില്‍ എത്തിയവരെന്ന് പറയാന്‍ പാടുള്ളൂ എന്ന് തോന്നിപ്പോവും നിഷ്‌കളങ്കരായ ഈ ബാലികമാരുടെ വിവരണങ്ങള്‍ കേട്ടാല്‍! സ്വാതന്ത്ര്യത്തിന്റെ പല മാനദണ്ഡങ്ങളിലൊന്ന് തല മറയ്ക്കാതിരിക്കലാണെന്ന് ഈ പെണ്‍കുട്ടികളെ പറഞ്ഞു പഠിപ്പിച്ചത് ആരാണെങ്കിലും അവര്‍ അതില്‍ പരിപൂര്‍ണമായി വിജയിച്ചിട്ടുണ്ടെന്ന് മനസ്സിലാവും രണ്ടു പേരുടെയും പുസ്തകങ്ങളിലെ വാക്കുകള്‍ ശ്രദ്ധിച്ചാല്‍. മലാല പറയുന്നത് നോക്കുക: ”സ്വാതില്‍ നിന്നും വളരെ വ്യത്യസ്തമായിരുന്നു ഇസ്‌ലാമാബാദ്. ഇസ്‌ലാമാബാദ് ന്യൂയോര്‍ക്കില്‍ നിന്നും എത്ര വ്യത്യസ്തമാണോ അത്ര വ്യത്യസ്തമായിരുന്നു സ്വാത് ഞങ്ങള്‍ക്ക് ഇസ്‌ലാമാബാദില്‍ നിന്നും. അഭിഭാഷകരും ഡോക്ടര്‍മാരും സാമൂഹിക പ്രവര്‍ത്തകരുമെല്ലാമായിരുന്ന ഒരുപാടു സ്ത്രീകളെ ഷിസ (Shiza) ഞങ്ങള്‍ക്ക് പരിചയപ്പെടുത്തിത്തന്നു. സംസ്‌കാരവും പാരമ്പര്യവും കാത്തുസൂക്ഷിച്ചുകൊണ്ടുതന്നെ സുപ്രധാന ജോലികളിലേര്‍പ്പെടാന്‍ സ്ത്രീകള്‍ക്കും കഴിയുമെന്ന് ആ സന്ദര്‍ഭം ഞങ്ങളെ ബോധ്യപ്പെടുത്തി. തെരുവുകളില്‍ പര്‍ദ ധരിക്കാത്ത, തല പോലും മറയ്ക്കാത്ത സ്ത്രീകളെയും ഞങ്ങള്‍ കണ്ടു. ഇതിനുശേഷം തലയില്‍ ഷാള്‍ ഇടാതെയാണ് പല മീറ്റിംഗുകളിലും ഞാന്‍ പങ്കെടുത്തത്. അങ്ങനെ ചെയ്താല്‍ ഒരു മോഡേണ്‍ പെണ്‍കുട്ടിയാവുമെന്ന് ഞാന്‍ വിചാരിച്ചു. കേവലം തല മറയ്ക്കാത്തതുകൊണ്ട് മാത്രം ഒരാള്‍ മോഡേണ്‍ ആകില്ലെന്ന് പിന്നീടെനിക്കു മനസ്സിലായി.”(മലാല, p.162). പാശ്ചാത്യവല്‍കരണം തല തുറന്നിടലില്‍ തുടങ്ങി അവിടെത്തന്നെ അവസാനിപ്പിച്ചാല്‍ തന്റെ ‘ആധുനികസ്വത്വം’ പൂര്‍ണമാകില്ലെന്നും അതിന് പടിഞ്ഞാറ് ദിശയിലുള്ള ‘സാംസ്‌കാരിക പരിവര്‍ത്തനങ്ങള്‍’ പിന്നെയുമൊരുപാട് നടക്കേണ്ടതുണ്ടെന്നും തികഞ്ഞ അപകര്‍ഷതാ ബോധത്തോടെ മലാല കുമ്പസരിക്കുമ്പോള്‍ ആരാണ് അവളുടെ സ്വാതന്ത്ര്യ സങ്കല്‍പങ്ങള്‍ നെയ്തിരിക്കുന്നത് എന്ന് സുതരാം വ്യക്തമാകുന്നുണ്ട്.
മലാല പാശ്ചാത്യന്‍ സ്ത്രീകളുമായി തന്റെ രാജ്യത്തുള്ളവരെ താരതമ്യം ചെയ്യുന്ന ഒരു സന്ദര്‍ഭവും പുസ്തകത്തിലുണ്ട്: ”പാറക്കല്ലുകള്‍ക്കുമേല്‍ ഇരുന്നുകൊണ്ട് ഈ സമുദ്രത്തിനക്കരെ സ്വതന്ത്രരായ സ്ത്രീകളുള്ള നാടുകളാണെന്ന കാര്യം ഞാനോര്‍ത്തു. പാകിസ്ഥാനില്‍ ഞങ്ങള്‍ക്കൊരു വനിതാ പ്രധാനമന്ത്രിയുണ്ടായിട്ടുണ്ട്, മനസ്സിനെ ആകര്‍ഷിക്കുന്ന ഒരുപാട് ഉേദ്യാഗസ്ഥ വനിതകളെ ഇസ്‌ലാമാബാദില്‍ വെച്ച് ഞാന്‍ കണ്ടിട്ടുമുണ്ട്. എങ്കിലും ഞങ്ങളുടെ രാജ്യത്തെ ഏകദേശം എല്ലാ സ്ത്രീകളും പൂര്‍ണമായും പുരുഷന്മാരെ ആശ്രയിച്ചാണ് ജീവിക്കുന്നത്. എന്റെ സ്‌കൂള്‍ ഹെഡ്മിസ്ട്രസ് മര്‍യം ധീരയും വിദ്യാസമ്പന്നയുമായൊരു വനിതയാണ്. പക്ഷേ, ഞങ്ങളുടെ സമൂഹത്തില്‍ അവര്‍ക്ക് സ്വന്തമായി ജീവിക്കാനോ ജോലി ചെയ്യാനോ സാധ്യമായിരുന്നില്ല. ഭര്‍ത്താവിനൊപ്പമോ സഹോദരനോപ്പമോ മാതാപിതാക്കള്‍ക്കൊപ്പമോ ജീവിക്കാന്‍ അവര്‍ നിര്‍ബന്ധിതയായി.”(മലാല, p.183). ഭര്‍ത്താവിനൊപ്പമോ സഹോദരനൊപ്പമോ ജീവിക്കേണ്ടി വരുന്നു എന്നത് പാക്കിസ്ഥാനി വനിതകളുടെ അസ്വാതന്ത്ര്യത്തിന്റെ തെളിവാണ് എന്നാണ് മലാല പറയുന്നത്. അത്തരം ‘കെട്ടുപാടുകളില്ല’ എന്നത് ‘കടലിനക്കരെ’ സ്വര്‍ഗമാണെന്നതിനുള്ള തെളിവും! കുടുംബം തകര്‍ത്തും ശരീരം പ്രദര്‍ശിപ്പിച്ചും നേടിയെടുക്കേണ്ടതാണ് സ്വാതന്ത്ര്യം എന്ന് മലാലയെക്കൊണ്ട് സാമ്രാജ്യത്വം പറയിപ്പിക്കുമ്പോള്‍ നമ്മളറിയാതെ ചോദിച്ചുപോകും, ഇപ്പറഞ്ഞ കാര്യങ്ങള്‍ക്ക് വിദ്യാഭ്യാസപ്രചരണവുമായി എന്ത് ബന്ധമാണുള്ളത് എന്ന്!
ഇതേപോലുള്ള ‘സ്വാതന്ത്ര്യാനുഭവങ്ങള്‍’ തന്നെയാണ് തന്റെ പുസ്തകത്തിലൂടെ നുജൂദും പങ്കുവെക്കുന്നത്: ”എന്റെ വിജയമാഘോഷിക്കാന്‍ ഷദ എനിക്ക് കുറച്ചു പുത്തന്‍ വസ്ത്രങ്ങള്‍ നല്‍കി. പുതിയ പിങ്ക് ഷേര്‍ട്ടിലും നിറമുള്ള പൂമ്പാറ്റകളാല്‍ അലംകൃതമായ നീല ജീന്‍സിലും ഒരു പുതിയ നുജൂദ് ആയപോലെ എനിക്ക് അനുഭവപ്പെട്ടു. എന്റെ നീണ്ടു ചുരുണ്ട മുടി ഉയര്‍ത്തി പിന്നിയിട്ട് പച്ച റിബ്ബണ്‍ കൊണ്ട് കെട്ടിയപ്പോള്‍ എനിക്ക് നന്നായിത്തോന്നി; പ്രത്യേകിച്ചും എന്റെ കറുത്ത മൂടുപടം എടുത്തുമാറ്റാന്‍ അനുവാദമുള്ളതിനാല്‍. ഇപ്പോള്‍ എല്ലാവര്‍ക്കും എന്റെ മുടിയെ പ്രശംസിക്കാനാവും.”(നുജൂദ്, p.121).
വിവാഹമോചനം ഭര്‍ത്താവിന്റെ ക്രൂരമായ പീഡനങ്ങളില്‍നിന്നും നുജൂദിനെ സ്വതന്ത്രയാക്കിയെങ്കിലും താന്‍ തീര്‍ത്തും സ്വതന്ത്രയാണെന്ന് നുജൂദിന് തോന്നുന്നത് സ്വാതന്ത്ര്യത്തിന്റെ പ്രതീകങ്ങളായി അവള്‍ കണ്ട പടിഞ്ഞാറന്‍ സ്ത്രീകളുടെ വസ്ത്രങ്ങള്‍ക്കകത്തേക്കോ വസ്ത്രമില്ലായ്മയിലേക്കോ കയറിക്കൂടുമ്പോഴാണ്. ഈ തോന്നലാണ് പുസ്തകത്തിലൊരിടത്ത് അത്യാഹഌദത്തോടെ നുജൂദ് വിവരിക്കുന്നത്: ”കുറച്ചു കഴിഞ്ഞപ്പോള്‍ എന്റെ മുഖമക്കന കാറ്റില്‍ അഴിഞ്ഞു വീഴാന്‍ തുടങ്ങി. പക്ഷേ, പതിവുപോലെ ഞാനത് നേരെയാക്കാന്‍ ധൃതിപ്പെട്ടില്ല. തോളിനു ചുറ്റും പടര്‍ന്നുവീണ എന്റെ മുടിയിഴകള്‍ ഇളംകാറ്റില്‍ അലകളായി പാറിക്കളിക്കുന്നു. എനിക്കു ഞാന്‍ സ്വതന്ത്രയായതുപോലെ തോന്നുന്നു, തീര്‍ത്തും സ്വതന്ത്ര!” (നുജൂദ്, p. 140). പത്തോ ഇരുപതോ വര്‍ഷങ്ങള്‍ക്കുള്ളില്‍ യെമന്റെ തലസ്ഥാന നഗരിയില്‍ വെച്ച് താന്‍ കണ്ട പരിഷ്‌കാരി സ്ത്രീകളെപ്പോലെ തിളങ്ങുന്ന നഖങ്ങളുമായി താന്‍ ഇരിക്കുന്നത് സങ്കല്‍പ്പിക്കുന്നുണ്ട് നുജൂദ്. (നുജൂദ്, p.124). വിവാഹമോചനത്തിലൂടെ തുടങ്ങിവെച്ച സ്വാതന്ത്ര്യത്തിലേക്കുള്ള പ്രയാണം വസ്ത്രനിര്‍മാര്‍ജനത്തിലൂടെയാണ് പൂര്‍ത്തീകരിക്കേണ്ടതെന്ന് നുജൂദ് പറയുമ്പോഴാണ് (പറയിപ്പിക്കപ്പെടുമ്പോഴാണ്) ഈ പുസ്തകത്തിന്റെ ലക്ഷ്യങ്ങളെക്കുറിച്ച് ഒരേകദേശ ധാരണ നമുക്കും ലഭ്യമാവുക.
സ്ത്രീകള്‍ നേരിടുന്ന ഹിംസകളെക്കുറിച്ച് പറയുന്നിടത്ത് മുസ്‌ലിം സ്ത്രീകളുടെ വസ്ത്രത്തെക്കുറിച്ച് വാചാലരാവുന്നതിനെ സങ്കീര്‍ണമായ പ്രശ്‌നങ്ങളുടെ മറച്ചുപിടിക്കലും ലളിതവല്‍ക്കരണവുമായി മാത്രമേ പരിഗണിക്കാന്‍ സാധിക്കുകയുള്ളൂ. സ്വാതന്ത്ര്യത്തെക്കുറിച്ച് എത്രമേല്‍ പൈങ്കിളിവല്‍കരിക്കപ്പെട്ട പരികല്‍പനകളാണ് ഇത്തരം പുസ്തകങ്ങള്‍ വിതരണം ചെയ്യുന്നത് എന്ന് നോക്കൂ! തല മറച്ചുകൊണ്ട് ഒരു പെണ്ണിന് ചെയ്യാന്‍ കഴിയാത്ത എന്തു കാര്യമാണ് തല മറയ്ക്കാത്ത പെണ്ണിനു മാത്രമായി ചെയ്യാന്‍ കഴിയുക? ആദ്യത്തെയാള്‍ക്ക് ലഭിക്കാത്ത എന്തു സ്വാതന്ത്ര്യമാണ് രണ്ടാമത്തെയാള്‍ക്ക് പ്രത്യേകമായി ലഭിക്കുന്നത്? പിതാവിന്റെയോ ഭര്‍ത്താവിന്റെയോ സഹോദരന്റെയോ തണലനുഭവിക്കുന്നത് ഒരു സ്ത്രീയുടെ സ്വാതന്ത്ര്യത്തിന് കരുത്താകുമെന്നതല്ലേ സത്യം? തലയില്‍ നിന്നൊരു മുണ്ടു മാറ്റുകയോ ഇടുങ്ങിയ കാലുറകള്‍ ധരിക്കുകയോ ചെയ്യുകയാണ് സ്വാതന്ത്ര്യത്തിലേക്കുള്ള എളുപ്പവഴി എന്ന് വിചാരിക്കാന്‍ മാത്രമുള്ള വിവരക്കേട് നമുക്കുണ്ടാകാമോ? നഗ്നതാ പ്രദര്‍ശനത്തിന്റെയും ഉദാരലൈംഗികതയിലധിഷ്ഠിതമായ സാമൂഹ്യക്രമത്തിന്റെയും സിദ്ധാന്തവല്‍കരണത്തിനുവേണ്ടി മുതലാളിത്തം നടത്തുന്ന വ്യാജപ്രചരണങ്ങളില്‍ കുടുങ്ങിപ്പോകുന്ന പെണ്‍കൊടിമാര്‍ അറിയുന്നില്ല, അങ്ങേയറ്റം പുരുഷാധിപത്യപരവും സ്ത്രീവിരുദ്ധമായ ഒരു ലൈംഗിക വ്യവസ്ഥിതിയാണ് യൂറോപ്പിലും അമേരിക്കയിലും നിലനില്‍ക്കുന്നത് എന്ന്; അതിനെയാണ് അവര്‍ മൂന്നാം ലോകത്തിലേക്ക് കയറ്റിയയ്ക്കാന്‍ ശ്രമിക്കുന്നത് എന്ന്; കുടിലമായ പ്രസ്തുത സാംസ്‌കാരിക യുദ്ധത്തിലെ ചാവേറുകളാണ് തങ്ങളെന്ന്!
സാമൂഹ്യപുരോഗതിക്ക് ‘സാംസ്‌കാരിക മാറ്റം’ ആവശ്യമാണെന്ന മുതലാളിത്ത പ്രചരണത്തിനു പിന്നിലെ കാപട്യം മതേതരഭൂമികയില്‍ നിന്നുകൊണ്ടുതന്നെ തുറന്നുകാട്ടിയ ബുദ്ധിജീവികളുണ്ട്. ചാള്‍സ് ഹിര്‍ഷ്‌കിന്‍ഡും സബാ മഹ്മൂദും ‘Feminism, the Taliban, and Politics of Counter-Insurgency’ (‘ഫെമിനിസവും ത്വാലിബാനും പ്രതികൂല സായുധ കലാപത്തിന്റെ രാഷ്ട്രീയവും’) എന്ന ലേഖനത്തില്‍ ഇസ്‌ലാമിനെ തരം താഴ്ന്നതും സ്ത്രീവിരുദ്ധവുമായ സംസ്‌കാരമായി അവതരിപ്പിക്കുന്ന പാശ്ചാത്യന്‍ തന്ത്രങ്ങളെ ഹാസ്യാത്മകമായി അവതരിപ്പിക്കുന്നുണ്ട്. അവര്‍ എഴുതി- ”(പടിഞ്ഞാറിന്റെ) റെട്ടറിക് പ്രവര്‍ത്തിക്കുന്നത് ഏകദേശം ഇങ്ങനെയാണ്: സ്ത്രീകള്‍ക്ക് മിനിസ്‌കേര്‍ട്ട് ധരിക്കാന്‍ കഴിയാത്ത ഒരു സമൂഹം സമ്മതിദാനാവകാശത്തിനും എതിരായിരിക്കും; സമ്പത്തിന്റെ തുല്യവിതരണം നടക്കുന്നതിന് പൊതുസ്ഥലത്തു വെച്ചു ചുംബിക്കല്‍ അനിവാര്യമാണ്; ബെയ്ക്കണ്‍ സാന്‍വിച് (പന്നിമാംസം കൊണ്ട് തയ്യാറാക്കിയത്) കഴിക്കുന്നതാണ് ഒരാളെ സാഹിത്യവും സിനിമയും ആസ്വദിക്കാന്‍ പര്യാപ്തനാക്കുന്നത്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, തങ്ങളുടെ ജീവിതത്തിലും രാഷ്ട്രീയത്തിലും പൊതുരംഗങ്ങളിലെ സ്വഭാവപ്രകടനങ്ങളിലുമെല്ലാം ഏറിയ പ്രാധാന്യത്തോടെ ഇസ്‌ലാമിനെ മനസ്സിലാക്കുകയും തത്ഫലമായി പന്നിമാംസം കഴിക്കാതിരിക്കുകയും പൊതുസ്ഥലങ്ങളില്‍ വെച്ച് ചുംബിക്കാതിരിക്കുകയും പരിണാമശാസ്ത്രത്തെ അവമതിക്കുകയും ചെയ്യുന്നവര്‍ സ്വേച്ഛാധിപത്യ സ്വഭാവമുള്ളതും അസഹിഷ്ണുതാപരവും സ്ത്രീവിരുദ്ധവുമായ സമൂഹങ്ങളില്‍ മാത്രം ജീവിക്കാന്‍ വിധിക്കപ്പെട്ടവരാണ്. ഇതില്‍ ഉള്ളടങ്ങിയ നിര്‍ദേശം എന്താണെന്നു വെച്ചാല്‍, പാശ്ചാത്യന്‍ സംസ്‌കാരത്തില്‍ നിന്നും രാഷ്ട്രീയ മാതൃകകളില്‍ നിന്നുമുള്ള ഏതെങ്കിലും തരത്തിലുള്ള പിന്‍മടങ്ങല്‍ രാഷ്ട്രീയ സംവിധാനം മുതല്‍ സ്വകാര്യമായ സന്തോഷങ്ങള്‍ വരെയുള്ള നമ്മുടെ ജീവിതത്തിലെ എല്ലാ വശങ്ങള്‍ക്കും ഭീഷണിയായിത്തീരും.” (Hirschkind and Mahmood, p. 350). മലാലയുടെയും നുജൂദിന്റെയും പുസ്തങ്ങള്‍ അക്ഷരങ്ങളിലേക്ക് ആവാഹിച്ചിട്ടുള്ളതും ഇതേ ‘റെട്ടറിക്’ തന്നെയല്ലേ?
മലാലയും നുജൂദും തങ്ങളുടെ പുസ്തകങ്ങളില്‍ തുടരെത്തുടരെ ഇസ്‌ലാമിക വേഷത്തെ അടിമത്തവുമായി ബന്ധപ്പെടുത്തുമ്പോഴും അഫ്ഗാനിസ്ഥാനിലേയും പാകിസ്ഥാനിലേയും മറ്റനേകം നാടുകളിലേയും സ്ത്രീകളുടെ ദാരുണാവസ്ഥയില്‍ യൂറോപ്പിനും അമേരിക്കയ്ക്കുമുള്ള പങ്ക് വിസ്മരിക്കപ്പെടുന്നു. യു. എസ്. എസ്. ആറിന്റെ 1979ലെ അഫ്ഗാനിസ്ഥാനിലേക്കുള്ള ക്രൂരമായ അധിനിവേശത്തെ തുടര്‍ന്നുണ്ടായ വിമോചന പോരാട്ടത്തില്‍ ശീതയുദ്ധകാലത്തെ തങ്ങളുടെ ശത്രുവിനെ തറ പറ്റിക്കാനായി അമേരിക്കയെറിഞ്ഞ പണത്തിലും ആയുധത്തിലും പിടിച്ചുകയറി രൂപീകൃതമാവുകയും ശക്തിയാര്‍ജിക്കുകയും ചെയ്തവയാണ് അഫ്ഗാനിലെ തീവ്രവാദഗ്രൂപ്പുകളെന്ന് പറയുന്നുണ്ടെങ്കിലും അമേരിക്കയാണ് തങ്ങളുടെ മണ്ണില്‍ തീവ്രവാദത്തിന്റെ വിത്തുകള്‍ പാകിയതും അതിനു വെള്ളവും വളവും ഏകിയതുമെന്ന വസ്തുത അധികം ആവര്‍ത്തിക്കാതെ മറച്ചുപിടിക്കാനാണ് മലാലയുടെ പുസ്തകം ശ്രമിക്കുന്നത്. ജിഹാദ് എന്നാല്‍ നിയമം കയ്യിലെടുത്ത് സായുധ ഗറില്ലാ ഗ്രൂപ്പുകളുണ്ടാക്കലാണ് എന്ന തീര്‍ത്തും അനിസ്‌ലാമികമായ ആശയം അഫ്ഗാനികളെ പറഞ്ഞുപഠിപ്പിച്ചത് അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ തന്നെയാണ്. അമേരിക്കയുടെ പ്രേരണയില്‍ പല തരത്തിലുള്ള ‘ജിഹാദി’ ഗ്രൂപ്പുകള്‍ ഉടലെടുക്കുകയും യുവാക്കള്‍ കൂട്ടം കൂട്ടമായി അതിലേക്ക് നയിക്കപ്പെടുകയും ചെയ്തു. തന്റെ പിതാവിന്റെ തീവ്രവാദ അനുഭവത്തെപ്പറ്റി മലാല തന്റെ പുസ്തകത്തില്‍ പറയുന്നത് ഇങ്ങനെയാണ്: ”തന്റെ കൗമാരകാലത്ത് ഒരു ‘ജിഹാദി’യായിത്തീരാന്‍ എന്റെ പിതാവും തീരുമാനിച്ചു. പില്‍ക്കാലത്ത് അദ്ദേഹം നമസ്‌കാരത്തില്‍ കൃത്യനിഷ്ഠയില്ലാത്ത ആളായി മാറിയെങ്കിലും, അന്നൊക്കെ ഒരു മുതിര്‍ന്ന ‘ത്വാലിബി’ന്റെ കീഴില്‍ ക്വുര്‍ആന്‍ പഠിക്കാനായി എല്ലാ ദിവസവും അതിരാവിലെ അടുത്ത ഗ്രാമത്തിലുള്ള പള്ളിയിലേക്ക് പോകുമായിരുന്നു. അക്കാലത്ത് ‘ത്വാലിബ്’ എന്നു പറഞ്ഞാല്‍ മതവിദ്യാര്‍ഥി എന്നു മാത്രമായിരുന്നു അര്‍ത്ഥം. ഒരുമിച്ചിരുന്ന് ക്വുര്‍ആനിലെ 30 ഭാഗങ്ങളും അവര്‍ പഠിച്ചു. പാരായണം മാത്രമല്ല, വ്യാഖ്യാനവും; വളരെ ചുരുക്കം ചിലരേ അങ്ങനെ ചെയ്യാറുള്ളൂ.” (മലാല, p. 26- 27).
ഇസ്‌ലാം പഠിപ്പിക്കുന്ന ജിഹാദ് അല്ല, അമേരിക്ക പഠിപ്പിച്ച ജിഹാദാണ് അഫ്ഗാനിലെയും പാകിസ്ഥാനിലെയുമെല്ലാം യുവാക്കളെ നയിച്ചതെന്ന് മലാലയുടെ പുസ്തകത്തില്‍ നിന്നുതന്നെ വ്യക്തമാണ്. എന്നാല്‍, തീവ്രവാദത്തെ യുദ്ധ സമയത്ത് സി. ഐ. എ. വല്ലാതെ പ്രോല്‍സാഹിപ്പിച്ചിരുന്നു എന്ന് പറഞ്ഞതിനുശേഷം (മലാല, p. 26) കൃത്യമായി നമസ്‌കരിക്കുകയും ക്വുര്‍ആന്‍ പഠിക്കുകയും ചെയ്തപ്പോഴാണ് തന്റെ പിതാവ് തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടത് എന്നല്ലേ മലാല പറയുന്നത്? പില്‍ക്കാലത്ത് പ്രാര്‍ത്ഥനയില്‍ കൃത്യനിഷ്ഠയില്ലാതായതോടുകൂടി പിതാവിന്റെ പ്രശ്‌നവും തീര്‍ന്നു എന്ന് ഈ വരികളില്‍ നിന്ന് മനസ്സിലാക്കാം! ഒരുതരം മസ്തിഷ്‌ക പ്രക്ഷാളനത്തിന് വിധേയനാവുകയായിരുന്നു താനെന്ന് മലാലയുടെ പിതാവ് സിയാഉദ്ദീന്‍ പറയുന്നുണ്ട് (മലാല, p. 27). തങ്ങളുടെ ഹിതമനുസരിച്ച് വെട്ടിച്ചുരുക്കാനും ഏച്ചുകൂട്ടാനും കഴിയുന്ന വിധത്തില്‍ ഇസ്‌ലാമിനെ മെരുക്കണമെന്ന് ആഗ്രഹിക്കുന്ന സാമ്രാജ്യത്വ രാജ്യങ്ങള്‍ ഒരുക്കിയ ത്വാലിബാന്‍ എന്ന കെണിയുടെ മസ്തിഷ്‌ക പ്രക്ഷാളനമാണ് മലാലയുടെ പിതാവിനെ ഇടക്കാലത്ത് അന്ധനാക്കിയതെന്ന് വ്യക്തം. നമസ്‌കാരമോ ക്വുര്‍ആനോ അല്ല, പ്രത്യുത നമസ്‌കരിക്കുന്നവരുടെയും ക്വുര്‍ആന്‍ ഓതുന്നവരുടെയും ഇടയിലേക്കുള്ള സാമ്രാജ്യത്വ ബുദ്ധിജീവികളുടെ നുഴഞ്ഞുകയറ്റമാണ് ഭീകരവാദികളെ സൃഷ്ടിച്ചത് എന്ന് ഇതില്‍ നിന്നെല്ലാം മനസ്സിലാകുന്നുണ്ട്. അപ്പോള്‍, സാമ്രാജ്യത്വത്തിന്റെ മസ്തിഷ്‌ക പ്രക്ഷാളനത്തില്‍ നിന്ന് അകന്നപ്പോഴാണ് പിതാവ് തീവ്രവാദത്തില്‍ നിന്ന് വഴിമാറി നടന്നത് എന്നല്ലേ മലാല പറയേണ്ടത്? എന്നാല്‍ പറഞ്ഞിരിക്കുന്നതോ, നമസ്‌കാരവും ക്വുര്‍ആനും ജീവിതത്തില്‍ നിന്നപ്രത്യക്ഷമായതോടുകൂടി തീവ്രവാദം പമ്പ കടന്നു എന്നും! ആര്‍ക്കുവേണ്ടിയാണ് മലാലയുടെ പുസ്തകം കുഴലൂതുന്നതെന്ന് വീണ്ടും വീണ്ടും ചോദിക്കേണ്ടി വരുന്നത് ഇതുകൊണ്ടൊക്കെയാണ്.
സംഗീതം കേള്‍ക്കാന്‍ അനുവദിക്കാതെയും നൃത്തം നിരോധിച്ചും നര്‍ത്തകകിമാരെ പരസ്യമായി ശിക്ഷിച്ചും ബുര്‍ഖ നിര്‍ബന്ധമാക്കിയുമെല്ലാം ത്വാലിബാന്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളുടെ വിവരണങ്ങള്‍ പേജുകളില്‍ നിറയുമ്പോഴും (മലാല, p. 80, 92, 93, 98, 104, 124 etc) അമേരിക്കന്‍ ഇടപെടല്‍ യുദ്ധക്കളമാക്കുന്ന തന്റെ രാജ്യത്ത് ഡ്രോണ്‍ ആക്രമണങ്ങളില്‍ പൊലിയുന്ന ജീവിതങ്ങളെക്കുറിച്ച് വളരെ കുറച്ചു മാത്രമേ മലാലയ്ക്കു പറയാനുള്ളൂ. അഫ്ഗാനിസ്ഥാനില്‍ ത്വാലിബാന്‍ തന്റെ ജനനത്തിനുമുമ്പ് ചെയ്തുകൂട്ടിയ അതിക്രമങ്ങളെക്കുറിച്ചു പോലും മലാല വിവരിക്കുന്നുണ്ട്. (മലാല, p. 55). ത്വാലിബാന്റെയും ജനറല്‍ സിയാഉല്‍ ഹക്ക്വിന്റെയുമെല്ലാം ഭീതിയുളവാക്കുന്ന പ്രവര്‍ത്തനങ്ങളെപ്പറ്റി നീണ്ട വിവരണങ്ങള്‍ നല്‍കുന്ന മലാല പാകിസ്ഥാനില്‍ ഒരുപാടു നിരപരാധികളുടെ മരണത്തിന് കാരണമായ, ഒട്ടനേകം പേരെ മൃതപ്രായരാക്കിയ യു. എസിന്റെ ഡ്രോണ്‍ ആക്രമണത്തെക്കുറിച്ച് ഒരൊറ്റത്തവണ തന്റെ പുസ്തകത്തില്‍ പറയുന്നുണ്ട്: ”അമേരിക്കയുമായി യുദ്ധത്തിലല്ലാതിരുന്നിട്ടും ആകാശത്തു നിന്ന് ഞങ്ങളുടെ മണ്ണിലേക്കവര്‍ ആക്രമണം അഴിച്ചുവിടുമെന്നറിഞ്ഞപ്പോള്‍ ഞങ്ങളെല്ലാം ഞെട്ടിത്തരിച്ചുപോയി. ഗോത്രപ്രദേശങ്ങളില്‍ നിന്നുള്ളവര്‍ ക്രുദ്ധരായി തീവ്രവാദി ഗ്രൂപ്പുകളില്‍ ചേരുകയോ പ്രാദേശികമായ സായുധ സേനകള്‍ (ലശ്കര്‍) രൂപീകരിക്കുകയോ ചെയ്തു.”
(മലാല, p. 83). അമേരിക്കയുടെ ഡ്രോണ്‍ ആക്രമണവും സ്വന്തം രാജ്യക്കാരുടെ തീവ്രവാദ ഗ്രൂപ്പുകള്‍ തേടിയുള്ള പോക്കുമെല്ലാം മലാലയെ ഭീതിപ്പെടുത്തുന്നു എന്നത് തന്നെയാണ് സത്യം. പക്ഷേ, തന്റെ നാട്ടില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാക്കുകയല്ല, പുതിയ തീവ്രവാദികളെ നിര്‍മിക്കുകയാണ് അമേരിക്ക ചെയ്യുന്നതെന്ന് തുറന്നുപറയാന്‍ അനീതിക്കെതിരെ ശബ്ദിക്കുക തന്നെ ചെയ്യുമെന്ന് പ്രഖ്യാപിക്കുന്ന മലാല മടി കാണിക്കുന്നത് എന്തിനാണ് എന്നാണ് മനസ്സിലാവാത്തത്. ത്വാലിബുകളും മറ്റു ഭീകരവാദികളും മാത്രമല്ല, നിഷ്‌കളങ്കരായ ഒട്ടനേകം പേരും അമേരിക്കയുടെ ഭീകരവാദത്തിനെതിരായ ‘മാനുഷിക’ യുദ്ധത്തില്‍ കൊല്ലപ്പെടുന്നുവെന്ന് പറയുന്നതില്‍ നിന്ന് ആരാണ് മലാലയെ തടയുന്നത്? എങ്ങനെയാണ് ത്വാലിബാന്‍ ആക്രമണം അതിദാരുണവും പൈശാചികവും മണിക്കൂറുകളുടെ വിവരണമാവശ്യമുള്ളതും, ത്വാലിബാന് വേണ്ട പണവും ആയുധവും നല്‍കിയവര്‍ നടത്തുന്ന മനുഷ്യത്വരഹിത കയ്യേറ്റങ്ങള്‍ ഗൗനിക്കപ്പെടേണ്ടാത്തതും ആയിത്തീരുന്നത്? എന്തുകൊണ്ടാണ് ത്വാലിബാന്റെ ഭീകരപ്രവര്‍ത്തനങ്ങള്‍ വിനാശകരമാവുമ്പോള്‍ അമേരിക്കയുടെ അപ്രതീക്ഷിത ബോംബ് ആക്രമണങ്ങള്‍ പരിഷ്‌കൃത ദൗത്യങ്ങളായിത്തീരുന്നത്? വിദ്യാഭ്യാസവും പെണ്ണവകാശങ്ങളും ആദരിക്കപ്പെടുന്നു എന്ന് മലാല ഊറ്റം കൊള്ളുന്ന പടിഞ്ഞാറന്‍ സാമ്രാജ്യത്വരാഷ്ട്രങ്ങളുടെ എല്ലാവിധ സഹായ സഹകരണങ്ങളോടും കൂടി ഇസ്രായേല്‍ ഗസ്സാ മുനമ്പില്‍ സ്‌കൂളുകള്‍ ബോംബിട്ടു തകര്‍ക്കുകയും സ്ത്രീകളെയും കുട്ടികളെയും കണ്ണില്‍ ചോരയില്ലാതെ കൂട്ടക്കൊല നടത്തുകയും ചെയ്യുന്നത് എവിടെയും ചര്‍ച്ച ചെയ്യപ്പെടാത്തത് എന്തുകൊണ്ടാണ്?
മലാലയുടേയും നുജൂദിന്റേയും തീവ്രാനുഭവങ്ങള്‍ക്ക് സമാന്തരമായി നബീലാ റ്വഹ്മാന്‍ എന്ന ഒമ്പതുകാരിയുടെ ജീവിതകഥ കോറിയിട്ടാല്‍ ഇരനിര്‍മാണത്തിന്റെയും സ്വത്വനിര്‍മാണത്തിന്റേയുമെല്ലാം രാഷ്ട്രീയങ്ങള്‍ കുറച്ചുകൂടി വ്യക്തമായിക്കിട്ടും. യു. എസ്. ഡ്രോണ്‍ ആക്രമണമെന്ന മറ്റൊരു ഭീകരപ്രവര്‍ത്തനത്തിന്റെ അനുഭവങ്ങള്‍ ഉത്തരവാദപ്പെട്ടവരെ അറിയിക്കാനാണ് നബീലയും സഹോദരന്‍ സുബൈറും പിതാവ് റഫീക്വിനൊപ്പം 2013 ഒക്ടോബര്‍ 29ന് അമേരിക്കയിലെത്തിയത്. പാകിസ്ഥാനിലെ ഉത്തര വസീറിസ്ഥാന്‍ സ്വദേശികളായ ഈ കുട്ടികള്‍ക്ക് 2012 ഒക്ടോബര്‍ 24ന് അമേരിക്ക നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ സാരമായി പരുക്കേല്‍ക്കുകയും 67 കാരിയായിരുന്ന അവരുടെ മുത്തശ്ശി തല്‍ക്ഷണം കൊല്ലപ്പെടുകയും ചെയ്തു. തങ്ങള്‍ ആക്രമിക്കപ്പെട്ടതും തങ്ങളുടെ സ്‌നേഹനിധിയായ മുത്തശ്ശി കൊല്ലപ്പെട്ടതും എന്തിനാണെന്ന് ഇതുവരെ മനസ്സിലാവാത്ത ആ കുരുന്നുപൈതങ്ങള്‍ ഭീതി മാറാതെ തങ്ങളുടെ കഥ പറഞ്ഞപ്പോള്‍ 430 അംഗങ്ങളുള്ള യു. എസ്. പാര്‍ലമെന്റില്‍ നിന്ന് കേവലം അഞ്ചു പേരാണ് സദസ്സില്‍ സന്നിഹിതരായിരുന്നത്.
മലാലയും നബീലയും തമ്മില്‍ ഒട്ടേറെ സാമ്യങ്ങളുണ്ട്; അമേരിക്കയില്‍ അവര്‍ സ്വീകരിക്കപ്പെട്ട വിധത്തിലൊഴികെ! പാകിസ്ഥാനില്‍ നിന്നാണ് മലാലയും നബീലയും വരുന്നത്; മലാല സ്വാത് താഴ്‌വരയില്‍ നിന്നും നബീല താപ്പി ഗ്രാമത്തില്‍ നിന്നും. രണ്ടു പേര്‍ക്കും നന്നായി പഷ്‌തോ ഭാഷ സംസാരിക്കാനറിയാം. വേണമെങ്കില്‍ മലാലയുടെ പുസ്തകത്തിലേതു പോലെ സന്ദര്‍ഭങ്ങള്‍ക്കു ചേരുന്ന പഷ്‌തോ ചൊല്ലുകള്‍ ഉദ്ധരിക്കാന്‍ നബീലയ്ക്കും കഴിഞ്ഞേക്കും. മലാലയുടെ പിതാവ് സിയാഉദ്ദീനെപ്പോലെ (മലാല, p. 180) നബീലയുടെ പിതാവ് റഫീക്വും ”തന്റെ മക്കള്‍ക്ക് സമാധാനപരമായ ജീവിതമുണ്ടാകണമെന്നും ഏറ്റവും നല്ല വിദ്യാഭ്യാസം അവര്‍ക്ക് ലഭ്യമാകണമെന്നും ആഗ്രഹിക്കുന്നു. സുബൈര്‍ വളരുമ്പോള്‍ ഒരു ഡോക്ടറാവുമെന്നും നബീല വക്കീലാവുമെന്നും അദ്ദേഹം പ്രതീക്ഷിക്കുന്നു.” (Khan, Naureen. ”Pakistan drone victims give evidence in US.”) സ്വാത് താഴ്‌വരയിലേക്ക് ത്വാലിബാന്‍ വന്നതിനുശേഷം പേടിയോടെയാണ് മറ്റനേകം പേരെപ്പോലെ മലാലയും കുടുംബവും ജീവിച്ചത് എന്നവളുടെ പുസ്തകം വ്യക്തമാക്കുന്നു. ത്വാലിബാന്റെ സ്ത്രീവിദ്യാഭ്യാസത്തോടുള്ള എതിര്‍പ്പു കാരണം മനസ്സമാധാനത്തോടെ സ്‌കൂളില്‍ പോകാന്‍ മലാലയ്‌ക്കോ അവളെ യാത്രയാക്കാന്‍ അവളുടെ മാതാപിതാക്കള്‍ക്കോ സാധിച്ചിരുന്നില്ല. ഇതുപോലെ, ഡ്രോണ്‍ ആക്രമണത്തിനു ശേഷം നബീലയുടെ കുടുംബവും തകര്‍ന്നുപോയി. എന്താണ് ഒരു നിമിഷംകൊണ്ട് തന്റെ ജീവിതത്തില്‍ സംഭവിച്ചത് എന്ന് ഇതുവരെ മനസ്സിലാകാത്ത നബീലയ്ക്ക് സ്‌കൂളില്‍ പോകാനെന്നല്ല, വീടിനു പുറത്തിറങ്ങാന്‍ തന്നെ ഭയമാണ്. ത്വാലിബാന്റെ വെടിയേറ്റ് മലാല മരണത്തെ മുഖാമുഖം കണ്ടപ്പോള്‍ അമേരിക്കന്‍ ഡ്രോണ്‍ ആക്രമണം നബീലയ്ക്ക് മുന്നില്‍ നിര്‍ത്തിയതും മരണത്തെത്തന്നെ.
മലാലയും നബീലയും തമ്മിലുള്ള ഈ സാമ്യങ്ങള്‍ പക്ഷേ, ഒരുപോലെയുള്ള പരിഗണനയ്ക്ക് അവരെ വിധേയരാക്കാന്‍ പര്യാപ്തമല്ലെന്നാണ് ഇരുവരുടേയും അമേരിക്കന്‍ അനുഭവങ്ങള്‍ തെളിയിച്ചത്. ലോകത്തെ മുഴുവന്‍ ‘മനുഷ്യാവകാശങ്ങളുടേയും കാവല്‍ക്കാരന്‍’ ഹൃദയഭേദകമായ ഈ ജീവിതാനുഭവങ്ങള്‍ തമ്മില്‍ സാമ്യങ്ങള്‍ ദര്‍ശിച്ചിട്ടേയില്ല. വ്യത്യസ്തമായ, കൂട്ടിമുട്ടാന്‍ ഇടയില്ലാത്ത രണ്ടു സമാന്തര രേഖകളായി നബീലയേയും മലാലയേയും നാം തിരിച്ചറിയേണ്ടതും അതുകൊണ്ടാണ്. ഭീകരപ്രവര്‍ത്തനങ്ങളുടെ ഈ രണ്ട് ഇരകളും വ്യത്യസ്തമായ സ്വത്വത്തിന് ഉടമകളാണെന്ന് തന്നെയാണല്ലോ അവര്‍ക്ക് ലഭ്യമായ അമേരിക്കന്‍ പരിഗണന സ്പഷ്ടമാക്കിയത്. മലാലയും നബീലയും തമ്മിലുള്ള അടിസ്ഥാനപരമായ വ്യത്യാസം, ഇതില്‍ ആദ്യത്തെയാള്‍ ‘മുസ്‌ലിം തീവ്രവാദികളുടെ’ ഇരയും രണ്ടാമത്തെയാള്‍ ‘തികഞ്ഞ സമാധാന സ്‌നേഹികള്‍ മാത്രമുള്ള ഒരു രാജ്യത്തിന്റെ’ ഇരയും ആണെന്നതാണ്. ഇതുകൊണ്ടാണ് മലാലയുടെ വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള പോരാട്ടം യൂറോപ്യന്‍ യൂണിയന്റെ മനുഷ്യാവകാശ പുരസ്‌കാരം നേടിയപ്പോള്‍ നബീലയുടെ ജീവനു വേണ്ടിയുള്ള പോരാട്ടത്തിന് ‘തന്ത്രപരമായ അവഗണന’യെന്ന പുരസ്‌കാരം മാത്രം നേടി തൃപ്തിപ്പെടേണ്ടി വന്നത്. ഇതുകൊണ്ടുതന്നെയാണ് മലാലയുടെ ചോദ്യങ്ങളും ആവലാതികളും ബദല്‍ നിര്‍ദേശങ്ങളുമെല്ലാം ഐക്യരാഷ്ട്രസഭയുടെ നിറഞ്ഞ ഹാളില്‍ കരഘോഷത്തോടെ സ്വീകരിക്കപ്പെട്ടപ്പോള്‍ നബീലയുടെ ചോദ്യങ്ങള്‍ ഉത്തരം പറയാന്‍ പോയിട്ട് കേള്‍ക്കാന്‍ പോലും ആളില്ലാതെ നബീലയെപ്പോലെത്തന്നെ വഴിയാധാരമായത്. ലോകത്തെ എല്ലാതരം നീചപ്രവര്‍ത്തനങ്ങളെയും വിളിക്കാന്‍ ബുദ്ധിജീവികള്‍ക്ക് ‘ത്വാലിബാനിസം’ എന്ന പദം നല്‍കിയ ത്വാലിബാനോട് മലാലയെ എന്തിനാണ് കൊല്ലാന്‍ ശ്രമിച്ചതെന്ന് ചോദിച്ചാല്‍ സ്ത്രീവിദ്യാഭ്യാസത്തെയും വിദ്യാഭ്യാസത്തിനുവേണ്ടി മുറവിളി കൂട്ടുന്ന സ്ത്രീകളേയും തങ്ങള്‍ വെറുക്കുന്നു എന്ന് അവര്‍ പറഞ്ഞേക്കും; അല്‍പം മനുഷ്യത്വമുള്ളവരെയെല്ലാം ഈ ഉത്തരം കോപിഷ്ഠരാക്കിയേക്കുമെങ്കിലും. എന്നാല്‍, നബീലയേയും അവരുടെ സഹോദരങ്ങളെയും ആക്രമിക്കുകയും അവരുടെ മുത്തശ്ശിയെ കൊലപ്പെടുത്തുകയും ചെയ്തത് എന്തിനാണെന്ന ചോദ്യത്തിന് ആളൊഴിഞ്ഞ സദസ്സോ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം ഉണ്ടായിരിക്കുകയില്ലെന്ന പ്രസ്താവനയോ തന്നെയായിരിക്കും മറുപടി; മലാലയും നബീലയും ഒന്നല്ല എന്നുതന്നെയായിരിക്കും വിശദീകരണം.
തന്റെ ആത്മകഥ ‘അനീതിയെ അഭിമുഖീകരിക്കുകയും നിശബ്ദരാക്കപ്പെടുകയും ചെയ്ത എല്ലാ പെണ്‍കുട്ടികള്‍ക്കു’മായാണ് (To all the girls who have faced injustice and been silenced) മലാല സമര്‍പ്പിച്ചിരിക്കുന്നത്. ‘നമ്മള്‍ ഒരുമിച്ച് കേള്‍ക്കപ്പെടും’ (Together we will be heard) എന്ന പ്രത്യാശാനിര്‍ഭരമായ പ്രഖ്യാപനം കൂടി എഴുതിച്ചേര്‍ക്കുന്നുണ്ട് മലാല അതിനടിയില്‍. പക്ഷേ, എല്ലാ പെണ്‍കുട്ടികളും ഒരുപോലെ കേള്‍ക്കപ്പെടില്ലെന്നതാണ് മലാല ജനിച്ചുവളര്‍ന്ന അതേ പാകിസ്ഥാനില്‍ നിന്നുള്ള നബീലയുടെ അനുഭവങ്ങള്‍ നമ്മോടു പറയുന്നത്. അനീതിയെ അഭിമുഖീകരിച്ച മലാലയുടെ ശബ്ദം ലോകത്തെ കേള്‍പ്പിക്കാന്‍ വെമ്പിയവര്‍ എല്ലാ അനീതികളും ഇങ്ങനെ ലോകം അറിയേണ്ടതാണെന്നു വിചാരിക്കുന്നേയില്ല. ‘എന്റെ ലോകം മാറിയ ദിവസം’ (The day my world changed) എന്ന പേരില്‍ ഒരു ആമുഖത്തോടെയാണ് മലാല തന്റെ പുസ്തകം ആരംഭിക്കുന്നത്. ഇതുപോലെ ‘തന്റെ ലോകം മാറ്റിയ ദിവസ’ത്തെക്കുറിച്ച് കേള്‍പ്പിക്കാനാണ് അതിന് ഉത്തരവാദികളായവരുടെ സന്നിധിയില്‍ നബീല ഹാജരായത്. മലാലയും നുജൂദും കണ്ട ‘പ്രത്യാശകളുടെ സ്വര്‍ഗ’ത്തില്‍ നിന്നാണ് ഇനിയും പൊട്ടിമുളയ്ക്കാനിടയില്ലാത്തവിധം കരിഞ്ഞ പ്രതീക്ഷകളുമായി നബീല മടങ്ങിപ്പോയത്. ആകാശത്തെ നിലയ്ക്കാത്ത ഡ്രോണ്‍ ഇരമ്പലുകള്‍ തന്നെ വേട്ടയാടിക്കൊണ്ടേ ഇരിക്കുമെന്ന തിരിച്ചറിവിലേക്കാണ് അവള്‍ തിരിച്ചുപോയത്.
മുസ്‌ലിംകളുടെ വ്യക്തിത്വവുമായി ബന്ധപ്പെട്ട സമവാക്യങ്ങള്‍ ആപേക്ഷികമാവുന്നത് ഇങ്ങനെയാണ്. സാമ്യങ്ങള്‍ എല്ലായ്‌പ്പോഴും സാമാന്യവല്‍കരണത്തിനുള്ള ന്യായീകരണമാവില്ലെന്നാണ് ഈ പെണ്‍കുട്ടികളുടെ അനുഭവങ്ങള്‍ നമ്മോടു പറയുന്നത്. വെടിയുണ്ട വന്ന ദിശ പോലും ഒരേ പോലുള്ള അനുഭവങ്ങളില്‍ ഭീകരമായ വ്യത്യാസങ്ങള്‍ കൂട്ടിച്ചേര്‍ക്കുമെന്ന് നബീല നമ്മെ ഓര്‍മപ്പെടുത്തുന്നു. മലാല ഭീകരവാദ ഇരകളുടെ അന്താരാഷ്ട്ര ബിംബവും ഭീകരവാദ വിരുദ്ധ യുദ്ധത്തില്‍ അമേരിക്കയുടെ പങ്കാളിയുമായി ചിത്രീകരിക്കപ്പെടുന്നു. വിദ്യാഭ്യാസമെന്ന അവകാശത്തിനുവേണ്ടി മലാലയ്ക്ക് ത്വാലിബാനെ എതിരിടേണ്ടി വന്നു എന്നതുതന്നെ ഏതെങ്കിലും തരത്തിലുള്ള അമേരിക്കന്‍ ഇടപെടല്‍ ആ പ്രദേശത്ത് ആവശ്യമാണെന്നതിന് തെളിവായിട്ടാണ് ഉയര്‍ത്തിക്കാട്ടുന്നത്. ഇത്തരത്തില്‍ ത്വാലിബാന്റെ ഒരു ഇര, പുത്തന്‍ സാമ്രാജ്യത്തോപായങ്ങള്‍ക്ക് നബീലയെപ്പോലെ മറ്റനേകം പേരെ ഇരകളാക്കുന്നതിനുള്ള ന്യായീകരണമായിത്തീര്‍ന്നിരിക്കുന്നു.
നേരത്തെ സൂചിപ്പിച്ചതുപോലെ, തങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടിയ കിഴക്കുനിന്നുള്ള ‘തെരഞ്ഞെടുക്കപ്പെട്ട ഇരകള്‍’ക്ക് പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ ഹൃദ്യമായ സ്വീകരണം ലഭിച്ചു. എന്നാല്‍, തങ്ങളുടെ മതപരമായ ആവശ്യങ്ങള്‍ക്കു വേണ്ടി നിലകൊള്ളുന്ന പാശ്ചാത്യന്‍ നാടുകളിലെ മുസ്‌ലിം സ്ത്രീകള്‍ ‘വിചിത്രമായ’ ആവശ്യങ്ങള്‍ ഉന്നയിക്കുന്നവരും അതിനാല്‍ തന്നെ ആട്ടിയകറ്റപ്പെടേണ്ടവരുമായി ചിത്രീകരിക്കപ്പെടുന്നു. നബീലയെപ്പോലെ അമേരിക്കയുടെ പ്രത്യക്ഷ ഇരകളല്ലാത്തവര്‍ക്ക് സ്വാതന്ത്ര്യങ്ങളും സമത്വവും മനുഷ്യാവകാശങ്ങളുമൊന്നും ചോദ്യം ചെയ്യപ്പെടാത്ത(!) പടിഞ്ഞാറേക്ക് പലായനം ചെയ്യാം. ഭീതിരഹിതരായി ജീവിക്കാന്‍ ഇടം നിഷേധിക്കപ്പെട്ട നബീലമാരും ഭീകരവാദികളെന്ന് മുദ്രകുത്തി ജീവിതത്തില്‍ നിന്നു തന്നെ ആട്ടിയകറ്റപ്പെട്ടുകൊണ്ടിരിക്കുന്ന മര്‍വ അശ്ശര്‍ബീനിമാരും ഏതു ദിശയിലേക്കാണ് തങ്ങളുടെ അവകാശങ്ങള്‍ തേടി പറക്കേണ്ടത്? അതുകൊണ്ട്, സാമ്രാജ്യത്വം ആരുടെയും വിമോചകനല്ലെന്നും, ചില ഇരകളെ അത് പൂമാലയിട്ട് സ്വീകരിക്കുന്നത് പുതിയ ഇരകളെ കെണിവെച്ചുപിടിക്കാനാണെന്നും, പ്രിയപ്പെട്ട മലാലാ, പ്രിയപ്പെട്ട നുജൂദ്, നിങ്ങള്‍ തിരിച്ചറിയണമെന്നാണ് വിനീതമായി അഭ്യര്‍ഥിക്കാനുള്ളത്.
റഫറന്‍സ്
1. Ali, Nujood. I am Nujood, Age 10 and Divorced. Trans. Linda Coverdale. New York: Broadway Paperbacks, 2010. Print.
2. Haddad,Yvonne Yazbeck. ”The Post-9/11 ”Hijab” as Icon.” Sociology of Religion 68.3 (Fall, 2007): 253-267. JSTOR.Web. 19 Apr. 2014.
3. Hirschkind, Charles, Mahmood, Saba. ”Feminism, the Taliban, and Politics of Counter-Insurgency,” Anthropological Quarterly 75.2 (2002): 339-354. JSTOR. Web. 23 Oct. 2013.
4. Huntington, Samuel. P. The Clash of Civilizations and the Remaking of World Order. New York: Simon & Schuster, 1997. Open Library. Web. 1 Apr. 2014.
5. Hussain, Murtaza. ”Malala and Nabila: Worlds Apart.” Aljazeera.com. AlJazeera. 01 Nov. 2013. Web. 12 Apr. 2014.
6. Kabir, Nahid Afrose. ”The Predicament of Australian Muslim Women before and after 9/11.” Islamic Studies 46.2 (2007): 241-264. JSTOR. Web. 11 Apr. 2014.
7. Khan, Naureen. ”Pakistan drone victims give evidence in US.” Aljazeera.com. AlJazeera. 30 Oct. 2013. Web. 12 Apr. 2014.
8. ”Pakistan’s Malala wins EU Human Rights Prize.” Aljazeera.com. AlJazeera. 11 Oct. 2013. Web. 12 Apr. 2014.
9. Roy, Arundhati. ”War is Peace.” Outlook, 29 Oct. 2001. Web. 14 Apr. 2014.
10. Yousafzai, Malala. I am Malala: The Girl who Stood Up for Education and was Shot by the Taliban. London: Weidenfeld & Nicolson, 2013. Print.