Logo

 

നിങ്ങൾ ധാരാവിയിൽ പോയിട്ടുണ്ടോ?

2 June 2017 | Feature

By

ബുർഹാൻ അലി

ധാരാവിയെക്കുറിച്ച്‌ കേൾക്കാത്തവരുണ്ടാകില്ല-ലോകത്തിലെ തന്നെ ഏറ്റവും വലിയ ചേരികളിലൊന്ന്; മുംബൈ മഹാനഗരത്തിൽ ഏറ്റവുമധികം ജനസാന്ദ്രതയുള്ള, എന്നാൽ ജീവിതസാഹചര്യങ്ങൾ ചിന്തിക്കാവുന്നതിലധികം പരിതാപകരമായ നഗരപ്രാന്തം. കുലാബയും മറൈൻ ഡ്രൈവും മലബാർ ഹിൽസും നിർമ്മിക്കുന്ന മുംബൈയുടെ പാശ്ചാത്യമാതൃകയിലുള്ള പുരോഗതിയുടെ കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യങ്ങളുടെ ഇരുണ്ട മറുവശം ഏറ്റവും ഭീകരമായി ദൃശ്യമാകുന്നത്‌ ധാരാവിയിൽ ആണ്‌. മൂലധന ശക്തികൾ അധ്വാനമൂല്യം ഊറ്റിക്കുടിച്ച്‌  ചവച്ചുതുപ്പിയ ജനകോടികളുടെ ചോരയും വിയർപ്പും നിലവിളികളും നിറഞ്ഞ പ്രാന്തപ്രദേശങ്ങൾ തന്നെയാണല്ലോ ഏത്‌ മഹാനഗരത്തിന്റെയും പളപളപ്പിന്റെ ഉപ്പും ചോറും!

ധാരാവിയുടെ ദൈന്യതയെ പൈങ്കിളിവൽകരിച്ച്‌ മധ്യവർഗ്ഗ കൗതുകങ്ങളെ സംതൃപ്തമാക്കുന്ന കാഴ്ചവസ്തുക്കളാക്കി അവിടുത്തെ ജീവിതങ്ങളെ ക്യാമറയിലേക്കും സിനിമയിലേക്കും പുസ്തകങ്ങളിലേക്കും പകർത്താൻ ആളുണ്ടായിട്ടുണ്ട്‌; അവ നൽകിയ വിവരങ്ങളിൽ നിന്നുണ്ടായ ധാരാവി കാണാനുള്ള കൗതുകത്തോടെ ചേരിയുടെ പരിസരങ്ങളിൽ അലഞ്ഞുതിരിഞ്ഞവരും കുറേയേറെ നമുക്കിടയിലുണ്ടാകാം. അതിനപ്പുറത്ത്‌ ധാരാവിയെ ഉള്ളിൽ പോയി തൊട്ടനുഭവിക്കുകയും ഉൾകൊള്ളുകയും ചെയ്ത എത്ര പേരുണ്ട്‌? അത്‌ നൽകുന്ന തിരിച്ചറിവുകളെ ഉൽപാദനക്ഷമമാക്കിത്തീർക്കാൻ നമ്മിലെത്ര പേർക്ക്‌ കഴിയും?

മുംബൈ സബർബൻ റ്റ്രെയ്നിൽ ചർച്ച്‌ ഗെയ്റ്റ്‌ ലെയ്നിൽ യാത്ര ചെയ്താൽ ആർക്കും എത്താവുന്ന സ്റ്റേഷൻ ആണ്‌ മാഹിം ജംഗ്ഷൻ. സ്റ്റേഷനു പുറത്തുകടന്ന് ഒരു ചെറിയ മേൽപാലം ഇറങ്ങിയാൽ ധാരാവിയിലേക്ക്‌ പ്രവേശിക്കാം. മാഹിം ദ്വീപ്‌ ആണ്‌ പിന്നീട്‌ നഗരരൂപീകരണത്തിന്റെ ഫലമായി ചേരിയായി ‘വികസിച്ചതും’ ധാരാവി ആയി അറിയപ്പെട്ടതും. ധാരാവി എന്നാൽ ധാര/പ്രവാഹം എന്നർത്ഥം. അണമുറിയാത്ത മനുഷ്യമഹാ പ്രവാഹമാണല്ലോ ധാരാവി! സ്വന്തം പേരിലല്ലാത്ത ഭൂമിയിൽ ജീവിതത്തിന്റെ രണ്ടറ്റങ്ങൾ കൂട്ടിമുട്ടിക്കാൻ തലമുറകളായി പാടുപെട്ടുകൊണ്ടിരിക്കുന്ന ലക്ഷക്കണക്കിനു പേർ ഏതാനും ചതുരശ്രകിലോമീറ്ററിൽ തിങ്ങിഞ്ഞെരുങ്ങുന്ന കാഴ്ച അവിടെ നിന്നാരംഭിക്കുന്നു. പ്രധാന നിരത്തിൽ നിന്ന് പലയിടങ്ങളിലായി ഉള്ളിലേക്ക്‌ വളഞ്ഞുപുളഞ്ഞ്‌ പോകുന്ന ഗല്ലികളാണ്‌ ധാരാവിയുടെ നാഡീഞ്ഞരമ്പുകൾ എന്ന് പറയാം. അവക്കുള്ളിലാണ്‌ ചേരിജീവിതങ്ങളുടെ സവിശേഷമായ പിടച്ചിലുകളെല്ലാമുള്ളത്‌.

ധാരാവിയുടെ ഒരറ്റത്തുനിന്ന് ഉള്ളിലേക്ക്‌ കടക്കാൻ ശ്രമിച്ചാൽ നാം കാണുന്നത്‌ മുഴുവൻ ഇടുങ്ങിയ ഫാക്റ്ററികൾ ആണ്‌. അവയിൽ എല്ലുമുറിയെ തുച്ഛമായ വേതനത്തിന്‌ പണിയെടുക്കുകയും അവിടെ മെഷീനുകൾക്കിടയിൽ തന്നെ പാർക്കുകയും ചെയ്യുന്ന മനുഷ്യർ. മുബൈയുടെ പ്ലാസ്റ്റിക്‌ റീസൈക്ലിംഗ്‌ ഹബ്‌ ആണ്‌ ധാരാവിയുടെ ഈ ഭാഗം. നഗരത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിൽ നിന്ന് ഉപയോഗശേഷം ഉപേക്ഷിക്കപ്പെടുന്ന അസംഖ്യം പ്ലാസ്റ്റിക്‌ വസ്തുക്കൾ ഇവിടെ കൊണ്ടുവന്ന് നിക്ഷേപിക്കപ്പെടുന്നു. ചേരിയുടെ ഈ ഭാഗത്തെ ഒന്നിനോടൊന്ന് ചേർന്നുനിൽക്കുന്ന പഴയ ചെറിയ കെട്ടിടങ്ങളിൽ അവ ഗുണനിലവാരത്തിനനുസരിച്ച്‌ തരം തിരിക്കപ്പെടുകയും തീരെ ചെറിയ ചീളുകളായി മാറുകയും പുതിയ നിറങ്ങളിൽ പുതിയ പ്ലാസ്റ്റിക്‌ ഷീറ്റുകൾ ആയി മാറുകയും ചെയ്യുന്നു. ഇൻഡ്യയുടെ വ്യത്യസ്ത ഭാഗങ്ങളിൽ നിന്നും ബംഗ്ലാദേശിൽ നിന്നും നേപ്പാളിൽ നിന്നും വരെയുള്ള തൊഴിലാളികൾ ധാരാവിയിൽ വന്നുനിന്ന് നടത്തുന്ന മഹായജ്ഞമാണിത്‌; മുംബൈ മഹാനഗരത്തെ പ്ലാസ്റ്റിക്‌ മാലിന്യങ്ങളിൽ നിന്ന് രക്ഷപ്പെടുത്തുകയും അവയെ ഉൽപാദനക്ഷമമാക്കുകയും ചെയ്യുകയെന്ന സാമൂഹിക ദൗത്യം. ലക്ഷപ്രഭുക്കളായ പുറംനാട്ടുകാരുടേതാണ്‌ ഈ റീസൈക്ലിംഗ്‌ വ്യവസായശാലകൾ. അനാരോഗ്യകരമായ സാഹചര്യങ്ങളിൽ അവിടെ പണിയെടുക്കുന്ന അവിദഗ്ദ തൊഴിലാളി സമൂഹം വളരെ ചെറിയ പ്രായത്തിൽ തന്നെ കാൻസർ പോലുള്ള മാരകരോഗങ്ങൾക്ക്‌ കീഴടങ്ങുന്നു. തെരുവുകളിൽ നിറയെ പ്ലാസ്റ്റിക്‌ കൂനകളും മെഷീനുകളുടെ ഇരമ്പലും തൊഴിലാളികളുടെ നിശ്വാസങ്ങളും മാത്രം.

തൊട്ടടുത്ത്‌ തന്നെയാണ്‌ ധാരാവിക്കാർ തിങ്ങിത്താമസിക്കുന്നത്‌. മുസ്ലിംകൾ താമസിക്കുന്നവയാണ്‌ ധാരാവിയിലെ ഏറ്റവും ഇടുങ്ങിയ ഗല്ലികൾ. ഗല്ലി എന്ന് പറയുന്നതുപോലും ഇവിടെ ഒരു ഭംഗിവാക്കാണ്‌. ഒരാൾക്ക്‌ അപ്പുറത്തും ഇപ്പുറത്തുമുള്ള ചുമരുകളിലും മുകളിലുള്ള വയറുകളിലും പൈപ്പുകളിലും തട്ടാതെ നേരെച്ചൊവ്വെ നടക്കാനാകാത്ത, നട്ടുച്ചക്കുപോലും സൂര്യപ്രകാശം വന്നുവീഴാത്ത ഇടനാഴികളാണ്‌ ഇവിടെയുള്ളത്‌. അവയിലൂടെ അതിസാഹസികമായി നടക്കാൻ തീരുമാനിച്ചാൽ രണ്ടു വശത്തുമുള്ള ചുമരുകളിൽ തൊട്ടടുത്തായുള്ള വാതിലുകൾ ഓരോ ചെറിയ ഒറ്റമുറികളിലേക്ക്‌ തുറക്കുന്നതും അവക്കുള്ളിൽ സ്ത്രീകളും കുട്ടികളും ‘ജീവിക്കുന്നതും’ നിങ്ങൾക്ക്‌ കാണാം. അനേകമാളുകൾ താമസിക്കുന്ന ആ ഒറ്റമുറികൾ ഓരോ മുസ്ലിം വീടുകൾ ആണ്‌. തൊണ്ണൂറുകളിൽ സർക്കാർ അവിടെ വൈദ്യുതി എത്തിച്ചു. മുകളിൽ തൂങ്ങിക്കിടക്കുന്ന വൈദ്യുതി കമ്പികൾ. താഴെ ഏതാനും സമയം മാത്രം വെള്ളം വരുന്ന ചെറിയ ഇരുമ്പ്‌ പൈപ്പുകൾ. അവയിൽ നിന്ന് കുടുംബങ്ങൾ ഒരു ദിവസത്തേക്കാവശ്യമായ വെള്ളം ബാരലിൽ വരി നിന്ന് നിറക്കുന്നു. കുളിയും പ്രാഥമിക കൃത്യങ്ങളുമെല്ലാം ആ ചെറിയ ലോകത്ത്‌ നടക്കുന്നു. മുംബൈ കലാപം ധാരാവി മുസ്ലിംകളെ ശരിക്കും കടിച്ചുകുടഞ്ഞു. ഹിന്ദുക്കളും മുസ്ലിംകളും താമസം തീർത്തും വേർതിരിഞ്ഞത്‌ കലാപത്തിന്റെ അനന്തരഫലമെന്ന നിലയിൽ കൂടിയാണ്‌. ഇപ്പോൾ ഹിന്ദു-മുസ്ലിം സൗഹൃദം, ഇടകലർന്നുള്ള താമസം ഇല്ലെങ്കിലും, വീണ്ടെടുക്കാൻ പ്രദേശത്തിനായിട്ടുണ്ട്‌. മുസ്ലിം ഗല്ലികളുടെ ഭാഗമായി തുകൽ വ്യവസായം തഴച്ചുവളർന്നിരിക്കുന്നു. ആട്ടിൻ തോലിൽ നിന്ന് ഒന്നാം തരം ലതർ നിർമ്മിക്കുന്ന ഫാക്റ്ററികൾ മുസ്ലിം ഉടമസ്ഥതയിൽ വളർന്നുവന്നിരിക്കുന്നു.

ഹിന്ദു ഗല്ലികൾ താരതമ്യേന കൂടുതൽ വിശാലമാണ്‌. പപ്പട നിർമ്മാണവും കളിമൺ പാത്രവ്യവസായവുമാണ്‌ പ്രധാന ഉപജീവനോപാധികൾ. ധാരാവി ഹിന്ദുക്കൾക്കിടയിൽ വ്യാപകമായ സ്ത്രീധന സമ്പ്രദായത്തിന്റെ പ്രതിഫലനം എന്ന നിലയിൽ പെൺ ഗർഭഛിദ്രം വർദ്ധിക്കുകയും സ്ത്രീ-പുരുഷ അനുപാതത്തിൽ അപകടകരമായ വ്യതിയാനം വരികയും ചെയ്തത്‌ ഇവിടെ വലിയൊരു സാമൂഹിക വെല്ലുവിളിയായി മാറിയിരുന്നു. മുസ്ലിം ഗല്ലികളെ അപേക്ഷിച്ച്‌ തെരുവുകളിലൂടെ നടന്നാൽ ഉപജീവനാർത്ഥമുള്ള കൈത്തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്ന സ്ത്രീകളെ ഹിന്ദു ഗല്ലികളിൽ കൂടുതലായി കാണാം. തങ്ങളെ കെട്ടിച്ചയക്കാനുള്ള സ്ത്രീധനത്തുക കുടുംബത്തിന്‌ സമാഹരിച്ചുകൊടുക്കാനാണ്‌ ഇവരിൽ പലരും പപ്പടനിർമാണം പോലുള്ള തൊഴിലുകളിൽ കൗമാരത്തിലും യൗവനത്തിലും ബദ്ധശ്രദ്ധരാകുന്നത്‌.

ധാരാവിയിൽ തൊണ്ണൂറുകളുടെ പകുതിയിൽ സർക്കാർ പ്രദേശത്ത് തന്നെ നിർമിച്ചുനൽകിയ കെട്ടിടങ്ങളിലേക്ക്‌ താമസം മാറിയ കുടുംബങ്ങൾ ഉണ്ട്‌. എന്നാൽ ചേരിജീവിതം അക്ഷരാർത്ഥത്തിൽ തന്നെ തുടരുന്നവരാണ്‌ ബഹുഭൂരിപക്ഷവും. അവർ നമ്മോടും നമ്മുടെ സംവിധാനങ്ങളോടും ചോദ്യങ്ങൾ ചോദുക്കുന്നുണ്ട്‌; ആർക്കും എളുപ്പത്തിൽ മറികടന്നു പോകാനാവാത്ത ചോദ്യങ്ങൾ!


Tags :


mm

Admin