Logo

 

ഹനീഫുകൾ തിരഞ്ഞത്‌ അബ്രഹാമിക പാതയല്ലേ?

5 September 2020 | Study

By

മുഹമ്മദ്‌ നബി (സ): വിമർശനങ്ങൾക്ക്‌ മറുപടി – 3

? “ബഹുദൈവാരാധന അബ്രഹാമും ഇശ്മയേലും അങ്ങേയറ്റം വെറുത്തിരുന്ന കടുത്ത പാപമാണെന്നും കഅ്ബയുടെ പരിപാലകരായ അറബികൾക്കു മുന്നിലെ ആത്മീയമായ രക്ഷാമാർഗം‌ സംശുദ്ധമായ ഏകദൈവാരാധനയിലേക്ക്‌ മടങ്ങി അബ്രഹാമിക വിശ്വാസ പൈതൃകം വീണ്ടെടുക്കലാണെന്നും മനസ്സിലാക്കി വിഗ്രഹാരാധനയിൽ നിന്ന് വിട്ടുനിന്നിരുന്ന ചില ഹിജാസുകാർ പ്രവാചകനിയോഗത്തിന്റെ കാലഘട്ടത്തില്‍ ഉണ്ടായിരുന്നുവെന്നും അവരാണ് ഹനീഫുകള്‍ എന്നറിയപ്പെട്ടതെന്നും ഉള്ള മുസ്‌ലിം ചരിത്രകാരന്‍മാരുടെ വാദം അടിസ്ഥാനരഹിതമാണ്. ഹനീഫുകള്‍ എന്ന പേരില്‍ ജാഹിലിയ്യ അറബികള്‍ക്കിടയില്‍ ജീവിച്ചിരുന്നവരൊന്നും ഇങ്ങനെ അബ്രഹാമിക പൂർവ്വപാത അവകാശപ്പെട്ടവർ ആയിരുന്നില്ലെന്ന് അവരെക്കുറിച്ചുള്ള നിവേദനങ്ങളില്‍ നിന്ന് സ്പഷ്ടമാണ്.” – മക്കയുടെ അബ്രഹാമിക പാരമ്പര്യത്തെ നിഷേധിക്കുന്ന ഓറിയന്റലിസ്റ്റ്/മിഷനറി രചനകളില്‍ സര്‍വസാധാരണമായ ഈ വാദങ്ങള്‍ ഹനീഫിയ്യത്തിനെ സംബന്ധിച്ച മുസ്‌ലിം ആഖ്യാനത്തെ പുനപരിശോധിക്കാന്‍ പ്രേരിപ്പിക്കുന്നവയല്ലേ?

– അല്ല. മക്കയുടെ ഇബ്റാഹീമീ പാരമ്പര്യം മുഹമ്മദ് നബി (സ) പറഞ്ഞുണ്ടാക്കിയതാണ് എന്ന വിമര്‍ശനത്തെ എല്ലാ അര്‍ത്ഥത്തിലും കടപുഴക്കുന്നതാണ് പ്രവാചകനിയോഗത്തിനുമുമ്പേ അറേബ്യയിലുണ്ടായിരുന്ന ഹനീഫുകളുടെ സാന്നിധ്യം. അറബികള്‍ ഇബ്റാഹീമീ ഏകദൈവാരാധനയില്‍നിന്ന് വ്യതിചലിച്ചുപോയതായി മനസ്സിലാക്കുകയും ബഹുദൈവാരാധനാപരമായ അറബ് അനുഷ്ഠാനങ്ങളോട് വിരക്തി പ്രകടിപ്പിച്ച് ഇബ്റാഹീമീ മാര്‍ഗത്തിന്റെ വീണ്ടെടുപ്പ് സ്വന്തം ജീവിതത്തില്‍ ആഗ്രഹിക്കുകയും ചെയ്ത അംഗുലീപരിമിതരാണ്‌ മക്കയിലും പരിസരപ്രദേശങ്ങളിലും ഹനീഫുകള്‍ എന്നു വിളിക്കപ്പെട്ടത് എന്ന് അവരെ സംബന്ധിച്ച നിവേദനങ്ങളെല്ലാം വ്യക്തമാക്കുന്നുണ്ട്. വിഗ്രഹാരാധനയിൽ നിന്ന് പിന്തിരിഞ്ഞുകളഞ്ഞതുകൊണ്ടും അല്ലാഹുവിനു മാത്രം ആരാധനകള്‍ സമര്‍പ്പിക്കണമെന്നു വാദിച്ചിരുന്നതുകൊണ്ടും ആണ്‌ അവര്‍ ഹനീഫുകള്‍ (പദപരമായി, പിന്തിരിഞ്ഞവർ, ആരാധനയിൽ ഒരൊറ്റ ശക്തിയിലേക്ക്‌ മാത്രം ഏകാഗ്രത പുലർത്തുന്നവർ, കലർപ്പുകൾ അനുവദിക്കാത്തവര്‍, മനസ്സ്‌ ശുദ്ധമായവർ എന്നൊക്കെ അർത്ഥം) എന്നറിയപ്പെട്ടത്. ബാബിലോണിയൻ സമൂഹത്തിലും സ്വന്തം കുടുംബത്തിലും ഉണ്ടായിരുന്ന വിഗ്രഹാരാധനയോട്‌ മുഖം തിരിച്ച്‌ പ്രപഞ്ചനാഥനെ മാത്രം ഋജുമാനസ്കനായി ആരാധിക്കുന്നതിൽ നിശ്ചയദാർഢ്യത്തോടെ നിലയുറപ്പിച്ചതിനാൽ ഇബ്‌റാഹീം പ്രവാചകൻ വിശേഷിപ്പിക്കപ്പെട്ടിരുന്നത്‌ ‘ഹനീഫ്‌’ എന്നായിരുന്നു.1 അതിനെ അനുസ്മരിച്ചുകൊണ്ടാണ്‌ ഹിജാസിലെ പരാമൃഷ്ട ഏകദൈവാരാധകർ ആ പേര്‌ തെരഞ്ഞെടുത്തത്‌.

മുഹമ്മദ്‌ നബി (സ)യുടെ പിതൃവ്യന്മാരിൽ ഒരാളായിരുന്ന അസ്സുബയ്‌ർ ഇബ്നു അബ്ദിൽ മുത്വലിബ്‌ ഒരു ഹനീഫ്‌ ആയിരുന്നുവെന്ന് പല ചരിത്രഗ്രന്ഥങ്ങളിലും കാണാം. ജനിക്കുന്നതിനുമുമ്പേ പിതാവും ആറാം വയസ്സിൽ ഉമ്മയും എട്ടാം വയസ്സിൽ വല്ല്യുപ്പയും മരണപ്പെട്ട മുഹമ്മദ്‌ നബി (സ)യെ ബാല്യകാലത്ത്‌ സംരക്ഷിച്ച ബന്ധുക്കളിൽ ഒരാളായി ചില ചരിത്രകാരന്മാർ കരുതുന്ന അസ്സുബയ്‌ർ, പ്രവാചകത്വത്തിനുമുമ്പ്‌ തന്നെ മരണപ്പെട്ടുപോയ ആളാണ്‌.2 പ്രവാചകന്റെ (സ) പത്‌നി ഖദീജ ബിൻത്‌ ഖുവയ്‌ലിദിന്റെ (റ) പിതൃവ്യപുത്രനും നബി (സ)ക്ക്‌ ദിവ്യബോധനങ്ങൾ ലഭിച്ചുതുടങ്ങുമ്പോൾ പ്രായാധിക്യം കൊണ്ട്‌ അന്ധനും ആരോഗ്യപരമായി പരവശനും ആയിരുന്ന വറക്വത്‌ ഇബ്നു നൗഫൽ (റ), എത്രയോ വർഷങ്ങളായി മക്കയിൽ ഹനീഫ്‌ ആയി ജീവിച്ചുകൊണ്ടിരുന്ന വ്യക്തിയായിരുന്നു. യഹൂദ-ക്രൈസ്തവ മതഗ്രന്ഥങ്ങളിലുള്ള പാണ്ഡിത്യത്തിന്റെ ഗരിമ കൂടിയുണ്ടായിരുന്ന അദ്ദേഹത്തിന്‌, പ്രവാചകത്വം ഉണ്ടായ ഉടൻ നബി(സ)യിൽ വിശ്വസിച്ച്‌ മുസ്‌ലിം ആയിത്തീർന്നെങ്കിലും പ്രവാചകനോടൊപ്പം ഏറെക്കാലം തുടർന്ന് ജീവിക്കാൻ ആയുസ്സുണ്ടായില്ല. നബി (സ)യുടെ പിതൃസഹോദരി ഉമയ്മ ബിൻത്‌ അബ്ദുൽ മുത്വലിബിന്റെ മകനും പിൽകാലത്ത്‌ പ്രവാചകപത്‌നിയായിത്തീർന്ന സയ്‌നബ്‌ ബിൻത്‌ ജഹ്‌ശിന്റെ സഹോദരനും പ്രവാചകന്റെ മറ്റൊരു ഭാര്യയായിരുന്ന ഉമ്മു ഹബീബ ബിൻത്‌ അബീ സുഫ്‌യാന്റെ (റ) ആദ്യ ഭർത്താവും ആയിരുന്ന ഉബയ്ദുല്ലാഹ്‌ ഇബ്നു ജഹ്‌ശ്‌, മക്കയിലെ പ്രവാചകത്വപൂർവ ഹനീഫുകളിൽ പ്രമുഖനായിരുന്നു. അദ്ദേഹം നബി(സ) പ്രബോധനം ആരംഭിച്ചപ്പോൾ ഇസ്‌ലാം സ്വീകരിക്കുകയുണ്ടായി.3

മക്കന്‍ മുഖ്യധാരയോട് കലഹിച്ച് ഇബ്റാഹീമീ സരണിയോട് വിഗ്രഹാരാധനയും മറ്റു പിൽകാല അറബ് അനാചാരങ്ങളും ഒത്തുപോവുകയില്ലെന്ന് ഒറ്റയാനായി പ്രഖ്യാപിച്ച് നാട്ടുകാരുടെ മർദനങ്ങളടക്കം ഏറ്റുവാങ്ങിയ സയ്ദ്ബ്നു അംറുബ്നു നുഫയ്ല്‍ ആണ് ചരിത്രത്തിലെ ഏറ്റവും പ്രഖ്യാതനായ ഹനീഫ്. പ്രസിദ്ധനായ ഉമർ ഇബ്നുൽ ഖത്താബിന്റെ (റ) പിതൃസഹോദരപുത്രനായിരുന്നു സയ്ദ്‌.4 മുഹമ്മദ് നബി(സ)യുടെ സമകാലീനനായിരുന്നെങ്കിലും അദ്ദേഹത്തിന്റെ പ്രവാചകത്വത്തിനുമുമ്പ് മരണപ്പെട്ടുപോയ വ്യക്തിയായിരുന്നു സയ്ദ് എന്നാണ് മനസ്സിലാകുന്നത്.5 മക്കന്‍ വിഗ്രഹാരാധന ശരിയല്ലെന്ന് മനസ്സിലാക്കി ശരിയായ ദൈവികപാത തേടി സിറിയയിലേക്കടക്കം യാത്ര പോയ സയ്ദിന് ജൂത, ക്രൈസ്തവ പണ്ഡിതരടക്കം ഉപദേശിച്ചുകൊടുത്തത് ഇബ്റാഹീമീ ഹനീഫിയ്യത്തായിരുന്നുവെന്ന് സ്വഹീഹുല്‍ ബുഖാരിയിലെ തീര്‍ത്തും പ്രബലമായ നിവേദനത്തിലുണ്ട്. സിറിയയില്‍ നിന്നു മടങ്ങിയപ്പോള്‍ അദ്ദേഹം കൈകളുയര്‍ത്തി “എന്റെ രക്ഷിതാവേ, ഞാന്‍ ഇബ്റാഹീമിന്റെ മതത്തിലാണെന്നതിന് നീ സാക്ഷ്യം വഹിച്ചുകൊള്ളുക” എന്ന് പ്രഖ്യാപിച്ചതായും ആ റിപ്പോർട്ടിൽ കാണാം.6 താന്‍ അല്ലാഹുവിനെ മാത്രമേ ആരാധിക്കുകയുള്ളൂവെന്നും അതാണ് ഇബ്റാഹീമിന്റെ ശരിയായ മതം എന്നും താനാണ് അതില്‍ നിലനില്‍ക്കുന്നതെന്നും ഇബ്റാഹീമിന്റെ പൈതൃകം അവകാശപ്പെടുമ്പോഴും മറ്റു മക്കക്കാര്‍ അദ്ദേഹത്തിന്റെ മതത്തില്‍നിന്നും വ്യതിചലിച്ചുപോയിരിക്കുന്നുവെന്നും വ്യക്തമാക്കിക്കൊണ്ട് സയ്ദ്ബ്നു അംറ് കഅ്ബയുടെ ചാരത്തുനിന്ന് “ഖുറയ്ശികളേ, സയ്ദിന്റെ ആത്മാവ് ആരുടെ കയ്യിലാണോ, അവനാണ് (അല്ലാഹു) സത്യം; നിങ്ങളിലൊരാളുമല്ല, മറിച്ച് ഞാനാണ് ഇബ്റാഹീമിന്റെ മതത്തിലുള്ളത്” (മാ അസ്ബ്ഹ മിന്‍കും അഹദുന്‍ അലാ ദീനിഇബ്റാഹീമ ഗ്വയ്‌രീ) എന്നു പ്രഖ്യാപിച്ചത് ഇബ്നു ഇസ്ഹാക്വിന്റെ സീറയിലുണ്ട്.7 ഇതേ സംഭവം, ഹദീഥിലും ഉദ്ധരിക്കപ്പെട്ടത്‌ കാണാം.8 താന്‍ ഇബ്റാഹീമിന്റെ മാര്‍ഗം തെരഞ്ഞെടുക്കുന്നു എന്ന് സയ്ദ് പറയുന്നത് ആ മാര്‍ഗം മക്കക്കാര്‍ നേരത്തെ അവകാശപ്പെട്ടുകൊണ്ടിരുന്നതാണ് എന്ന അവബോധത്തോടെയാണ് എന്ന് അദ്ദേഹത്തിന്റെ വാക്കുകള്‍ സുതരാം വ്യക്തമാക്കുന്നുണ്ട്. ഹനീഫിയ്യാ ഏകദൈവാരാധനാനിഷ്ഠ സ്വീകരിച്ചതിന്റെ ഫലമായി, അദ്ദേഹം വിഗ്രഹാരാധനയും വിഗ്രഹങ്ങള്‍ക്ക് നിവേദിക്കപ്പെട്ട ഭക്ഷണം കഴിക്കുന്നതും പൂര്‍ണമായി ഉപേക്ഷിച്ചുവെന്നും ഇബ്നു ഇസ്ഹാക്വ് രേഖപ്പെടുത്തുന്നു.9 സയ്ദ്‌ വിഗ്രഹങ്ങൾക്കുള്ള നിവേദ്യങ്ങൾ ആഹരിക്കാൻ വിസമ്മതിക്കുന്നതിന്‌‌ മുഹമ്മദ്‌ നബി (സ) തന്നെ സാക്ഷിയായതിനെക്കുറിച്ച്‌ ഹദീഥുകളിൽ ഉണ്ട്‌.10

മദീനയില്‍ പ്രവാചകാഗമനത്തിനു മുമ്പുതന്നെ ഹനീഫ് ആയി ജീവിച്ചിരുന്ന ബനൂ അദിയ്യ് ഗോത്രക്കാരന്‍ അബൂ ക്വയ്സ് ബിന്‍ അബൂ അനസിന്റെയും കഥ ഏതാണ്ട് സമാനം തന്നെയാണ്. വിഗ്രഹങ്ങളുപേക്ഷിക്കുകയും ജൂതനോ ക്രൈസ്തവനോ ആകുന്നതിനുപകരം ശുദ്ധമായ ഇബ്റാഹീമീ സരണി പുല്‍കുന്നുവെന്ന് പ്രഖ്യാപിക്കുകയും ചെയ്ത അദ്ദേഹം “ഞാന്‍ ഇബ്റാഹീമിന്റെ നാഥനെയാണ് ആരാധിക്കുന്നത്” എന്ന് വിശദീകരിച്ച് അല്ലാഹുവിനെ മാത്രം വിളിച്ചുപ്രാർത്ഥിക്കുവാൻ സൗകര്യമുള്ള ഒരു ആരാധനാലയം പണിതതായി ഇബ്നു ഇസ്ഹാക്വില്‍ തന്നെയുണ്ട്. ഇദ്ദേഹം നബി (സ) മദീനയിലെത്തിയപ്പോള്‍ ഇസ്‌ലാം സ്വീകരിച്ചു.11

സയ്ദിനെയും അബൂ ക്വയ്സിനെയും സംബന്ധിച്ചുള്ള നിവേദനങ്ങള്‍ വ്യക്തമാക്കുന്ന ഒരു കാര്യം, ഇബ്റാഹീം നബി(അ)യും ഇസ്മാഈല്‍ നബി(അ)യും പഠിപ്പിച്ചിരുന്നത് ശുദ്ധ ഏകദൈവാരാധനയാണെന്നും എന്നാല്‍ അറബികള്‍ അവരുടെ മാര്‍ഗത്തില്‍നിന്ന് വ്യതിചലിച്ച് വിഗ്രഹാരാധനയിലും അധാര്‍മികതകളിലും എത്തിപ്പെട്ടു എന്നുമുള്ള അടിസ്ഥാന ബോധ്യങ്ങളാണ് അവര്‍ക്കുണ്ടായിരുന്നത് എന്നാണ്. ഇബ്റാഹീമീ സരണിക്ക് നിരക്കുന്നതല്ലെന്ന് തങ്ങള്‍ക്ക് ബോധ്യം വന്ന തിന്മകളില്‍ നിന്ന് വിട്ടുനില്‍ക്കുകയും സാധ്യമാകുന്ന തരത്തില്‍ ഏകദൈവാരാധന നിര്‍വഹിക്കുകയും ചെയ്ത് മനസ്സാക്ഷിയെ തൃപ്തിപ്പെടുത്താന്‍ ശ്രമിച്ചവരായിരുന്നു അവര്‍. അതല്ലാതെ, അല്ലാഹുവിനുവേണ്ടി നിര്‍വഹിക്കേണ്ടുന്ന ആരാധനകളുടെ വിശദമായ കര്‍മശാസ്ത്രത്തെക്കുറിച്ചോ അനുഷ്ഠിക്കേണ്ട സല്‍പ്രവര്‍ത്തനങ്ങളെക്കുറിച്ചോ ജീവിതവിശുദ്ധി നിലനിര്‍ത്താന്‍ ഉപേക്ഷിക്കേണ്ട തിന്മകളെക്കുറിച്ചോ കൃത്യവും സമഗ്രവുമായ ധാരണകളൊന്നും അവര്‍ക്കുണ്ടായിരുന്നില്ല. വഹ്‌യ്‌ ലഭിക്കുന്ന ഒരു പ്രവാചകന്റെ അസാന്നിധ്യമായിരുന്നു ഈ പ്രതിസന്ധിക്കു കാരണം. അബൂ ക്വയ്സും സയ്ദും ആര്‍ത്തവകാരികളുമായുള്ള ലൈംഗിക ബന്ധത്തില്‍നിന്ന് വിട്ടുനിന്നതും സയ്ദ് ശവവും രക്തവും ഭക്ഷിക്കുന്നത് ഒഴിവാക്കിയതും മക്കയിലെ ചില ഗോത്രക്കാർ ചെറിയ പെണ്‍മക്കളെ ജീവനോടെ കുഴിച്ചുമൂടിയിരുന്നതിനെ എതിര്‍ത്തതുമെല്ലാം ഇബ്നു ഇസ്ഹാക്വ് വിവരിക്കുന്നുണ്ട്. സയ്ദ്‌, പെൺകുട്ടികളെ കുഴിച്ചുമൂടാൻ ഒരുങ്ങിയ രക്ഷിതാക്കളെ തടയുകയും അവരിൽ നിന്ന് ആ പെൺമക്കളെ ഏറ്റെടുത്ത്‌ സ്വന്തം വീട്ടിൽ സ്വന്തം ചെലവിൽ അവരെ സംരക്ഷിക്കുകയും ചെയ്തതിനെക്കുറിച്ചുള്ള വൃത്താന്തങ്ങൾ ഹദീഥുകളിൽ കാണാം.12 ഇവയെല്ലാം അവരുടെ അന്വേഷണങ്ങളില്‍ നിന്ന് അവരെത്തിപ്പെട്ട ധാര്‍മിക നിലപാടുകളായിരുന്നു. കുറേക്കൂടി നിഷ്കൃഷ്ടമായ മാര്‍ഗദര്‍ശനത്തിനുവേണ്ടി അവര്‍ ദാഹിച്ചിരുന്നുവെന്ന് സയ്ദ്ബ്നു അംറിന്റെ വാക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. അദ്ദേഹം പറഞ്ഞു: “എന്‍റെ രക്ഷിതാവേ, നിന്നെ ആരാധിക്കാനുള്ള കൂടുതല്‍ നല്ല മാര്‍ഗങ്ങള്‍ അറിയുമായിരുന്നുവെങ്കില്‍ ഞാനത് സ്വീകരിക്കുമായിരുന്നു; പക്ഷേ എന്തു ചെയ്യാം, എനിക്കതറിയില്ല!” തുടര്‍ന്ന് കഅ്ബക്കുനേരെ തിരിഞ്ഞ് അല്ലാഹുവിനു സുജൂദ് ചെയ്ത് അദ്ദേഹം വാക്കുകള്‍ ഇങ്ങനെ മുഴുമിപ്പിച്ചു: “എന്റെ നാഥന്‍ ഇബ്റാഹീമിന്റെ നാഥനാണ്, എന്റെ മതം ഇബ്റാഹീമിന്റെ മതവുമാണ്.”13

മക്കയിലെയും മദീനയിലെയും, ഹനീഫുകളായി അറിയപ്പെട്ടിരുന്ന ചില വ്യക്തികള്‍ നബി(സ)യുടെ പ്രവാചകത്വം അംഗീകരിക്കുവാന്‍ വിസമ്മതിക്കുകയും അദ്ദേഹത്തോട് ആശയപരമായ വിയോജിപ്പുകള്‍ രേഖപ്പെടുത്തുകയും ചെയ്തതായി പറയുന്ന ചില നിവേദനങ്ങളുടെ അടിസ്ഥാനത്തിലാണ്, വിമര്‍ശകര്‍ ഹനീഫുകള്‍ ഇബ്റാഹീമീ മാര്‍ഗത്തിന്റെ പുനരുജ്ജീവനത്തിന് ശ്രമിച്ചവരല്ലായിരുന്നു എന്ന് സ്ഥാപിക്കുവാന്‍ ശ്രമിക്കുന്നത്. അവര്‍ക്കുള്ള മറുപടി സയ്ദിന്റെ വാക്കുകളില്‍ തന്നെയുണ്ട് എന്നുള്ളതാണ് വാസ്തവം. ഇബ്റാഹീമീ ഏകദൈവാരാധനയുടെ അടിസ്ഥാനമൂല്യങ്ങള്‍ ഉള്‍ക്കൊണ്ടിരുന്നവരെല്ലാം അറേബ്യയില്‍ ഹനീഫുകളായാണ് അറിയപ്പെട്ടിരുന്നത്. അവരില്‍ നബി(സ) കടന്നുവന്നപ്പോൾ അദ്ദേഹത്തിന്റെ പ്രവാചകത്വം അംഗീകരിച്ചവരും നിഷേധിച്ചവരുമുണ്ടാകാം, പ്രവാചകന്‍ സ) പ്രബോധനം ചെയ്ത ധാര്‍മിക പദ്ധതിയുടെ വിശദാംശങ്ങളോട് യോജിച്ചവരും വിയോജിച്ചവരുമുണ്ടാകാം, ഏകദൈവാരാധന മനസ്സിലുള്‍ക്കൊണ്ടാല്‍ മതിയെന്നും നബി (സ) ചെയ്യുന്നതുപോലെ സമൂഹത്തില്‍ അത് വ്യാപകമായി പ്രചരിപ്പിക്കേണ്ടതില്ലെന്നും കരുതിയ ആദര്‍ശ പ്രതിബദ്ധത കുറഞ്ഞ വ്യക്തികളുമുണ്ടാകാം. ഹനീഫുകള്‍ ആരാണെന്ന് മനസ്സിലാക്കിയവര്‍ക്ക് ചരിത്രപരമായി ഇവയിലൊന്നും യാതൊരു അസാംഗത്യവും അനുഭവപ്പെടുകയില്ല. ഏകശിലാത്മകമായ ഒരുസമൂഹമായിരുന്നില്ല ഹനീഫുകളുടേത്; മറിച്ച് ഇബ്റാഹീമീ ഏകദൈവാരാധനയെക്കുറിച്ച് നിശ്ചയവും വ്യക്തതയുമുണ്ടായിരുന്ന, എന്നാല്‍ അനുബന്ധങ്ങളില്‍ ആശയക്കുഴപ്പങ്ങളും അഭിപ്രായാന്തരങ്ങളുമുണ്ടായിരുന്ന ഒറ്റയും തെറ്റയുമായ വ്യക്തിത്വങ്ങളാണ്. അതുകൊണ്ടുതന്നെ വിമര്‍ശകര്‍ എടുത്തുദ്ധരിക്കുന്ന നിവേദനങ്ങള്‍ നിദാനശാസ്ത്രപരമായി ആധികാരികമാണെങ്കിലും അല്ലെങ്കിലും, അവരുടെ വാദം സ്ഥാപിക്കുവാന്‍ പര്യാപ്തമായവയല്ല എന്നതാണ് വാസ്തവം. ചില ഹനീഫുകള്‍ പ്രവാചകന്റെ കൂടെ നിന്നില്ല എന്നുമാത്രമാണ് പരാമൃഷ്ട നിവേദനങ്ങള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഇബ്റാഹീം നബി(അ)യുടെ ആശയങ്ങളിലേക്ക് മടങ്ങിപ്പോകണമെന്നകാര്യത്തില്‍ അവര്‍ക്ക് നബി(സ)യുമായി യാതൊരു അഭിപ്രായവ്യത്യാസവുമുണ്ടായിരുന്നില്ല എന്ന് അതേ നിവേദനങ്ങള്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. മക്കയില്‍ പൂര്‍വപിതാക്കളായ ഇബ്റാഹീമിനെയും ഇസ്മാഈലിനെയും കുറിച്ചുള്ള ബോധ്യവും അവരുടെ ചര്യകള്‍ മുറുകെപ്പിടിക്കണമെന്ന വികാരവും പ്രവാചകന്‍(സ) പുതുതായി സൃഷ്ടിച്ചെടുത്തതല്ലെന്ന് എല്ലാ അര്‍ത്ഥത്തിലും സ്ഥാപിക്കുന്നവയാണ് ആ ഉദ്ധരണികള്‍. ഹനീഫുകള്‍ എന്നാല്‍ മുഹമ്മദീയ ഇസ്‌ലാമിന്റെ എല്ലാ ആശയങ്ങളും അംഗീകരിച്ചവരായിരുന്നു എന്ന് മുസ്‌ലിംകൾ വാദിക്കുന്നതായി തെറ്റിദ്ധരിപ്പിച്ചുകൊണ്ടാണ് വിമര്‍ശകര്‍ അവയുടെ വിശകലനം നിര്‍വഹിക്കുന്നത്. ഈ തെറ്റിദ്ധാരണയില്‍ നിന്ന് മോചിതരായാല്‍ വിമര്‍ശകര്‍ സ്വന്തം അടിസ്ഥാനങ്ങളെയാണ് തകര്‍ത്തുകളയുന്നത് എന്ന് ആര്‍ക്കും ബോധ്യമാകും.

മദീനയിലെ ഔസ് ഗോത്രത്തിന്റെ നേതാക്കളിലൊരാളായിരുന്ന അബൂ ആമിര്‍ അംറുബ്നു സയ്ഫും ഔസ് ഗോത്രക്കാരന്‍ തന്നെയായിരുന്ന കവി അബൂ ക്വയ്സ് ബിന്‍ അൽ അസ്‌ലതും ത്വാഇഫുകാരനായ ഉമയ്യത്‌ ഇബ്നു അബിസ്സ്വൽതും ആണ്‌ ഹനീഫുകളായി അറിയപ്പെട്ടിരുന്ന, ഇസ്‌ലാം സ്വീകരിച്ചില്ലെന്ന് ചില നിവേദനങ്ങള്‍ പറയുന്ന വ്യക്തികള്‍. അബൂ ആമിറും നബി(സ)യും തമ്മില്‍ മദീനയില്‍വെച്ച് നേരില്‍ കണ്ടുമുട്ടിയപ്പോള്‍ അവര്‍ തമ്മില്‍ നടന്ന സംഭാഷണം ഇബ്നു ഇസ്ഹാക്വിന്റെ, വിമര്‍ശകര്‍ ആശ്രയിക്കുന്ന നിവേദനത്തില്‍ തന്നെയുണ്ട്. ഏതു മതവുമായാണ് പ്രവാചകന്‍ (സ) നിയോഗിക്കപ്പെട്ടതെന്ന അബൂ ആമിറിന്‍റെ ചോദ്യത്തിന് “ഹനീഫിയ്യ; ഇബ്റാഹീമിന്റെ മതം” എന്ന് നബി (സ) മറുപടി പറഞ്ഞപ്പോള്‍ താനും ആ മതത്തില്‍ തന്നെയാണ് എന്നായിരുന്നു അബൂ ആമിറിന്റെ പ്രത്യുത്തരം. അബൂ ആമിര്‍ ഇബ്റാഹീമിന്റെ മതം ശരിയായി പിന്തുടരുന്നില്ലെന്ന് പറഞ്ഞ പ്രവാചകന്‍(സ)യോട് അദ്ദേഹം പറഞ്ഞത്, “ഹനീഫിയ്യത്തില്‍ ഇല്ലാത്ത പലതും, മുഹമ്മദ്, താങ്കള്‍ അതില്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നു” (ഇന്നക അദ്ഖല്‍ത, യാ മുഹമ്മദ്, ഫില്‍ ഹനീഫിയ്യ മാ ലയ്സ മിന്‍ഹാ) എന്നായിരുന്നുവെന്നും ഇബ്റാഹീമിന്റെ മതത്തെ അതിന്റെ ശുദ്ധതയില്‍ അപ്പടി പ്രബോധനം ചെയ്യുക മാത്രമാണ് താന്‍ ചെയ്യുന്നതെന്ന് നബി (സ) ഇതിനോട് പ്രതിവചിച്ചുവെന്നും ഇബ്നു ഇസ്ഹാക്വ് രേഖപ്പെടുത്തുന്നു.14 ഇബ്റാഹീമീ സരണി പിന്തുടരുന്നുവെന്ന് അവകാശപ്പെട്ടതിനാല്‍ തന്നെയാണ് അബൂ ആമിര്‍ ഹനീഫ് ആയി അറയപ്പെട്ടതെന്നും ഇബ്റാഹീമിന്റെ മാര്‍ഗത്തിന്റെ വിശദാംശങ്ങളില്‍ എന്തെല്ലാം വരുമെന്ന കാര്യത്തിലാണ് അദ്ദേഹത്തിന് പ്രവാചകനുമായി അഭിപ്രായവ്യത്യാസമുണ്ടായതെന്നും നിവേദനത്തില്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്ന സംവാദത്തില്‍ നിന്ന് വ്യക്തമാണ്. അറേബ്യയില്‍ പ്രവാചകനുമുമ്പേ ഇബ്റാഹീമീ വികാരങ്ങള്‍ നിലനിന്നിരുന്നുവെന്നതിന്റെ സൂചകമാണ് ഫനീഫുകള്‍ എന്ന നിരീക്ഷണത്തെ ഈ നിവേദനം എങ്ങനെ തകര്‍ക്കുമെന്നാണ് വിമര്‍ശകര്‍ പറയുന്നത്? ഇബ്‌റാഹീമീ ഹനീഫിയ്യത്തിനെക്കുറിച്ച ചില സ്വന്തം ധാരണകളെ അല്ലാഹുവിന്റെ പ്രവാചകൻ (സ) ദിവ്യബോധനങ്ങളുടെ അടിസ്ഥാനത്തിൽ പറഞ്ഞുകൊടുത്ത പുതിയ വിവരങ്ങൾ കൂടി കൂട്ടിച്ചേർത്ത്‌ വിപുലീകരിക്കുവാനുള്ള വിനയം ഇല്ലാതെ പോയതിനാൽ അബൂ ആമിറിന്, തന്റെ പല സമകാലികരേക്കാളും മുന്നേ‌ സത്യത്തിന്റെ വക്കോളമെത്തിയിട്ടും, ഹിദായത്ത്‌ നഷ്ടപ്പെട്ടു എന്നു മാത്രമാണ്‌ ഈ നിവേദനം പ്രബലമാണെങ്കിൽ സ്ഥാപിക്കപ്പെടുക.

രണ്ടാമത്തെയാളായ അബൂ ക്വയ്സ് ബിന്‍ അൽ അസ്‌ലത്‌, “ഞാന്‍ ഇബ്റാഹീമിന്റെ മതം പിന്തുടരുന്നു; മരണം വരെ ഞാനതില്‍ നിന്ന് പിന്‍മാറുകയില്ല” എന്ന് പ്രസ്താവിക്കുമായിരുന്നുവെന്ന് ഓറിയന്റലിസ്റ്റുകള്‍ ആശ്രയിക്കുന്ന ഇബ്നു സഅദിന്റെ നിവേദനത്തില്‍ തന്നെയുണ്ട്. ഇബ്നു സഅദ്‌ വിവരിക്കുന്നത്‌ പ്രകാരം, മുഹമ്മദ്‌ നബി (സ)യുമായുള്ള കൂടിക്കാഴ്ചയോടെ ഇസ്‌ലാം ആണ് താൻ അന്വേഷിച്ചുകൊണ്ടിരുന്ന‌ ശരിയായ ദൈവിക പാതയുടെ പൂർണ്ണത എന്ന് അബൂ ക്വയ്സിന്‌‌ ബോധ്യമായിരുന്നു. ഇസ്‌ലാം സ്വീകരിക്കാൻ തീരുമാനിച്ചുകൊണ്ടാണ്‌ അദ്ദേഹം നബി(സ)യുടെ അടുക്കൽ നിന്ന് മടങ്ങിയത്‌. എന്നാൽ വഴിയിൽ വെച്ച്‌ നബി(സ)യുടെ വിരോധിയും മദീനയിലെ കപട വിശ്വാസികളുടെ നേതാവുമായിരുന്ന അബ്ദുല്ലാഹ്‌ ഇബ്നു ഉബയ്യ്‌ ഇബ്നു സുലൂലിനെ കാണുകയും അയാളുടെ ദുർബോധനങ്ങൾക്ക്‌ വശംവദനായി ഇസ്‌ലാം ആശ്ലേഷം ഒരു വർഷത്തിനുശേഷമാക്കാം എന്ന് തീരുമാനിക്കുകയുമായിരുന്നു. എന്നാൽ ആ ഒരു വർഷത്തിനുള്ളിൽ അബൂ ക്വയ്‌സ്‌ മരണപ്പെടുകയാണുണ്ടായത്‌.15 അദ്ദേഹത്തിന്റെ മുസ്‌ലിം ആകാതെയുള്ള മരണത്തിൽ ഹനീഫീ അന്വേഷണങ്ങളുടെ അബ്രഹാമികപരത നിഷേധിക്കുവാനുതകുന്ന യാതൊന്നും തന്നെയില്ല. ചില ഹനീഫുകൾക്ക്‌, പ്രവാചകന്റെ ശത്രുക്കളുടെ ഉപജാപങ്ങൾക്ക്‌ വഴങ്ങിയതിനാൽ സന്മാർഗം നഷ്ടപ്പെട്ടു എന്നു മാത്രമാണ്‌ അത് തെളിയിക്കുന്നത്‌.

ഹനീഫിയ്യത്തിന് ഏകദൈവാരാധനാ നിലപാടുകളുമായി ബന്ധമുണ്ടായിരുന്നില്ലെന്ന വിമര്‍ശകവാദത്തെ എല്ലാ അര്‍ത്ഥത്തിലും പൊളിച്ചുകളയുന്നതാണ് ഉമയ്യയെക്കുറിച്ചുള്ള നിവേദനങ്ങളെല്ലാം. അദ്ദേഹം വിഗ്രഹാരാധനയില്‍ നിന്ന് വിട്ടുനില്‍ക്കുകയും അതിന്റെ പേരില്‍ ജൂതനായിപ്പോലും വിചാരിക്കപ്പെടുകയും ചെയ്ത, ഇബ്റാഹീമിന്റെയും ഇസ്മാഈലിന്റെയും യഥാര്‍ത്ഥ പൈതൃകം ഹനീഫിയ്യത്താണെന്ന് സ്ഥാപിച്ചുകൊണ്ട് സമൃദ്ധമായി കവിതകളെഴുതിയ ആളായിരുന്നുവെന്നാണ് ചരിത്രഗ്രന്ഥങ്ങള്‍ പറയുന്നത്. അദ്ദേഹത്തിന്റെ ‘ഹനീഫീ’ കവിതകൾ അറബ് വാമൊഴി പാരമ്പര്യത്തില്‍ സജീവമായി നിലനിന്നതുകൊണ്ടുതന്നെ, ജാഹിലിയ്യാ കാലഘട്ടം മുതല്‍ ഒന്‍പതാം നൂറ്റാണ്ടുവരെയുള്ള അറബിക്കവിതകളുടെ ബൃഹദ്ശേഖരം അരനൂറ്റാണ്ടു കാലത്തെ അധ്വാനംകൊണ്ട് അബുല്‍ ഫറജ് ഇസ്ഫഹാനി സി. ഇ പത്താം നൂറ്റാണ്ടില്‍ കിതാബുൽ അഗാനീ എന്ന പേരില്‍ പ്രസിദ്ധീകരിച്ചപ്പോള്‍ അതിൽ ഇടം പിടിച്ചിട്ടുണ്ട്.16 വിമര്‍ശകര്‍ക്കാവശ്യമുള്ളതൊന്നും ഉമയ്യയെ വിശകലനം ചെയ്തതുകൊണ്ട് ലഭിക്കുകയില്ലെന്ന് ഇതില്‍ നിന്നുതന്നെ വ്യക്തമാണ്. ഉമയ്യ മരണപ്പെട്ട്‌ കുറേ കാലങ്ങൾക്കുശേഷം അദ്ദേഹത്തിന്റെ ചില ഈരടികൾ ഒരാൾ ചൊല്ലിക്കേൾപിച്ചപ്പോൾ മുഹമ്മദ്‌ നബി (അ) താൽപര്യപൂർവ്വം കേട്ടതായും കൂടുതൽ കേൾക്കാൻ ആവേശം കാണിച്ചതായും സൂചിപ്പിക്കുന്ന ഹദീഥുകൾ,17 നബി (സ) പ്രബോധനം ചെയ്ത ഇബ്‌റാഹീമീ ഏകദൈവാരാധന തന്നെയായിരുന്നു ഉമയ്യയുടെ കവിതകളിലൂടെ വിളംബരം ചെയ്യപ്പെട്ടിരുന്നത്‌ എന്ന് വ്യക്തമാക്കുന്നുണ്ട്‌. “ഉമയ്യ ഏറെക്കുറെ മുസ്‌ലിം ആയിക്കഴിഞ്ഞിരുന്നു” എന്ന് നബി (സ) അദ്ദേഹത്തെക്കുറിച്ച്‌ പറഞ്ഞതും ഹദീഥുകളിൽ കാണാം.18 പ്രവാചകൻ പ്രബോധനം ആരംഭിച്ചപ്പോൾ, താൻ മുറുകെപ്പിടിക്കാൻ ശ്രമിച്ച ഇബ്‌റാഹീമീ പാത പ്രബോധനം ചെയ്യാൻ വേണ്ടി നിയോഗിക്കപ്പെട്ട പ്രവാചകനാണ്‌ മുഹമ്മദ്‌ നബി (സ) എന്ന് ഉമയ്യക്ക്‌ ബോധ്യപ്പെട്ടിരുന്നുവെന്ന് ചുരുക്കം. ഹനീഫുകളിൽ മിക്കവരും, യഹൂദ-ക്രൈസ്തവ ഗ്രന്ഥങ്ങളുമായുള്ള പരിചയത്തിൽ നിന്ന്, പൂർവ്വിക വേദങ്ങൾ സുവിഷേമറിയിച്ചതു പ്രകാരം അബ്രഹാമിക മാർഗത്തിന്റെ പുനരുജ്ജീവനത്തിനുവേണ്ടി ഒരു പ്രവാചകൻ അറേബ്യയിൽ തങ്ങളുടെ കാലത്തു തന്നെ നിയോഗിക്കപ്പെടും എന്ന് പ്രതീക്ഷിച്ചിരുന്നവരായിരുന്നു. ഈ പ്രവാചകനായി അല്ലാഹു തെരഞ്ഞെടുക്കുക തന്നെയായിരിക്കുമെന്ന് ഉമയ്യ തന്റെ ഗോത്രമായ ഥക്വീഫുകാരോട്‌ പറഞ്ഞിരുന്നു. എന്നാൽ ഖുറയ്ശിയായ മുഹമ്മദ്‌ (സ) ആണ്‌ ആ ദൗത്യത്തിന്‌ തെരഞ്ഞെടുക്കപ്പെട്ടത്‌ എന്ന് മനസ്സിലായപ്പോൾ, അദ്ദേഹത്തെ അംഗീകരിച്ചാൽ നേരത്തെ താൻ വെച്ചുപുലർത്തിയിരുന്ന പ്രതീക്ഷകളുദ്ധരിച്ച്‌ ഥക്വീഫുകാർ തന്നെ പരിഹസിക്കുമെന്ന് ഭയന്ന് ഉമ്മയ്യ സത്യത്തോട്‌ വിമുഖനാവുകയായിരുന്നു.19 ഒരു പ്രവാചകന്റെ ആഗമനത്തെക്കുറിച്ച്‌ ചിന്തിച്ചു നടന്നവരിൽ ആരെയുമല്ല, മറിച്ച്‌ പ്രവാചകത്വം എന്ന സങ്കൽപം പോലും പരിചയമില്ലാതിരുന്ന, പൂർവ്വവേദങ്ങളിലൊന്നും പരിജ്ഞാനമില്ലാതിരുന്ന മുഹമ്മദ്‌ നബി(സ)യെയാണ്‌ അല്ലാഹു ആ മഹാദൗത്യത്തിനായി തെരഞ്ഞെടുത്തത്‌ എന്നതിൽ മനോഹരമായ കുറേ യുക്തികൾ കാണാം; ഉമയ്യയെപോലുള്ളവർക്ക്‌ ചരിത്രത്തിന്റെ ആ വഴിത്തിരിവ്‌ പഥ്യമായില്ലെങ്കിലും. “(മുഹമ്മദ്‌ പ്രബോധനം ചെയ്യുന്ന) ഹനീഫിയ്യത്ത് സത്യമാണെന്നെനിക്കറിയാം; എന്നാല്‍ മുഹമ്മദിനെ (നബിയായി തെരഞ്ഞെടുത്ത) കാര്യത്തിലാണ് എനിക്ക് ആശങ്ക തോന്നിയത്‌” എന്നാണ്, താൻ ഇസ്‌ലാം സ്വീകരിക്കാതിരുന്നതിനെക്കുറിച്ച്‌ തന്റെ മരണം അടുത്തപ്പോൾ ഉമയ്യ പറഞ്ഞതായി ഒരു നിവേദനത്തിലുള്ളത്‌.20

മുഹമ്മദ് നബി(സ)യുടെ പ്രവാചകത്വം അംഗീകരിക്കാന്‍ വിസമ്മതം കാണിച്ചുവെന്നതുകൊണ്ട് ഉമയ്യ ഇബ്റാഹീമീ ആദര്‍ശ പിന്തുടര്‍ച്ച അവകാശപ്പെട്ടിരുന്നുവെന്ന വസ്തുത എങ്ങനെയാണ് ഇല്ലാതാവുക? അറബികള്‍ക്കിടയിലുണ്ടായിരുന്ന ഇബ്റാഹീമീ ബോധത്തെ അദ്ദേഹത്തെ സംബന്ധിച്ച നിവേദനങ്ങള്‍, സാധൂകരിക്കുകയല്ലാതെ എങ്ങനെയാണ് നിരാകരിക്കുക? ഹനീഫുകളെല്ലാം അഹംബോധത്തിൽ നിന്നും ഗോത്രക്കുശുമ്പുകളിൽ നിന്നും സമ്പൂർണ്ണമായും മുക്തരായിരുന്നുവെന്നല്ല മുസ്‌ലിം ചരിത്രകാരന്മാർ പറയുന്നത്‌, മറിച്ച്‌ അവർ ഇബ്‌റാഹീമീ ഏകദൈവാരാധനയിൽ നിന്ന് അറബികൾ പിഴച്ചുപോയി എന്ന നിലപാട്‌ സ്വീകരിച്ചുവെന്ന് മാത്രമാണ്‌. ചുരുക്കത്തില്‍, ഹനീഫുകളെക്കുറിച്ചുള്ള ചരിത്ര/ഹദീഥ്‌ നിവേദനങ്ങള്‍ അവര്‍ ഇബ്റാഹീമീ ആദര്‍ശ വ്യതിരിക്തത അവകാശപ്പെട്ടിരുന്നവരല്ല എന്ന് സൂചിപ്പിക്കുന്നുവെന്ന വിമര്‍ശകരുടെ വാദം ഒരു കഴമ്പുമില്ലാത്തതാണ്.

കുറിപ്പുകൾ

  1. 1. ക്വുർആൻ 2: അൽ ബക്വറ: 135; 3: ആലു ഇംറാൻ: 67, 95; 4: അന്നിസാഅ്: 125; 16: അന്നഹ്‌ൽ: 120, 123.
  2. 2. ഇബ്നുൽ അഥീറും ബലാദുരീയുമൊക്കെ അസ്സുബയ്‌റിന്റെ ഉപലബ്ധമായ വിശദാംശങ്ങൾ ചർച്ച ചെയ്യുന്നുണ്ട്‌.
  3. 3. വറക്വയെക്കുറിച്ചും ഉബയ്ദുല്ലയെക്കുറിച്ചുമുള്ള സംക്ഷിപ്ത വിവരണത്തിന്‌ കാണുക: A. Guillaume, The Life of Muhammad – A Translation of Ibn Ishaq’s Sirat Rasul Allah (Karachi: Oxford University Press, 1955/2007), pp. 98-9. ഉബയ്ദുല്ലാഹ്‌ പിന്നീട്‌ അബ്‌സീനിയയിൽ വെച്ച്‌ ഇസ്‌ലാം മതം ഉപേക്ഷിച്ചു.
  4. 4. ഉമറിന്റെ ഭാര്യ ആതിക്വ (റ) ഈ സയ്‌ദിന്റെ പുത്രി ആയിരുന്നു. (മാലിക്‌, മുവത്ത്വഅ് – കിതാബുൽ ക്വിബ്‌ല). സയ്‌ദിന്റെ മകൻ സഈദ്‌ (റ), മുഹമ്മദ്‌ നബി (സ) സ്വർഗം കൊണ്ട്‌ സുവിശേഷമറിയിച്ച പത്ത്‌ പ്രധാന സ്വഹാബിമാരിൽ ഒരാളാണ്‌. (തിർമിദി, ജാമിഅ് – കിതാബുൽ മനാക്വിബി അൻ റസൂലില്ലാഹ്‌; ഇബ്നു മാജ, സുനൻ – കിതാബുൽ മുക്വദ്ദിമ).
  5. 5. സിറിയയിൽ നിന്ന് അറേബ്യയിലേക്കുള്ള ഒരു മടക്കയാത്രക്കിടെ ചില ശത്രുക്കൾ അദ്ദേഹത്തെ കൊന്നുകളഞ്ഞുവെന്നാണ്‌ ഇബ്നു ഇസ്‌ഹാക്വ്‌ പറയുന്നത്‌. See Guillaume, op. cit, p. 99.
  6. 6. ബുഖാരി, സ്വഹീഹ്‌ (കിതാബു മനാക്വിബിൽ അൻസ്വാർ – ബാബു ഹദീഥി സയ്ദി ബ്നി അംരി ബ്നി നുഫയ്‌ൽ).
  7. 7. Guillaume, op. cit, pp. 99-100.
  8. 8. ബുഖാരി, സ്വഹീഹ്‌ ‌ (കിതാബു മനാക്വിബിൽ അൻസ്വാർ – ബാബു ഹദീഥി സയ്ദി ബ്നി അംരി ബ്നി നുഫയ്‌ൽ).
  9. 9. Guillaume, op. cit, pp. 99-100.
  10. 10. ബുഖാരി, സ്വഹീഹ്‌ (കിതാബു മനാക്വിബിൽ അൻസ്വാർ – ബാബു ഹദീഥി സയ്ദി ബ്നി അംരി ബ്നി നുഫയ്‌ൽ).
  11. 11. Guillaume, op. cit, pp. 236-9.
  12. 12. ബുഖാരി, സ്വഹീഹ്‌ (കിതാബു മനാക്വിബിൽ അൻസ്വാർ – ബാബു ഹദീഥി സയ്ദി ബ്നി അംരി ബ്നി നുഫയ്‌ൽ).
  13. 13. Guillaume, 100. Also see Dr. Mahdi Rizqullah Ahmad, A Biography of the
    Prophet of Islam in the light of Original Sources (Riyadh: Darussalam, 2005), p. 58.
  14. 14. ഇബ്നു ഹിശാം‌, അസ്സീറതുന്നബവിയ്യ‌ (കയ്‌റോ: മക്‌തബു മുഹമ്മദിൻ‌ അലിയ്യിസ്സ്വബീഹി വ ഔലാദിഹി, 1963), vol. 2, 423.
  15. 15. മുഹമ്മദ്‌ ഇബ്നു സഅദ്‌, അത്ത്വബക്വാതുൽ കുബ്‌റാ (ബയ്‌റൂത്‌), vol. IV, pp. 383-5.
  16. 16. കിതാബുൽ അഗാനീയുടെ ഒരു ആധുനിക മുദ്രണത്തിന്‌ നോക്കാം – ബയ്‌റൂത്‌: ദാറുസ്സ്വാദിർ, 2010.
  17. 17. ഇബ്നു മാജ, സുനൻ (കിതാബുൽ അദബ്‌ – ബാബുശ്ശിഅ്ർ); അബൂ ഈസാ അത്തിർമിദി, അശ്ശമാഇലുൽ മുഹമ്മദിയ്യ (ബാബു മാ ജാഅ ഫീ സ്വിഫതി കലാമി റസൂലില്ലാഹി ഫിശ്ശിഅ്ർ).
  18. 18. ബുഖാരി, സ്വഹീഹ്‌ (കിതാബു മനാക്വിബിൽ അൻസ്വാർ – ബാബു അയ്യാമിൽ ജാഹിലിയ്യ); മുസ്‌ലിം, സ്വഹീഹ്‌ (കിതാബുശ്ശിഅ്ർ).
  19. 19. ഇബ്നു ഹജറുൽ അസ്‌ക്വലാനി, ഫത്‌ഹുൽ ബാരി ബിശർഹി സ്വഹീഹിൽ ബുഖാരി (ബുഖാരിയിലെ, കിതാബു മനാക്വിബിൽ അൻസ്വാറിലെ ബാബു അയ്യാമിൽ ജാഹിലിയ്യയിലെ ഹദീഥുകളുടെ വിശദീകരണത്തിൽ).
  20. 20. Ibid.

Tags :


mm

Musthafa Thanveer