Reports

ഡെന്മാർക്കിലെ നിക്വാബ്‌ നിരോധനം: പ്രതിഷേധം ശക്തം

By Admin

August 02, 2018

കോപ്പൻഹേഗൻ: മുസ്‌ലിം സ്ത്രീകൾ മതാചാരത്തിന്റെ ഭാഗമായി പൊതുസ്ഥലങ്ങളിൽ മുഖം മറക്കാനുപയോഗിക്കുന്ന നിക്വാബ്‌ കുറ്റകൃത്യമായി പ്രഖ്യാപിക്കാനുദ്ദേശിച്ച്‌ ഡാനിഷ്‌ പീപ്പ്ൾസ്‌ പാർട്ടി അവതരിപ്പിച്ച മുഖാവരണ നിരോധന നിയമം ബുധനാഴ്ച പ്രാബല്യത്തിൽ വന്നതോടെ ഡെന്മാർക്കിൽ പ്രതിഷേധം ശക്തമായി. നിക്വാബ്‌ അടക്കം മുഖം മറക്കാനുപയോഗിക്കുന്ന വസ്ത്രങ്ങളെല്ലാം കനത്ത പിഴ മുതൽ ജയിൽ വാസം വരെ ലഭിക്കാവുന്ന കുറ്റമായി മാറിയിരിക്കുകയാണ്‌ ബുധനാഴ്ച മുതൽ രാജ്യത്ത്‌. നിക്വാബ്‌ ധരിക്കുന്ന മുസ്‌ലിം സ്ത്രീകളുടെ വസ്ത്രസ്വാതന്ത്ര്യവും മതസ്വാതന്ത്ര്യവും ഹനിച്ച്‌ പൗരാവകാശങ്ങൾക്ക്‌ കൂച്ചുവിലങ്ങിടുന്ന പുതിയ നിയമത്തിന്റെ ജനാധിപത്യവിരുദ്ധതക്കെതിരിൽ തലസ്ഥാനനഗരിയായ കോപ്പൻഹേഗനിൽ മനുഷ്യാവകാശപ്രവർത്തകരുടെ നേതൃത്വത്തിൽ വമ്പൻ പ്രതിഷേധ പ്രകടനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്‌. മുസ്‌ലിംകളല്ലാത്ത അനേകം സ്ത്രീപുരുഷന്മാർ പ്രതീകാത്മകമായി മുഖം മറച്ച്‌ പ്രതിഷേധങ്ങളിൽ കണ്ണിചേരുന്നുണ്ട്‌. ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്നതിന്റെയും മതവിശ്വാസം പിന്തുടരുന്നതിന്റെയും പേരിൽ പൗരന്മാരെ ശിക്ഷിക്കാനൊരുങ്ങുന്ന ഡെന്മാർക്ക്‌ കടുത്ത മനുഷ്യാവകാശധ്വംസനത്തിനാണ്‌ ധൃഷ്ടമാകുന്നത്‌ എന്ന് ആംനസ്റ്റി ഇന്റർനാഷണൽ വക്താവ്‌ അപലപന പ്രസ്താവനയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌.

ഡെന്മാർക്കിന്റെ സംസ്കാരത്തിനു വിരുദ്ധമാണ്‌ നിക്വാബ്‌ എന്നാണ്‌ പുതിയ നിയമത്തിന്റെ പ്രണേതാക്കളായ ഡാനിഷ്‌ പീപ്പ്ൾസ്‌ പാർട്ടി വാദിക്കുന്നത്‌. സങ്കുചിത സാംസ്കാരിക ദേശീയത രാജ്യത്തെ നിക്വാബ്‌ ധരിക്കുന്ന മുസ്‌ലിം സ്ത്രീകളുടെ മതവ്യക്തിത്വം അടിച്ചമർത്തുന്ന ദുരന്തമാണ്‌ ഡെന്മാർക്കിൽ സംഭവിക്കുന്നത്‌. മുഖം മറയ്ക്കൽ നിർബന്ധമാണെന്ന് കരുതുന്ന മുസ്‌ലിം സ്ത്രീകൾക്ക്‌ പുറത്തിറങ്ങാനും സാധനങ്ങൾ വാങ്ങാനും ബന്ധു/സുഹൃദ്‌ സന്ദർശനങ്ങൾ നടത്താനും വിദ്യാഭ്യാസ, തൊഴിൽ, ആരാധനാ, ചികിത്സാ ആവശ്യങ്ങൾ നിവൃത്തിക്കാനുമുള്ള സാഹചര്യമാണ്‌ ഇതുവഴി നിഷേധിക്കപ്പെടുന്നത്‌.

മുഖാവരണം പൊതുസ്ഥലത്തെ മുസ്‌ലിം സ്ത്രീവസ്ത്രത്തിന്റെ അനിവാര്യതാൽപര്യമാണോ എന്ന കാര്യത്തിൽ ഇസ്‌ലാമിക പണ്ഡിതന്മാർക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ട്‌. മുഖവും മുൻകയ്യും ഒഴിച്ചുള്ള ശരീരഭാഗങ്ങൾ മാത്രമാണ്‌ ഹിജാബിന്റെ പരിധിയിൽ വരുന്നത്‌ എന്നാണ്‌ ഒരു വിഭാഗം പണ്ഡിതന്മാരുടെ വീക്ഷണം. എന്നാൽ മുഖവും മറയ്ക്കേണ്ടതുണ്ട്‌ എന്ന വീക്ഷണമുള്ള പ്രഗൽഭരായ മുസ്‌ലിം പണ്ഡിതന്മാർ ഇസ്‌ലാമിന്റെ ആദ്യനൂറ്റാണ്ടുകൾ മുതൽ തന്നെ ഉണ്ട്‌. അവരുടെ അഭിപ്രായത്തെ പിന്തുടർന്നുകൊണ്ട്‌ സ്ത്രീകൾ മുഖം മറയ്ക്കുന്ന പാരമ്പര്യം മുസ്‌ലിം ലോകത്തുടനീളം ശക്തമായി നിലനിൽക്കുന്നതാണ്‌. അത്തരം സ്ത്രീകളെ മുഖം തുറന്നിടാൻ നിർബന്ധിക്കുന്നത്‌ അവരുടെ മതസ്വാതന്ത്ര്യം നിഷേധിക്കലാണ്‌. ഈ അക്രമം ആണിപ്പോൾ ഡെന്മാർക്കിൽ സംഭവിക്കുന്നത്‌. അതിനിടെ, മുഖം തുറന്നിട്ടുകൊണ്ടുള്ള മുസ്‌ലിം ശിരോവസ്ത്രവും നിരോധിക്കപ്പെടേണ്ടതാണെന്നും അതാണ്‌ തങ്ങളുടെ അടുത്ത ലക്ഷ്യം എന്നും ഡാനിഷ്‌ പീപ്പ്ൾസ്‌‌ പാർട്ടി നേതാവ്‌ പറഞ്ഞതായി സി എൻ എൻ റിപ്പോർട്ട് ചെയ്തിട്ടുണ്ട്‌.