Logo

 

അകവും പുറവും മരവിച്ച നമ്മുടെ കാലത്തെക്കുറിച്ച് മൂന്ന് കവിതകള്‍

29 March 2017 | Fiction

By

സത്യം

എത്ര സത്യങ്ങളെയാണ്

മുറ്റമടിച്ചപ്പോൾ

വെറുതെ ചൂലുകൊണ്ട്

തോണ്ടിയെറിഞ്ഞത്?

പൊരിവെയിലത്തും

എത്ര നുണകളെയാണ്

നട്ടുവളർത്തിയത്!

എന്നിട്ടും,

പെരുമഴയത്ത് ഇന്നലെ

വേരറ്റ്‌ ഒലിച്ച

നുണ ഇരുന്നിടത്ത് അതാ

മുളച്ചിരിക്കുന്നു,

പഴയ സത്യങ്ങൾ.

മരം

ഇലയില്ലാത്ത

ചില്ലകളില്ലാത്ത

മരങ്ങൾ മതി..

ഓടിത്തളരുമ്പോൾ

ഇരിക്കാൻ തണൽ തരരുത്

വാടി വീഴുമ്പോൾ

താങ്ങായ് ചില്ലകളും..

വെയിലിൽ വെന്തു നാം

പാകമാവട്ടെ,

കരിഞ്ഞുതീരട്ടെ

വെറും പുറം മോടികൾ.

നിഴലു വീഴാത്ത വാക്കുകളിൽ

പകലു മായാത്ത ചിരികളിൽ

വീണ്ടുമെന്നും

തണൽ നിറയട്ടെ..

മാവേലി

എവിടെയാണ്?

ഏതു പാതാളത്തിലാണ്

കാലം ഇപ്പോഴും

മാവേലിയെ തടവിലിട്ടിരിക്കുന്നത്?

എന്തേ?

വർഷാവർഷം

ഒരൊറ്റ ദിവസത്തെ

പരോൾ മാത്രം?

ഏതു വകുപ്പാണിത്?

പല ജന്മങ്ങളിവിടെ

വന്നുപോയിട്ടും തീരാത്ത

ജീവപര്യന്തം!!

നന്നായി!

എത്ര നല്ലതാണ്,

പക കത്തുന്ന

നെഞ്ചിൻ കൂടിനെക്കാൾ

ചവിട്ടിമെതിക്കപ്പെട്ട

സത്യങ്ങളുറങ്ങുന്ന

പാതാളക്കുഴി!!

 


Tags :


ദിൽറുബ .കെ