Logo

 

ഇബ്റാഹീമീ സഞ്ചാരത്തിന്റെ ഓർമപ്പെടുത്തലാണ് ബലിപെരുന്നാൾ

10 July 2022 | Opinion

By

അധരങ്ങളിൽ ദൈവ കീർത്തനത്തിന്റെ മന്ത്രധ്വനികളുമായി ബലിപെരുന്നാൾ ആഘോഷിക്കുകയാണ് വിശ്വാസികൾ. മാനവ ചരിത്രത്തിലെ ധീരോദാത്തമായ ഒരധ്യായത്തിന്റെ സ്മൃതി നികുഞ്ചങ്ങൾ തിരിച്ചുപിടിക്കുകയാണ് അവരിന്ന്. ബലിപെരുന്നാളിന്റെ ആചാര്യ പദവിയിലുള്ളത് ഇബ്റാഹീം പ്രവാചകന്റെ ജീവിതമാണ്. ആ ജീവിതമാസകലം മാതൃകാ ഭരിതമാണ്. ദൈവത്തോടുള്ള സമ്പൂർണമായ സമർപ്പണം, മാനവികതയോടുള്ള വിനീത ജാഗ്രത, ഈ ദ്വന്ദങ്ങളുടെ സമീകൃത സംഗമമായിരുന്നു ഇബ്റാഹീമീ ജീവിതം.
വിശ്വാസ ബോധ്യങ്ങളെ പ്രതി ഏറ്റുവാങ്ങിയ സഹന തീക്ഷ്ണതയും അപ്പോഴും ജ്വലിച്ചു നിർത്തിയ പ്രമാണ പരിശുദ്ധിയും അദ്ദേഹത്തെ പ്രപഞ്ച സ്രഷ്ടാവിന്റെ ആത്മ സൗഹൃദത്തിലേക്ക് വാഴ്ത്തി നിർത്തി. ഇങ്ങനെ സ്രഷ്ടാവിനോടുള്ള ആത്മ സൗഹൃദം സ്വന്തപ്പെടുത്തുകയാണ് ഏതൊരു വിശ്വാസിയുടെയും പ്രഥമം.

നംറൂദ് ഒരു പ്രതീകമാണ്. ദൈവത്തിന്റെ ഭൂമിയിൽ പുലരേണ്ട അവന്റെ നീതിസാരങ്ങളെ മറിച്ചെറിയാൻ ഉത്തോലകം തിരയുന്ന ക്ഷുദ്രജീവികൾ. കാലത്രയത്തിന്റെ എല്ലാ രാശിയോഗങ്ങളിലും നംറൂദുമാർ അധികാര കാമനകളുടെ അംശവടികളുമായി പ്രത്യക്ഷപ്പെടും. അവയെ തകർത്തും ഒടിച്ചെറിഞ്ഞും സ്രഷ്ടാവിന്റെ ഋജുരാശികൾ തേടിപ്പോകാനുള്ള ആത്മബോധമാണ് ഇബ്റാഹീമിൽ നിന്നും വിശ്വാസികൾ സമാഹരിക്കേണ്ടത്.

ഇബ്റാഹീം ഇടനെഞ്ചിൽ കോർത്തു നിർത്തിയത് തൗഹീദ് തന്നെയായിരുന്നു. പുരോഹിത സ്വാർത്ഥങ്ങൾക്ക് മേയാനുള്ള കറുകപ്പാടങ്ങളല്ല ഇബ്റാഹീമീ പ്രമാണ സുഭഗതയുടെ പ്രകാര മണ്ഡലം. ഒട്ടകം വിഴുങ്ങികളായ ഇത്തരം പുരോഹിതക്കൂട്ടങ്ങളോടായിരുന്നു ഇബ്റാഹീം എന്നും കലഹിച്ചതും പടകൂട്ടിയതും. ഈ കലഹത്തിലും പടപ്പറമ്പിലും ഒത്തുതീർപ്പുകളില്ല. അതിൽ വന്നുചേരുന്ന സർവ ചേതങ്ങളും ലാഭത്തിന്റെ പെരുക്കപ്പട്ടികയിൽ വിശ്വാസി വരവാക്കണം.

മനുഷ്യരെല്ലാം ആരാധിക്കേണ്ടത് സ്രഷ്ടാവിനെ മാത്രമാണ്; അഭൗതികമായ നന്മയോ തിന്മയോ പ്രതീക്ഷിച്ചുകൊണ്ട് സഹായം ചോദിക്കുകയും അനുസരിക്കുകയും ഭക്തരാവുകയും അടിമയാവുകയുമെല്ലാം ചെയ്യേണ്ടത് സൃഷ്ടികളുടെയൊന്നും മുന്നിലല്ല, പടച്ചവന്റെ മുന്നിൽ മാത്രമാണ്. ഇത്രയേ ഇബ്റാഹീം പറയാൻ ശ്രമിച്ചുള്ളൂ. അപ്പോഴേക്കും മുന്നിൽ വരുന്നത് പൗരത്വ നഷ്ടവും കങ്കാള ശിക്ഷകളുമാണ്. ഇത് ഇബ്റാഹീമി മില്ലത്തിന്റെ ഭൂതകാലം മാത്രമല്ല. വർത്തമാനവും ഭാവിയും കൂടിയാണ്. എപ്പോഴാണ് നിങ്ങൾ സ്രഷ്ടാവിന് സമർപ്പിതമാവുന്നത് അപ്പോൾ നിങ്ങൾ നംറൂദിനെ കണ്ടുമുട്ടും. ആസ്വിറിനാൽ തിരസ്കൃതനാവും. അന്ന് നിങ്ങൾ പലായനത്തിന്റെ ചുട്ടുപൊള്ളുന്ന മലമ്പാതകൾ താണ്ടേണ്ടിവരും. കനത്ത നഷ്ടങ്ങൾ ഏറ്റുവാങ്ങേണ്ടിവരും. സമ്പത്ത്, സമ്പാദ്യം, കുടുംബം, ജീവിധോപാതി, മക്കൾ, സ്വന്തത്തെ പോലും. അപ്പോഴേ നാം ഇബ്റാഹീം മില്ലത്തിൽ എത്തുകയുള്ളൂ.

പ്രതികൂലതകളുടെ കഠോര പ്രതലങ്ങൾ എങ്ങിനെയാണോ ഇബ്റാഹീം ശയ്യാഗൃഹമാക്കിയത് അത് നമുക്കും സാധ്യമാണ്. തന്റെ വിശ്വാസത്തിലും ആദർശത്തിലും ഉൾച്ചേർന്നു കിടക്കുന്ന ഭരമേൽപ്പിക്കൽ(തവക്കുൽ) ഒരു വിശ്വാസിക്ക് നൽകുന്ന മനക്കരുത്ത് പറഞ്ഞറിയിക്കാനാവാത്തത്ര ശക്തമാണ്.

സ്വന്തം ജീവിതത്തിന്റെ അപരാഹ്നത്തിലാണ് അദ്ദേഹം പിതാവാകുന്നത്. ആ വൃദ്ധ പിതാവും വാരിളം ബാല്യവും ഏകാന്ത ശൂന്യമായ കല്ലുമലകൾക്കിടയിൽ മനുഷ്യമഹാകുലത്തിനായി ഒരു ആലയം പണിയുന്നു. അതിന്റെ അങ്കണത്തുറവിയിൽ വെച്ച് അദ്ദേഹം നടത്തുന്ന കാതരമായൊരു പ്രാർത്ഥനയുണ്ട്.
എന്റെ നാഥാ, ഈ നിർമിതി നീ സ്വീകരിക്കേണമേ. എന്റെയീ ദേശത്തെ നീ നിർഭയവും സമൃദ്ധിയും മേവുന്ന ഒരു മാതൃക ദേശമാക്കേണമേ.
ഈ പ്രാർത്ഥന ഏറെ പ്രധാനമാണ്. ദാരിദ്യവും ഭയവും ഇന്ന് മാനവികതക്കുമേൽ ഭീഷണിയായി നിൽക്കുന്ന വർത്തമാനകാലത്ത് സഹസ്രാബ്ദങ്ങൾക്കപ്പുറം ഈ പ്രവാചകൻ നടത്തിയ പ്രാർത്ഥന പ്രധാനം തന്നെയാണ്. ഇത് കേവലമായ പ്രാർത്ഥനയല്ല. പ്രവർത്തനം ആവശ്യപ്പെടുന്ന പ്രാർത്ഥനയാണ്. ഈ പ്രവർത്തനമാണ് ഇബ്റാഹീമി മില്ലത്ത്. ഏതൊരു നിർഭയത്വവും സമൃദ്ധിയുമാണോ കഅ്ബാ പ്രാന്തത്തിൽ ഇബ്റാഹീം ആഗ്രഹിച്ചത് അത് സർവ്വ മാനവിക സമൂഹത്തിനും ലഭ്യമാവാൻ നിരന്തരമായ പ്രവർത്തനത്തിൽ മുഴുകാൻ വിശ്വാസികൾക്ക് മാതൃകയുണ്ട്. അപ്പോഴാണയാൾ ഇബ്റാഹീമി മില്ലത്തിൽ കണ്ണി ചേരുക. ഈ നിരന്തരപ്രവർത്തനത്തിന്റെ ഓർമപ്പെടുത്തലാണ് ബലിപെരുന്നാൾ.


Tags :


mm

Nasim Rahman