Logo

 

കേരള മുസ്‌ലിംകളിലേക്ക്‌ ആഗോള ശീഇസം പാലങ്ങൾ പണിയുന്നു

8 June 2017 | Interview

By

അഭിമുഖം/അബ്ദുർറഹ്മാൻ ആദൃശ്ശേരി

കോട്ടക്കൽ: കേരളത്തിൽ ശീഈ മുസ്‌ലിംകളുണ്ടോ? ഇല്ലെന്നാണ്‌ സമുദായം പൊതുവിൽ മനസ്സിലാക്കി വരുന്നത്‌. കൊളോണിയൽ മലബാറിലെ കൊണ്ടോട്ടി കൈക്കാർ ശീഇകളായിരുന്നുവെന്നും അവർ വഴിയും സ്വൂഫിസത്തിന്റെ വിവിധ  കൈവഴികൾ വഴിയും കേരളത്തിലെ മുസ്‌ലിംകൾക്കിടയിൽ പല ശീഈ ആശയങ്ങളും സ്വാധീനം നേടിയിട്ടുണ്ടെന്നും ചരിത്രജ്ഞാനമുള്ളവർക്ക്‌ ബോധ്യമുണ്ടാകും. എന്നാൽ അതിനപ്പുറത്ത്‌ ബോധപൂർവം തന്നെ ശീഇകൾ ആയി ജീവിക്കുകയോ ശീഇസം പ്രചരിപ്പിക്കുവാൻ വേണ്ടി അധ്വാനിക്കുകയോ ചെയ്യുന്ന ആളുകൾ കേരളത്തിൽ ഉണ്ടോ? ഉണ്ടെന്നാണ്‌ ഫാറൂഖ്‌ റൗദതുൽ ഉലൂം അറബിക്‌ കോളജിലെ അധ്യാപകനും എഴുത്തുകാരനും ആയ അബ്ദുർറഹ്‌മാൻ ആദൃശ്ശേരി തെളിവുകൾ നിരത്തി സ്ഥാപിക്കാൻ ശ്രമിക്കുന്നത്‌.

കേരളത്തിൽ സുന്നീ മുസ്‌ലിംകൾ മാത്രമേയുള്ളൂ എന്ന സങ്കൽപം ശരിയല്ലെന്നും ആഗോള തലത്തിലുള്ള ശീഈ പദ്ധതികളുടെ ഭാഗമായി കേരള മുസ്‌ ലിംകളെ ശീഈവൽകരിക്കാനുള്ള ആസൂത്രിതമായ പരിശ്രമങ്ങൾ നടക്കുന്നുവെന്നും അതിന്റെ ഫലമായി ശീഈ വിശ്വാസങ്ങളും ആചാരങ്ങളും കേരളത്തിലെ സുന്നികൾക്കിടയിലേക്ക്‌ നുഴഞ്ഞുകയറുക മാത്രമല്ല, പ്രതിബദ്ധതയുള്ള ശീഈ ആശയപ്രചാരകരും കറകളഞ്ഞ ശീഇകളും ഇവിടെ ജന്മം കൊള്ളുക കൂടി ചെയ്തുകൊണ്ടിരിക്കുന്നുവെന്നുമാണ്‌ ആദൃശ്ശേരിയുടെ നിരീക്ഷണം. മുജാഹിദുകളും സുന്നികളും ജമാ അത്തുകാരുമെല്ലാം ഈ വിഷയത്തിൽ കനത്ത ജാഗ്രത കൈവരിക്കണമെന്നും ഇല്ലെങ്കിൽ വളരെ പ്രത്യക്ഷമായിത്തന്നെ ശീഇസം കുറഞ്ഞ കാലത്തിനുള്ളിൽ കേരളത്തിൽ ഫണം വിടർത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

? ശീഇകൾക്കെതിരായ പ്രചരണങ്ങളിൽ പ്രകോപിതരാകുന്നവരാണ്‌ കേരളത്തിലെ പല മുസ്‌ലിം പണ്ഡിതന്മാരും ബുദ്ധിജീവികളും. സുന്നികൾ ആണ്‌ ഇവരെല്ലാം. എന്നാൽ കേരളത്തിന്റെ അന്തരീക്ഷത്തിൽ ഇത്‌ അനാവശ്യമായ ബഹളം ആണെന്നും ശീഈ-സുന്നീ ഐക്യമാണ്‌ കാലഘട്ടത്തിന്റെ ആവശ്യമെന്നും മുസ്‌ലിംകളെ ഭിന്നിപ്പിക്കാനുള്ള സാമ്രാജ്യത്വ തന്ത്രത്തെയാണ് ശീഈ/ഇറാൻ വിരുദ്ധ ലേഖനങ്ങളും പ്രഭാഷണങ്ങളും വിജയിപ്പിക്കുന്നത്‌ എന്നും അവർ വാദിക്കുന്നു. എന്താണ്‌ താങ്കൾക്ക്‌ പറയാനുള്ളത്‌?

-കാര്യങ്ങൾ മനസ്സിലാക്കാതെയാണ്‌ അവർ സംസാരിക്കുന്നത്‌. സുന്നീ-ശീഈ ഐക്യത്തിന്റെ ബാനർ ഉയർത്തി സുന്നികളെ ഉറക്കിക്കിടത്തുകയും വളരെ രഹസ്യമായി സുന്നീ വിരുദ്ധ ഗൂഡാലോചനകൾ നടത്തുകയും ചെയ്യുകയാണ്‌ ശീഅ നേതാക്കാളുടെ എക്കാലത്തെയും രീതി. വിപ്ലവാനന്തര ഇറാൻ ചെയ്തതും അതുതന്നെയാണ്‌. ഇസ്‌ലാമിന്റെ മേൽവിലാസത്തിൽ നടന്ന രാഷ്ട്രീയ വിപ്ലവം എന്ന നിലയിൽ സുന്നീ ഇസ്‌ലാമിസ്റ്റുകൾ  അന്ധമായി അതിനെ പിന്തുണച്ച്‌ വിഡ്ഢികൾ ആവുകയായിരുന്നു. അന്താരാഷ്ട്ര തലത്തിൽ ഇഖ്‌വാൻ ലൈനിലുള്ള പലർക്കും കഴിഞ്ഞ ഏതാനും വർഷങ്ങളിൽ ഇത്‌ മനസ്സിലായിത്തുടങ്ങിയിട്ടുണ്ട്‌. കുവൈത്തിലെ ഇഖ്‌വാനികൾ കഴിഞ്ഞ അഞ്ചാറു വർഷക്കാലമായി കടുത്ത രീതിയിൽ ശീഈ വിമർശകരും ഇറാൻ വിരുദ്ധരുമാണ്‌.   അവരുടെ മുജ്തമഅ് വാരികയിൽ ഈ കാലയളവിൽ വന്ന ലേഖനങ്ങൾ എന്നെപ്പോലുള്ളവരെ വളരെയധികം സഹായിച്ചിട്ടുണ്ട്‌. ആദ്യം ഇറാൻ അനുകൂലികളായിരുന്ന അവർ പിന്നീട്‌ കുവൈത്തിലെ ശീഇകളിൽ നിന്നുണ്ടായ ദുരനുഭവങ്ങളിൽ നിന്നും സിറിയയിലും ഇറാക്വിലും സുന്നികൾക്ക്‌ ശീഇകളിൽ നിന്നനുഭവിക്കേണ്ടി വന്ന പീഡനങ്ങളിൽ നിന്നും പാഠം പഠിക്കുകയായിരുന്നു.

സിറിയയിൽ നടന്ന സുന്നീ മനുഷ്യക്കുരുതിക്കുശേഷവും ഇറാന്‌ വക്കാലത്ത്‌ പറയാൻ മാത്രം ‘നിഷ്‌കളങ്കത’ നമുക്കുണ്ടാകാൻ പാടുണ്ടോ? ഇഖ്‌വാൻ ധാരയിൽ ജീവിച്ചിരിക്കുന്ന പണ്ഡിതന്മാരിൽ അഗ്രേസരൻ ഡോ. യൂസുഫുൽ ഖർദാവി ആണല്ലോ. അദ്ദേഹം ഈയടുത്തായി‌ എത്ര ശക്തമായാണ്‌ ശീഇകൾക്കും ഇറാനും എതിരെ സംസാരിച്ചുകൊണ്ടിരിക്കുന്നത്‌! നേരത്തെ സ്വീകരിച്ച നിലപാട്‌ തെറ്റായിരുന്നുവെന്ന് അദ്ദേഹം ഇപ്പോൾ തിരിച്ചറിയുന്നുണ്ട്‌. സുന്നീ-ശീഈ ഐക്യം എന്ന മിഥ്യ പ്രചരിപ്പിച്ച്‌ തന്റെ ആയുസ്സിലെ വിലപ്പെട്ട മുപ്പത്‌ വർഷങ്ങൾ താൻ നഷ്ടപ്പെടുത്തിക്കളഞ്ഞുവെന്ന് പോലും അദ്ദേഹത്തിന്‌ പറയേണ്ടി വന്നു. എന്നിട്ടും കേരളത്തിലെ ഇസ്‌ലാമിസ്റ്റ്‌ ധാരയിലെ ചിലർ പഴയ അബദ്ധങ്ങളിൽ പിടിച്ചുതൂങ്ങി നിൽക്കുകയാണ്‌. പക്ഷേ കാര്യങ്ങൾ മാറി വരും എന്നു തന്നെയാണ്‌ ഞാൻ പ്രതീക്ഷിക്കുന്നത്‌. കേരള ജമാഅത്തെ ഇസ്‌ലാമിയിലെ പല പ്രഗത്ഭരും ഇപ്പോൾ ഈ നിലപാടിന്റെ അപകടം വളരെ കൃത്യമായി തന്നെ തിരിച്ചറിഞ്ഞുതുടങ്ങിയിട്ടുണ്ട്‌. സുന്നീ ലോകത്തെ തന്നെ നിഷ്കാസനം ചെയ്യാനാണ്‌ ഇറാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്‌.

  യൂസുഫുൽ കർദാവി

? കേരളത്തിൽ എന്താണ്‌ ഈ ചർച്ചയുടെ പ്രസക്തി?

-ഇറാന്‌ വളരെ വിപുലമായ ശീഅവത്കരണ അജൻഡയാണ്‌ മുസ്‌ലിം ലോകത്തുള്ളത്‌. ഇൻഡ്യയും കേരളവുമൊന്നും അതിൽ നിന്ന് ഒഴിവല്ല. ഡൽഹിയിലെ ഇറാൻ കൾച്ചർ ഹൗസിന്റെ ‘സാംസ്കാരിക വിനിമയ’ പരിപാടികൾ ശ്രദ്ധിക്കുന്നവർക്കെല്ലാം ഇത്‌ വളരെ എളുപ്പത്തിൽ മനസ്സിലാകും. ഇൻഡ്യയിലെ സുന്നീ മുസ്ലിം സമൂഹത്തെ സ്വാധീനിക്കാൻ കഴിയുന്ന പ്രതിഭാശാലികളായ ബുദ്ധിജീവികളെയും എഴുത്തുകാരെയും പാട്ടിലാക്കി അവർ വഴി ഇവിടുത്തെ സുന്നികളെ ശീഅവൽകരിക്കുകയാണ്‌ ഇറാന്റെ സ്റ്റ്രാറ്റജി. സിമി നേതാവായിരുന്ന എൻ. വി. ഫദ്‌ലുല്ലയുടെ നേതൃത്വത്തിൽ അരീക്കോട്ട്‌ സ്ഥാപിക്കപ്പെട്ട ഇസ്ലാമിക്‌ ഫൗണ്ടേഷൻ വളരെ കൃത്യമായ ഒരു ഇറാൻ പദ്ധതി ആയിരുന്നില്ലേ? സി. ഹംസ, എം. എ. കാരപ്പഞ്ചേരി തുടങ്ങിയ അന്നത്തെ സിമി എഴുത്തുകാരെ ഉപയോഗിച്ച്‌ ഇറാനിൽ നിന്ന് വന്ന ഖുമയ്നിയുടെയും അലി ശരീഅത്തിയുടെയും മുർതദാ മുത്വഹ്ഹരിയുടെയുമൊക്കെ പച്ചയായ ശീഅ സാഹിത്യങ്ങൾ എത്രയോ എണ്ണം ഫൗണ്ടേഷൻ മലയാളത്തിലേക്ക്‌ വിവർത്തനം ചെയ്ത്‌ പ്രസിദ്ധീകരിച്ച്‌  മലബാറിലെ വായനാതൽപരരും അഭ്യസ്തവിദ്യരുമായ സുന്നീ മുസ്‌ലിം ചെറുപ്പക്കാർക്കിടയിൽ വിതരണം ചെയ്തു.

കോഴിക്കോട്‌ ആർ. ഇ. സിയിലും മറ്റുമായി ഇറാനിയൻ വിദ്യാർത്ഥികൾ ധാരാളമായി മുമ്പ്‌ പഠിച്ചിരുന്നു. അവരുമായുള്ള സമ്പർക്കമാകാം ഇറാൻ ഭക്തിയുടെ ഒരു തരംഗം സിമിയിൽ ഉണ്ടാക്കിയത്‌. ഇപ്പോൾ കോഴിക്കോട്ട്‌ അദർ ബുക്ക്സ്‌ നടത്തുന്ന ഡോ. ഔസാഫ്‌ അഹ്സൻ സിമിയുടെ പ്രസിഡെന്റ്‌ ആയതോടെ കാര്യങ്ങൾ ശരിക്കും വഷളായി. സിമി പ്രവർത്തകരെ പൂർണമായി ശീഈവൽകരിക്കുകയായിരുന്നു ഔസാഫിന്റെ അജൻഡ. അതിനെതിരിൽ സംഘടനക്കുള്ളിൽ നിന്ന് പ്രതികരിക്കാൻ ശ്രമിച്ച ചിലരും ഉണ്ടായിരുന്നു. ആദ്യം ഇറാനിയൻ ബുദ്ധിജീവികളിലേക്കും തുടർന്ന് അവരുപയോഗിച്ച ശീഈ രൂപകങ്ങളിലേക്കും ആകൃഷ്ടരാവുകയും അതുവഴി ശീഇസത്തിന്റെ സ്വാധീനം വരികയും ചെയ്ത നിരവധി ധിഷണാശാലികളെ ഔസാഫ്‌ കാലഘട്ടം സിമിയിൽ ‘വളർത്തിയെടുത്തു.’

സി. ഹംസ

? സിമി തന്നെ നാമാവശേഷമായി. കഴിഞ്ഞ ഒരു കാലത്തെക്കുറിച്ചാണ്‌ താങ്കൾ സംസാരിക്കുന്നത്‌. മരിച്ചുപോയ ആ ഭൂതകാലം ഇപ്പോൾ എന്ത്‌ അപകടം ഉണ്ടാക്കുമെന്നാണ്‌ നാം ഭയപ്പെടേണ്ടത്‌?

– ആ ‘ഭൂതം’ മരിച്ചുവെന്നത്‌ നമ്മിൽ പലരുടെയും തെറ്റിദ്ധാരണ മാത്രമാണ്‌. ഇപ്പറഞ്ഞവരുടെയും അവർ വളർത്തിയെടുത്തവരുടെയും തലച്ചോറിൽ നിന്ന് ഇതെല്ലാം കൊഴിഞ്ഞുപോകാൻ മാത്രമുള്ള ഒന്നും ഇക്കാലയളവിൽ ഉണ്ടായിട്ടില്ല.  അവരെല്ലാം ഇന്നും മുസ്‌ലിം കേരളത്തിൽ പല വിധത്തിലുള്ള സാംസ്കാരിക പ്രവർത്തനങ്ങളുമായി സജീവവുമാണ്‌. എ. കെ. അബ്ദുൽ മജീദ്‌ ആ നിരയിൽ പെട്ട ഒരാളാണ്‌. പല സുന്നീ മുസ്‌ലിം പ്രസിദ്ധീകരണങ്ങളിലും അദ്ദേഹം എഴുതുന്നു. ‘ഭൂതം’ കൂടൊഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹത്തിന്റെ എഴുത്തുകൾ സൂക്ഷ്മമായി പിന്തുടർന്നാൽ പണ്ഡിതന്മാർക്ക്‌ മനസ്സിലാക്കാവുന്നതേ ഉള്ളൂ. മറ്റൊരാൾ ആയിരുന്നല്ലോ പ്രൊഫ. പി. കോയ.  എൻ. ഡി. എഫിന്റെയും അതിന്റെ രൂപാന്തരങ്ങളുടെയും തേജസിന്റെയുമൊക്കെ പിന്നിലുള്ള തലച്ചോർ പ്രധാനമായും അദ്ദേഹത്തിന്റേതാണ്‌. അവരുടെ പ്രസിദ്ധീകരണങ്ങളും പരിപാടികളും ഇപ്പോഴും ഇറാൻമയമായി നിൽക്കുന്നത്‌ ആർക്കും കാണാം. എന്നാൽ ഇപ്പോൾ എൻ. ഡി. എഫിനുള്ളിലും ഇത്‌ തിരിച്ചറിഞ്ഞു തുടങ്ങുന്നവർ ഉണ്ടെന്ന് തോന്നുന്നു. തേജസിന്റെ ഏതാനും ലക്കങ്ങളിൽ ഈയിടെ ഇറാൻ വിരുദ്ധ ലേഖനങ്ങൾ ഇടം പിടിച്ചത്‌ അതിന്റെ ഫലമായിരിക്കണം. അതേതായാലും ശുഭോദർക്കമാണ്‌.

ഇനി മുഖ്യ സൂത്രധാരൻ ഔസാഫ്‌ അഹ്സന്റെ കാര്യം എടുക്കുക. രണ്ടായിരാമാണ്ടിൽ ജൂലൈ മാസം ഒന്നാം തിയതി പുറത്തിറങ്ങിയ ശീഈ അനുകൂല കനേഡിയൻ പ്രസിദ്ധീകരണമായ Crescent Internationalൽ പോലും ഔസാഫിന്റെ ശീഅ അനുകൂല എഴുത്തുണ്ട്‌; അതും ഇമാം ഖുമയ്നിയെയും ശീഇകളുടെ ‘വിലായതെ ഫക്വീഹ്‌’ സിദ്ധാന്തത്തെയും പുകഴ്ത്തുകയും അതിനെ അംഗീകരിക്കാത്തതിന്‌ സുന്നികളെ വിമർശിക്കുകയും ചെയ്തുകൊണ്ടുള്ള കുറിപ്പ്‌! ഔസാഫിന്‌ ഒരു മാറ്റവും വന്നിട്ടില്ലെന്ന് അതുതന്നെ തെളിയിക്കുന്നുണ്ട്‌. അദ്ദേഹത്തിന്‌ ചുറ്റും ഇപ്പോൾ മുസ്‌ലിം ചെറുപ്പക്കാരുടെ വലിയൊരു നിരയുണ്ട്‌; ചരിത്രം മുതൽ ഫെമിനിസം വരെ ഒരു വിപ്ലവ ഇറാൻ പരിപ്രേക്ഷ്യത്തിൽ വായിച്ചുകൊടുക്കുന്ന ആചാര്യൻ ആണ്‌ അവർക്ക്‌ ഔസാഫ്‌. ഇറാൻ കൾച്ചറൽ ഹൗസുമായി അദ്ദേഹം അടുത്ത ബന്ധം പുലർത്തുന്നു.

അദർ ബുക്സ്‌ ആണല്ലോ അദ്ദേഹത്തിന്റെ ഇപ്പോഴത്തെ തട്ടകം.  അദർ എന്ന പേരുപോലും അദ്ദേഹത്തിന്‌ കിട്ടുന്നത്‌ അതേ പേരിലുള്ള ഒരു വിദേശ ശീഈ പ്രസാധനാലയത്തോടുള്ള ആരാധനയിൽ നിന്നാണ്‌. പഴയ ഇസ്‌ലാമിക്‌ ഫൗണ്ടേഷൻ പ്രസിദ്ധീകരണങ്ങൾ ഇപ്പോൾ കേരളത്തിൽ വാങ്ങാൻ കിട്ടുന്നത്‌ അദർ ബുക്സിൽ ആണ്‌. അത്‌ പോരാഞ്ഞിട്ട്‌ പുതിയവ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു. നിങ്ങൾക്കറിയുമോ, ഏറ്റവും ഒടുവിൽ ഏതാനും മാസങ്ങൾക്കുമുമ്പ്‌ ശാന്തപുരം ജാമിഅ അൽ ഇസ്‌ലാമിയ്യയിൽ ഒരു ശീഅ-സുന്നീ സംവാദം നടന്നു. ശീഅ പക്ഷത്തിനുവേണ്ടി സംസാരിച്ചത്‌ സാക്ഷാൽ ഡോ. ഔസാഫ്‌ അഹ്സൻ! താൻ ഒരു ശാഫിഈ സുന്നിയാണെങ്കിലും അവർക്കുവേണ്ടി സംസാരിക്കുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ വിചിത്രമായ അവകാശവാദം. ഇദ്ദേഹത്തിനുചുറ്റും ഇപ്പോഴുള്ള ‘ബുദ്ധിജീവി വലയ’ത്തിൽ  പ്രധാനമായും ഉള്ളത്‌ വിവിധ സർവകലാശാലകളിലെ മാപ്പിള സാമൂഹികശാസ്ത്ര വിദ്യാർത്ഥികൾ ആണ്‌. ശീഈവതകരണത്തിന്റെ ഭാവിപർവത്തിനും മനുഷ്യവിഭവശേഷി സജ്ജമായിക്കൊണ്ടിരിക്കുന്നുവെന്നർത്ഥം!

ഔസാഫ് അഹ്സൻ

? ചിന്തകൾ ശീഈവത്കരിക്കപ്പെട്ട ഈ പഴയ സിമി നേതാക്കളുടെ സ്വാധീനം സമുദായത്തിന്റെ ‘ബുദ്ധിജീവി പ്രാന്തങ്ങളിൽ’ ഒതുങ്ങുന്ന ചില ധൈഷണിക കൈമാറ്റങ്ങളായി പരിമിതപ്പെടില്ലേ? അതല്ലാതെ ശരിക്കും ഒരു ശീഈ തലമുറയെ ഒക്കെ അത്‌ സൃഷ്ടിക്കുമോ? മുഖ്യധാരാ മുസ്ലിം സംഘടനകളെ അത്‌ ബാധിക്കുമോ?

– ഒന്നാമതായി, ഇന്റലക്ച്വൽ ഡിസ്കോഴ്സുകൾ ആണ്‌ ഇവർ നിർമ്മിക്കുന്നത്‌. അത്‌ സമുദായത്തിന്റെ പൊതുബോധവും ലോകവീക്ഷണവും നിർമ്മിക്കുന്നതിൽ വലിയ പങ്കുവഹിക്കും.

രണ്ടാമതായി, ഇത്തരം ബുദ്ധിജീവികൾ മാത്രമല്ല ഇവിടെയുള്ള പ്രശ്നം. ഇസ്ലാമിക്‌ ഫൗണ്ടേഷന്റെ തൂലികാ നെടുംതൂണുകളിൽ ഒരാളായിരുന്നു സി. ഹംസ. ഞാൻ മനസ്സിലാക്കുന്നേടത്തോളം ഹംസ അന്നുമുതൽ ഇന്നുവരെ ഒരു കറതീർന്ന ശീഇ ആണ്‌; ആത്മാർഥതയുള്ള, ഭക്തനായ ശീഇ. ലളിതജീവിതം നയിക്കുന്ന, ഒരു സാധാരണക്കാരന്റെ മട്ടും ഭാവവും മാത്രമുള്ള, സാത്വിക പരിവേഷമുള്ള ഹംസ ഒരു സ്വൂഫിയെപ്പോലെയാണ്‌ അനുയായികൾക്കിടയിൽ പരിഗണിക്കപ്പെടുന്നത്‌. എവിടെയാണ്‌ ഇന്ന് ഹംസ? ഇ. കെ വിഭാഗം സുന്നികളുടെ ആവേശമാണ്‌ ഇന്ന് അദ്ദേഹം! കരുവാരക്കുണ്ട്‌ ദാറുന്നജാതിൽ അദ്ദേഹം കുടിയിരുത്തപ്പെട്ടിരിക്കുന്നു. ചെമ്മാട്‌ ദാറുൽ ഹുദയുടെ സന്തതികളിൽ മിക്കവർക്കും ഹംസ ഋഷിതുല്യനായ ആത്മീയാചാര്യൻ ആണ്‌. മുജാഹിദുകളെയും ജമാഅത്തുകാരെയും വിമർശിച്ചും സ്വൂഫിസം വെച്ചുവിളമ്പിയും ഹംസ ഒന്നാംതരം സുന്നിയായി സമസ്ത നേതാക്കൾക്കു മുന്നിൽ വിലസുന്നു.  ഇത്തരം അഭിനയങ്ങൾ ശീഇകൾക്ക്‌ ‘തക്വിയ്യ’ എന്ന പേരിൽ അറിയപ്പെടുന്ന മതപുണ്യമാണെന്ന് അറിവുള്ളവർക്ക്‌ ഹംസയുടെ ‘സമസ്ത ജീവിത’ത്തിൽ യാതൊരു അത്ഭുതവും തോന്നുകയില്ല. കാര്യങ്ങൾ മുഖ്യധാരാ മുസ്ലിം സംഘടനകളെയും സ്ഥാപനങ്ങളെയും അവിടങ്ങളിലെ മതവിദ്യാർഥികളെയുമെല്ലാം വിഴുങ്ങുന്ന അവസ്ഥയിലാണ്‌ ഉള്ളത്‌ എന്നാണ്‌ ഞാൻ പറഞ്ഞുവരുന്നത്‌.

കഴിഞ്ഞ വർഷങ്ങളിൽ കാന്തപുരം വിഭാഗം പ്രസിദ്ധീകരണങ്ങളുടെ മുൻകയ്യിൽ നടന്ന കേരള മുസ്ലിം നവോത്ഥാന ചരിത്രത്തിന്റെ ‘പുനർവായന’യെ പരിശോധിക്കുക. ‘രിസാല’ പോലുള്ള അവരുടെ ആനുകാലികങ്ങൾ അതിനുവേണ്ടി ഉപയോഗിച്ച ഡോ. പി. എ. അബൂബക്‌റിന്റെ രക്തപരിശോധന അദ്ദേഹത്തിന്റെ അഹ്ലുസ്സുന്നത്ത്‌ അല്ല, മറിച്ച്‌ ശീഅത്ത്‌ ആണ്‌ തെളിയിക്കുക. അവർ ഇതുപോലുള്ള കാര്യങ്ങൾക്കുപയോഗിക്കുന്ന
കെ. അബൂബക്‌റിനെപ്പോലുള്ളവരിലും ശീഈ ചിന്തയുടെ സ്വാധീനം കാണാം. വഹ്ഹാബിസത്തെ വിമർശിക്കാൻ ശീഇ ആയ ഹാമിദ്‌ ഗാറിന്റെ പുസ്തകം മലയാളത്തിലേക്ക്‌ വിവർത്തനം ചെയ്ത്‌ പ്രസിദ്ധീകരിക്കുന്ന ദുസ്ഥിതിയിൽ വരെ അവർ ചെന്നുപെട്ടു. ഇപ്പോൾ ഇതൊക്കെ ശരിയാണോ എന്ന ചോദ്യം അവർക്കുള്ളിൽ തന്നെ ഉയരാൻ തുടങ്ങിയിട്ടുണ്ട്‌.

?ഇതിന്റെയൊക്കെ ഫലമായി കേരളത്തിൽ ശീഇകൾ ഉണ്ടാകുന്നുണ്ടോ? അവരുടേതായ കൂട്ടായ്മകൾ രൂപപ്പെടുന്നുണ്ടോ?

-കേരളത്തിലെ മുസ്ലിം സംഘടനകളിലൊന്നുപോലും അർഹിക്കുന്ന ഗൗരവത്തോടുകൂടി മനസ്സിലാക്കിയിട്ടില്ലെങ്കിലും കേരളത്തിൽ ശുദ്ധ ശീഇകൾ ഉണ്ടായിവരുന്നു എന്നത്‌ സത്യമാണ്‌. ‘തക്വിയ്യതിന്റെ’ ഫലമായി ചുറ്റുമുള്ള സുന്നികൾക്ക്‌ അത്‌ മനസ്സിലാകുന്നില്ലെന്നേയുള്ളൂ. മുൻ സിമിക്കാരനും എഴുത്തുകാരനും എറണാകുളത്തുനിന്ന് പ്രസിദ്ധീകരിക്കുന്ന Al Harmony ഇംഗ്ലീഷ്‌ ആനുകാലികത്തിന്റെ പത്രാധിപരുമായ വി. എ. മുഹമ്മദ്‌ അശ്‌റഫ്‌ ഇങ്ങനെ കേരളത്തിൽ ശീഇകളെ വളർത്താൻ രഹസ്യമായി ശ്രമിച്ചുകൊണ്ടിരിക്കുന്ന ബുദ്ധിജീവികളിൽ പ്രമുഖനാണ്‌. അദ്ദേഹത്തിന്റെ ജാമാതാവും ശുദ്ധ ശീഇയും ആയ ജസ്ബീർ മുസ്തഫ ഈ ശ്രമങ്ങളിൽ നിർണായകമായ പങ്കു വഹിക്കുന്നു എന്നാണ്‌ ഞാൻ മനസ്സിലാക്കുന്നത്‌. എറണാകുളത്ത്‌ സി. ഹംസയും അശ്‌റഫും മുൻകയ്യെടുത്ത് ഈയിടെ സ്ഥാപിച്ച Thaqalayn Foundationന്റെ ലക്ഷ്യം ഇവിടെ ഒരു ശീഈ സമൂഹത്തെ സൃഷ്ടിക്കുകയാണ്‌. Thaqalaynന്റെ ഉദ്ഘാടനത്തിൽ റ്റി. എ. അഹ്മദ്‌ കബീർ പങ്കെടുത്തത്‌ എന്നെ തെല്ലും അത്ഭുതപ്പെടുത്തുന്നില്ല. അദ്ദേഹത്തിന്റെ ശീഈ/ഇറാൻ വിപ്ലവാഭിമുഖ്യം അടുത്തു പരിചയമുള്ളവർക്കൊന്നും മനസ്സിലാക്കാൻ പ്രയാസമുണ്ടാവില്ല.

സകലൈൻ ഫൗണ്ടേഷൻ ഉദ്ഘാടന വേദി

ഏകദേശം എഴുപതോളം ഭക്ത ശീഇകൾ ഇപ്പോൾ മലയാളി സുന്നികൾക്കിടയിൽ വളർന്നുവന്നിട്ടുണ്ട്‌. പൊന്നാനിയിൽ വെച്ച്‌ ഈയടുത്ത്‌ ഇവർ രഹസ്യയോഗം ചേർന്നിരുന്നു. വി. എ. എം. അശ്‌റഫും സി. ഹംസയും ആ യോഗത്തിൽ സംബന്ധിച്ചവരാണ്‌. ബുദ്ധിജീവികളേയും മാധ്യമപ്രവർത്തകരെയും മതപണ്ഡിതന്മാരെയും തങ്ങളുടെ പക്ഷത്തേക്ക്‌ കൊണ്ടുവരാൻ ഇവർ കിണഞ്ഞു ശ്രമിക്കുന്നുണ്ട്‌. മുമ്പ്‌ മാധ്യമം ദിനപത്രത്തിൽ ഉണ്ടായിരുന്ന, ഇപ്പോൾ മീഡിയാ വണ്ണിൽ ഉള്ള പി. ടി. നാസർ ഇപ്പ്പോൾ സോഷ്യൽ മീഡിയയിൽ ശീഈ സിദ്ധാന്തങ്ങളുടെ വിപണനവുമായി രംഗത്തുണ്ട്‌.

പി.ടി നാസർ

ജമാഅത്തെ ഇസ്‌ലാമിയിൽ നിന്ന് പുറത്താക്കപ്പെട്ട മുസ്തഫാ മൗലവിയും ശക്തമായി ശീഅയുടെ ആശയങ്ങൾ പ്രസംഗിക്കുന്നു. ഇറാൻ വല വിരിക്കുന്നത്‌ വലിയ ആസൂത്രണത്തോടെയാണെന്ന് ചുരുക്കം. സമുദായം ഉറക്കിൽ നിന്നുണർന്നിട്ടില്ലെങ്കിൽ അതിഭീകരമായ ആദർശ വ്യതിയാനങ്ങളാണ്‌ കൂടുകെട്ടാനിരിക്കുന്നത്‌ എന്ന തിരിച്ചറിവ്‌ എന്നെ അസ്വസ്ഥനാക്കുന്നു.

-അഭിമുഖത്തിലെ എല്ലാ വീക്ഷണങ്ങളും മില്ലി റിപ്പോർട്ടിന്റേത്‌ ആകണമെന്നില്ല. പ്രസക്തമായ മറുവാദങ്ങൾ പ്രസിദ്ധീകരിക്കാൻ സന്നദ്ധമാണ്‌-


mm

Admin