മുഹ്‌യുദ്ദീൻ ഉമരി: വിട പറഞ്ഞത് ഖുർആൻ പാരായണ ശാസ്ത്രത്തിന് കാവൽനിന്ന പണ്ഡിത പാരമ്പര്യം
28 March 2019 | Reports
തിരൂരങ്ങാടി: ടി. കെ. മുഹ്‌യുദ്ദീൻ ഉമരിയുടെ മരണത്തോടെ നഷ്ടമാകുന്നത് ഖുർആൻ പാരായണ ശാസ്ത്രത്തിന് (തജ്‌വീദ്) കാവൽനിന്ന പണ്ഡിതപ്രതിഭ. മലബാർ ഖിലാഫത് കമ്മിറ്റി, കേരള മുസ്‌ലിം ഐക്യംഘം, കേരള ജംഇയതുൽ ഉലമാഅ്, മലബാറിലെ സർവേന്ത്യാ മുസ്‌ലിം ലീഗ്, തിരൂരങ്ങാടി യതീം ഖാന, ഇൻഡ്യൻ യൂണിയൻ മുസ്‌ലിം ലീഗ്, കേരള നദ്‌വതുൽ മുജാഹിദീൻ എന്നിവെയുടെ ശിൽപികളിൽ പ്രധാനിയും പ്രഗൽഭ പണ്ഡിതനും ആയിരുന്ന കെ. എം. മൗലവിയുടെ മകനും ചാലിലലത്ത് കുഞ്ഞഹ്‌മദ് ഹാജിയുടെ പൗത്രനും ആണ് മുഹ്‌യുദ്ദീൻ ഉമരി.
തമിൾനാട്ടിലെ ആമ്പൂരിനടുത്ത ഉമറാബാദ് ജാമിഅ ദാറുസ്സലാം അറബിക് കോളജിൽ നിന്ന് പ്രശസ്തമായ നിലയിൽ മതവിദ്യാഭ്യാസം പൂർത്തിയാക്കിയ ഉമരി മുജാഹിദ് യുവജന പ്രസ്ഥാനമായ ഐ. എസ്. എമ്മിന്റെ സംസ്ഥാന നേതൃത്വത്തിലൂടെയാണ് പൊതുരംഗത്ത് സജീവമായത്. മുജാഹിദ് സംസ്ഥാന സമ്മേളനങ്ങളിലെ നമസ്കാരങ്ങൾക്ക് നേതൃത്വം നൽകാൻ പലപ്പോഴും നിയോഗിക്കപ്പെട്ട ഉമരി, തജ്‌വീദ് വിജ്ഞാനീയങ്ങളിലെ അതികായൻ ആയിരുന്നു. കെ. എൻ. എം വിദ്യാഭ്യാസ ബോർഡിനുവേണ്ടി അദ്ദേഹം തയ്യാറാക്കിയ തജ്‌വീദ് പാഠപുസ്തകം ഏറെ ശ്രദ്ധേയമാണ്. പുളിക്കൽ ജാമിഅ സലഫിയ്യയിലെ വിദ്യാർത്ഥികൾക്ക് ലഭിച്ചിരുന്ന ഏറ്റവും പ്രഗൽഭമായ ക്ലാസുകളിൽ ഒന്ന് ഉമരിയുടെ തജ്‌വീദ് ക്ലാസുകൾ ആയിരുന്നു. തിരൂരങ്ങാടി യതീം ഖാന, കേരള ജംഇയതുൽ ഉലമാ, കേരള നദ്‌വതുൽ മുജാഹിദീൻ, അഹ് ലെ ഹദീഥ് എന്നിവയുടെ നേതൃത്വത്തിൽ സർവാദരണീയനായി നിൽക്കെയാണ് മരണം. വാർധക്യസഹജമായ അസുഖങ്ങളാൽ ഏതാനും മാസങ്ങളായി ശയ്യാവലംബി ആയിരുന്നു.