ഗാന്ധിയെ കൊന്നത് ഞങ്ങൾ തന്നെ: ഹിന്ദു മഹാസഭ
9 October 2017 | Reports
മീററ്റ്: ഗാന്ധിവധത്തിൽ ഹിന്ദുത്വത്തിന്റെ പങ്ക് മറച്ചുവെക്കാൻ ബി. ജെ. പിയും ആർ. എസ്. എസും ശ്രമിക്കുന്നത് അപലപനീയമാണെന്ന് അഖില ഭാരതീയ ഹിന്ദു മഹാസഭ. ഹിന്ദുത്വം അഭിമാനത്തോടെ ഏറ്റുപറയേണ്ട ഗാന്ധിവധത്തിൽ നിന്നും ഗോദ്‌സെയിൽ നിന്നും അകലം അഭിനയിക്കാൻ ശ്രമിക്കുന്നവരോട് തങ്ങൾക്ക് പ്രതിഷേധമുണ്ട്. ഗാന്ധിവധത്തെക്കുറിച്ച് അപമാനലേശമില്ലാതെ സംസാരിക്കാൻ ഉള്ള ധൈര്യം ഹിന്ദു മഹാസഭയുടെ ഏറ്റവും വലിയ സവിശേഷതയാണ്. ആർ. എസ്. എസിനും ബി. ജെ. പിക്കും ആ ധൈര്യമില്ലെന്ന് മഹാസഭാ നേതാക്കൾ പരിഹസിച്ചു.
മുംബൈക്കാരനായ പങ്കജ് ഫട്നസ് ഗാന്ധിയെ കൊന്നത് ഗോദ്സെയുടെ വെടിയുണ്ടകളല്ലെന്ന് വരുത്താൻ ശ്രമിച്ച് സുപ്രീ കോടതിയിൽ സമർപ്പിച്ച പെറ്റീഷനിലെ വാദങ്ങൾക്കുമേൽ അന്വേഷണം നടത്താൻ കോടതി ഒക്റ്റോബർ ആറിന് അമിക്കസ് ക്യൂറിയെ നിയോഗിച്ച സംഭവത്തോട് പ്രതികരികരിച്ചുകൊണ്ടാണ് മഹാസഭാ നേതാക്കൾ ഇങ്ങനെ പ്രസ്താവിച്ചത്. ഗോദ്സെയുടെ വെടിയുണ്ടകൾ തന്നെയാണ് ഗാന്ധിയെ കൊന്നത്. ഗോദ്സെ ഹിന്ദു മഹാസഭക്കാരൻ ആയിരുന്നു. ഹിന്ദു മഹാസഭയിൽ നിന്നും ഗോദ്‌സെയിൽ നിന്നും ഗാന്ധിവധത്തിന്റെ ‘ക്രെഡിറ്റ്’ തട്ടിയെടുക്കാനുള്ള ശ്രമങ്ങൾക്കെതിരെ സഭ നിലകൊള്ളും. ദേശീയ വൈസ് പ്രസിഡന്റ് അശോക് ശർമ്മയെ ഉദ്ധരിച്ച് റ്റൈംസ് ഓഫ് ഇൻഡ്യ പത്രമാണ് സഭയുടെ ക്ഷോഭം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഹിന്ദു മഹാസഭയാണ് ആർ. എസ്. എസിനും ബി. ജെ. പിക്കും ഇൻഡ്യയിൽ നിലം ഒരുക്കിയത് എന്ന് ആ സംഘടനകളുടെ നേതാക്കൾക്ക് ഓർമ വേണമെന്ന് ശർമ പറഞ്ഞു. മഹാസഭയുടെ അസ്തിത്വം ഗോദ്സെയിൽ നിന്ന് ഒരുനിലക്കും വേർപ്പെടുത്താൻ കഴിയില്ല. ഹിന്ദു മഹാസഭയെ തമസ്കരിക്കാനാണ് മഹാസഭക്കാരനായ ഗോദ്‌സെയിൽ നിന്ന് ഗാന്ധിവധത്തിന്റെ കർതൃത്വം പിടിച്ചുവാങ്ങാൻ ചിലർ ശ്രമിക്കുന്നതെന്ന് ശർമ ആരോപിച്ചു.
ആർ. എസ്. എസിലും ഹിന്ദു മഹാസഭയിലും പ്രവർത്തിച്ചിട്ടുള്ള തീവ്ര ഹിന്ദുത്വവാദിയും മഹാസഭക്കാരൻ ആയിരുന്ന സാവർക്കറുടെ അടുത്ത അനുയായിയും ആയിരുന്ന ഗോദ്‌സയെ ഗാന്ധിവധത്തിൽ നിന്ന് രക്ഷപ്പെടുത്താനോ ഗോദ്‌സയെ തള്ളിപ്പറഞ്ഞ് സ്വയം രക്ഷപ്പെടാനോ ഉള്ള വിവിധ പരിവാർ ബുദ്ധിജീവികളുടെ ശ്രമങ്ങളെ ആഞ്ഞ് പ്രഹരിക്കുന്നതാണ് മഹാസഭയുടെ പ്രസ്താവന. ഇതിനിടെ , ഫട്നസിന്റെ വാദങ്ങൾ അടിസ്ഥാന രഹിതമാണന്നും ഗോദ്‌സെയുടെ മൂന്ന് വെടിയുണ്ടകൾ തന്നെയാണ് ഗാന്ധിയുടെ ജീവൻ എടുത്തതെന്നും ഫട്നസ് ആരോപിക്കുന്നതുപോലെ അതിനുശേഷം വേറൊരു അജ്ഞാതനും ഗാന്ധിയെ വെടിവെച്ചിട്ടില്ലെന്നും സമർത്ഥിച്ച് ഗാന്ധിജിയുടെ പ്രപൗത്രൻ തുഷാർ ഗാന്ധി the wireൽ ലേഖനം എഴുതിയിരുന്നു. ഗാന്ധി വധത്തിനുപിന്നിൽ സവർണ ഹിന്ദുത്വം തന്നെയാണെന്ന് വിശദമായി സ്ഥാപിക്കുന്ന Let’s kill Gandhi എന്ന പുസ്തകത്തിന്റെ കർത്താവ് കൂടിയാണ് തുഷാർ.
സ്വാതന്ത്ര്യ സമരകാലത്ത് തീവ്ര ഹിന്ദു വലതുപക്ഷം ആർ. എസ്. എസിനും മുമ്പ് രൂപീകരിച്ച വർഗീയ സംഘടനയാണ് ഹിന്ദു മഹാസഭ. രാജ്യത്തുടനീളം ഗോദ്സെ വിഗ്രഹങ്ങൾ സ്ഥാപിക്കുവാനുള്ള മഹാസഭാ തീരുമാനം ഈയിടെ വിവാദമായിരുന്നു. 2016ൽ ജനുവരി 30ന് ഗാന്ധി രക്തസാക്ഷിത്വ ദിനം മീററ്റിലെ ഓഫീസിൽ വെച്ച് മധുര പലഹാര വിതരണവും വാദ്യമേളങ്ങളും തെരുവുനൃത്തവുമെല്ലാമായി മഹാസഭാ പ്രവർത്തകർ ആഘോഷിച്ചത് ദി ഹിന്ദു ദിനപത്രം റിപ്പോർട്ട് ചെയ്തിരുന്നു.