ഇരയോടൊപ്പം ഓടുകയും വേട്ടക്കാരനൊപ്പം കൂടുകയും ചെയ്യുന്ന കുടിലതന്ത്രമാണ് ഇടതുപക്ഷം എന്ന പേരിൽ കേരളത്തിൽ പ്രവർത്തിക്കുന്നവർ മുസ്‌ലിംകളുടെ മേൽ നടപ്പാക്കുന്നത്. മുസ്‌ലിം സമൂഹത്തിന്റെ ഇലക്ടോറൽ ശേഷിയിൽ മാത്രം കണ്ണ്നട്ട് മറ്റ് ജീവൽപ്രശ്‌നങ്ങളിൽ നിന്നും സമർത്ഥമായി മുഖം തിരിക്കുകയോ മൗനമാർഗത്തിൽ നിഷ്ക്രിയമാകുകയോ ചെയ്യുന്ന ഇടതുപക്ഷം ഇന്നത്തെ കേരളത്തിന്റെ പതിവ് കാഴ്ച്ചയാണ്. ഇന്ത്യയിലെ മുസ്‌ലിംകൾക്ക് ബി.ജെ.പി വിരുദ്ധ മുന്നേറ്റത്തിന്റെ ഏക പ്രതീക്ഷ കോൺഗ്രസ്സ് നേതൃത്വത്തിലുള്ള മതേതര മുന്നണിയാണെങ്കിൽ, കേരളത്തിലെ ഇന്നത്തെ മുസ്‌ലിം സമുദായത്തിന് വർഗീയ വിരുദ്ധ ചേരിക്ക് മറ്റൊരു കേരള ബദൽ കൂടിയുണ്ട് എന്ന് പറയപ്പെടുന്നു. ആദർശാധിഷ്ഠിതമായ വിമുഖത നിലനിൽക്കുമ്പോഴും മാർക്സിസ്റ്റ് പാർട്ടി നേതൃത്വത്തിലുള്ള മുന്നണി ഇവിടുത്തെ ആൾട്ടർനേറ്റീവ് ആണെന്നതും കാലങ്ങളായി ഭരണാധികാരികൾ എന്ന നിലയിൽ മുസ്‌ലിം സംഘടനാ നേതൃത്വം സക്രിയമായി അവരോട് ബന്ധപ്പെടുന്നതും നാടിന്റെ മാതൃകയാണ്. എന്നാൽ സാമൂഹിക ധ്രുവീകരണ മാർഗങ്ങൾ പരോക്ഷമായി ഉപയോഗപ്പെടുത്തി ഇടതുപക്ഷം നടത്തിയെടുത്തിട്ടുള്ള ഭിന്നിപ്പുകളും സ്പർദ്ധകളും മേല്പറഞ്ഞ ബന്ധത്തിലുള്ള വിശ്വാസവഞ്ചനയും സമൂഹമൈത്രിക്ക് അപരിഹാര്യമായ പരിക്കുകൾ ഏൽപ്പിച്ചിട്ടുള്ളതുമാണ്.
രാജ്യത്തിന്റെ സാമൂഹ്യനീതിയുടെ പുലർച്ചക്കായി ഇന്ത്യയിലെ മുസ്‌ലിംകളുടെ സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പഠിക്കാൻ രാജ്യത്ത് കോൺഗ്രസ്സ് രൂപം കൊടുത്ത ചരിത്രരേഖയാണ് സച്ചാർ കമ്മിറ്റി റിപ്പോർട്ട്. കേരളത്തിൽ പാലോളി കമ്മിറ്റി എന്ന പേരിൽ അതിൽ വെള്ളം ചേർക്കൽ നടന്നു എന്ന് മാത്രമല്ല കാലക്രമത്തിൽ മതസമൂഹങ്ങൾ തമ്മിൽ അകൽച്ചയ്ക്കും അനൈക്യത്തിനും ഇടംകൊടുക്കുന്ന വിധം ആ വിഷയത്തെ ഇടതുപക്ഷം വളർത്തുകയും ചെയ്തു. സച്ചാർ കമ്മിറ്റി റിപ്പോർട്ട് കേരളത്തിൽ അട്ടിമറിച്ചതിനോടൊപ്പം തന്നെ അടിസ്ഥാനരഹിതമായ വ്യാജപ്രചാരണങ്ങളുടെ ദുസ്വാധീനത്തിൽ സംസഥാന മുഖ്യമന്ത്രി തന്നെ പതിവുകൾ മാറി ന്യൂനപക്ഷ വകുപ്പ് ഏറ്റെടുക്കുകയും ചെയ്തു. 80:20 ജനസംഖ്യാനുപാതികമായി പുനക്രമീകരിക്കാൻ ഹൈകോടതി ഇടപെടലുണ്ടാവുകയും ശേഷം സുപ്രീം കോടതിയിൽ പേരിനു മാത്രം പോയി പരിഹാസ്യരായി ഗവൺമെന്റിനു മടങ്ങേണ്ടി വന്ന കാഴ്ച്ചയും നമ്മൾ കണ്ടു. സ്വജനപക്ഷപാതത്തിന്റെ പേരിൽ ഒന്നാം പിണറായി വിജയൻ സർക്കാർ നിരന്തരം പ്രധിരോധത്തിലാവുവുകയും ഒടുവിൽ ചുമതലയുള്ള മന്ത്രിക്ക് രാജിവെക്കേണ്ടിയും വന്ന ‘ന്യൂനപക്ഷ ധനകാര്യ കോർപറേഷൻ’ ചെയർമാൻ സ്ഥാനവും കൈമാറ്റം ചെയ്യപ്പെട്ടത് സമാന കാരണങ്ങളിലുളളതും തെറ്റായ സന്ദേശം നൽകുന്നതുമായി.
സംഘ്പരിവാർ മുസ്‌ലിം ഉന്മൂലനപദ്ധതിയുടെ നാഴികക്കല്ലായ പൗരത്വനിയമഭേദഗതി സമരങ്ങൾക്കു നേരെ നിയമസഭയിൽ നൽകിയ വാഗ്‌ദാനവും ലംഘിക്കപ്പെട്ടിരിക്കുന്നു എന്നത് ഇടതുപക്ഷത്തിന്റെ മുസ്‌ലിം സംരക്ഷണ വാദങ്ങൾക്ക് നേരെയുള്ള ലിറ്റ്മസ് ടെസ്റ്റായി കണക്കാക്കണം. ഏറ്റവുമൊടുവിൽ വഖ്‍ഫ് ബോർഡ് നിയമന ഭേദഗതിയിലൂടെ വഖ്ഫ് സ്വത്തുക്കളുടെ സംരക്ഷണവും അനിശ്ചിതത്വത്തിലാവുന്നു. വഖ്‍ഫ് ബോർഡ് അധികാരങ്ങൾ വെട്ടിച്ചുരുക്കന്നതിലൂടെ വിശ്വാസികൾ ദൈവമാർഗത്തിൽ സമർപ്പിക്കുന്ന സ്വത്തുക്കൾക്ക് നേരെയുള്ള മാർക്സിസ്റ്റ് അജ്ഞതയും അവജ്ഞയും ഈ വിഷയത്തിൽ വെളിപ്പെടുകയാണ്. സംഘപരിവാറിന്റെ ന്യൂനപക്ഷ വേട്ടക്ക് നേരെ പ്രതിഷേധമാചരിക്കും എന്ന സി .പി. എം പോളിറ്റ്ബ്യുറോ തീരുമാനം കണ്ടെങ്കിലും കേരളത്തിൽ അതിന്റെ അനുരണങ്ങളൊന്നും കാണാതിരുന്നത് യാദൃച്ഛികമാകാനിടയില്ല.
(കെ.പി.സി.സി.ന്യൂനപക്ഷ വിഭാഗം മലപ്പുറം ജില്ല ചെയർമാനാണ് ലേഖകൻ)