Study

ഡൽഹിയുടെ ഇസ്‌ലാമിക നവോത്ഥാനം: ശാഹ് ഇസ്മാഈലിന്റെ സംഭാവനകൾ

By SADAD ABDUSSAMAD

May 26, 2020

നൂറ്റാണ്ടുകൾ നീണ്ടുനിന്ന ഇന്ത്യയിലെ മുസ്ലിം ഭരണം പതിനെട്ടാം നൂറ്റാണ്ടിൻറെ അവസാനകാലം അടുക്കുമ്പോഴേക്കും ശിഥിലമാവുകയായിരുന്നു. അതീവ വിസ്തൃതമായിരുന്ന മുഗൾ ഭരണം തലസ്ഥാനനഗരിയായ ഡൽഹിയുടെ പ്രാന്തങ്ങളിലേക്ക് ചുരുങ്ങുകയും പ്രാദേശിക രാജാക്കന്മാരുടെ ആക്രമണങ്ങൾക്ക്‌ വിധേയമാവുകയും ചെയ്ത ചരിത്രസന്ധിയിൽ തന്നെയാണ് കോളനി ശക്തികളുടെ ആഗമനം സംഭവിക്കുന്നത്. മുഗൾ ഭരണത്തിൻറെ ശൈഥില്യത്തിന് കാരണമായി വർത്തിച്ചത് കേവലം സൈനികമായ ദൗർബല്യങ്ങൾ മാത്രമായിരുന്നില്ല, ധാർമികമായ അപചയങ്ങൾ കൂടിയായിരുന്നു.

മുഗൾ ഭരണത്തിൻറെ തകർച്ച അതിൻറെ സ്വാധീന പരിധിയിൽ കേവലമായ രാഷ്ട്രീയ മാറ്റങ്ങൾ മാത്രമല്ല സൃഷ്ടിച്ചത്. നൂറ്റാണ്ടുകൾ നീണ്ടുനിന്ന ഭരണം ഭരണാധികാരികളുടെ മതപരമായ കണിശതക്കും വീക്ഷണങ്ങൾക്കും ആനുപാതികമായി ഇസ്‌ലാമിക സമൂഹത്തിന് നിരവധിയായ സേവനങ്ങൾ നൽകിയിരുന്നു. മധ്യകാലഘട്ടത്തിലെ ഇസ്ലാമിക വൈജ്ഞാനിക ഉണർവ് ഏറിയോ കുറഞ്ഞോ ഇന്ത്യയും ഏറ്റുവാങ്ങിയിരുന്നു എന്ന് പറയാം. മുഗൾ ഭരണത്തിൻറെ അവസാനമായപ്പോഴേക്കും മുസ്ലിം സമുദായം ധാർമികമായി അധഃപതിക്കുകയും മതാധ്യാപനങ്ങളിൽ നിന്ന് വ്യതിചലിച്ച് ബഹുദൈവാരാധനാപരമായ വിശ്വാസങ്ങളിലേക്കും ആചാരങ്ങളിലേക്കും വലിയതോതിൽ ആസക്തരാവുകയും ചെയ്യുന്ന കാഴ്ചയാണ് ചരിത്രം രേഖപ്പെടുത്തുന്നത്. പണ്ഡിതന്മാർ ദൗത്യം മറക്കുകയും ഭരണാധികാരികളുടെയും മറ്റ് ഉന്നതന്മാരുടെയും ആവശ്യാനുസരണം ഫത്‌വകൾ നിർമ്മിക്കുകയുംചെയ്ത കാലംകൂടിയായിരുന്നു അത്. രാഷ്ട്രീയമായും ധാർമികമായും ദ്രവിച്ചു തുടങ്ങിയ ഇന്ത്യൻ മുസ്ലിംകൾക്ക് ഉണർവ് പകർന്ന പ്രഗൽഭരായ പണ്ഡിത പരിഷ്കർത്താക്കളിൽ പ്രധാനികളായിരുന്നു സയ്യിദ് അഹ്മദ് സർഹിന്ദിയും ശാഹ് വലിയുല്ലാഹ് ദഹ്ലലവിയും.

കൊളോണിയൽ ഇൻഡ്യ സാക്ഷ്യംവഹിച്ച ഇസ്‌ലാമിക ഉണർവിന് വലിയ സംഭാവന അർപ്പിച്ചവരാണ് ശാ വലിയുല്ലായും അദ്ദേഹത്തിൻറെ കുടുംബവും. ശാ വലിയുല്ലായുടെ പിതാവ് ശാ അബ്ദുർറഹീം ഡൽഹിയിൽ സ്ഥാപിച്ച മദ്‌റസതുർറഹീമിയ ഇസ്‌ലാമിക നവജാഗരണത്തിനും വൈജ്ഞാനിക വിപ്ലവത്തിനും വലിയ സംഭാവനയാണ് നൽകിയത്. ക്വുർആൻ പാരായണം ചെയ്യാൻ മാത്രം പഠിക്കുക, തർക്ക ശാസ്ത്രവും തത്ത്വശാസ്ത്രവും ചെറിയ നിലയിലുള്ള കർമശാസ്ത്ര പഠനവും അഭ്യസിക്കുക എന്നിങ്ങനെയായിരുന്നു അക്കാലത്ത് പ്രചാരത്തിലുണ്ടായിരുന്ന മതപഠന സമ്പ്രദായം. മുഗൾ കോടതികളിലെ ഉദ്യോഗം ആഗ്രഹിച്ച് ഫിഖ്ഹ് പഠനങ്ങൾക്ക് മാത്രമാണ് അന്ന് പ്രാമുഖ്യം കൽപിച്ചിരുന്നത്. ക്വുർആൻ വ്യാഖ്യാനവും ഹദീഥ് പഠനവും പാഠ്യവിഷയമാക്കി ശാഹ് അബ്ദുറഹീം പുതിയൊരു മാതൃക സൃഷ്ടിക്കുകയായിരുന്നു. ശാഹ് വലിയുല്ലാ ഹിജാസിലെ പഠനംവഴി ഹദീഥ് വിജ്ഞാനത്തിൽ സമാനതകളില്ലാത്ത പ്രാഗൽഭ്യം സിദ്ധിക്കുകയും, അദ്ദേഹത്തിന്റെ പിതാവിന് ശേഷം മദ്റസയുടെ സാരഥ്യം ഏറ്റെടുക്കുകയും ഡൽഹിയിലെ ഇസ്‌ലാമിക വിജ്ഞാന പ്രസരണത്തിന് വലിയ സംഭാവനകളർപ്പിക്കുകയുമായിരുന്നു.[1] ഡൽഹി ഹദീഥ് വിജ്ഞാനത്തിൽ ലോകമറിയുന്ന കേന്ദ്രമാവുകയും, ഈ പാരമ്പര്യത്തിൽ പിന്നീട് ശാ അബ്ദുൽ അസീസ്, ശാ മുഹമ്മദ് ഇസ്ഹാഖ്, മിയാൻ നസീർ ഹുസൈൻ ദഹ്ലവി തുടങ്ങിയ ഭുവനപ്രസിദ്ധരായ മുഹദ്ദിസുകൾ വിവിധ കാലങ്ങളിൽ തുടർച്ച നൽകുകയും ചെയ്തു.

അനേകം സൂഫി ത്വരീകത്തുകളാൽ നിർണയിക്കപ്പെട്ടതും ദർഗാകേന്ദ്രീകൃതവുമായിരുന്ന അക്കാലത്തെ ‘ജനകീയ ഇസ്‌ലാം’ ഹൈന്ദവ സംസ്കാരത്തിന്റെയും ആചാരങ്ങളുടെയും വലിയ സ്വാധീനം കാരണം ഇസ്‌ലാമിന്റെ അടിസ്ഥാന പാഠങ്ങൾ പലതും അജ്ഞാതമായ ഒരു തലമുറയെയാണ് അടയാളപ്പെടുത്തുന്നത്. മുസ്‌ലിംകളുടെ ഈ അപചയങ്ങൾക്കെതിരെ ശക്തമായി രംഗത്തെത്തിയ പ്രഗത്ഭ പണ്ഡിതനായിരുന്നു ശാ ഇസ്മാഈൽ ദഹ്‌ലവി. അന്ന് ഇസ്‌ലാമിന്റെ പേരിൽ അറിയപ്പെട്ടിരുന്ന പല ആചാരങ്ങൾക്കും മതപരമായ യാതൊരു സാധുതയുമില്ലെന്നും മുസ്‌ലിംകൾ അവരുടെ പ്രമാണമായ വിശുദ്ധ ക്വുർആനിലേക്കും സുന്നതിലേക്കും മടങ്ങണമെന്നും അദ്ദേഹം ശക്തമായി വാദിച്ചു. ശാ വലിയുല്ലാഹ് ദഹ്ലവിയുടെ പുത്രൻ ശാ അബ്ദുൽ ഗനിയ്യ് ആയിരുന്നു ശാ ഇസ്മാഈലിന്റെ പിതാവ്.

ചെറുപ്പത്തിൽ തന്നെ പിതാവ് നഷ്ടപ്പെട്ട ശാഹ് ഇസ്മാഈൽ പിതൃവ്യൻ ശാഹ് അബ്ദുൽ കാദിറിന്റെ സംരക്ഷണത്തിലാണ് വളരുന്നതും പ്രാഥമിക വിദ്യാഭ്യാസം നേടുന്നതും. ശാഹ് വലിയുല്ലായുടെ മരണശേഷം ഡൽഹി മുസ്‌ലിംകളുടെ മതനേതൃത്വം കയ്യാളിയ, ഇൻഡ്യൻ ഉപഭൂഖണ്ഡത്തിൽ ഒട്ടുക്കും സ്വാധീനമുണ്ടായിരുന്ന അദ്ദേഹത്തിന്റെ മൂത്ത പുത്രൻ ശാഹ് അബ്ദുൽ അസീസ് മുഹദ്ദിഥിന് കീഴിലായിരുന്നു പിന്നീട് ശാഹ് ഇസ്മാഈൽ പഠനം നടത്തിയത്. ശാഹ് അബ്ദുൽ അസീസിന് കീഴിലുള്ള പഠനം ഇസ്മാഈൽ ദഹ്ലവിയെ ആഴവും അവധാനതയുമുള്ള പണ്ഡിതനാക്കിത്തീർത്തു. അര ലക്ഷത്തോളം ഹദീഥുകൾ അദ്ദേഹത്തിന് മനഃപാഠമുണ്ടായിരുന്നതായി അദ്ദേഹത്തിന്റെ സമകാലികരുടെ സാക്ഷ്യം ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്.[2]

ശാഹ് ഇസ്മാഈലിനെ അദ്ദേഹത്തിന്റെ സമകാലികരിൽ നിന്ന് വ്യതിരിക്തമാക്കുന്നത് പഠനത്തിലൂടെ കൈവരിച്ച വിജ്ഞാനം ജീവിതത്തിൽ പകർത്തുന്നതിലും അത് പ്രചരിപ്പിക്കുന്നതിലും കാണിച്ച ആത്മാർത്ഥതയും ത്യാഗസന്നദ്ധതയുമാണ്. കേവലം അറിവ് നേടുകയും കിതാബുകളിൽ ചടഞ്ഞിരിക്കുകയും മാത്രം ചെയ്യാതെ സമൂഹത്തിൽ ഇറങ്ങിച്ചെല്ലാനായിരുന്നു അദ്ദേഹം ശ്രമിച്ചത്. അദ്ദേഹത്തിന്റെ പിതാമഹൻ ശാഹ് വലിയുല്ലാഹ് ദഹ്ലവിയെ ഈ ദൗത്യത്തിൽ മാതൃകയാക്കുകയും അദ്ദേഹം തുടങ്ങിവെച്ച നവജാഗരണ ശ്രമങ്ങൾക്ക് ശക്തമായ പിന്തുണ നൽകുകയുമായിരുന്നു ശാഹ് ഇസ്മാഈൽ.

ഡൽഹിയിലും പരിസരങ്ങളിലും ശാഹ് ഇസ്മാഈലിന്റെ പ്രബോധന പ്രവർത്തനങ്ങൾ അഭംഗുരം നടന്നു. ആളുകൾ കൂടുന്നിടത്തേക്ക് ഒറ്റയാനായി കടന്നു ചെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രബോധനം. പ്രധാനമായും രണ്ട് വിഷയങ്ങളിലൂന്നിനിന്നായിരുന്നു അദ്ദേഹത്തിന്റെ ദഅ്‌വത്ത്. ഒന്നാമത്തേത് തൗഹീദിലേക്കുള്ള ക്ഷണമായിരുന്നു. മരിച്ചവരും ജീവിച്ചിരിക്കുന്നവരുമായ സൂഫി ശൈഖുമാരെ അല്ലാഹുവിലേക്കുള്ള ഇടയാളന്മാരായി സ്വീകരിക്കുകയും ആഗ്രഹലബ്ധിക്കായി അവരെ സമീപിക്കുകയും ദർഗകൾ ആരാധനാ കേന്ദ്രങ്ങളാക്കി മാറ്റുകയും ചെയ്ത നിലപാടുകളെ അദ്ദേഹം അതിനിശിതമായി വിമർശിച്ചു. തൗഹീദിന്റെ പ്രാധാന്യം വിശദമാക്കുകയും ശിർക്കിൽ നിന്ന് അകന്ന് നിൽക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തു. ഹിന്ദു ധർമവുമായി ബന്ധപ്പെട്ട ധാരാളം ആചാരങ്ങൾ ഇസ്‌ലാമിക പരിവേഷം സിദ്ധിച്ചിരുന്ന ആ കാലത്ത്, പ്രവാചകന്റെ ചര്യയിലേക്ക് മടങ്ങാനും മതവിരുദ്ധമായ എല്ലാ ചടങ്ങുകളിൽ നിന്നും വിട്ടു നിൽക്കാനുമുള്ള, ബിദ്അത്തുകളുപേക്ഷിച്ച് സുന്നത്തിലേക്ക് തിരിച്ചുപോകാനുമുള്ള ആഹ്വാനവുമായിരുന്നു രണ്ടാമത്തേത്.

ഇൻഡ്യയിലെ മുസ്‌ലിം ഭരണത്തിന്റെ ഉജ്ജ്വല സാക്ഷാത്കാരവും ഡൽഹി മുസ്‌ലിംകളുടെ മതകീയ ആസ്ഥാനവുമായിരുന്ന ശാഹി ജമാമസ്ജിദിൽ എല്ലാ ചൊവ്വാഴ്ചകളിലും വെള്ളിയാഴ്ചകളിലും ശാഹ് ഇസ്മാഈലിന്റെ മതാധ്യാപനങ്ങൾ നടന്നിരുന്നു.[3] ആഴമേറിയ വിജ്ഞാനവും അനാദൃശമായ വിവേകവും അനിതരസാധാരണമായ അവതരണ മികവും സമ്മേളിച്ചിരുന്ന അദ്ദേഹത്തിന്റെ ഉദ്ബോധനങ്ങൾക്ക് സാക്ഷികളാവാൻ ആയിരങ്ങൾ ജമാ മസ്ജിദിൽ സമ്മേളിച്ചിരുന്നു. മതവിരുദ്ധത കലർന്ന നാട്ടാചാരങ്ങളാലും ശീഈ വിശ്വാസങ്ങളാലും അമിതമായി സ്വാധീനിക്കപ്പെട്ട ഡൽഹി മുസ്‌ലിംകളോട് ഇസ്‌ലാമിന്റെ തനിമയിലേക്ക് മടങ്ങാനും പ്രമാണങ്ങളെ അനുധാവനം ചെയ്യാനുമുള്ള ആഹ്വാനങ്ങളായിരുന്നു ഈ ഉദ്ബോധനങ്ങളിലൂടെ ആദ്ദേഹം നിർവഹിച്ചിരുന്നത്.

പുരാനീ ദില്ലിയുടെയും കോട്ലയുടെയും അവശിഷ്ടങ്ങളിൽ കുഴിച്ചുമൂടപ്പെട്ട ഇസ്‌ലാമിക പ്രബോധനത്തിനും മുസ്‌ലിം ഉമ്മത്തിന്റെ നവജാഗരണത്തിനും വേണ്ടിയുള്ള ശ്രമങ്ങൾ, ജമാ മസ്ജിദിലെ ശാഹ് ഇസ്മാഈലിന്റെ ഉദ്ബോധനങ്ങൾ വഴി പുനർജനിക്കുകയായിരുന്നുവെന്ന് മൗലാനാ അബുൽ കലാം ആസാദ് അദ്ദേഹത്തിന്റെ ഓർമക്കുറിപ്പിൽ രേഖപ്പെടുത്തുന്നുണ്ട്. [4] വെള്ളിയാഴ്ചകളിലെ അദ്ദേഹത്തിന്റെ പ്രസംഗം ശ്രവിക്കാൻ ഈദ് നമസ്കാരത്തിനെന്ന പോലെ ആളുകൾ വലിയ അളവിൽ തടിച്ചുകൂടാറുണ്ടായിരുന്നുവെന്ന് സർ സയ്യിദ് അഹ്‌മദ്‌ ഖാൻ അനുസ്മരിക്കുന്നുണ്ട്.[5]

ഒരിക്കൽ ശീഈ സ്വാധീനപ്രദേശമായിരുന്ന ലക്നൗവിൽ അവിടുത്തെ ഈദ്ഗാഹിൽ ചെന്ന്കൊണ്ട് ശീഈ വിശ്വാസങ്ങൾക്കും ആചാരങ്ങൾക്കുമെതിരിൽ അതിശക്തമായി അദ്ദേഹം സംസാരിക്കുകയുണ്ടായി. പ്രദേശത്തെ മുഴുവൻ ആളുകളും സമ്മേളിക്കുന്ന ഈദ്ഗാഹാണ് അദ്ദേഹം ഇതിനായി തെരഞ്ഞെടുത്തത് എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. പിന്നീടൊരിക്കൽ ഡൽഹി മുസ്‌ലിംകളുടെ സർവ അനിസ്‌ലാമികതകളുടെയും ആധാരമായി വർത്തിച്ച നിസാമുദ്ദീൻ ദർഗയിൽ ചെന്ന് കബ്റാരാധനക്കെതിരെ, അതിലുള്ളടങ്ങിയ ഇസ്‌ലാം വിരുദ്ധത വ്യക്തമാക്കിക്കൊണ്ട്, ഒരു സംസാരം അദ്ദേഹം നടത്തുകയുണ്ടായി. ശക്തമായ എതിർപ്പ് നേരിട്ട അദ്ദേഹം മർദനങ്ങൾ ജീവഹാനിയിൽ കലാശിക്കാതെ തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു.[6]

1817 മുതൽ ശാഹ് ഇസ്മാഈൽ സയ്യിദ് അഹമ്മദ് ശഹീദിന്റെ(1786-1831) നേതൃത്വത്തിൽ രൂപംകൊണ്ട ത്വരീകെ മുഹമ്മദിയ്യയുടെ ഭാഗമാവുകയായിരുന്നു. ഉത്തർപ്രദേശിലെ റായ്ബറേലി സ്വദേശിയും ശാഹ് അബ്ദുൽ അസീസിന്റെ ശിഷ്യനും ആത്മീയ വിശുദ്ധി കൊണ്ടും ആജ്ഞാശേഷികൊണ്ടും പ്രസിദ്ധിയാർജിച്ച വ്യക്തിത്വവുമായിരുന്നു സയ്യിദ് അഹ്മദ് ശഹീദ്. അനേകം ത്വരീകത്തുകൾ പ്രചാരത്തിലുണ്ടായിരുന്ന ആ സമയത്ത് മതപരമായ കാര്യങ്ങളിൽ വ്യക്തികളിലേക്ക് അഭയം പ്രാപിക്കുകയല്ല വിശ്വാസികൾ ചെയ്യേണ്ടതെന്നും ക്വുർആനിലേക്കും മുഹമ്മദ് നബി(സ്വ) യിലേക്കുമാണ് അവർ മടങ്ങേണ്ടതെന്നുമാണ് സയ്യിദ് അഹമ്മദിന്റെ പ്രസ്ഥാനം വാദിച്ചത്. മുഹമ്മദീയ മാർഗം എന്ന പേര് അതുകൊണ്ടാണ് ഈ നവജാഗരണ പ്രസ്ഥാനത്തിന്റെ ഭാഗമാവുന്നത്. [7] ശാഹ് അബ്ദുൽ അസീസിന്റെ മരുമകനും പ്രമുഖ പണ്ഡിതനുമായിരുന്ന മൗലവി അബ്ദുൽ ഹയ്യും(മരണം, 1828) ഈ മുന്നേറ്റത്തിന്റെ നേതൃനിരയിലുണ്ടായിരുന്നു. [8]

മുസ്‌ലിംകളെ അവരുടെ പ്രമാണങ്ങളായ വിശുദ്ധ ക്വുർആനിലേക്കും മുഹമ്മദ് നബി(സ്വ) യുടെ സുന്നതിലേക്കും തിരിച്ചുകൊണ്ട് വരിക, പ്രാദേശിക സംസ്കാരത്തിന്റെയും ശീഈ/പേർഷ്യൻ സമ്പർക്കത്തിന്റെയും സ്വാധീനഫലമായി രൂപപ്പെട്ട അനിസ്‌ലാമികതകളെയും അബദ്ധ വിശ്വാസങ്ങളെയും തിരസ്കരിക്കുക, ഇസ്‌ലാമിനെ അതിന്റെ ആദ്യകാല വിശുദ്ധിയിലേക്ക് പരിവർത്തനം ചെയ്യുക തുടങ്ങിയവയായിരുന്നു ഈ പ്രസ്ഥാനത്തിന്റെ ലക്ഷ്യങ്ങൾ. കശ്മീർ മുതൽ മദ്രാസ് വരെയും ബംഗാൾ മുതൽ സിന്ധ് വരെയും സ്വാധീനം സൃഷ്ടിക്കാൻ ഇവർക്കായി.

മുഹമ്മദീയ പ്രസ്ഥാനം നടത്തിയ വളരെ പ്രധാനപ്പെട്ട ദൗത്യമായിരുന്നു വിധവാ പുനർവിവാഹത്തിന് വേണ്ടിയുള്ള പ്രചാരണം. ഹൈന്ദവ സംസ്കാരത്തിന്റെ സ്വാധീനഫലമായി ഉത്തരേന്ത്യയിൽ മുസ്‌ലിംകൾക്കിടയിലും വിധവാ പുനർവിവാഹം നിഷിദ്ധമായി കണക്കാക്കിയിരുന്നു. ഇസ്‌ലാം അനുവദിച്ച ഈയൊരു കർമത്തെ നിഷിദ്ധമെന്ന് മുദ്രകുത്തിയിരുന്ന നാട്ടുധാരണകളെ വെല്ലുവിളിച്ച്, തങ്ങളുടെ ബന്ധുക്കളിലും അനുയായികളിലുംപെട്ട വിധവകളുടെ വിവാഹം നടത്തി വിപ്ലവം സൃഷ്ടിക്കുകയായിരുന്നു ശാഹ് ഇസ്മാഈലും സയ്യിദ് അഹ്മദും.[9]

ഈ പണ്ഡിതന്മാരുടെ നേതൃത്വത്തിൽ നടന്ന ഏറെ ശ്രദ്ധേയമായ മുന്നേറ്റമായിരുന്നു ഹജ്ജ് തീർഥാടനം. ഇന്ത്യയിൽനിന്നുള്ള ഹജ്ജ് യാത്ര സംഘങ്ങൾക്ക് യാത്രാമധ്യേ കൊള്ളസംഘങ്ങളിൽ നിന്ന് നേരിടേണ്ടി വന്നിരുന്ന ദുരനുഭവങ്ങൾ കണക്കിലെടുത്ത് ഉത്തരേന്ത്യൻ മുസ്‌ലിംകൾക്ക് ഹജ്ജ് നിർബന്ധമില്ലെന്ന ഫത്‌വ ചില പണ്ഡിതന്മാർ നൽകിയിരുന്നു. ഇസ്‌ലാമിൽ വളരെ മഹത്വപൂർണമായ ആരാധനാ കർമമാണ് ഹജ്ജെന്നും ശാരീരികവും സാമ്പത്തികവുമായി കഴിവുള്ള മുസ്‌ലിംകൾക്ക് അത് നിർബന്ധമാണെന്നും ഈ പ്രസ്ഥാനം പ്രചാരണം നടത്തി. ഉത്തരേന്ത്യയിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് ആളുകളെ സംഘടിപ്പിച്ച് 1821-ൽ കൊൽക്കത്തയിൽ നിന്ന് ഈ തീർഥാടക സംഘം യാത്രതിരിച്ചു. പത്ത് കപ്പലുകളിലായി എണ്ണൂറോളം പേർ ഈ സംഘത്തിലുണ്ടായിരുന്നു. ഓരോ കപ്പലുകൾക്കും ഓരോ പണ്ഡിതന്മാർ അമീറുമാരായും നിശ്ചയിക്കപ്പെട്ടിരുന്നു. മുസ്‌ലിം സമൂഹം അവഗണിച്ചുതള്ളിയ ഇസ്‌ലാമിക പഞ്ചസ്തംഭങ്ങളിൽപെട്ട ഈ ആരാധനാകർമം ഈ പരിഷ്കർത്താക്കളുടെ ശ്രമഫലമായി പുനരുജ്ജീവിപ്പിക്കപ്പെടുകയായിരുന്നു.[10]

മുസ്‌ലിംകൾ പിന്തുടരേണ്ടത് ക്വുർആനും ഹദീഥുകളും മാത്രമാണെന്ന നിലപാടായിരുന്നു ശാഹ് ഇസ്മാഈലിനുണ്ടായിരുന്നത്. ക്വുർആനിനും ഹദീഥുകൾക്കും വിരുദ്ധമായ വിശ്വാസങ്ങളെയും ആചാരങ്ങളെയും അദ്ദേഹം അതിശക്തമായി ചോദ്യം ചെയ്യുകയുണ്ടായി. മുസ്‌ലിംകളെ മതപരമായ വിഷയങ്ങളിൽ വഴികാണിക്കാനും അനിസ്‌ലാമികതകളെ ബോധ്യപ്പെടുത്താനും വേണ്ടി നിരവധി ഗ്രന്ഥങ്ങളാണ് ശാഹ് ഇസ്മാഈലും സഹപ്രവർത്തകരും രചിച്ചിട്ടുള്ളത്. ശാഹ് ഇസ്മാഈലിന്റെ രചനകളിൽ ഏറ്റവും ശ്രദ്ധേയമായ ഗ്രന്ഥമാണ് ‘തക്വിവിയതുൽ ഈമാൻ’. ഉർദു ഭാഷയിൽ രചിക്കപ്പെട്ട ഈ പുസ്തകം സരളമായ ആഖ്യാനം അനുവർത്തിച്ചിട്ടുള്ളതും സാധാരണക്കാരെ ലക്ഷ്യം വെച്ച് എഴുതിയിട്ടുള്ളതുമായ ഗ്രന്ഥമാണ്. അല്ലാഹുവിന്റെ ഏകത്വത്തെ സ്ഥാപിക്കുന്നതിന് നിരവധി ആയത്തുകളും ഹദീഥുകളും ഉദ്ധരിക്കുകയും ശിർക്കിന്റെ അപകടം തെളിവുകളുദ്ധരിച്ച് ബോധ്യപ്പെടുത്തുകയുമാണ് തക്വിയ്യതുൽ ഈമാൻ.

പ്രയാസങ്ങളുടെ സന്ദർഭങ്ങളിൽ ആളുകൾ പുണ്യപുരുഷന്മാരെയും, നബിമാരെയും, ഇമാമുമാരെയും, ശുഹദാകളെയും, മലക്കുകളെയും, ജിന്നുകളെയുമെല്ലാം സഹായത്തിന് വിളിക്കുന്നതിനെയും സഹായം ലഭിക്കുന്നതിന് വേണ്ടി പലതരത്തിലുള്ള നേർച്ചകൾ നേരുന്നതിനെയും, മക്കൾക്ക് ദോഷം വാരാതിരിക്കാൻ അബ്ദുന്നബി, അലി ഭക്ഷ്, ഹുസ്സൈൻ ഭക്ഷ്, പീർ ഭക്ഷ്, ഗുലാം മുഹിയുദ്ദീൻ, ഗുലാം മുഈനുദ്ദീൻ എന്നിങ്ങനെ പേരിടുന്നതിനെയുമെല്ലാം അദ്ദേഹം ആയത്തുകളുദ്ധരിച്ച് ഖണ്ഡിക്കുന്നുണ്ട്. അല്ലാഹുവിനല്ലാതെ മറ്റാർക്കും സഹായിക്കാൻ കഴിയില്ലെന്നും അദ്ദേഹം സ്ഥാപിക്കുന്നുണ്ട്. അല്ലാഹുവല്ലാത്തവർക്ക് പ്രപഞ്ചത്തെ നിയന്ത്രിക്കാനുള്ള കഴിവുണ്ടെന്ന് വിശ്വസിക്കുന്നതും അല്ലാഹുവിനെപ്പോലെ മറ്റുള്ളവർക്ക് അറിവുണ്ടെന്ന് വിശ്വസിക്കുന്നതും അല്ലാഹു അല്ലാത്തവർക്ക് ആരാധനകളർപ്പിക്കുന്നതുമെല്ലാം ശിർക്കാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.[11]

ആദ്യമായി പ്രിന്റ് ചെയ്യപ്പെട്ട ഉർദു പുസ്തകങ്ങളിൽ ഒന്നാണ് ‘തക് വിയതുൽ ഈമാൻ’. ഉർദു ഗദ്യസാഹിത്യം അതിന്റെ ശൈശവ ദശയിലായിരുന്നപ്പോഴാണ് ശാഹ് ഇസ്മാഈൽ ഈ ഗ്രന്ഥം രചിക്കുന്നത്. ഉർദു ഗദ്യസാഹിത്യത്തിൽ അത്കൊണ്ട് തന്നെ ഈ ഗ്രന്ഥത്തിന് വലിയ പ്രാധാന്യമുണ്ട്. പത്തൊൻപതാം നൂറ്റാണ്ടിൽ മാത്രമായി ലക്ഷക്കണക്കിന് കോപികളാണ് തക്‌വിയതുൽ ഈമാനിന്റേതായി ഇൻഡ്യയിലെ വിവിധ അച്ചുകൂടങ്ങളിൽ നിന്ന് പ്രസിദ്ധീകരിക്കപ്പെടുന്നത്[12]. വലിയ പ്രകമ്പനമാണ് ഈ പുസ്തകം തീർത്തത്. പ്രമുഖ സ്വാതന്ത്ര്യ സമരസേനാനിയും പണ്ഡിതനുമായിരുന്ന ഉബൈദുല്ലാഹ് സിന്ധി സിഖ് മത വിശ്വാസം ഉപേക്ഷിച്ച് ഇസ്ലാമിലേക്ക് കടന്നുവരാൻ കാരണമായത് അദ്ദേഹത്തിന്റെ കൈകളിൽ വന്ന് ചേർന്ന ‘തക്‌വിയതുൽ ഈമാനിന്റെ’ ഒരു കോപ്പിയായിരുന്നു. അറബിയിലേക്കും ഇംഗ്ലീഷിലേക്കും ഇൻഡ്യയിലെ ഏതാണ്ടെല്ലാ ഭാഷകളിലേക്കും ഈ ഗ്രന്ഥം വിവർത്തനം ചെയ്യപ്പെടുകയുണ്ടായി. അല്ലാമാ കെ. എം. മൗലവി അൽ-മുർശിദിലൂടെ ഈ ഗ്രന്ഥം അറബി മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. നിരവധി വ്യക്തികളും പ്രസ്ഥാനങ്ങളും ഈ ഗ്രന്ഥം പലകാലങ്ങളിൽ അച്ചടിച്ച് വിതരണം ചെയ്യുകയുണ്ടായി. ജെ. ഡി. ടി. ഇസ്‌ലാം (ജംഇയത് ദഅ്‌വത്തി വ തബ്ലീഗിൽ ഇസ്ലാമി) സ്ഥാപകൻ മൗലാനാ മുഹ്‌യുദ്ദീൻ അഹമ്മദ് കുസൂരി സാഹിബ് ഈ ഗ്രന്ഥം സ്വന്തം നിലക്ക് അച്ചടിച്ച് പ്രചരിപ്പിച്ചവരിൽ പ്രമുഖനാണ്.

യാഥാസ്ഥിതിക പണ്ഡിതന്മാരിൽ നിന്ന് ശക്തമായ എതിർപ്പുകളാണ് ഈ പുസ്തകത്തിന് നേരിടേണ്ടി വന്നത്. ശാഹ് ഇസ്മാഈലിന്റെ വിമർഷകരിൽ ഏറ്റവും പ്രമുഖൻ മുഗൾ ദർബാറിൽ വലിയ സ്വാധീനമുണ്ടായിരുന്ന പണ്ഡിതനും കവിയുമായിരുന്ന ഫദ്ലുൽ ഹഖ് ഖൈറാബാദി ആയിരുന്നു. ഖൈറാബാദിയും ശാഹ് ഇസ്മാഈലും തമ്മിൽ വലിയ ആശയ സംഘട്ടനങ്ങൾ അരങ്ങേറി. അന്ന് കൊടുമ്പിരികൊണ്ട വിവാദമായിരുന്നു അല്ലാഹുവിന് മുഹമ്മദ് നബിക്ക് ശേഷം മറ്റൊരു അന്ത്യപ്രവാചകനെ നിയോഗിക്കാനാവുമോ എന്നത്. മുഹമ്മദ് നബിയുടെ അന്ത്യപ്രവാചകത്വവുമായി ബന്ധപ്പെട്ട് നടന്ന ചർച്ചയിൽ അല്ലാഹുവിന് മറ്റൊരു പ്രവാചകനെ നിയോഗിക്കാൻ സാധ്യമല്ല എന്ന നിലപാടായിരുന്നു ഖൈറാബാദിക്കുണ്ടായിരുന്നത്. അന്ത്യപ്രവാചത്വം എന്നത് അല്ലാഹുവിന്റെ തീരുമാനമാണെന്നും അത് അല്ലാഹുവിന്റെ കഴിവിനെ തിരസ്കരിക്കുന്നില്ലെന്നും അല്ലാഹു എല്ലാത്തിനും കഴിവുള്ളവനാണെന്നും എത്ര നബിമാരെയും സൃഷ്ടിക്കുവാനും അവന് കഴിവുണ്ടെന്നും ശാഹ് ഇസ്മാഈൽ വാദിച്ചു. ശാഹ് ഇസ്മാഈലിനെ നേരിടാൻ തന്റെ സുഹൃത്തും പ്രശസ്ത കവിയുമായിരുന്ന മിർസാ ഗാലിബിന്റെ സഹായം ഖൈറാബാദി തേടുകയുണ്ടായി. [13] മുഗൾ ദർബാറിലെ സ്വാധീനം ഉപയോഗിച്ച് ശാഹ് ഇസ്മാഈലിന്റെ ജമാമസ്ജിദിലെ പ്രസംഗം തടയാനും ഖൈറാബാദി ശ്രമിക്കുകയുണ്ടായി. ഖൈറാബാദിയുടെ വാദങ്ങൾക്ക് മറുപടിയായി ശാഹ് ഇസ്മാഈൽ മസ്ജിദിലിരുന്ന് ചുരുങ്ങിയ നേരം കൊണ്ട് എഴുതിയതാണ് ഒരു ദിവസം എന്നർത്ഥം വരുന്ന ‘ഏക് റോസ’ എന്ന പുസ്തകം. [14]

ശാഹ് ഇസ്മാഈലിന്റെ മറ്റൊരു പ്രധാന രചനയാണ് മൗലവി അബ്ദുൽ ഹയ്യുമായി ചേർന്നെഴുതിയ ‘സ്വിറാത്തുൽ മുസ്തകീം’. 1818-ൽ പേർഷ്യൻ ഭാഷയിൽ രചിക്കപ്പെട്ട ഈ പുസ്തകം 1823-ൽ കൊൽക്കത്തയിൽ നിന്ന് അച്ചടിക്കപ്പെട്ടു. ശാഹ് ഇസ്മാഈലിന്റെയും സയ്യിദ് അഹ്മദിന്റെയും പരിഷ്കരണ ദൗത്യങ്ങളെ വ്യക്തമാക്കുന്നതും ഇസ്‌ലാമിക പ്രമാണങ്ങളുദ്ധരിച്ച് സ്ഥാപിക്കുന്നതുമാണ് ഈ രചന. ത്വരീഖത്ത് ശൈഖുമാർക്ക് മുസ്ലിം ജനത കൽപ്പിക്കുന്ന അപ്രമാദിത്വത്തെ ചോദ്യം ചെയ്യുകയായിരുന്നു ശാഹ് ഇസ്മാഈൽ. ശൈഖിന് അല്ലാഹുവിന്റെ അധികാരവും കഴിവുകളും ചാർത്തികൊടുക്കുന്നത് തികഞ്ഞ ഇസ്‌ലാം വിരുദ്ധതയാണെന്ന് അദ്ദേഹം വാദിച്ചു. ഇന്ത്യൻ മുസ്‌ലിംകളുടെ ധാർമികച്യുതിക്ക് കാരണം ദർഗകളും അവയുമായി ബന്ധപ്പെട്ട അനാചാരങ്ങളുമാണെന്ന് അദ്ദേഹം നിരീക്ഷിക്കുന്നുണ്ട്. സുന്നീ സമൂഹത്തിൽ വേരുറച്ചിരുന്ന ശീഈ വിശ്വാസങ്ങളെയും ആചാരങ്ങളെയും അദ്ദേഹം തുറന്ന് കാട്ടുകയും നിശിത വിമർശനങ്ങൾക്ക് വിധേയമാക്കുകയും ചെയ്യുന്നുണ്ട്. മുഹർറം ആഘോഷം അടക്കമുള്ള സുന്നികളിലേക്ക് ഒളിച്ചുകടത്തപ്പെട്ട ആചാരങ്ങൾ അഹ്ലുസുന്നയുടെ വ്യതിരിക്തത ദൃശ്യമാകുന്ന തിരിച്ചറിവിന്റേതായ നേർത്ത ധാരണകൾ പോലും ഇല്ലാത്തതിനാലാണ് നിലനിന്നിരുന്നത്. അലി(റ) യെയും ഫാത്തിമ(റ) യെയും അമാനുഷിക പരിവേഷം നൽകി അവർക്ക് ഭക്ഷണങ്ങൾ നിവേദിക്കുന്ന ദുരാചാരം അന്ന് വ്യാപകമായിരുന്നു. ജ്യോതിഷത്തിൽ വിശ്വസിച്ചിരുന്ന ജനതയോട് സൂര്യനും നക്ഷത്രങ്ങളും അല്ലാഹുവിന്റെ സൃഷ്ടികൾ മാത്രമാണെന്നും അവയുടെ ചലനങ്ങൾക്ക് മനുഷ്യജീവിതത്തിൽ യാതൊരു സ്വാധീനവും സൃഷ്ടിക്കാനാവില്ലെന്നും ഭാവി അല്ലാഹുവിന് മാത്രമേ അറിയൂ എന്നും മറിച്ചുള്ള വിശ്വാസം ബഹുദൈവവിശ്വാസമാണെന്നും അദ്ദേഹം വിളംബരം ചെയ്തു. വിധവാ പുനർവിവാഹത്തെ നിരാകരിച്ചിരുന്ന ഭൂരിപക്ഷ ധാരണകളെയും ഈ ഗ്രന്ഥം ചോദ്യം ചെയ്യുന്നുണ്ട്.

മുസ്‌ലിംകൾ അനുധാവനം ചെയ്യേണ്ടത് വിശുദ്ധ ക്വുർആനും മുഹമ്മദ് നബി(സ്വ) യുടെ ചര്യയും മാത്രമാണെന്ന കർശന നിലപാടായിരുന്നു ശാഹ് ഇസ്മാഈലിനുണ്ടായിരുന്നത്. മൗലവിമാരുടെയും ശൈഖുമാരുടെയും അഭിപ്രായങ്ങൾ മതത്തിൽ പ്രമാണമല്ലെന്നും അവരെ അന്ധമായി പിൻപറ്റുന്നത്(തഖ്ലീദ്) മതവിരുദ്ധമാണെന്നും അദ്ദേഹം വാദിച്ചു. ഹനഫീ മദ്ഹബിലെ പല ധാരണകളെയും അത്കൊണ്ടുതന്നെ അദ്ദേഹം ചോദ്യം ചെയ്യുന്നുണ്ട്. കർമാനുഷ്ഠാനങ്ങൾ വിശുദ്ധ ക്വുർആനിൽ നിന്നും ഹദീഥുകളിൽ നിന്നുമാണ് രൂപപ്പെടുത്തേണ്ടത്, ഹദീഥുകൾ സ്ഥിരപ്പെട്ടു വന്നാൽ ഫിഖ്ഹീ നിലപാടുകൾ തിരുത്താൻ അത് പര്യാപ്തമാണെന്ന ശാഹ് വലിയുല്ലായുടെ നിലപാടിനെ ആവർത്തിക്കുകയും വികസിപ്പിക്കുകയുമാണ് ശാഹ് ഇസ്മാഈൽ. നമസ്കാരത്തിൽ റുകൂഇൽ നിന്നെഴുന്നേൽക്കുമ്പോൾ ഹനഫീ മദ്ഹബ് പ്രകാരം കൈകൾ ഉയർത്താൻ പാടുള്ളതല്ല. ഈ മദ്ഹബീ നിലപാട് ഹദീഥുകൾക്ക് വിരുദ്ധമാണെന്നും മുഹമ്മദ് നബി(സ്വ) നമസ്കാരത്തിൽ കൈകൾ ഉയർത്തിയിരുന്നതായി ഹദീഥുകളിൽ സ്ഥിരപ്പെട്ടു വന്നിട്ടുണ്ടെന്നും അതാണ് പിന്തുടരേണ്ടതെന്നും സ്ഥാപിച്ചുകൊണ്ട്‌ ശാഹ് ഇസ്മാഈൽ രചിച്ച ഗ്രന്ഥമാണ് ‘തൻവീറുൽ അയ്‌നൈൻ ഫീ ഇസ്ബാതി റഫ്ഉൽ യദയ്ൻ’.

പുസ്തക രചനയിലൂടെയും അവയുടെ വ്യാപകമായ അച്ചടിയിലൂടെയും ഇസ്‌ലാമിനെ ജനകീയവത്കരിക്കുകയായിരുന്നു ശാഹ് ഇസ്മാഈലും സംഘവും. ഭരണഭാഷയായ പേർഷ്യനിലും സാധാരണക്കാരുടെ ഭാഷയായ ഉർദുവിലും ഒരേ സമയം പുസ്തകങ്ങൾ അച്ചടിക്കുകവഴി സമൂഹത്തിന്റെ നാനാ തട്ടിലുള്ളവരുമായുള്ള ആശയസംവേദനം ഉറപ്പുവരുത്തുകയായിരുന്നു അവർ. ആശയ പ്രകാശനത്തിന് വേണ്ടി ആധുനിക സങ്കേതമായ അച്ചടിയേയും പ്രാദേശിക ഭാഷകളെയും ഉപയോഗപ്പെടുത്തിയത് ഇവിടെ ശ്രദ്ധേയമാണ്. അച്ചടി വിദ്യ ഉപയോഗിക്കുകവഴി വലിയൊരു ജനവിഭാഗത്തിലേക്കുള്ള ആശയപ്രസരണം സാധ്യമാവുകയായിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തന്നെ ടൈപ്പോഗ്രാഫിക് പ്രസ്സുകൾ ഇന്ത്യയിൽ പ്രചാരത്തിലുണ്ട്. വലിയതോതിലുള്ള അച്ചടി സാധ്യമാക്കുന്ന ലിത്തൊഗ്രാഫിക് പ്രസ്സുകൾ ഇന്ത്യയിൽ പ്രചാരത്തിൽ വരുന്നത് 1820 കളിലാണ്. ശാഹ് ഇസ്മാഈലിന്റെ പ്രസിദ്ധമായ രണ്ട് പുസ്തകങ്ങൾ- തകവിയതുൽ ഈമാനും സ്വിറാത്തുൽ മുസ്‌തകീമും- 1820 കളിൽ തന്നെ കൊൽക്കത്തയിലെ പ്രസ്സുകളിൽ നിന്ന് അച്ചടിക്കപ്പെടുന്നുണ്ട്. വലിയ രീതിയിലുള്ള അച്ചടി ഉദ്ദേശിച്ച് സയ്യിദ് അഹമ്മദ് ഹൂഗ്ലിയിൽ ‘മതബഇ അഹ്മദി’ എന്ന പേരിൽ ഒരു പ്രസ്സ് സ്ഥാപിക്കുന്നുമുണ്ട്. ക്രിസ്ത്യൻ മിഷനറിമാർ വ്യാപകമായി പ്രസ്സുകൾ ഉപയോഗപ്പെടുത്തിയിരുന്ന ആ സമയത്ത്‌ ഇസ്‌ലാംമത പ്രചാരണത്തിന് വേണ്ടി മുസ്‌ലിംകളുടെ നേതൃത്വത്തിൽ നടന്ന ആദ്യ സംരംഭങ്ങൾക്കാണ് മുഹമ്മദീയ പ്രസ്ഥാനം വേദിയൊരുക്കുന്നത്.[15]

ക്വുർആൻ പരിഭാഷകളും ഈ കാലയളവിൽ അച്ചടിക്കപ്പെടുന്നുണ്ട്. സയ്യിദ് അബ്ദുല്ലാഹ് രാംപൂരി എന്ന അച്ചടി വിദ്യയിൽ നിപുണനായിരുന്ന ശിഷ്യന്റെ സഹായത്താൽ ശാഹ് അബ്ദുൽ ഖാദിറിന്റെ ഉറുദുവിലുള്ള ക്വുർആൻ പരിഭാഷ 1829-ൽ കൊൽക്കത്തയിൽ വെച്ച് സയ്യിദ് അഹമ്മദ് പ്രസിദ്ധീകരിക്കുന്നുണ്ട്. 1832-ൽ ഹൂഗ്ലിയിലെ സയ്യിദ് അഹമ്മദിന്റെ അച്ചടിശാലയിൽ നിന്ന് വീണ്ടും ഈ പരിഭാഷ പ്രസിദ്ധീകരിക്കപ്പെടുന്നുണ്ട്. 1840 കളോട് കൂടി ഹദീഥ് വിവർത്തനങ്ങളും അച്ചടിക്കപ്പെടുന്നുണ്ട്.[16] വിശുദ്ധ ക്വുർആനും ഹദീഥുകളും എല്ലാവർക്കും പ്രാപ്യമാക്കുക, അത് വഴി മതപഠനം ജനകീയമാക്കുക എന്ന ദൗത്യമാണ് ഇത് വഴി സാധ്യമായത്. മതത്തിൽ പൗരോഹിത്യത്തിന് യാതൊരു സ്ഥാനവുമില്ലെന്നും വിജ്ഞാനം നേടുക എല്ലാവരുടെയും ബാധ്യതയാണെന്നും അവർ പ്രചരിപ്പിച്ചു. വിജ്ഞാനപ്രസരണം വഴി ചൂഷണമുക്തമായ ഒരു സമൂഹം സാധ്യമാവുമെന്ന പ്രതീക്ഷയായിരുന്നു പരിഷ്കരണ പ്രസ്ഥാനത്തിനുണ്ടായിരുന്നത്.

1831 ൽ ബാലകൊട്ടിൽ വെച്ചാണ് ശാഹ് ഇസ്മാഈൽ ഇഹലോകവാസം വെടിയുന്നത്. പഞ്ചാബിലെ മുസ്‌ലിംകൾക്ക് മതപീഡനം അനുഭവിക്കേണ്ടി വരുന്നു, പള്ളികളിൽ നമസ്കാരം നിഷേധിക്കുന്നു തുടങ്ങിയ വാർത്തകൾ പ്രചരിച്ച സമയത്ത്‌ പരിസരങ്ങളിലുള്ള മുസ്‌ലിം ഭരണാധികാരികളുടെ സഹായത്താൽ സിഖ് ഭരണത്തിനെതിരെ സായുധ പോരാട്ടത്തിന് ആഹ്വാനം ചെയ്യുകയായിരുന്നു സയ്യിദ് അഹ്മദ്. വിവിധ പഷ്ഠൂൺ ഗോത്രങ്ങളും ഈ പോരാട്ടത്തിന്റെ ഭാഗമായിരുന്നു. എന്നാൽ ചില ഗോത്രങ്ങളുടെ ചതി കാരണം ഈ ദൗത്യം പരാജയപ്പെടുകയും കശ്മീരിലേക്കുള്ള യാത്രാമധ്യേ സിഖ് സൈന്യത്തിന്റെ ആക്രമണത്തിൽ സയ്യിദ് അഹമ്മദും ശാഹ് ഇസ്മാഈലും കൊല്ലപ്പെടുകയുമായിരുന്നു.[17] മുഹമ്മദീയ പ്രസ്ഥാനം കാലാന്തരത്തിൽ നിർജീവമായെങ്കിലും ഇൻഡ്യൻ സ്വാതന്ത്ര്യ സമരത്തിലും കൊളോണിയൽ ഇൻഡ്യയിലെ മുസ്‌ലിം രാഷ്ട്രീയ സ്വത്വരൂപീകരണത്തിലും വലിയ സ്വാധീനമാണ് സൃഷ്ടിച്ചത്. സർ സയ്യിദ് അഹ്‌മദ്‌ഖാൻ, മൗലാനാ അബുൽ കലാം ആസാദ് തുടങ്ങിയ മുസ്‌ലിം ബുദ്ധിജീവികളെയും അഹ്‌ലെ ഹദീഥ്, ദാറുൽ ഉലൂം ദയൂബന്ദ്, ലക്‌നൗ നദ്‌വത്തുൽ ഉലമ തുടങ്ങിയ പ്രസ്ഥാനങ്ങളെയും സ്ഥാപനങ്ങളെയും ശാഹ് ഇസ്മാഈലും മുഹമ്മദീയ പ്രസ്ഥാനവും വലിയ അളവിൽ സ്വാധീനിച്ചിട്ടുണ്ട്. ആധുനിക ഇൻഡ്യയിലെ മുസ്‌ലിംകളുടെ മതപരവും രാഷ്ട്രീയവും വൈജ്ഞാനികവുമായ ഉണർവിന് ഈ പ്രസ്ഥാനം നൽകിയ പങ്ക് അതുകൊണ്ട് തന്നെ അനിഷേധ്യമാണ്.

References

1.Pearson, Harlan Otto. Islamic Reform and Revival in Nineteenth Century India, Yoda Press, New Delhi, 2008, 9. 2. Ismail, Shah Muhammad. Taqwiyat- ul- Iman ( Strengthening of the Faith ), Trans. Ghulam Mehr, Darussalam, Riyadh, 2. 3. Pearson, Islamic Reform, 102 Ismail, Taqwiyat, 3 4. K̲h̲ān̲, Sayyid Aḥmad. Review on Dr. Hunter’s Indian Musalman’s: are They Bound in Conscience to Rebel Against the Queen?. Medical Hall Press, 1872. p.13 5. Metcalf, Barbara D. Islamic Revival in British India: Deoband, 1860-1900. Princeton University Press, 2014. 64 6. Pearson, Islamic Reform, 37 7. Metcalf, Islamic Revival, 54 8. Ibid, Islamic Revival, 59 9. Pearson, Islamic Reform, 39 10. Ismail, Taqwiyat, 18 11. Metcalf, Barbara D., “The Taqwiyyat al-Iman(Support of the Faith) by Shah Isma’il Shahid”, in Islam in South Asia in practice. ed. Metcalf, Barbara D. (Princeton University Press, 2009), 202. 12. Malik, Jamal. Islam in South Asia: A short history. Vol. 93. Brill, 2008, 253,4 13. Metcalf, Islamic Revival, 65,6. 14. Pearson, Islamic Reform, 117-119 15. Ibid, 121-123 16. Ibid, 41