Logo

 

ഇസ്മാഈൽ മെങ്കിന് സിംഗപ്പൂരിൽ വിലക്ക്

1 November 2017 | Reports

By

സിംഗപ്പൂർ സിറ്റി: പ്രശസ്ത ഇംഗ്ലീഷ്‌ ഇസ്‌‌ലാമിക പ്രഭാഷകനും സിംബാബ്‌വെയിലെ ഗ്രാൻഡ്‌ മുഫ്തിയുമായ മുഫ്തി ഇസ്മാഈൽ മൂസാ മെങ്കിന്‌ സിംഗപ്പൂരിൽ പ്രഭാഷണത്തിന്‌ വിലക്ക്‌. നവംബർ അവസാനം നടത്താനുദ്ദേശിച്ച പ്രഭാഷണ പരിപാടിക്കാണ്‌ സിംഗപ്പൂർ ആഭ്യന്തര മന്ത്രാലയം അനുമതി നിഷേധിച്ചത്‌. മെങ്ക്‌ വിസ അനുവദിക്കാനഭ്യർത്ഥിച്ച്‌ നൽകിയ അപേക്ഷ സിംഗപ്പൂർ സർക്കാർ തള്ളി. ഇതര മതസ്ഥരുടെ ആഘോഷവേളകളിൽ അവർക്ക്‌ ആശംസകൾ അർപ്പിച്ച്‌ സംസാരിക്കുന്നത്‌ പാപമണെന്ന് പ്രസംഗങ്ങളിൽ മുസ്‌‌‌ലിംകളെ ഉദ്ബോധിപ്പിക്കുന്ന മെങ്ക്‌ സിംഗപ്പൂരിന്റെ ബഹുസ്വര സാമൂഹിക ഘടനയുടെ കെട്ടുറപ്പിന്‌ പരിക്കേൽപിക്കുമെന്ന് വാദിച്ചാണ്‌ ഗവണ്മെന്റെ നടപടി.

ഗുജറാത്തിലെ ഹനഫീ പണ്ഡിതന്മാരിൽ നിന്നും സുഊദി അറേബ്യയിലെ മദീനാ ഇസ്‌ലാമിക സർവകലാശാലായിൽ നിന്നുമായി മതപഠനം പൂർത്തിയാക്കിയിട്ടുള്ള ഇസ്മാഈൽ മെങ്ക്‌, സിംബാബ്‌വെയുടെ തലസ്ഥാനമായ ഹരാരെയിലെ ക്രിസ്റ്റ്യൻ കലാലയത്തിൽ നിന്ന് ഭൗതിക വിദ്യാഭാസവും നേടിയിട്ടുണ്ട്‌. പക്വമതിയും വിശാല സമീപനങ്ങൾക്ക്‌ പ്രസിദ്ധനുമായ പണ്ഡിതനും പ്രബോധകനുമാണ്‌ മെങ്ക്‌. മുസ്‌ലിം ചെറുപ്പക്കാരെ ദൈവഭയവും ജീവിതവിശുദ്ധിയും സ്വഭാവഗുണങ്ങളും ഉള്ളവരാക്കി വളർത്താനുദ്ദേശിച്ചുള്ള സംസ്കരണ പ്രഭാഷണങ്ങളാണ് മെങ്ക്‌ നിർവഹിക്കാറുള്ളത്‌. വശ്യമായ വ്യക്തിത്വവും ശബ്‌ദവും ശൈലിയും ‌ഖുർആൻ പാരായണ സൗകുമാര്യവും കാരണമായി ലക്ഷക്കണക്കിനാളുകൾ വിവിധ രാജ്യങ്ങളിലായി മെങ്കിന്റെ പ്രഭാഷണങ്ങൾ കേൾക്കുന്നുണ്ട്‌. സോഷ്യൽ മീഡിയയിലും സജീവമാണ്‌ മെങ്ക്‌.

മെങ്കിനെതിരെ സിംഗപ്പൂർ സർക്കാർ ഉന്നയിച്ച വിമർശനങ്ങൾ അടിസ്ഥാനരഹിതമാണെന്നാണ്‌ വ്യക്തമാകുന്നത്‌. ബഹുസ്വരതയോടും വിശ്വാസസ്വാതന്ത്ര്യത്തോടും മതാതീതമായ മാനവമൈത്രിയോടും തികഞ്ഞ പ്രതിബദ്ധതയുള്ളയാളാണ്‌ മുഫ്തി എന്ന് അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളിൽ നിന്ന് സ്പഷ്ടമാണ്‌. മെങ്കിന്‌ വിലക്കേർപ്പെടുത്തിയ സിംഗപ്പൂർ നടപടി അപലപനീയമാണെന്ന് സിംബാബ്‌വെ മജ്ലിസുൽ ഉലമ പ്രസ്താവിച്ചു. തങ്ങളുടെ സീനിയർ മുഫ്തിയായ ഇസ്മാഈൽ മൂസക്കെതിരെ സിംഗപ്പൂർ ഉന്നയിച്ച ആരോപണങ്ങൾ ദുരുപദിഷ്ടവും അടിസ്ഥാനരഹിതവുമാണ്‌. എല്ലാ മതവിശ്വാസികൾക്കും അവരവരുടേതായ ആഘോഷങ്ങൾക്ക്‌ സ്വാതന്ത്ര്യം വേണമെന്നാണ്‌ അദ്ദേഹത്തിന്റെ നിലപാട്‌. മുസ്‌ലിംകൾ ആശംസാ വാക്കുകളിൽ മറ്റു മതസ്ഥരുടെ ആഘോഷങ്ങൾക്കു പിന്നിലുള്ള വിശ്വാസങ്ങളെ ആവാഹിക്കരുതെന്ന് മാത്രമാണ്‌ അദ്ദേഹം അഭിപ്രായപ്പെട്ടത്‌ എന്ന് മജ്‌ലിസുൽ‌ ഉലമ പ്രസിദ്ധീകരിച്ച വിശദീകരണക്കുറിപ്പ്‌ വ്യക്തമാക്കി.


mm

Admin