മക്കയിലെ ദാറുൽ ഹദീഥിൽ അദ്ധ്യാപകനും, വ്യത്യസ്ത ഇസ്ലാമിക വിജ്ഞാന ശാഖകളിലും അറബി ഭാഷാ വിജ്ഞാനീയങ്ങളിലും നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവും ആയിരുന്ന ശൈഖ് മുഹമ്മദ് അൽ അമീൻ അൽ ഹറരി (الشيخ محمد الأمين الهرري) കഴിഞ്ഞ തിങ്കളാഴ്ച ഉച്ചക്ക് മക്കയിൽ വെച്ച് നിര്യാതനായി.
ആധുനിക പണ്ഡിതലോകത്തെ അതുല്യ പ്രതിഭകളിൽ പെട്ട ആളായിരുന്നു ശൈഖ് മുഹമ്മദ് അമീൻ അൽ ഹറരി. എത്യോപ്യയിലെ ഹറർ എന്ന പ്രദേശത്ത് 1926ൽ ആണ് ശൈഖ് മുഹമ്മദ് അമീൻ അൽ ഹറരിയുടെ ജനനം.
ആറാം വയസ്സിൽ തന്നെ ഖുർആൻ മനഃപാഠമാക്കി. പിന്നീട് പിതാവിൽ നിന്നും എത്യോപ്യയിലെ വിവിധ പണ്ഡിതന്മാരിൽ നിന്നും ഹദീഥ്, കർമ്മശാസ്ത്രം, ഉസൂൽ, അറബി ഭാഷാ വിജ്ഞാനീയങ്ങൾ മുതലായവ കരസ്ഥമാക്കുകയും, നിരവധി പഠന യാത്രകൾ നടത്തുകയും ചെയ്തു.
ഹിജ്‌റ വർഷം 1373ൽ വിവിധ വൈജ്ഞാനിക ശാഖകളിൽ അദ്ധ്യാപനത്തിനുള്ള ഇജാസ (ഔദ്യോഗിക അംഗീകാരം) ഗുരുനാഥന്മാരിൽ നിന്നും ലഭിക്കുകയും പഠനത്തോടൊപ്പം തന്നെ നിരവധി വിദ്യാർത്ഥികൾക്ക് വിജ്ഞാനം പകർന്നു കൊടുക്കുന്നതിൽ വ്യാപൃതനാവുകയും ചെയ്തു. ഹിജ്‌റ 1398 ൽ എത്യോപ്യയിലെ ചില രാഷ്ട്രീയ കാരണങ്ങളാൽ ശൈഖ് സൗദിയിലേക്ക് പലായനം ചെയ്തു. ഹിജ്‌റ 1400ന്റെ (1978) ആരംഭത്തിൽ തന്നെ മക്കയിലെ ദാറുൽ ഹദീസ് അൽ ഖൈരിയ്യയിൽ അദ്ധ്യാപകനായി നിയമിക്കപ്പെട്ടു. അക്കാലം തൊട്ട് തന്നെ മസ്ജിദുൽ ഹറാമിലും ക്ളാസുകൾ എടുത്തിരുന്നു. ഗ്രന്ഥരചനക്ക് സമയം കണ്ടെത്താനായി ഈ ക്‌ളാസുകൾ പിന്നീട് നിർത്തി വെച്ചു. പിന്നീടുള്ള കാലം, ഏകദേശം നാല് പതിറ്റാണ്ടുകളോളം പരിശുദ്ധ മക്കയിൽ വൈജ്ഞാനിക സേവനങ്ങൾക്കായി നീക്കി വെച്ചതായിരുന്നു ജീവിതം.
ഇക്കാലയളവിൽ ശൈഖ് വിവിധ വൈജ്ഞാനിക ശാഖകളിൽ നിരവധി ഗ്രന്ഥങ്ങൾ രചിച്ചു.അവയിൽ സുപ്രധാനമായ ചിലത് :
-തഫ്സീർ (ഖുർആൻ വ്യാഖ്യാനം): “ഹദാഇഖു റൗഹി വ റൈഹാൻ ഫീ റവാബി ഉലൂമിൽ ഖുർആൻ” (حدائق الروح والريحان في روابي علوم القرآن)
33 വാള്യങ്ങൾ ഉള്ള ബൃഹത്തായ ഖുർആൻ വ്യാഖ്യാന ഗ്രന്ഥം. ഖുർആനിക ആയത്തുകളുടെ അവതരണ പശ്ചാത്തലം, ആയത്തുകൾ തമ്മിലുള്ള പരസ്പര ബന്ധങ്ങൾ, ആയത്തുകളുടെ വ്യാഖ്യാനം, വിവിധ പാരായണങ്ങൾ, നഹ്‌വ്, സ്വർഫ്, ബലാഗ, മറ്റു ഭാഷാപരമായ വിവരങ്ങൾ, വിധിവിലക്കുകൾ തുടങ്ങിയവയെല്ലാം ഉൾപെടുത്തിയിട്ടുള്ള തഫ്‌സീർ ആണ് ശൈഖിന്റേത്. ഖുർആൻ തഫ്സീർ ആഴത്തിൽ പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കും, അദ്ധ്യാപകർക്കും എല്ലാം റഫറൻസ് ആയി ഉപയോഗപ്പെടുത്താൻ പറ്റിയ ഒന്നാണ് ഈ തഫ്സീർ..
-ഹദീഥ് : സ്വഹീഹ് മുസ്ലിമിന്റെ വിശദീകരണം (الكوكب الوهاج والروض البهاج في شرح صحيح مسلم بن الحجاج) (26 വാള്യങ്ങൾ). സുനൻ ഇബ്‌നു മാജയുടെ വിശദീകരണം (مرشد ذوي الحجا والحاجة إلى سنن ابن ماجه) (26 വാള്യങ്ങൾ ) ഹദീസ് വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും വളരെ നല്ല റഫറൻസ് ഗ്രന്ഥങ്ങളാണ് ഇവ രണ്ടും.
-അറബി ഭാഷ: «الباكورة الجنية في إعراب متن الآجرومية». «الفتوحات القيومية في علل وضوابط متن الآجرومية». «الدرر البهية في إعراب أمثلة الآجرومية» «جواهر التعليمات شرح على التقريظات ومقدمة علم النحو». «هدية أولي العلم والإنصاف في إعراب المنادى المضاف».
ഏറ്റവും അവസാനമായി രചിച്ച “ഇബ്‌നു മാലികിന്റെ അൽഫിയ്യയുടെ ശറഹ്” അടക്കം നിരവധി ഗ്രന്ഥങ്ങൾ അറബി ഭാഷയുടെ പ്രചരണത്തിന് അദ്ദേഹം എത്രത്തോളം പ്രാധാന്യം നൽകിയിരുന്നു എന്ന് വ്യക്തമാക്കുന്നു. നഹ്‌വ് പഠിക്കുന്നതിന്റെ പ്രാധാന്യം വിദ്യാർത്ഥികളെ ബോധ്യപ്പെടുത്താൻ ഇടക്ക് ക്‌ളാസുകളിൽ ഈ കവിത ചൊല്ലുമായിരുന്നു : النحو زين للفتى يكرمه حيث أتى.. من لم يكن يعرفه فحقه أن يسكت.. (നഹ്‌വ് ഒരു യുവാവിന് ഏറ്റവും നല്ല സൗന്ദര്യമാണ്, അവൻ എവിടെപ്പോയാലും അത് അവന് ആദരവ് നേടിക്കൊടുക്കും, അത് പഠിക്കാത്തവനാകട്ടെ അവന് മൗനം പാലിക്കലാണ് ഉത്തമം ).
പ്രായാധിക്യവും ക്ഷീണവും എല്ലാം മറന്ന് ദാറുൽ ഹദീസിൽ രാവിലെ ഫജ്ർ നമസ്കാര ശേഷം, കോളേജിൽ ഔദ്യോഗിക ഡ്യൂട്ടി സമയത്തിനും ഒരു മണിക്കൂർ മുമ്പ്, ശൈഖ് നഹ്‌വിന്റെ പുരാതന കിതാബുകൾ പഠിപ്പിക്കുന്ന പ്രത്യേക സദസ്സ് വർഷങ്ങളോളം ഉണ്ടായിരുന്നു.
പാണ്ഡിത്യത്തിന്റെ ഉത്തുംഗതയിൽ നിൽക്കുമ്പോഴും വിനയവും ലാളിത്യവും ജീവിത ശൈലിയാക്കിയിരുന്നു ശൈഖ് മുഹമ്മദ് അമീൻ ഹറരി. പലപ്പോഴും പണ്ഡിതന്മാർക്കും പ്രബോധകർക്കും ക്‌ളാസുകളും വൈജ്ഞാനിക മേഖലയിലെ പ്രവർത്തനങ്ങളുമായി തിരക്ക് പിടിച്ച ജീവിതത്തിനിടയിൽ ഐച്ഛികമായ ഇബാദത്തുകളിൽ മുന്നേറാൻ പ്രയാസം നേരിടാറുണ്ട്. ശൈഖ് ഹറരി ഈ രംഗത്തും അല്ലാഹുവിന്റെ വലിയ അനുഗ്രഹം ലഭിച്ച ആളായിരുന്നു എന്ന് അദ്ദേഹത്തെ അടുത്തറിഞ്ഞ ശിഷ്യന്മാർ സാക്ഷ്യപ്പെടുത്തുന്നു.
ഒരു ദിവസത്തിൽ ആകെ 4 മണിക്കൂർ മാത്രമേ ഉറങ്ങിയിരുന്നുള്ളു. നീണ്ട സമയം രാത്രി നമസ്കാരം പതിവാക്കി. മസ്ജിദുൽ ഹറാമിൽ സുബ്ഹിക്ക് മുമ്പ് ത്വവാഫ് ചെയ്യുന്നത് കാണാം പല ദിവസങ്ങളിലും. പ്രഭാത നമസ്കാരം കഴിഞ്ഞു ഹറമിൽ നിന്നും നേരെ ദാറുൽ ഹദീസിലേക്കാണ് പോകാറ്.
ശൈഖ് ഹറരി റബ്ബിന്റെ വിളിക്ക് ഉത്തരം ചെയ്ത് വിട പറയുമ്പോൾ ഇവിടെ വിട്ടേച്ചു പോയത് നിരവധി വൈജ്ഞാനിക ഗ്രന്ഥങ്ങളും ആയിരക്കണക്കിന് ശിഷ്യ ഗണങ്ങളെയും ആണ്. ജീവിതത്തിൽ ഉന്നതമായ ലക്ഷ്യ ബോധവും ആത്മാർത്ഥമായ പ്രയത്നവും പ്രാർത്ഥനയും ഉണ്ടെങ്കിൽ അത്ഭുതകരമായ നേട്ടങ്ങളുണ്ടാക്കാനാകും എന്നതിന് ആധുനിക കാലത്ത് നമുക്കിടയിൽ ജീവിച്ച ഉദാഹരണമാണ് മഹാനായ ഈ പണ്ഡിത കേസരി.
ജനാസ മക്കയിലെ ഹറം പരിസരത്ത് ഉള്ള മഖ്ബറത്തുൽ മുഅല്ലയിൽ മറവ് ചെയ്തു. മക്കയിൽ തന്നെയുള്ള ഉന്നത ഹദീസ് പണ്ഡിതൻ ആയ ശൈഖ് മുഹമ്മദ് അലി ആദം അടക്കം നിരവധി പണ്ഡിതരും ആയിരക്കണക്കിന് ശിഷ്യ ഗണങ്ങളും പൊതു ജനങ്ങളും ജനാസയിൽ പങ്കെടുത്തു.