
എം മുഹമ്മദ് മദനി: വിടവാങ്ങിയത് ചരിത്രത്തിന്റെ സാക്ഷി
31 January 2025 | Obituary
കൊടിയത്തൂർ: ഇന്നലെ ഇവിടെ നിര്യാതനായ എം മുഹമ്മദ് മദനി, കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിന്റെ കൂടെ നടന്ന പണ്ഡിതനും പ്രഭാഷകനും അധ്യാപകനും സംഘാടകനുമായിരുന്നു.
പരമ്പരാഗതമായ മാപ്പിള അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിറഞ്ഞുനിന്നിരുന്ന ഒരു കുടുംബ പരിസരത്തിലായിരുന്നു 1940-കളിൽ കൊടിയത്തൂരിൽ മദനിയുടെ ബാല്യം. വിവിധ പള്ളിദർസുകളിൽ ചേർന്ന് പഠിച്ച് തന്റെ യാഥാസ്ഥിതിക ചുറ്റുപാടുകൾക്ക് അനുരൂപമായിത്തന്നെയാണ് മദനി വളർന്നത്. എന്നാൽ 1960-കളുടെ തുടക്കത്തിൽ പുളിക്കൽ മദീനത്തുൽ ഉലൂം അറബിക് കോളെജിൽ വിദ്യാർഥിയായി ചേർന്നത് ജീവിതത്തിൽ വഴിത്തിരിവായിത്തീർന്നു.
എം സി സി അബ്ദുർറഹ്‌മാൻ മൗലവിയായിരുന്നു അന്ന് കോളെജ് പ്രിൻസിപ്പൾ. മദനിയുടെ പിതൃസഹോദരൻ എം. ആലിക്കുട്ടി മൗലവി, കെ. സി. അലവി മൗലവി, പി. പി. അബ്ദുൽ ഗഫൂർ മൗലവി തുടങ്ങിയവർ അധ്യാപകരായിരുന്നു. മദീനത്തിലെ പഠനം വഴി മുജാഹിദായ മദനി, ഇസ്‌ലാഹീ പ്രഭാഷണ വേദികളിൽ സജീവമായിത്തീർന്നു. മരണാനന്തര ജീവിതം വശ്യമായി അവതരിപ്പിക്കുന്ന യുവപ്രഭാഷകൻ എന്ന നിലയിൽ ഇസ്‌ലാഹീ പ്രസ്ഥാനത്തിന്റെ പ്രഭാഷണ വേദികളുടെ അവിഭാജ്യ ഘടകമായി ചുരുങ്ങിയ കാലംകൊണ്ട് മദനി മാറുകയായിരുന്നു. കെ പി മുഹമ്മദ് മൗലവി പ്രിൻസിപ്പൾ ആയിരുന്ന അരീക്കോട് സുല്ലമുസ്സലാം അറബിക് കോളെജിൽ അധ്യാപകനായും മദനി നിയോഗിക്കപ്പെട്ടു. അവിടെത്തന്നെ അധ്യാപകനായിരുന്ന കെ കെ മുഹമ്മദ് സുല്ലമിയുമൊത്ത് കേരളത്തിലുനീളം മദനി ഇസ്‌ലാഹീ മതപ്രഭാഷണങ്ങൾ നടത്തി.
1967-ൽ മുജാഹിദ് യുവജന സംഘടന (ഐ എസ് എം) നിലവിൽ വന്നത് മുഹമ്മദ് മദനി സംസ്ഥാന സെക്രട്ടറി ആയിക്കൊണ്ടാണ്. ഐ എസ് എമ്മിന്റെ ആദ്യകാല വളർച്ചയിൽ പ്രധാന പങ്ക് വഹിച്ചത് മുഹമ്മദ് മദനിയുടെ സംസ്കരണ പ്രഭാഷണങ്ങളായിരുന്നു.
യുവാക്കളെ ഇസ്‌ലാമിക ജീവിതത്തിലേക്കും പ്രബോധന പ്രവർത്തനങ്ങളിലേക്കും പ്രചോദിപ്പിക്കാൻ അവയ്ക്കു കഴിഞ്ഞു.
കെ എസ് കെ തങ്ങൾ, ടി കെ മുഹ്‌യുദ്ദീൻ ഉമരി, പി.കെ. അലി അബ്ദുർറസാഖ് മദനി, ടി.പി. അബ്ദുല്ലക്കോയ മദനി, കെ.വി. മൂസ സുല്ലമി, ഡോ. കുഞ്ഞഹ്‌മദ് കുട്ടി തുടങ്ങിയവർ മദനിയുടെ ഐ എസ് എം കാല സഹപ്രവർത്തകരായിരുന്നു.
സുല്ലമുസ്സലാം വിട്ട് പുളിക്കൽ മദീനത്തുൽ ഉലൂമിൽ തന്നെ മദനി പിന്നീട് അധ്യാപകനായി. അവിടെ നിന്നു പ്രധാനാധ്യാപകനായാണ് വിരമിച്ചത്. പിൽകാലത്ത് എടവണ്ണ അൽജാമിഅതുന്നദ്‌വിയ്യയിലും പ്രധാനാധ്യാപകനായി പ്രവർത്തിച്ചിരുന്നു. ഈ സ്ഥാപനങ്ങളിൽ മദനിയുടെ വിദ്യാർഥികളായിരുന്നവരാണ് ഇപ്പോൾ മുജാഹിദ് പ്രവർത്തനങ്ങളുടെ മുൻനിരയിലുള്ള പലരും.

കെ പി മുഹമ്മദ് മൗലവിയെ ജനറൽ സെക്രട്ടറി ആക്കി കെ എൻ എം വ്യവസ്ഥാപിതമായ സംഘടനാ സ്വഭാവത്തോടെ സംസ്ഥാനത്തുടനീളം ശാഖകൾ രൂപീകരിച്ച് സജീവമായ 1970-കളുടെ തുടക്കം മുതൽ തന്നെ കെ എൻ എമ്മിന്റെ അറിയപ്പെട്ട മുഖങ്ങളിൽ ഒന്നായിരുന്നു മദനി. ‘മുജാഹിദ് പ്രസ്ഥാനത്തിന്റെ തലസ്ഥാന’മായ കോഴിക്കോട്ട് മദനി നാട്ടുകാരനെപ്പോലെ ആയിരുന്നു. വലിയങ്ങാടിയിലെ ഖലീഫ പള്ളിയിൽ പതിറ്റാണ്ടുകൾ മദനിയായിരുന്നു ഖതീബ്. ഭക്തിയും വിരക്തിയുമാണ് മദനി ഖുതുബകളിൽ ഊന്നിപ്പറഞ്ഞത്. അവസാന കാലത്ത് കോഴിക്കോട് ഇഖ്റഅ് ഹോസ്പിറ്റലിലെ പള്ളിയിൽ ആയിരുന്നു മദനിയുടെ വെള്ളിയാഴ്ച ഖുത്ബകൾ. സ്വന്തം നാടായ കൊടിയത്തൂരിൽ എല്ലാ വിഭാഗം മുസ്‌ലിങ്ങളും ഒന്നുചേർന്ന് ഖാദിയാനിലെ കള്ളപ്രവാചകന്റെ അനുയായികൾക്കെതിരിൽ നടത്തിയ മുബാഹലയിൽ മദനി ആയിരുന്നു മുസ്‌ലിം പക്ഷത്തിന്റെ നേതാവായി പ്രാർഥനയ്ക്ക് നിയോഗിക്കപ്പെട്ടത്.
മുസ്‌ലിം ഐക്യസംഘത്തിനു കീഴിൽ 1924-ൽ രൂപീകരിക്കപ്പെടുകയും പിന്നീട് എം സി സി യുടെ കാര്യദർശിത്വത്തിൽ പുളിക്കൽ മദീനതുൽ ഉലൂമിലേക്ക് ആസ്ഥാനം മാറ്റുകയും 1970-കളോടെ കെ എൻ എമ്മിന്റെ ഉലമാ ഉപരിസഭയായിത്തീരുകയും ചെയ്ത കേരള ജംഇയതുൽ ഉലമാ (കെ ജെ യു) യുടെ സെക്രട്ടറി എന്ന നിലയിലാണ് ഇരുപത്തൊന്നാം നൂറ്റാണ്ടിൽ മദനിയുടെ ഇസ്‌ലാഹീ സംഘടനാ ജീവിതം സജീവമായത്. പിന്നീട് കെ എൻ എം ജനറൽ സെക്രട്ടറിയും കെ ജെ യു അധ്യക്ഷനും ആയി അദ്ദേഹം നിയോഗിക്കപ്പെടുകയായിരുന്നു. കേരള ഹിലാൽ കമ്മിറ്റിയുടെ ചെയർമാൻ ആയും മദനി നിശ്ചയിക്കപ്പെട്ടു. ഈ ഉത്തരവാദിത്തങ്ങളിൽ ഇരിക്കെയാണ് മദനിയുടെ നിര്യാണം. കേരളത്തിലെ സലഫീ പണ്ഡിതന്മാരുടെ സംസ്ഥാനാധ്യക്ഷനും മുജാഹിദ് ബഹുജന സംഘടനയുടെ മുഖ്യകാര്യദർശിയും മാസപ്പിറവി വിഷയങ്ങളിലെ മുജാഹിദ് പ്രസ്ഥാനത്തിന്റെ അവസാന വാക്കും ആയിരിക്കവെ ആണ് മദനി വിട പറയുന്നത് എന്ന് ചുരുക്കം. കഴിഞ്ഞ ആറര പതിറ്റാണ്ടു കാലത്തെ ഇസ്‌ലാഹീ ചരിത്രത്തിന്റെ കൂടെ നടന്ന, അതിന്റെ ഏറ്റവും ഒത്ത നടുവിൽ ഉണ്ടായിരുന്ന ഒരാൾ ആയിരുന്നു എം മുഹമ്മദ് മദനി. മദീനതുൽ ഉലൂമിൽ വിദ്യാർഥി ആയി എത്തിയ ഒരാൾ, വഴിദൂരങ്ങൾ അനേകം താണ്ടി ആ സ്ഥാപനത്തിന്റെയും അതിന്റെ മാതൃപ്രസ്ഥാനത്തിന്റെയും പരമോന്നത സ്ഥാനങ്ങളിലിരുന്ന് വിട പറയുമ്പോൾ മണ്ണിലമരുന്നത് ചരിത്രത്തിന്റെ അപൂർവ സാക്ഷികളിലൊരാൾ കൂടിയാണ്.
അനുഷ്‌ഠാനപരമായ ചിട്ടകൾ പാലിക്കുന്നതിലെ സൂക്ഷമതയും സുന്നത്തുകൾ നിർവഹിക്കുന്നതിനോടുള്ള പ്രിയവും മനുഷ്യരോട് ഇടപെടുന്നതിലെ സ്വഭാവ നൈർമല്യവും വിനയവും മദനിയുടെ സവിശേഷതകളായിരുന്നു. മുജാഹിദ് യുവജന -വിദ്യാർഥി തലമുറകളും സംസ്ഥാനത്തിന്റെ നാനാ ഭാഗത്തുമുള്ള സാധാരണക്കാരായ പ്രസ്ഥാന ബന്ധുക്കളും ഏറ്റവും സ്വാതന്ത്ര്യത്തോടെയും സ്വാഭാവികമായും അദ്ദേഹത്തോട് ഇടപഴകി. കാണുമ്പോഴുള്ള പരിഗണനയും വാക്കുകളിലെ വാത്സല്യവും സുഖവിവര അന്വേഷണങ്ങളും ആളുകൾക്കദ്ദേഹത്തെ പ്രിയങ്കരനാക്കി. നിക്കാഹിന് മദനിയെക്കൊണ്ട് ഖുത്ബ നിർവഹിപ്പിക്കുന്നത് മുജാഹിദുകൾക്കിടയിൽ വ്യാപകമായിരുന്നു. മുജാഹിദ് മരണ വീടുകളിൽ വാർധക്യ സമയത്തും അവശതകൾ അവഗണിച്ച് ഓടിയെത്തുന്നത് മദനിയുടെ സ്വഭാവമായിരുന്നു. രാഷ്ട്രീയമായി മുസ്‌ലിം ലീഗ് അനുഭാവിയും ചന്ദ്രിക ദിനപത്രത്തിന്റെ സഹയാത്രികനുമായിരുന്നു യൗവനകാലം മുതൽക്കു തന്നെ എം മുഹമ്മദ് മദനി.
വെള്ളിയാഴ്ച അസറിനു കൊടിയത്തൂരിൽ വെച്ചാണ് ജനാസ നമസ്കാരവും ഖബ്റടക്കവും. പരേതന് അല്ലാഹു പൊറുത്തു കൊടുക്കുകയും കാരുണ്യം ചൊരിയുകയും ചെയ്യട്ടെ, അദ്ദേഹത്തിന്റെ ഖബ്റിടം അല്ലാഹു വിശാലമാക്കട്ടെ, അദ്ദേഹത്തിന് സ്വർഗം നൽകുകയും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ സ്നേഹത്തോടെ സ്വീകരിക്കുകയും ചെയ്യട്ടെ (ആമീൻ).