ഹജ്ജ് കർമ്മങ്ങൾ പൂർത്തിയാക്കി ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുമുള്ള വിശ്വാസികൾ നാട്ടിലേക്ക് മടങ്ങുന്ന സമയമാണ്. വലിയ ത്യാഗങ്ങൾ സഹിച്ചാണ് ജീവിതത്തിൽ ഒരിക്കൽ മാത്രം നിർബന്ധ ബാധ്യതയാകുന്ന ഹജ്ജ് കർമ്മം അവർ പൂർത്തീകരിച്ചത്. സാമ്പത്തികമായും ശാരീരികമായും സഹിച്ച കഷ്ടതകൾക്ക് അളവറ്റ പ്രതിഫലവും പാപമോചനവുമാണ് സമ്മാനം. ഒരു വലിയ ഉത്തരവാദിത്വം പൂർത്തിയാക്കി എന്ന ചാരിതാർത്ഥ്യത്തോടെ ഇനി അൽപ്പം വിശ്രമിക്കാം എന്ന വിചാരമല്ല, മറിച്ച് ഇനിയുമെപ്പോഴും മരണം വരെയും കൂടുതൽ ഊർജ്ജസ്വലതയോടെ പ്രവർത്തിക്കുമെന്ന ദൃഢനിശ്ചയമാണ് ഓരോ ഹാജിയിലുമുണ്ടാകേണ്ടത്. അതുതന്നെയാണ് ഹാജിമാരോട് പ്രത്യേകമായും വിശ്വാസികളോട് പൊതുവായും ക്വുർആൻ പറയുന്നത്. “അങ്ങനെ നിങ്ങള്‍ ഹജ്ജ് കര്‍മങ്ങൾ നിര്‍വഹിച്ചു കഴിഞ്ഞാല്‍ നിങ്ങളുടെ പിതാക്കളെ നിങ്ങള്‍ സ്മരിച്ചിരുന്നത് പോലെയോ അതിനെക്കാള്‍ ശക്തമായ നിലയിലോ അല്ലാഹുവെ നിങ്ങള്‍ സ്മരിക്കുക. മനുഷ്യരില്‍ ചിലര്‍ പറയും; ‘ഞങ്ങളുടെ രക്ഷിതാവേ, ഇഹലോകത്ത് ഞങ്ങള്‍ക്ക് നീ (അനുഗ്രഹം) നല്‍കേണമേ’ എന്ന്. എന്നാല്‍ പരലോകത്ത് അത്തരക്കാര്‍ക്ക് ഒരു ഓഹരിയും ഉണ്ടായിരിക്കുന്നതല്ല. മറ്റു ചിലര്‍ പറയും; ‘ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ക്ക് ഇഹലോകത്ത് നീ നല്ലത് തരേണമേ; പരലോകത്തും നീ നല്ലത് തരേണമേ. നരകശിക്ഷയില്‍ നിന്ന് ഞങ്ങളെ നീ കാത്തുരക്ഷിക്കുകയും ചെയ്യേണമേ’ എന്ന്. അവര്‍ സമ്പാദിച്ചതിൻ്റെ ഫലമായി അവര്‍ക്ക് വലിയൊരു വിഹിതമുണ്ട്. അല്ലാഹു അതിവേഗത്തില്‍ കണക്ക് നോക്കുന്നവനാകുന്നു”. [അൽ ബഖറഃ : 200 – 202]ഈ വചനങ്ങൾ ഒരുപാട് പാഠങ്ങളാണ് ഓരോ വിശ്വാസിക്കും പകർന്നു നൽകുന്നത്. ജാഹിലിയ്യാ കാലത്ത് മക്കാ മുശ്രിക്കുകൾ ഉൾപ്പെടെ അന്നത്തെ ആളുകൾ ഹജ്ജ് ചെയ്തിരുന്നല്ലോ, ജംറകളിൽ കല്ലെറിഞ്ഞ് അവരെല്ലാവരും മിനയിൽ ഒരിടത്ത് ഒരുമിച്ച് കൂടി അവരുടെ പിതാക്കന്മാരുടെ പോരിശകൾ പറയുന്ന പതിവുണ്ടായിരുന്നു എന്ന് മുഫസ്സിരീങ്ങൾ രേഖപ്പെടുത്തുന്നത് കാണാം. അതിനെ വിമർശിച്ചുകൊണ്ട് കൂടിയാണ് ഖുർആൻ “നിങ്ങള്‍ ഹജ്ജ് കര്‍മങ്ങൾ നിര്‍വഹിച്ചു കഴിഞ്ഞാല്‍ നിങ്ങളുടെ പിതാക്കളെ നിങ്ങള്‍ സ്മരിച്ചിരുന്നത് പോലെയോ അതിനെക്കാള്‍ ശക്തമായ നിലയിലോ അല്ലാഹുവെ നിങ്ങള്‍ സ്മരിക്കുക” എന്ന് പറയുന്നത്. അതല്ലെങ്കിൽ ഒരു ചെറിയ കുട്ടി ഒരു ദിവസം എത്രയോ തവണ തൻ്റെ മാതാപിതാക്കളെ ‘ഉമ്മാ, ഉപ്പാ’ എന്നിങ്ങനെ വിളിക്കും. അതിനെക്കാൾ കൂടുതൽ നിങ്ങൾ ഹജ്ജ് കർമ്മങ്ങൾക്ക് ശേഷം അല്ലാഹുവെ പ്രകീർത്തിക്കുക എന്നതാണ് അർഥമെന്നും പ്രബലരായ ഖുർആൻ വ്യാഖ്യാതാക്കൾ തന്നെ അഭിപ്രായപ്പെടുന്നുണ്ട്. ഏതായാലും ചുരുക്കത്തിൽ റമദാൻ വ്രതവും, ഹജ്ജുമെല്ലാം പൂർത്തിയാക്കുമ്പോൾ ഇനി ആരാധനാ കർമ്മങ്ങൾക്ക് അൽപ്പനേരം ഫുൾ സ്റ്റോപ്പിടാം എന്ന ചിന്ത വിശ്വാസിക്കുണ്ടാകരുത് എന്നും ദൈവിക സ്മരണയിൽ സജീവമാകണമെന്നുമാണ് ക്വുർആൻ ആജ്ഞാപിക്കുന്നത്.ഓരോ ആരാധനാ കർമ്മങ്ങളും അടിമയെ അല്ലാഹുവിലേക്ക് അത്രമേൽ അടുപ്പിക്കുന്നതാണ്, ഹജ്ജ് പ്രത്യേകിച്ചും. തൻ്റെ സമയവും, സമ്പത്തും, ജോലിത്തിരക്കുകളും അവൻ അല്ലാഹുവിൻ്റെ പ്രീതിക്കായി മാറ്റിവെച്ചു. കർമങ്ങളെല്ലാം തടസ്സങ്ങളില്ലാതെ പൂർത്തീകരിച്ചു. ആ സാഹചര്യത്തിൽ അല്ലാഹുവിലേക്ക് അവൻ കൈകളുയർത്തുക സ്വാഭാവികം, തൻ്റെ തേട്ടങ്ങൾക്ക് അല്ലാഹുവിൽ നിന്ന് ഉത്തരം ലഭിക്കാൻ ഏറ്റവും അനുകൂലമായ സമയമാണത്. അവിടെ ചിലയാളുകൾ ദുനിയാവിന്റെ വിഷയങ്ങൾ മാത്രം ചോദിക്കും. ജാഹിലിയ്യാ കാലത്ത് ആളുകൾ ഹജ്ജ് കഴിഞ്ഞ് മിനയിൽ ഒരുമിച്ച് കൂടി പിതാക്കളുടെ മേന്മ പറയുന്നതോടൊപ്പം അവർക്ക് ലഭിച്ച സ്ഥാനമാനങ്ങളും, സൗകര്യങ്ങളും, സമ്പത്തുമെല്ലാം തങ്ങൾക്കും ലഭിക്കുവാൻ വേണ്ടി അവർ പ്രാർഥിക്കാറുണ്ടായിരുന്നു എന്ന് ഇമാം ഖുർത്വുബി ഈ ആയത്തുകളുടെ വിശദീകരണത്തിൽ രേഖപ്പെടുത്തുന്നത് കാണാം. ബദു അറബികളിൽ ചിലർ സമ്പത്തും ഐശ്വര്യവും സന്താനങ്ങളുമെല്ലാം ലഭിക്കാൻ വേണ്ടി അഥവാ ദുനിയാവിന്റെ വിഷയങ്ങളെ മാത്രം ചോദിച്ചുകൊണ്ട് പ്രാർഥിച്ചതിനെ വിമർശിച്ചുകൊണ്ടാണ് ” മനുഷ്യരില്‍ ചിലര്‍ പറയും; ‘ഞങ്ങളുടെ രക്ഷിതാവേ, ഇഹലോകത്ത് ഞങ്ങള്‍ക്ക് നീ (അനുഗ്രഹം) നല്‍കേണമേ’ എന്ന്. എന്നാല്‍ പരലോകത്ത് അത്തരക്കാര്‍ക്ക് ഒരു ഓഹരിയും ഉണ്ടായിരിക്കുന്നതല്ല” എന്ന് ഖുർആൻ വിമർശിക്കുന്നത് എന്നാണ് ഇബ്നു അബ്ബാസ് (റ) വിനെ പോലുള്ളവർ അഭിപ്രായപ്പെടുന്നത്. തീർച്ചയായും വിശ്വാസിയുടെ ആഗ്രഹങ്ങളും ആലോചനകളും ദുനിയാവിൽ മാത്രം പിണഞ്ഞു കിടക്കുക എന്നത് പാടുള്ളതല്ല.എന്നിട്ട് ഒരു വിശ്വാസി പ്രാർഥിക്കേണ്ട മനോഹരമായ ഒരു പ്രാർഥന അല്ലാഹു പഠിപ്പിക്കുന്നു. ആ പ്രാർഥന ത്വവാഫിൻ്റെ വേളയിൽ റുക്നുൽ യമാനിക്കും ഹജറുൽ അസ്‌വദിനുമിടയിൽ ഓരോ ഹാജിയും മനമുരുകി പ്രാർഥിച്ചതുമാണ് “ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ക്ക് ഇഹലോകത്ത് നീ നല്ലത് തരേണമേ; പരലോകത്തും നീ നല്ലത് തരേണമേ” എന്നതാണ് ആ പ്രാർഥന. ഈ പ്രാർഥനയുടെ ആശയം എത്ര മനോഹരമാണ്!. ദുനിയാവിൽ നന്മ ലഭിക്കുന്നതോടൊപ്പം പരലോകത്തും ലഭിക്കണം എന്നാണ് ആവശ്യപ്പെടുന്നത്. ആരോഗ്യവും, സമ്പത്തും, സദ്‌വൃത്തയായ ഇണയും, വീടും, ജോലിയും, വാഹനവും, വിദ്യാഭ്യാസവുമെല്ലാം ദുനിയാവിന്റെ നന്മയിൽ പെട്ടത് തന്നെയാണല്ലോ, അത് ലഭിക്കണമെന്ന തേട്ടം ഈ പ്രാർഥന ഉൾക്കൊള്ളുന്നുണ്ട്. അതോടൊപ്പം ക്വബ്റിലും, മഹ്ശറിലും, വിചാരണയുടെ വേളയിലും നന്മ ലഭിക്കാനും, സ്വർഗ പ്രാപ്തിയും, നരക മോചനവുമെല്ലാം ഈ പ്രാർഥനയിൽ ഉൾചേരുന്നുണ്ട്.ഒരിക്കൽ രോഗശയ്യയിൽ കിടക്കുന്ന ഒരു സ്വഹാബിയെ പ്രവാചകൻ (സ്വ) സന്ദർശിക്കുന്ന സംഭവം ഇമാം മുസ്‌ലിം തൻ്റെ സ്വഹീഹിൽ ഇപ്രകാരം രേഖപ്പെടുത്തുന്നു. വളരെ ദുർബലമായ അവസ്ഥയിലായാണ് അദ്ദേഹത്തെ പ്രവാചകൻ (സ്വ) കാണുന്നത്. “നീ അല്ലാഹുവിനോട് സവിശേഷമായി എന്തെങ്കിലും പ്രാർഥിക്കുകയോ ചോദിക്കുകയോ ചെയ്തിരുന്നോ?” എന്ന് റസൂൽ (സ്വ) അദ്ദേഹത്തോട് ചോദിച്ചു. “അല്ലാഹുവേ പരലോകത്ത് നീ എന്നെ ശിക്ഷിക്കില്ലാ എങ്കിൽ ദുനിയാവിൽ നീ എനിക്ക് ധൃതിയിൽ ശിക്ഷ നൽകണേ” എന്ന് ഞാൻ പ്രാർഥിച്ചിട്ടുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. പ്രവാചകൻ (സ്വ) വളരെ ഗൗരവത്തോടെ അതിനെ വിലക്കുകയും “ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ക്ക് ഇഹലോകത്ത് നീ നല്ലത് തരേണമേ; പരലോകത്തും നീ നല്ലത് തരേണമേ” എന്നാണ് പ്രാർഥിക്കേണ്ടത് എന്ന് അദ്ദേഹത്തെ തിരുത്തുകയും ചെയ്യുന്നു. അഥവാ ദുനിയാവിന്റെ നന്മകൾ കുടഞ്ഞെറിയുകയോ, പരലോകം മറന്ന് ദുനിവിൽ അഭിരമിക്കുകയോ ചെയ്യരുത് എന്ന് ചുരുക്കം.ഹാജിമാർ ഒരു വലിയ ദൗത്യം പൂർത്തിയാക്കിയ ശേഷം വിശ്രമിക്കേണ്ടവരല്ല, ആരാധനയുടെ സീസണായ പവിത്രത ഏറെയുള്ള ദുൽഹിജ്ജയിലെ പത്തു ദിവസങ്ങൾ അവസാനിച്ചു എന്നത് കൊണ്ട് പ്രവർത്തനങ്ങളിൽ നിന്ന് പിന്നോക്കം പോവുക എന്നതും പാടുള്ളതല്ല. റമദാനും, ദുൽഹിജ്ജയുമെല്ലാം വിശ്വാസിയെ ശേഷമുള്ള ദിനങ്ങളിൽ ആത്മീയ രംഗത്ത് കൂടുതൽ സജീവമാക്കുകയാണ് ചെയ്യേണ്ടത്. മരണത്തോടെ മാത്രമാണ് കർമ്മങ്ങൾക്ക് ഫുൾ സ്റ്റോപ്പ് വീഴേണ്ടത്. അപ്പോഴും അദ്ധ്വാനത്തിന്റെ വിയർപ്പ് തുള്ളികൾ നെറ്റിയിൽ ബാക്കിവെക്കാനാവണം. “ആകയാല്‍ നിനക്ക് ഒഴിവ് കിട്ടിയാല്‍ നീ (ഇബാദത്തിൽ) അധ്വാനിക്കുക. നിന്‍റെ രക്ഷിതാവിലേക്ക് തന്നെ നിന്‍റെ ആഗ്രഹം നീ സമര്‍പ്പിക്കുകയും ചെയ്യുക”. [അശ്ശർഹ്: 7,8] ഹജ്ജിൽ നിന്നും ദുൽഹിജ്ജയുടെ ആദ്യ ദിനങ്ങളിൽ നിന്നും ലഭിച്ച ആത്മീയമായ ആവേശം മരണം വരെയും കെടാതെ സൂക്ഷിക്കാൻ നാഥൻ തുണക്കട്ടെ.