ഉപഭൂഖണ്ഡത്തിലെ മുസ്‌ലിം ഭരണകാലങ്ങളെ സംബന്ധിച്ച ഫാഷിസ്റ്റ് നുണപ്രചരണപദ്ധതിയുടെ ഏററവും വലിയ ഇരകളിലൊന്ന് മലബാര്‍ ചരിത്രവുമായി അഭേദ്യമായ ബന്ധമുള്ള ടിപ്പു സുല്‍ത്വാന്‍ (1750-1799) ആണ്. കർണാടക സർക്കാർ നവംബർ പത്തിന് നടത്തുമെന്ന് പ്രഖ്യാപിച്ച ടിപ്പുജയന്തി ആഘോഷങ്ങൾ ഹിന്ദുത്വ രോഷത്തിന് വിധേയമാകുന്ന സമകാലിക പശ്ചാതലത്തിൽ ടിപ്പുവിരോധത്തിന്റെ ചരിത്രവും രാഷ്ട്രീയവും വിശകലനം ചെയ്യുന്നതിന് സവിശേഷമായ പ്രസക്തിയുണ്ട്.
ഉത്തരേന്‍ഡ്യയിലെന്നപോലെ തെന്നിന്‍ഡ്യയിലും ബ്രിട്ടീഷ് ആധിപത്യത്തിന് കാലുറപ്പിക്കാന്‍ പോരാടേണ്ടി വന്നത് പ്രധാനമായും മുസ്‌ലിം ഭരണത്തോടായിരുന്നു. ടിപ്പുവിന്റെ സാരഥ്യത്തില്‍ മൈസൂര്‍ ബ്രിട്ടീഷ് അധിനിവേശശ്രമങ്ങള്‍ക്കെതിരില്‍ നടത്തിയ ധീരോദാത്തവും പ്രഗല്‍ഭവുമായ ചെറുത്തുനില്‍പ്, ഇന്‍ഡ്യയില്‍ മറ്റൊരു നാട്ടുരാജ്യത്തിനും സ്വപ്‌നം കാണാന്‍ പോലും കഴിയാത്തത്ര ഉജ്ജ്വലമായിരുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്വം അതിന്റെ പ്രാരംഭദശയില്‍ നേരിട്ട ഏറ്റവും ശക്തമായ ഇന്‍ഡ്യന്‍ വെല്ലുവിളി ടിപ്പു സുല്‍ത്വാന്‍ ആയിരുന്നുവെന്ന കാര്യം കൊളോണിയല്‍ രേഖകളില്‍ സുതരാം വ്യക്തമാണ്. മൈസൂരിനു ചുറ്റുമുണ്ടായിരുന്ന ഇന്‍ഡ്യന്‍ രാജ്യങ്ങളെല്ലാം ഒത്തുതീര്‍പ്പുകള്‍ക്ക് വഴങ്ങി സാമ്രാജ്യത്വസഖ്യത്തിന്റെ ഭാഗമായപ്പോഴും അനിതരമായ ആത്മാഭിമാനത്തോടെയും ആസൂത്രണത്തോടെയും സ്വാതന്ത്ര്യേഛയുടെ ആര്‍ജവമുയര്‍ത്തിപ്പിടിച്ച് ഈസ്റ്റ് ഇന്‍ഡ്യാ കമ്പനിയെ അക്ഷരാര്‍ത്ഥത്തില്‍ വിറപ്പിച്ച ‘മൈസൂര്‍ കടുവ’യോട് കൊളോണിയല്‍ മേലാളൻമാര്‍ക്കുണ്ടായിരുന്ന കുടിപ്പക അദ്ദേഹത്തിന്റെ മരണത്തോടെ അവസാനിക്കുവാന്‍ മാത്രം ചെറുതായിരുന്നില്ല. പതിനെട്ടാം നൂറ്റാണ്ടിലെ ഇന്‍ഡ്യയുടെ യഥാര്‍ത്ഥ ഹീറോ ആയ ടിപ്പുവിനെ ചരിത്രവക്രീകരണങ്ങള്‍ വഴി ഇന്‍ഡ്യക്കാരുടെ മനസ്സില്‍ തന്നെ വില്ലന്റെ കുപ്പായമണിയിക്കുവാന്‍ ഇംഗ്ലീഷ് അക്കാദമിക സമൂഹം ശ്രമിച്ചത് അതുകൊണ്ടായിരുന്നു. ടിപ്പു അനുഷ്ഠാനമുറകള്‍ പാലിക്കുകയും സദാചാരവിശുദ്ധി കാത്തുസൂക്ഷിക്കുകയും ചെയ്തിരുന്ന ഇസ്‌ലാമിക ഭക്തനാണെന്ന വസ്തുത മാത്രം മതിയാകും അദ്ദേഹത്തെ തേജോവധം ചെയ്യുന്നത് ഇന്‍ഡ്യന്‍ സവര്‍ണ പൊതുമണ്ഡലത്തിന് സ്വീകാര്യമാകാന്‍ എന്ന് കൊളോണിയല്‍ സൃഗാലബുദ്ധികള്‍ക്കറിയാമായിരുന്നു. കൊളോണിയലിസവും ഹിന്ദു പുനരുത്ഥാനവാദികളും പങ്കിടുന്ന ഇസ്‌ലാം വെറിയുടെ നിയോജകമണ്ഡലത്തിലാണ് ടിപ്പുവിന്റെ ജീവിതത്തെ പൂണൂലില്‍ മുറുക്കിക്കൊന്ന് കുരിശില്‍ തറച്ച് വിദ്വേഷത്തിന്റെ കൊക്കുകള്‍ രാകിമിനുക്കിനിന്ന കഴുകന്‍മാര്‍ക്ക് കൊത്തിപ്പറിക്കാനിട്ടുകൊടുത്തത്.
അധിനിവേശ കിങ്കരന്‍മാരോടുള്ള പോരാട്ടത്തില്‍ മാത്രമല്ല, തന്റെ രാജ്യത്തിന്റെ ഭദ്രതയും അഭിവൃദ്ധിയും ഉറപ്പുവരുത്തുന്നതിലും അന്നത്തെ ഇന്‍ഡ്യയില്‍ ടിപ്പുവിനോളം വിജയിച്ച മറ്റൊരു ഭരണാധികാരി ഇല്ലായിരുന്നു. ഇസ്‌ലാമിക നിയമങ്ങളും ധാര്‍മികതയും വിശ്വാസപൂര്‍വം പിന്തുടര്‍ന്ന ഒരു മുസ്‌ലിം മികച്ച രാജ്യതന്ത്രജ്ഞനായി ചരിത്രത്തില്‍ അംഗീകരിക്കപ്പെട്ടുകൂടെന്ന ശാഠ്യം കൂടിയാണ് ഇന്‍ഡ്യ കണ്ട ഏറ്റവും മികച്ച ഭരണാധികാരികളിലൊരാളുടെ ചരിത്രം തലകീഴായി നില്‍ക്കാനിടയാക്കിയത്. രണോത്സുക ദേശസ്‌നേഹത്തിന്റെ കുത്തകാധികാരം വിളംബരം നടത്തിയും മുസ്‌ലിമിന്റെ ദേശക്കൂറ് ഔദ്ധത്യത്തോടെ ചോദ്യം ചെയ്തും തഴക്കാന്‍ ശ്രമിച്ച ഹിന്ദു ദേശീയതക്ക്, ടിപ്പുവിന്റെ ഭരണപ്രാഗല്‍ഭ്യമെന്നതുപോലെ അദ്ദേഹത്തിന്റെ സ്വാതന്ത്ര്യസമരവും തമസ്‌കരിക്കേണ്ടത് അനിവാര്യമായിരുന്നു. ഇന്‍ഡ്യയില്‍ ബ്രിട്ടീഷ് ഭരണത്തിനെതിരില്‍ ഏറ്റവും ശ്രദ്ധേയമായ നിലയില്‍ പൊരുതിയത് ഒരു മുസ്‌ലിം ഭരണാധികാരിയാണെന്ന ചരിത്രസത്യത്തെ കുഴിച്ചുമൂടാതെ ഹിന്ദുത്വം ഈ മണ്ണില്‍ തളിരിടില്ലെന്ന് ആര്‍ക്കാണ് മനസ്സിലാവാത്തത്!.
ബ്രിട്ടീഷ് ഭരണത്തിന്റെ സഹകാരികളും ഗുണഭോക്താക്കളുമാകാനും ടിപ്പുവിന്റെ മൈസൂരിനെതിരില്‍ ബ്രിട്ടീഷ് പക്ഷത്തെ സഹായിക്കാനും പലപ്പോഴും തയ്യാറായ മറാത്ത ഭരണാധികാരികളെയും പഴശ്ശിരാജയെയും പോലുള്ളവരെ വീരശൂര സ്വാതന്ത്ര്യപോരാളികളായി ആഘോഷിക്കുകയും ടിപ്പുവിനെ ‘വര്‍ഗീയവാദി’യാക്കി പല്ലിറുമ്മി തെറി വിളിക്കുകയും ചെയ്യുന്ന ഇന്‍ഡ്യന്‍ ‘പൊതു’ബോധം, സംഘ്പരിവാര്‍ പദ്ധതികള്‍ക്ക് എപ്പോഴും അനായാസമായ വിജയസാധ്യതയുള്ള സാംസ്‌കാരിക മണ്ഡലമാണ് നമ്മുടെ ‘ദേശീയത’യെന്നാണ് വ്യക്തമാക്കുന്നത്. സര്‍ദാര്‍ കെ.എം പണിക്കരുടെ കേരള സ്വാതന്ത്ര്യസമരം മുതല്‍ സി.വി രാമന്‍പിള്ളയുടെ രാമരാജ്യബഹദൂര്‍ വരെ ടിപ്പുവിരുദ്ധതകൊണ്ട് അന്ധമാകുന്നുവെന്ന് പറയുമ്പോള്‍ എത്ര മാരകമാണ് കാര്യങ്ങളുടെ കിടപ്പെന്ന് എളുപ്പത്തില്‍ തിരിച്ചറിയാന്‍ പറ്റും. പി. കെ ബാലകൃഷ്ണന്‍ ചൂണ്ടിക്കാണിച്ചതുപോലെ, ”(ടിപ്പുവിനോടുള്ള) ദേശാഭിമാനത്തിന്റെ അയിത്താചരണം പരിഹാസ്യമാണ്. അതും ഇംഗ്ലീഷുകാരോട് ടിപ്പുവിന്റെ സന്ധിയില്ലാത്ത ശത്രുതയെപ്പറ്റി ബ്രിട്ടീഷ് ചരിത്രകാരന്‍മാര്‍ ഒരേസ്വരത്തില്‍കൂടി എഴുതുകയും കൂടിയാകുമ്പോള്‍ നമ്മുടെ ദേശാഭിമാനത്തിന്റെ വൃത്തികെട്ട ഒരു വശം സ്വയം പ്രകാശിതമാകുന്നു. ഈ വൈരുധ്യത്തില്‍ ഒളിച്ചുകിടപ്പുള്ള സത്യം, നമ്മുടെ ദേശാഭിമാനത്തിനു ദഹിക്കാത്ത ഒരു ദുര്‍ഘട വസ്തുതയാണ് മുസ്‌ലിം ഭരണാധികാരിയായ ടിപ്പു സുല്‍ത്താന്‍ എന്നതത്രെ.” (ടിപ്പു സുല്‍ത്താന്‍, ഡി.സി ബുക്‌സ്, 2007, പ്രസ്താവന).
ടിപ്പുവിനെ അമുസ്‌ലിം വിദ്വേഷിയാക്കി ചിത്രീകരിക്കുന്നവര്‍ ചരിത്രവസ്തുതകളെയല്ല തങ്ങളുടെ പ്രചരണങ്ങള്‍ വിജയിപ്പിച്ചെടുക്കാന്‍ ആശ്രയിക്കുന്നത്; മറിച്ച് ഇസ്‌ലാമിക രാജ്യം, ഇസ്‌ലാമിക ഭരണാധികാരി തുടങ്ങിയ സംജ്ഞകള്‍ ഇസ്‌ലാമോഫോബിക് ആയ ഒരു സമൂഹത്തില്‍ സൃഷ്ടിക്കുന്ന അടിസ്ഥാനരഹിതമായ പരിഭ്രാന്തികളെയാണ്. ഇസ്‌ലാമിക രാഷ്ട്രത്തില്‍ അമുസ്‌ലിംകളോട് അനീതിയും ക്രൂരതയും നടമാടുമെന്ന തെറ്റിദ്ധാരണയെ സമൂഹമനസ്സില്‍ സന്നിവേശിപ്പിക്കാന്‍ നേരത്തെ തന്നെ കഴിഞ്ഞിട്ടുള്ള ഹിന്ദുത്വത്തിനും സാമ്രാജ്യത്വത്തിനും ടിപ്പുവിന്റെ പേരിലുള്ള ‘സുല്‍ത്വാന്‍’ തന്നെയാണ് അദ്ദേഹത്തെ വംശീയവാദിയാക്കി മുദ്രകുത്താനുള്ള പദ്ധതിയുടെ ഏറ്റവും വലിയ മൂലധനമായത്. പൂര്‍ണമായ ഒരു മുസ്‌ലിം അധികാരഘടനയും ശരീഅത്തിലധിഷ്ഠിതമായ നിയമവ്യവസ്ഥയുമുള്ള എത്രയോ ഭരണക്രമങ്ങളില്‍ അമുസ്‌ലിംകള്‍ മാതൃകാപരമായി സംരക്ഷിക്കപ്പെട്ടതിന്റെ ഉദാഹരണങ്ങള്‍ ചരിത്രത്തിലെമ്പാടുമുണ്ട്. യഥാര്‍ത്ഥത്തില്‍ ടിപ്പുവിന്റേത് ഈ തരത്തിലുള്ള ഒരു ‘ഇസ്‌ലാമിക’ സാമ്രാജ്യം തന്നെയായിരുന്നില്ല എന്നതാണ് സത്യം. മൈസൂരിലെ വോഡയാര്‍ ഹിന്ദു രാജാക്കന്‍മാരില്‍ നിന്ന് അവരുടെ ഹിന്ദു സാമ്രാജ്യത്തിന്റെ നിയന്ത്രണം ടിപ്പുവിന്റെ പിതാവായ ഹൈദര്‍ അലി ഖാന്റെ കയ്യിലെത്തുകയാണ് ചെയ്തത്. മൈസൂരിലെ സൈനികമുന്നേറ്റങ്ങളുടെ നട്ടെല്ലും തലച്ചോറുമായി വര്‍ത്തിച്ച പ്രഗല്‍ഭനായ പടനായകനായിരുന്ന ഹൈദര്‍, ദുര്‍ബലനായ ഭരണാധികാരിയെ മറികടന്ന് രാജ്യത്തിന്റെ പരമാധികാര സ്ഥാനത്തെത്തുന്നതില്‍ വിജയിക്കുകയായിരുന്നു.
അധിപതിയായി ഹൈദര്‍ വന്നത് ക്ഷേത്രപരിപാലനം മുഖ്യസാംസ്‌കാരിക അജന്‍ഡകളിലൊന്നായിരുന്ന, ഹിന്ദു ആധിപത്യമുള്ള ഉദ്യോഗനിര നിയന്ത്രിച്ചിരുന്ന മൈസൂര്‍ രാജ്യത്തിന്റെ മതപരമായ സ്വഭാവത്തില്‍ സമൂലമായ മാറ്റങ്ങളൊന്നുമുണ്ടാക്കിക്കൊണ്ടല്ല എന്ന കാര്യം സ്പഷ്ടമാണ്. മൈസൂരിലെ കൊട്ടാരം പോലും വോഡയാര്‍ കുടുംബത്തിന്റെ കയ്യില്‍ തന്നെയായിരുന്നു. ടിപ്പുവിന്റെ കാലത്തും ഹിന്ദു ഉദ്യോഗസ്ഥരും ഹിന്ദു പ്രജകളും ഹിന്ദു ക്ഷേത്രങ്ങളുടെ അഭിവൃദ്ധിയുമൊക്കെ തന്നെയായിരുന്നു രാജ്യത്തിന്റെ പ്രധാന ഭാവങ്ങള്‍. മൈസൂരിലെവിടെയും ഹൈദര്‍ അലി ഖാനും ടിപ്പു സുല്‍ത്വാനുമാകുന്ന മുസ്‌ലിംകള്‍ രാജ്യത്തിന്റെ പരമോന്നത സ്ഥാനത്തെത്തിയതുകൊണ്ട് ഹിന്ദു ജീവിതത്തിന് സാമൂഹികമോ സാംസ്‌കാരികമോ ആയ ഏതെങ്കിലും ആഘാതമേറ്റതിനോ തജന്യമായ എന്തെങ്കിലും ഹിന്ദു അസ്വസ്ഥതയോ പ്രതിഷേധമോ ഉണ്ടായതിനോ യാതൊരു രേഖയുമില്ല. ടിപ്പുവിന്റെ മുഖ്യഉപദേശകനും പ്രധാനമന്ത്രിയും ബ്രാഹ്മണനായ പൂര്‍ണയ്യയായിരുന്നുവെന്നും പൂര്‍ണയ്യയെ രാജ്യത്തിന്റെ കുഞ്ചിക സ്ഥാനത്തേക്ക് കൈപിടിച്ചു വളര്‍ത്തിയത് ഹൈദര്‍ ആയിരുന്നുവെന്നുമുള്ള വസ്തുകള്‍ പ്രസിദ്ധമാണ്. ശ്രീനിവാസറാവുവും കൃഷ്ണറാവുവും ഒക്കെയായിരുന്നുവല്ലോ ടിപ്പുവിന്റെ ‘ഇസ്‌ലാമിക’ ബ്യൂറോക്രസിയുടെ നേതൃതലങ്ങളിലുണ്ടായിരുന്നവര്‍! ടിപ്പുവിനെ ‘ഹിന്ദുഹത്യ’ ആദര്‍ശമാക്കിയ ഇസ്‌ലാമിക/മുസ്‌ലിം ഭരണാധികാരിയാക്കി അവതരിപ്പിക്കുന്ന ‘രാജ്യസ്‌നേഹികള്‍’, ഇസ്‌ലാമിക രാഷ്ട്രപരികല്‍പനയുടെ ദര്‍ശനത്തെക്കുറിച്ചും ടിപ്പു പരമാധികാരിയായ മൈസൂരിന്റെ സ്വഭാവത്തെക്കുറിച്ചും ശാശ്വതീകരിക്കുന്നത് സത്യവുമായി വിദൂരബന്ധം പോലുമില്ലാത്ത ധാരണകളാണെന്ന് വ്യക്തം.
ടിപ്പുവിനെതിരായ കുപ്രചരണങ്ങള്‍ക്ക് ഉപോല്‍ബലകമായി ‘ചരിത്രം’ എന്ന നിലയില്‍ എന്തെങ്കിലും ഉദ്ധരിക്കപ്പെടുന്നുണ്ടെങ്കില്‍ അവയെല്ലാം മലബാറുമായി ബന്ധപ്പെട്ടവയാണ്; മൈസൂര്‍ മലബാര്‍ കീഴടക്കിയതും ഭരിച്ചതും സംബന്ധിച്ച ആഖ്യാനങ്ങള്‍. ഇവിടെ മറച്ചുവെക്കപ്പെടുന്ന ഏറ്റവും പ്രധാനപ്പെട്ട വസ്തുത, മലബാറിനെത്തേടി മൈസൂര്‍ വന്നത് ഹൈദര്‍ അലി ഖാന്‍ രാജാവായതിനുശേഷമല്ല എന്നതാണ്. ‘ഹിന്ദു മൈസൂര്‍’ ആണ് മലബാറിലെ നാട്ടുരാജാക്കന്‍മാരെ ആദ്യമായി ആക്രമിച്ചത്. ഹൈദര്‍ അലി അതിന്റെ പട്ടാളമേധാവികളിലൊരാള്‍ ആയിരുന്നുവെന്നേയുള്ളൂ. പ്രസ്തുത ആക്രമണത്തെത്തുടര്‍ന്ന് വോഡയാര്‍ രാജാവും മലബാറുകാരും തമ്മിലുണ്ടായ സന്ധിയിലെ കപ്പധാരണകള്‍ ലംഘിക്കപ്പെട്ടതിനെ തുടര്‍ന്നാണ് ഹൈദര്‍ മലബാര്‍ വന്നു കീഴടക്കുന്നത്. ഹിന്ദു മലബാറിലേക്ക് ഇസ്‌ലാമിക പ്രചോദിതമായി മുസ്‌ലിം മൈസൂര്‍ നടത്തിയ അധിനിവേശമായി ഹൈദറിന്റെ പടയോട്ടത്തെ വായിക്കുന്നതിന് പില്‍കാലത്തെ ഹിന്ദുത്വഭാവനകളല്ലാതെ ചരിത്രവസ്തുതകളൊന്നും ആധാരമായി ഇല്ല. നാട് ജയിച്ചടക്കാനെത്തുന്ന പട്ടാളക്കാര്‍ സഞ്ചാരപഥങ്ങളിലെല്ലാം നിഷ്‌കൃഷ്ടമായ മൂല്യബോധം പുലര്‍ത്താനിടയില്ലെന്ന സാമാന്യമായ അറിവുവെച്ച് ചിന്തിച്ചാല്‍ ഹൈദറിന്റെ പടയോട്ടത്തിന്റെ ഭാഗമായും അങ്ങിങ്ങായി അതിക്രമങ്ങള്‍ ഉണ്ടായിരുന്നിരിക്കാനുള്ള സാധ്യതയെ നിഷേധിക്കാനാവില്ല. അവയെ ഹിന്ദുവിരോധത്തില്‍ നിന്നുണ്ടായ ആസൂത്രിത മതകടന്നാക്രമണങ്ങളായി വ്യാഖ്യാനിക്കുകയും തെളിവുകളുടെയൊന്നും പിന്‍ബലമില്ലാതെ പൊലിപ്പിക്കുകയും ചെയ്യുമ്പോഴാണ് പ്രശ്‌നം.
ഹൈദറിനെയും ടിപ്പുവിനെയും കുറിച്ച് മലബാറിലെ ഹിന്ദുക്കളില്‍ നിന്ന് കേട്ടുവെന്നുപറഞ്ഞ് ചില ചരിത്രകാരന്‍മാര്‍ പകര്‍ത്തിയിരിക്കുന്ന നിര്‍ബന്ധമതപരിവര്‍ത്തന-വിഗ്രഹ/ക്ഷേത്രധ്വംസന-കൂട്ടക്കൊല വിവരണങ്ങളൊന്നും തന്നെ സാക്ഷിമൊഴികളല്ല, പ്രത്യുത ഊഹാപോഹങ്ങളും കേട്ടുകേള്‍വികളും മാത്രമാണ്. ഒരു മുസ്‌ലിം സുല്‍ത്വാന്റെ പട/ഭരണം വരുന്നുവെന്നു പറയുമ്പോള്‍ സവര്‍ണ ഹിന്ദുബോധം സ്വാഭാവികമായി ആശ്ലേഷിച്ച ആശങ്കകള്‍ സംഭവങ്ങളായി നാട്ടുവര്‍ത്തമാനങ്ങളില്‍ വിവര്‍ത്തനം ചെയ്യപ്പെടുകയാണുണ്ടായത്. നടന്ന കാര്യങ്ങളല്ല, മറിച്ച് നടക്കുമെന്ന് ചിലരൊക്കെ ഭയപ്പെട്ട കാര്യങ്ങളാണ് യഥാര്‍ത്ഥ സംഭവങ്ങളെന്ന പോലെ വര്‍ത്തമാനങ്ങളില്‍ നിറഞ്ഞതെന്ന് അക്കാലഘട്ടത്തിലെ ഉപലബ്ധമായ രേഖകള്‍ പരിശോധിച്ചാല്‍ മനസ്സിലാകും. മുസ്‌ലിം പങ്കാളിത്തമുള്ള രാഷ്ട്രീയ നീക്കങ്ങളെക്കുറിച്ച് അടിസ്ഥാനരഹിതമായ കേട്ടുകേള്‍വികള്‍ തത്‌സമയം പടരുന്നത് എങ്ങനെയാണെന്നതിന്റെ മികച്ച ദൃഷ്ടാന്തങ്ങളിലൊന്നായി 1921 മലബാറിന്റെ തന്നെ സമീപകാല ചരിത്രത്തിലുണ്ടല്ലോ!
ജാതിഹിന്ദുക്കളുടെ ‘നിവേദനങ്ങളെ’ വകഞ്ഞ് വസ്തുനിഷ്ഠമായി പരിശോധിച്ചാല്‍ ടിപ്പു സുല്‍ത്വാന്റെ ഭരണകാലം മലബാറിന്റെ സുവര്‍ണയുഗങ്ങളിലൊന്നായിരുന്നുവെന്ന് കാണാനാകും. പരസ്പരം ശണ്ഠ കൂടുന്ന, ദീര്‍ഘകാല പദ്ധതികളോ മഹത്തായ ലക്ഷ്യങ്ങളോ ഇല്ലാത്ത, അനേകം ചെറുനാട്ടുരാജ്യങ്ങളായി ചിതറിപ്പോയ മലബാറിനെ ഏകീകരിച്ച് ശക്തമായ ഒരു കേന്ദ്രീകൃത ഭരണത്തിനുകീഴില്‍ കൊണ്ടുവന്നത് ഹൈദറിന്റെയും ടിപ്പുവിന്റെയും മൈസൂര്‍ ആണ്. വ്യവസ്ഥാപിതമായ ഗതാഗതം സാധ്യമാക്കിയ അസംഖ്യം പുതിയ റോഡുകള്‍ നിര്‍മിച്ചും വ്യവസായ സംരംഭങ്ങള്‍ തുടങ്ങിയും മലബാറിനെ ആധുനീകരിച്ച ഭരണാധികാരി മഹാനായ ടിപ്പു സുല്‍ത്വാന്‍ ആണെന്ന് നിസ്സംശയം പറയാം. ജന്മിദുഷ്പ്രഭുത്വത്തിന്റെയും ജാതിയധികാര മുഷ്‌കിന്റെയും നട്ടെല്ലൊടിക്കുകയും കീഴാളനും കര്‍ഷകനും അവകാശങ്ങള്‍ സ്ഥാപിച്ചുനല്‍കുകയും ചെയ്തുകൊണ്ടുള്ള സാമൂഹ്യ-സാമ്പത്തിക പരിഷ്‌കാരങ്ങളും നായര്‍കൂലിപ്പടകളെ ആശ്രയിച്ചുള്ള രാജ്യസുരക്ഷയെന്ന പരമ്പരാഗത മലബാര്‍ രീതിയെ മാറ്റി സൈന്യത്തെ ശാസ്ത്രീയമായി സംഘടിപ്പിച്ച രാജ്യതന്ത്രജ്ഞതയും വഴി ടിപ്പു ചെയ്തത് മലബാറിനെ ഒരു കാലഘട്ടത്തിന്റെ ജീര്‍ണതകളില്‍നിന്ന് കുടഞ്ഞെഴുന്നേറ്റ് പുതിയ ഒരു ചരിത്ര സന്ദര്‍ഭത്തിലേക്ക് അതിജീവിക്കാന്‍ പ്രാപ്തമാക്കുകയാണ്. എന്നാല്‍ പൊടുന്നനെ വന്ന അടിമുടി ഘടനാപരമായ ഈ ഉലച്ചില്‍ നമ്പൂതിരിമാരെയും നായന്‍മാരെയും അല്‍പമൊക്കെ ജീവിതദുരിതങ്ങളിലകപ്പെടുത്തിയിട്ടുണ്ടാകുമെന്ന കാര്യം വ്യക്തമാണ്. ചാതുര്‍വര്‍ണ്യത്തിന്റെ ‘സംരക്ഷണ’ത്തിലേക്കുതന്നെ തിരിച്ചുപോകാന്‍ ടിപ്പുവിന്റെ മലബാറില്‍നിന്ന് തിരുവിതാംകൂറിലേക്ക് പലായനം ചെയ്ത നമ്പൂതിരി കുടുംബങ്ങളുടെ വികാരപ്രകടനങ്ങളാണ് ടിപ്പുവിനെ ഹിന്ദുവിരുദ്ധനാക്കിയുള്ള പ്രചരണങ്ങള്‍ക്ക് ശക്തി നല്‍കിയ ഒരു പ്രതിഭാസം. ആയുധങ്ങള്‍ കയ്യിലുണ്ടായിരുന്ന നായര്‍ സംഘങ്ങള്‍ തരംകിട്ടുമ്പോഴൊക്കെ കലാപങ്ങള്‍ക്ക് മുതിര്‍ന്നതിനെ ടിപ്പു അടിച്ചമര്‍ത്തിയത് നായര്‍ സമുദായത്തിന്റെ സ്മൃതിപഥത്തില്‍ ടിപ്പു ക്രൂരനായി പ്രതിഷ്ഠിക്കപ്പെടാന്‍ ഇടയാക്കിയിട്ടുണ്ടാകും. അനീതികളും അരാജകത്വവും നിറഞ്ഞ ഒരു സാമൂഹ്യവ്യവസ്ഥക്ക് പരിക്കേല്‍ക്കുമ്പോഴുണ്ടാകുന്ന ഇത്തരം അനുഭവങ്ങള്‍വെച്ച് ടിപ്പുവിനെ വില്ലനാക്കാന്‍ ആ അനീതികളുടെ/അരാജകത്വത്തിന്റെ നിലനില്‍പാഗ്രഹിക്കുന്നര്‍ക്കു മാത്രമേ കഴിയൂ.
സംബന്ധം, താഴ്ന്ന ജാതി സ്ത്രീകള്‍ മാറുമറക്കരുതെന്ന നിയമം തുടങ്ങിയവയെ ഉഛാടനം ചെയ്യാനും ടിപ്പു അധികാരമുപയോഗിച്ചു ശ്രമിച്ചു. സമത്വവും സദാചാരരാഹിത്യവും നിയന്ത്രിക്കാന്‍ ഉള്ള ടിപ്പുവിന്റെ ശ്രമങ്ങള്‍ക്ക് തീര്‍ച്ചയായും അദ്ദേഹത്തിന്റെ ഇസ്‌ലാമിക മനഃസാക്ഷി പ്രചോദനമായിട്ടുണ്ട്. സാമൂഹ്യപരിഷ്‌കരണത്തിനും മാനവവല്‍കരണത്തിനും ഇസ്‌ലാം നിമിത്തമാകുന്നതിനെ നാടിന്റെ നന്മയാഗ്രഹിക്കുന്നവര്‍ ഭയക്കുന്നതെന്തിനാണ്? ജാതികേരളത്തെ സമത്വത്തിന്റെ പാഠങ്ങള്‍ പഠിപ്പിക്കുന്നതില്‍ ഇസ്‌ലാം മാലിക്ബ്‌നുദീനാറിന്റെ കാലം മുതല്‍ വഹിച്ച പങ്കിന്റെ ചരിത്രപരമായ തുടര്‍ച്ച മാത്രമാണ് ടിപ്പുവിലൂടെ നിറവേറിയത്. ഇസ്‌ലാം അടിച്ചേല്‍പിക്കാനുള്ള ശ്രമം ആയിരുന്നില്ല അത്, മറിച്ച് മനുഷ്യത്വം നടപ്പിലാക്കുവാനുള്ള കാരുണ്യം മാത്രമായിരുന്നു.
1799ല്‍ ടിപ്പുവിന്റെ ഉദ്യോഗ-സൈനിക വൃന്ദങ്ങളില്‍പെട്ടവരെ വിലക്കെടുത്തുകൊണ്ട് ചതിയിലൂടെയാണ് ബ്രിട്ടീഷ് സൈന്യം ടിപ്പുവിനെ ‘തോല്‍പിച്ചത്’. ശ്രീരംഗപട്ടണം കോട്ട ദീര്‍ഘനാളുകള്‍ ഉപരോധിച്ചശേഷം ‘അകത്തുള്ള സുഹൃത്തുക്കളുടെ’ സഹായത്തോടെ ഉള്ളിലെത്തുകയും ടിപ്പുവിനെ സംരക്ഷിക്കല്‍ വിശ്വസ്തരായ സൈനികര്‍ക്കുപോലും അസാധ്യമാകുന്ന തരത്തില്‍ കരുക്കള്‍ നീക്കുകയും ചെയ്ത വെല്ലസ്‌ലിയുടെ ഇംഗ്ലീഷ് പട്ടാളത്തോട് കീഴടങ്ങാനുള്ള പ്രലോഭനങ്ങളെയും ഒളിച്ചോടാനുള്ള ഉപായങ്ങളെയും തിരസ്‌കരിച്ച് പോരാടാനിറങ്ങിയ ടിപ്പു സുല്‍ത്വാന്‍ ഇന്‍ഡ്യന്‍ സ്വാതന്ത്ര്യസമരത്തിലെ അത്യപൂര്‍വും അതീവചേതാഹരവുമായ ഒരു അധ്യായമാണ്. ആധുനിക സാങ്കേതിക വിദ്യകള്‍ ഫ്രഞ്ചുകാരില്‍നിന്നടക്കം സ്വായത്തമാക്കി തെക്കേ ഇന്‍ഡ്യയില്‍നിന്ന് ദുരമൂത്ത കൊളോണിയല്‍ അധിനിവേശത്തെ കെട്ടുകെട്ടിക്കാന്‍ ജീവിതം സമര്‍പ്പിച്ച ആ ധീരദേശാഭിമാനി അവസാനശ്വാസം വരെ പൊരുതി അടര്‍ക്കളത്തില്‍ വെടിയേറ്റുവീണു മരിച്ചപ്പോള്‍ ഉപഭൂഖണ്ഡത്തിന് ആത്മാഭിമാനത്തിന്റെ രോമാഞ്ചമാണുണ്ടാകേണ്ടിയിരുന്നത്. അതിനുപകരം ഇന്നും ഒരു വലിയ വിഭാഗത്തിന് ആ മരണം വൃത്തികെട്ട ഒരു ‘ആശ്വാസ’ത്തിന് നിമിത്തമാകുന്നുവെന്നത് നമ്മുടെ പൊതുബോധം എത്ര അപകടകരമായാണ് വിന്യസിക്കപ്പെട്ടിരിക്കുന്നതെന്ന് കൃത്യമായി ചൂണ്ടിക്കാണിക്കുന്നുണ്ട്.
സാമ്രാജ്യത്വത്തിന്റെ മുസ്‌ലിം വിരോധത്തെ അനന്തരമെടുക്കുകയും സാമ്രാജ്യത്വത്തിനെതിരായ സമരത്തില്‍നിന്ന് മാപ്പെഴുതിക്കൊടുത്ത് പിന്തിരിയുകയും ഏകശിലാത്മക ഹിന്ദു ഇന്‍ഡ്യ എന്ന സ്വപ്‌നം സാക്ഷാത്കരിക്കാന്‍ മുസ്‌ലിം വംശഹത്യയെ ലക്ഷ്യമായി സ്വീകരിക്കുകയും ഹിന്ദു-മുസ്‌ലിം സഹവര്‍ത്തിത്വം ഉയര്‍പ്പിടിച്ചതിന് ഗാന്ധിയെ വെടിവെച്ചു കൊല്ലുകയും ചെയ്ത ഹിന്ദുത്വത്തിന്, ഹിന്ദുക്കളും മുസ്‌ലിംകളുടമങ്ങുന്ന ഇന്‍ഡ്യന്‍ പ്രജകളെ സംരക്ഷിക്കുകയും കൊളോണിയല്‍ ആക്രമണകാരികളോട് വിട്ടുവീഴ്ചയില്ലാതെ പൊരുതുകയും ചെയ്ത മൈസൂര്‍ സുല്‍ത്വാന്‍ അനഭിമതനാകുന്നതു തന്നെയാണ് ചരിത്രത്തിന്റെ കാവ്യനീതി. സാവര്‍ക്കറെ ആദര്‍ശപുരുഷനായി സ്വീകരിക്കുന്നവര്‍ക്ക് ടിപ്പു ഏനക്കേടുണ്ടാക്കുന്നതില്‍ അത്ഭുതപ്പെടാനെന്തിരിക്കുന്നു! ടിപ്പുവിനെപ്പോലുള്ളവരുടെ ചോരവീണ ഈ മണ്ണിന്റെ അടരുകളില്‍ മതാന്തര സാഹോദര്യത്തിന്റെ ബോധ്യങ്ങളൊരുപാട് അലിഞ്ഞുകിടക്കുന്നുണ്ട്. അവയെ കണ്ടെത്തി ഉത്തേജിപ്പിച്ച് ഹിന്ദുത്വത്തിന്റെ വിഷവേരുകള്‍ പടരുന്നത് തടയുകയാണ് സാമൂഹ്യപ്രതിബദ്ധതയുള്ള ചരിത്രകാരന്‍മാര്‍ പുതിയ കാലത്ത് ചെയ്യേണ്ടത്.