Study

കേരള മുസ്‌ലിം ചരിത്രത്തിൽ കെ. എം. മൗലവിയുടെ ഇടം

By Admin

December 28, 2022

ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം ദശകം മുതൽ ഏതാണ്ട്‌ അഞ്ചര പതിറ്റാണ്ടോളം കാലം മലയാളി മുസ്‌ലിം സാമുദായികാന്തരീക്ഷത്തിൽ നേതൃപരമായ ദൗത്യങ്ങൾ നിർവഹിച്ച്‌ നിറഞ്ഞുനിന്ന, അസാമാന്യമായ ആഴവും പരപ്പും ജീവിതത്തിനുണ്ടായിരുന്ന, ഒരുപക്ഷേ ആധുനിക കേരളം ദർശിച്ചതിൽവച്ച്‌ ഏറ്റവും സമുന്നതനായ, ഇസ്‌ലാംമത പണ്ഡിതനാണ്‌ കെ. എം. മൗലവി. മരണപ്പെട്ട്‌ ആറു ദശാബ്ദത്തിനടുത്ത്‌ കാലമായിട്ടും മൗലവി ചവിട്ടിത്തെളിച്ച പാതകൾ മായാതെ തെളിഞ്ഞുനിൽക്കുന്നു; ആ വഴിത്താരകളിലൂടെ എല്ലാവരും മുന്നേറുന്നു. പക്ഷേ, വഴിയൊരുക്കിയ കാൽപാടുകൾ കെ. എം. മൗലവിയുടേതാണെന്ന വസ്തുത, പലപ്പോഴും വിസ്മരിക്കപ്പെടുന്നുണ്ട്‌. സ്വാധീനവും സംഭാവനകളും മരണത്തിനപ്പുറം ജീവിക്കുന്ന ആ ചരിത്രപുരുഷന്റെ ജ്ഞാന–ചിന്താ–കർമ്മ കാണ്ഡം പൊതുവായനയ്ക്കു വേണ്ട വിധത്തിൽ ലഭ്യമായിട്ടില്ല ഇതുവരെ എന്നത് ഖേദകരമാണ്. കെ. എം. മൗലവിയെ മാറ്റിവെച്ചുകൊണ്ടുള്ള കേരള മുസ്‌ലിം ചരിത്രം എന്നല്ല, കേരള ചരിത്രം തന്നെ വികലവും അപൂർണവുമായിരിക്കും. കേരള മുസ്‌ലിം നവോത്ഥാനം എന്നു വ്യവഹരിക്കപ്പെടുന്ന ചരിത്രാനുഭവത്തിന്റെ രാജശിൽപികളിൽ ഒരാൾ കെ. എം. മൗലവിയാണെന്ന കാര്യം അനിഷേധ്യമാകുന്നു. മാപ്പിള മുസ്‌ലിങ്ങളുടെ നവോത്ഥാന മുന്നേറ്റത്തിന്റെ എല്ലാ രംഗവേദികളിലും ആ ധൈഷണിക നായകത്വം പടർന്നുനിന്നു. നമ്മളെങ്ങനെ നമ്മളായെന്ന് ഓർമ്മിക്കാൻ മാത്രമല്ല, വർത്തമാനത്തിലേക്കും ഭാവിയിലേക്കും ആവശ്യമായ കുറേ വെളിച്ചങ്ങളും പ്രചോദനങ്ങളും സമാഹരിക്കാൻ കൂടി കെ. എം. മൗലവി കൂടുതലായി വായിക്കപ്പെടേണ്ടത്‌ അനിവാര്യമായിത്തീർന്നിരിക്കുന്ന ഒരു കാലസന്ധിയിലൂടെയത്രെ, കേരളമിപ്പോൾ കടന്നുപോകുന്നത്‌.

പത്തൊൻപതാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തിൽ ബ്രിട്ടീഷ് മലബാറിലെ ഏറനാട്‌ താലൂക്കിലാണ്‌‌ കെ. എം. മൗലവിയുടെ ജനനം. വിവിധ കാരണങ്ങൾകൊണ്ട് വിശ്വാസവ്യതിയാനങ്ങളും സാംസ്കാരിക ജീർണതകളും ഭൗതിക പിന്നാക്കാവസ്ഥയും മാപ്പിളമാർക്കിടയിൽ മൂർഛിച്ചുകഴിഞ്ഞിരുന്നു; പലതരം സാമൂഹിക പരിഷ്കരണ, മതനവോത്ഥാന, സാമുദായിക മുന്നേറ്റ യത്നങ്ങൾക്കു‌ കാലം കാത്തിരിക്കുകയായിരുന്നു. മക്വ്‌ദി തങ്ങൾ മിക്കവാറും ഏകാകിയായി ആ വഴികളിൽ വേഗത്തിൽ നടന്നുകൊണ്ടിരുന്ന പതിറ്റാണ്ടുകളിലാണ്‌ കെ. എം. മൗലവിയുടെ ബാല്യ–കൗമാരങ്ങൾ. തങ്ങളെയും തങ്ങളുടെ പുസ്തകങ്ങളെയും മൗലവി ശ്രദ്ധിക്കുന്നുണ്ടായിരുന്നു. എന്നാൽ രണ്ടുപേർക്കും നേർക്കുനേർ സമ്പർക്കങ്ങൾക്കൊന്നും അവസരമുണ്ടായതായി മനസ്സിലാകുന്നില്ല. ആദ്യം മൗലവി ചാലിലകത്ത്‌ കുഞ്ഞഹ്‌മദ്‌ ഹാജിയും പിന്നീട്‌ വക്കം അബ്ദുൽ ക്വാദിർ മൗലവിയും ആണ്‌ കെ. എം. മൗലവിക്ക്‌ മുഖാമുഖം ഗുരുസ്ഥാനീയരായിത്തീർന്നത്‌. നിശ്ചയമായും, ദേശീയവും അന്തർദേശീയവുമായ ചിന്താ–ആശയ സ്വാധീനങ്ങൾ അനേകമുണ്ടായിരുന്നു: ഇബ്നു തയ്മിയ്യയും ഇബ്നു അബ്ദിൽ വഹ്‌ഹാബും മുഹമ്മദ്‌ അശ്ശൗക്വാനിയും റശീദ്‌ രിദ്വായും ശകീബ്‌ അർസലാനും അബ്ദുൽ അസീസ്‌ രാജാവും ശൈഖ്‌ ഇബ്നു ബാസും മുതൽ ശാഹ്‌ ഇസ്മാഈലും സ്വിദ്ദീക്വ്‌ ഹസൻ ഖാനും അബുൽ കലാം ആസാദും വരെ ആ കൂട്ടത്തിലുണ്ട്‌. കെ. എം. മൗലവിയുടെ നേതൃത്വത്തിൽ പരിഷ്കരണ–നവോത്ഥാന മുന്നേറ്റം ഒരു കൊടുങ്കാറ്റായി മാറി. “കാതിബ്‌ മുഹമ്മദ്‌ മൗലവി’ എന്ന കെ. എം. മൗലവിയും അദ്ദേഹത്തിന്റെ സഹപ്രവർത്തകരും നടത്തിയ അത്യധ്വാനങ്ങൾ കേരള മുസ്‌ലിങ്ങളെ പല രീതികളിൽ പുതുക്കിപ്പണിതു.

ബഹുമുഖമായിരുന്നു കെ. എം. മൗലവിയുടെ നവോത്ഥാന പരിശ്രമങ്ങൾ. മതത്തെ തെറ്റായി വായിക്കുകയും തത്ഫലമായി കാലത്തോടു‌ മുഖം തിരിക്കുകയും ചെയ്ത ബഹുഭൂരിപക്ഷം വന്നിരുന്ന യാഥാസ്ഥിതിക മതപണ്ഡിതന്മാരോട്‌ കലഹിച്ച്‌ മതവിദ്യാഭ്യാസ രംഗത്ത് കാലോചിതമായ പരിഷ്കാരങ്ങൾക്കുവേണ്ടി പ്രയത്നിച്ച ചാലിലകത്ത്‌ ഹാജിയുടെ ഏറ്റവും ശക്തനായ വക്താവും സഹകാരിയുമെന്ന നിലയിലാണ്‌ കെ. എം. മൗലവി സമുദായ പുനർനിർമ്മാണ പാതയിൽ ചുവടുറപ്പിക്കുന്നത്‌. 1910–നും 1920–നും ഇടയിലാണ്‌ ഈ മേഖലയിൽ മൗലവിയുടെ ഇടപെടലുകൾ ആരംഭിച്ചത്‌‌. മലയാള ലിപി മുസ്‌ലിങ്ങൾക്കു നിഷിദ്ധമാണെന്ന അബദ്ധ ഫത്‌വായെ പ്രമാണമാക്കുന്ന ദുസ്ഥിതിയവസാനിപ്പിച്ച്‌ പള്ളിദർസുകളിൽ മലയാളം എഴുതാനും വായിക്കാനും പഠിപ്പിക്കുകയും മലയാള സാഹിത്യ–പത്ര പാരായണം ശീലിപ്പിക്കുകയും ചെയ്യണമെന്ന നിലപാടുയർത്തി അദ്ദേഹം മാറ്റത്തിന്റെ വഴിവെട്ടി. അറബി ലിപിയിൽ മലയാളം എഴുതാൻ കഴിയുന്ന തരത്തിൽ മാപ്പിളമാർ വികസിപ്പിച്ച ഒരു സാംസ്കാരിക മൂലധനം എന്ന നിലയിൽ അറബിമലയാള ലിപിയോട് മമതയുണ്ടായിരുന്ന ആൾ തന്നെയാണ് കെ. എം. മൗലവി. അദ്ദേഹത്തിന്റെ പത്രപ്രവർത്തനവും രചനകളും കുറെയേറെ ആ ലിപിയിൽ തന്നെയായിരുന്നു. എന്നാൽ, അറബിമലയാളം മാനകമലയാളത്തോടുള്ള വിരോധത്തിനു നിമിത്തമാകുന്നതിനെ ചോദ്യം ചെയ്യുകയായിരുന്നു അദ്ദേഹം. നിലവിൽവന്നുകൊണ്ടിരിക്കുകയായിരുന്ന മലയാള പൊതുമണ്ഡലത്തിൽ ആശയവിനിമയം സാധ്യമാകുന്ന തരത്തിൽ മതപണ്ഡിതന്മാരുടെ ലോകം വിശാലമായിത്തീരണമെന്നാണ്‌ അദ്ദേഹം ചിന്തിച്ചത്‌. ഭൗതിക വിജ്ഞാനീയങ്ങൾ അനിസ്‌ലാമികവും അനാവശ്യവുമാണെന്ന അന്നത്തെ പാരമ്പര്യ മതപണ്ഡിത ആഖ്യാനത്തെ ചോദ്യം ചെയ്ത്‌, ശാസ്ത്രവും ഗണിതവും പള്ളിദർസുകളുടെ സിലബസിൽ ഉൾപെടുത്താനും അദ്ദേഹം ആഹ്വാനം ചെയ്തു. വിദ്യാർത്ഥികൾ കിതാബോതുന്ന ഉസ്താദിനു മുന്നിൽ നിലത്തു ചമ്രം പടിഞ്ഞിരിക്കുന്ന പഠനരീതിക്കു മാത്രമാണ്‌ ഇസ്‌ലാമിക സാധുതയുള്ളതെന്ന് തെറ്റിദ്ധരിച്ച അനേകർ കൊളോണിയൽ യുഗത്തിൽ മുസ്‌ലിം ലോകത്തുണ്ടായിരുന്നു. അന്ന് തീർത്തും “പാശ്ചാത്യൻ’ ആയിരുന്ന ബ്ലാക്‌ ബോഡും ചോക്കും ബെഞ്ചും ഡെസ്കുമൊക്കെ മുസ്‌ലിം കലാലയങ്ങളിലേക്കു കൊണ്ടുവരുന്നതിനെതിരിൽ വമ്പിച്ച പ്രതിഷേധങ്ങളാണ്‌ ഉഥ്മാനീ സാമ്രാജ്യത്തിന്റെ പ്രവിശ്യകളിൽ മതപണ്ഡിതരുയർത്തിയത്‌. മലബാറിൽ പള്ളിദർസുകളെ ഈ നവ ബോധനസങ്കേതങ്ങളുപയോഗിച്ച്‌ ആധുനീകരിക്കാനുള്ള വഴികൾ നോക്കുകയും പ്രതിഷേധങ്ങൾ ക്കിരയാവുകയും ചെയ്തത്‌ ചാലിലകത്ത്‌–കെ. എം. മൗലവി കൂട്ടുകെട്ടാണ്‌.

ഈ കാലയളവിൽ തന്നെയാണ്‌ ചാലിലകത്തും മൗലവിയും ചേർന്ന് മദ്‌റസാ പ്രസ്ഥാനത്തിനു ശിലയിടുന്നതും. പഴയ ഓത്തുപള്ളികളുടെ സ്ഥാനത്ത്‌ ആധുനിക സംവിധാനങ്ങളെ ഉദാരമായി ഉപയോഗിക്കുന്ന മദ്‌റസകൾ ബാലികാ–ബാലന്മാർക്കുവേണ്ടി സ്ഥാപിക്കലായിരുന്നു മദ്‌റസാ പ്രസ്ഥാനത്തിന്റെ ഉന്നം. കടുത്ത എതിർപ്പാണതും‌ നേരിട്ടത്‌. ബ്രിട്ടീഷ്‌ മലബാറിലെ മുസ്‌ലിം പണ്ഡിതന്മാരെ യാഥാസ്ഥിതികരും പുരോഗമനവാദികളുമായി ചേരിതിരിച്ച ഈ സംവാദങ്ങളിൽ ആൾബലം യാഥാസ്ഥിതികർക്കായിരുന്നെങ്കിലും പുരോഗമനപക്ഷത്തിന്റെ ന്യായമുഖങ്ങൾ പതുക്കെ പതുക്കെ സമുദായത്തിന്റെ ബോധ്യങ്ങളിലേക്ക്‌ ആന്തരീകരിക്കപ്പെടുക തന്നെ ചെയ്തു. സ്കൂൾ പഠനത്തെ ബാധിക്കാത്ത, ഏറെക്കുറെ എല്ലാ ഓരോ മുസ്‌ലിം കുട്ടിക്കും ലിംഗഭേദമന്യെ അടിസ്ഥാന മതപരിജ്ഞാനം വ്യവസ്ഥാപിതമായി ഉറപ്പാക്കുന്ന, സംസ്ഥാനത്തുമുഴുവൻ പടർന്നുകിടക്കുന്ന ബൃഹത്തായ പ്രാഥമിക മദ്‌റസാ ശൃംഖല; അറബി ഭാഷയ്ക്കും ഇസ്‌ലാമിക മതമീമാംസയ്‌ക്കുമൊപ്പം മലയാളവും ഇംഗ്ലീഷും സാമൂഹിക ശാസ്ത്രങ്ങളും ഉയർന്ന നിലവാരത്തിൽ കയ്യാളുന്ന മതപണ്ഡിതന്മാരെ സൃഷ്ടിക്കുന്ന ബിരുദ, ബിരുദാനന്തര തലങ്ങളിലെ “സമന്വയ’ വിദ്യാഭ്യാസ കേന്ദ്രങ്ങൾ – ഇവ രണ്ടും കേരള മുസ്‌ലിങ്ങൾക്ക് പിൽക്കാല പതിറ്റാണ്ടുകളിൽ‌ സാധ്യമായത് യാഥാസ്ഥിതികത്വത്തിന്റെ പുറംതോട്‌ പൊട്ടിച്ച്‌ കെ. എം. മൗലവിയുടെ പുരോഗമനവാദത്തെ ആശ്ലേഷിച്ചതുകൊണ്ടാണ്‌.

ഇംഗ്ലീഷിനോടും യൂറോപിയൻ പ്രരൂപമുള്ള ആധുനിക വിജ്ഞാന ശാഖകളോടുമുള്ള വിപ്രതിപത്തി കൊളോണിയൽ ഇൻഡ്യയിൽ എല്ലാ മതസമൂഹങ്ങളിലും ഉണ്ടായിരുന്നതാണ്‌. അതിന്റെ അനുഛേദം തന്നെയായിരുന്നു ഇൻഡ്യൻ മുസ്‌ലിങ്ങളിൽ രൂപപ്പെട്ടിരുന്ന സ്കൂൾ–കോളെജ്‌ വിരോധവും. പണ്ഡിതന്മാർ അതിനെ മതപരമായി സിദ്ധാന്തവൽക്കരിക്കാൻ ശ്രമിച്ചു. ബ്രിട്ടീഷ്‌ മലബാറിൽ ഭൗതിക/ഇംഗ്ലീഷ്‌ വിദ്യാഭ്യാസത്തിനുപോകുന്നത്‌ നിഷിദ്ധമാണെന്ന ധാരണ വ്യാപകമായിരുന്നു. മതവിദ്യാഭ്യാസ രംഗം പരിഷ്കരിക്കാനെന്ന പോലെ ആധുനിക വിദ്യാഭ്യാസം പ്രചരിപ്പിക്കാനും കെ. എം. മൗലവി ഇവിടെ മുൻകയ്യെടുത്തു. വിദ്യ നേടി പ്രബുദ്ധരാകാൻ ഏറ്റവുമധികം കടപ്പെട്ടവർ മുസ്‌ലിങ്ങളാണെന്നും അറിവ്‌ പടിഞ്ഞാറുനിന്ന് വന്നതാണെന്നതുകൊണ്ട്‌ നിഷിദ്ധമാകില്ലെന്നും അദ്ദേഹം കരുതി. താൻ കൂടി കെട്ടിപ്പടുത്ത മുസ്‌ലിം ഐക്യസംഘത്തിന്റെയും കേരള ജംഇയ്യതുൽ ഉലമാഇന്റെയും സർവേന്ത്യാ മുസ്‌ലിം ലീഗിന്റെയും ഇൻഡ്യൻ യൂനിയൻ മുസ്‌ലിം ലീഗിന്റെയും കേരള നദ്‌വതുൽ മുജാഹിദീന്റെയും വേദികളും താളുകളും തൊള്ളായിരത്തി ഇരുപതുകളിലും മുപ്പതുകളിലും നാൽപതുകളിലും അൻപതുകളിലും നിരന്തരമായി, മാപ്പിളമാരെ സ്കൂൾ–കോളെജ്–ഇംഗ്ലീഷ്‌‌ വിദ്യാഭ്യാസത്തിനു പ്രേരിപ്പിക്കാൻ, അതിൽ മതപരമായി യാതൊരു അപാകതയുമില്ലെന്ന് ബോധ്യപ്പെടുത്താൻ, കെ. എം. മൗലവി ഉപയോഗിച്ചു.‌ തിരൂരങ്ങാടിയിൽ ഓർഫനേജ്‌ സ്കൂളും ഓറിയന്റൽ ഹൈസ്കൂളും സീതി സാഹിബിന്റെ നാമധേയത്തിലുള്ള അധ്യാപക പരിശീലന കേന്ദ്രവും ഫറൂക്കിൽ ഫാറൂഖ്‌ കോളെജും ഒക്കെ നിലവിൽ വന്നത്‌ കെ. എം. മൗലവിയുടെ പ്രോത്സാഹനത്തിൽ ആയിരുന്നു.

ഇതുപോലെയാണ്‌ സ്ത്രീവിദ്യാഭ്യാസത്തിന്റെ കാര്യവും. ബ്രിട്ടീഷുകാരുടെയും അവർ വഴി ആധുനിക വിദ്യാഭ്യാസത്തിന്റെയും കടന്നുവരവ്‌ സംഭവിക്കുന്നതിനുമുമ്പുതന്നെ മലബാറിലെ വലിയൊരു സംഘം മുസ്‌ലിം മതപണ്ഡിതന്മാർക്ക്‌ സ്ത്രീവിദ്യാഭ്യാസത്തിനു തടയിടുന്ന നിലപാടുകൾ ഉണ്ടായിരുന്നു. പെണ്ണിന്‌ എഴുത്തുവിദ്യ നിഷിദ്ധമോ അനുചിതമോ ആണെന്നായിരുന്നു പൊന്നാനിയിലെ മഖ്ദൂമുമാരുടെ വ്യാഖ്യാനസരണി പിന്തുടർന്നുകൊണ്ടുള്ള അവരുടെ കർമ്മശാസ്ത്ര നിർധാരണം. ശാഫിഈ മദ്‌ഹബിലെ ചില പിൽക്കാല ഗ്രന്ഥങ്ങൾ അതിനവർ പ്രമാണമാക്കി. മലബാറിലെ മതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ തന്നെ സ്ത്രീകൾക്കു പ്രവേശനമില്ലായിരുന്നു. പള്ളിദർസുകൾ സമ്പൂർണമായും പുരുഷ ഇടങ്ങളായിരുന്നു. നാൽപതുകളിൽ കെ. എം. മൗലവിയെ ആദർശപ്രചോദനമാക്കി അദ്ദേഹത്തിന്റെ സഹപ്രവർത്തകർ സ്ഥാപിച്ച സുല്ലമുസ്സലാം (അരീക്കോട്‌), മദീനതുൽ ഉലൂം (പുളിക്കൽ) തുടങ്ങിയ അറബിക്‌ കോളെജുകൾ ആണ്‌ മാപ്പിളപ്പെണ്ണുങ്ങൾക്കുമുന്നിൽ ഇസ്‌ലാമിക ഉപരിവിദ്യാഭ്യാസത്തിന്റെ വാതിലുകൾ ആദ്യമായി തുറന്നിട്ടത്‌. അവിടെ സ്ത്രീകൾ വന്നുപഠിക്കുകയും മതപണ്ഡിതകളും അധ്യാപികമാരും പ്രഭാഷകകളും എഴുത്തുകാരികളും സംഘാടകരുമൊക്കെ ആയിത്തീരുകയും ചെയ്തു. അറബിയും അറബിമലയാളവും പോലും സ്ത്രീകൾ എഴുതിക്കൂടെന്ന് കരുതിയിരുന്ന മലബാറിലെ യാഥാസ്ഥിതിക പണ്ഡിതപാരമ്പര്യം മലയാളവും ഇംഗ്ലീഷുമടക്കം പഠിക്കാൻ പെൺകുട്ടികൾ സ്കൂളുകളിൽ പോയിത്തുടങ്ങുന്നതിനെതിരിൽ കടുത്ത എതിർപ്പുകളുയർത്തിയത്‌ സ്വാഭാവികമായിരുന്നു. കെ. എം. മൗലവി, ഈ പ്രതിഷേധാഗ്നിയുടെ പ്രതിപക്ഷത്ത്‌ ഏറ്റവും വാചാലമായി നിന്ന പുരോഗമനപക്ഷ പണ്ഡിതനാണ്‌. പെണ്ണ്‌ എഴുതാൻ പഠിച്ചുകൂടെന്ന് പ്രവാചകൻ പഠിപ്പിച്ചിട്ടില്ലെന്നും അങ്ങനെയുണ്ടെന്ന് പറയുന്ന നിവേദനങ്ങൾ വ്യാജമാണെന്നും സ്ത്രീയും പുരുഷനും സാക്ഷരത നേടലാണ്‌ ഇസ്‌ലാമിന്റെ താത്പര്യമെന്നും മദ്‌ഹബ്‌ ഗ്രന്ഥങ്ങളിലെ പരാമൃഷ്ട വിധി അസ്വീകാര്യമാണെന്നും വിശദീകരിച്ചുകൊണ്ട് മത–ഭൗതിക‌ സ്ത്രീവിദ്യാഭ്യാ സത്തിനുവേണ്ടി അദ്ദേഹം അതിശക്തമായി നിലകൊണ്ടു.

ആധുനിക വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ കേരളത്തിലെ മുസ്‌ലിം സമുദായം വിപ്ലവകരമായ കുതിച്ചുചാട്ടമാണ്‌ പിന്നീട്‌ സ്ത്രീ–പുരുഷ ഭേദമന്യെ നടത്തിയത്‌, മതപണ്ഡിതന്മാർ അതിനെ പിന്തുണക്കുകയും ചെയ്യുന്നു. ഇൻഡ്യയുടെ മറ്റൊരു ഭാഗത്തുമില്ലാത്ത വിധം ആൺ–പെൺ വ്യത്യാസമില്ലാതെ മുസ്‌ലിം കുട്ടികൾ പൊതുപള്ളിക്കൂടങ്ങളിൽ പോകുന്ന സംസ്ഥാനമാണിന്ന്‌ കേരളം. പള്ളിക്കൂടങ്ങളെ സ്വീകരിക്കുക വഴി ഇംഗ്ലീഷും പാശ്ചാത്യൻ വിജ്ഞാനീയങ്ങളും മാത്രമല്ല, നേരത്തെ അന്യമായിരുന്ന “മലയാളം’ കൂടി‌ മാപ്പിള സ്വായത്തമാക്കി. മാനക മലയാള ലിപി ഒരു സവർണ കുത്തകയായിരുന്ന ഭൂതകാലത്തെ പഴങ്കഥയാക്കി മുസ്‌ലിങ്ങൾ ഇവിടുത്തെ ഭാഷാ മുഖ്യധാരയിൽ ഇടം നേടുക കൂടിയാണ്‌ അതുവഴി സംഭവിച്ചത്‌. ഉർദു–ഹിന്ദി വിടവ്‌ ഉത്തര ഇൻഡ്യയിൽ മുസ്‌ലിങ്ങൾക്കുണ്ടാക്കുന്ന പ്രയാസങ്ങൾ അറിയാവുന്നവർക്ക്‌ “പൊതു’ഭാഷ അറിയാത്ത ഒരു അറബിമലയാള ഗല്ലിയായി കേരള മുസ്‌ലിങ്ങൾ പരിമിതപ്പെട്ടുപോകാതിരുന്നതിന്റെ ഗുണഫലങ്ങൾ എളുപ്പത്തിൽ മനസ്സിലാകും. ഇത്തരമൊരവസ്ഥ സംജാതമാക്കിയതിൽ കെ. എം. മൗലവിക്കുള്ള പങ്ക്‌ അദ്വിതീയമാണ്‌. അദ്ദേഹം വിയർപ്പുകൊണ്ട്‌‌ ഉപ്പു ചേർത്തിട്ടുള്ളതാണ്‌ കേരള മുസ്‌ലിങ്ങളുടെ വിദ്യാഭ്യാസ പുരോഗതിയുടെ മനോഹര സൗധം.

കേരളീയ നവോത്ഥാനം, ഒരു കണക്കിന്‌ കുറേയേറെ സാമുദായിക നവോത്ഥാനങ്ങളുടെ സംഘാതമാണെന്നു പറയാം. അവർണ–പിന്നാക്ക സമൂഹങ്ങൾ സവർണ മേധാവിത്വത്തെ നേർപിച്ച്‌ അധികാര പങ്കാളിത്തത്തിലും സാമൂഹിക പ്രാതിനിധ്യത്തിലും മുന്നേറിയതാണ്‌ ജനാധിപത്യത്തെ ഇവിടെ കുറച്ചെങ്കിലും സാക്ഷാത്കരിച്ചത്‌. അയ്യങ്കാളിയും നാരായണഗുരുവും ഡോ. പൽപുവും കുമാരനാശാനും സഹോദരൻ അയ്യപ്പനുമൊക്കെ നയിച്ച സാമൂഹിക മുന്നേറ്റത്തിന്റെ ഒരു പരിഛേദം കൂടിയായിരുന്നു മുസ്‌ലിം നവോത്ഥാന നായകരുടെ പരിശ്രമങ്ങൾ. മുസ്‌ലിങ്ങളെ സർക്കാർ ഉദ്യോഗങ്ങളിലേക്കു പ്രേരിപ്പിച്ച്‌ സാമുദായിക ശാക്തീകരണവും തുല്യതയും ഉറപ്പാക്കുകയായിരുന്നു അവരുടെ ഉന്നങ്ങളിലൊന്ന്. മതേതര ആധുനികതയുടെ പുതുകാലത്ത്‌ മുസ്‌ലിം സമുദായം പാർശ്വവത്കരിക്കപ്പെട്ടുപോകുന്നതിനെ സംബന്ധിച്ച്‌ അവർ ആധികൊണ്ടു. സമുദായത്തോടുള്ള സ്നേഹവും അതിൽനിന്നുത്ഭൂതമായ സമുദായ പുരോഗതി എന്ന കിനാവും നവോത്ഥാന പദ്ധതികളുടെ അന്തരാത്മാവായി എപ്പോഴും തിളച്ചുനിന്നു. ഈ വികാരങ്ങളുടെ ആൾരൂപമായിരുന്നു കെ. എം. മൗലവി. മുസ്‌ലിങ്ങൾക്കിടയിൽ വിദ്യാഭ്യാസം വ്യാപകമാക്കാൻ മൗലവി നടത്തിയ അത്യധ്വാനങ്ങൾ ബ്യൂറോക്രസിയിൽ മുസ്‌ലിം സാന്നിധ്യം വർധിപ്പിക്കാനുള്ള, അതുവഴി മാപ്പിളമാരുടെ സാമൂഹിക–സാമ്പത്തിക മൂലധനം ഭദ്രമാക്കാനുള്ള ആഗ്രഹത്തിന്റെ കൂടി ഭാഗമായിരുന്നു. സമുദായം അരക്ഷിതമായപ്പോഴൊക്കെ മൗലവിയുടെ ഉള്ളുപിടഞ്ഞു. നാൽപതുകളുടെ തുടക്കത്തിലെ കോളറക്കാലത്തെ കൂട്ടമരണങ്ങൾ മാപ്പിളമാർക്കിടയിൽ പട്ടിണി തിന്ന് വയറു നിറയ്ക്കേണ്ടിവന്ന അനാഥബാല്യങ്ങളുടെ എണ്ണപ്പെരുപ്പമുണ്ടാക്കിയപ്പോൾ അവരെ സംരക്ഷിക്കാനായി തിരൂരങ്ങാടി മുസ്‌ലിം അനാഥശാലയുണ്ടാക്കാൻ മൗലവി തുനിഞ്ഞിറങ്ങി. ഈ “സാമുദായിക ചിന്ത’, മൗലവിയുടെ മതപരമായ ബോധ്യങ്ങളുടെ തന്നെ പ്രതിഫലനമായിരുന്നുവെന്നതാണ്‌ യാഥാർത്ഥ്യം. വിശ്വാസ സാഹോദര്യം അഥവാ ഉമ്മഃ എന്ന ഇസ്‌ലാമിക വികാരത്തിന്റെ, ഉമ്മഃയോടുള്ള ഗുണകാംക്ഷ എന്ന മതാനുശാസനത്തിന്റെ, നീൾച്ചയായിരുന്നു കെ. എം. മൗലവിക്ക്‌ വിദ്യാഭ്യാസ പ്രവർത്തനം. ഉമ്മഃയുടെ അഭിമാനകരമായ അസ്തിത്വം വിദ്യാഭ്യാസ–ഉദ്യോഗ പ്രചാരണശ്രമങ്ങൾ കൊണ്ടുമാത്രം ഒരു ജനാധിപത്യ വ്യവസ്ഥിതിയിൽ സാക്ഷാത്കരിക്കപ്പെടുകയില്ലെന്ന് മൗലവിക്കു തിട്ടമുണ്ടായിരുന്നു. അതിന്‌ രാഷ്ട്രീയം, നിയമനിർമ്മാണ സഭകളിലെ പ്രാതിനിധ്യം, മന്ത്രിസ്ഥാനങ്ങൾ എല്ലാം സമുദായത്തിന്‌ അനിവാര്യമാണെന്ന് അദ്ദേഹം ഉറക്കെപ്പറഞ്ഞു. രാഷ്ട്രീയ പ്രാതിനിധ്യം സമുദായത്തിനുതന്നെ നേർക്കുനേരെ ഉണ്ടാകണം, മതനിരപേക്ഷ “പൊതു’കക്ഷികൾ “സമുദായത്തിനുവേണ്ടി’ സംസാരിച്ചതുകൊണ്ടുമാത്രം കാര്യമില്ല എന്ന തിരിച്ചറിവിലാണ്‌ മൗലവി എത്തിയത്‌. കേവലമായ സങ്കലിത ദേശീയത സമുദായ താത്പര്യങ്ങളെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടേക്കാമെന്ന് അദ്ദേഹം എപ്പോഴും ദീർഘദർശനം ചെയ്തു. ദലിതുകളുടെ കാര്യത്തിൽ അംബേദ്‌കറും പെരിയാറുമൊക്കെ പറഞ്ഞ കാര്യങ്ങൾ തന്നെയാണ്‌ മുസ്‌ലിങ്ങളുടെ കാര്യത്തിൽ കെ. എം. മൗലവിയും കൂടെ നിന്നവരും പറഞ്ഞത്‌. ആദ്യം കോൺഗ്രസുകാരനായിരുന്ന മൗലവി പിന്നീട്‌ സർവേന്ത്യാ മുസ്‌ലിം ലീഗിന്റെ പതാകവാഹകനായത്‌ അതുകൊണ്ടാണ്‌. സ്വതന്ത്ര ജനാധിപത്യ മതനിരപേക്ഷ ഇൻഡ്യയിൽ ഇൻഡ്യൻ യൂനിയൻ മുസ്‌ലിം ലീഗാണ്‌ വഴി എന്ന കാര്യത്തിൽ മൗലവിക്കൊട്ടും തന്നെ സന്ദേഹമില്ലായിരുന്നു. എന്നല്ല, ആ പാർട്ടിയുടെ നായകബിംബങ്ങളിലൊന്നുതന്നെ മൗലവിയായിരുന്നു. മലബാർ മുസ്‌ലിങ്ങൾ ഇൻഡ്യയിലെ മറ്റു ഭാഗങ്ങളിലെ മുസ്‌ലിങ്ങളിൽ നിന്നു പല രീതികളിൽ ഗുണപരമായി വ്യത്യസ്തമായ സാമൂഹിക നില കൈവരിച്ചതിൽ മുസ്‌ലിം ലീഗ്‌ ഇവിടെ ആർജിച്ച സ്വാധീനത്തിനുള്ള പങ്ക്‌ വിവരണാതീതമാണ്‌. അർധചന്ദ്രാങ്കിത നക്ഷത്ര ഹരിത പതാക കേരളത്തിൽ വാനിലുയർന്നു പറക്കുന്നതിനു മണ്ണൊരുക്കിയവരിൽ പ്രഥമഗണനീയരിലൊരാൾ കെ. എം. മൗലവി തന്നെയാകുന്നു.

മുസ്‌ലിം നവോത്ഥാന വ്യവഹാരങ്ങളിലെ ‘യാഥാസ്ഥിതികത്വ’വും ‘പുരോഗമനവാദ’വും ലളിത ഇടതു യുക്തികൾക്കു‌ വഴങ്ങുന്ന പരികൽപനകളല്ല. ആധുനികതയെ, സമ്പൂർണവും നിരുപാധി കവുമായി ആശ്ലേഷിക്കുകയല്ല കെ. എം. മൗലവി ചെയ്തത്‌. സ്ത്രീവിദ്യാഭ്യാസത്തിന്‌ കെ. എം. മൗലവി അനുകൂലമായിരുന്നു, എന്നാൽ മുസ്‌ലിം സ്ത്രീ ഹിജാബ്‌ ഉപേക്ഷിക്കുന്നതിനും കലവറയില്ലാത്ത സ്ത്രീ–പുരുഷ ഇടകലരലിനും അദ്ദേഹം എതിരായിരുന്നു. ആധുനികതയുടെ ചേരുവകളിൽ ഇസ്‌ലാം അനുകൂലിക്കുന്നതിനെ അനുകൂലിക്കുകയും എതിർക്കുന്നതിനെ എതിർക്കുകയും ചെയ്യുക എന്നതായിരുന്നു മൗലവിയുടെ സമവാക്യം. ആധുനിക വിദ്യാഭ്യാസം നേടി മതനിരാസത്തിലേക്കു വഴുതിവീഴാനല്ല, മറിച്ച്‌ ആധുനികതയുടെ മതപരമായി അനുവദനീയമായ എല്ലാ ഇടങ്ങളിലും ഇസ്‌ലാമിനെ അഭിമാനത്തോടെ ഉയർത്തിപ്പിടിച്ച്‌ അപകർഷലേശമന്യെ വിഹരിക്കുവാനാണ്‌ അദ്ദേഹം സമുദായത്തെ പരിശീലിപ്പിച്ചത്‌. പടിഞ്ഞാറിനോടുള്ള, നിഷേധാത്മകമല്ലാത്ത, എന്നാൽ വിമർശനാത്മകമായ, ത്യാജ്യഗ്രാഹ്യ വിവേചനബോധത്തോടുകൂടിയ, ഒരു സമീപനമായിരുന്നു മൗലവിയുടെ മൗലികത. അല്ലാഹുവും പ്രവാചകനും പഠിപ്പിച്ചതല്ലാത്ത പല ധാരണകളും പിൽകാല വിശ്വാസികളിൽ രൂപപ്പെട്ടിട്ടുണ്ടെന്നും അവയിൽ നിന്ന് രക്ഷപ്പെടുത്തി സമുദായത്തെ മതത്തിന്റെ യഥാർത്ഥ പാഠങ്ങളിലേക്ക്‌, ആദിമ വിശുദ്ധിയിലേക്ക്‌, തിരിച്ചുനടത്തണം എന്നുമുള്ള ഭക്തിപൂർണമായ ആലോചനയാണ്‌ വാസ്തവത്തിൽ കെ. എം. മൗലവിയെ മാപ്പിള ആധുനീകരണത്തിന്റെ ചാലകശക്തിയാക്കിയത്‌. മലയാളത്തോടും ഇംഗ്ലീഷിനോടും ആധുനിക വിജ്ഞാനീയങ്ങളോടും പെൺവിദ്യാഭ്യാസത്തോടുമുള്ള പാരമ്പര്യ പണ്ഡിതന്മാരുടെ വിമുഖതയ്ക്കു ക്വുർആനിലോ ഹദീഥുകളിലോ പിൻബലമില്ലെന്നാണല്ലോ കെ. എം. മൗലവി വാദിച്ചത്‌. ഇത്‌ അത്ര എളുപ്പമുള്ള ഒരു തിരിച്ചറിവായിരുന്നില്ല. അത്‌ സാധ്യമാകണമെങ്കിൽ ഒരു വശത്ത്‌, ചുറ്റുമുള്ള പണ്ഡിതരും മതപാഠശാലകളും അവരുദ്ധരിക്കുന്ന കിതാബുകളും പറയുന്നത്‌ യഥാർത്ഥ മതപാഠങ്ങളല്ല എന്ന് ബോധ്യപ്പെടാൻ മാത്രം മതത്തിന്റെ മൂലപ്രമാണങ്ങളിൽ അവഗാഹം ആവശ്യമുണ്ടായിരുന്നു. മറുവശത്ത്‌, സാമൂഹിക മാറ്റങ്ങളെ ശരിയായി വിലയിരുത്താനുള്ള ലോകപരിജ്ഞാനവും ബൗദ്ധിക മികവും അവധാനതയും അനിവാര്യമായിരുന്നു. ഇത്‌ രണ്ടും സമഞ്ജസമായി സമ്മേളിച്ചതായിരുന്നു കെ. എം. മൗലവിയുടെ സൗന്ദര്യം. “മതം’ എപ്പോഴും പിന്തിരിപ്പനും പ്രതിലോമപരവും ആയിരിക്കുമെന്നും അതിനൊരി ക്കലും ഒരു സമൂഹത്തെ മുന്നോട്ടുനടത്താൻ കഴിയില്ലെന്നും പഠിച്ചു വെച്ചിരിക്കുന്നവർക്ക്‌ മൗലവിയെ മനസ്സിലാക്കാൻ പ്രയാസ പ്പെടേണ്ടിവരുന്നത്‌ അതുകൊണ്ടാണ്‌. ചരിത്രത്തിലെ മതത്തിന്റെ ഇടപാടുകൾ ഏകതാനമല്ലെന്നു കാണാനുള്ള ആഴം അവരുടെ വിശകലനോപകരണങ്ങൾക്കില്ല.

കൊളോണിയൽ അധിനിവേശത്തിനെതിരായി ജനാധിപത്യപരമായി പോരാടാൻ മതം എങ്ങനെ തുണയാകുമെന്നാണ്‌ 1920–21 കാലയളവിലെ ഖിലാഫത്‌–നിസ്സഹകരണ പ്രക്ഷോഭങ്ങളിലെ പങ്കാളിത്തം വഴി കെ. എം. മൗലവി കാണിച്ചുതന്നത്‌. ഹിന്ദു–മുസ്‌ലിം മൈത്രിയെ മുദ്രാവാക്യമാക്കി ഗാന്ധിയുടെ നേതൃത്വത്തിലുള്ള ദേശീയ പ്രസ്ഥാ നത്തിൽ അണിനിരക്കാൻ ആഹ്വാനം ചെയ്ത്‌ മലബാറിലെ ഗ്രാമഗ്രാമാന്തരങ്ങളിൽ കെ. എം. മൗലവി പ്രസംഗിച്ചത്‌ ക്വുർആൻ വചനങ്ങളും ഹദീഥുകളും ഉദ്ധരിച്ചുകൊണ്ടാണ്‌. എന്നാൽ, 1921–ൽ പ്രക്ഷോഭം സായുധ പോരാട്ടത്തിന്റെ മാർഗങ്ങളിൽ പ്രവേശിച്ചപ്പോൾ അതിനോട്‌ വിയോജിച്ചുകൊണ്ട്‌, അഹിംസാത്മകമായ ഗാന്ധിയൻ സമരപാതയിൽ അടിയുറച്ചുനിൽക്കണമെന്ന് ഏറ്റവും കണിശമായി മാപ്പിളമാരെ ഉദ്ബോധിപ്പിച്ച സമരനേതാക്കളിൽ പ്രമുഖനുമാണ്‌‌ കെ. എം. മൗലവി. ഭരണകൂടത്തോടുള്ള സായുധമായ ഏറ്റുമുട്ടൽ ആത്മഹത്യാപരമാണെന്നു മാത്രമല്ല, മതവിരുദ്ധമാണെന്നുകൂടിയായിരുന്നു അദ്ദേഹത്തിന്റെ ഉദ്ബോധനങ്ങളുടെ ഉള്ളടക്കം. ക്ഷമയുടെയും സഹനത്തിന്റെയും നിയമവാഴ്ചയുടെയും പ്രാധാന്യം വ്യക്തമാക്കുന്ന ക്വുർആൻ–ഹദീഥ്‌ സൂക്തങ്ങൾ അദ്ദേഹം ആ സന്ദർഭത്തിൽ എടുത്തുകാട്ടി. ഭരണകൂടത്തോട്‌ പ്രതിഷേധിക്കുന്നത്‌ മതവിരുദ്ധമാണെന്നും ആയതിനാൽ ബ്രിട്ടീഷ്‌ ഗവൺമെന്റിനെ വാഴ്ത്തുകയാണ്‌ മുസ്‌ലിങ്ങൾ ചെയ്യേണ്ടതെന്നുമുള്ള അരാഷ്ട്രീയ വാദത്തിനും (ഉത്തര ഇൻഡ്യയിലെ ബറേൽവി പ്രസ്ഥാനത്തിന്റെ വീക്ഷണം അതായിരുന്നു; അതിന്റെ അലയൊലികൾ മലബാറിലും ഉണ്ടായിരുന്നു) ബ്രിട്ടീഷുകാരോട് ഗറില്ലാ‌ യുദ്ധം നടത്തി രക്തസാക്ഷിത്വം വരിക്കലാണ്‌‌ ‌ ഇസ്‌ലാമിക താത്‌പര്യമെന്ന അതിവൈകാരികതയ്ക്കും ഒരുപോലെ എതിരുനിന്ന് ജനാധിപത്യപരമായ ചെറുത്തുനിൽപുകളാണ് മതപരവും യുക്തിപരവുമായ സാധുതയുള്ള വഴിയെന്ന് സിദ്ധാന്തിക്കുകയാണ്‌ മൗലവി മലബാർ സമരകാലത്ത്‌ ചെയ്തത്‌. ഇസ്‌ലാം ഇൻഡ്യൻ ദേശീയ ഐക്യത്തിന്റെയും ജനാധിപത്യബോധത്തിന്റെയും വികാസത്തിനും ഇൻഡ്യൻ സ്വാതന്ത്ര്യലബ്ധിക്കും ആശയപരമായി നൽകിയ സംഭാവനകൾക്ക്‌ കെ. എം. മൗലവിയെപ്പോലുള്ള ഇസ്‌ലാംമത പണ്ഡിതന്മാരുടെ ചരിത്രം അടിവരയിടുന്നുണ്ട്‌. ഹിന്ദു–മുസ്‌ലിം ഐക്യവും ഇൻഡ്യൻ സ്വാതന്ത്ര്യവും മുദ്രാവാക്യമാക്കി ദയൂബന്ദികളും അഹ്‌ലേ ഹദീഥുകാരുമൊക്കെയായ മതപണ്ഡിതർ ചേർന്ന് അഖിലേന്ത്യാ തലത്തിൽ രൂപീകരിച്ച ജംഇയ്യതുൽ ഉലമാ എ ഹിന്ദിന്റെ പ്രചോദനമാണ്‌‌ മൗലവിയെ സ്വാതന്ത്ര്യസമര സേനാനിയാക്കിയത്‌. മൗലവിയുടെ മതപരമായ വീക്ഷണങ്ങളെ സ്വാധീനിച്ചിരുന്ന സലഫീ ചിന്തകൻ അബുൽകലാം ആസാദും അഹ്‌ലെ ഹദീഥ്‌ ജനറൽ സെക്രട്ടറി ഥനാഉല്ലാഹ്‌ അമൃത്‌സരിയുമൊക്കെ അക്കാലത്ത്‌ ജംഇയ്യയിൽ സജീവമായിരുന്നു.

സ്വാതന്ത്ര്യപ്പോരാട്ടങ്ങളിൽ പങ്കുകൊണ്ടതിന് അധിനിവേശ‌ ബ്രിട്ടീഷ്‌ ഗവൺമെന്റ്‌ അറസ്റ്റ്‌ ചെയ്ത്‌ പീഡിപ്പിച്ച ഇൻഡ്യൻ മുസ്‌ലിം മതപണ്ഡിതർക്ക്‌ കയ്യും കണക്കുമില്ല. അവരിൽ ചിലരെങ്കിലും, മർ ദക ഭരണകൂടത്തിന്റെ പൊലീസ്‌ സംവിധാനങ്ങളെ വകഞ്ഞ്‌ ഒളിവിൽ പോവുകയും ഗവൺമെന്റിനു കടന്നുവരാനാവാത്ത ഇടങ്ങളിൽ ചെന്ന് പല തരം ദൗത്യനിർവഹണങ്ങൾ തുടരുന്നതിൽ വിജയിക്കുകയും ചെയ്തു. ആഗോളപ്രസിദ്ധനായ ശൈഖ്‌ റഹ്‌മതുല്ലാഹ്‌ കൈറാനവി തന്നെയായിരിക്കും ഏറ്റവും മികച്ച ഉദാഹരണം. ‌1921–ലെ മലബാറിൽ തന്നെ, പാങ്ങിൽ അഹ്‌മദ്‌ കുട്ടി മുസ്‌ലിയാരും ആമിനുമ്മാന്റകത്ത്‌ പരീക്കുട്ടി മുസ്‌ലിയാരും കട്ടിലശ്ശേരിയും കെ. എം. മൗലവിയുമൊക്കെ ഒളിവുജീവിതത്തിന്റെ സാധ്യതകൾ ഉപയോഗിച്ചവരാണ്‌. നിരോധനകാലത്തെ ഇൻഡ്യൻ കൊമ്മ്യൂണിസ്റ്റ്‌ പാർട്ടി പ്രവർത്തനങ്ങളെ പുരസ്കരിച്ചുള്ള ഇടതു കാൽപനികതകൾക്കപ്പുറത്ത്‌ മൂല്യമുള്ള ‘ഒളിവിലെ ഓർമ്മകൾ’ക്കു വക നൽകുന്നതാണ് സ്വാതന്ത്ര്യസമരത്തിന്റെ പോർമുഖങ്ങളിൽ ജ്വലിച്ച അനേകം മുസ്‌ലിം നേതാക്കളുടെ നേരനുഭവങ്ങൾ എന്നതാണ്‌ യാഥാർത്ഥ്യം. കെ. എം. മൗലവിക്ക്‌ സായുധ ‘വിപ്ലവ’ത്തിന്റെ വിമോചന വാഗ്ദാനങ്ങളിൽ തീരെ വിശ്വാസമുണ്ടായിരുന്നില്ല. ആശയങ്ങൾകൊണ്ടാണ്‌ വിജയകരമായ വിപ്ലവം നടക്കുകയെന്നും അതിനുള്ള പരിശ്രമങ്ങളിലാണ്‌ സമയവും‌ ഊർജവും നിക്ഷേപിക്കേണ്ടതെന്നും നല്ല നിശ്ചയമുണ്ടായിരുന്നുതാനും. തനിക്കെതിരായ അറസ്റ്റു നിർദേശം പിൻവലിക്കപ്പെടുന്നതുവരെ —ഒരു വ്യാഴവട്ടക്കാലം—അദ്ദേഹം കൊടുങ്ങല്ലൂരിനടുത്ത അഴീക്കോട്ടും ഏറിയാട്ടും കഴിഞ്ഞു; അവിടെയുള്ളവരെ പ്രചോദിപ്പിച്ച്‌ മുസ്‌ലിം ഐക്യസംഘവും ജംഇയ്യതുൽ ഉലമാഉം ഉണ്ടാക്കിച്ചു. അവയുടെ പ്രവർത്തനങ്ങൾ സാക്ഷാൽ വിപ്ലവത്തിന്റെ കാഹളം മുഴക്കി. കേരള മുസ്‌ലിങ്ങൾക്ക്‌ ആദർശബോധവും സാമുദായിക നവോത്ഥാനവും അവ സമ്മാനിച്ചു. ഇന്നോളം അവയുടെ നേട്ടങ്ങൾ കേരള മുസ്‌ലിങ്ങൾ അണ മുറിയാതെ അനുഭവിക്കുന്നു. ഒളിവുകാലം ഇത്രയും സാർത്ഥകമാക്കാൻ കഴിഞ്ഞ മറ്റൊരു കേരളീയ നേതാവുണ്ടായിരിക്കാൻ സാധ്യത കുറവാണ്‌. ഭരണകൂട ഭീകരതയുടെ ബലിക്കല്ലിൽ നിന്ന് രക്ഷപ്പെടലും ഒരു അധിനിവേശ വിരുദ്ധ ചെറുത്തുനിൽപാണ്‌; രക്ഷപ്പെട്ട്‌ സമുദായത്തെ സമുദ്ധരിക്കാനുള്ള പ്രവർത്തനങ്ങളിൽ നിരതനാവുക ഏറ്റവും വലിയ വിപ്ലവവും ആണ്‌. അതിനേക്കാൾ നന്നായി ബ്രിട്ടീഷ്‌ ഉപജാപങ്ങൾക്കു മറുപടി നൽകുക എങ്ങനെയാണ്‌‌! ഇൻഡ്യൻ സ്വാതന്ത്ര്യസമരത്തിലെ പങ്കാളിത്തത്തിന്‌ ഒരു വ്യാഴവട്ടത്തോളം സ്വദേശം വിട്ടുനിൽക്കേണ്ടിവന്ന കെ. എം. മൗലവിയെ മലയാളി പൊതുബോധം എത്രത്തോളം ഓർക്കുന്നുണ്ട്‌? നമ്മുടെ സ്വാതന്ത്ര്യസമര ഓർമകൾ മുസ്‌ലിം ത്യാഗങ്ങളോട്‌ എങ്ങനെയൊക്കെ അനീതിയും നന്ദികേടും കാണിക്കുന്നു എന്ന് ആ മറവി കാണിച്ചുതരും.

മതേതര–ജനാധിപത്യ രാഷ്ട്രീയ മുദ്രാവാക്യങ്ങൾ മുഴക്കാൻ കെ. എം. മൗലവിയെപ്പോലുള്ളവരെ പ്രാപ്തമാക്കിയത്‌ അവരുടെ മതവീക്ഷണങ്ങളാണെന്നത്‌ ആഴത്തിൽ വിശകലനം ചെയ്യപ്പെടേണ്ട ഒരു ചരിത്രവസ്തുതയാണ്‌. രാഷ്ട്രീയചിന്തയിൽ മതത്തിനു പ്രവേശനമനുവദിക്കുന്നത്‌ അപകടകരമാണെന്ന് ശഠിക്കുന്ന മതേതരത്വ മൗലികവാദികൾ മനസ്സിലാക്കാതെ പോകുന്ന ഒരു സങ്കീർണതയാണിത്‌. മതം എല്ലായ്പ്പോഴും ആവശ്യപ്പെടുന്നത്‌ “മതരാഷ്ട്രം’ ആണെന്നത്‌ അവരുടെ തെറ്റിദ്ധാരണാജനകമായ മുൻവിധി മാത്രമാണ്‌. ഹിന്ദു ഭൂരിപക്ഷ പ്രദേശമായ ഇൻഡ്യയിൽ, മതനിരപേക്ഷ ജനാധിപത്യ ഭരണക്രമത്തിലെ പൗരന്മാരായി, ഹിന്ദുക്കളോട്‌ സൗഹൃദത്തിൽ വർത്തിച്ചും ഭരണഘടനയോട്‌ കൂറുപുലർത്തിയും രാഷ്ട്രപുനർനിർമ്മാണത്തിൽ ക്രിയാത്മകമായി സംഭാവനകളർപ്പിച്ചും ജീവിക്കുവാൻ മുസ്‌ലിങ്ങൾ മതപരമായിത്തന്നെ ബാധ്യസ്ഥരാണെന്നായിരുന്നു സ്വാതന്ത്ര്യാനന്തര ഇൻഡ്യൻ മുസ്‌ലിങ്ങൾക്കുള്ള കെ. എം. മൗലവിയുടെ സന്ദേശം; അതായിരുന്നു ഐ. യു. എം. എല്ലിന്റെ ദർശനം. സർവേന്ത്യാ മുസ്‌ലിംലീഗ്‌ പാകിസ്ഥാൻ പ്രക്ഷോഭത്തിലേക്കു പ്രവേശിച്ചപ്പോൾ മലബാറിലെ ലീഗ്‌ നേതാക്കൾ അതിനെ പിന്തുണക്കുന്നത് ഹിന്ദുത്വ ഷോവിനിസ്റ്റ്‌ ഭീഷണിയുടെ പശ്ചാതലത്തിൽ‌ വടക്കേ ഇൻഡ്യൻ മുസ്‌ലിങ്ങളുടെ ജീവനും സ്വത്തും സംസ്കാരവും സംരക്ഷിക്കാൻ അവിടുത്തെ മുസ്‌ലിം ഭൂരിപക്ഷ പ്രവിശ്യകൾ കൂട്ടിച്ചേർത്ത്‌ ഒരു രാജ്യമുണ്ടാക്കുന്നതാണ്‌ ഒരു ആധുനിക രാഷ്ട്രീയ പരിഹാരം എന്ന ജിന്നയുടെ വാദത്തെ മുഖവിലക്കെടുത്തുകൊണ്ടാണ്‌; അല്ലാതെ ഇസ്‌ലാമിക രാഷ്ട്രത്തിലേ മുസ്‌ലിങ്ങൾ ജീവിക്കാവൂ എന്നൊരു മതകൽപനയുണ്ടെന്നു കരുതിയല്ല. അതുകൊണ്ടാണ്‌ മലബാറിൽ നിന്ന് അവരാരും പാക്കിസ്ഥാനിലേക്കു പോകാതിരുന്നതും യൂനിയൻ മുസ്‌ലിം ലീഗ്‌ രൂപീകരിച്ച്‌ ഇവിടെ പ്രവർത്തനം തുടർന്നതും. ഇൻഡ്യയിൽ സർക്കാർ ഒരുക്കുന്ന വിദ്യാഭ്യാസ–തൊഴിൽ അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തിയും പൊതുതെരഞ്ഞെടുപ്പുകളിൽ മത്സരിച്ചുജയിച്ച്‌ ഭരണസംവിധാനത്തിന്റെ താക്കോൽ പദവികളിലെത്തിയും നാടിനെ പൊതുവായി പുരോഗതിയിലേക്കു‌ നയിക്കുകയും മുസ്‌ലിങ്ങളെ അരികുവത്‌കരിക്കാനും മുസ്‌ലിം മത–സാംസ്കാരികാവകാശങ്ങൾ ഹനിക്കാനുമുള്ള ഭൂരിപക്ഷ വർഗീയവാദികളുടെ ശ്രമങ്ങൾ പരാജയപ്പെടുത്തുകയും ചെയ്യണമെന്ന കെ. എം. മൗലവിയുടെ നിർദേശം അടിമുടി അനിസ്‌ലാമികമാണെന്ന് നിശിതമായി വാദിച്ചുകൊണ്ടാണ്‌‌ സ്വാതന്ത്ര്യത്തിനു തൊട്ടുടനെ 1948–ൽ മലബാറിൽ ജമാഅത്തെ ഇസ്‌ലാമി സജീവമായിത്തീർന്നത്‌. ഇൻഡ്യൻ ദേശരാഷ്ട്രം ഒരു ഇസ്‌ലാമിക രാഷ്ട്രം അല്ലാത്തതിനാൽ ഇൻഡ്യൻ ഭരണഘടനയെ അംഗീകരിക്കുന്നതും ഭരണകൂടത്തിന്റെ നിയമങ്ങൾ അനുസരിക്കുന്നതും ഇവിടുത്തെ ഭരണാധികാരികളെ ദൈവമാക്കലാണെന്നായിരുന്നു സയ്യിദ്‌ അബുൽ അഅ്ലാ മൗദൂദിയുടെ കൃതികൾ ഉദ്ധരിച്ച്‌ ജമാഅത്ത്‌ പ്രവർത്തകർ സമർത്ഥിക്കാൻ ശ്രമിച്ചത്‌. ഇൻഡ്യൻ മുസ്‌ലിങ്ങളുടെ പൗരജീവിതം ഇസ്‌ലാം ഏറ്റവും വലിയ പാപമായിക്കാണുന്ന ബഹുദൈവത്വത്തിന്റെ ആശ്ലേഷമാണെന്ന ജമാഅത്ത്‌ ആഖ്യാനത്തെ കെ. എം.മൗലവി ശക്തിയുക്തം എതിർത്തു. ഗവൺമെന്റ്‌ സ്കൂളുകളിലും കോളെജുകളിലും പഠിക്കാൻ പോകുന്നതും സർവകലാശാലാ പരീക്ഷകൾ എഴുതുന്നതും സർക്കാർ ജോലികൾ സ്വീകരിക്കുന്നതും ഗവൺമെന്റിനോട്‌ സമുദായ/സംവരണാവകാശങ്ങൾ ആവശ്യപ്പെടുന്നതും രാഷ്ട്രീയപ്പാർട്ടികളിൽ പ്രവർത്തിക്കുന്നതും തെരഞ്ഞെടുപ്പിൽ വോട്ട്‌ ചെയ്യുന്നതും/മത്സരിക്കുന്നതും സാമാജികരും മന്ത്രിമാരും ഒക്കെ ആകുന്നതുമെല്ലാം നിഷിദ്ധമാണെന്ന അവരുടെ പ്രചാരണങ്ങൾക്ക്‌ ക്വുർആനും നബിചര്യയും വെച്ചാണ്‌ കെ. എം. മൗലവി മറുപടി പറഞ്ഞത്‌. പ്രവാചകൻ പ്രബോധനം ചെയ്ത ഏകദൈവ ത്വത്തിന്‌ സ്വന്തമായി ചമച്ച വ്യാജ അർത്ഥങ്ങളാണ്‌ ജമാഅത്ത്‌ നേതാക്കൾ പ്രചരിപ്പിക്കുന്നതെന്ന് അദ്ദേഹം വാദിച്ചു. ഇൻഡ്യൻ മുസ്‌ലിങ്ങൾക്ക്‌ ഇസ്‌ലാം നിർദേശിക്കുന്ന രാഷ്ട്രീയം മുസ്‌ലിം ലീഗാണെന്നാണ്‌ അദ്ദേഹം വിശ്വസിച്ചത്‌; മൗദൂദി സാഹിബിന്റെ ഇസ്‌ലാമികരാഷ്ട്ര കേന്ദ്രീകൃതമായ സൈദ്ധാന്തിക ഗോപുരം മതേതരത്വ വിരുദ്ധമാണെന്നല്ല, മതവിരുദ്ധമാണെന്നാണ്‌ അദ്ദേഹം വേവലാതിപ്പെട്ടത്‌. ഇസ്‌ലാമിക ഭരണക്രമത്തെ സംബന്ധിച്ച് ഒരു തരത്തിലുമുള്ള അപകർഷ ബോധവും കെ. എം. മൗലവിക്കുണ്ടായിരുന്നില്ല എന്ന് ആധുനിക സുഊദി അറേബ്യയോടുള്ള അദ്ദേഹത്തിന്റെ നിലപാടുകളിൽ നിന്നുതന്നെ വ്യക്തമാണ്‌. ‌ ഇസ്‌ലാമിസം ഇൻഡ്യൻ സാഹചര്യത്തിൽ ഇസ്‌ലാമിന്റെ രാഷ്ട്ര സങ്കൽപത്തെ ദുർവ്യാഖ്യാനിക്കുകയാണ്‌ ചെയ്യുന്നത്‌‌ എന്ന തിരിച്ചറിവാണ്‌ അദ്ദേഹത്തെ നയിച്ചത്‌. മതം “മതേതരത്വത്തെ’ പ്രസവിച്ച ഒരു കർമ്മശാസ്ത്ര നിർധാരണ പ്രക്രിയയായിരുന്നു‌ അത്‌. ഇന്ന്, ന്യൂനപക്ഷ കർമ്മശാസ്ത്രം എന്നൊരു വൈജ്ഞാനിക ശാഖ തന്നെ മുസ്‌ലിം ലോകത്തുണ്ട്‌. അതിന്റെ വിദ്യാർത്ഥികൾ നിർബന്ധമായും സൂക്ഷ്മാംശ വിശലകനം നടത്തേണ്ട ഒരു പാഠപുസ്തകമാണ്‌ കെ. എം. മൗലവിയുടെ ജീവിതം. മൗലവിയായിരുന്നു ശരി എന്ന്, പിൽക്കാല പരിവർത്തനങ്ങളിലൂടെ ജമാഅത്തെ ഇസ്‌ലാമി തന്നെ അടക്കംപറഞ്ഞിട്ടുണ്ട്‌ എന്നതാണ് ഇതിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം.

കെ. എം. മൗലവിയുടെ വിദ്യാഭ്യാസ–രാഷ്ട്രീയ നവോത്ഥാന ദർശനം വ്യക്തമാക്കുന്നതുപോലെ, ഇസ്‌ലാം എന്ന പേരിൽ ഇസ്‌ലാമിക പ്രമാണങ്ങളിലില്ലാത്ത ധാരണകൾ മുസ്‌ലിം സമുദായത്തിൽ വ്യാപിച്ചുകൂടെന്ന നിഷ്‌ഠ അദ്ദേഹത്തിനു വളരെ പ്രധാനമായിരുന്നു. ഈ നിഷ്ഠ, സ്വാഭാവികമായും, വിശ്വാസ–ആചാര മണ്ഡലത്തിൽ കൂടുതൽ പ്രാധാന്യത്തോടെ മൗലവി മുറുകെപിടിച്ചു. ഇസ്‌ലാം മറ്റു മതങ്ങളിൽ നിന്ന് വ്യത്യസ്തമാകുന്നത്‌, ലോകാവസാനം വരെയുള്ള മനുഷ്യർക്കുവേണ്ടി അല്ലാഹു അന്തിമപ്രവാചകനായി മുഹമ്മദ്‌ നബി(സ്വ)യെ നിയോഗിച്ചയച്ച്‌ പഠിപ്പിച്ചതാണ്‌ അതിന്റെ ഉള്ളടക്കം എന്നതുകൊണ്ടാണ്‌. വിശ്വാസങ്ങളും ആചാരങ്ങളും നിയമങ്ങളും ദൈവദത്തമാണെന്നതാണ്‌ ഇസ്‌ലാമിന്റെ മൗലികത. ക്വുർആനിലും പ്രബലമായ ഹദീഥുകളിലും അത്‌ സംരക്ഷിക്കപ്പെട്ടുകിടക്കുന്നു. അതുകൊണ്ടാണ്‌ ഇസ്‌ലാം മരണാനന്തരമോക്ഷത്തിന്റെ ഉറപ്പുള്ള വഴിയായിത്തീരുന്നത്‌. എന്നാൽ പ്രവാചകനും നേരനുചരന്മാരും വിശ്വസിക്കുകയും ആചരിക്കുകയും ചെയ്യാത്ത, ക്വുർആനിലോ നബിചര്യയിലോ കാണാൻ കഴിയാത്ത, പല “മതപാഠ’ങ്ങളും പിൽക്കാല മുസ്‌ലിം സമൂഹത്തിൽ ആവിർഭവിച്ചു. മനുഷ്യനിർമിതമായ അത്തരം കലർപ്പുകളാണ്‌‌ അന്ധവിശ്വാസങ്ങളും അനാചാരങ്ങളുമായി മുസ്‌ലിം സാമൂഹിക ജീവിതത്തെ വികൃതമാക്കിയത്‌. സാങ്കേതികമായി ബിദ്‌അകൾ എന്നറിയപ്പെടുന്ന ഈ വ്യാജഭാഗങ്ങളെ തിരസ്കരിച്ച്‌, മുസ്‌ലിങ്ങളെ ഇസ്‌ലാമിന്റെ ആദിമ തനിമയിലേക്ക്‌, ക്വുർആനിന്റെയും ഹദീഥുകളുടെയും വഴിയിലേക്ക്,‌ തിരിച്ചുവിളിക്കാനായി പ്രമാണഗ്രാഹ്യമുള്ള മതപണ്ഡിതന്മാർ കാലാകാലങ്ങളിൽ ശ്രമിക്കാറുണ്ട്‌. അനിസ്‌ലാമികമായ പിൽക്കാല വഴികേടുകളെ തള്ളിപ്പറയുന്നതിനോടൊപ്പം കാലപ്ര വാഹത്തിൽ സമുദായത്തിൽനിന്ന് നഷ്ടപ്പെട്ടുപോയ പല പ്രവാചകനന്മകളെയും പുനരുദ്ധരിക്കുന്നതിലും അവർ ശ്രദ്ധിച്ചു. ഈ രണ്ടു ശ്രമങ്ങളുമില്ലാതെ ഒരു നവോത്ഥാനവും മുസ്‌ലിങ്ങളിൽ സാർത്ഥകമായി നടക്കാൻ പോകുന്നില്ല. ഇസ്‌ലാമിക നവോത്ഥാനം മുന്നോട്ടെന്ന പോലെ പിന്നോട്ടുമുള്ള നടത്തമാണ്‌, പിന്നോട്ടു നടന്നാലേ മുന്നോട്ടു നടക്കാൻ കഴിയൂ. കെ. എം. മൗലവിയും സഹപ്രവർത്തകരും കേരള മുസ്‌ലിങ്ങൾക്കിടയിൽ നടത്തിയ നവോത്ഥാന പരിശ്രമങ്ങൾ ഇസ്വ്‌ലാഹീ പ്രസ്ഥാനം എന്നാണ്‌ അറിയപ്പെട്ടത്‌. നേരത്തെ വിവരിച്ച വിദ്യാഭ്യാസ–രാഷ്ട്രീയ ബോധവത്കരണം ഇസ്വ്‌ലാഹീ പ്രസ്ഥാനത്തിന്റെ പ്രധാനപ്പെട്ടൊരു കർമ്മമണ്ഡലമായിരുന്നു. എന്നാൽ അതിന്‌ അടിത്തറയായി, വിശ്വാസ–അനുഷ്ഠാന രംഗങ്ങളിലെ വ്യതിയാനങ്ങൾക്കെതിരായ ആദർശപ്പോരാട്ടം കൊടുമ്പിരികൊണ്ടു. ആ തലത്തിൽ, ഇസ്വ്‌ലാഹീ പ്രസ്ഥാനം ഒരു സലഫീ മുന്നേറ്റമായിരുന്നു. കേരളം കണ്ട സലഫീ പണ്ഡിതന്മാരിൽ ഏറ്റവും ഉന്നതശീർഷനാണ്‌ കെ. എം. മൗലവി. സലഫീ പ്രസ്ഥാനങ്ങൾ മുസ്‌ലിം സമൂഹത്തെ പിന്നോട്ടാണ്‌ നയിക്കുക എന്ന സാമ്രാജ്യത്വ–മുതലാളിത്ത പ്രചാരണത്തിന്റെ പൊള്ളത്തരം വ്യക്തമാകാൻ കെ. എം. മൗലവി സാക്ഷാത്‌കരിച്ച കേരള മുസ്‌ലിം നവോത്ഥാനത്തിന്റെ ചരിത്രം തന്നെ മതിയാകും. ഇസ്‌ലാമീകരണവും ആധുനീകരണവും ഒരു ഇരട്ട പ്രകിയ പോലെ ഒരേ സമയം ഉന്നമാക്കുകയാണ്‌ ഇവിടെ സലഫീ നവോത്ഥാന നായകർ ചെയ്തത്‌. പള്ളിയും പള്ളിക്കൂടവും ഒരുമിച്ചു സ്ഥാപിച്ച വിപ്ലവമായിരുന്നു അത്‌. പള്ളിയിൽ നിന്നുള്ള മോചനമാണ്‌ വിമോചനമെന്നു കരുതുന്നവർക്ക്‌, പള്ളിക്കൂടം മാത്രം മതിയെന്ന് ശഠിക്കുന്നവർക്ക്‌, കെ. എം. മൗലവിയുടെ നവോത്ഥാനം പഥ്യമാവില്ല. മതപരിഷ്കരണം/നവീകരണം എന്നൊക്കെ പല അർത്ഥങ്ങളിൽ പ്രയോഗിക്കപ്പെടാറുണ്ട്‌. മതത്തെ അതിന്റെ മൂലരൂപത്തിൽ തന്നെ നിലനിർത്തുകയാണ്‌ സലഫീ മതപരിഷ്കരണത്തിന്റെ രീതി. മതത്തെയല്ല, സമുദായത്തെയാണ്‌ വാസ്തവത്തിൽ അത്‌ പരിഷ്കരിക്കുന്നത്‌. ആധുനികയുക്തികൾക്കനുസൃതമായി മതത്തെ നേർപ്പിക്കുന്നതിന്‌ അതെതിരാണ്‌. സലഫീ രീതിശാസ്ത്രം കണിശമായി പിന്തുടർന്നിരുന്ന കെ. എം. മൗലവിക്ക്‌, സി. എൻ. അഹ്‌മദ്‌ മൗലവിയോട്‌ പല വിഷയങ്ങളിലും വിയോജിക്കേണ്ടിവന്നത്‌ അതുകൊണ്ടാണ്‌. പ്രമാണങ്ങളിൽ സ്ഥിരപ്പെട്ട മതപരമായ വിധിവിലക്കുകളും പുണ്യങ്ങളും സ്വഭാവ–സംസ്കാര വൈശിഷ്ട്യവും പാലിക്കുന്നതിലും അവ പിന്തുടരാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുന്നതിലും കെ. എം. മൗലവിക്കുണ്ടായിരുന്ന നിഷ്ഠ പ്രസിദ്ധമായിരുന്നു. മതഭക്തിയും സൂക്ഷ്മതയും കൊണ്ട്‌ മാപ്പിളമാർക്കിടയിൽ സർവാദരണീയനായിരുന്നു അദ്ദേഹം, ഒരുപക്ഷേ ‘യാഥാസ്ഥിതിക’രായി അറിയപ്പെട്ടവരേക്കാളുമധികം!

അല്ലാഹുവിനെ മാത്രമാണ്‌ വിളിച്ചുപ്രാർത്ഥിക്കേണ്ടത്‌ എന്ന ഇസ്‌ലാമിക ഏകദൈവാരാധനയുടെ ഏറ്റവും സുപ്രധാനമായ തത്ത്വത്തെ അട്ടിമറിച്ച്‌ പുണ്യവാളന്മാരെ കൂടി വിളിച്ചുപ്രാർത്ഥിക്കുന്ന, സാങ്കേതികമായി അൽഇസ്തിഗാഥ എന്നറിയപ്പെടുന്ന, സമ്പ്രദായമായിരുന്നു ലോകത്തെല്ലായിടത്തുമെന്ന പോലെ കേരളത്തിലും സലഫീ പ്രസ്ഥാനം‌ ഏറ്റവും ശക്തമായി എതിർത്ത ബിദ്‌അ. അതിൽ തുടങ്ങി ചെറുതും വലുതുമായ അനേകം കേരളീയ ബിദ്‌അകളെ നിരൂപണം ചെയ്തും സുന്നയുടെ തമസ്കൃതമായ വിവിധ വശങ്ങൾ പരിചയപ്പെടുത്തിയും കെ. എം. മൗലവി നിർവഹിച്ച വൈജ്ഞാനിക സപര്യ കേരളചരിത്രത്തിൽ തുല്യതയില്ലാത്തതാണ്‌. അറിവിന്റെ ആ മഹാപ്രവാഹത്തിൽ, മാപ്പിളമാർ അകപ്പെട്ടുപോയിരുന്ന നിരവധി ആത്മീയ ചൂഷണ സാമ്രാജ്യങ്ങളും സാമൂഹിക ദുരാചാരങ്ങളും സാംസ്കാരിക ജീർണതകളും‌‌ അക്ഷരാർത്ഥത്തിൽ ഉലഞ്ഞുപോയി‌. മാപ്പിള ജീവിതത്തെ കൂടുതൽ തെളിച്ചവും വെളിച്ചവുമുള്ളതാക്കിത്തീർക്കുകയാണ്‌ ഈ സലഫീ ആശയപ്രസാരണം ചെയ്തതെന്ന് നിഷ്പക്ഷമായി ചരിത്രത്തെ വിശകലനം ചെയ്യുന്ന ആർക്കും സമ്മതിക്കേണ്ടിവരും. മൗലവിയുടെ ആധുനിക–സ്ത്രീ വിദ്യാഭ്യാസ പ്രചാരണത്തെയും സലഫീ മതവ്യാഖ്യാനത്തെയും ഒരേ സമയം എതിർക്കുവാനാണ്‌ സമസ്ത കേരള ജംഇയ്യതുൽ ഉലമാ എന്ന യാഥാസ്ഥിതിക മതപണ്ഡിത സംഘടന രൂപീകരിക്കപ്പെട്ടത്‌. സമസ്തയും മൗലവിയുടെ ഇസ്വ്‌ലാഹീ പ്രസ്ഥാനവും തമ്മിലുള്ള വാദപ്രതിവാദങ്ങളും ഖണ്ഡന–മണ്ഡനങ്ങളുംകൊണ്ട്‌ മുഖരിതമായിരുന്നു മാപ്പിള പൊതുഇടങ്ങൾ.

തിരൂരങ്ങാടിയിൽ നിന്ന് കെ. എം. മൗലവി പ്രസിദ്ധീകരിച്ചിരുന്ന അൽ-മുർശിദ്‌ അറബിമലയാള മാസിക മലയാളി മുസ്‌ലിങ്ങളെ മതപരമായ ഒരു പുതിയ പ്രബുദ്ധതയിലേക്കു കൊണ്ടുപോകുന്നതിൽ വമ്പിച്ച പങ്കു‌വഹിച്ചു‌. ഇസ്‌ലാമിക ജ്ഞാനപാരമ്പര്യത്തിൽ അഗാധമായ പ്രാവീണ്യമുണ്ടായിരുന്ന മൗലവി, നാനാവിധ പ്രശ്നങ്ങളിൽ നൽകിയ ഫത്‌വാകൾ അറിവിന്റെ നിധിശേഖരങ്ങളാണ്‌. മതപരമായ അറിവിന്റെ ജനകീയവത്കരണം, മൗലവിയുടെ വലിയ ലക്ഷ്യങ്ങളിൽ ഒന്നായിരുന്നു. മുപ്പതുകളിൽ തന്നെ ക്വുർആനിന്റെ ഭാഗിക മലയാള പരിഭാഷ മൗലവിയും ചില സഹപ്രവർാത്തകരും ചേർന്ന് പ്രസിദ്ധീകരിക്കുന്നുണ്ട്‌. വെള്ളിയാഴ്ച പ്രസംഗങ്ങൾ (ജുമുഅ ഖുത്വ്‌ബ) മലയാളത്തിൽ നിർവഹിച്ചാൽ മതിയെന്ന മൗലവിയുടെ നിലപാട്‌ സാധാരണക്കാരുടെ മതപരിജ്ഞാനം അഭൂതപൂർവമാം വിധം വർധിപ്പിച്ചു. പള്ളികളിലെ ജുമുഅ–ജമാഅത്തുകളിൽ സ്ത്രീക‌ൾക്കുകൂടി പങ്കെടുക്കാമെന്ന അദ്ദേഹത്തിന്റെ അധ്യാപനം മാപ്പിള പെൺജീവിതത്തിന്റെ മതാനുഭവ വിതാനം തന്നെ മറ്റൊന്നാക്കി. ഇവയെയെല്ലാം, ക്വുർആൻ പരിഭാഷയെയും മലയാള ഖുത്വ്‌ബയെയും സ്ത്രീപള്ളി പ്രവേശനത്തെയുമെല്ലാം, സമസ്ത നഖശിഖാന്തം എതിർത്തു. സമസ്ത ധാരയിലുള്ള മാപ്പിളമാർ സുന്നികൾ എന്നും ഇസ്വ്‌ലാഹീ ധാരയിലുള്ളവർ മുജാഹിദ്‌ പ്രസ്ഥാനവുമായി ബന്ധപ്പെടുത്തി മുജാഹിദുകൾ എന്നും അറിയപ്പെട്ട്‌ ഈ അഭിപ്രായവ്യത്യാസങ്ങളെപ്രതിയുള്ള സംവാദങ്ങൾ ഇന്നും ഏറിയതോ കുറഞ്ഞതോ ആയ അളവുകളിൽ തുടരുന്നത്‌ കാണാം.

മൗലവി നേതൃത്വത്തിലുണ്ടായിരുന്ന മുസ്‌ലിം ലീഗ്‌, നാൽപതുകളോടെ ഒരു ബഹുജനപ്രസ്ഥാനമായി മലബാറിൽ മാറിയിട്ടുണ്ട്‌. പാക്കിസ്ഥാൻ രൂപീകരണത്തെ തുടർന്നുള്ള ചെറിയൊരു ഇടവേളക്കുശേഷം മൗലവിയുൾപടെയുള്ള നേതാക്കളുടെ ശ്രമകരവും ത്യാഗപൂർണവുമായ പരിശ്രമങ്ങളിലൂടെ അത്‌ വീണ്ടും മലബാറിൽ വൻ ജനപിന്തുണയാർജിച്ചു. മുസ്‌ലിം ലീഗ് അണികളിൽ‌ ‌ മുജാഹിദുകൾ എന്നപോലെ സുന്നികളും ഉണ്ടായിരുന്നു. സുന്നീ–മുജാഹിദ്‌ വീക്ഷണവ്യത്യാസങ്ങൾ ഒരു സമുദായം എന്ന നിലയിൽ ഐക്യപ്പെടുന്നതിന്‌ തടസ്സമാകരുത്‌ എന്നത്‌ മൗലവിയുടെ സുചിന്തിതമായ തീരുമാനമായിരുന്നു. ആ നയമാണ്‌ മുസ്‌ലിം ലീഗിനെ സാധ്യമാക്കിയത്‌. സുന്നീ പശ്ചാതലമുണ്ടായിരുന്ന ബാഫക്വി തങ്ങളും പൂക്കോയ തങ്ങളും ലീഗിന്‌ നേതൃത്വം നൽകുന്ന സ്ഥിതിയുണ്ടാക്കിയതുതന്നെ മൗലവിയാണ്‌. സലഫീ ചിന്തയുള്ള കെ. എം. മൗലവിയും കെ. എം. സീതി സാഹിബും എൻ. വി. അബ്ദുസ്സലാം മൗലവിയുമൊക്കെ ബാഫക്വി–പൂക്കോയമാരുടെ അടുത്ത സുഹൃത്തുക്കളും സഹപ്രവർത്തകരുമായി നിലകൊണ്ടത്‌ സമുദായത്തിന്റെ കെട്ടുറപ്പിനും സാമുദായിക സംരംഭങ്ങളുടെ വിജയത്തിനും മാത്രമല്ല, പുരോഗമന ചിന്തകൾ യാഥാസ്ഥിതിക വൃത്തങ്ങളിലേക്ക്‌ ഊർന്നിറങ്ങുന്നതിനുംകൂടി നിമിത്തമായി.

കെ.എം. മൗലവിയുടെ നവോത്ഥാന പരിശ്രമങ്ങൾ തീർച്ചയായും ഒരൊറ്റയാൾ പോരാട്ടമായിരുന്നില്ല. ആദർശ പ്രബോധന–സാമൂഹിക പരിഷ്കരണ– സാമുദായിക അഭ്യുന്നതി യജ്ഞങ്ങളിലെല്ലാം അദ്ദേഹത്തിന്റെ ഇടവും വലവും മതപണ്ഡിതന്മാരെന്ന പോലെ സാമ്പത്തിക–സാമൂഹിക സ്വാധീനമുള്ള പൗരപ്രമുഖരുമുണ്ടായിരുന്നു‌. മനോഹരമായ ഒരു ഉമറാ–ഉലമാ ബന്ധത്തിന്റെ സംസ്കാരം മൗലവി നട്ടുവളർത്തി. സീതി മുഹമ്മദ്‌ സാഹിബും മണപ്പാട്ട്‌ കുഞ്ഞുമുഹമ്മദ് ഹാജിയും കെ.എം. സീതി സാഹിബും എം. കെ. ഹാജിയും മൗലവിയുടെ വലംകയ്യായി നിന്ന ഉമറാക്കളിൽ പ്രമുഖരാണ്‌. മതനവോത്ഥാനം മതപണ്ഡിതന്മാരുടെ മാത്രം ഇടപാടാക്കുന്നതിനുപകരം പണ്ഡിതന്മാരുടെയും പൊതുപ്രവർത്തകരുടെയും ഒരുമിച്ചുള്ള അധ്വാനമാക്കി വിഭാവനം ചെയ്‌ത ഇസ്വ്‌ലാഹീ പ്രസ്ഥാനം, അതുവഴി ഉണ്ടാക്കിയ നേട്ടങ്ങൾ വളരെ വലുതാണ്‌. കൊടുങ്ങല്ലൂരിലും തിരൂരങ്ങാടിയിലും തലശ്ശേരിയിലുമൊക്കെ അത്‌ വളരെ വ്യക്തമായി കാണാം.

കേരള മുസ്‌ലിം ചരിത്രത്തിൽ കെ. എം. മൗലവിയുടെ സ്വാധീനം അനന്യ ചാരുതയുള്ള അനേകം ഫലങ്ങൾക്കാണ് നിമിത്തമായത് എന്ന് ചുരുക്കം. പുതിയ കാലത്ത് അതിന്റെ കൂടുതൽ ഉജ്ജ്വലമായ പിന്തുടർച്ചകൾ സാധ്യമാക്കേണ്ടതെങ്ങനെ എന്നതാണ് പ്രധാനപ്പെട്ട ചോദ്യം.