Logo

 

ഇന്ത്യയിൽ എന്തിനാണ് നമുക്ക് ഗ്വണ്ടാനാമോകൾ?

29 March 2017 | Feature

By

ഗ്വണ്ടാനാമോ! ഈ പേര് കേൾക്കാത്തവർ വളരെ ചുരുക്കമായിരിക്കും. അമേരിക്കയുടെ ഇറാഖ് അധിനിവേശത്തിന് ശേഷം യുദ്ധത്തടവുകാരായി പിടിക്കപ്പെട്ട ആയിരക്കണക്കിന് മനുഷ്യരെ കഠിന പീഢനങ്ങൾക്ക് വിധേയമാക്കിയിരുന്ന തടവറയുടെ പേരായിരുന്നല്ലോ ഗ്വണ്ടാനാമോ.
ഗ്വണ്ടാനാമോ തടവറയിൽ ജയിലധികൃതർ തടവ് പുളളികളോട് നടത്തിയിരുന്ന ക്രൂരമായ അതിക്രമങ്ങളുടേയും മനുഷ്യവകാശ ലംഘനങ്ങളുടേയും ചിത്രങ്ങളും വാർത്തകളും ലോകത്തെ പ്രധാന മാധ്യമങ്ങളൊക്കെയും നമുക്ക് മുമ്പിൽ വരച്ച് കാണിച്ച് തന്നിട്ടുണ്ട്. അന്നൊക്കെ അവ കാണുമ്പോഴും വായിക്കുമ്പോഴുമൊക്കെ പ്രതിഷേധത്തിന്റെ ഒരു തീപ്പൊരി നമ്മുടെ നെഞ്ചകത്ത് രൂപപ്പെട്ട് വരാറുമുണ്ടായിരുന്നു.

എന്നാൽ, അതിനോട് താരതമ്യം ചെയ്യാൻ പറ്റുന്ന ക്രൂരതകളും പീഢനങ്ങളും നമ്മുടെ രാജ്യത്തെ ജയിലുകളിൽ വിചാരണ നേരിടുന്ന ആയിരക്കണക്കിന് തടവുകാർ ഇന്നും അനുഭവിക്കേണ്ടി വരുന്നുണ്ടെന്ന സത്യം എന്ത് കൊണ്ടോ നാമറിയാതെ പോകുന്നു. അല്ലെങ്കിൽ എല്ലാവരാലും മറച്ച് വെക്കപ്പെടുന്നു. രാജ്യത്തെ ഇത്തരം തടവറകളിൽ പീഢിപ്പിക്കപ്പെടുന്നവരിൽ ഭൂരിഭാഗവും ഒരു പ്രത്യേക മതവിഭാഗത്തിൽ പെട്ടവരാണെന്ന കാര്യവും ഇതോടൊപ്പം ചേർത്ത് വായിക്കേണ്ടതും നമ്മെ ഏറെ ആശങ്കപ്പെടുത്തേണ്ടതുമാണ്.

ഇപ്പോഴിതിവിടെ എഴുതാൻ കാരണം, മുംബൈയിലെ ഇത്തരമൊരു തടവറയിൽ ഭീകരബന്ധം ആരോപിക്കപ്പെട്ട് കഴിയേണ്ടിവന്ന ചെറുപ്പക്കാരനായ ഒരു സഹോദരന്റെ ജയിലനുഭവങ്ങൾ കേൾക്കേണ്ടി വന്നതാണ്. ഏതൊരാളുടേയും കരളലിയിക്കുന്നതും ഞെട്ടിക്കുന്നതുമാണ് ആ ചെറുപ്പക്കാരൻ അനുഭവിച്ച പീഢനങ്ങൾ.
തീവ്രവാദ ഭീകരവാദ കേസുകളിൽ പിടിക്കപ്പെടുന്ന കുറ്റാരോപിതരെ പാർപ്പിക്കാൻ രാജ്യത്തെ ജയിലുകളിൽ പ്രത്യേകം പേരുകളുള്ള അറകളുണ്ടെന്ന വിവരം ആ ചെറുപ്പക്കാരനിൽ നിന്നാണ് അറിയാൻ കഴിഞ്ഞത്. ഒരാൾക്ക് ശരിയായി ഒന്ന് നിവർന്ന് നിൽക്കാൻ പോലും സാധിക്കാത്തവിധം അർദ്ധവൃത്താകൃതിയിലാണത്രേ ഇത്തരം അറകളുടെ മുകൾ ഭാഗം. ഇത്തരം ഒരറയിലാണ് നിരപരാധിയായ നമ്മുടെ ഒരു സഹോദരന് ആറ് മാസക്കാലം കഴിയേണ്ടി വന്നത് എന്നത് ഓർക്കാൻ പോലും സാധിക്കുന്നില്ല.

ഇത് മാത്രമല്ല ഇത്തരം അറകളുടെ പ്രത്യേകത. ഏത് നേരവും നേരിയ രീതിയിൽ വൈദ്യുതി പ്രവാഹമുള്ള കമ്പിവേലിയാൽ ചുറ്റപ്പെട്ടതാണത്രേ ഈ മുറി. മുറിയെന്നൊന്നും പറയാൻ പറ്റില്ല. ഒരാൾ ശരിയായൊന്ന് നിവർന്ന് കിടന്നാൽ ശരീര ഭാഗങ്ങൾ ചുറ്റിലുമുള്ള കമ്പിവേലിയിൽ തട്ടി ഷോക്കേറ്റ് തരിക്കുമത്രേ. അത്രക്ക് ഇടുങ്ങിയതാണ് ഈ മുറിയെന്നർത്ഥം.
ഇതിനോടു ചേർന്നു തന്നെയാണ് പ്രാഥമിക കർമ്മങ്ങൾ നിർവ്വഹിക്കാനുള്ള ക്ലോസറ്റും. ക്ലോസറ്റ് ഇടക്കൊക്കെ നിറഞ്ഞ് കവിയുമത്രെ. ആ സമയത്ത് ക്ലോസറ്റിൽ നിന്നുള്ള മലവും മൂത്രവുമൊക്കെ കിടക്കുന്ന സ്ഥലത്തേക്ക് വന്ന് ചേരും. പലപ്പോഴും വൃത്തിയാക്കിയിട്ട് പൂർണ്ണമായി അവ പോയില്ലെങ്കിൽ അതിൽതന്നെ കിടക്കേണ്ടിയും വരും.

ജയിലിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ, ജയിലിൽ പാലിക്കേണ്ട നിയമങ്ങൾ ഇംഗ്ലീഷിലും ഹിന്ദിയിലും രേഖപ്പെടുത്തിയ ഒരറയിപ്പ് കൊടുക്കുമത്രെ. അത് വായിച്ച് ഒപ്പിട്ട് കൊടുത്തിട്ട് വേണം ജയിലിലേക്ക് പ്രവേശിക്കാൻ. അതിൽ പറയുന്ന പ്രധാന നിബന്ധനകളിലൊന്ന്, തടവറക്കകത്ത് ഒന്നും സംസാരിക്കാൻ പാടില്ല എന്നതാണ്. ജയിലധികാരികളോട് വല്ലതം പറയണമെങ്കിൽ ആംഗ്യ ഭാഷയിലൂടെ മാത്രമേ കൈമാറാൻ പാടുളളൂ. അഥവാ അറിയാതെ വല്ലതും സംസാരിച്ച് പോയാൽ ഓരോ ജയിലറകളുടേയും മുൻവശത്തുളള സി.സി.ടി.വി വഴി ജയിലിലെ മേലധികാരികൾ അത് അറിയുകയും കഠിനമായ ശിക്ഷ വിധിക്കുകയും ചെയ്യുമത്രേ.

ജയിലിൽ ഉറങ്ങാനുള്ള സമയം രാത്രി പത്ത് മണി മുതൽ പുലർച്ച നാല് മണി വരേയും, ഉച്ചക്ക് ഒരു മണിക്കൂറുമാണത്രേ. ഏതെങ്കിലും കാരണവശാൽ കൃത്യസമയത്ത് ഉണർന്നില്ലെങ്കിൽ പ്രത്യേകതരം വടി ഉപയോഗിച്ച് ഷോക്കേൽപ്പിച്ചാണത്രേ ഉണർത്തുക. ഭക്ഷണവും വെളളവുമൊക്കെ ‘റേഷ’നാണ് പോലും. ദാഹിച്ച് പരവേശമെടുത്ത് അൽപം വെള്ളം അധികം ചോദിച്ചാൽ പോലും കൊടുക്കില്ല. “ആളുകൾ ദാഹം സഹിക്കാതെ സ്വന്തം മൂത്രം കുടിച്ചു എന്നൊക്കെ പറയുന്നത് നാം കേട്ടിട്ടേയുള്ളൂ. ശരിക്കും അതൊക്കെ ചെയ്ത് പോകും. ” അത് പറയുമ്പോൾ താനന്നുഭവിച്ച യാതനകളുടെ കാഠിന്യം ആ സഹോദരന്റെ മുഖത്ത് പ്രതിഫലിക്കുന്നുണ്ടായിരുന്നു.
രോഗമായാൽ ശരിയായ ചികിൽസ നൽകാൾ പോലും ജയിലധികാരികൾ തയ്യാറാവില്ല.

പലരും അഞ്ചും പത്തും വർഷങ്ങളായി ഈജയിലറകളിൽ പ്രവേശിപ്പിക്കപ്പെട്ടിട്ട്. ഇവരൊന്നും കുറ്റവാളികളല്ല. മറിച്ച് കുറ്റാരോപിതരാണ്. ഈ ക്രൂരതകളൊക്കെ നടക്കുന്നത് മഹത്തായ ഒരു ഭരണഘടനയുള്ള നമ്മുടെ ഭാരതത്തിലാണെന്നത് നമ്മെ വ്യാകുലപ്പെടുത്തേണ്ടിയിരിക്കുന്നു. മനുഷ്യാവകാശത്തിന് ഏറെ വില കൽപ്പിക്കുന്ന ഇന്ത്യ മഹാരാജ്യത്ത് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ് ഇതൊക്കെ. ഇത്തരത്തിലുള്ള ഒരു തടവറയിൽ നിന്നാണ് കഴിഞ്ഞ ദിവസം രണ്ട് കാശ്മീരി ചെരുപ്പക്കാരെ പന്ത്രണ്ട് വർഷത്തെ വിചാരണക്ക് ശേഷം കുറ്റവാളികളല്ലെന്ന് കണ്ട് കോടതി മോചിപ്പിച്ചതെന്നകാര്യവും ഇതിനോട് കൂട്ടി വായിക്കേണ്ടതാണ്.


Tags :


Abu Fasal